തന്റെ മൊബൈലിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ ഓരോന്നോരോന്നായി അയാൾ ശരത്തിനെ കാണിക്കാൻ തുടങ്ങി…

രചന: ജിഷ്ണു മുരളീധരൻ

“ശരത്, നീ ഇതെന്തു ഭാവിച്ചാ?കുടിച്ചു ചാവാനാണോ തീരുമാനം? ”

“ചാവുന്നെങ്കിൽ ചാവട്ടെടാ. അല്ലെങ്കിലും ആർക്ക് വേണ്ടിയാ ഞാൻ ജീവിക്കേണ്ടത്? ”

“നീ വന്നേ, രേഷ്മ അവിടെ നിന്നെ കാണാതെ പേടിച്ചിരിക്കുകയാവും.”

മിഥുൻ സുഹൃത്തിന്റെ കയ്യിൽ പിടിച്ചു വലിച്ചു.

“നിനക്ക് തെറ്റി. എന്നെ കാണാഞ്ഞാൽ അവൾ വിഷമിക്കില്ല. സന്തോഷിക്കുകയേയുള്ളൂ. ചത്തെന്നു കേട്ടാൽ അത്രേം സന്തോഷം. ബ്ലഡി ബിച്ച്. പിന്നെ അവൾ ഇപ്പോ എന്റെ വീട്ടിൽ ഇല്ല. അവളുടെ വീട്ടിൽ കാണും.”

മിഥുൻ ഒന്നും മനസ്സിലാവാത്ത പോലെ ശരത്തിനെ നോക്കി. അയാൾ രോഷത്തോടെ പല്ലുകൾ കടിച്ചമർത്തി. കുറേ നേരം ദൂരേയ്ക്ക് തന്നെ നോക്കിയിരുന്നു. അയാളുടെ ഓർമ്മകൾ ഏതാനും മണിക്കൂറുകൾ പിന്നിലേക്ക് പോയി.

ഓഫീസിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ശരത് പതിവിലും ക്ഷീണിതനായിരുന്നു. അയാൾ പല പ്രാവശ്യം ഭാര്യയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. അവൾ ഉറങ്ങുകയാവും എന്ന് കരുതി. അയാൾക്കും അപ്പോൾ വേണ്ടത് നല്ലൊരു ഉറക്കമായിരുന്നു. ശല്യം ചെയ്യേണ്ട എന്ന് വച്ച് ശരത് കിടപ്പു മുറിയിലേക്ക് പതിയെ നടന്നു. വാതിൽ തുറന്നു നോക്കിയപ്പോൾ രേഷ്മ ഉറങ്ങുക തന്നെയായിരുന്നു. പക്ഷേ ഒറ്റയ്ക്കല്ല, അയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ മഹേഷിനോപ്പം. ശരത്തിന് ആദ്യം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അല്പസമയത്തിനുശേഷം സ്വബോധം വീണ്ടെടുത്ത അയാൾ അലറി.

“യൂ ബ്ലഡി ചീറ്റ്. നീയെന്നെ ചതിക്കുകയായിരുന്നു അല്ലേടീ.”

ശബ്ദം കേട്ട് ഇരുവരും ഞെട്ടിയുണർന്നു. ഉലഞ്ഞ വസ്ത്രവും മുടിയും നേരെയാക്കി രേഷ്മ എഴുന്നേറ്റു. മഹേഷ് ഉടൻതന്നെ കട്ടിലിൽ ഊരിയിട്ടിരുന്ന തന്റെ ഷർട്ട് എടുത്തു ധരിച്ച് അവിടെ നിന്നും പോകാൻ ഭാവിച്ചു. ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ച ശേഷമാണ് ശരത് അയാളെ വിട്ടത്. മഹേഷ് മുറിവിട്ടു പോയപ്പോൾ ശരത് രേഷ്മയുടെ അടുത്തുചെന്ന് തല്ലാൻ കൈയ്യോങ്ങി.

“തൊട്ടു പോകരുതെന്നെ.”

അവളുടെ ശബ്ദമുയർന്നു.

” നിങ്ങൾ ആരാണെന്നാ നിങ്ങളുടെ വിചാരം? നിങ്ങൾ കണ്ടതൊക്കെ സത്യമാണ്. ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് നാളുകൾ കുറെയായി. ഇതിന്റെ പേരിൽ എനിക്ക് ഒരു കുറ്റബോധവും ഇല്ല. ഇരുപത്തിനാലു മണിക്കൂറും ഓഫീസും ജോലിയുമായി നടക്കുന്ന നിങ്ങൾക്ക് എന്റെ കാര്യം ശ്രദ്ധിക്കാൻ സമയമില്ലല്ലോ. ഞാൻ ഒരു പെണ്ണാ എനിക്കുമുണ്ട് ആഗ്രഹങ്ങൾ.”

” അതിനു നീ കണ്ടുപിടിച്ച കുറുക്കുവഴിയാണോടീ ചൂലേ ഇത്?”

“ആണെന്ന് കൂട്ടിക്കോ.”

അടുത്ത നിമിഷം ശരത് രേഷ്മയുടെ മുഖത്ത് ആഞ്ഞടിച്ചു. മുടിക്കുത്തിന് പിടിച്ച് വീടിന് വെളിയിൽ ഇറക്കി. പിന്നീട് അകത്തേക്ക് പോയ അയാൾ തിരിച്ചു വന്നത് കാറിന്റെ കീയും എടുത്തു കൊണ്ടാണ്.

” നിന്റെ ഇഷ്ടത്തിന് ജീവിക്കാൻ ആണെങ്കിൽ അത് നിന്റെ വീട്ടിൽ മതി. ഇവിടെ വേണ്ട.”

ഇത്രയും പറഞ്ഞ് ബലം പ്രയോഗിച്ച് അവളെ കാറിൽ കയറ്റി. പിന്നീട് ശരത്തിന്റെ കാർ ബ്രേക്ക് ഇട്ടത് രേഷ്മയുടെ വീടിന്റെ മുന്നിലാണ്.

അപ്രതീക്ഷിതമായുള്ള അവരുടെ വരവ് ആ വീട്ടുകാരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

“എന്താ മക്കളെ ഇത്ര പെട്ടെന്ന്? ” അവളുടെ അമ്മ ചോദിച്ചു.

മകളുടെ വേഷം കണ്ടപ്പോഴേ അച്ഛന് എന്തോ പന്തികേട് മണത്തു.

” നീ അവളെയും കൊണ്ട് അകത്തേക്ക് പൊയ്ക്കോളൂ.”

അദ്ദേഹം ഭാര്യയെ നോക്കി പറഞ്ഞു.

ഒന്നും മിണ്ടാതെ തിരിച്ചുപോകാൻ തുടങ്ങിയ ശരത്തിനോട് അച്ഛൻ കാര്യം തിരക്കി. മറുപടി പറഞ്ഞ് കാറിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ, ആ അച്ഛൻ നിറകണ്ണുകളോടെ സ്വന്തം മകളെ തല്ലുന്നതും ചീത്ത പറയുന്നതും അയാൾ കണ്ടു.

മിഥുൻ എല്ലാം ഒരു ഞെട്ടലോടെ കേട്ടിരുന്നു. രണ്ടെണ്ണം അടിക്കാൻ ഒരു കമ്പനിക്ക് എന്ന് കരുതിയാണ് ബാറിലേക്ക് വിളിച്ചപ്പോൾ അയാൾ ശരീരത്തിനൊപ്പം പോയത്. ഇത്ര വലിയൊരു സങ്കടം സുഹൃത്തിന്റെ ഉള്ളിലുണ്ട് എന്ന് അയാൾക്ക് അറിയില്ലായിരുന്നു.

“മക്കളില്ലാത്തത് നന്നായി. അല്ലെങ്കിൽ അതുങ്ങളെക്കൂടി അവൾ നശിപ്പിച്ചേനെ.”

“കഴിഞ്ഞത് കഴിഞ്ഞില്ലേ അതിന് കുടിച്ചിട്ടെന്താ. നീ വാ നമുക്ക് വീട്ടിലേക്ക് പോകാം.”

“നീ പൊയ്ക്കോ. ഞാൻ കുറച്ചു കൂടി കഴിഞ്ഞേയുള്ളു.”

“പറ്റില്ല. നീ വന്നേ പറ്റൂ. അല്ലാതെ ഞാൻ പോകില്ല.”

“നീയാരാടാ എന്നോട് കൽപ്പിക്കാൻ? എന്റെ കാശിനു കുറേ വാങ്ങി മോന്തിയില്ലേ. ഇനി പൊക്കോണം. എനിക്കറിയാം ഒരെണ്ണത്തിനെയും വിശ്വസിക്കാൻ കൊള്ളില്ല. ഇനി നീയും അവളും തമ്മിൽ ഞാനറിയാതെ എന്തേലും ഇടപാടുണ്ടോടാ?”

ശരത്തിന്റെ ആ ചോദ്യം മിഥുനെ വല്ലാതെ ചൊടിപ്പിച്ചു.

“നിനക്ക് മദ്യം തലയ്ക്കു പിടിച്ചു വട്ടായിരിക്കുവാ. ആരെന്തു പറഞ്ഞാലും മനസ്സിലാവില്ല. നീ വരുന്നില്ലേൽ വരണ്ട.

അയാൾ അപ്പോൾ തന്നെ അവിടം വിട്ടു.

** ഇത്രയും സമയം അവരുടെ സംഭാഷണം മറ്റൊരാൾകൂടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശരത്തിന് തൊട്ടു പിന്നിലെ കസേരയിൽ ഇരുന്നിരുന്ന ഒരു കുറ്റിത്താടിക്കാരൻ. അയാൾ പതിയെ എഴുന്നേറ്റ് ശരത്തിന്റെ അടുത്തു ചെന്നിരുന്നു.

“സാറേ”

അയാൾ പതിയെ വിളിച്ചു.

“താനാരാടോ?”

“ഞാനാരെങ്കിലുമാവട്ടെ. സാർ പറഞ്ഞതെല്ലാം ഞാൻ കേട്ടു. അവളോട് പോണെങ്കിൽ പോകാൻ പറ സാറേ. സാറിന്റെ ഭാര്യയെക്കാളും നല്ല എത്ര എണ്ണത്തിനെ വേണം? ഞാൻ തരാം.”

ഇത്രയും പറഞ്ഞ് തന്റെ മൊബൈലിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ ഓരോന്നോരോന്നായി അയാൾ ശരത്തിനെ കാണിക്കാൻ തുടങ്ങി. തന്റെ മുന്നിലിരിക്കുന്ന ആളാരാണെന്നും എന്താണ് അയാളുടെ ഉദ്ദേശം എന്നും ശരത്തിന് വ്യക്തമായി. ഇന്നോളം തന്റെ ഭാര്യയെ അല്ലാതെ മറ്റൊരു സ്ത്രീയെ അയാൾ സ്പർശിക്കുകയോ തെറ്റായ കണ്ണോടെ നോക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ആ സമയത്ത് ശരത്തിന് മനസ്സിൽ ആകെയുണ്ടായിരുന്നത് തന്റെ ഭാര്യയോടുള്ള അമർഷം മാത്രമായിരുന്നു. മൊബൈൽ സ്ക്രീനിലെ ഒരു ഫോട്ടോയിൽ ശരത്തിന്റെ കണ്ണുടക്കി.

“ഇവളെ മതി.”

കുറ്റിത്താടിക്കാരന്റെ മുഖം തെളിഞ്ഞു.

“ഓ, വസുധയോ ഇവൾക്ക് ഡിമാൻഡ് ഇത്തിരി കൂടുതലാ. രണ്ടായിരം രൂപയാകും. ആയിരം അഡ്വാൻസ്. അത് ഇപ്പൊ എന്റെ കയ്യിൽ തരണം. ബാക്കി കാര്യം കഴിഞ്ഞിട്ട് അവളെ ഏൽപ്പിക്കണം.”

“സമ്മതിച്ചു.”

ഇത്രയും പറഞ്ഞ് പേഴ്സിൽ നിന്ന് രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ ശരത് അയാൾക്ക് നൽകി. പേഴ്സിൽ ഇരുന്ന സ്വന്തം ഭാര്യയുടെ ഫോട്ടോ അയാൾ പിച്ചിച്ചീന്തി നിലത്തെറിഞ്ഞു.

ബാറിലെ ബില്ല് കൊടുത്തത് ആ കുറ്റിത്താടിക്കാരനാണ്. പേര് പരമു. സ്ത്രീ വിഷയത്തിൽ” PhD എടുത്തയാളാണ് കക്ഷി. അയാൾ ശരത്തിനെ കൊണ്ടുപോയത് 202ആം നമ്പർ മുറിയിലേക്കാണ്.

“സാർ, ഇവിടിരി. അവളിപ്പോ വരും.”

പരമു മുറിവിട്ടു പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഒരു യുവതി അകത്തേക്ക് വന്നു. ചില്ലി റെഡ് നിറമുള്ള സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. പ്രായം കഷ്ടിച്ച് ഒരു മുപ്പത് കാണും. വെളുത്ത നിറം. സുന്ദരി. അവൾ കിടക്കയിൽ ശരത്തിന്റെ അരികിൽ ഇരുന്നു.

“എന്താടീ നിന്റെ പേര്? ”

“വസുധ”

“മ്മ്..കൊള്ളാം”

അയാൾ അവളെ തൊടാൻ ഭാവിച്ചു. അടുത്ത നിമിഷം വസുധയുടെ മൊബൈൽ ശബ്ദിച്ചു. അയാളോട് ക്ഷമ ചോദിച്ച് അവൾ ഫോൺ എടുത്തു.

“ആണോ…പേടിക്കണ്ട..ഞാൻ ഉടനെ വരാം. വന്നിട്ട് ഹോസ്പിറ്റലിൽ പോകാം.”

ഇത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ ശരത് വസുധയുടെ മുഖത്തേക്ക് തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവൾ ആകെ തളർന്നു പോയ പോലെ അയാൾക്ക് തോന്നിഅവൾ ആകെ തളർന്നു പോയ പോലെ അയാൾക്ക് തോന്നി.

“എന്നെ കുറച്ചു നേരത്തെ പറഞ്ഞുവിടാമോ സാർ? ഇത്തിരി അത്യാവശ്യമാണ്.

“ഉം, എന്താ ഇത്ര അത്യാവശ്യം?”

“എന്റെ ഇളയ മോൾക്ക് സുഖമില്ല. അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാനാ.”

“ഓഹോ, നിന്റെ കല്യാണം കഴിഞ്ഞതാണോ? അത് അയാൾ പറഞ്ഞില്ലല്ലോ. കല്യാണം കഴിഞ്ഞ് ആണെങ്കിൽ പിന്നെ എന്തിനാ നീ ഈ പണിക്ക് നടക്കുന്നേ? ”

“എന്റെ കെട്ടിയോൻ എന്നേം മക്കളേം ഉപേക്ഷിച്ചു പോയിട്ട് കൊല്ലം രണ്ടായി സാറേ. അയാളിപ്പോ വേറൊരുത്തീടെ കൂടെയാ പൊറുതി. കുറേ വീടുകളിൽ ഞാൻ ജോലി ചോദിച്ചു പോയതാ. ആൾക്കാർക്ക് എന്റെ കഷ്ടപ്പാട് കേൾക്കാൻ കാതില്ലെങ്കിലും ശരീരം കാണാൻ കണ്ണുണ്ടെന്ന് അപ്പോഴാ മനസ്സിലായത്. എനിക്ക് രണ്ട് പെണ്മക്കളാ സാറേ. അവർക്ക് ഭക്ഷണത്തിനു മുട്ടുണ്ടാവാതിരിക്കാൻ വേണ്ടിയാ മനസ്സില്ലാ മനസ്സോടെ ഈ പണിക്ക് ഇറങ്ങിയത്. പക്ഷേ അമ്മയ്ക്ക് പണി ഇതാണെന്ന് എന്റെ മക്കൾക്കറിയില്ല. ആർക്കുമറിയില്ല. വീട്ടുജോലിക്കെന്നും പറഞ്ഞാ എന്നും വീട്ടിൽ നിന്നിറങ്ങുന്നത്.”

വസുധയിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു.

“പ്ലീസ് സാർ എന്നെ നേരത്തെ വിടണം. കാശ് സാറിനിഷ്ടമുള്ളത് തന്നാൽ മതി. അതല്ലെങ്കിൽ നാളെ ഇതിന്റെ ഇരട്ടി സമയം ഞാൻ വരാം. അതിന് കാശൊന്നും തരേണ്ട”

അവൾ കെഞ്ചി.

“നീ വാ”

ശരത് വസുധയുടെ കയ്യിൽ പിടിച്ചു വാതിൽ തുറന്നു പുറത്തിറങ്ങി. പുറത്തു പരമു നില്പുണ്ടായിരുന്നു.

“എന്ത് പറ്റി സാറേ? ”

“താനും വാ എന്റെ കൂടെ”

ശരത് അവരെ കാറിൽ കയറ്റി. രണ്ടുപേർക്കും ഒന്നും മനസ്സിലായില്ല.

“നിന്റെ വീട് എവിടാണെന്ന് പറ.”

അയാൾ വസുധയോടായി പറഞ്ഞു.

വസുധ അമ്പരന്നു. അവൾ പറഞ്ഞ വഴിയിലൂടെ അയാൾ വണ്ടി പായിച്ചു. ആ യാത്രയിൽ ഉടനീളം അയാൾ വസുധയെയും സ്വന്തം ഭാര്യയെയും പറ്റി ചിന്തിക്കുകയായിരുന്നു. രണ്ടുപേരും സ്ത്രീകൾ. ഒരാൾ കുടുംബം പോറ്റാൻ മറ്റു വഴികളില്ലാതെ സ്വന്തം ശരീരം വിൽക്കുമ്പോൾ മറ്റൊരാൾ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും അത് മതിയാവാതെ വീണ്ടും സുഖം തേടിപ്പോകുന്നു. സത്യത്തിൽ രണ്ടിൽ ആരെയാണ് “വേശ്യ” എന്ന് വിളിക്കേണ്ടത്? ചിന്തകൾ കാടു കയറാൻ തുടങ്ങുമ്പോൾ വസുധയുടെ ശബ്ദം അയാളെ ഉണർത്തി.

“സാർ, ഇതാണ് വീട്.”

അവളുടെ വീടിന് മുന്നിൽ കാർ ബ്രേക്കിട്ടു. ഓടിട്ട ആ ചെറിയ വീടിന് മുന്നിൽ അവളെയും കാത്ത് അവളുടെ രണ്ടു പെൺകുട്ടികളും കൂടെ മറ്റൊരു സ്ത്രീയും നിൽപ്പുണ്ടായിരുന്നു. വസുധയും ശരത്തും കാറിൽ നിന്നിറങ്ങി അവർക്ക് നേരെ നടന്നു. പരമുവിനോട് കാറിനടുത്തു നിന്നാൽ മതിയെന്ന് അയാൾ ആംഗ്യം കാണിച്ചു.

അമ്മയെ കണ്ടതും കുട്ടികൾ ഓടിയെത്തി.

“എന്റെ വസൂ, ചിന്നൂന് ചെറിയൊരു പനി. അത്രേയുള്ളൂ. അത് കേട്ടപ്പോ നിന്റെ മോളുണ്ടാക്കിയ കോലാഹലമാ ഇത് മുഴുവൻ.”

കൂടെ നിന്ന സ്ത്രീ മൂത്ത മകളെയും വസുധയെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു. പെട്ടെന്ന് അവരുടെ ശ്രദ്ധ ശരത്തിന്റെ മേലായി.

“അല്ല….ഇത്….”

“ഇത്..പിന്നെ”

“എന്റെ പേര് ശരത്. എന്റെ വീട്ടിലാണ് വസുധ ജോലിക്ക് നിൽക്കുന്നത് .”

ഒരു ഉത്തരത്തിന് വേണ്ടി പരതുകയായിരുന്ന അവൾക്ക് ശരത്തിന്റെ വാക്കുകൾ നൽകിയ അമ്പരപ്പും ആശ്വാസവും വളരെ വലുതായിരുന്നു.

“ഇത് ജയചേച്ചി. എന്റെ അയൽക്കാരിയാണ്. ചേച്ചിയാണ് ഇവിടെ എനിക്ക് ആകെയുള്ള സഹായം.”

വസുധ അവരെ അയാൾക്ക് പരിചയപ്പെടുത്തി. അതിന് ശേഷം ശരത് വസുധയുടെ മക്കളുടെ നേരെ തിരിഞ്ഞു. അവരോടും വിശേഷങ്ങൾ തിരക്കി.

“എങ്കിൽ ഞാനിറങ്ങുന്നു വസുധ.”

“കുടിക്കാൻ…”

“ഒന്നും വേണ്ട.”

അവൾ കാറിനടുത്തു വരെ ശരത്തിനെ അനുഗമിച്ചു.

” നാളെ മുതൽ നിനക്ക് എന്റെ വീട്ടിൽ ജോലിക്ക് നിൽക്കാം. സ്വന്തം മക്കളോട് പോലും പറയാൻ കൊള്ളാത്ത ഈ പണി ഇനി ചെയ്യേണ്ട.”

ഇത്രയും പറഞ്ഞ് രണ്ട് അഞ്ഞൂറിന്റെ നോട്ടുകളും തന്റെ വിസിറ്റിംഗ് കാർഡും അയാൾ വസുധയ്ക്ക് നീട്ടി. വിറയ്ക്കുന്ന കൈകളോടെ അവൾ അത് വാങ്ങി.

” ഇനി മേലാൽ താൻ ഈ പണിക്ക് വേണ്ടി താൻ ഇവളെ വിളിക്കരുത്. വിളിച്ചാൽ ഇനി ഒരിക്കലും തനിക്ക് ഒരു പണിയും ചെയ്യാൻ പറ്റില്ല. മനസ്സിലായോടോ? ”

ശബ്ദം കടുപ്പിച്ച് പരമുവിനോടായി ശരത് പറഞ്ഞു.

“ഉവ്വ് സാർ.”

“നല്ലത്. എന്നാൽ വണ്ടിയിലേക്ക് കേറിക്കോ.”

പോകാൻ തുടങ്ങുമ്പോൾ വസുധയുടെ കുട്ടികൾ തനിക്ക് നേരെ കൈ വീശുന്നത് കണ്ട് ശരത് ഒരു ചിരിയോടെ അവരെ നോക്കി. അയാളുടെ കാർ തന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ വസുധ തൊഴുകൈയ്യോടെ നോക്കി നിന്നു. അവളുടെ കണ്ണിൽ നിന്നും ഊർന്നു വീണ കണ്ണുനീരിൽ കയ്യിലിരുന്ന നോട്ടുകൾ നനഞ്ഞു കുതിർന്നു.

രചന: ജിഷ്ണു മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *