അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ വെറുപ്പായിരുന്നു മനസ്സിൽ.

രചന: മഹാ ദേവൻ

കല്യാണപ്രായമായ ഒരു മകൾ വീട്ടിലുണ്ടെന്ന് പോലും കരുതാതെ അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ വെറുപ്പായിരുന്നു മനസ്സിൽ.

അന്ന് രണ്ടാനമ്മയുമായി ഉമ്മറത്തെത്തിയ നേരം കൂടെ വന്ന ആരോ ” നിലവിളക്ക് എടുത്തു കൊടുക്ക് മോളെ ” എന്ന് പറഞ്ഞപ്പോൾ ആദ്യം അവരുടെ മുഖത്തു നോക്കി ആട്ടാൻ ആണ് ആരതിക്ക് തോന്നിയത്.

പക്ഷേ, ഉള്ളിൽ വന്ന രോഷം പ്രവർത്തിയിൽ പ്രകടമാക്കികൊണ്ട് ദേഷ്യത്തോടെ ചാടിത്തുള്ളി അകത്തേക്ക് പോകുമ്പോൾ അതൊന്നും കാര്യമാക്കണ്ട എന്ന മട്ടിൽ വാസു മാലതിയെ നോക്കി

ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു, ” അതൊന്നും കണ്ട് വിഷമിക്കണ്ട , ഇനി കുറച്ചു ദിവസം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും. എല്ലാം ഒന്ന് പൊരുത്തപ്പെട്ടു വരുന്നത് വരെ. നിങ്ങൾ

തമ്മിൽ നന്നായി ഇടപഴകി, നിന്നെ അവൾക് മനസ്സിലാകുന്നത് വരെ മാത്രേ ഇതൊക്കെ ഉള്ളു. പിന്നെ, അവൾക്കും കല്യാണപ്രായം ആയില്ലേ. ആ സമയത്ത് അച്ഛൻ ഒരു പെണ്ണ് കൂടി കെട്ടി എന്ന്

പറയുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ എങ്ങനെ നിൽക്കും എന്നൊക്കെ ചിന്തിക്കുന്നതിന്റെ ആണ് ഈ ചാടിതുള്ളൽ. ഇതൊക്കെ അവളുടെ മനസ്സ് അംഗീകരിക്കും വരെ ഒന്നും കണ്ടില്ലെന്ന് കരുതി

നിന്നാൽ മതി, ബാക്കിയൊക്കെ പതിയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം, അതുകൊണ്ട് വിഷമിക്കാതെ നീ അകത്തേക്ക് കേറിക്കോ. വിളക്കൊന്നും വേണ്ട ഇനി. ” എന്നും പറഞ്ഞ്

മാലതിയെ അകത്തേക്ക് കയറ്റുമ്പോൾ അവളുടെ മനസ്സ് ആ പടി കയറിയത് ഒരു പതിനേഴുകാരിയുടെ അമ്മയായിട്ടായിരുന്നു. !

അന്ന് മുതൽ ആ വീട്ടിലെ ഓരോ കാര്യങ്ങളും ചെയ്ത് മാലതി അവളുടേതായ ഒരു ഇടം ആ വീട്ടിൽ കണ്ടെത്തിയെങ്കിലും ആരതിയുടെ മനസ്സിൽ മാത്രം അവൾ അകന്നു തന്നെ നിന്നു.

” മോളെ, നിന്നെ ഞാൻ പ്രസവിച്ചില്ലെങ്കിലും ഇനി മുതൽ നിന്റെ അമ്മയാണ് ഞാൻ . ഒരിക്കലും മോൾക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയാം. പക്ഷേ, ഞാൻ എന്റെ മോളായി തന്നെ അംഗീകരിച്ചു കഴിഞ്ഞു നിന്നെ. എന്നോട് വെറുപ്പ് ആണെങ്കിൽ സംസാരിക്കണ്ട, അതിന്റ ദേഷ്യം കഴിക്കുന്ന ഭക്ഷണത്തോടെ കാണിക്കാതെ വന്ന് വല്ലതും കഴിക്കൂ ”

മാലതിയുടെ സ്നേഹത്തോടെ ഉള്ള വാക്കുകൾ പക്ഷേ, അവളിൽ ദേഷ്യമാണ് ഉണ്ടാക്കിയത്, ” ദേ, നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ റൂമിൽ കയരുതെന്ന്. എന്റെ ഊട്ടാനും ഉറക്കാനും

വേണ്ടി ആരും മെനക്കെടണ്ട. സത്യത്തിൽ ഈ മുഖം കാണുമ്പോൾ തന്നെ ചൊറിഞ്ഞു കേറുന്നുണ്ട് എനിക്ക്. ഇങ്ങനെ നാണമില്ലാതെ പിന്നേം പിന്നേം കേറി വരാതെ ഒന്ന്

ഇറങ്ങിപ്പോകുന്നുണ്ടോ, ശല്യം ” എന്ന് അവളുടെ മുഖത്തു നോക്കി ആട്ടുമ്പോൾ പുറത്തു നിന്ന് ഇതെലാം കേട്ട് കയറി വന്ന വാസു ആരതിക്ക് നേരെ ഒന്ന് രൂക്ഷമായി നോക്കി,

” നീ എന്തൊക്ക ആണടി വായിൽ തോന്നിയ പോലെ വിളിച്ച് പറയുന്നത്, നിനക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട, പക്ഷേ, ആ വയസ്സിനെ എങ്കിലും ഒരു ബഹുമാനം

കൊടുത്തൂടെ.. നിന്നെ പെറ്റിട്ട അന്ന് പോയതാ നിന്റെ അമ്മ. അന്ന് മുതൽ ഇത്ര കാലം നിനക്ക് വേണ്ടിയാണ് ജീവിച്ചത്. നിന്റെ വിവാഹം കഴിഞ്ഞാൽ പിന്നെ എന്റെ കാര്യങ്ങൾ നോക്കാൻ

ആരും ഉണ്ടാകില്ല എന്ന് തോന്നിയപ്പോൾ എടുത്ത തീരുമാനം ആണിത്. ഒരു കൂട്ട് വേണമെന്നൊരു തോന്നൽ.. അതിൽ എനിക്ക് വലിയ തെറ്റൊന്നും തോന്നുന്നില്ല. അതുകൊണ്ട് നീ

അംഗീകരിച്ചാലും ഇല്ലെങ്കിലും നിന്റെ അമ്മയാണ് ഇവൾ. അതിന് ചേർന്ന സംസാരം മതി ഇനി, കേട്ടല്ലോ ” എന്ന് ഒരു താക്കീത് പോലെ പറഞ്ഞയാൾ തിരികെ ഹാളിലേക്ക് പോകുമ്പോൾ എല്ലാം

കേട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന മാലതിയെ രൂക്ഷമായി നോക്കികൊണ്ട് അവളുടെ മുഖത്തേക്ക് ആരതി ആ വാതിൽ വലിച്ചടച്ചു.

പക്ഷേ, എതിർത്തൊരു വാക്ക് പോലും പറയാതെ ചിരിയോടെ എല്ലാം ഉള്ളിലൊതുക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ആരതി തന്നെ അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന്. !

ഒരു ദിവസം കവലയിൽ പോയി ചില സാധനങ്ങൾ വാങ്ങി വീട്ടിലെത്തുമ്പോ ഉമ്മറത്ത് ഇരിക്കുന്ന ബൈക്ക് കണ്ട് മാലതി സംശയത്തോടെ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ ആയിരുന്നു

പുറത്തേക്ക് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നത്, കൂടെ പിന്നിലായി ചിരിച്ചുകൊണ്ട് ആരതിയും. പെട്ടെന്ന് ഉമ്മറത്തേക്ക് കയറിവരുന്ന മാലതിയെ കണ്ട് ആ ചിരി ഒരു പരുങ്ങലായി മാറി.

വല്ലതായ ആ മുഖങ്ങളിൽ നോക്കുമ്പോൾ തന്നേ മാലതിക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.

” ആരാടാ നീ, ഈ വീട്ടിൽ ഇത്രേം സ്വാതന്ത്ര്യത്തോടെ കയറാൻ മാത്രം ഉള്ള ബന്ധുക്കൾ ഒന്നും ഉള്ളതായി അറിയില്ല.. പിന്നെ നീ ഏതാ ” എന്ന മാലതിയുടെ ചോദ്യത്തിന് മുന്നിൽ അവൻ പതറി

നിൽക്കുമ്പോൾ ഇടയിൽ കയറി നിന്നു ആരതി, ” ഇവൻ എന്റെ ഫ്രണ്ട് ആണ്. അവൻ പലപ്പോഴും ഇവിടെ വരാരും ഉണ്ട്. ഇതൊക്ക ചോദിക്കാൻ നിങ്ങൾ ആരാ, എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ

ഇവിടെ കേറ്റും, അതൊന്നും നിങ്ങൾ അന്വോഷിക്കണ്ട, നിങ്ങളെ ഒരു വേലക്കാരി ആയിട്ടേ ഞാൻ കണ്ടിട്ടുള്ളൂ, അപ്പൊ ആ വേലക്കാരി ആ നിലക്ക് നിന്നാൽ മതി, ഭരിക്കാൻ വരല്ലേ ” എന്നവൾ

ഈർഷ്യത്തോടെ പറഞ്ഞ് നിർത്തിയതും അവളുടെ മുഖമടച്ചൊരു അടിയായിരുന്നു ആദ്യ മറുപടി, ” അതേടി, ഞാൻ വേലക്കാരിയാണ്, സമ്മതിച്ചു, പക്ഷേ എന്റെ മനസ്സിൽ ഞാൻ നിന്റെ

അമ്മയാണ്. നീ എന്റെ മോളും. ആ മോള് ഒരു തെറ്റ് ചെയ്തെന്ന് ബോധ്യമായാൽ ശാസിക്കാനുള്ള അധികാരം ഉണ്ടെന്ന് എനിക്ക് തോന്നുന്ന കാലം വരെ ഞാൻ ചോദിക്കേണ്ടത്

ചോദിക്കും. ഒന്നും മിണ്ടാതെ ഒതുങ്ങി നിൽക്കുബോൾ പിന്നേം പിന്നേം തലയിൽ കേറി തൂറുവാണോ നീ . അടിച്ചു നിന്റെ തല ഞാൻ തിരിക്കും, കേട്ടോടി”

അത്രയും പറഞ്ഞ മാലതിയുടെ പെട്ടന്നുള്ള മാറ്റം കണ്ട് അന്താളിച്ചു നിൽക്കുന്ന ആരതിയിൽ നിന്നും മുഖം തിരിച്ച് അവൾ ആ ചെക്കന്റെ മുഖത്തേക്ക് നോക്കി,

” നിനക്ക് ഇവളുമായിട്ട് എന്താണ് ഇടപാട് ”

“അത് പിന്നെ… ഞങ്ങള് നല്ല ഫ്രണ്ട്…. ”

അത് കെട്ടതും മാലതിക്ക് കാൽപാദം മുതൽ ദേഷ്യം അരിച്ചു കേറുന്നുണ്ടായിരുന്നു, ” ഫഹ്‌… ആരുമില്ലാത്ത വീട്ടിൽ പെണ്ണിന്റ റൂമിൽ കേറി ഇരിക്കുന്ന നീയാണോടാ ഫ്രണ്ട്.? ഒഴിഞ്ഞു കിട്ടുമ്പോൾ ഇതാണ് അവസരം എന്ന് കരുതന്ന നീ ആണോടാ ഫ്രണ്ട്…?

വീട്ടിൽ ആരുമില്ലെന്ന് അറിയുമ്പോൾ ഞാൻ വരട്ടെ എന്ന് ആദ്യം ചോദിക്കുന്ന നിന്നെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. വരട്ടെ എന്ന് ചോദിക്കുമ്പോൾ വാടാ എന്ന് പറയുന്ന ഇതുപോലെ കുറെ മക്കളുണ്ട് പോറ്റിവളർത്തിയവരെ അപമാനിക്കാൻ.

എടാ. മോനെ…. നിന്റെ വീട്ടിൽ ഒരു അനിയത്തിയോ ചേച്ചിയോ ഉണ്ടെങ്കിൽ നീ കേറി ചെല്ലുമ്പോൾ അവളുടെ റൂമിൽ നിന്നും ഒരുത്തൻ ഇറങ്ങി വന്നാൽ നീ സഹിക്കുമോ ? ഇല്ലല്ലോ.. അപ്പൊ അതുപോലെ തന്നെ ആണ് മറ്റുള്ളവരും. എനിക്ക് ഇവളെ എന്തായാലും പ്രശ്നമില്ല, ഞാൻ വേലക്കാരുടേതാണല്ലോ. പക്ഷേ, ഇവളെ ജനിപ്പിച്ച ഒരു തന്ത ഉണ്ടല്ലോ.. അയാളിത് അറിഞ്ഞാൽ…? ആളില്ലാത്ത സമയത്ത് മകൾ ഒരുത്തനെ വിളിച്ച് റൂമിൽ കേറ്റി എന്നറിഞ്ഞാൽ…”.

അവളുടെ രോഷം കൊള്ളുന്ന വാക്കുകൾക്കിടയിൽ അവൻ വിറയലോടെ പറയുന്നുണ്ടായിരുന്നു ” ചേച്ചി, ഇവൾ വരാൻ പറഞ്ഞിട്ടാ ഞാൻ വന്നത് ” എന്ന്.

അത് കേട്ടപ്പോൾ അവന്റെ മുഖമടച്ചും ഒന്ന് കൊടുത്തു മാലതി, ” നിനക്കിപ്പോ തോന്നുന്നുണ്ടാകും ഞാൻ എന്തിനാണ് നിന്നെ ഇപ്പോൾ തല്ലിയത് എന്ന്. അവൾ വിളിച്ചത്

കൊണ്ടല്ലേ നീ വന്നത് എന്ന്. ശരിയാണ്, പക്ഷേ, ഒരു പെണ്ണ് വീട്ടിൽ ആളില്ല എന്ന് പറഞ്ഞ് വിളിക്കുമ്പോൾ നീ നല്ല ഒരു ഫ്രണ്ട് ആയിരുന്നെങ്കിൽ അത് ശരിയാകില്ലെന്ന് പറഞ്ഞ് അവളെ

പിന്തിരിപ്പിക്കുമായിരുന്നു. നിനക്ക് പറ്റില്ലെന്ന് പറയണമായിരുന്നു… അത് മോശമാണെന്ന് അവളെ ബോധ്യപ്പെടുത്തണമായിരുന്നു. ഒരിക്കലും ഒരു നല്ല സുഹൃത്ത്‌ കൂട്ടുകാരിയുടെ ശരീരത്തെ മോഹിക്കില്ല.. അങ്ങനെ മോഹിക്കുന്നവൻ ഒരു സുഹൃത്തും അല്ല.

അതുകൊണ്ട് ഇപ്പോൾ നീ പൊക്കോ.. മേലിൽ ഈ പടി ചവിട്ടിയാൽ നിന്റെ വികാരകുണ്ഡലം ഞാൻ കട്ട് ചെയ്തു കളയും, പറഞ്ഞേക്കാം ”

ദേഷ്യത്തോടെ ആണെങ്കിലും ചുമ്മാ പറഞ്ഞ ആ വാക്കിൽ വിരണ്ടു പോയ അവൻ വേഗം ബൈക്കുമെടുത്ത്‌ പുറത്തേക്ക് പാഞ്ഞു.

അവൻ പോയെന്ന് ഉറപ്പായപ്പോൾ അകത്തേക്കു പോകാൻ നിന്ന ആരതിക്ക് നേരെ തിരിഞ്ഞു മാലതി, ” മോളൊന്ന് നിന്നെ…. ”

അവളുടെ ആ വിളിയിൽ അത്ര നേരം ഉണ്ടായിരുന്ന ശൗര്യമെല്ലാം പോയി വാടിയ പോലെ തിരിഞ അവളുടെ മുഖത്ത്‌ ഒന്നുകൂടി കൊടുത്തു മാലതി. ” ഇത് എന്തിനാണെന്ന് മനസ്സിലായോ നിനക്ക്… ആരുമില്ലാത്ത വീട്ടിലേക്ക് ഒരു പയ്യനെ വിളിച്ചു വരുത്തിയതിന്. ഇപ്പോഴല്ലേ എനിക്ക് മനസ്സിലായത് ഞാൻ ഇവിടെ വരുന്നതിനെ ഇത്രയേറെ നീ എതിര്ത്തത് എന്തിനാണെന്ന്. മോളെ

ഒരു പെണ്ണിന് സ്വന്തമെന്ന് പറയാനുള്ളത് അവളുടെ മാനം ആണ്.. നാളെ ഇത് ആരെങ്കിലും അറിഞ്ഞാൽ പോകാൻ അവന് ഒന്നുമില്ല. പക്ഷേ, നിനക്ക് പോകുന്നത് നിന്റെ ജീവിതം ആണ്.

ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ പലതും തോന്നാം.. പക്ഷേ, ആ തോന്നലുകൾക്കിടയിൽ വളർത്തി വലുതാക്കിയവരെ ഒന്നോർത്താൽ മതി ഈ ചെറിയ പ്രായത്തിലെ ഇതുപോലെ ഉള്ള ചാപല്യങ്ങളെ മറികടക്കാൻ.

പെണ്ണിന്റ മാനവും മനസ്സും ഒരു ആണിന് ഉള്ളതാണ്. പക്ഷെ, അത് സ്നേഹം അഭിനയിച്ചു കൂടെ കൂടുന്ന കാമുകനോ കൂട്ടുകാരനോ ഉള്ളതല്ല. നിന്റെ കെട്ടുന്ന നിന്റെ ഭർത്താവിന് മാത്രം

സ്വന്തമാണത്.. അവിടെ ആണ് നിന്റെ ലോകം.. പിന്നെ ഒന്ന് മാത്രം മനസ്സിലാക്കുക, കാമുകനായാലും സുഹൃത്ത് ആയാലും അവരുടെ സ്നേഹം ആത്മാര്ത്ഥമാണെങ്കിൽ ഒരിക്കലും

ആ സമയങ്ങളിൽ ശരീരത്തെ മോഹികില്ല. അങ്ങനെ മോഹിക്കുന്നവൻ ഒരിക്കലും നല്ല ഒരു കാമുകനോ സുഹൃത്തോ അല്ല..

ഇതൊന്നും പറയാൻ ഞാൻ ആരും അല്ലെന്ന് അറിയാം… പക്ഷേ, ഞാൻ ഒരു പെണ്ണാണ്… ചതിയിൽ പെട്ട് ആത്മഹത്യ ചെയ്ത ഒരു മോളുടെ അമ്മയാണ്…. ആ മോളെ ആണ് ഞാൻ ഇപ്പോൾ നിന്നിൽ കാണുന്നത്.. ആ നീയും കൂടി ഇങ്ങനെ ആയാൽ.”

അത്രയും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ അകത്തേക്ക് പോയ മാലതിയെ നോക്കി നിൽകുമ്പോൾ ആരതിയുടെ മനസ്സിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു. ഒരു അമ്മയുടെ മനസ്സിനെ വേദനിപ്പിച്ചതിൽ അത്രത്തോളം സങ്കടവും.. !

രചന: മഹാ ദേവൻ

1 thought on “അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ വെറുപ്പായിരുന്നു മനസ്സിൽ.

  1. Its really a good story,but its a living dirty unhappy incident that happens every day,that we read through the medias.Despite the tragedy that follows many,still the story goes on endlessly in the educated and cultured society of Kerala. Its a “reality fiction”.Congrats to the author.

Leave a Reply

Your email address will not be published. Required fields are marked *