നിന്റെ മാത്രം സ്വന്തം ഭാഗം 26

ഇരുപത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 25

ഭാഗം 26

ആദിയും ആകാശും ആദർശും ചേർന്ന് മനുവിനെ കെട്ടിപ്പിടിച്ചു…… നന്ദിയോടെ…. നിറഞ്ഞ സൗഹൃദത്തോടെ……നൻമ നിറഞ്ഞ സഹോദരനെ കിട്ടിയ സന്തോഷത്തോടെ…….

മനുവിന്റെ ഹൃദയവും സന്തോഷം കൊണ്ട് തുടിക്കയായിരുന്നു….അനാഥനായ തനിക്ക് മതിവരുവോളം സ്നേഹവുമായി ഒരു കുടുംബം…

‘ഈ സന്തോഷം എന്നും നിലനിർത്തണെ ദൈവമേ….’അവൻ മനസ്സിൽ പ്രാർത്ഥിച്ചു….

അച്ചു രാവിലെ തുടങ്ങി അന്വേഷിച്ചു നടക്കയാണ് മനുവിനെ…..

“മനുവേട്ടാ……”

ബാൽക്കണിയിൽ നിന്നിരുന്ന മനു അച്ചുവിന്റെ വിളി കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കി……

കൈ രണ്ടും ഇടുപ്പിൽ കുത്തി….പുരികം ചുളിച്ച് മുഖം കൂർപ്പിച്ച് നിൽക്കുന്ന അച്ചുവിനെ കണ്ട് മനു ഒന്നു പരുങ്ങി….

“മനുവേട്ടനെന്താ ഞാൻ വിളിച്ചപ്പോൾ ഞെട്ടിയത്……മുഖത്തും ഒരു കള്ളലക്ഷണമുണ്ടല്ലോ……..”

മനു അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും മുഖത്ത് വന്ന പരിഭ്രമം കാരണം അത് പരാജയപ്പെട്ടു…

“കള്ളലക്ഷണമോ..എന്റെ മുഖത്തോ….നിനക്ക് തോന്നുന്നതായിരിക്കും …ഞാനൊന്ന് കണ്ണാടി നോക്കട്ടെ…….”അവളെയൊന്ന് ഇടംകണ്ണിട്ട് നോക്കിയിട്ട് മനു മുറിയിലേക്ക് വലിഞ്ഞു…….

അച്ചു മനുവിന് പുറകേ തന്നെ പോയി…..

“ഇന്നലെ രാത്രി എവിടെയായിരുന്നു…..”

അച്ചുവിന്റെ ചോദ്യം കേട്ട് മനു പിടിക്കപ്പെട്ടതുപോലെ നിന്നു…….

‘ഇവളോട് എന്തു പറയും ദൈവമേ……ആദർശിന്റെ കാര്യം പറയാൻ പറ്റില്ലല്ലോ…..ഇന്നലെ രാത്രി അച്ചു കാണാതെയാണ് മുങ്ങിയത്…..അതാണ് രാവിലെ മുതൽ മുന്നിൽ പെടാതെ നടന്നത്….അച്ചുവിന്റെ മുഖത്ത് നോക്കി കള്ളം പറയാനും പറ്റില്ല……ആരെങ്കിലും എന്നെ വന്നൊന്നു രക്ഷിച്ചിരുന്നെങ്കിൽ…….’

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ദയനീയമായി അച്ചുവിനെ നോക്കി…

“സത്യം പറ…ഏത് പെണ്ണിനെ കാണാനാ രാത്രി ഇവിടുന്ന് പോയത്…..ആരാധികമാർ ഇപ്പൊ കൂടുതലല്ലേ…….അന്ന് എൻഗേജ്മെന്റിന് കൊഞ്ചിക്കുഴഞ്ഞ് നിൽപ്പുണ്ടായിരുന്നല്ലോ….” അച്ചു കുശുമ്പോടെ പറയുന്നത് കേട്ട് മനുവിന് ചിരി വന്നു….അവൻ പെട്ടെന്ന് വായ പൊത്തിപ്പിടിച്ചു ചിരിയടക്കി…..മുഖത്ത് പാവം പോലെയുള്ള എക്സ്പ്രഷൻ ഇട്ട് നിന്നു….

“ഞാൻ ഇത്രയും സീരിയസ് ആയിട്ട് കാര്യം പറയുമ്പോൾ നിന്ന് ചിരിക്കുന്നോ ചെക്കാ….”അച്ചു അവന്റെ ചെവിയിൽ പിടിച്ചു തിരുമ്മി കൊണ്ട് ചോദിച്ചു…..

“ഹാ….വേദനിക്കുന്നെടീ…..ഭദ്രകാളി…. വീടെടീ…അയ്യോ.. എന്റെ ചെവി…..”

അച്ചുവിന്റെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല……

“എന്റെ പൊന്നല്ലേ…വിട്…….പ്ലീസ്…ഞാൻ പറയാം…അത്….അത്പിന്നെ…..”

പെട്ടെന്ന് താഴെ നിന്നൊരു അലർച്ച കേട്ട് ഒരു നിമിഷം രണ്ടു പേരും ഞെട്ടി പരസ്പരം നോക്കി…..

“വർഷയുടെ ശബ്ദമല്ലേ…..അത്…..” അച്ചു പേടിയോടെ ചോദിച്ചത് കേട്ട് മനു പുറത്തേക്കോടി…….

മനുവും അച്ചുവും ഓടി വന്നപ്പോൾ സ്റ്റെപ്പിൽ നിന്ന് താഴെ വീണു കിടക്കുന്ന വർഷയെ ആണ് കണ്ടത്…..

മനു ഓടിച്ചെന്ന് വർഷയെ പിടിച്ച് സ്റ്റെപ്പിലേക്കിരുത്തി….

വർഷ കാലിൽ പിടിച്ച് വേദന കൊണ്ട് കരഞ്ഞു കൊണ്ടിരുന്നു……

“കാല് നീര് വച്ചിട്ടുണ്ടല്ലോ……നീ എവിടെ നോക്കിയാ നടക്കുന്നത്….ഓരോന്ന് ഒപ്പിച്ച് വച്ചോളും….”മനു ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് വർഷയുടെ കാലിൽ തടവി കൊടുത്തു…..

” വഴക്ക് പറയാതെ മനുവേട്ടാ… നമുക്കു ഇവളെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാം…..”

“വേണ്ട…അച്ചൂ….സാരമില്ല… ഹോസ്പിറ്റലിലൊന്നും പോകണ്ട…സ്റ്റെപ്പിറങ്ങിയപ്പോൾ ഒന്ന് സ്ലിപ്പായിപ്പോയി….മനുവേട്ടനെ വെറുതെ ബുദ്ധിമുട്ടിക്കണ്ട…..” വർഷ അങ്ങനെ പറഞ്ഞെങ്കിലും നന്നായി വേദനിക്കുന്നുണ്ടെന്ന് അവളുടെ മുഖം കണ്ടാൽ മനസ്സിലാകും…..

“അച്ചൂ നീ മുകളിൽ പോയി എന്റെ പേഴ്സും മൊബൈലും എടുത്തിട്ട് വാ…നമുക്കിവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം…..” മനു വർഷ പറയുന്നത് ശ്രദ്ധിക്കാതെ അച്ചുവിനോട് പറഞ്ഞു…..

“മനുവേട്ടൻ ഇവളെ എടുത്തു ആ സോഫയിലേക്കിരുത്ത്…..ഞാൻ പോയി പേഴ്സ് എടുത്തിട്ടു വരാം…..”

അച്ചു മുകളിലേക്ക് ഓടി…..

“വേണ്ട മനുവേട്ടാ…. കുറച്ച് നേരം റസ്റ്റ് എടുക്കുമ്പോൾ മാറിക്കോളും…..മനുവേട്ടന് ബുദ്ധിമുട്ടാകും….”

മനുവിന് ദേഷ്യം വന്നു…..അവന്റെ മുഖം ഗൗരവത്തിലിരിക്കുന്നത് കണ്ട് വർഷ പിന്നീട് ഒന്നും പറഞ്ഞില്ല…….

മനു അവളെ കൈകളിൽ കോരിയെടുത്ത് സോഫയിൽ കൊണ്ടിരുത്തി…..ടീപ്പോ വലിച്ചു അടുത്തേക്കിട്ട് കാല് അതിൽ പൊക്കി വച്ചു….. വർഷ മനുവിന്റെ ഗൗരവം നിറഞ്ഞ മുഖത്ത് നോക്കി ദീർഘനിശ്വാസം വിട്ടു….

“മനുവേട്ടാ……. വീണത് എന്റെ കുറ്റം കൊണ്ടാണോ…..എന്തിനാ മുഖം ഇങ്ങനെ വീർപ്പിച്ചു പിടിച്ചിരിക്കുന്നത്……”

മനു മറുപടിയൊന്നും പറഞ്ഞില്ല..അവൻ അച്ചു വരുന്നതും നോക്കി നിന്നു……..

ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയും മനു ദേഷ്യത്തിൽ തന്നെയായിരുന്നു……വർഷയ്ക്കാണേൽ വീണതിനെക്കാൾ വേദനയായിരുന്നു മനുവിന്റെ പെരുമാറ്റം…….

“അച്ചൂ….മനുവേട്ടനോട് ഒന്നു മിണ്ടാൻ പറ….”

വർഷയോടുള്ള മനുവിന്റെ സ്നേഹം അച്ചുവിന് അറിയാമായിരുന്നു……സ്നേഹിക്കുന്നവരുടെ വേദന അവന് താങ്ങാൻ കഴിയില്ലെന്നും… അത് മറയ്ക്കാൻ വേണ്ടിയാണ് ഇങ്ങനെ ദേഷ്യത്തിൽ മുഖവും പിടിച്ചിരിക്കുന്നതെന്ന് അച്ചുവിന് മനസ്സിലായി…..

“മനുവേട്ടാ….. വർഷയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ. മനുവേട്ടൻ ഒന്നു മിണ്ടിയാൽ തന്നെ അവളുടെ പകുതി വേദന കുറയും… ”

അത് കേട്ടപ്പോൾ പെട്ടെന്ന് അവന്റെ മുഖം ശാന്തമായി….

“ഇവളുടെ കല്യാണമല്ലേ അച്ചൂ……ആ ബോധം ഇവൾക്കുണ്ടോ….കൊച്ചു കുട്ടിയാണോ വീഴാൻ അതും പോട്ടെ…ഇത്രയും വേദന ഉണ്ടായിട്ട് അവൾക്ക് ഹോസ്പിറ്റലിൽ പോണ്ടെന്ന്….എങ്ങനെ ദേഷ്യം വരാതിരിക്കും

വർഷ വിഷമത്തോടെ അച്ചുവിനെ നോക്കി… അച്ചു സാരമില്ലെന്ന് കണ്ണുകൾ ചിമ്മി കാണിച്ചു….

“പിന്നെ അവള് പറഞ്ഞത് കേട്ടില്ലേ…മനുവേട്ടന് ബുദ്ധിമുട്ടാവുമെന്ന്……..ഇവളെ ഞാൻ എങ്ങനെയാ കാണുന്നതെന്ന് നിനക്കറിയാമോ അച്ചൂ…ഒരമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും ഇവളെ എന്റെ സ്വന്തം അനിയത്തിയായേ ഞാൻ കണ്ടിട്ടുള്ളു….”

വർഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. നഷ്ടപ്പെട്ടുപോയ സഹോദരനെ ഓർത്തപ്പോൾ അവളുടെ ഹൃദയം പിടഞ്ഞു…..അത് തന്റെ മനുവേട്ടനായിരിക്കണേയെന്ന് ആ വേദനയിലും അവൾ ആഗ്രഹിച്ചു…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആകാശ് ഓഫിസിൽ മീറ്റിങ് കഴിഞ്ഞ് ഫോണെടുത്ത് നോക്കിയപ്പോൾ മനുവിന്റെ അഞ്ച് മിസ് കോൾ….

തിരികെ വിളിച്ച് നോക്കിയെങ്കിലും മനുവിനെ കിട്ടിയില്ല….. വാട്ട്സ്ആപ്പിൽ കുറച്ച് മെസേജ് വന്നു കിടക്കുന്നത് കണ്ട് ആകാശ് അത് ഓപ്പണാക്കി നോക്കി…….അതിൽ കുറച്ചു ഫോട്ടോസ് ആയിരുന്നു….. ഓരോ ഫോട്ടോയിലേക്ക് നോക്കും തോറും അവന്റെ മുഖത്ത് ദേഷ്യം ഇരച്ചുകയറി……..മുഖം വലിഞ്ഞു മുറുകി…. രാമേട്ടനോട് പറഞ്ഞിട്ട് അവൻ നേരെ വീട്ടിലേക്ക് പോയി….

കൈയിലിരുന്ന ഫയൽ റ്റേബിളിലേക്ക് വലിച്ചെറിഞ്ഞ് കട്ടിലിൽ കയറികിടന്നു….. അസ്വസ്ഥതയോടെ എഴുന്നേറ്റ് ഫോട്ടോസ് ഒരിക്കൽ കൂടി നോക്കി……

മനു വർഷയെ കൈകളിൽ കോരിയെടുത്ത് നടക്കുന്നതായിരുന്നു ഒരെണ്ണം…….വർഷയുടെ കാലിൽ പിടിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ……

ആകാശ് എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ഫോണുമെടുത്ത് മുറിയിൽ നിന്നും പുറത്തേക്ക് പോയി….. വർഷയുടെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ അകത്തേക്ക് ഒന്നു പാളി നോക്കി…..

വർഷ കട്ടിലിൽ കിടക്കുന്നത് കണ്ട് ആകാശ് അകത്തേക്ക് കയറി….

അവളുറങ്ങുന്നത് കണ്ട് പോകാനായി തിരിഞ്ഞപ്പോളാണ് വർഷയുടെ കാലിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നത് അവൻ കണ്ടത്……

ആകാശ് പരിഭ്രമത്തോടെ വർഷയുടെ അരികിൽ പാഞ്ഞെത്തി….ബാൻഡേജ് ചുറ്റിയിരിക്കുന്ന കാലിൽ ഒന്നു തലോടി….. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

അവന്റെ തലോടലിൽ വർഷ കണ്ണ് തുറന്നു…മുന്നിൽ കണ്ണ് നിറഞ്ഞ് നിൽക്കുന്ന ആകാശിനെ കണ്ടപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു…..

“പേടിക്കണ്ട ഏട്ടാ…സ്റ്റെപ്പിറങ്ങിയപ്പോൾ സ്ലിപ്പായിപ്പോയി…… മനുവേട്ടനും അച്ചുവും കൂടി ഹോസ്പിറ്റലിൽ കൊണ്ടു പോയി….മനുവേട്ടൻ ഏട്ടനെ വിളിച്ചിട്ട് എടുത്തില്ലാന്ന് പറഞ്ഞു…..”

“ഒരു മീറ്റിങ് ഉണ്ടായിരുന്നു….. നിനക്ക് വേദനയുണ്ടോ…..”അവന്റെ മുഖത്തെ പരിഭ്രമവും വിഷമവും കണ്ട് വർഷ അവന്റെ കൈകളിൽ പിടിച്ചു….

“ദേ…കുറച്ചു മുൻപ് വരെ വേദന ഉണ്ടായിരുന്നു. അക്കുച്ചേട്ടന്റെ സ്നേഹ തലോടലിൽ വേദന എങ്ങോട്ടോ പോയി….”

കുറച്ചു കൊഞ്ചലോടെയാണ് വർഷ പറഞ്ഞത്… ആകാശിന്റെ മുഖമൊന്ന് തെളിഞ്ഞു..അവൻ വർഷയെ നേരെയിരുത്തി ചേർത്ത് പിടിച്ചു…

“അമ്മമാരില്ലേ….”

“അമ്മമാര് രണ്ടുപേരും ഏതോ അമ്പലത്തിൽ നേർച്ചയുണ്ടെന്ന് പറഞ്ഞു പോയി..ആദർശേട്ടനും ശിവാനിചേച്ചിയും കൂടെ പുറത്തേക്ക് പോയി…അച്ഛനും ആദിയേട്ടനും വേറെവിടെയോ പോയി….ശിവ താഴെ റൂമിലുണ്ട്…അതുകൊണ്ട് ഞാൻ വീണത് ആരും കണ്ടില്ല…ആദർശേട്ടനെങ്ങാനും കണ്ടിരുന്നെങ്കിൽ എന്നെ കളിയാക്കി കൊന്നേനെ…”

ആകാശ് പെട്ടെന്ന് കുസൃതിച്ചിരിയോടെ അവളെ നോക്കി…..

“അപ്പോളിവിടെ ആരുമില്ലല്ലേ…..” അവൻ കുറച്ചു കൂടി അവളുടെ അരികിലേക്ക് വന്നു…ചുണ്ട് കടിച്ചു വഷളൻ നോട്ടവും നോക്കി അടുത്തേക്ക് വരുന്ന ആകാശിനെ കണ്ട് അവൾ കണ്ണ് മിഴിച്ചു…

“ദേ…ഞാൻ കാല് വയ്യാതിരിക്കുന്ന പേഷ്യന്റാണ്…….അക്കുച്ചേട്ടൻ കളിക്കാതെ പോയേ….”

ആകാശ് അവളുടെ കൈരണ്ടും പിടിച്ച് വച്ച് കഴുത്തിൽ കൂടി കൈചുറ്റി അവളെ തന്നിലേക്കടുപ്പിച്ചു…അവന്റെ പ്രണയം അവളുടെ ശരീരത്തിലെ വേദനകളിൽ കുളിരായി മാറി……..

ചുണ്ടുകൾ ആവേശത്തോടെ നുകരുമ്പോൾ അവന്റെ നെഞ്ചിലെ കനലും കെട്ടിരുന്നു….. ചുംബനത്തിന് ശേഷം അടർന്നു മാറുമ്പോൾ വർഷ തളർന്നിരുന്നു…..

“വേദന മാറിയോ….പെണ്ണെ….”അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ച് ആകാശ് ചെവിയിൽ മുഖം ഉരസി…..

“മ്മ്…”

വർഷ സ്വപ്നത്തിലെന്നോണം മറുപടി പറഞ്ഞു……

“നീ വിചാരിക്കും വയ്യാതെ കിടക്കുമ്പോഴും എനിക്ക് ഈ ചിന്തയെ ഉള്ളുവെന്ന്…….. അതല്ല മോളെ….നിനക്കും എനിക്കും ഇപ്പോൾ ഇത് ആവശ്യമായിരുന്നു…….”

ആകാശ് കട്ടിലിൽ നിന്ന് എഴുന്നേറ്റു …

“നിനക്കെന്തെങ്കിലും ആവശ്യമുണ്ടോ…ഞാനെടുത്തു തരാം….”

“വേണ്ട ഏട്ടാ…”

“എന്നാൽ നീ കിടന്നോ ഞാൻ മനുവിനെ ഒന്ന് കണ്ടിട്ട് വരാം…..അമ്മമാര് വരുന്നതിന് മുൻപ് വന്നാലല്ലെ വേദനയ്ക്കുള്ള മരുന്ന് ഇനിയും തരാൻ പറ്റൂ……”

“അയ്യടാ….ഇങ്ങു വാ…..” ആകാശ് ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…

ആകാശ് മനുവിനെ തിരക്കി വരുമ്പോൾ മനു ആകാശിന്റെ അടുത്തേക്ക് നടന്നു വരുകയായിരുന്നു…..

“അക്കൂ ഫോൺ വിളിച്ചിട്ട് എടുക്കാത്തതെന്താ..”

“ഒരു മീറ്റിങ് ഉണ്ടായിരുന്നു മനൂ….മനു വാ നമുക്കു എന്റെ മുറയിലിരുന്നു സംസാരിക്കാം….”

അവന്റെ മുഖത്തെ ഗൗരവം കണ്ട് മനു അവനെ സൂക്ഷിച്ചു നോക്കി…

“എന്താ അക്കൂ….എന്തെങ്കിലും പ്രശ്നമുണ്ടോ….”

“വാ…പറയാം….”

ഫോണിലെ ഓരോ ഫോട്ടോയും കണ്ട് മനു തരിച്ചു നിന്നു….

“അക്കൂ….ഇത്….”

ആകാശ് കൈയുയർത്തി മനുവിനെ തടഞ്ഞു..

“ഞാനിത് മനുവിനെ കാണിച്ചത്….ശിവയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ വേണ്ടി മാത്രമാണ്…..ഫോട്ടോ കണ്ടപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ഓടി വന്ന് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചു…കഴുത്തിന് പിടിച്ചു ഇറക്കി വിടാമെന്നാണ്…..പിന്നെ ആലോചിച്ചപ്പോൾ അതു വേണ്ടെന്ന് തോന്നി…..നമ്മൾ തമ്മിലുള്ള സൗഹൃദത്തെയാണ് അവൻ ചോദ്യം ചെയ്തിരിക്കുന്നത്…..ഇതിനുള്ള മറുപടി എങ്ങനെ വേണമെന്ന് മനു തന്നെ തീരുമാനിക്കൂ….”

മനുവിന്റെ മുഖം ചുവന്നിരുന്നു….വെള്ളാരം കണ്ണുകളിൽ ദേഷ്യം നിറഞ്ഞു നിന്നു….

“അക്കൂ….നിന്നെയും എന്നെയും തെറ്റിക്കണമെന്ന അവന്റെ ഉദ്ദേശ്യം നടക്കട്ടെ….”

“എനിക്ക് മനസ്സിലായില്ല….”

“അവൻ കളി തുടങ്ങി…നമ്മൾ അതൊന്നു പ്രോത്സാഹിപ്പിച്ചു കൊടുക്കുന്നു………സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വില അവന് പഠിപ്പിച്ചു കൊടുക്കണ്ടെ അക്കൂ…..” മനു ആകാശിനെ നോക്കി ഒന്നു പുഞ്ചിരിച്ചു…. ആകാശിന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു….

“മനു എന്തു തീരുമാനിച്ചാലും ഞാൻ കാണും …”

കല്യാണത്തിന് ഇനി ഒരാഴ്ച കൂടിയേ ഉള്ളു…എല്ലാവരും അതിന്റെ തിരക്കിലായിരുന്നു..

ശിവ കാണാൻ വേണ്ടി മാത്രം മനുവും അക്കുവും തമ്മിൽ ദേഷ്യമുള്ളതു പോലെ പെരുമാറി…….

കാലിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിലും വർഷ കല്യാണത്തിന്റെ തിരക്കുകളിൽ ഒപ്പം കൂടി……..

അച്ചുവും ശിവാനിയും വർഷയും ദെച്ചുവും ഒരുമിച്ചാണ് ഡ്രസ്സെടുക്കാനു മറ്റും പോയിരുന്നത്…..കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ നാല് പേരും തമ്മിൽ ശക്തമായ ഒരു സൗഹൃദം ഉടലെടുത്തിരുന്നു……..

മനുവിന്റെ ബിസിനസ്സ് കുറച്ചു കൂടി മെച്ചപ്പെട്ടിരുന്നു…..ഗവൺമെന്റ് ടെൻഡറുകളും വലിയ സ്ഥാപനങ്ങളിലെ മെസ്സും കോളേജ് കാന്റീനുകളും അവന്റെ തിരക്ക് വർദ്ധിപ്പിച്ചു… കൂടുതൽ സൗകര്യത്തിനായി അവൻ ഓഫിസ് തുറന്നിരുന്നു……എന്നാലും കല്യാണത്തിന്റെ ദിവസങ്ങൾ അടുത്തത് കൊണ്ട് സ്റ്റാഫിനെ എല്ലാം ഏൽപ്പിച്ചു അവൻ കല്യാണത്തിന്റെ തിരക്കുകളിലായിരുന്നു…..

“മനൂ….ശിവയുടെ ഭാഗത്ത് നിന്ന് മറ്റൊരു നീക്കവും ഇല്ലല്ലോ….ഇനി നമ്മള് തമ്മിലുള്ള ഡീൽ അവൻ അറിഞ്ഞുകാണുമോ….”

മനു അക്കു പറയുന്നത് ശ്രദ്ധിച്ചു കേട്ട് നിന്നു……

“അക്കൂ….അവന്റെ പ്ലാൻ മറ്റെന്തോ ആണ്…. നമ്മളെ തമ്മിൽ തെറ്റിക്കാനാണെങ്കിൽ അവന്റെ ഭാഗത്ത് നിന്ന് പുതിയ നീക്കമെന്തെങ്കിലും ഉണ്ടായേനെ….”

മനു പറയുന്നത് ശരിയാണെന്ന് അക്കുവിനും തോന്നിയിരുന്നു….

“നമ്മളുടെ ശ്രദ്ധ ഇതിലേക്ക് തിരിച്ചുവിട്ടതാണവൻ……….ഇനി എന്തു ചെയ്യും മനൂ…..അവനെ പിടിച്ചു പുറത്താക്കിയാലോ…..”

അക്കുവിന് ശിവയുടെ നീക്കമെന്താണെന്ന് അറിയാതെയുള്ള പേടിയും ഉണ്ടായിരുന്നു…..

“ഇല്ല അക്കൂ….പുറത്താക്കിയാലും അവന്റെ ലക്ഷ്യം അച്ചുവാണ്…..അതുകൊണ്ട് അവൻ തിരിച്ചു വരും പുതിയ മാർഗത്തിലൂടെ……”

എന്നാൽ വാതിലിനപ്പുറം ഇതൊക്കെ കേട്ടു കൊണ്ട് ശിവ നിന്നിരുന്നത് അവർ അറിഞ്ഞില്ല..

‘നീ ബുദ്ധിമാനാണ് മനൂ….നിനക്ക് കാര്യം മനസ്സിലായി….. ഫോട്ടോ അയച്ച ഉടൻ നിങ്ങള് തമ്മിൽ പിണങ്ങി എന്ന് വിശ്വസിക്കാൻ മണ്ടനല്ല ഞാൻ………ഇത് ശിവയാണ്….ശിവ വന്നത് അച്ചുവിനെ കൊണ്ട് പോകാൻ വേണ്ടി മാത്രമാണ്…….അച്ചുവിനെയും കൊണ്ടേ ഞാനിവിടുന്ന് പോകൂ…..’ ശിവയുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു……….

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… ആദിയെകുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ കുറ്റബോധത്തിന്റെ തേങ്ങലുകളായി പുറത്ത് വന്നു……

അവൾക്ക് ഒരിക്കൽ കൂടി ആദിയെ കാണണമെന്ന് തോന്നി……ആദിയുമായുള്ള നിമിഷങ്ങൾ ഓർത്തു കിടക്കുമ്പോളാണ് വാതിൽ തുറന്ന് ആദി അകത്തേക്ക് വന്നത്….

അവൻ മായയുടെ അടുത്ത് വന്ന് കസേര നീക്കിയിട്ടു അതിലിരുന്നു……..

മായ വളരെയധികം ക്ഷീണിച്ചിരുന്നു…മുഖത്തിന് വിഷാദഭാവമായിരുന്നു….ആദിയെ കണ്ട തിളക്കം കണ്ണുകൾക്കുണ്ടായിരുന്നു…പ്രതീക്ഷയോടെ തന്നെ നോക്കുന്ന മായയെ നോക്കി ആദി പുഞ്ചിരിച്ചു…..

“നിനക്ക് സുഖമാണോ…..”ആദിയുടെ സ്നേഹപൂർവ്വമായ പെരുമാറ്റം അവളുടെ മനസ്സിൽ കുളിർമഴയായി പെയ്തിറങ്ങി……..

“ആദി എന്നോട് ക്ഷമിക്കണം…. അവൻ ഹരി എന്നെ…….” പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ആദി അവളെ തടഞ്ഞു…..

“ശരീരം തളർന്നുള്ള നിന്റെയീ കിടപ്പ് കാണുമ്പോൾ സങ്കടം വരുന്നുണ്ട് മായേ…ഒന്നുമില്ലെങ്കിലും ഒരു കാലത്ത് എന്റെ ആരൊക്കെയോ ആയിരുന്നില്ലേ നീ….ഇപ്പോൾ ഞാൻ വന്നത് പഴയ ഓർമ്മകൾ പുതുക്കാനല്ല… എന്റെ കല്യാണം ക്ഷണിക്കാനാണ്… നിനക്ക് വരാൻ പറ്റില്ലെന്നറിയാം അതുകൊണ്ട് ഞാൻ എന്റെ പെണ്ണിനെയും കൊണ്ടാണ് വന്നിരിക്കുന്നത്……..” ആദിയുടെ വാക്കുകൾ അവളുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ടാണ് കടന്നു പോയത്…കണ്ണുനീർ കാഴ്ചയെ മറച്ചെങ്കിലും മുറിയിലേക്ക് കയറി വരുന്ന ദർശനയുടെ മുഖം അവ്യക്തമായി കണ്ടിരുന്നു അവൾ…. കണ്ണുകൾ അമർത്തിയടച്ച് കണ്ണുനീരിനെ ഒഴുക്കി വിട്ട് വീണ്ടും കണ്ണു തുറന്നപ്പോൾ കണ്ടു ആദിയുടെ അടുത്ത് നിൽക്കുന്ന ദർശന എന്ന ദെച്ചുവിനെ…..

“ദെച്ചൂ…നീ…….”വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കുടുങ്ങി ക്കിടക്കുന്നതായി തോന്നിയവൾക്ക് ….അവിശ്വസനീയതോടെ ആദിയെയും ദെച്ചുവിനെയും മാറി മാറി നോക്കി..

“നീ സൃഷ്ടിച്ച പുകമറ കൊണ്ട് തത്ക്കാലം എന്റെ പ്രണയത്തെ അകറ്റി നിർത്താൻ മാത്രമേ നിനക്ക് കഴിഞ്ഞുള്ളു മായേ…എന്റെ പ്രണയം സത്യമായിരുന്നു.. അതുകൊണ്ട് ആദിയെ ദൈവം എനിക്ക് തന്നെ മടക്കി തന്നു…….”ദെച്ചുവിന്റെ വാക്കുകൾ അമ്പുകളായി തന്നിൽ തറച്ചിറങ്ങുന്നതായി അവൾക്ക് തോന്നി

ആദി എഴുന്നേറ്റു ദെച്ചുവിനെ ചേർത്ത് പിടിച്ചു ആ കാഴ്ച കാണാൻ പറ്റാതെ മായ കണ്ണുകൾ മുറുകെ അടച്ചു….

“നീയെന്തിനാ കണ്ണടച്ചത് മായേ….ഹരിയുടെ തോളിൽ നീ ചേർന്ന് നിൽക്കുന്നത് കണ്ട് ഇതിന്റെ ആയിരമിരട്ടി വേദനിച്ചിരുന്നു ഞാൻ….. നിന്നോട് എനിക്ക് ഇനിയൊന്നും പറയാനില്ല…വാ..ദെച്ചൂ…നമുക്കു പോകാം……”

ചെയ്തതൊക്കെയും തിരുത്താനാവാത്ത തെറ്റായിരുന്നുവെന്ന് ദെച്ചുവിനെയും ചേർത്ത് പിടിച്ചു പോകുന്ന ആദിയെ നോക്കി അവളോർത്തു……

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

മനു മുറിയിലേക്ക് വരുമ്പോൾ അച്ചു ഇരുന്നു പഠിക്കയായിരുന്നു….

“അച്ചൂ….ഞാനൊന്നു വീടു വരെ പോയിട്ടു വരാം…..ആ ഗവൺമെന്റ് ടെൻഡറിന്റെ പേപ്പറ് എടുക്കണം….നാളെ ഓഫീസിൽ കൊണ്ടു കൊടുക്കുകയും വേണം…….”

അച്ചു ബുക്ക് മടക്കി വച്ച് മനുവിനെ ചോദ്യഭാവത്തിൽ ഒന്നു നോക്കി….

“നീ നോക്കണ്ട..ഞാൻ പെട്ടെന്ന് വരാം…നിന്റെ ചേട്ടൻമാര് ഇവിടെയില്ല….അവര് വരുന്നതിന് മുൻപെ പോണം ..അക്കു വന്നാൽപ്പിന്നെ എന്നെ വിടില്ല….. ”

അച്ചു പരിഭവത്തോടെ മുഖം കൂർപ്പിച്ചു…

“ഞാനും വരും…..”അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞത് കേട്ടിട്ട് അവന് ചിരി വന്നു…

“ഞാൻ പോയിട്ട് പെട്ടെന്ന് വരാം…നീയിരുന്ന് പഠിക്ക്….ഇനി മൂന്ന് നാലു ദിവസം കല്യാണത്തിന്റെ തിരക്കായിരിക്കും നിനക്ക് പഠിക്കാൻ പറ്റില്ല……”

“എത്ര ദിവസമായി നമ്മുടെ വീട്ടിൽ പോയിട്ട്….എന്നെ കൂടി കൊണ്ട് പോ…..പ്ലീസ്‌..”

അവളുടെ വീർത്തിരിക്കുന്ന മുഖം കണ്ടിട്ട് മനു സംശയത്തോടെ എഴുന്നേറ്റ് അച്ചുവിന് അരികിൽ എത്തി….കസേരയിലിരിക്കുന്ന അച്ചുവിന് മുന്നിലായി മുട്ട് കുത്തി ഇരുന്നു…… കുനിഞ്ഞിരിക്കുന്ന അവളുടെ മുഖം മെല്ലെ ഉയർത്തി……

“എന്താ..എന്റെ അച്ചൂന് സങ്കടം…..”

“ഒന്നൂല്ല……എന്തോ ഒരു സങ്കടം……എന്തോ സംഭവിക്കാൻ പോണ പോലെ …..മനുവേട്ടനില്ലാതെ ശ്വാസം മുട്ടുന്ന പോലെ…..”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ അവനാകെ വിഷമമായി…..

“എന്നാൽ പോയി റെഡിയായിട്ട് വാ…..നമുക്ക് പോയിട്ട് പെട്ടെന്ന് വരാം…….”

” എന്റെ ചക്കരയേട്ടൻ….”അച്ചു മനുവിന്റെ രണ്ട് കവിളിലും പിടിച്ചു വലിച്ച് ഒരുമ്മ കൊടുത്തിട്ട് ഓടി…..

മനു അവളുടെ ചുണ്ടുകൾ പതിഞ്ഞ കവിൾത്തടത്തിൽ തലോടി ചിരിയോടെ നിന്നു…

“കുറുമ്പിപ്പെണ്ണ്….”

രണ്ടുപേരും സന്ധ്യയായപ്പോൾ വീട്ടിലെത്തി…. മനു അകത്തു കയറി പേപ്പറൊക്കെ എടുത്തു തിരിച്ചു പോകാൻ റെഡിയായി……അച്ചു അവളുടെ സാധനങ്ങൾ എടുത്തു….. കൂട്ടത്തിൽ സിന്ദൂരച്ചെപ്പും….

“പോകാമോ……നിനക്ക് വേണ്ടതെല്ലാം എടുത്തോ…..”

“എടുത്തു…..മനുവേട്ടാ നമുക്ക് കുറച്ച് നേരം തോട്ടിൻ കരയിൽ പോയിരിക്കാം…എത്ര നാളായി അവിടെപ്പോയിരുന്നീട്ട്…..” അച്ചു കൊഞ്ചലോടെ പറഞ്ഞു……

“രാത്രിയായില്ലേ അച്ചൂ…..നമുക്കു പിന്നെ വരാം..”

“പറ്റില്ല…. എനിക്ക് പോണം……”

അച്ചു കുഞ്ഞുകുട്ടികളെപ്പോലെ വാശി പിടിക്കുന്നത് കണ്ട് അവസാനം മനു സമ്മതിച്ചു……

“എന്തു വിചാരിച്ചാലും കരഞ്ഞു നേടിക്കൊള്ളും…..വാശി കുറച്ചു കൂടുന്നുണ്ട്…..”

മനു ദേഷ്യത്തിൽ പറഞ്ഞത് കേട്ട് അച്ചു പിണങ്ങി തോട്ടിൽ കരയിലേക്ക് പോയിരുന്നു….. മനു വീട്ടിനകത്ത് കേറി തോട്ടിൻകരയുടെ സൈഡിലേക്കുള്ള ലൈറ്റിട്ടു…. എടുത്ത സാധനങ്ങളെല്ലാം തിരികെ മുറിയിൽ വച്ച്.. അച്ചുവിന്റെ അടുത്തേക്ക് പോയി…..

മനു വന്ന് ചേർന്നിരുന്നപ്പോൾ അച്ചു പരിഭവത്തോടെ നീങ്ങിയിരുന്നു…….മനു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് അവളെ ചേർത്ത് പിടിച്ചു…..

“അച്ചൂ….എന്റെ മനസ്സും അസ്വസ്ഥമാണ്… ശിവ.. അവനെയെനിക്ക് പേടിയാണ് നിന്റെ കാര്യത്തിൽ……അക്കുവിനെയും എന്നെയും തെറ്റിക്കാൻ ശ്രമിച്ച പോലെ അവൻ നിന്നെയും എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാലോ… ടെൻഷൻ കാരണം അറിയാതെ ദേഷ്യപ്പെട്ടതാ..സോറി…..”

അച്ചു തിരിഞ്ഞ് മനുവിനെ ഒന്ന് നോക്കി….

“എന്റെ സ്നേഹത്തിൽ മനുവേട്ടന് സംശയമുണ്ടോ……”

അവൾ ചെറിയ കല്ലുകൾ പെറുക്കി തോട്ടിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു….അത് വെള്ളത്തിൽ വീണ് ശബ്ദമുണ്ടാക്കി അടിയിലേക്ക് മുങ്ങി പ്പോകുന്നതും നോക്കീയിരുന്നു……തന്നെ ഇനിയും മനസ്സിലാക്കിയില്ലല്ലോ എന്നുള്ള ഭാവമായിരുന്നു അച്ചുവിന്……മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു….

“അച്ചൂ…..അങ്ങനെ ഞാൻ പറഞ്ഞോ………. നിന്നെ എന്നെക്കാൾ വിശ്വാസമാണെനിക്ക്…. മോളെ….സോറി…..ഇനി ഞാൻ ഒന്നും പറയില്ല…. എണീക്ക് നമുക്കു പോകാം……”

“എനിക്ക് കുറച്ച് നേരം ഇവിടിരിക്കണം…..”

ഗൗരവത്തിൽ തന്നെയിരിക്കുന്ന അച്ചുവിനെ കണ്ട് അവനൊരു കുസൃതി തോന്നി…മുണ്ട് മടക്കിയുടുത്ത് അവൻ തോടിലേക്കിറങ്ങി…. വെള്ളം കൈകുമ്പിളിൽ എടുത്തു അച്ചുവിന്റെ മുഖത്തേക്ക് ഒഴിച്ചു…. പെട്ടെന്നുള്ള നീക്കമായതിനാൽ അച്ചു ഒന്നു ഞെട്ടി…… പിന്നെ ദേഷ്യത്തോടെ അവളും തോടിലേക്ക് ചാടിയിറങ്ങി….മുട്ടറ്റം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു…… കൈകുമ്പിളിൽ വെള്ളം കോരി മനുവിന്റെ മുഖത്തേക്ക് ഒഴിച്ചു….മുഖമൊന്ന് അമർത്തി തുടച്ച് കുസൃതിയോടെ മനു അവളെ നോക്കി……

“ആഹാ…അത്രക്കായോ…എന്നാൽ നിന്നെയിനി കുളിപ്പിച്ചിട്ടേ ഞാൻ വിടുന്നുള്ളു…..”

അവൻ അവളുടെ മേൽ ശക്തിയായി വെള്ളം തെറിപ്പിച്ചു… അച്ചു തിരിച്ചും അവനെ നനച്ചു… ഗൗരവും ടെൻഷനുമെല്ലാം പൊട്ടിച്ചിരിയിലേക്ക് മാറി…രണ്ടുപേരും മത്സരിച്ചു പരസ്പരം നനച്ചു.. തന്റെ ചെവിയിലേക്ക് വെള്ളം കയറിയപ്പോൾ മനു പെട്ടെന്ന് തിരിഞ്ഞു നിന്നു..

“അച്ചൂ…..മതി….എന്റെ ചെവിയില് വെള്ളം കേറി……നിർത്ത് പെണ്ണെ….”

അച്ചു അതൊന്നും കേൾക്കാതെ പിന്നെയും വെള്ളമൊഴിച്ചു…. മനു അവളെ പിടിച്ചു തടയാൻ ശ്രമിച്ചെങ്കിലും അച്ചു കുതറിക്കൊണ്ടിരുന്നു…അവസാനം രണ്ടു പേരും കൂടി വെള്ളത്തിലേക്ക് മറിഞ്ഞ് വീണു…..

മനു അച്ചുവിനെ എഴുന്നേൽപ്പിച്ച് കരയിൽ കൊണ്ടിരുത്തി…….പുറത്തെ മഞ്ഞും നനഞ്ഞവസ്ത്രങ്ങളും കാരണം അവളുടെ ശരീരം തണുത്തിരുന്നു……..

മനു മുണ്ടിന്റെ തുമ്പെടുത്ത് വെള്ളം പിഴിഞ്ഞ് കളഞ്ഞു….ഷർട്ട് ഊരി പിഴിഞ്ഞ് ഒന്നു കുടഞ്ഞു.. ഇളം കാറ്റ് അവരെ തഴുകി കടന്നു പോയപ്പോൾ അച്ചു തണുത്തിട്ട് മനുവിനെ കെട്ടിപ്പിടിച്ചു…..

അച്ചുവിന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ മനു തരിച്ചു നിന്നുപോയി….അവന്റെ നഗ്നമായ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന അച്ചുവിന്റെ ചൂട് അവന്റെ ശരീരത്തിലേക്കും പടരുന്നതായി അവന് തോന്നി………സ്വയം നിയന്ത്രിച്ച് അവൻ അച്ചുവിനെ തന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി….

“എന്താ മനുവേട്ടാ…എനിക്ക് തണുത്തിട്ടല്ലേ…..” ചിണുങ്ങിക്കൊണ്ട് അച്ചു പറഞ്ഞു…

“അത്…..വാ നമുക്കു പോയി ഡ്രസ്സ് മാറ്റാം…എന്നിട്ട് വീട്ടിൽ പോകാം……”അച്ചുവിന്റെ മുഖത്തേക്ക് നോക്കാതെയാണവൻ പറഞ്ഞത്..

“ഞാൻ വരുന്നില്ല…എനിക്ക് മനുവേട്ടനെയും കെട്ടിപ്പിടിച്ചു ഇവിടെ നിൽക്കണം…..”

അച്ചു പിന്നെയും മനുവിനെ മുറുകെ കെട്ടിപ്പിടിച്ചു……

മനു വല്ലാതെയായി……അടക്കിപ്പിടിച്ച മനസ്സ് പിന്നെയും കുതിച്ചു ചാടാൻ തുടങ്ങി… അതിനെ കൂട്ടാനെന്നപോലെ ഹൃദയവും പരമാവധി വേഗത്തിൽ മിടിക്കാൻ തുടങ്ങി……. മനുവിന്റെ കൈകൾ യാന്ത്രികമായി അച്ചുവിന്റെ ഇടുപ്പിലമർന്നു…….അച്ചു ഒന്ന് പൊള്ളിപ്പിടഞ്ഞു മനുവിന്റെ മുഖത്തേക്ക് നോക്കി…..അവന്റെ മുഖത്തെ തീവ്രമായ പ്രണയ ഭാവം അച്ചുവിന്റെ മനസ്സിലും ചൂട് പകർത്തി…..അവന്റെ കൈകൾ അവളുടെ മുഖത്തെ തഴുകി… വിടർന്ന കണ്ണുകൾ അവന്റെ തലോടലേറ്റു കൂമ്പിയടഞ്ഞു….

ഇരുപത്തിഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 27

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *