വൈറലായ ഭാര്യ….

രചന: ശ്യാം കല്ലുകുഴിയിൽ

പതിവുപോലെ രാധ രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി, തലേദിവസം ആട്ടി വച്ചിരുന്ന മാവ് എടുത്ത് അപ്പം ചുട്ടു തുടങ്ങി അതിനൊപ്പം മുട്ട റോസ്‌റ് കറിയും വച്ചു. പിന്നെ മക്കൾക്കും ഭർത്താവിനും കൊണ്ട് പോകാൻ ഉള്ള ചോറും തയ്യാറാക്കി. മക്കൾ രണ്ട് പേരും എഴുന്നേറ്റു വന്ന് പല്ല് തേപ്പും കുളിയും കഴിഞ്ഞ് ആഹാരം കഴിച്ചു, രാധ മുറിയിൽ പോയി ഉറങ്ങി കിടക്കുന്ന ഭർത്താവിനെ തട്ടി വിളിച്ചിട്ട് വീണ്ടും അടുക്കളയിലേക്ക് പോയി…

” രാധേ…. കൂയ്…… ”

രാധ ആ ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ മതിലിന്റെ അപ്പുറത്ത് നിന്ന് ജമീലയുടെ തല പൊങ്ങി വന്നു. രാധ ഓടി മതിലിന്റെ അടുത്തേക്ക് ചെന്നു, പിന്നെ രണ്ടുപേരും കൂടി നാട്ടിലുള്ള എല്ലാവരെ കുറിച്ചും പരദൂഷണം പറച്ചിൽ തുടങ്ങി..

അപ്പോഴേക്കും രാധയുടെ ഭർത്താവ് സോമൻ എഴുന്നേറ്റു, സോമൻ പല്ല് തേപ്പും കുളിയുമൊക്കെ കഴിഞ്ഞ് വന്നപ്പോഴും രാധയുടെയും ജമീലയുടെയും പരദൂഷണം തീർന്നിട്ടില്ല, അത് പിന്നെ ദിവസവും ഉള്ളത് കൊണ്ട് സോമൻ അത് ശ്രദ്ധിക്കാറുമില്ല.

സോമൻ അടുക്കളയിൽ വന്ന് ഒരു പാത്രം എടുത്ത് അതിൽ രണ്ട് അപ്പവും ഒരുമുട്ടയും അൽപ്പം കറിയും എടുത്തു തീറ്റി തുടങ്ങി, പതിവില്ലാതെ മുട്ട റോസ്റ്റിന് നല്ല രുചി ഉള്ളത് പോലെ സോമന് തോന്നി, അത് കൊണ്ട് തന്നെ സോമൻ രണ്ട് അപ്പം അതികം കഴിച്ചു ഒപ്പം രാധയുടെ മുട്ടയും അകത്ത് ആക്കി..

” ഞാൻ പോണേ…. ”

ചോറും എടുത്ത് ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ സോമൻ രാധയോട് വിളിച്ചു പറഞ്ഞു. രാധ പരദൂഷണം പറച്ചിലിന്റെ ഇടയിൽ അയ്യാളെ ഒന്ന് നോക്കിയിട്ട് വീണ്ടും സംസാരം തുടങ്ങി. വയറിൽ വിശപ്പിന്റെ നിലവിളി കൂടിയപ്പോൾ ആണ് ഇനി പിന്നെ കാണാം എന്ന് പറഞ്ഞു രാധയും ജമീലയും പിരിഞ്ഞത്..

പാത്രത്തിൽ അപ്പം എടുത്ത് കറി എടുക്കാൻ ചട്ടിയിൽ നോക്കിയപ്പോൾ അതിൽ കുറച്ച് കറി ഇരുപ്പുണ്ട് ബാക്കിയൊക്കെ സോമൻ തീർത്തിരുന്നു. രാധ ആ അപ്പവും ചട്ടിയിൽ ഉണ്ടായിരുന്ന ബാക്കി കറിയും കഴിച്ചു. രാധയ്ക്ക് ഒരു കൗതുകം തോന്നി കറിവച്ച ചട്ടിയുടെ ഒരു ഫോട്ടോ എടുത്തു എന്നിട്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റു ഇട്ടു…

“അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി ആഹാരം ഉണ്ടാക്കണം, അവസാനം ഉണ്ടാക്കുന്നവർക്ക് കിട്ടുന്നത് ഇതുപോലെ കാലി ചട്ടി മാത്രം… ” ഒപ്പം ആ ചട്ടിയുടെ ഫോട്ടോയും വച്ച് ഒരു പോസ്റ്റ്‌ ഇട്ടു, എന്നിട്ട് മൊബൈൽ അടുക്കളയിലെ ഷെൽഫിൽ വച്ചിട്ട് രാധ ഓരോ ജോലി ചെയ്തു തുടങ്ങി…

അപ്പൊ മറ്റൊരു സ്ഥലത്ത് രാവിലെ ഒരു ജോലിയും ഇല്ലാതെ മൊബൈലും കുത്തി പിടിച്ചിരുന്ന ഒരു പ്രമുഖ ഈ പോസ്റ്റ്‌ കണ്ടു.. അവർ കണ്ടപാടെ ആ പോസ്റ്റ് ഷെയർ ചെയ്തു ഒപ്പം ഒരു തലകെട്ടും വച്ചു..

” രാവിലെ മുതൽ രാത്രി വരെ ജോലി എടുത്തിട്ടും നീതി ലഭിക്കാതെ പോകുന്ന വീട്ടമ്മമാർ, ഇനിയും എത്രനാൾ ഈ അടിമത്വം സഹിക്കണം, ആരാണ് ഇവൾക്ക് നീതി കൊടുക്കുക…. ” എന്നൊരു തലക്കെട്ടോടെ അത് ഷെയർ ചെയ്തു.. അത് കണ്ടവർ കണ്ടവർ ഷെയർ ചെയ്യാൻ തുടങ്ങി ഓരോരുത്തരും അവർക്ക് ഇഷ്ട്ടം ഉള്ള തലക്കെട്ട് വച്ചു ഷെയർ ചെയ്തു കൊണ്ടേ ഇരുന്നു…

താൻ ഇത്ര പെട്ടെന്ന് വൈറൽ ആകുന്നത് അറിയാതെ പാവം രാധ രാവിലെ കിട്ടിയ മത്തി വൃത്തിയാക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. അടുക്കള ജോലി കഴിഞ്ഞ് തുണിയൊക്കെ അലക്കി ഇട്ട ശേഷം ആണ് രാധയ്ക്ക് ഇരിക്കാൻ അൽപ്പം സമയം കിട്ടിയത്, അടുക്കള വാതിൽ പടിയിൽ ഇരിക്കുമ്പോൾ ആണ് രാധ മൊബൈലിന്റെ കാര്യം ഓർത്തത്..

രാധ മൊബൈൽ എടുത്ത് നെറ്റ് ഓൺ ആക്കിയതും ചറ പറാ നോട്ടിഫിക്കേഷൻ സൗണ്ട് വന്ന് തുടങ്ങി, പതിവില്ലാതെ ശബ്ദം കേട്ടപ്പോൾ ഇതിനിയിപ്പോ തന്റെ ആണോ എന്ന സംശയത്തിൽ രാധ മൊബൈൽ തിരിച്ചും മറിച്ചും നോക്കി.. ഫേസ്ബുക് ആങ്ങളമാരും പെങ്ങന്മാരായും രാധയുടെ പോസ്റ്റ്‌ ഷെയർ ചെയ്തതും, പോസ്റ്റിൽ അറഞ്ചം പുറഞ്ചം കമന്റ് ഇടുന്നതും പരസപരം തർക്കിക്കുന്നതും കണ്ടപ്പോൾ രാധ ഞെട്ടി, പോരാത്തതിന് ഉണങ്ങി വരണ്ട് കിടന്ന ഇൻബോക്സ് പതിവ് ഇല്ലാതെ പൂത്തുലഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ രാധ തലയിൽ കൈ വച്ചു പോയി….

കാര്യങ്ങൾ കൈവിട്ട് പോയി എന്ന് മനസ്സിലാക്കിയ രാധ പെട്ടെന്ന് നെറ്റ് ഓഫ്‌ ആക്കി മൊബൈൽ അടുക്കളയിലെ ഷെൽഫിൽ വച്ചു. വീണ്ടും രാധ അവളുടെ ഓരോ ജോലിയിൽ മുഴുകി തുടങ്ങി..

ഉച്ചയ്ക്ക് ചോറ് കഴിക്കാൻ ഇരിക്കുമ്പോൾ സോമന്റെ കൂടെ ജോലി ചെയ്യുന്നവരുടെ മുഖത്തെ കള്ളചിരി സോമൻ ശ്രദ്ധിച്ചിരുന്നു..

” ചോറിന്റെ ഒപ്പം മുട്ടയുണ്ടോ മുട്ട.. ”

ചോറ് കഴിക്കുന്നതിന്റെ ഇടയിൽ കൂടെ ജോലി ചെയ്യുന്ന രാജു ചോദിച്ചു..

” ഇല്ല രാവിലേ മുട്ട റോസ്‌റ് ആയിരുന്നു…”

സോമൻ നിഷ്കളങ്കമായി പറഞ്ഞപ്പോൾ കൂടെ ഉള്ളവർ ആക്കി ചിരിച്ചത് സോമൻ ശ്രദ്ധിച്ചില്ല. പിന്നെയും മുട്ടയെ ഊന്നി കൂടെ ഉള്ളവർ സംസാരിച്ചപ്പോൾ സോമന് എന്തോ അപകടം മണത്തു..

ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ സോമൻ വീടിന്റെ അടുത്തുള്ള കടയിൽ നിന്ന് പത്ത് മുട്ട വാങ്ങി, നാളെയും രാധയെ കൊണ്ട് മുട്ടറോസ്‌റ് ഉണ്ടാക്കണം എന്ന് സോമൻ മനസ്സിൽ ആലോചിച്ചു..

” ഈ മുട്ട ഒരുപാട് കഴിക്കുന്നത് നല്ലതല്ല കേട്ടോ…. ”

കടക്കാരൻ അത് പറഞ്ഞപ്പോൾ സോമൻ ഒന്ന് ചിരിച്ചു കൊണ്ട് മുട്ടയും വാങ്ങി വീട്ടിലേക്ക് നടന്നു.. സോമൻ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ അടുക്കളയിലും മക്കൾ പഠിപ്പ് മുറിയിലും ആയിരുന്നു..

” ന്നാടി മുട്ട.. നാളെയും മുട്ട റോസ്‌റ് ഉണ്ടാക്കിയാൽ മതി, ഇന്നത്തെത് നല്ല രുചി ഉണ്ടായിരുന്നു നിന്റെ മുട്ട കൂടി ഞാൻ അകത്താക്കി… ”

സോമൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ, രാധ നിർവികാരമായി അയ്യാളെ നോക്കി നിന്നും..

” ന്താടി നീ നോക്കുന്നത്.. ”

” ഏയ്‌ ഒന്നുമില്ല.. ”

” നീ ചായ ഉണ്ടാക്ക് ഞാൻ കുളിച്ചിട്ട് വരാം… ”

അത് പറഞ്ഞു സോമൻ മുറിയിലേക്ക് പോയി.. സോമൻ ഒന്നും അറിഞ്ഞിട്ടില്ലന്ന് രാധയ്ക്ക് മനസ്സിലായി. കുളി കഴിഞ്ഞ് വന്ന് ചായ കുടിക്കുമ്പോൾ ആണ് സോമൻ മൊബൈൽ എടുത്തു നോക്കുന്നത്, ജോലി തിരക്ക് കാരണം അന്ന് സോമൻ മൊബൈൽ എടുക്കാൻ സമയം ഉണ്ടായിരുന്നില്ല..

മൊബൈൽ എടുത്ത് ഫേസ്ബുക് നോക്കുമ്പോൾ ആണ് നല്ല പരിചയം ഉള്ള ഒരു ചട്ടിയുടെ ഫോട്ടോ സോമൻ കാണുന്നത്, അത് ഓപ്പൺ ആക്കി നോക്കിയപ്പോൾ ആണ് സ്വന്തം ഭാര്യയുടെ വൈറൽ ആയ പോസ്റ്റ്‌ സോമൻ കാണുന്നത്. ഇന്ന്‌ എല്ലാവരും മുട്ടയെ ഊന്നി സംസാരിച്ചതിന്റെ അർത്ഥം അപ്പോൾ ആണ് സോമന് മനസ്സിലായത്…

ഒന്നും അറിയാത പോലെ ടീവിയും കണ്ട് ഇരിക്കുന്ന രാധയെ കണ്ടപ്പോൾ സോമന് ദേഷ്യം കയറി..

” ടി എവിടെ നിന്റെ മൊബൈൽ.. ”

സോമന്റെ പെട്ടന്ന് ഉള്ള ചോദ്യം കേട്ടപ്പോൾ രാധ ഒന്ന് ഞെട്ടി… അവൾ ദയനീയമായി സോമനെ നോക്കി. പിന്നെ സംഭവവിച്ചതൊക്കെ സോമനോട്‌ പറഞ്ഞപ്പോൾ സത്യത്തിൽ അയാൾക്ക് ചിരി ആണ് വന്നത്. അത് കേട്ടപ്പോൾ മക്കളും അവരുടെ അടുക്കലേക്ക് വന്നു..

എല്ലാവരും കൂടി അടുക്കളയിൽ പോയി രാധയുടെ മൊബൈൽ എടുത്ത് കൊണ്ട് വന്നു മുട്ടയുടെ ഫോട്ടോ എടുത്തു എന്നിട്ട് ഒരു പോസ്റ്റ്‌ ഫേസ്ബുക്കിൽ ഇട്ടു…

” പ്രീയ സുഹൃത്തുക്കളെ നിങ്ങളുടെ എല്ലാവരുടെയും ശക്തമായ പ്രതികരണം കണ്ട് എന്റെ ഭർത്താവ് എനിക്ക് വാങ്ങി തന്ന മുട്ടയാണിത്, ഇനിമുതൽ എന്നും ഇതുപോലെ വാങ്ങി തരും എന്ന് അദ്ദേഹം സത്യം ചെയ്തിട്ടുണ്ട്. എന്റെ പ്രശ്നം ഏറ്റെടുത്ത എല്ലാവർക്കും നന്ദി,, ഇനിയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ആവശ്യം ഉണ്ട് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം രാധ… ”

ഒപ്പം രണ്ട് ഉമ്മയുടെ സ്മൈലിയും ചേർത്ത് സോമൻ പോസ്റ്റ്‌ ഇട്ടു …

” ശ്ശോ ഏട്ടാ അത് വേണ്ടായിരുന്നു എല്ലാവരും ഇനി ഏട്ടനെ കുറ്റപ്പെടുത്തും… ”

രാധ വിഷമത്തോടെ പറഞ്ഞു…

” ടോ ഭാര്യേ,, ഈ ഫേസ്ബുക് ആങ്ങളമാരും പെങ്ങന്മാരും നാളെ പുതിയ ആളിന്റെ ഒപ്പം പൊയ്ക്കോളും, അല്ലാതെ ഇന്ന്‌ നിന്നെ വൈറൽ ആക്കിയത് പോലെ നാളെയും നിന്നെ പൊക്കി പിടിച്ചു കൊണ്ട് ഇരിക്കില്ല,, ഇതൊക്കെ ആൾക്കാർക്ക് ഒരു നേരമ്പോക്ക് ആണ് ഇന്ന്‌ നീ നാളെ മറ്റൊരാൾ, ഇന്ന്‌ വാഴ്ത്തി പാടിയവർ തന്നെ നാളെ നിന്നെ തെറിയും വിളിക്കും അതാണ് ഫേസ്ബുക്… ”

അത് കേട്ടപ്പോൾ രാധ ഒന്ന് മൂക്കത്ത് വിരലും വച്ച് നിന്നു..

” ആ മുട്ട എടുത്തു മാറ്റി വയ്ക്ക്, നാളെ മുട്ട റോസ്റ്റ് ഉണ്ടാക്കാൻ ഉള്ളത് ആണ്… ”

രാധ ചിരിച്ചു കൊണ്ട് മുട്ട ഒതുക്കി വച്ചു..

” അതേ, നാളെ രണ്ട് മുട്ട അതികം ഇട്ടോ, പിന്നെ കിട്ടിയില്ല എന്ന് പറഞ്ഞു പോസ്റ്റ്‌ ഇടാൻ നിൽക്കണ്ട.. ”

” ന്തായാലും അച്ഛന് പുതിയ പേര് വീഴും… ”

മോൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ സോമൻ അവനെ നോക്കി… “അതെന്ത് പേരാടാ…. ”

” മുട്ട സോമൻ….. ”

അത് പറഞ്ഞ് അവൻ മുറിയിലേക്ക് ഓടിയപ്പോൾ എല്ലാവരിലും ചിരി പടർന്നു ……

രചന: ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *