ജീവിതം

രചന-വിനീത അനിൽ

“ലിസ് ഗർഭിണിയാണെന്ന് കള്ളം പറഞ്ഞതാണ് ഡോക്ടർ ”

ഇന്ന് നേരം വെളുത്തു മൂന്നാമത്തെയോ നാലാമത്തെയോ പ്രാവശ്യമാണ് ജാക്ക് തന്നോടിത് പറയുന്നതെന്ന് ഡോക്ടർ ഫ്രഡറിക് മടുപ്പോടെ ചിന്തിച്ചു. ഭാര്യയുടെ മരണശേഷം അയാളുടെ സമനിലയിൽ ചെറിയ തകരാറു സംഭവിച്ചുവോ എന്ന സംശയത്തിനു ആക്കം കൂട്ടും വിധമാണ് ഓരോ ദിവസത്തെയും ജാക്കിന്റെ പെരുമാറ്റം.

“ജാക്ക്..താങ്കളിതു എത്രാമത്തെ പ്രാവശ്യമാണ് പറയുന്നത്.. ലിസ് ഗർഭിണിയാണെന്ന് ടെസ്റ്റിൽ തെളിഞ്ഞതാണ്.ആ റിസൾട്ട് കണ്ട സംതൃപ്തിയോടെയാണ് താങ്കളുടെ ഭാര്യ അന്ത്യശ്വാസം വലിച്ചത്..പിന്നെ എന്താണ് താങ്കൾ ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്”?

“ഇന്നലെയും എമ്മി വന്നിരുന്നു ഡോക്ടർ..അവൾ കരയുകയായിരുന്നു.അവളുടെ അവസാനത്തെ ആഗ്രഹമായിരുന്നു സ്വന്തം ചോരയിൽ ഒരു കുഞ്ഞു. പക്ഷെ അവൾ ചതിക്കപ്പെട്ടു. അതുകൊണ്ട് തന്നെ അവളുടെ ആത്മാവ് എന്റെ കൂടെത്തന്നെയുണ്ട്. ഓരോനിമിഷവും അവൾ തീവ്രവേദനയാൽ ഏങ്ങിക്കരയുന്ന ശബ്ദം എന്റെ ചെവികളിൽ അലയടിക്കുന്നു”..

തന്റെ മുന്നിൽ നിന്ന് വിങ്ങിക്കരയുന്ന ജാക്കിനെ ഡോക്ടർ കരുതലോടെ നോക്കി..അയാൾ വളരെ പരിക്ഷീണനായിരുന്നു.. മരിച്ചു മണിക്കൂറുകൾ കഴിഞ്ഞ ശവത്തിന്റെതെന്ന പോൽ മുഖം വിളറി വെളുത്തിരുന്നു.

ഒരാഴ്ച്ച മുൻപാണ് അയാളുടെ ഭാര്യ എമ്മി ക്യാൻസർ ബാധിച്ചു മരണപ്പെട്ടത്..മധുവിധുവിനിടയിലാണ് എമ്മിയുടെ അസുഖം കണ്ടെത്തപ്പെട്ടതു.. ഒൻപത് വർഷത്തെ പ്രണയം വെറും ഒൻപതു മാസം കൊണ്ട് ജാക്കിന് ഒരോർമ്മയായി മാറി.

അവസാന നാളുകളിലാണ് എമ്മി ഒരമ്മയാകണം എന്ന തന്റെ അടക്കാനാവാത്ത ആഗ്രഹം ജാക്കിനോട് പറഞ്ഞത്. അവരുടെ രണ്ടുപേരുടെയും ബാല്യകാല സുഹൃത്തായ ലിസ് സ്വമനസ്സാലെ ഗർഭപാത്രം നൽകാൻ മുന്നോട് വരികയായിരുന്നു.

ആദ്യത്തെ പ്ലാന്റേഷൻ കഴിഞ്ഞു മൂന്നാമത്തെ ആഴ്ചയിലായിരുന്നു എമ്മിയുടെ മരണം.അവസാന നിമിഷങ്ങളിൽ അവൾ ആവശ്യപ്പെട്ടത് ലിസയുടെ സാന്നിദ്ധ്യമായിരുന്നു. അവൾക്കുള്ള ഏറ്റവും വലിയ സന്തോഷ വാർത്തയുമായാണ് അന്ന് ലിസ് വന്നത്.

മൂന്നാഴ്‌ച മുന്നേ നടന്ന സറോഗസി ട്രീറ്റ്‌മെന്റ് വിജയിച്ചതിന്റെ ഫലമായി തന്റെയും ജാക്കിന്റെയും കുഞ്ഞു ലിസയുടെ ഗർഭപാത്രത്തിൽ വളർന്നു തുടങ്ങിയിരിക്കുന്ന സന്തോഷവാർത്ത അറിഞ്ഞ ആത്മസംതൃപ്തിയോടെയാണ് അന്ന് എമ്മി ജീവൻ വെടിഞ്ഞത് ..

എമ്മി മരിച്ചു മൂന്നാം ദിവസം മുതൽ ജാക്കിന്റെ രീതികൾ മാറിത്തുടങ്ങി. രാത്രി പുലരും വരെ അയാൾ അടഞ്ഞുകിടക്കുന്ന അവരുടെ ബംഗ്ളാവിൽ ആരോടോ സംസാരിച്ചുകൊണ്ടേയിരുന്നു.

ഇന്ന് രാവിലെയാണ് ഭ്രാന്തുപിടിച്ചെന്നപോൽ ഡോക്ടറിന്റെയടുത്തേക്ക് അയാൾ ഓടിവന്നത്. ലിസിന്റെ വയറ്റിൽ തങ്ങളുടെ കുഞ്ഞില്ല എന്നയാൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.

*** **** ****

തന്റെ മുന്നിൽ തല കുനിച്ചിരിക്കുന്ന ലിസ് എലിസബത്തിനോട് ഡോക്ടർ വീണ്ടും ആവർത്തിച്ചു ചോദിച്ചു.

“അന്നത്തെ റിസൾട് പോസറ്റീവ് ആണെന്ന് താങ്കൾ എന്തിനാണ് കള്ളം പറഞ്ഞത് മിസ് ലിസ് ?.. ഇത്രയും വലിയൊരു ചതി എന്തിനുവേണ്ടിയായിരുന്നു ?”

ശാന്തമായ സ്വരത്തിൽ ലിസ് പതുക്കെ മുഖമുയർത്തി സംസാരിച്ചുതുടങ്ങി

“എമ്മിയ്ക്കു വേണ്ടിയാണു ഡോക്ടർ ഞാനതു ചെയ്തത്.അവളുടെ അവസാനത്തെ ആഗ്രഹം സഫലമായി എന്ന സന്തോഷത്തോടെ അവൾ യാത്രയാവട്ടെ എന്ന് കരുതി”..

“ഇല്ല.എമ്മിയ്ക്ക് സന്തോഷമായില്ല. അവൾക്ക് എല്ലാമറിയാം..എല്ലാം”

തൊട്ടുപുറകിൽ ജാക്കിന്റെ ശബ്ദം കേട്ടവൾ ചാടിയെഴുന്നേറ്റു..കുറ്റബോധത്താലും ഭയത്താലും അവളുടെ ശിരസ് കുനിഞ്ഞിരുന്നു..

“വെറും അഞ്ചു ഭ്രൂണങ്ങൾ മാത്രമാണ് നമ്മുടെ കയ്യിലുള്ളതിനി.”

ഡോക്ടർ ലിസിനെ നോക്കി.

” ഞാൻ തയ്യാറാണ് ഡോക്ടർ .. അടുത്ത ഇമ്പ്ലാന്റേഷൻ എപ്പോളാണെന്ന് ഡോക്ടർക്ക് തീരുമാനിക്കാം”

” സമാധാനമായിരിക്കു ജാക്ക്. ദൈവം നിങ്ങളെ കൈവിടില്ല. ഇപ്രാവശ്യം തീർച്ചയായും റിസൾട്ട് പോസിറ്റീവ് ആവും”

ഡോക്ടർ ജാക്കിന്റെ ചുമലിൽ തട്ടി. അയാൾ ഏതോ ചിന്തയിൽ ആയിരുന്നു.പെട്ടന്ന് ഉറക്കത്തിൽ ഞെട്ടിയുണർന്ന ആളെപ്പോലെ പകച്ച നോട്ടവുമായി തലകുനിച്ചു വേഗത്തിൽ പുറത്തേക്കിറങ്ങിപ്പോയി അയാൾ.

*** **** ****

ഡോക്ടർ ഫ്രെഡറിക് തന്റെ ചെയറിൽ ചിന്താഭരിതനായി തന്റെ ചൂണ്ടു വിരൽ തനിയെ ഞൊട്ട വിടുവിക്കുകയും പൂർവസ്ഥിതിയിൽ ആക്കുകയും ചെയ്തുകൊണ്ടേയിരുന്നു.സഹിക്കാനാവാത്ത ടെൻഷൻ വരുമ്പോൾ ചെറുപ്പം മുതൽ ശീലിച്ചുപോന്ന പ്രവർത്തിയിൽനിന്നു പുറത്തുകടക്കാൻ പലപ്പോളും അയാൾക്ക് കഴിയാറില്ലായിരുന്നു.

അയാൾ പ്രതീക്ഷിച്ചതുപോലെ തന്നെ വാതിൽ തള്ളിത്തുറന്നു ജാക്ക് കടന്നുവന്നു.ആകെ പരിക്ഷീണൻ ആയിരുന്നു അയാൾ..

“ഇല്ല ഡോക്ടർ റിസൾട്ട് നെഗറ്റീവ് ആണ്..നമുക്ക് വേറെ ആരെയെങ്കിലും നോക്കാം ..ഇനി നമ്മുടെ കയ്യിൽ രണ്ടു ഭ്രൂണങ്ങളെ ബാക്കിയുള്ളു.. ബാക്കി നാലെണ്ണവും വെറുതെ നശിപ്പിച്ചു ട്രീറ്റ്‌മെന്റ് എന്ന പേരിൽ.”

വികാരവിക്ഷോഭത്താൽ അയാളുടെ കവിൾത്തടങ്ങൾ വിറക്കുന്നുണ്ടായിരുന്നു.

“റിസൾട്ട് വന്നില്ല ജാക്ക്.ഞാനും അതിനായ് വെയിറ്റ് ചെയ്കയാണ്. ലിസുമുണ്ട് പുറത്തു”

“ഇല്ല ഡോക്ടർ.എമ്മി പറഞ്ഞു. അവൾക്കറിയാം.അവളുടെ ആത്മാവ് എന്നെവിട്ട് പോകില്ല.ഇന്നലെയും ഒരുപാട് സംസാരിച്ചു.അവൾക്കെന്തോ ദുഖമുണ്ട് ഡോക്ടർ,അവൾ കരയുന്നുണ്ടായിരുന്നു”

പെട്ടന്നാണ് ഡോർ പതുക്കെ തുറന്നു നഴ്‌സ് കയറിവന്നത് കയ്യിലിരുന്ന ഫയൽ മേശപ്പുറത്തു വച്ച് അവർ പുറത്തേക്കിറങ്ങിപോയ പുറകെ ലിസ് കയറിവന്നു.അവളുടെ മുഖം ആശങ്കാഭരിതമായിരുന്നു.

ഫയൽ തുറന്നുനോക്കിയ ഡോക്ടർ നിശബ്ദനായി നെറ്റിയിൽ വിരലൂന്നി ജാക്കിനെ നോക്കി.അയാൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. ജാക്ക് പറഞ്ഞതിന്റെ പുറകിലെ ശാസ്ത്രതലം..

“ഒരവസരം കൂടി എനിക്ക് തരണം ഡോക്ടർ.അടുത്ത ശ്രമവും നെഗറ്റീവ് ആണെങ്കിൽ മറ്റൊരാൾക്ക് വേണ്ടി ഞാൻ മാറിക്കൊടുക്കാം”

ആത്മവിശ്വാസം നഷ്ടപെട്ട ശബ്ദത്തിൽ ലിസ് പതുക്കെ പറഞ്ഞു. ഡോക്ടർ ചിന്താഭരിതനായി ജാക്കിന്റെ എതിർപ്പ് പടർന്ന മുഖത്തേക്ക് നോക്കി.

**** ***** *****

തന്റെ മുന്നിൽ ടേബിളിൽ കിടക്കുന്ന ലിസിന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കിക്കൊണ്ട് ഡോക്ടർ പച്ച ഏപ്രൺ എടുത്തണിഞ്ഞു. സറോഗസി ട്രീട്മെന്റിനായുള്ള ഉപകരണങ്ങൾ നിരത്തിവെച്ച ടേബിൾ നഴ്സ് പതുക്കെ ലിസിന്റെ ടേബിളിനു അരികിലേക്ക് ഉരുട്ടിക്കൊണ്ടുവന്നു.

“ഡോക്ടർ,എനിക്കൊരു കാര്യം പറയാനുണ്ട്”

ലിസിന്റെ തളർന്ന മുഖത്തേക്ക് നോക്കിയപ്പോൾ ഡോക്ടർക്ക് സഹതാപം തോന്നി. കഴിഞ്ഞ ഒരു വർഷത്തോളമായി തന്റെ ആരോഗ്യവും സമയവും ഈ ഒരു ചികിത്സയ്ക്കായി അവൾ മാറ്റിവച്ചിട്ട്..പൂർണ്ണ ആരോഗ്യമുള്ള ഗർഭപാത്രം ആയിട്ടും എന്തുകൊണ്ട് കഴിഞ്ഞ നാലു പ്രാവശ്യവും പരാജയപ്പെട്ടു എന്നതിന് കൃത്യമായൊരുത്തരം ഇതുവരെയും കണ്ടെത്താൻ തനിക്കായിട്ടുമില്ല.

“ഡോക്ടർ,അന്ന് എമ്മി പെട്ടന്ന് മരിക്കാൻ കാരണം ഞാനാണ്. ഐ സി യുവിൽ വച്ച് എന്റെ കൈകൊണ്ട് പറ്റിയ ചെറിയൊരബദ്ധമാണ് അവളുടെ ജീവൻ നേരത്തെ തീരാൻ ഇടയായത്. മരണമുഖത്തു നിൽക്കുന്ന രോഗി ആയതുകൊണ്ടാവാം അന്നത് ആരും ശ്രദ്ധിച്ചില്ല. പക്ഷെ പിന്നീട് ഞാനുറങ്ങിയിട്ടില്ല ഡോക്ടർ.

കണ്ണടച്ചാൽ അവളുടെ പിടച്ചിലും ശ്വാസം വലിക്കുന്ന ശബ്ദവുമാണ് ചെവിയിൽ..അതുകൊണ്ടു കൂടിയാണ് ഒരു കുഞ്ഞിനെ എന്നിലൂടെ ജാക്കിന് നൽകാൻ ഇത്രയും ആഗ്രഹിച്ചത് ഞാൻ. പക്ഷെ എമ്മി അതിഷ്ട്ടപ്പെടുന്നില്ല എന്ന് തോന്നുന്നു.ഈയൊരു ശ്രമവും പരാജയപ്പെട്ടാൽ … ഞാനുണ്ടാവുമോ എന്നറിയില്ല ഡോക്ടർ”

ഒന്നും സംസാരിക്കാനാവാതെ ഡോക്ടർ അവളുടെ നെറ്റിയിൽ വിരൽ ചേർത്തു

“അറിയാതെ സംഭവിച്ചുപോയ അബദ്ധത്തിന് ഇതിനേക്കാൾ വലിയൊരു പ്രായശ്ചിത്തമില്ല. അത് എമ്മിയുടെ ആത്മാവ് മനസിലാക്കും.”

പടികൾ കയറി ചുറുചുറുക്കോടെ ഓടിവരുന്ന ജാക്കിനെ നോക്കി ഡോക്ടർ പുഞ്ചിരിയോടെ നിന്നു.

“എന്തുപറ്റി ജാക്ക് ,ഇന്ന് കുറച്ചു സന്തോഷത്തിലാണല്ലോ? സറോഗസിയുടെ റിസൾട്ട് വരാൻ ഒരു മാസത്തോളം ഉണ്ടിനിയും”

“യെസ് ഡോക്ടർ..ഇന്നലത്തെ ശ്രമം വിജയിച്ചു.റിസൾട്ട് പോസിറ്റീവ് ആണ്, ഇന്നലെ എമ്മി കരഞ്ഞില്ല.അവൾക്ക് സന്തോഷമാണിപ്പോൾ.എനിക്കറിയാൻ കഴിയുന്നുണ്ട്”

ഒന്നും പറയാതെ നിർന്നിമേഷനായി ഡോക്ടർ ജാക്കിനെത്തന്നെ നോക്കിനിന്നു.അയാൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല ആ ചെറുപ്പക്കാരന്റെ മനസ്..

(ഒരു ജീവിതം)

രചന-വിനീത അനിൽ

Leave a Reply

Your email address will not be published. Required fields are marked *