പിന്നെ മതി കുട്ടികൾ

രചന : സിയാദ് ചിലങ്ക

” ഒന്ന് പുറത്തേക്ക് നിൽക്കൂ….. ”

തട്ടമിട്ട ഗർഭിണിയായ നഴ്സ് റഹീമിനെ പുറത്തിറക്കി വാതിലടച്ചു.

“ഫൗസിയ ഇപ്പോൾ എങ്ങനെ ഉണ്ട്. ”

എട്ട് മാസമായ അവളുടെ വയറിൽ നഴ്സ് തലോടി.

“ചെറുതായി വേദന ഉണ്ട് …..”

സാനിറ്ററി നാപ്കിൻ പരിശോധിച്ചു നോക്കി നഴ്സ്… പറഞ്ഞു…

“ചെറുതായി ബ്ലീഡിംഗ് ഉണ്ട്…. പേടിക്കാനൊന്നുമില്ല…. വൈകീട്ട് ഡോക്ടർ വന്ന് നോക്കൂട്ടാ…… ടെൻഷൻ അടിക്കാതെ കിടന്നോ…..”

ഫൗസിയ നഴ്സിന്റെ വീർത്ത വയറിലേക്ക് നോക്കി…

” മ്…മ്…….. സിസ്റ്ററെ എത്ര മാസമായി….?

” ഇയാളെ പോലെ തന്നെ എട്ടാം മാസമാ…..”

നഴ്സ് മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ റഹീം അകത്തേക്ക് കടന്നു.

” ഫൗസി സിസ്റ്റർ എന്ത് പറഞ്ഞു…. ”

“കുറേശ്ശെ ബ്ലഡ് വരുന്നുണ്ട്… കുഴപ്പമില്ല എന്ന് പറഞ്ഞു….. നമുക്ക് ആ മരുന്ന് കഴിക്കണ്ടായിരുന്നു അല്ലെ ഇക്ക…. കഴിച്ചില്ലായിരുന്നെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു. ”

” വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് എത്രയും വേഗം ഒരു കുഞ്ഞ് വേണമെന്നായിരുന്നു….. നിനക്ക് പഠിക്കാൻ പോണം ഇപ്പോൾ കുട്ടികൾ നോക്കണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചതല്ലെ. ആവാതിരിക്കാൻ ഗുളിക കഴിച്ചിട്ടും ഗർഭിണി ആയി….. ”

” അന്ന് അങ്ങനെ തോന്നിയെങ്കിലും… വയറ്റിൽ ഒരു ജീവൻ കുരുത്തപ്പോൾ മനസ്സിൽ ഒരുമ്മയാവാൻ തയ്യാറായി കഴിഞ്ഞിരുന്നു…. ഇക്ക…. പക്ഷേ പേടിയാവുന്നു….. അനക്കം വെച്ച് തുടങ്ങിയപ്പോൾ ഉണ്ടായ സന്തോഷം .. നമ്മുടെ കുഞ്ഞ്… ഇക്ക കുഴപ്പം ഒന്നുമുണ്ടാവില്ലല്ലൊ… … ”

ഫൗസി റഹീമിന്റെ കൈയ്യിൽ ചേർത്ത് പിടിച്ച് തോളത്ത് തല വെച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…റഹീം അവളുടെ നെറുകയിൽ തലോടി…

“ഇക്ക നഴ്സിനെ കണ്ടോ അവരും എട്ട് മാസം ഗർഭിണിയാ. ഗർഭിണിയായപ്പോൾ തൊട്ട് റെസ്റ്റ് പറഞ്ഞ എനിക്ക് അവരെ കണ്ടിട്ട് കൊതിയാവുന്നു, എന്ത് ഹാപ്പി ആയിട്ടാ അവർ വരുന്നത്… ഈ നഴ്സ്മാർ ശരിക്കും മാലാഖമാർ തന്നെയാണല്ലെ ഇക്ക. സിസ്റ്റർ അടുത്ത് വരുമ്പോൾ ഒരു സമാധാനമാ…. അവർ ഒരു അറപ്പും വെറുപ്പും ഇല്ലാതെയാ ബ്ലീഡിംങ്ങ് പരിശോദിക്കുന്നതും….. എല്ലാം ചെയ്യുന്നതും…. ഗർഭിണിയായ അവർ എന്നെ ഒന്ന് അനങ്ങാൻ സമ്മതിക്കാതെയാ എല്ലാം ചെയ്തത്… എനിക്ക് അവരോട് വലിയ ബഹുമാനം തോനുന്നു….. ”

” ഫൗസി ഞാൻ ഒരു കാര്യം പറയട്ടെ ഈ നഴ്സിനെ ഞാനറിയും. ലൈല എന്നാണ് അവളുടെ പേര്.. പെണ്ണ് കണ്ട് നടക്കുന്ന സമയത്ത് ഇവരെ ഞാൻ കാണാൻ പോയിരുന്നു. നഴ്സാണെന്ന് പറഞ്ഞപ്പോൾ വേണ്ടാ എന്ന് വെച്ചു.നഴ്സ്മാർ ഒന്നും ശരിയല്ല എന്നായിരുന്നു എന്റെ ധാരണ. ഇന്ന് എനിക്ക് മനസ്സിലായി ഏറ്റവും ശരിയായവർ ഇവരാണെന്ന്…… ”

ഫൗസിയക്ക് സിസേറിയൻ തീരുമാനിച്ചു…. അത് വരെ ഹോസ്പിറ്റലിൽ തന്നെ തുടരാൻ ഡോക്ടർ പറഞ്ഞു.

ലൈലയും പ്രസവത്തിനായി അവിടെ തന്നെ അഡ്മിറ്റായി…

ഫൗസിയയെ സിസേറിയന് കയറ്റി, റഹീം അക്ഷമയോടെ ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്ത് ഇരുന്നു.

പെട്ടെന്ന് വേദന വന്ന ലൈലയെ സ്ട്രെക്ചറിൽ കിടത്തി ലേബർ റൂമിലേക്ക് കയറ്റുന്നത് റഹീം അവിടെ ഇരുന്ന് കണ്ടു… അവളുടെ ഭർത്താവും ബന്ധുക്കളും പുറത്ത് കാത്ത് നിൽക്കുന്നുണ്ട്.റഹീം കാത്തിരുന്ന് ക്ഷമ നശിച്ച് ഓപ്പറേഷൻ തിയ്യേറ്ററിന്റെ ബെൽ അടിച്ചു..

ഒരു നഴ്സ്… വാതിൽ തുറന്നു..

” ഫൗസിയയുടെ എന്തായി സിസ്റ്റർ.?”

” അനസ്തേഷ്യ കൊടുക്കാൻ ഡോക്ടർ എത്തിയിട്ടില്ല വെയ്റ്റ് ചെയ്യൂ വിളിക്കാം…. ”

കുറേ സമയം റഹീം അവിടെ ഇരുന്നു.. ലേബർ റൂം അടുത്ത് തന്നെ ആയത് കൊണ്ട് റഹീം അങ്ങോട്ടും ഇടക്ക് നോക്കുന്നുണ്ടായിരുന്നു.

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ ലൈലയുടെ ഭർത്താവ് വാങ്ങുന്നതും എല്ലാവരെയും കാണിക്കുന്നതും റഹീം അവിടെ ഇരുന്ന് കണ്ടു…

രാവിലെ മുതൽ തുടങ്ങിയ ഇരുത്തം വൈകീട്ട് ആറ് മണി വരെ തുടർന്നു..ഫൗസിയയുടെ വിവരം അറിയാൻ കാത്തിരുന്ന ബന്ധുക്കൾ കുറേ പേർ തിരിച്ച് പോയി….

സമയം ഏഴ് കഴിഞ്ഞപ്പോൾ ഫൗസിയയുടെ പേർ നഴ്സ് ഉറക്കെ വിളിച്ചു.റഹീം ഓടി ചെന്നു.

“സർ അകത്തേക്ക് ചെല്ലാൻ പറഞ്ഞു… ”

“മി.റഹീം.. സോറി കുട്ടിയെ പുറത്തെടുക്കും മുമ്പ് തന്നെ…. ഫൗസിയക്ക് കുഴപ്പമൊന്നുമില്ല ഷീ ഈസ് നോർമൽ…. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് കൊണ്ട് വരും..”

അവർ ജീവനറ്റ് കിടക്കുന്ന ഒരു ആൺ കുഞ്ഞിനെ റഹീമിന് കാണിച്ച് കൊടുത്തു. ഒരു വട്ടമേ അവന് നോക്കാൻ കഴിഞ്ഞുള്ളു അവന്റെ കണ്ണിൽ ഇരുട്ടു കയറി…

[ എന്തെങ്കിലും കാരണം പറഞ്ഞ് ആദ്യം കുട്ടികളെ വേണ്ടാ എന്ന് വെക്കുന്നവർ ഉണ്ട് … പിന്നീട് ഒരു കുഞ്ഞിക്കാല് കാണാൻ നെട്ടോട്ടമോടുന്നവരായി അവരെ കണ്ടിട്ടുണ്ട്…]

രചന : സിയാദ് ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *