വലിയ കൊട്ടാരത്തിൽ നിന്നൊന്നുമല്ലല്ലോ നീ അവളെ വിളിച്ചിറക്കിക്കൊണ്ടു വന്നത്…

രചന :അതിഥി

പോറ്റാൻ ശേഷി ഇല്ലാത്തവൻ പെണ്ണ് കെട്ടാൻ നിക്കരുതെടാ.. അന്ന് സമാധാനം ഉണ്ടെങ്കിൽ പച്ചവെള്ളം കുടിച്ചായാലും ജീവിക്കാൻ ഞാനൊരുക്കമാണ് ദിനേശേട്ടാ എന്നവൾ പറഞ്ഞപ്പോൾ

നീ എന്താടാ എന്നോട് പറഞ്ഞത്.. നിനക്ക് അവളെ തന്നെ മതിയെന്ന് അല്ലേ.. അവൾ അന്ന് അവളുടെ അവസ്ഥ പറഞ്ഞിട്ട് തന്നെയല്ലേ നിന്റെ കൂടെ ഇറങ്ങി തിരിച്ചത്.

അത്ര വലിയ കൊട്ടാരത്തിൽ നിന്നൊന്നുമല്ലല്ലോ നീ അവളെ വിളിച്ചിറക്കിക്കൊണ്ടു വന്നത്..ആണോ.? അപ്പൊ അവളങ്ങനെ പറയണമെങ്കിൽ ആ പെണ്ണിന്റെ മനസ്സ് എത്രത്തോളം ആണെന്ന് നിനക്ക് മനസ്സിലാക്കാവുന്നതല്ലേടാ ഉള്ളൂ.

അന്നും അവള് പറഞ്ഞ ഒരു വാക്കുണ്ട് എന്നോട്, ആരെന്തു വേണേലും പറഞ്ഞോട്ടെ മനോജേട്ടാ പക്ഷെ, എനിക്ക് ദിനേശേട്ടന്റെ കൂടെ ജീവിച്ചാൽ മതി, വെറും ഒരു കൂലിപ്പണിക്കാരൻ ആണെന്ന് അറിഞ്ഞിട്ടു തന്നെയാ ഞാൻ സ്നേഹിച്ചതും കൂടെ ജീവിക്കാൻ തീരുമാനിച്ചതും ” എന്ന്.

അത് പറയുമ്പോഴും അവളുടെ കണ്ണിലെ ആ വിശ്വാസം ഞാൻ കണ്ടതാണെടാ.. എന്ത് തന്നെ നേരിടേണ്ടി വന്നാലും കെട്ടിയ പെണ്ണിനെ അന്തസ്സായി തന്നെ നോക്കുന്നൊരുത്തനാണ് നീ എന്ന വിശ്വാസം. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതും അത് തന്നെ ആണെടാ.

പക്ഷെ, എന്നിട്ടിപ്പോ നീ കാണിക്കുന്നത് എന്താ ദിനേശാ.. വീട്ടിലുള്ളവർക്ക് പണ്ട് പട്ടിണിയും പരിവട്ടവും ആയിരുന്നെന്നു കരുതി നിന്റെ പെണ്ണിനും അങ്ങനെ തന്നെ ആവണമെന്നാണോ.. ആഗ്രഹം തോന്നിയ ഒരു ഭക്ഷണം കഴിക്കാൻ കൊതി തോന്നുന്നു എന്ന് പറയാൻ പാടില്ലേടാ അവൾക്ക്.

ഡാ അവള് നിന്നോടല്ലേ പറഞ്ഞുള്ളൂ അല്ലാതെ നിന്റെ വീട്ടുകാരോടൊന്നുമല്ലല്ലോ പറഞ്ഞത്. അതിനു നിന്റെ അമ്മേന്റെ ഒരു ഏറ്റുപിടിക്കലും കമെന്ററിയും.

ഒന്നുമില്ലേലും അവളൊരു ഗർഭിണി അല്ലേടാ.. അവളുടെ വയറ്റിൽ കിടക്കുന്നത് നിന്റെ കുഞ്ഞല്ലേടാ.. അവൾക്ക് വേണ്ടിയെന്ന് ചിന്തിക്കേണ്ട നിന്റെ കൊച്ചിന് വേണ്ടി എന്നെങ്കിലും ചിന്തിച്ചൂടെ നിനക്ക്.

മനോജേ, നീയും എന്നെ കുറ്റപ്പെടുത്തുവാണോ.. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. അപ്പത്തെ ന്റെ ദേഷ്യത്തിന് അറിയാതെ ഓരോന്ന് പറഞ്ഞുപോയതാ..

അല്ലേലും എല്ലാം അപ്പപ്പോൾ നിന്റെ ദേഷ്യത്തിന് പറഞ്ഞു പോവുന്നതാണല്ലോ നീയ്.. അത് പക്ഷെ, ആളും തരവും നോക്കിയിട്ട് വേണാരുന്നു പറയാൻ.

ഗർഭിണി ആണെന്നറിഞ്ഞപ്പോൾ നിന്റെ അമ്മക്ക് മരുമോളോട് സ്നേഹം കൂടിയിട്ടാണ് അവര് നിങ്ങടെ അടുത്തേക്ക് വന്നത് എന്നാണ് ഞാൻ കരുതിയത്..

അത് പക്ഷെ, വെറും തെറ്റിദ്ധാരണയായിരുന്നുവെന്ന് ഇപ്പൊ മനസ്സിലായി.. കാരണം അവർക്ക് സ്നേഹം കൂടിയത് അവളോടായിരുന്നില്ല മറിച്ച് നിന്നോടായിരുന്നു.. അവർക്ക് ഒരു പേരക്കുട്ടിയെ നൽകാൻ നിനക്ക് സാധിച്ചുവല്ലോ എന്ന് ഓർത്ത്‌.

ഇതൊക്കെ കേക്കുമ്പോൾ നിനക്ക് ദേഷ്യം കൂടുമായിരിക്കും ന്നാലും സാരമില്ല ദിനേശാ നിക്ക് പറയാനുള്ളത് ഞാൻ പറയും.. കാരണം, നിക്കും ഉണ്ടെടാ അവളെ പോലെ ഒരു പെങ്ങൾ.

സ്വന്തം മകൾ ഗർഭിണി ആണെന്നറിഞ്ഞ അന്ന് മുതൽ അവളെ കാണാൻ എല്ലാ ദേഷ്യവും വൈരാഗ്യവും മറന്ന് കാത്തിരിക്കുന്ന ഒരു കുടുംബം അവൾക്കും ഉണ്ട്.

ഒരേയൊരു മകളുള്ളതിനെ എല്ലാരീതിയിലും പഠിപ്പിച്ചു ഒരു ജോലിക്ക് വേണ്ടി പ്രാപ്തയാക്കാൻ നോക്കിയിട്ട് പെട്ടന്ന് ഒരു ദിവസം ഇങ്ങീ കണ്ണെത്താ ദൂരത്ത് കിടക്കുന്ന നിന്നെ സ്നേഹിച്ചതിന്

എതിർപ്പ് കാണിച്ച അവരോട് നിനക്ക് വേണ്ടി വാശി പിടിച്ചപ്പോൾ അവർ കുറച്ചു ബലം പിടിച്ചു എന്നുള്ളത് ശരി തന്നെ.. അതിപ്പോ നീ ആയാലും ഞാനായിരുന്നാലും ആരായിരുന്നാലും

അങ്ങനെ ഒക്കെ തന്നെ പെരുമാറുകയുണ്ടായിരുന്നുള്ളു ദിനേശാ.. അത് നിനക്ക് മനസ്സിലാകണമെങ്കിൽ നീയും ഒരച്ഛനാവണം.

അപ്പൊ നിന്നോടുള്ള അത്രയും വിശ്വാസം കൊണ്ട് അവൾ നിന്നോടൊപ്പം ഇറങ്ങി പോന്നപ്പോൾ സ്വന്തം മനസാക്ഷിക്ക് നീ കൊടുത്ത വാക്ക് പാലിക്കാൻ ഇനിയെങ്കിലും നീ ശ്രമിക്കണം ദിനേശാ. ഓരോന്നൊക്കെ ദേഷ്യത്തിനാണേലും വിളിച്ചു പറയുമ്പോൾ ഒന്നോർക്കണം നീ. പട്ടിണിയും

പരിവട്ടവുമായിരുന്ന ഒരു കാലഘട്ടം അവൾക്കും ഉണ്ടായിരുന്നു എന്നത്.. അന്ന് അവർ ഉണ്ടില്ലെങ്കിലും അവരുടെ മകളെ അവർ ഊട്ടിയിരുന്നു എന്നത്.

മനോജ് പറഞ്ഞതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കാനേ ദിനേശന് കഴിഞ്ഞുള്ളു.. കാരണം, അവൻ പറഞ്ഞതത്രയും ശരിയായ കാര്യങ്ങളായിരുന്നു. ഒരു നിമിഷം മാളവികയോട് ദേഷ്യപ്പെട്ടു സംസാരിച്ചതിന് അവനു കുറ്റബോധം തോന്നാതിരുന്നില്ല.

ദിനേശൻ മനോജിന്റെ കൈ പിടിച്ചു സോറി പറഞ്ഞു.. ഈ സോറി നീ എന്നോടല്ല പറയേണ്ടത് നിന്റെ പെണ്ണിനോടാണ്.. ഈ രാത്രിയിൽ വഴക്കിട്ടു നീ കഴിക്കാതെ അവിടെ നിന്നും ഇറങ്ങി പോന്നപ്പോൾ നിന്നെ ഓർത്തു വിഷമിച്ചിരിക്കുന്ന നിന്റെ പെണ്ണിനോട്. നീ അവിടുന്ന് ഇറങ്ങിപ്പോന്നിട്ടിപ്പോ നേരം എത്രയായിന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്.

വേണമെങ്കിൽ എനിക്ക് നിന്റെ പോരായ്മയെ ചൂണ്ടിക്കാണിക്കാതിരിക്കാം. നിന്റെ കൂടെ കൂടി ദാ ഇവന്മാരെ പോലെ ഇരുന്ന് കമ്പനി തരാം.. പക്ഷെ, ഞാൻ അത്

ചെയ്യാത്തത് ജന്മം കൊണ്ടല്ലെങ്കിലും അവളെനിക്കൊരു പെങ്ങളും നീ എനിക്കെന്റെ സ്വന്തവുമായതുകൊണ്ടാണ് ദിനേശാ.. കാരണം, ഞാൻ ഇത്രെയെങ്കിലും നിന്നോട്

പറഞ്ഞില്ലെങ്കിൽ പിന്നെ അവളെ നിന്റെ കയ്യിൽ ഏൽപ്പിച്ചു തന്നതിന് ഒരർത്ഥവും ഇല്ലാതായി പോകുമെടാ.

മനോജത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ദിനേശന് ആകെ ഒരു വല്ലായ്മ തോന്നി. അവൻ വേഗം അവിടെ നിന്നും ബൈക്കെടുത്ത് പോകുന്നത് വീട് ലക്ഷ്യം വെച്ചാണെന്ന് മനോജ്‌ അടക്കം കൂടെ ഇരുന്നവർക്കും മനസ്സിലായിരുന്നു.

ഒരു ആവേശത്തിന് അങ്ങട് പറഞ്ഞതാണെങ്കിലും സംഗതി ഏറ്റെന്ന് മനോജിനും മനസ്സിലായപ്പോ അവന്റ ചുണ്ടിണയിൽ ഒരു നറുപുഞ്ചിരി വിടരുന്നുണ്ടായിരുന്നു അപ്പോൾ..

രചന :അതിഥി

Leave a Reply

Your email address will not be published. Required fields are marked *