രണ്ടാനമ്മ

രചന: Renju Antony

തല താഴ്ത്തി അമ്പല നടയിൽ നിൽക്കുമ്പോൾ മനസ്സ് ചുട്ട് പൊള്ളുന്നുണ്ടായിരുന്നു… കഴുത്തിൽ താലി വീഴുമ്പോൾ അമ്പല മുറ്റത്ത് മുഖം വീർപ്പിച്ച് നിൽക്കുന്ന പത്ത് വയസ്സ്കാരിയും, അവളുടെ അടുത്ത് തറയിൽ ഇരുന്ന് കളിക്കുന്ന ഇരട്ടകളായ രണ്ട് കുസ്യതി കുരുന്നുകളും മാത്രമായിരുന്നു മനസ്സിൽ….

സന്തോഷകരമായ കുടുംബ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കാനോ… അടുത്ത് നിൽക്കുന്ന ആളെ കുറിച്ച് ചിന്തിക്കാനോ തോന്നിയില്ല… ഒരു മരവിപ്പ് വന്ന് മൂടിയത് പോലെ…

ഇരുപത്തിയഞ്ച് വയസ്സിൽ സിസ്റ്റ് വന്ന് യൂട്രസ്സ് എടുത്ത് കളയുമ്പോൾ മുതൽ ഞാൻ ആ മരവിപ്പിൽ തന്നെയായിരുന്നു ദിവസങ്ങൾ തള്ളിനീക്കിയത്… കല്യാണ സ്വപ്നങ്ങൾ എല്ലാം അന്ന് തന്നെ മണ്ണിട്ട് മൂടിയതാണ്… ജോലിയുള്ളത് കൊണ്ട് തനിയെ ജീവിക്കാനും മനസ്സിനെ പാകപ്പെടുത്തിയിരുന്നു…

പക്ഷെ അഛന്റെയും അമ്മയുകയും കണ്ണുനീരിന്റ മുൻപിൽ ഒന്ന് പതറി പോയതു കൊണ്ട് മാത്രം ഞാനിന്ന് ഇവിടെ നിൽക്കുന്നു…

ചുറ്റും നിന്നവരുടെ തുറിച്ച് നോട്ടങ്ങൾ എന്റെ നേരെയാണെന്ന് തലയുയർത്തി നോക്കാതെ തന്നെ അറിയാമായിരുന്നു… പുതു പെണ്ണ് അല്ല ഞാൻ വെറും രണ്ടാനമ്മ മാത്രമാണെന്ന് വിളിച്ച് പറയുന്ന നോട്ടങ്ങൾ…

മഹിയുടെ വീട്ടിൽ ഞങ്ങളെ നിലവിളക്ക് കൊളുത്തി വരവേറ്റി കഴിഞ്ഞതും അമ്മയും പെങ്ങൻമാരും തിരക്ക് അഭിനയിച്ച് രക്ഷപ്പെടാൻ നിൽക്കുന്നത് പോലെ തോന്നി… എന്റെ വീട്ടുകാരുടെ മുഖത്തും ഭാരമൊഴിഞ്ഞ ആശ്വാസമായിരുന്നു…

ഒരോരുത്തരും പടി ഇറങ്ങുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ നിന്നു… ഒരു കുഞ്ഞ് എന്റെ ജീവിതത്തിൽ വരില്ലാന്ന് ഉറപ്പായതു കൊണ്ട് ഒരിക്കലും ചേച്ചിമാരുടെയോ അങ്ങളയുടെയോ മക്കളെ കൊഞ്ചിക്കാൻ ശ്രമിച്ചിട്ടില്ല… അവരോട് ഒക്കെ അടുക്കാൻ പേടിയായിരുന്നു… ഉള്ളിന്റെ ഉള്ളിൽ അവരെ ഇഷ്ടമാണെങ്കിലും കൊഞ്ചിക്കാൻ കൊതിച്ചിട്ടുണ്ടെങ്കിലും മുഖത്ത് പരുക്കൻ സ്വഭാവം എടുത്ത് അണിഞ്ഞ് നടന്നു…

‘ദേവി താൻ എന്താ ഇങ്ങനെ ഇരിക്കുന്നത്, ഡ്രസ്സ് മാറി ഫ്രഷ് ആകൂ… എല്ലാവരും പോയി… ഞാൻ മക്കളുടെ അടുത്തോട്ട് ചെല്ലട്ടെ കേട്ടോ’ മഹി വന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് വിളറി ചിരിച്ചു.

മഹിയുടെ മുഖത്തും ദുഃഖം മാത്രമേ ഉള്ളൂ എന്ന് തോന്നി… മൂന്ന് മക്കളെ തന്റെ കൈയ്യിൽ ഏൽപിച്ച് അവരുടെ അമ്മ എന്നന്നേക്കുമായി മാഞ്ഞ് പോയപ്പോൾ ആ മനുഷ്യനും എത്ര അനുഭവിച്ച് കാണും… എന്റെ വേദന അതിന് മുൻപിൽ ഒന്നുമല്ലാത്ത പോലെ…

മക്കളെ നോക്കാൻ ഒരാൾ അതാണ് ഞാൻ… പക്ഷെ എനിക്കതിന് പറ്റുമോ… ഗർഭപാത്രത്തിന് ഒപ്പം എന്നിലെ അമ്മ എന്ന വികാരവും നഷ്ടപ്പെട്ടിരുന്നു…..അല്ലെങ്കിൽ മനപൂർവ്വം നഷ്ടപ്പെടുത്തിയിരുന്നു…

മഹി പിന്നെ മുറിയിലോട്ട് വന്നതെ ഇല്ല… മക്കളുടെ കൂടെ ആണെന്ന് തോന്നി… ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിച്ചു…

അടുക്കളയിൽ ശബ്ദം കേട്ട് ചെന്നപ്പോൾ മണിക്കുട്ടി പാല് തിളപ്പിച്ച് എടുക്കുന്നത് കണ്ടു… എന്നെക്കാൾ പക്വത ആ മുഖത്ത് ഉള്ളതു പോലെ…

എങ്ങനെ മിണ്ടി തുടങ്ങും എന്നറിയാതെ ഞാൻ പറഞ്ഞു… മണിക്കുട്ടി ഇങ്ങ് തരൂ… ഇനി ഞാൻ ചെയ്യാം എല്ലാം… മോള് സ്കൂളിൽ പോകാൻ റെഡി ആയിക്കോട്ടോ…

നിങ്ങള് ഞങ്ങളുടെ അമ്മ ആകാൻ ശ്രമിക്കണ്ടാ… എനിക്കറിയാം ചെയ്യാൻ… അവൾ മുഖത്ത് നോക്കാതെ പറഞ്ഞത് എനിക്ക് കിട്ടിയ ആദ്യ പ്രഹരം ആയിരുന്നു…

മണിക്കുട്ടി പാല് ബോട്ടിലിൽ പകർത്തി പോകുന്നത് ഞാൻ നോക്കി നിന്നു… ഇന്നലെ വരെ എന്റെ കാര്യങ്ങൾ മാത്രം നോക്കിയിരുന്നതു കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി…

താൻ എഴുന്നേറ്റോ… തനിക്ക് ലീവ് എത്ര നാളുണ്ട്… എനിക്ക് ഒരാഴ്ച ലീവ് ആണ്, താൻ അപ്പുറത്ത് പോക്കോളൂ… എനിക്ക് ഇതൊക്കെ തനിയെ ചെയ്യ്ത് ശീലമാ… മഹി പറഞ്ഞു…

ഞാൻ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി… എന്ത് വിളിക്കുമെന്ന് അറിയില്ലാത്തത് കൊണ്ട് വിക്കി വിക്കി പറഞ്ഞു…

ദേവി… തനിക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ലായിരുന്നു എന്നെനിക്കറിയാം… എനിക്ക് ഒരാൾ കൂട്ട് വേണമെന്ന് ഇത് വരെ തോന്നിയിട്ടില്ല…മണിക്കുട്ടിക്കും, അപ്പുവിനും കണ്ണനും ഒരു അമ്മയാകാൻ തനിക്ക് സാധിക്കുമോന്ന് പോലും ചോദിക്കാതെ കല്യാണം ഉറപ്പിച്ചതും തെറ്റാണ്, എല്ലാവരുടെയും നിർബദ്ധത്തിന് വഴങ്ങേണ്ടിവന്നു… മക്കളെ പൂട്ടിയിട്ട് എത്ര നാൾ ജോലിക്ക് പോകും….

മഹിയുടെ സ്വരം ഇടറുന്നത് അറിഞ്ഞപ്പോൾ ഉള്ളിൽ എനിക്കും ഒരു നോവ് തോന്നി തുടങ്ങി…

പെട്ടെന്ന് ബ്രഡ് ടോസ്റ്റ് ചെയ്യ്ത് ചായയും ഉണ്ടാക്കി …മഹി എന്നോട് പറഞ്ഞു… തനിക്ക് കുക്കിങ് അറിയില്ലെങ്കിലും സാരമില്ല കേട്ടോ നമ്മുക്ക് ഈ ടോസ്റ്റ് ഒക്കെ കഴിച്ച് ജീവിക്കാം… മക്കൾക്കും പ്രത്യകിച്ച് ഇഷ്ടങ്ങൾ ഒന്നും ഇല്ല… അമ്മ പോയപ്പോൾ അവരുടെ വാശികളും കൂടെ പോയി…

ഞാൻ ഒന്നും പറയാതെ മാറി നിന്നു… മണിക്കുട്ടിയെയും അപ്പുവിനെയും കണ്ണനെയും വിളിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കുന്നത് നോക്കി നിന്നപ്പോൾ എന്റെ ആവശ്യം ഈ വീട്ടിൽ ഉണ്ടെന്ന് തോന്നിയില്ല…ഞാൻ പതിയെ റൂമിലോട്ട് പോയി… കണ്ണുകൾ നിറഞ്ഞത് അമർത്തി തുടക്കുമ്പോഴും ഇനി എന്ത് എന്ന ചോദ്യം മാത്രമായിരുന്നു ബാക്കി…

കുറച്ച് കഴിഞ്ഞ് വാതിൽ മുട്ടുന്നത് കേട്ട് കതക് തുറന്നു…. ഞാൻ മണിക്കുട്ടിയെ സ്കൂളിൽ ആക്കിയിട്ട് വരാം…. അവരെ മുറിയിൽ കിടത്തിയിട്ടുണ്ട്… പ്രശ്നം ഒന്നും ഉണ്ടാക്കില്ല…പക്ഷെ എന്തെങ്കിലും ശബ്ദം കേട്ടാൽ മാത്രം ഒന്ന് നോക്കണം കേട്ടോ…മഹി പറഞ്ഞു കൊണ്ട് ഇറങ്ങി…

മണിക്കുട്ടി എന്നെ രൂക്ഷമായി നോക്കുന്നത് കണ്ടില്ലെന്ന് നടിച്ച് പുഞ്ചിരിച്ചു… അവൾ തല വെട്ടിച്ച് കാറിൽ കയറുന്നത് കണ്ടു…

കതകടച്ച് തിരിഞ്ഞപ്പോൾ ഭിത്തിയിലെ ചിത്രത്തിൽ കണ്ണുടക്കി… എന്റെ മക്കളെ നോക്കുമോന്ന് ആ മുഖം എന്നോട് യാചിക്കുന്നത് പോലെ തോന്നി…

മക്കളുടെ മുറിയുടെ വാതിൽ തുറക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…

അപ്പു കട്ടിലിൽ പിടിച്ച് എഴുന്നേൽക്കാൻ നോക്കുന്നു…കണ്ണൻ ടോയ് പിടിച്ച് കടിച്ച് കൊണ്ട് കിടക്കുന്നു… അനക്കം കേട്ടിട്ടാവും രണ്ടാളും എന്നെ കണ്ണുകൾ വിടർത്തി നോക്കി…

കൈയ്യ് നീട്ടി അപ്പുവിനെ വിളിച്ചപ്പോൾ അവൻ വരില്ലാന്ന് തലയാട്ടി… കണ്ണനും തിരിഞ്ഞ് കിടന്നു…

ടോയ്സ് എടുത്ത് കളിച്ച് കൊണ്ട് അടുത്ത് ഇരുന്നപ്പോൾ അവർ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു… എന്റെ മനസ്സിൽ പൂട്ടി വെച്ചിരുന്ന വാൽസല്യം ഞാൻ അറിയാതെ പുറത്ത് വന്ന് തുടങ്ങി…

അപ്പുവും കണ്ണനും എന്റെ മടിയിൽ സ്ഥാനം പിടിച്ചപ്പോൾ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു…

കതക് തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ ഞങ്ങളെ അതിശയത്തോടെ നോക്കുന്ന മഹിയെ കണ്ടു… പെട്ടെന്ന് ആള് തിരിഞ്ഞ് നടന്നു…

എനിക്കും എന്തോ ജാള്യത തോന്നി എന്നാലും രണ്ടുപേരെയും കൈയ്യിലെടുത്ത് പുറത്തെറങ്ങി… രണ്ടും കൽപിച്ച് പറഞ്ഞു…

മഹിയേട്ടാ… ഇവർക്ക് വിശക്കുന്നുണ്ട്…എന്താ ഈ സമയത്ത് കൊടുക്കണ്ടത്… ഞാൻ ചോദിച്ചപ്പോൾ മഹിയേട്ടൻ ഞെട്ടി എഴുന്നേറ്റ് അടുക്കളയിൽ പോകുന്നത് കണ്ടു…

പുറകെ ചെന്നപ്പോൾ അടുപ്പിൽ എന്തോ വെച്ച് കുറുക്കി എടുക്കുന്നുണ്ടായിരുന്നു…

മഹിയേട്ടാ… ഞാൻ ഒരു സ്ഥാനവും കൈയ്യടക്കില്ല… ഇവരെ നോക്കാൻ വന്ന ഒരു കെയർ ടെയ്ക്കർ ആയി കണ്ടാൽ മതി എന്നെ… കേട്ടോ…

ഞാൻ പറഞ്ഞപ്പോൾ മഹിയേട്ടൻ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…

അപ്പുവിന് മഹിയേട്ടൻ കുറുക്ക് കൊടുക്കുന്നത് നോക്കി ഞാൻ കണ്ണന് കൊടുക്കുമ്പോൾ എനിക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു…

പാത്രങ്ങൾ കഴുകി വെക്കുമ്പോഴേക്കും മഹിയേട്ടൻ അവരെ കുളിപ്പിക്കാൻ കൊണ്ടുപോയി… വാഷ് റൂമിന്റെ വാതിൽ അടച്ചത് കൊണ്ട് ഞാൻ പിൻവാങ്ങി….

യു ട്യുബിൽ കുട്ടികളെ കുളിപ്പിക്കുന്ന വീഡിയോസ് എടുത്ത് നോക്കുമ്പോൾ ഒരു ദിവസം കൊണ്ട് എനിക്ക് വന്ന മാറ്റമോർത്ത് ഞാൻ അത്ഭുതപ്പെട്ടു…

കുളിച്ച് വന്ന അവരെ ഡ്രസ്സ് ഇടുവിച്ച് കൊടുക്കാൻ കൂടുമ്പോൾ മനസ്സിൽ ഇന്ന് വരെ ഇല്ലാത്ത സന്തോഷം നുരഞ്ഞ് പൊങ്ങുന്നുണ്ടായിരുന്നു…കണ്ണൻ പെട്ടെന്ന് അടുത്തത് പോലെ തോന്നി… എന്റെ തോളിൽ കിടന്ന് ഉറങ്ങുന്ന കണ്ണനെ അപ്പുവിന്റെ അടുത്ത് കിടത്തി മുറിയിൽ നിന്ന് ഇറങ്ങി…

അടുക്കളയിൽ ചെന്ന് ചോറും അറിയാവുന്നത് പോലെ സാമ്പാറും ഉണ്ടാക്കുമ്പോൾ അവർ എഴുന്നേൽക്കുന്നുണ്ടോന്ന് ചെവി ഓർത്ത് കൊണ്ടെ ഇരുന്നു…. ഇതായിരിക്കുമോ അമ്മ… ഗർഭപാത്രമില്ലാത്ത എനിക്കും ഒരു അമ്മ മനസ്സ് ആയി തുടങ്ങിയിരിക്കുന്നു…

പണികൾ എല്ലാം ഒതുക്കുമ്പോൾ ആ വീട് എന്റെത് കൂടി ആയി തുടങ്ങിയിരുന്നു… മഹിയേട്ടൻ അലക്കാൻ വാഷിങ് മെഷിനിൽ ഇട്ട കുഞ്ഞുടുപ്പുകൾ പുറത്ത് അയയിൽ വിരിച്ച് ഇടുമ്പോൾ എത്തി നോക്കുന്ന തലകൾ മനപൂർവ്വം കണ്ടില്ലാന്ന് നടിച്ചു…

അവരുടെ കരച്ചിൽ കേട്ട് ഓടി ചെല്ലുമ്പോൾ മഹിയേട്ടന്റെ തോളിൽ കിടന്ന് കരയുന്നത് കണ്ട് ഞാൻ കൈയ്യ്കൾ നീട്ടി… ആദ്യം മടിച്ചെങ്കിലും കണ്ണൻ പെട്ടെന്ന് ചാടി വന്നു… പതിയെ അപ്പുവും… അവരെ മാറോട് ചേർക്കുമ്പോൾ ഒരിക്കലും ചുരക്കാത്ത മാറിടങ്ങൾ വിങ്ങുന്നത് ഞാനറിഞ്ഞു…

വൈകുന്നേരമായപ്പോഴേക്കും അവർ എന്റെ കൂടെ തന്നെയായി… മഹിയേട്ടന്റ മുഖത്ത് കാണുന്നത് സന്തോഷമാണോ സങ്കടമാണോ എന്ന് എനിക്ക് മനസ്സിലായില്ല…

മണിക്കുട്ടി സ്കൂളിൽ നിന്ന് വരുന്നത് നോക്കി നിന്നു… അവളുടെ മുഖം വീർത്ത് തന്നെ… ഒരു വയസ്സ്കാരെ ഇണക്കിയത് പോലെ മണിക്കുട്ടി അടുക്കില്ലാന്ന് അറിയാവുന്നത് കൊണ്ട് കാര്യമാക്കിയില്ല… പലപ്പോഴും അപ്പുവിനെയും കണ്ണനെയും എന്റെ കൈയ്യിൽ നിന്ന് അവൾ തട്ടി എടുത്ത് കൊണ്ട് മുറിയിൽ കയറി വാതിൽ അടക്കും… ഞാൻ അടുക്കാൻ ശ്രമിക്കും തോറും അകലുന്നത് പോലെ…

മഹിയേട്ടൻ ജോലിക്ക് പോകാൻ തുടങ്ങുന്നതിന് മുൻപ് തന്നെ മണിക്കുട്ടിടെ ഇഷ്ടങ്ങൾ എല്ലാം മനസ്സിലാക്കി… സ്കൂളിൽ നിന്ന് വരുമ്പോൾ ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കി വെച്ച് മാറി നിന്നു തുടങ്ങി… ആദ്യമൊന്നും കഴിച്ചില്ലെങ്കിലും പതിയെ കഴിക്കാൻ തുടങ്ങി… എന്നാലും അപ്പുവിനെയും കണ്ണനെയും എടുത്ത് മുറിയിൽ കയറി വാതിൽ അടക്കുന്നത് തുടർന്നു…

അവളുടെ കാര്യങ്ങൾ ചെയ്യ്ത് കൊടുക്കാൻ ഒട്ടും സമ്മതിക്കില്ല…

വൈകിട്ട് അപ്പുവിനും കണ്ണനും ഫുഡ് കൊടുത്തു കഴിഞ്ഞാൽ അവർ അഛാടെ കൂടെയാണ്… അവരുടെ കളികൾക്ക് ഇടയിൽ ഞാൻ അകലെ നിന്ന് നോക്കുന്ന വെറും കാഴ്ചക്കാരിയാകും…

ഒരു ദിവസം മഹിയേട്ടൻ വരാൻ താമസിച്ചപ്പോൾ മണിക്കുട്ടി ടെൻഷൻ ആയി നടക്കുന്നത് കണ്ടു…

എന്താ മോളെ… ഞാൻ ചോദിച്ചപ്പോൾ അവൾ ആദ്യം എന്നെ രൂക്ഷമായി നോക്കി…

മണിക്കുട്ടിയുടെ അമ്മയുടെ അവകാശങ്ങൾ ഒന്നും എനിക്ക് വേണ്ട, നിങ്ങളെ നോക്കാൻ വന്ന ആന്റിയായി കണ്ടാൽ മതി… എന്താ മോൾക്ക് വിഷമമെന്ന് ആൻറിയോട് പറ… ഞാൻ വാൽസല്യത്തോടെ ആ മുഖത്തോട്ട് നോക്കി…

ഒന്ന് സംശയിച്ചിട്ട് അവൾ പറഞ്ഞു… നാളെ മാത്സ് എക്സാം ആയിരുന്നു… അച്ഛാ നേരത്തെ വന്നിട്ട് എല്ലാം പറഞ്ഞ് തരാമെന്ന് പറഞ്ഞതാ…

അത്രയേ ഉള്ളോ വാ, ആന്റി പറഞ്ഞ് തരാല്ലോ…അപ്പുവിനും കണ്ണനും കളിക്കാൻ കളിക്കാൻ കളിപ്പാട്ടങ്ങൾ കൊടുത്ത് അവളെ കൂട്ടി പഠിക്കാൻ ഇരിക്കുമ്പോഴും ആ കുഞ്ഞു കണ്ണുകളിൽ സംശയം ബാക്കിയായിരുന്നു…

ഞാൻ പറഞ്ഞ് കൊടുക്കുന്നത് മനസ്സിലായി തുടങ്ങിയപ്പോൾ അവൾ സന്തോഷത്തോടെ ഒരോന്നും ചോദിച്ച് തുടങ്ങി… പഠിപ്പിച്ച് കഴിഞ്ഞ് ഞാൻ എഴുന്നേൽക്കുമ്പോൾ അവൾ എന്റെ കൈയ്യിൽ പിടിച്ചു…

ആന്റി… അമ്മമ്മയും അപ്പച്ചിമാരും പറഞ്ഞത് പോലെ ഒന്നും അല്ലല്ലോ…

അവര് എന്താ പറഞ്ഞെ…

ആന്റി ഞങ്ങളുടെ സ്റ്റെപ്പ് മദർ ആണെന്നും, നല്ല തല്ല് തരുമെന്നും, ഫുഡ് ഉണ്ടാക്കി തരില്ലാന്നും ഒക്കെ പറഞ്ഞു…

അത് അവർ ചുമ്മാ പറഞ്ഞതാട്ടോ… ആന്റി അങ്ങനെ ഒന്നും ചെയ്യില്ല… മണിക്കുട്ടിടെ അമ്മ പറഞ്ഞ് വിട്ടതല്ലേ ആന്റിയെ…

ആണോ… ആ കുഞ്ഞ് കണ്ണുകൾ വിടർന്നു… അമ്മ എന്തൊക്കെ പറഞ്ഞു…

മണിക്കുട്ടിയെയും അപ്പുവിനെയും കണ്ണനെയും നന്നായി നോക്കണം, മണിക്കുട്ടി നന്നായി പഠിക്കും, ഹോം വർക്ക് ഒക്കെ ചെയ്യാൻ ഹെൽപ് ചെയ്യണം എന്നോക്കെ പറഞ്ഞു…

ശരിക്കും പറഞ്ഞോ… അവൾ അതിശയത്തോടെ ചോദിച്ചു…

പറഞ്ഞു..പിന്നെ ഒരു കാര്യം കൂടി പറഞ്ഞു…

എന്താ.. അവൾ ചോദിച്ചു…

മണിക്കുട്ടിയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ച് കൊണ്ട് ഞാൻ പറഞ്ഞു… മണിക്കുട്ടിക്ക് ഇങ്ങനെ നെറ്റിയിൽ ഉമ്മ വെക്കുന്നത് ഒത്തിരി ഇഷ്ടമാണെന്ന്…

അവൾ കണ്ണുകൾ നിറച്ച് എന്നെ നോക്കി…

അയ്യേ… അമ്മ പറഞ്ഞത് മണിക്കുട്ടി കരയാറില്ലാന്നാണല്ലോ… അതു കേട്ട് കണ്ണീരിന്റെ ഇടയിൽ അവൾ പുഞ്ചിരിച്ചു…

മണിക്കുട്ടി എന്റെ കൈയ്യിൽ നിന്ന് ചോറ് വാങ്ങി കഴിക്കുന്നത് കണ്ടു കൊണ്ട് കയറി വന്ന മഹിയേട്ടൻ അതിശയത്തോടെ നോക്കുന്നത് കണ്ടു…

സോറി മണിക്കുട്ടി, അച്ഛാക്ക് കുറച്ച് തിരക്കായിരുന്നു… മോളു കഴിച്ചിട്ട് വേഗം വാ…അച്ഛാ പഠിപ്പിക്കാം…

അച്ഛാ ഒന്നും പറയണ്ടാ… മണിക്കുട്ടി പഠിച്ച് കഴിഞ്ഞു… അവൾ മുഖം വീർപ്പിച്ച് പറഞ്ഞു…

എങ്ങനെ… മഹിയേട്ടൻ ചോദിച്ചു…

എന്റെ ആന്റിയമ്മ പഠിപ്പിച്ചു… അവൾ എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു…

ആ വിളി കേട്ട് എന്റെ ഹൃദയത്തിൽ സന്തോഷത്തിന്റെ പെരുമ്പറ കൊട്ടുന്നത് അറിയുമ്പോൾ നിറഞ്ഞ കണ്ണുകൾ മറക്കാൻ ഞാൻ അടുക്കളയിലോട്ട് മാറി… കണ്ണനും അപ്പുവും മണിക്കുട്ടിയും അച്ഛായും കളിക്കുന്നത് കണ്ട് കണ്ണുകൾ തുടച്ചു…

രാത്രിയിൽ അപ്പുവോ, കണ്ണനോ അനങ്ങിയാൽ അടുത്ത മുറിയിൽ കിടക്കുന്ന ഞാൻ ഞെട്ടി ഉണർന്ന് തുടങ്ങി… അമ്മമാർക്ക് മാത്രം ദൈവം നൽകിയ കഴിവ് എന്നിലേക്ക് വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു… അപ്പുവും കണ്ണനും ആദ്യമായി അമ്മേന്ന് വിളിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു…. അവർ എന്റെ മക്കളായി മാറി കഴിഞ്ഞിരുന്നു… പ്രസവിക്കാതെ മുലയൂട്ടാതെ ഞാൻ പൂർണ്ണതയുള്ള ഒരമ്മയായി മാറി കഴിഞ്ഞിരിക്കുന്നു…

എങ്കിലും മഹിയേട്ടൻ… മാറി തന്നെ നിന്നു… എന്തോ ഒരു അകലം ഞങ്ങൾക്കിടയിൽ എപ്പോഴും ഉണ്ടായിരുന്നു…

ബാങ്കിൽ മൂന്ന് വർഷത്തേക്ക് ലീവ് പറയുമ്പോൾ എന്റെ മനസ്സിൽ മൂന്ന് കുഞ്ഞ് മുഖങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ… മണിക്കുട്ടി എന്നോട് അടുത്തു വരുമ്പോഴെല്ലാം ഒരോന്ന് പറഞ്ഞ് അകറ്റാനും ബന്ധുക്കൾ മൽസരിച്ചു… എങ്കിലും ഞാൻ സന്തോഷവതിയായിരുന്നു… വറ്റി വരട്ട എന്റെ അടിവയറ്റിൽ കുരുത്തില്ലെങ്കിലും മനസ്സിലെ ഗർഭപാത്രത്തിൽ അവരെ ഞാൻ താലോലിച്ചു കൊണ്ടിരുന്നു…

അന്ന് മണിക്കുട്ടി സ്കൂളിൽ നിന്ന് വന്നതറിഞ്ഞ് കണ്ണനെയും അപ്പുവിനെയും എടുത്ത് ഓടി വരുമ്പോഴേക്കും അവൾ മുറിയിൽ കയറി വാതിൽ അടച്ചിരുന്നു…

എന്തായിരിക്കും എന്റെ മോൾക്ക് പറ്റിയത് എന്നോർത്ത് നെഞ്ചിടുപ്പോടെ ഞാൻ വിളിച്ചു…മണിക്കുട്ടി വാതിൽ തുറക്ക്… ആന്റി അമ്മ അല്ലേ വിളിക്കുന്നേ…

ഒത്തിരി വിളിച്ചപ്പോൾ വാതിൽ തുറന്ന് അന്റിയമ്മേന്ന് വിളിച്ച് കെട്ടിപ്പിടിച്ച മണിക്കുട്ടിയുടെ പാവാടയിൽ കണ്ട ചുമന്ന മൊട്ടുകൾ അവളുടെ സങ്കടത്തിന്റെ കാര്യം വിളിച്ച് പറഞ്ഞു…

ഇതിനാണോ…എന്റെ മോള് കരയുന്നത്… മോള് വല്യ കുട്ടി ആയതല്ലേ… ആന്റിയമ്മ ഇല്ലേ എന്റെ മണിക്കുട്ടിക്ക്… മുഖത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ മണിക്കുട്ടി ആശ്വാസത്തോടെ എന്നെ കെട്ടിപ്പിടിച്ചു…

മണിക്കുട്ടിയെ ചെറിയ ചൂട് വെള്ളത്തിൽ കുളിപ്പിക്കുമ്പോൾ എന്റെ അമ്മ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു കൊണ്ടിരുന്നു…

മണിക്കുട്ടി എന്നോട് പറ്റി ചേർന്ന് തന്നെയിരുന്നു… മഹിയേട്ടനെ വിളിച്ച് സാനിറ്ററി നാപ്കിൻ വാങ്ങാൻ പറയുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു…

ദേവി എന്താടോ… ആ സ്വരത്തിലെ ടെൻഷൻ ഞാൻ അറിയുന്നുണ്ടായിരുന്നു…

മഹിയേട്ടാ… നമ്മുടെ മണിക്കുട്ടി വലിയ കുട്ടിയായി… ഞാൻ എങ്ങനെയോ പറഞ്ഞ് ഫോൺ വെച്ചു…

മണിക്കുട്ടി എന്നെ കെട്ടിപ്പിടിച്ച് ചേർന്ന് ഇരുന്നു… അപ്പുവിനും കണ്ണനും ഭഷണം കൊടുക്കാൻ എഴുന്നേറ്റപ്പോൾ അവൾ ചോദിച്ചു… ആന്റിയമ്മ എന്റെ കൂടെ കിടക്കുമോ…

അവളെ ചേർത്ത് പിടിച്ച് വയറിൽ തലോടി കൊടുത്ത് കിടക്കുമ്പോൾ കണ്ണനും അപ്പുവും കൂടി എന്റെ അടുത്ത് വന്ന് പറ്റി ചേർന്ന് കിടന്നു… നിറഞ്ഞ് ഒഴുകുന്ന എന്റ കണ്ണുകൾ തുടച്ച് എന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് മണിക്കുട്ടി പറഞ്ഞു… ആന്റിയമ്മ പറഞ്ഞത് ശരിയാ… അമ്മ പറഞ്ഞ് വിട്ടത് തന്നെയാ ആന്റിയമ്മയെ…

ഞാൻ അവരെ കൂടുതൽ ചേർത്ത് പിടിച്ചു… പുറത്ത് മഹിയേട്ടന്റെ കാറ് വന്നത് അറിഞ്ഞിട്ടും ആ സ്നേഹ ചൂടിൽ നിന്ന് എഴുന്നേൽക്കാൻ മൂന്ന് പേരും സമ്മതിച്ചില്ല…

വാതിൽ തുറന്ന് മഹിയേട്ടൻ വന്നപ്പോൾ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു…

ആന്റിയമ്മ എങ്ങും പോവണ്ടാ… ഇന്നു മുതൽ ഞങ്ങളുടെ കൂടെ കിടന്നാൽ മതി… മണിക്കുട്ടി ഒന്ന് കൂടി കെട്ടിപ്പിടിച്ച് പറഞ്ഞപ്പോൾ ഞാൻ ജാള്യതയോടെ മഹിയേട്ടനെ നോക്കി… ആ കണ്ണുകളിലും നീർതിളക്കം കാണുന്നുണ്ടായിരുന്നു…

മഹിയേട്ടൻ ഒന്നും കഴിച്ചില്ലല്ലോ… ഞാൻ എടുത്ത് വെക്കട്ടെ…

ഇന്ന് മനസ്സ് നിറഞ്ഞെടോ… ഒന്നും വേണ്ട, താൻ കിടന്നോ… മക്കളെ എഴുന്നേൽപ്പിക്കണ്ടാ…

മണിക്കുട്ടിക്ക് ഉമ്മ കൊടുത്ത് ആള് ഫ്രഷ് ആകാൻ പോയി… തിരിച്ച് വന്നപ്പോൾ ഞാൻ ഉറക്കം നടിച്ച് കിടന്നു…

എന്നോട് പറ്റിച്ചേർന്ന് ഉറങ്ങുന്ന മക്കളെ ഉണർത്താതെ അവർക്ക് ചുംബനങ്ങൾ കൊടുക്കുമ്പോൾ ആ ചുണ്ടുകൾ എന്റെ നെറ്റിയിലും എത്തി…

ആ ചുടു ചുംബനം മാത്രം മതിയായിരുന്നു ഞാൻ മഹിയേട്ടനും പ്രിയപ്പെട്ടതായി എന്ന് മനസ്സിലാവാൻ…. പ്രസവിക്കാതെ മാറിടങ്ങൾ ചുരക്കാതെ പൂർണ്ണതയിൽ എത്തിയ ആദ്യ സ്ത്രീ ഞാനായിരിക്കുമോ…

ഇനി ഞാൻ ജീവിക്കട്ടെ… എന്റെ മക്കളുടെ രണ്ടാനമ്മയായി അല്ല… അവരെ മനസ്സിലെ ഗർഭപാത്രത്തിൽ വളർത്തിയ അവരുടെ സ്വന്തം അമ്മയായി…

രഞ്ചു ആന്റണി

എല്ലാ സ്ത്രീകളും ഒരുപോലെ അല്ല… അമ്മ മനസ്സ് ഉള്ളവരാണ് എല്ലാവരും… അത് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ❤️❤️❤️

രചന: Renju Antony

2 thoughts on “രണ്ടാനമ്മ

Leave a Reply

Your email address will not be published. Required fields are marked *