പെട്ടെന്നുണ്ടായ അയാളുടെ നീക്കത്തെ എനിക്കപ്പോൾ തടയാനും കഴിഞ്ഞില്ല….

രചന: സജി തൈപ്പറമ്പ്.

മോളെയും കെട്ടിച്ചയച്ച് ,മോൻ ജോലിക്കായി ബാംഗ്ളൂർക്കും പോയിക്കഴിഞ്ഞപ്പോഴുണ്ടായ ഒറ്റപ്പെടൽ ഇല്ലാതാക്കാനാണ്, ഞാൻ എഴുത്തിൻ്റെ ലോകത്തേക്ക് ചേക്കേറിയത്.

അങ്ങേര് കൂടെയുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷേ ,ഞങ്ങളുടെ രണ്ടാം മധുവിധു തുടങ്ങേണ്ട സമയമായിരുന്നു, മക്കളൊക്കെ പ്രായമായി കഴിയുമ്പോഴാണല്ലോ, സ്വാഭാവികമായും നമ്മൾ സ്വന്തം സുഖ സൗകര്യങ്ങൾ വെടിഞ്ഞ്, ബാക്കിയുള്ള ജീവിതം മക്കൾക്കായി മാറ്റി വയ്ക്കുന്നത്.

അങ്ങനെ, ആദ്യമധുവിധുവിൻ്റെ ആലസ്യം തീരുംമുമ്പേ ,എല്ലാം അവസാനിപ്പിച്ച്, ഞാനൊരു ഉത്തരവാദിത്തപ്പെട്ട അമ്മ മാത്രമായി ഒതുങ്ങിക്കൂടിയപ്പോൾ, അദ്ദേഹത്തിന് നീരസമുണ്ടായി,

“മക്കളുടെ കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ, നമ്മൾ രണ്ടാളും തനിച്ചല്ലേ ഈ വീട്ടിലുണ്ടാവൂ, അപ്പോൾ നമുക്ക് വീണ്ടും നമ്മുടെ മാത്രമായ ലോകത്തേക്ക് തിരിച്ച് വരാം,”

അന്ന്, അങ്ങനെയൊരു എക്സ്ക്യൂസ് പറഞ്ഞാണ് ഞാൻ, ആ വലിഞ്ഞ് മുറുകിയ മുഖത്ത് ,പുഞ്ചിരി വിടർത്തിയത്.

പക്ഷേ ,ദൈവത്തിന് പോലും അസൂയ തോന്നി കാണും, അതാണല്ലോ, മകളുടെ കല്യാണം കൂടാൻ പോലും നിർത്താതെ, അങ്ങേരെ നേരത്തെ തന്നെ തിരിച്ച് വിളിച്ചത്.

“മേഡം .. ഒരാള് കാണാൻ വന്നിട്ടുണ്ട് ”

എഴുതാനായി ,ഞാൻ വാളിലേക്ക് വിരലമർത്തുമ്പോഴാണ്, താഴെ നിന്ന്, വേലക്കാരി ജാനു വിളിച്ച് പറഞ്ഞത്.

മൊബൈൽ ഓഫ് ചെയ്ത് വച്ചിട്ട് ,സ്റ്റെയർകെയ്സിറങ്ങി ചെല്ലുമ്പോൾ, ജാനു, ഡ്രോയിങ്ങ് റൂമിലെ സെറ്റിയിലേക്ക് ,അതിഥിയെ ക്ഷണിച്ചിരുത്തിക്കഴിഞ്ഞിരുന്നു.

കട്ട ഫ്രെയിമുള്ള കണ്ണട വച്ച, താടിയും മുടിയും നീട്ടി വളർത്തിയ അയാളുടെ മുഖം, എവിടെയോ കണ്ട് മറന്നത് പോലെ എനിക്ക് തോന്നി.

“മനസ്സിലായില്ലെ? ഞാനാണ് ശരൺ, മാഡത്തിൻ്റെ രചനകൾ എല്ലാം സ്ഥിരമായി വായിക്കുകയും, അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു ആരാധകൻ”

എൻ്റെ മുഖത്തെ ആകാംക്ഷ കണ്ടിട്ടാവാം ,അയാൾ സ്വയം പരിചയപ്പെടുത്തി.

“ഓഹ് മനസ്സിലായി, അല്ല, ഇവിടെ എങ്ങനെ എത്തിപ്പെട്ടു ,ഏതെങ്കിലും കൂട്ടുകാർ ഈ നാട്ടിലുണ്ടോ?

“ഹ ഹ ഹ”

എൻ്റെ ചോദ്യം കേട്ടയാൾ പൊട്ടിച്ചിരിച്ചു.

“മാഡം, ഞാനീ ബിൾഡിംഗിലെ തന്നെ, നൂറ്റി പന്ത്രണ്ടാം നമ്പർ ഫ്ളാറ്റിലാണ് താമസിക്കുന്നത്, ഇത്രയും നാൾ, നമ്മൾ ഒരു മേൽക്കൂരയുടെ കീഴിലുണ്ടായിട്ടും, പരിചയപ്പെടാൻ, മാഡം ഒരെഴുത്ത് കാരിയും ,ഞാനൊരു വായനക്കാരനുമാകേണ്ടി വന്നു, അല്ലേ?

അയാളത് പറഞ്ഞപ്പോൾ അതിശയം തോന്നി എനിക്ക്.

ശരിയാണ്, മകൻ്റെ ഉന്നത വിദ്യാഭ്യാസത്തിനായിട്ടാണ്, മൂന്നാല് കൊല്ലം മുമ്പ്, ഈ സിറ്റിയിലൊരു ഫ്ളാറ്റ് സ്വന്തമാക്കുന്നത് ,മകൻ പഠിക്കാൻ പോയിക്കഴിഞ്ഞാൽ പിന്നെ ,മറ്റ് ജോലികളൊന്നുമില്ലാത്തത് കൊണ്ട്, അവൻ വരും വരെ ടിവിയുടെ മുന്നിൽ തന്നെയായിരിക്കും ,എന്നാലും ഇത്രയും വർഷമായിട്ടും, അടുത്ത ഫ്ളാറ്റിലുള്ളവരെ ഒന്ന് കാണാൻ പോലും താനിത് വരെ ശ്രമിച്ചില്ലല്ലോ ?അത്രത്തോളം താൻ ,സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞിരിക്കുന്നു.

അതോ, ഫ്ളാറ്റിലെ ജീവിതം ,തന്നെ അങ്ങനെ പരുവപ്പെടുത്തി എടുത്തതാവുമോ?

“ഓഹ് സോറി ,ഞാനിത് വരെ കണ്ടിട്ടില്ല ,പിന്നെ കുടിക്കാനെന്താ, ചായയോ ,അതോ ഡ്രിങ്ക്സോ?

അപരിചിതത്വം മറച്ച് വച്ച്, ഞാനയാളോട് ,ആതിഥ്യ മര്യാദ പ്രകടിപ്പിച്ചു.

“നോ താങ്ക്സ് ,ഇപ്പോൾ ഒന്നും വേണ്ട ,ഇനിയൊരിക്കലാവാം ഏതായാലും മേഡത്തെ നേരിൽ കണ്ട സ്ഥിതിക്ക്, ഒരു സെൽഫി എടുക്കുവാ,എൻ്റെ കൂട്ടുകാരുടെ മുന്നിൽ എനിക്കൊന്ന് ആളാകാനാ ,വസുന്ധരാദേവി എൻ്റെ നെയിബറാണെന്ന് പറയുന്നത്, എനിക്കും ഒരഭിമാനമല്ലേ?

അപ്രതീക്ഷിതമായിട്ടായിരുന്നു അയാളുടെ നീക്കം.

എൻ്റെയടുത്ത് ചേർന്ന് നിന്ന് കൊണ്ട്, പെട്ടെന്നൊരു സെൽഫിയെടുത്തപ്പോൾ, എനിക്ക് തടയാൻ കഴിഞ്ഞില്ല.

“എങ്കിൽ ഞാനിറങ്ങുന്നു മാഡം, ഇടയ്ക്ക് ഫ്രീയാകുമ്പോൾ ,എൻ്റെ ഫ്ളാറ്റിലേക്ക് കൂടി ഒന്ന് വരണേ”

യാത്ര പറഞ്ഞ് അയാളിറങ്ങി പോയെങ്കിലും, എൻ്റെ മനസ്സിലൊരു ആശങ്ക നിഴലിച്ചു.

അദ്ദേഹത്തിൻ്റെ കൂടെയല്ലാതെ, ഇന്ന് വരെ, മറ്റൊരു പുരുഷനോടൊപ്പം ഞാൻ, ഫോട്ടോയ്ക്ക് പോസ്സ് ചെയ്തിട്ടില്ല.

ആ സംഭവം എന്തായാലും എൻ്റെ മനസ്സിനെ സാരമായി ബാധിച്ചു ,ആ ഫോട്ടോ അയാൾ മിസ്സ് യൂസ് ചെയ്യുമോ എന്നായിരുന്നു എൻ്റെ ആധി.

പിന്നെ എഴുതാനുള്ള മൂഡ് പോയ ഞാൻ കട്ടിലിലേക്ക് ചാഞ്ഞു,

ഉച്ചമയക്കത്തിലേക്ക് വഴുതി വീണ ഞാൻ എന്തോ ദു:സ്വപ്നം കണ്ടാണ് ഞെട്ടിയുണർന്നത് .

കട്ടിലിൽ നിന്നെഴുന്നേറ്റ ഞാൻ, ബാൽക്കണിയിൽ ചെന്നിട്ട്, ദൂരെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന മെട്രോ ട്രെയിനുകളെ നോക്കി അസ്വസ്ഥതയോടെ നിന്നു.

“മേഡത്തിന് എന്തെങ്കിലും ടെൻഷനുണ്ടോ?

പിന്നിൽ നിന്നുള്ള ജാനുവിൻ്റെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി .

“നിനക്കത് എങ്ങനെ മനസ്സിലായി”

“മാഡത്തെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളു എങ്കിലും ,ആ മുഖത്ത് മിന്നിമറയുന്ന ഭാവവ്യത്യാസങ്ങൾ, ഒരു സ്ത്രീയെന്ന നിലക്ക് എനിക്ക് പെട്ടെന്ന് മനസ്സിലാകും, അയാൾ വന്ന്പോയതിന് ശേഷമാണ്, മാഡം പെട്ടെന്ന് മൂഡ് ഓഫ് ആയത്, ശരിയല്ലേ?

അവളുടെ നിരീക്ഷണ പാടവം എന്നെ അത്ഭുതപ്പെടുത്തി.

“ശരിയാണ് ,പെട്ടെന്നുണ്ടായ അയാളുടെ നീക്കത്തെ എനിക്കപ്പോൾ തടയാനും കഴിഞ്ഞില്ല ,അയാളത് കൊണ്ട് ദുരുപയോഗം ചെയ്യുമോന്നാണ് എൻ്റെ പേടി ,ഇനിയെങ്ങനെ അതൊന്ന് സോൽവ് ചെയ്യുമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല”

“മാഡം പേടിക്കേണ്ട, മാഡം ഉറങ്ങാൻ കിടന്നപ്പോൾ അയാൾ വീണ്ടും വന്നിരുന്നു”

“ങ് ഹേ, എന്തിന്”

“അയാളെടുത്ത സെൽഫി, അഭിമാനത്തോടെ ,ആദ്യം കൊണ്ട് കാണിച്ചത്, സ്വന്തം ഭാര്യയെ തന്നെയായിരുന്നു ,പക്ഷേ സംശയ രോഗിയായ അയാളുടെ ഭാര്യ അപ്പോൾ തന്നെ ഫോൺ പിടിച്ച് വാങ്ങിച്ചിട്ട്, ആ ഫോട്ടോ ഡിലിറ്റ് ചെയ്ത് കളഞ്ഞെന്നും, അത് കൊണ്ട് മാഡവുമായിട്ടുള്ള ഒരു സെൽഫി കൂടെ എടുക്കണമെന്നും പറഞ്ഞാണ് വന്നത്”

“എന്നിട്ട് നീയെന്ത് പറഞ്ഞു .?

“ഇനി മേലാൽ ,ഈ പേരും പറഞ്ഞ് ഇങ്ങോട്ട് വന്ന് പോകരുതെന്നും, മേഡത്തിന് ഇതൊന്നും ഇഷ്ടമല്ലെന്നും ,ഇനി മേഡത്തെ ശല്യപ്പെടുത്തിയാൽ ,തന്നെ മേഡം അൺ ഫ്രണ്ട് ചെയ്ത് കളയുമെന്നും പറഞ്ഞപ്പോൾ, അയാൾ പേടിച്ച് തിരിച്ച് പോയി.”

“നിനക്കെങ്ങനെ എൻ്റെ മനസ്സിലിരുപ്പ് മനസ്സിലായി, നിനക്ക് കാഞ്ഞബുദ്ധിയാണല്ലോ?

ഞാൻ വീണ്ടും, അവളോട് അതിശയോക്തിയോടെ ചോദിച്ചു.

“അതിന് വലിയ ബുദ്ധിയൊന്നും വേണ്ട മാഡം ,ഒട്ടുമിക്ക സ്ത്രീകളുടെയും മാനസികാവസ്ഥ ഇത് തന്നെയായിരിക്കും ,എത്ര ഉയരത്തിലെത്തിയാലും, ചില സന്ദർഭത്തിലവർ ദുർബ്ബലരായിപ്പോകും ,ഒരു സത്രീയുടെ മനസ്സ് വായിച്ചെടുക്കാൻ മറ്റൊരു സ്ത്രീക്ക് മാത്രമേ കഴിയൂ, കാരണം കഴിവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെങ്കിലും, നിസ്സഹായതയിൽ അവരെന്നും തുല്യരായിരിക്കും”

എൻ്റെ മുന്നിൽ നിന്ന് അസാമാന്യ പാടവത്തോടെ സംസാരിക്കുന്ന , വേലക്കാരി ജാനുവിന് മുന്നിൽ ഞാനൊരു വട്ടപ്പൂജ്യമായി മാറുകയായിരുന്നു.

ഇപ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്നും, എൻ്റെ ആശങ്കകൾ പങ്ക് വയ്ക്കാനും, അഭിപ്രായം തേടാനും വേലക്കാരി ജാനു, എന്നോടൊപ്പമുണ്ടെന്നും, ആരെയും ചെറുതായി കാണേണ്ടതില്ലെന്നും, ഞാനപ്പോൾ മനസ്സിലാക്കുയായിരുന്നു.

രചന: സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *