തേച്ചവള്‍

രചന : ജാസ്മിന്‍

സ്നേഹിച്ച പെണ്ണ് പച്ചക്ക് തേച്ചിട്ട് പോയപ്പോള്‍ എന്റെ ജീവിതം നായ നക്കി എന്നു കരുതിയിരുന്ന സമയത്താണ് മനസ്സിലൊരു ഐഡിയ ഉദിച്ചത്…

അവളുടെ കൂട്ടുകാരിയെ തന്നെ പ്രണയിച്ച് അവളുടെ കണ്‍മുന്നിലൂടെ നെഞ്ചും വിരിച്ച് നടക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു ….

അല്ല പിന്നെ…

ഇത്രയും കാലം നീയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴില്ല… എന്തൊക്കെ സഹിക്കേണ്ടി വന്നാലും നിന്നെ മാത്രേ കെട്ടൊള്ളൂ എന്നൊക്കെ പറഞ്ഞു നടന്നവളാണ് പെട്ടൊന്നൊരു സുപ്രഭാതത്തില്‍

”എന്നോട് ക്ഷമിക്കണം… എന്റെ കല്യാണം ഉറപ്പിച്ചു… എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്… എന്നേക്കാള്‍ നല്ലൊരുത്തിയെ നിനക്ക് കിട്ടും…” എന്ന് ഒരു ഉളിപ്പുമില്ലാതെ മുഖത്ത് നോക്കാതെ പറഞ്ഞ് അവളുടെ കല്യാണക്കുറിയും കയ്യില്‍ തന്ന് പിന്തിരിഞ്ഞു നടന്നത്…

അവള് പറഞ്ഞതില്‍ ഒന്നു ശരിയാണ്… അവളേക്കാള്‍ നല്ലൊരുത്തിയെ എനിക്കു കിട്ടും എന്നു പറഞ്ഞത്…

എന്തുകൊണ്ടും അവളേക്കാള്‍ നല്ലത് അവളുടെ കൂട്ടുകാരി തന്നെ… അതാവുമ്പോള്‍ അവളോടുള്ള ഒരു മധുര പ്രതികാരവുമാവും പിന്നെ ഒരുവട്ടം തേപ്പ് കിട്ടിയതുകൊണ്ട് അതും അവളുടെ കൂട്ടുകാരി വഴിയാണെന്നറിയാവുന്നവളായതു കൊണ്ട് വീണ്ടും ഒരു തേപ്പ് വാങ്ങാന്‍ ചാന്‍സ് കുറവാണ്…

പെണ്‍മനസ്സിന് ബലക്ഷയം ഉണ്ടെന്നാരോ പറഞ്ഞത് എത്ര ശരിയാണ്… അതുകൊണ്ടല്ലേ ജീവനു തുല്യം സ്നേഹിച്ചവനെ ഒറ്റദിവസം കൊണ്ട് തള്ളിപ്പറഞ്ഞ് വേറെ കൂട്ട് തേടിപ്പോവുന്നത്…

എന്തായാലും അവള്‍ എന്നെ തേച്ചുപോയതില്‍ ഞാന്‍ നിരാശപ്പെടുന്നില്ല… കാരണം നഷ്ടങ്ങള്‍ അവള്‍ക്കു മാത്രമാണ്… അവളെ പൊന്നു പോലെ സ്നേഹിച്ചവനെയാണ് അവള്‍ നഷ്ടപ്പെടുത്തിയത്… എനിക്ക് എന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കാത്തവളേയും…

പ്രണയമെന്നത് വെള്ളത്തില്‍ വരച്ച വര പോലെയാണെന്നാണ് തേച്ചിട്ട് പോവുന്നവളുമാര് തെളിയിക്കുന്നത്….

തേപ്പ് കിട്ടിയതു കൊണ്ട് നിരാശ കാമുകനായി താടിയും വളര്‍ത്തി മാനസ മെെനേ പാടി നടക്കും എന്നൊക്കെയാവും അവള് വിചാരിച്ചിട്ടുണ്ടാവുക…

അങ്ങനല്ലെന്ന് തെളിയിക്കാന്‍ അവളുടെ കല്യാണത്തിന് പോയി വയറ് നിറച്ച് കോഴിബിരിയാണിയും തിന്ന് അവളുടെ ഭാവി വരന്റൊപ്പം നിന്നൊരു സെല്‍ഫിയുമെടുത്ത് ഫെയ്ബുക്കിലിട്ട് ആഘോഷിക്കണം…

ഹും… എന്നോടാ അവളുടെ കളി….

തേപ്പ് വാങ്ങി താടിയും വളര്‍ത്തി മാനസ മെെനയും പാടി നടക്കുന്ന എല്ലാ സഹോദരന്മാര്‍ക്കും വേണ്ടി ഈ രചന സമര്‍പ്പിക്കുന്നു..!

രചന : ജാസ്മിന്‍

(വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് തേപ്പിന്റെ പെണ്‍ വേര്‍ഷനും കൂടി എഴുതിയത്…)

Leave a Reply

Your email address will not be published. Required fields are marked *