മുഖത്തെ ചിരി മായാതെ തന്നെ ദേവേട്ടന്റെ കണ്ണുകളിലേക്ക് നോക്കി ഞാനിരുന്നു…

രചന: നിമിഷ ചന്ദ്രികതിലകൻ

കാര്യമായെന്തോ പറയാനുള്ള വിളിയാണെന്ന് ആ നീട്ടലിൽ നിന്ന് തന്നെ എനിക്ക് മനസിലായി…

തുണി മടക്കി കൊണ്ടിരുന്ന എനിക്ക് അഭിമുഖമായി ദേവേട്ടൻ കട്ടിലിൽ വന്നിരുന്നു.

തുണികൾ ഓരോന്നായി ഷെൽഫിലേക്ക് വെക്കുന്നതിനിടയിൽ ഞാൻ ദേവേട്ടനെ നോക്കി… എന്തോ ഒരു കാര്യം എന്നോട് പറയാൻ മനസ്സിലിൽ അടക്കി വെച്ചത് പോലെ എനിക്ക് തോന്നി.

എന്താ ദേവേട്ടാ….?? കുടിക്കാൻ ചായ വല്ലതും വേണോ?? ഞാൻ വഴക്ക് പറയുമെന്ന് പേടിച്ചാണോ ചോദിക്കാൻ ഒരു മടി.

ചമ്രം പടിഞ്ഞിരുന്ന് താടിയിൽ അലസമായി തലോടികൊണ്ടിരുന്ന ദേവേട്ടന്റെ അരികിലായി ഞാൻ ഇരുന്നു.

ഹ്മ്മ് നീ പറഞ്ഞപ്പോഴാ ഞാൻ ഓർത്തെ… പോയി ഒരു ഗ്ലാസ്‌ ചായ കൊണ്ട് വാ..

ആഹ് ബെസ്റ്റ്… കിളി പോയി ഇരിക്കുന്നത് കണ്ട് പാവം തോന്നി ചോദിച്ചതാണ് മനുഷ്യ… നേരം വെളുത്തതിൽ പിന്നെ ഇന്ന് നാല് ഗ്ലാസ്‌ ചായകുടി കഴിഞു… ഇങ്ങനെ ചായ വലിച്ചു കേറ്റാൻ മാത്രം നിങ്ങക്കാര ദേവേട്ടാ ചായയിൽ കൈവിഷം തന്നത്???

പതിവ് പോലെ എല്ലാം കഴിഞ്ഞുള്ള ആ പാവത്താൻ ചിരി ചിരിക്കാൻ ഇക്കുറിയും ദേവേട്ടൻ മറന്നില്ല…എത്ര ദേഷ്യം വന്നു നിൽക്കയാണെങ്കിലും ആ ചിരിയിലാണ് ഞാൻ വീണു പോകാറ്.. അത് ദേവേട്ടനും അറിയാം.

ഇതും കൂടി ഞാൻ തരാം ഇനി ചായേം ചോദിച്ചു ഈ പരിസരത്തു കണ്ടേക്കരുത് കേട്ടല്ലോ…

അടുക്കളയിലേക്ക് പോകാൻ ഒരുങ്ങിയ എന്നെ ദേവേട്ടൻ അവിടെ തന്നെ പിടിച്ചിരുത്തി.

ദേവി… നമ്മളിൽ ഒരാളെ ദൈവം കൊണ്ടുപോകാൻ തീരുമാനിച്ചെന്ന് കരുതുക… അത് ആരാണെന്ന് നമുക്ക് തീരുമാനിക്കുകയും ചെയ്യാം എങ്കിൽ എന്തായിരിക്കും നിന്റെ മറുപടി??? മുഖവുര ഒന്നും കൂടാതെ തന്നെ ദേവേട്ടൻ ചോദിച്ചു.

ഓഹോ അപ്പോൾ അതായിരുന്നു കാര്യം… ഇപ്പോഴാണ് ആ മൗനത്തിന്റെ അർത്ഥം മനസിലായത്.

ദേവേട്ടൻ എന്റെ ഡയറി വായിച്ചു അല്ലെ??

ഹ്മ്മ്…

എന്നിട്ടെന്താ തോന്നിയത്????

ഒന്നുമില്ലെടോ…. ഞാനും അത് തന്നെയാ ആഗ്രഹിക്കുന്നത്.. എന്റെ കണ്ണുകളിൽ നോക്കി ദേവേട്ടൻ പറഞ്ഞു നിർത്തി.

മുഖത്തെ ചിരി മായാതെ തന്നെ ദേവേട്ടന്റെ കണ്ണുകളിലേക്ക് നോക്കി ഞാനിരുന്നു.

തനിക്കു മുന്നേ തന്റെ ഭർത്താവിന്റെ മരണത്തിനായ് പ്രാർത്ഥിക്കുന്ന ഒരു ഭാര്യയുടെ മനസ് കാണേണ്ടി വരുന്ന ഒരാളുടെ മാനസിക അവസ്ഥ…. അത് എനിക്ക് ഊഹിക്കാവുന്നതേ ഉളളൂ ദേവേട്ടാ……ദേവേട്ടന്റെ കണ്ണിലിപ്പോ ഞാനൊരു സ്വാർത്ഥ ആയിട്ടുണ്ടാകുമല്ലേ….?

ഏയ്‌… എന്താടോ….? ഞാനത് കണ്ടപ്പോൾ വെറുതെ തന്നോട് ചോദിച്ചതാ… എനിക്കറിയില്ലേ തന്നെ??

ദേവേട്ടനൊരു കാര്യമറിയോ…? ഒരുപാട് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും മാത്രമേ ദേവേട്ടൻ എന്നെ എടോ എന്ന് വിളിക്കാറുള്ളൂ… സന്തോഷം കൊണ്ടല്ല ഇപ്പോൾ അങ്ങനെ വിളിച്ചതെന്ന് എനിക്കറിയാം…

ദേവേട്ടൻ മൗനമായി എന്നെ കേട്ടിരുന്നു.

മനസ്സിൽ അത്രയേറെ അലട്ടുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ഡയറിയിൽ കുറിക്കാറുള്ളൂ എന്ന് ദേവേട്ടന് അറിയാലോ??? മുഖമല്പം ഉയർത്തി കൊണ്ട് ഞാൻ ദേവേട്ടനെ നോക്കി.

അറിയാം…. എന്താടോ ഇപ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കാൻ??? എന്റെ ഭാഗത്ത്‌ നിന്നെങ്കിലും???

ദേവേട്ടനെ പറയാൻ അനുവദിക്കാതെ ഞാൻ വാ പൊത്തി പിടിച്ചു.

ഞാൻ സ്വാർത്ഥയാണ് ദേവേട്ടാ… ദേവേട്ടന്റെ കാര്യത്തിൽ ഒരുപാട് സ്വാർത്ഥയാണ്… രണ്ട് ദിവസം ഞാൻ വയ്യാതെ കിടപ്പിലായപ്പോൾ മുതൽ എന്റെ മനസിനെ അലട്ടുന്ന കാര്യാ ഇത്……ഒരു കാര്യം പോലും തനിയെ

ചെയ്യാൻ അറിയാത്ത ദേവേട്ടൻ രണ്ട് ദിവസം ഇവിടെ കഴിഞ്ഞത് എങ്ങനെയാണെന്ന് ഞാൻ കണ്ടതാണ്. എന്തിനും ഏതിനും ദേവി…. എന്ന ഒരൊറ്റ വിളിയിൽ ഞാൻ മുന്നിലെത്തുമെന്ന ഉറപ്പുണ്ടായിരുന്നില്ലേ ദേവേട്ടന്?? പക്ഷെ

ഈ രണ്ട് ദിവസങ്ങളിൽ കാതോർത്ത് കിടന്നിട്ട് പോലും ദേവേട്ടന്റെ ശബ്ദം എവിടെയും മുഴങ്ങി കേട്ടില്ല.. എന്നോട് അധികാര സ്വരത്തിൽ ചോദിക്കാറുണ്ടായ ഓരോ ഗ്ലാസ്‌ ചായയ്ക്കും ഈ ദിവസങ്ങളിൽ അപേക്ഷയുടെ

ചവർപ്പ് ആയിരുന്നില്ലേ ദേവേട്ടാ …?? മറ്റാരും തരില്ലെന്ന് അല്ല ഞാൻ പറഞ്ഞതിനർത്ഥം എന്നോട് കാണിക്കുന്ന സ്വതന്ത്രവും അധികാരവും എടുത്ത് അമ്മയോട് പോലും സ്വന്തം ആവശ്യങ്ങൾ പറയാൻ കഴിയുമോ ദേവേട്ടന്

…?? അവിടെയൊക്കെ ആവശ്യങ്ങളും ഇഷ്ടങ്ങളും കുഴിച്ചു മൂടി ജീവിക്കേണ്ടി വരില്ലേ….?? അങ്ങനൊരു ദേവേട്ടനെ എനിക്ക് കാണാൻ ആവില്ല…വയ്യാതെ കിടക്കുമ്പോഴും ഞാനില്ലാത്ത ദേവേട്ടന്റെ ജീവിതത്തെ

കുറിച്ചാണ് ഓരോ നിമിഷവും ഓർത്തു കൊണ്ടിരുന്നത് … എന്റെ കണ്ണടയുന്നതിനു ഒരു നിമിഷം മുന്നേ എങ്കിലും ദേവേട്ടൻ പോകണം… അതൊരിക്കലും സ്വാർത്ഥത അല്ല ദേവേട്ടാ… തന്റെ ആവശ്യങ്ങൾക്ക് വേണ്ടി

സ്വന്തം മക്കൾക്ക് മുന്നിൽ പോലും യാചിച്ചു നിൽക്കുന്ന ദേവേട്ടന്റെ രൂപം എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. അതെന്റെ സ്വാർത്ഥതയാണ് ദേവേട്ടൻ മാപ്പാക്കണം .

കണ്ണുകൾ ഇറുക്കി അടച്ചു കൈകൾ തൊഴുതു പിടിച്ചു കൊണ്ടവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞ നേരം എന്റെ ഉള്ളൊന്ന് പിടഞ്ഞു.

ശരിയാണ് അവളോട് കാണിക്കുന്ന സ്വതന്ത്രവും അധികാരവും ഞാൻ മറ്റൊരാളോടും കാണിക്കാറില്ല..സ്വന്തം അമ്മയോട് പോലും എന്റെ വാശികൾക്ക് ഒരു പരിമിതി കല്പിച്ചു മാത്രമേ പെരുമാറാറുള്ളൂ… എന്റെ ഇഷ്ടങ്ങളും ദേഷ്യവും വാശിയും എല്ലാം പറയാതെ തന്നെ അറിഞ്ഞവളാണ് ഇവൾ…ദേവി ഇല്ലാത്തൊരു ജീവിതം…..

മനസ് കൊണ്ട് ഒരായിരം ആവർത്തി മാപ്പ് പറഞ്ഞു കൊണ്ട് ഞാനവളെ എന്റെ മാറോട് ചേർത്ത് പിടിച്ചു.നിറഞ്ഞ മിഴികൾ പാതി അടച്ച് എന്റെ അവകാശമായ സിന്ദൂരരേഖയിൽ അമർത്തി ചുംബിച്ചു.

*******

ഏറെക്കുറെ എല്ലാ ഭാര്യമാരും പ്രാർത്ഥിക്കുന്ന ഒരു കാര്യമാകാം ഇത്… അതിന് കാരണം ഒന്നേ ഉള്ളു തന്റെ പുരുഷനോടുള്ള കളങ്കമില്ലാത്ത സ്നേഹം… തന്റെ അഭാവത്തിൽ അവർ എവിടെയും തല കുനിച്ചു നില്കുന്നത്

കാണാൻ ഒരു ഭാര്യയും ആഗ്രഹിക്കില്ല…. തന്റെ പതിയുടെ ആഗ്രഹങ്ങളും വാശികളും ദേഷ്യവുമെല്ലാം അറിഞ്ഞു ജീവിക്കുന്നവൾ ആണ് ഒരു ഭാര്യ… ദാമ്പത്യം പവിത്രമായ ഒന്നാണ്… മറ്റൊന്നിനും പകരം വെയ്ക്കാൻ കഴിയാത്ത ഒന്ന് ❤️

രചന: നിമിഷ ചന്ദ്രികതിലകൻ

Leave a Reply

Your email address will not be published. Required fields are marked *