”ഡോക്ടർ,, എനിക്ക് സിക്സ് പാക്ക് ആക്കണം…”

രചന : സരൺ പ്രകാശ്

ഡോക്ടറുടെ മുൻപിലെ സീറ്റിലിരുന്നു, പുറത്തേക്ക് തള്ളിവരുന്ന എന്റെ വയറിൽ പതിയെ ഉഴിഞ്ഞുകൊണ്ടു നിരാശയോടെ ഞാൻ പറയുമ്പോൾ, പുഞ്ചിരിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ മുഖത്തൊരു കൊള്ളിയാൻ മിന്നി….

ഒരുപക്ഷെ ആദ്യമായിട്ടാകണം ഒരാൾ ഇങ്ങനെയൊരു ആവശ്യവുമായി ഡോക്ടറുടെ അടുത്തെത്തുന്നത്…. അതും ആ ലേഡി ഡോക്ടറുടെ…

എന്നിലേക്ക് ആഴ്ന്നിറങ്ങിയ അവരുടെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ എന്നോട് ചോദിക്കുന്നതുപോലെ….

”തലക്ക് സുഖമില്ല അല്ലെ….”

പക്ഷെ ആവശ്യക്കാരൻ ഞാൻ ആയതുകൊണ്ടും ആവിശ്യം അത്രമേൽ വിലപ്പെട്ടതായതുകൊണ്ടും ഡോക്ടറുടെ ആ നോട്ടത്തിനു വില നൽകാതെ തന്നെ ഞാൻ വീണ്ടും വീണ്ടും എന്റെ ആവശ്യമുന്നയിച്ചു….

”ഒരാഴ്ചക്കുള്ളിൽ വയറു കുറയുന്ന എന്തെങ്കിലും ജാലവിദ്യയുണ്ടോ ഡോക്ടർ??”

വീണ്ടും ഞാൻ ആ ചോദ്യമവർത്തിക്കുമ്പോൾ കുറിപ്പെഴുതാനായി കരുതിയിരുന്ന പേനയും, പേപ്പറും മടക്കി വെച്ച് ഒരു ദീർഘനിശ്വാസത്തോടെ ഡോക്ടർ എന്നെ നോക്കി…

“എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം???”

”ഡോക്ടർ… വിവാഹപ്രായമെത്തി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഞാൻ…. ഒരുപാട് ആലോചനകൾ ഇതിനോടകം എനിക്ക് വന്നുകഴിഞ്ഞു…. പക്ഷെ…. എന്റെ ഈ തടിയും, കുടവയറും ആ ആലോചനകളെല്ലാം തന്നെ മുടക്കി…. അടുത്ത ആഴ്ചയിൽ എനിക്കൊരു പെണ്ണുകാണലുണ്ട്…. അതും മുടങ്ങിയാൽ പിന്നെ….”

ഇടറിയ സ്വരത്തോടെ ഞാൻ പറയുമ്പോൾ, ഡോക്ടറുടെ ഭാഗത്തുനിന്നും ഒരു പൊട്ടിച്ചിരിയാണ് മറുപടിയായി എനിക്ക് കിട്ടിയത്…

”ചിരിക്കുവാൻ ഇത് വെറുമൊരു തമാശയല്ല ഡോക്ടർ…. ഒരുപക്ഷെ നിങ്ങളുടെ വിവാഹസമയത്തും നിങ്ങൾ തിരഞ്ഞെടുത്തത് കുടവയറില്ലാത്തൊരാളെയായിരുന്നില്ലേ….???”

ഡോക്ടറുടെ ആ ചിരിയിൽ അരിശംപൂണ്ട് ഞാൻ സംശയത്തോടെ അവർക്ക് നേരെ കണ്ണുചുളിക്കുമ്പോൾ അവരെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു….

”ഈ ചികിത്സക്ക് വേണ്ടത് മരുന്നല്ല…. ഒരു കഥയാണ്….”

”കഥയോ”??

ആശ്ച്ചര്യത്തോടെ ഞാൻ ചോദിച്ചു….

”അതെ… ഭക്ഷണത്തോട് വിരക്തി കാണിച്ചിരുന്ന ഒരു ബാലന്റെ കഥ…. ചോറ്റുപാത്രത്തിൽ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു ഭക്ഷണം ആരുമറിയാതെ മരച്ചുവട്ടിൽ ഉപേക്ഷിച്ചിരുന്നവന്റെ കഥ…. ഭക്ഷണം കഴിക്കേണ്ട ഇടവേളകളെ ഭയന്നിരുന്നവന്റെ കഥ…”

അവനും ഞാനും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും മൂളിയിരുന്നുകൊണ്ടു ഞാൻ ആ കഥ കേൾക്കാൻ ഒരുക്കമായി…

”അന്ന് ഭക്ഷണത്തോടുള്ള തന്റെ മകന്റെ ആ വിരക്തിയിൽ, അവന്റെ അമ്മ കയറിയിറങ്ങാത്ത ആശുപത്രികളുണ്ടായിരുന്നില്ല…. അമ്പലങ്ങളുണ്ടായിരുന്നില്ല…. നേരാത്ത വഴിപാടുകളും നേർച്ചകളുമുണ്ടായിരുന്നില്ല.. പക്ഷെ മരുന്നിലും മന്ത്രങ്ങളിലും വഴിപാടുകളിലുമൊന്നും ഒരു ഫലവുമണ്ടയില്ല…. അന്നൊരുനാൾ വരെ….”

ഡോക്ടർ എന്റെ മുഖത്തേക്ക് നോക്കി….

ആകാംക്ഷയോടെ ഞാൻ ഡോക്ടറെ നോക്കി മിഴിച്ചിരുന്നു….

”അന്ന്, കളിക്കളത്തിൽ അടി തെറ്റി വീണു കാലൊടിഞ്ഞു അവൻ വീട്ടിലൊതുങ്ങി കൂടിയപ്പോൾ, കുടുംബക്കാരും അയൽക്കാരും അവന്റെ ദുഃഖത്തിൽ പങ്കുചേരാനെത്തിയപ്പോൾ വീട്ടിൽ കുമിഞ്ഞുകൂടിയത് പലഹാരങ്ങളും പഴങ്ങളും മിട്ടായികളുമായിരുന്നു…

വന്നവരും പോയവരുമെല്ലാം അവനെ ആവോളമൂട്ടി…. സ്നേഹത്താൽ പൊതിഞ്ഞുകൊണ്ടു അവരെല്ലാം അവനു ചുറ്റിലും നിന്നപ്പോൾ അന്നാദ്യമായി ലഡുവിന്റേയും ജിലേബിയുടെയും മധുരം അവന്റെ നാവുകൾ നുകർന്നു.. പലഹാരങ്ങൾ പൊടിയുന്നതിന്റെ ശബ്ദം മൂകമായിരുന്ന ആ വീടിനെ ഉണർത്തുമ്പോൾ…. അടുക്കള വാതിലിൽ തന്റെ മകന്റെ മാറ്റത്തിൽ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ടു ആ അമ്മ സകല ദൈവങ്ങളോടും നന്ദി പറയുന്നുണ്ടായിരുന്നു….

അന്നുമുതൽ ഭക്ഷണം അവനു ഏറെ പ്രിയപ്പെട്ടതായി മാറി…. രുചിയുള്ള ഭക്ഷണങ്ങൾ തേടിയായിരുന്നു അവന്റെ പിന്നീടുള്ള യാത്രകൾ….

ഒടുവിൽ ആ യാത്രകൾ അവനെക്കൊണ്ടെത്തിച്ചത് നിങ്ങളെപ്പോലെ…. ഒരുപക്ഷെ നിങ്ങളെക്കാൾ വലിയൊരു തടിയനാക്കിക്കൊണ്ടായിരുന്നു…..”

കഥയവസാനിപ്പിച്ചുകൊണ്ടു എന്നെ നോക്കി ഡോക്ടർ പറയുമ്പോൾ മറുപടിയായി ഞാനൊന്നു പുഞ്ചിരിച്ചു…

”പക്ഷെ ഡോക്ടർ, ഈ കഥയും ഞാനും തമ്മിൽ എന്ത് ബന്ധം??”

ആകാംക്ഷയോടെ ഞാൻ ചോദിക്കുമ്പോൾ ഡോക്ടർ എന്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചു….

”തടിയുള്ളവർക്കെല്ലാം പറയാനുണ്ടാകും…. ഇതുപോലെ സ്നേഹത്താൽ ഊട്ടിയ കൈകളുടെ കഥകൾ… വയറുനിറഞ്ഞിട്ടും ആ സ്നേഹത്തിനു മുൻപിൽ മുഖം ചുളിക്കാൻ മനസ്സ് അനുവദിക്കാതെ നിറഞ്ഞ വയറിൽ ഇടം കണ്ടെത്തിയിരുന്ന നന്മയുള്ള കഥകൾ….”

ഒരുപക്ഷെ ഡോക്ടർ പറഞ്ഞത് ശരിയായിരിക്കാം…. തറവാട്ടിലെ ഏക ആൺതരിയെന്ന വാത്സല്യത്തോടെ എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി ജീവിക്കുമ്പോൾ,, അവരുടെ കൈകൾ മാറിമാറി എന്നെ ഊട്ടുമ്പോൾ…. നിറഞ്ഞ വയറിനെ ഞാൻ പലപ്പോഴും ആ സ്നേഹത്തിനു മുൻപിൽ മറന്നിരുന്നു…..

”ചുരുക്കി പറഞ്ഞാൽ…. ഈ തടിയെന്നു പറയുന്നത് വിശാലമായ ഹൃദയത്തിന്റെയും, നന്മയും സ്നേഹവുമുള്ള മനസ്സിന്റെയും പ്രതീകമല്ലേ….???”

എനിക്ക് മുൻപിലൊരു വലിയ ചോദ്യചിഹ്നവുമുയർത്തിപ്പിടിച്ചുകൊണ്ടു ഡോക്ടർ ക്ലോക്കിലേക്ക് നോക്കി….

ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാകാം ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് അവർ പുറത്തേക്ക് നടക്കാനൊരുങ്ങി….

എത്രയൊക്കെ പറഞ്ഞാലും വിവാഹ കമ്പോളത്തിൽ ഇന്ന് തടിക്കുള്ള പ്രാധാന്യമോർത്തപ്പോൾ ഒരിക്കൽ കൂടി ഞാൻ ഡോക്ടർക്കു നേരെ തിരിഞ്ഞു…

”ഡോക്ടർ പറഞ്ഞതെല്ലാം ശരിയാണ്…. പക്ഷെ…. എന്റെ ആവിശ്യം……”

വാക്കുകൾ മുഴുവനാക്കും മുൻപേ ഡോക്ടർ എന്നെ തിരിഞ്ഞു നോക്കിയൊന്നു പുഞ്ചിരിച്ചു….

”ദാ.. ആ നിൽക്കുന്ന തടിയനെ കണ്ടോ??”

ജനലഴികളിലൂടെ പുറത്തു നിന്നിരുന്നയാൾക്കു നേരെ കൈചൂണ്ടി കൊണ്ട് എന്നോട് ചോദിക്കുമ്പോൾ അറിയില്ലെന്ന ഭാവത്തിൽ അവരിരുവരെയും ഞാൻ മാറി മാറി നോക്കി….

”ഞാൻ പറഞ്ഞ കഥയിലെ ആ നായകൻ…. ഇന്നെന്റെ ജീവിതത്തിലേയും…”

ഡോക്ടറുടെ ആ വാക്കുകളിൽ ആശ്ചര്യത്തോടെ ഞാൻ മിഴിച്ചു നോക്കുമ്പോൾ ഒന്നുകൂടി അവരെന്നെ ഓർമ്മിപ്പിച്ചു…..

”ആ തടിക്കുള്ളിൽ സ്നേഹിക്കാനും, സ്നേഹം ഏറ്റുവാങ്ങാനുമുള്ള ഒരു വലിയ മനസ്സുണ്ട്…. ഞാൻ അറിഞ്ഞതും, സ്നേഹിച്ചതും അത് തന്നെയായിരുന്നു….”

പുഞ്ചിരിയോടെ യാത്രപറഞ്ഞവരകലുമ്പോൾ ജനലഴികളൂടെ ഒരു തണുത്ത കാറ്റ് എന്നെ പതിയെ തലോടുന്നുണ്ടായിരുന്നു….. ഒപ്പം അതെന്റെ കാതിൽ പറഞ്ഞു….

”വിശാലമായ നിന്റെ ഈ മനസ്സിനെ സ്നേഹിക്കാൻ വരുന്നവളാരോ…. അവൾ നിന്റെ പെണ്ണ്….

ആ തടിയനെ സ്നേഹിച്ച ഡോക്ടറെ പോലെ…..”

രചന : സരൺ പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *