പല കാര്യങ്ങൾക്ക് അവളെന്നോട് പിണങ്ങിയിട്ടുണ്ടെങ്കിലും ഈ പിണക്കം….

രചന: ശിവ ഗാമി

രാവിലെ ഉറക്കം ഉണർന്ന് നോക്കിയതും ഫോണിൽ തുരുതുരാ മെസ്സേജ്… അതും ഓരോ മിനിറ്റിന്റെ മാത്രം വ്യത്യാസത്തിൽ.!

നെറ്റ് ഓൺ ആക്കി കുറച്ചു സമയത്തേക്ക് ഫോൺ ഹാങ്ങ്‌ ആയി. പിന്നീട് സ്വിച്ച് ഓഫ്‌ ആക്കി ഓൺ ചെയ്തു നോക്കിയപ്പോഴാണ് അതൊന്ന് നേരയായത്.

നോട്ടിഫിക്കേഷൻ സൗണ്ട് നിർത്താതെ തുടർന്നപ്പോഴേ എനിക്ക് കാര്യം പിടി കിട്ടി.. ശിവയാണ്… ഒട്ടും വൈകാതെ തന്നെ ഞാൻ വാട്സ്ആപ്പ് തുറന്നു നോക്കി.

523മെസ്സേജസ് അതും അവളുടെ നമ്പറിൽ നിന്ന് മാത്രം. ഏട്ടാ എന്ന് തുടങ്ങി ഉറങ്ങുന്നതിനു മുൻപ് എന്നോട് പറയാറുള്ള കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളുമെല്ലാമാണ് പാവം ഒറ്റയ്ക്ക് പറഞ്ഞു തീർത്തത്…

അപ്പോൾ തന്നെ ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു… എന്റെ വിളി കാത്തിരിക്കുന്നതിന് തെളിവെന്നപോലെ ആദ്യത്തെ ബെല്ലിൽ തന്നെ കാൾ എടുത്തു.

ഏട്ടാ വേദന കുറവുണ്ടോ????

ഇപ്പോ വേദനയൊന്നുമില്ല… ന്റെ ശിവാ ഉറങ്ങിക്കോളാമെന്ന് വാക്ക് തന്നിട്ടല്ലേ ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു പോയത്… ഒറ്റയ്ക്ക് ആയെന്ന് തോന്നിയെങ്കിൽ നിനക്കൊന്ന് വിളിച്ചൂടായിരുന്നോ…?

ഞാൻ അല്പം ഗൗരവത്തോടെ തന്നെയാണ് ചോദിച്ചത്… ഇടക്കിടക്ക് മൈഗ്രെയ്ൻ വരുന്ന പെണ്ണാ.. എന്നും നിർബന്ധിച്ചു നേരത്തെ കിടത്തുന്നത് ഞാനാ… പക്ഷെ ഇന്നലെ പണി കഴിഞ്ഞു വന്നപ്പോൾ മേലൊക്കെ നല്ല വേദന തോന്നിയത് കൊണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. അവൾ നിര്ബന്ധിച്ചിട്ടു തന്നെയാണ് ഞാൻ ഫോൺ കട്ട് ചെയ്തു ഉറങ്ങിയതും. സത്യത്തിൽ രാവിലെ മുതൽ വെയിലും കൊണ്ട് പണിയെടുത്ത ക്ഷീണത്തിൽ കിടന്നത് മാത്രമേ എനിക്ക് ഓര്മയുണ്ടായിരുന്നുള്ളൂ..

അത് പിന്നെ.. എട്ടനുറങ്ങിക്കോട്ടെ എന്ന് കരുതി…

അയ്യോ ന്റെ മോൾക്ക് ന്താ സ്നേഹം… എന്നിട്ട് ഉറങ്ങാൻ പോയ ഏട്ടനെ എന്റെ കുട്ടി ഇത് വരെ വിളിച്ചിട്ടില്ലല്ലേ…?

അപ്പുറത്ത് അടക്കി പിടിച്ചിച്ചുള്ള അവളുടെ ചിരി കേൾക്കാൻ ഒരു പ്രത്യേക സുഖം തോന്നി ..

അത് ഏട്ടൻ എന്നോട് വഴക്ക് ഇട്ടേച്ചും പോകുമ്പോഴല്ലേ ഞാൻ വിളിച്ചോണം വിളിച്ചോണ്ടിരിക്കാറ്.. എനിക്ക് ഒരു പത്ത് മിനിറ്റ് പോലും മിണ്ടാതെ ഇരിക്കാൻ പറ്റില്ലെന്ന് അറിഞോണ്ടല്ലേ ഏട്ടൻ ഇടക്കൊക്കെ എന്നോട് വഴക്കിട്ടു പോകാറ്.. മിണ്ടിയില്ലേൽ ശ്വാസം മുട്ടുന്ന പോലെയാ തോന്നാറ് അതാണ് ഞാൻ..

ഒരു കൊച്ചു കുട്ടിയെ പോലെയുള്ള അവളുടെ ഏറ്റു പറച്ചിൽ കേട്ടപ്പോൾ കിലുക്കത്തിലെ രേവതിയെ ആണ് ഓർമ വന്നത്.

എന്നിട്ടെന്താ കുഞ്ഞിന് ഇന്നലെ ശ്വാസം മുട്ടാഞ്ഞത്???

ആരാ പറഞ്ഞത് ശ്വാസം മുട്ടീലാന്ന്…വിളിക്കാൻ ഞാൻ രണ്ട് വട്ടം ഫോണെടുത്തതാ… അപ്പോഴാ എന്റെ മനസ് എന്നോട് പറഞ്ഞത് നിന്റെ ഏട്ടൻ അടച്ചിട്ട മുറിയിലെ സർക്കാർ ഉദ്യോഗം കഴിഞ്ഞു വന്നതല്ലന്ന് ആലോചിച്ചപ്പോൾ എനിക്കും പാവം തോന്നി ഈ പൊള്ളുന്ന വെയിൽ മുഴുവനും കൊണ്ട് കല്ല് ചുമന്ന് മേല് വേദനിച്ചു കിടക്കുന്ന ഏട്ടനെ ഉണർത്താൻ എനിക്ക് കഴിഞ്ഞില്ല. അതോണ്ടാ ഏട്ടൻ നെറ്റ് ഓഫ്‌ ആക്കി പോകുവോളം ഞാൻ പിടിച്ചു നിന്നത്…. മറുപടി കിട്ടിയില്ലെന്നേ ഉളളൂ പറയാനുള്ളതൊക്കെ ഏട്ടനോട് പറഞ്ഞിട്ടല്ലേ ഞാനുറങ്ങിയേ…

അത് പറഞ്ഞപ്പോൾ അവളുടെ സ്വരമിടറിയത് ഞാൻ അറിഞ്ഞു.

ഇപ്പോ തോന്നണുണ്ടാകുമല്ലേ ശിവാ പഠിപ്പും പത്രാസുമുള്ള ഒരാളെ സ്നേഹിച്ചാൽ മതിയായിരുന്നെന്ന്… അതാവുമ്പോൾ നീ ആഗ്രഹിക്കുമ്പോഴൊക്കെ നിന്റെ കൂടെ കാണില്ലേ..

അവൾ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല.

ആഹ് ഇനിയും സമയം ഉണ്ടല്ലോ… വേണേൽ ഞാൻ വേറെ ആളെ നോക്കിക്കോളാം… പക്ഷെ പത്രാസ് കുറയുന്നതിനൊപ്പം മനസിലെ സ്നേഹവും കുറഞ്ഞു പോയാൽ അപ്പോ ഞാനെന്താ ചെയ്യേണ്ടത് ന്ന് കൂടി പറഞ്ഞു തരണം.

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

രാവിലെ മുതൽ വിശ്രമമില്ലാതെ പണിയെടുത്ത് തളർന്നു വീട്ടിൽ വരുമ്പോഴും എന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്ന, സ്വന്തം ആരോഗ്യത്തെക്കാൾ എന്റെ ആരോഗ്യത്തെ കണക്കിലെടുക്കുന്ന, എത്ര ക്ഷീണമുണ്ടായാലും എന്റെ സ്വപ്നങ്ങൾക്ക് കാതോർത്തിരിക്കുന്ന, കിട്ടുന്ന പൈസയിൽ നിന്ന് മിച്ചം പിടിച്ച് എനിക്കായ് കരുതി വെച്ച കൊച്ചു സമ്മാനങ്ങൾ നൽകുന്ന നേരം എന്റെ മുഖത്തെ പുഞ്ചിരി കണ്ടാസ്വദിക്കുന്ന നിങ്ങളെക്കാൾ നല്ലൊരു മനസ്സിനുടമയെ കാണുകയാണേൽ പറ ഞാൻ തീർച്ചയായും സ്വീകരിച്ചോളാം… അത്ര നാളെങ്കിലും ദയവ് ചെയ്ത് എന്റെ സ്നേഹത്തെ പണത്തിന്റെയും പദവിയുടെയും തട്ടിലിട്ട് അളക്കരുത് ഏട്ടാ..

ദേഷ്യത്തോടെ അവൾ ഫോൺ കട്ട് ചെയ്തപ്പോൾ എന്റെ മനസിൽ ഒരു കുളിർമഴ പെയ്തു… പല കാര്യങ്ങൾക്ക് അവളെന്നോട് പിണങ്ങിയിട്ടുണ്ടെങ്കിലും ഈ പിണക്കം അവളെ എന്നോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. അവളെന്റെയാണ് എന്റെ മാത്രം……..

നിങ്ങളുടെ ശിവ

രചന: ശിവ ഗാമി

Leave a Reply

Your email address will not be published. Required fields are marked *