ഒന്നും പറയുവാനില്ലാതെ…

രചന: സെബിൻ ബോസ്.

ടിവി ന്യൂസുകളിൽ കണ്ണ് നട്ടിരുന്ന മനോജിന്റെ മനസ് അസ്വസ്ഥമായിരുന്നു.

ലോകമാസകലം പിടി മുറുക്കിയ വൈറസ് കാരണം വിമാന സർവീസുകൾ ഒക്കെയും നിർത്തിയിട്ട് മാസം പിന്നിട്ടിരിക്കുന്നു.

“” സന്ധ്യാ കാളിംഗ്…””

മൊബൈലിൽ റിംഗ് ടോൺ കേട്ടപ്പോൾ മനോജ് മൊബൈലിന്റെ വോളിയം ബട്ടണിൽ ഞെക്കി റിംഗ് ടോൺ മ്യൂട്ടാക്കി

വിവാഹ തീയതിക്കിനി ഒരാഴ്ച കൂടി മാത്രം. ഇന്നായിരുന്നു തന്റെ നാട്ടിലേക്കുള്ള ടിക്കറ്റ്.

വീണ്ടും റിംഗ് ടോൺ അടിച്ചപ്പോൾ മനോജ് ഫോൺ സ്പീക്കർ മോഡിൽ ഇട്ടു.

“” എന്തെടുക്കുവായിരുന്നു അവിടെ .ആരോടായിരുന്നു ചാറ്റ്.. എഹ്..””

“”നിന്റെ…..”” ബാക്കി മനോജ് പല്ലിറുമ്മി തീർത്തു.

“”എന്റെ… എന്റെ എന്താ മനോ…”

“” അല്ല നിന്റെ കോൾ കേട്ടില്ല.. എന്താ വിളിച്ചെ…””

“” ചുമ്മാ…എനിക്കെന്താ വിളിക്കത്തില്ലെ ? മനോ അവിടെ ചുമ്മാ ഇരിക്കുവല്ലേ…വീട്ടിലിരുന്ന് എനിക്കും ബോറടിച്ചു.. സോ….””

“” പ്ലീസ് സന്ധ്യാ …ഞാൻ അപ്സെറ്റാണ്..എന്തെലും അത്യാവശ്യം ഉണ്ടോ..””

“” ഓഹോ.. കല്യാണം കഴിഞ്ഞാലും മനോ ഇങ്ങനാണോ… ഇങ്ങനുള്ള ഒരാളല്ല എന്റെ സങ്കല്പത്തിൽ ..എന്നെ കെയർ ചെയ്യണം. എന്നോട് സംസാരിക്കണം. പുറത്തൊക്കെ പോകുമ്പോൾ എന്നെയും കൂടെ കൂട്ടണം. കിച്ചനിൽ എന്നെ സഹായിക്കണം…””

“”.എനിക്കുമുണ്ട് സങ്കല്പങ്ങൾ… ഭർത്താവ് എതവസ്ഥയിൽ ആണെന്നറിയാതെ..എന്താണ് വിശേഷങ്ങൾ എന്നുപോലും ചോദിക്കാതെ ചോദിക്കാതെ തന്റെ അവശ്യങ്ങളും പരാതികളും പറയുന്ന ഒരു ഭാര്യഅവരുതെന്ന്…””മനോജ് കോൾ കട്ടാക്കി..

പെട്ടന്ന് വീണ്ടും റിംഗ് ടോൺ അടിച്ചപ്പോൾ ദേഷ്യം വന്നു മനോജ് കോൾ കട്ടാക്കാനായി തുടങ്ങിയപ്പോഴാണ് ഡിസ്പ്ലെയിൽ ലീനയുടെ ചിരിക്കുന്ന മുഖം കണ്ടത്..

മിടിക്കുന്ന ഹൃദയത്തോടെയാണ് അയാൾ ഫോൺ അറ്റൻഡ് ചെയ്‍തത്.

“”മിസ്റ്റർ മനോജ്. ഞാൻ ലീന. നിങ്ങളുടെ പഞ്ചായത്തിലെ ഹെൽത്ത് സെന്ററിലെ നേഴ്‌സ് ആണ്. ”

“” ലീനാ.. നീ..”” മനോജിന്റെശബ്ദം പാതി മുറിഞ്ഞു.

“”.മനോജ് നിങ്ങളുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങൾ നിങ്ങളുടെ വീട്ടിലുണ്ട്. നിങ്ങളുടെ അച്ഛനും അമ്മയും ഇവിടെ തന്നെ ക്വറന്റീൻ ചെയ്യാമെന്നാണ് പറയുന്നത്. പക്ഷെ ഇവിടെ പറ്റില്ല. കാരണം നിങ്ങളുടെ സെർവൻറ് എല്ലായിടത്തും പെരുമാറിയിട്ടുണ്ട്. അത് കൊണ്ട് ഞങ്ങൾ സെന്ററിലേക്ക് നിങ്ങളുടെ അച്ഛനുമമ്മയെയും മാറ്റുകയാണ്. നിങ്ങൾക്കുമതിൽ ബുദ്ധിമുട്ട് ഇല്ലന്ന് കരുതുന്നു. പേടിക്കണ്ട. ആഹാരത്തിനോ മറ്റെന്ത് ആവശ്യം ഉണ്ടെങ്കിലോ ഞങ്ങൾ അടുത്തുണ്ട്. ഞാൻ അച്ഛന്റെ കയ്യിൽ കൊടുക്കാം….ഓഹ്…ഒരു സെക്കൻഡ് …മിസ്റ്റർ മനോജ്…നിങ്ങൾ അവിടെ സുരക്ഷിതൻ ആണല്ലോ അല്ലെ ? ആഹാരത്തിനും മറ്റും ഒന്നും കുഴപ്പമില്ലല്ലോ……””

ലീന പിന്നീട് പറഞ്ഞതും അച്ഛന്റെ അച്ഛൻ പറഞ്ഞതൊക്കെയും ഒരു മുഴക്കമെന്നോണമേ മനോജിന്റെ ചെവിയിൽ കേട്ടുള്ളൂ..കോൾ കട്ടായത് പോലും അവനറിഞ്ഞില്ല..

“”മനോജേട്ടാ… ഇത് ശെരിയാവില്ല. വീട്ടിലറിഞ്ഞാലുണ്ടല്ലോ…”” മുടി രണ്ടായി പിന്നിയിട്ടു കരിമഷിയെഴുതിയ നീണ്ടു വിടർന്ന കണ്ണുകളിൽ പൊടുന്നനെ ഉണ്ടായ പരിഭ്രമം ആസ്വദിച്ചു തന്നെ താനവളുടെ കണ്ണുകളിലേക്ക് നോക്കി. കൊങ്ങിണി പടർപ്പുകൾ പന്തലിച്ചു നിൽക്കുന്ന ഇടവഴിയിൽ അവളുടെ വീട്ടിലേക്കുള്ള കുത്തുകല്ലിനു മുൻപിൽ വഴിതടഞ്ഞു വഴി തടഞ്ഞു നിൽക്കുകയായിരുന്നു താൻ

“” വലിയപറമ്പിൽ രാജേന്ദ്രന്റെ മകനായി പോയതാണോ എന്റെ കുറ്റം… അതോ വലിയപറമ്പിൽ വീട്ടിൽ സഹായത്തിന് നിൽക്കുന്ന ത്രേസ്യ ചേച്ചിയുടെ മകൾ ആണെന്നുള്ള കുറവ് നിനക്ക് തോന്നുന്നുണ്ടോ ? അതുമല്ലെങ്കിൽ മനുഷ്യൻ സൃഷ്ടിച്ച മതമെന്ന വേർതിരിവാണോ നിന്നെ എന്നിൽ നിന്നകറ്റുന്നത് ? ””

തന്നെ കടന്നു വീട്ടിലേക്ക് കയാറാനൊരുങ്ങിയ ലീനയുടെ കയ്യിൽ പിടിച്ചു നിർത്തിയിട്ടും അവൾക്ക് പുഞ്ചിരിയായിരുന്നു.

”ആ കുറവ് ഉള്ളതല്ലേ മനോജേട്ട. കാര്യം ശെരിയായിരിക്കും .ഒരുപക്ഷേ എല്ലാ മുതലാളിപയ്യന്മാരെയും പോലെ ദുരുദ്ദേശത്തിലൊന്നും അല്ലായിരിക്കും മനോജേട്ടൻ എന്നെ സ്നേഹിക്കുന്നത് . പക്ഷെ മനോജേട്ടന്റെ അഛനും അമ്മയും ബന്ധുക്കാരും ഇങ്ങനൊരു ബന്ധത്തെ സമ്മതിച്ചുതരുമെന്നോർക്കുന്നുണ്ടോ …””

“” ലീനാ നിനക്കെന്നോട് അൽപം പോലുമിഷ്ടം തോന്നിയിട്ടില്ലേ ?”’

വീടിന്റെയും വലിയപറമ്പിൽ തറവാട്ട് വക തോട്ടത്തിന്റെയും അതിരിൽ വേലിപ്പടർപ്പുകളായി പടർന്നു നിൽക്കുന്ന കൊങ്ങിണി ചെടിയിൽ തെരുപ്പിടിച്ചുകൊണ്ട് ലീന തിരിഞ്ഞു നിന്നു .

“‘നല്ല രസമുണ്ട് അല്ലെ മനോജേട്ടാ കൊങ്ങിണിപ്പൂ കാണാൻ . പക്ഷെ മുറ്റത്താരും വളർത്താൻ സമ്മതിക്കാറില്ല . ‘ ”’ പറഞ്ഞിട്ട് ലീന ഒതുക്കുകല്ലുകൾ കയറി തന്റെ ചെറിയ വീട്ടിലേക്ക് കയറി .

അന്ന് പ്രീഡിഗ്രി പഠിക്കുന്ന ലീനയുടെ സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം നല്ല പക്വതയുണ്ടായിരുന്നു .

. അവധി ദിവസങ്ങളിൽ അമ്മയുടെ കൂടെ വീട്ടുപണികളിൽ സഹായിക്കാൻ വരുമ്പോളൊക്കെ സംസാരിക്കാൻ ചെല്ലുമ്പോഴെല്ലാം യാതൊരതൃപ്തിയുമില്ലാതെ എന്നാൽ അടുപ്പം കാണിക്കാതെയാണവൾ പിന്നീടും പെരുമാറിയത് .അച്ഛനും അമ്മയ്ക്കും അവളെ അറിയാവുന്നത് കൊണ്ടും അവളുടെ സ്വഭാവം ഒക്കെ നല്ലതായത് കൊണ്ടും ഒരുപക്ഷേ ഈ ബന്ധം അച്ഛനുമമ്മയും സമ്മതിച്ചു തരുമെന്ന് തനിക്കും തോന്നിയിരുന്നു.

ദുബായിൽ ജോലി കിട്ടിയപ്പോൾ നിന്റെ ജോലികൊണ്ട് സമ്പാദിച്ചു കഴിയേണ്ട ആവശ്യമില്ലന്ന് അച്ഛൻ എതിർത്തപ്പോഴും , ഒരു ജോലി എന്റെ അഭിലാഷമാണെന്ന് പറഞ്ഞു ഇങ്ങോട്ട് പോന്നത് ലീനയുടെ നീണ്ടുവിടർന്ന കണ്ണുകൾ മനസ്സിൽ മായാതെ നിന്നത് കൊണ്ടാണ് . ദുബായിൽ വന്നതിനു ശേഷം ഒരിക്കൽ ലീവിന് നാട്ടിൽ പോയപ്പോൾ ലീന നഴ്സിംഗ് പഠനത്തിനായി പോയതറിഞ്ഞ് ,അവളെ കാണാൻ പറ്റാത്തതിലുണ്ടായ സങ്കടം തീർന്നത് നാലു വർഷങ്ങൾ കഴിഞ്ഞു താൻ ദുബായിൽ വന്നെന്നുള്ള അവളുടെ മെസ്സഞ്ചറിലുള്ള മെസ്സേജ് കണ്ടപ്പോഴാണ് . അന്ന് നാട്ടിലുണ്ടായിരുന്നപ്പോൾ അവളുടെ കഴുത്തിലുണ്ടായിരുന്ന ചെറിയ മുത്തുകളുള്ള കുരിശുമാല ദുബായിൽ വെച്ചു കാണുമ്പോഴും ഉണ്ടായിരുന്നു. ചുണ്ടിനു നടുവിലെ മറുകിനല്പം കൂടെ നിറം വന്നത് പോലെ തോന്നി.

“‘മനോജേട്ടൻ എന്നെയിപ്പോഴും സ്നേഹിക്കുന്നുണ്ടോ ?”” കോഫീ ഷോപ്പിൽ അവളെ തന്നെ നോക്കിയിരുന്നപ്പോൾ ലീനയുടെ ചോദ്യം കേട്ട് ഞെട്ടി .

“‘സ്നേഹം മനസ്സിൽ നിന്നുടലെടുക്കുന്നതല്ലേ ലീനാ . അതത്ര പെട്ടന്നവസാനിക്കുമോ ? പക്ഷെ എനിക്കതിനുള്ള ഭാഗ്യമില്ലല്ലോ . “‘

“‘അതിന് എനിക്കെന്ത് പ്രത്യേകതയാ മനോജേട്ടൻ കണ്ടത് ?”’

“‘ എന്തെങ്കിലും പ്രത്യേകത വേണോ ഒരാളെ ഇഷ്ടപ്പെടുന്നതിന് ? അവളുടെ സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് .. അവളുടെ സ്വഭാവമഹത്വം അടുപ്പമുളളവരുടെ നെഞ്ചിലാണ് അനുഭവപ്പെടുന്നത് “‘

”ആവൊ .?എനിക്കൊന്നുമറിയില്ല മനോജേട്ടാ . അമ്മക്ക് വയ്യ, ഇനി ജോലിക്ക് പോകാൻ പറ്റില്ല . അനിയത്തീടെ പഠിപ്പും കല്യാണവും ..പിന്നെ അനിയൻ . ഇതൊക്കെയേ എന്റെ മനസ്സിലുള്ളു .””‘ലീന കോഫി മൊത്തി

“‘ ലീനാ അത് കണ്ടോ … ആ ബോക്സ് അയാൾ പൊക്കാൻ ശ്രമിക്കുന്നത് “” ചില്ലിനു പുറത്തൂടെ കാണുന്ന കെട്ടിടത്തിൽ ഒരു വലിയ ബോക്സ് ഒരാൾ പൊക്കി വണ്ടിയിൽ വെക്കാൻ ശ്രമിക്കുന്നത് താൻ കാണിച്ചു . ഗോഡൗണിൽ നിന്ന് ഒരാൾ വന്ന് ബോക്‌സ് വണ്ടിയിൽ കയറ്റാൻ സഹായിക്കുന്നത് കണ്ടപ്പോൾ ലീന തന്നെ നോക്കി .

“” ഞാനും കൂടെ കൂടിയാൽ ആ ഭാരമെല്ലാം ഒറ്റക്ക് ലീനക്ക് ചുമക്കേണ്ടി വരില്ല .””

ആ ഒറ്റ വാക്കിലായിരുന്നു എല്ലാം താൻ നേടിയെടുത്തത് .പിന്നെ വീക്കെൻഡുകളിൽ എല്ലാം കാണുന്ന തങ്ങൾ അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ കല്യാണമെന്ന് തീരുമാനിച്ചുറപ്പിച്ചതും ഒരുനാൾ അപ്രതീക്ഷിതമായി ലീന തന്റേതായതും , പിന്നെ അവൾ ഈ ഫ്ലാറ്റിലേക്ക് താമസം മാറിയതുമെല്ലാം പെട്ടന്നായിരുന്നു.

കാര്യങ്ങൾ മാറിമറഞ്ഞത് അമ്മാവന്റെ മകൻ വിസിറ്റിംഗിൽ വന്നപ്പോഴാണ് . അവന്റെ ഫ്രെണ്ട്സിന്റെ അടുത്ത് വന്നിട്ട് സർപ്രൈസ് ആയി ഫ്ലാറ്റിലേക്ക് വന്നപ്പോൾ ലീനയെ ഒളിപ്പിക്കാനോ , കാര്യങ്ങൾ വിശദീകരിക്കാനോ പറ്റിയില്ല . അതിനും മുൻപേ നാട്ടിലേക്കവൻ വിളിച്ചു പറഞ്ഞിരുന്നു . .

“‘അവൻ ആ പെണ്ണിനേം കൊണ്ടാണ് ഇങ്ങോട്ട് വരുന്നതെങ്കിൽ തച്ചേട്ട് പുരയിടം തറവാട്ടിലേക്ക് പെങ്ങളോ അളിയനോ വരണ്ടാ”’ യെന്നുള്ള അമ്മാവന്റെ ആക്രോശം തീരുന്നതിന് മുന്നേ പറമ്പിന്റെ ഓരത്തുള്ള ലീനയുടെ വീടിന് അച്ഛൻ തീയിട്ടിരുന്നു .

“” കാലങ്ങളായി കാത്തു സൂക്ഷിക്കൊരു തറവാട്ട് പാരമ്പര്യമുണ്ട്വലിയപറമ്പിൽ രാജേന്ദ്രന് .അത് കളയാൻ ഞാൻ സമ്മതിക്കില്ല . എന്റെ പിച്ച കാശിനാ നീയും നിന്റെ മക്കളും ഇക്കാണുന്ന തടിയുണ്ടാക്കിയെ. .എന്റെ അടുക്കളത്തിണ്ണയിലെ ചോറ് പെറുക്കിത്തിന്നു വളർന്നിട്ട് ദുബായിൽ പോയെന്നുള്ള അഹങ്കാരത്തിൽ വലിയപറമ്പിൽ വീട്ടിലേക്ക് രാജേന്ദ്രന്റെ മരുമോളായി വന്നു കേറാമെന്നവൾ കരുതിയോ . പച്ചക്ക് കത്തിക്കും ഞാൻ എല്ലാറ്റിനേം ”’ കത്തിയാളുന്ന വീടിന്റെ മുന്നിൽ നിന്ന് കരയുന്ന ലീനയുടെ അമ്മയുടെ നെഞ്ചിലേക്ക് അവസാന ആണിയുമടിച്ചിട്ടാണ് അച്ഛൻ മടങ്ങിയത്.

:”‘ നിങ്ങളുടെ സമ്പത്തോ , തറവാട്ട് പെരുമയോ ഒന്നും ഞാൻ മോഹിച്ചിട്ടില്ല മനോജേട്ടാ . ചെറുപ്പം മുതൽ കാണുന്നതാ മനോജേട്ടനെ . വർഷങ്ങൾക്ക് മുൻപ് എന്നോടുണ്ടായിരുന്ന സ്നേഹം ഇപ്പോഴും ഉണ്ടെന്നറിഞ്ഞപ്പോൾ ആ സ്നേഹം തട്ടിക്കളയരുതെന്നു തോന്നി . മറ്റൊരു പുരുഷനേക്കാൾ എനിക്കറിയാവുന്നതും മനോജേട്ടനെയാണല്ലോ …”‘ നാട്ടിലെ വാർത്തകൾ അറിഞ്ഞപ്പോൾ ബാഗ് റെഡിയാക്കി വെച്ച് , താൻ വന്നിട്ട് പോകാനിരുന്ന ലീനയെ ബലം പ്രയോഗിച്ചു തടഞ്ഞതാണ് . ലീവിനൊരുമിച്ച് നാട്ടിൽ പോയി എല്ലാം ശെരിയാക്കാമെന്ന് താൻ കേണുപറഞ്ഞിട്ടും അമ്മയുടെയും സഹോദരങ്ങളുടെയും ജീവൻ എന്റെ കയ്യിലാണെന്ന് പറഞ്ഞവൾ ഇറങ്ങിപ്പോയപ്പോൾ ഒന്നും പറയാനാവാതെ നിന്നു പോയി.

ആറുമാസത്തിന് ശേഷം നാട്ടിൽ ചെന്നപ്പോൾ പലയിടത്തും അന്വേഷിച്ചിട്ടും ലീനയെ കണ്ടത്താനായില്ല . ആ ദേഷ്യമെല്ലാം അമ്മയുടെ മുന്നിൽ തീർത്തിനി നാട്ടിലേക്ക് ഇല്ലന്ന് പറഞ്ഞാണ് മടങ്ങിയത്.

.അച്ഛൻ അവളെയും അപായപ്പെടുത്തിയോ എന്നുള്ള പേടിയും തനിക്ക് ഉണ്ടായിരുന്നു. .എന്നാലത് അവസാനിച്ചത് ഒരിക്കൽ താൻ ഇട്ട ഫേസ്‌ബുക്ക് സ്റ്റാറ്റസ് അവൾ സീൻ ആയത് കണ്ടപ്പോഴാണ് . പല മെസ്സേജുകളും വിട്ടിരുന്നുവെങ്കിലും അതൊന്നും റീഡ് ആയിട്ടില്ലായിരുന്നു .എന്നും രാവിലെയും വൈകിട്ടും മുടങ്ങാതെ അവളുടെ അകൗണ്ടിൽ കയറിനോക്കിയപ്പോഴെല്ലാം ഒരു അപ്‌ഡേഷൻ പോലും കാണാതെ നിരാശയായിരുന്നു ഫലം . സ്റ്റാറ്റസ് സീൻ ആയയുടനെ വീണ്ടുമൊരു മെസ്സേജ് അയച്ചു .

“” പണവും പെരുമയും നോക്കാതെ , ജാതിമത വേർതിരിവുകളുമില്ലാതെ മനുഷ്യരെയെല്ലാം ഒന്നായിക്കാണുന്ന ഒരു സമയമുണ്ടാകുമോ മനോജേട്ടാ . നാമിപ്പോഴും തമ്മിൽ ചെറിയവനെന്നുള്ള നോട്ടത്തോടെയല്ലേ മറ്റുള്ളവരെ കാണുന്നെ . മനോജേട്ടൻ അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിനനുസരിച്ച് നല്ലൊരു പെണ്ണിനെ കെട്ടണം . “” അതിനുള്ള റിപ്ലെ ഇതായിരുന്നു . പിന്നെ മെസ്സേജ് അയക്കാൻ നോക്കിയപ്പോൾ അവൾ ബ്ലോക്ക് ആക്കിയെന്ന് കണ്ടു . ആകെയുള്ള ആശ്വാസം അവളുടെ പ്രൊഫൈൽ ബ്ലോക്ക് ആക്കിയിട്ടില്ലായെന്നുള്ളതായിരുന്നു . വല്ലപ്പോഴും ലീന ഷെയർ ചെയ്യുന്ന ദൈവത്തിന്റെയും പാട്ടുകളുടെയും പോസ്റ്റുകൾ കാണുന്നതായിരുന്നു അവളെവിടെയോ ഉണ്ടെന്നുള്ള ഏകയാശ്വാസം .

കഴിഞ്ഞ ആഴ്ചയവളുടെ ജന്മദിനമായിരുന്നു . അതിന് വിഷസ് അറിയിക്കാൻ പറ്റി , പക്ഷെ അതിലൊരു ലൈക്ക് പോലുമവൾ ചെയ്യാത്തപ്പോൾ മനസ് വേദനിച്ചു .പിന്നീട് ഇപ്പോഴാണ് അവളുടെ ശബ്ദം കേൾക്കുന്നത്.

ബെല്ലടിച്ചപ്പോൾ ഓർമയിൽ നിന്നുണർന്ന മനോജ് വർദ്ധിച്ച സന്തോഷത്തോടെ സ്‌ക്രീനിൽ നോക്കിയതും മുഖം ഇരുണ്ടു. സന്ധ്യയാണ് ..

അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി അമ്മാവൻ കൊണ്ട് വന്ന അവരുടെയൊക്കെ സ്റ്റാറ്റസിനൊത്ത ബന്ധം ,അറിയപ്പെടുന്ന ബിസിസിനസ്സ്കാർ , ഇട്ടുമൂടാവുന്ന സ്വത്ത് . അമ്മയുടെ തോരാത്ത കണ്ണീരിനു മുന്നിൽ താൻ സമ്മതിച്ചു കൊടുത്തെന്നേ ഉള്ളൂ . .

കോൾ കട്ടാക്കി വീണ്ടും ബെഡിലേക്ക് ചാഞ്ഞു . മൂന്നാഴ്ചയായി ഫ്ലാറ്റിൽ തന്നെയാണ് . ലോകമെമ്പാടും പടരുന്ന രോഗവ്യാപ്തിയെ കുറിച്ച് ടിവിയിൽ കാണുമ്പോഴെല്ലാം അച്ഛന്റെയും അമ്മയുടേയുമൊപ്പം ലീനയുടെയും മുഖം കയറിവന്നിരുന്നു .

“‘ഇവിടെ കുഴപ്പമൊന്നുമില്ലടാ . ദാസപ്പനും രമണിയും സഹായത്തിനുണ്ടല്ലോ .”‘ അമ്മ പറഞ്ഞത് മിനിങ്ങാന്നാണ് .എന്നിട്ടിപ്പോൾ അവർക്ക് രോഗം സ്ഥിരീകരിച്ചെന്ന് . ലീന .. അവൾ വന്നപ്പോൾ അച്ഛനും അമ്മയും എന്ത് പറഞ്ഞു കാണും . അച്ഛൻ ഈ സമയത്തും അവളോട് പകയോടെ പെരുമാറിയിട്ടുണ്ടാകുമോ ?

മനോജ് ഫോണെടുത്തു അമ്മക്ക് ഡയൽ ചെയ്തു .

”””””””””””””””””””

“‘പേടിക്കാനൊന്നുമില്ലമ്മേ .ഞങ്ങളൊക്കെയില്ലേ ഇവിടെ ?”’ ക്വറന്റീനിൽ കഴിയുന്ന ഗീതയുടെ പ്രെഷർ നോക്കിയിട്ട് ലീന രാജേന്ദ്രന്റെ നേരെ തിരിഞ്ഞപ്പോൾ അയാൾ അവളെ അഭിമുഖീകരിക്കാനാവാതെ തല കുനിച്ചു .

“‘ എന്തെങ്കിലും ആവശ്യമുണ്ടേൽ മടികൂടാതെ വിളിക്കണം . ജനങ്ങൾക്ക് പേടിയാണ് . ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത് ശെരിയായി മനസ്സിലാക്കി പാലിച്ചാൽ യാതൊരു കുഴപ്പവുമില്ല .അച്ഛനും അമ്മയും വേണ്ടാത്ത കാര്യങ്ങളോർത്തു മറ്റൊന്നും വരുത്തി വെക്കേണ്ട ”” ലീന രാജേന്ദ്രന്റെ പ്രേഷറും ഷുഗറും നോക്കി ട്രെയിൽ നിന്ന് ടാബ്ലെറ്‌സ് എടുത്തു.

“‘ രമണി അവരുടെ വീട്ടിലും നമ്മുടെ വീട്ടിലും ജോലിക്ക് പോയിട്ടില്ലേ മോളെ .അപ്പോൾ ഞങ്ങൾക്കും വരില്ലേ ?”’ ഗീത ആശങ്കപ്പെട്ടു .

“‘ സാധ്യതയില്ലാതില്ല അമ്മേ. . രമണിച്ചേച്ചി പെരുമാറിയിരുന്നതു കൊണ്ടാണ് വീട് പൂട്ടി നിങ്ങളെയിവിടെയാക്കിയത് . നിരീക്ഷണപീരിയഡ് കഴിഞ്ഞു കുഴപ്പമൊന്നുമില്ലേൽ വലിയപറമ്പിൽ വീട്ടിലേക്ക് തന്നെപോകാം .അപ്പോഴേക്കും വീടെല്ലാം ശൂചീകരിച്ചേക്കും . അതിനാ താക്കോൽ വാങ്ങിയത് “‘

“‘ മോളെ ..ത്രേസ്യ ..”‘

“‘അമ്മക്കിപ്പോൾ കുഴപ്പമില്ല. മോൻ അല്പം കുസൃതിയാ .ഇപ്പൊ സ്‌കൂളില്ലാത്തത്കൊണ്ട് അവന്റടുത്താള് വേണം “‘

“‘ലീനെടെ മോനോ “”

“” ഹ്മ്മ്മ് “” ലീന മൂളിയിട്ട് അവർക്കുള്ള മെഡിസിൻ വെച്ചിട്ട് അടുത്ത മുറിയിലേക്ക് നടന്നു .

മാസങ്ങൾ കഴിഞ്ഞു ….

അന്താരാഷ്ട്ര വിമാനസർവീസ് തുടങ്ങിയപ്പോൾ മനോജ് നാട്ടിലേക്ക് തിരിച്ചു .

””’നീയോ …”‘വലിയപറമ്പിൽ തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ അമർന്നിരുന്ന രാജേന്ദ്രൻ കാറിൽ വന്നിറങ്ങിയ മനോജിനെ കണ്ടപ്പോൾ പത്രം മടക്കി.

“” വലിയ ആഘോഷമൊന്നും വേണ്ട രാഘവാ.എന്തിനാ അതൊക്കെ? . നാലും അഞ്ചും പേരുമുള്ള മരിച്ചടക്കും കല്യാണവും ഒക്കെ കഴിഞ്ഞതല്ലേ ഉള്ളൂ. നമ്മൾ കുടുംബക്കാർ മാത്രം മതി.””

“” എന്നാലും നമുടെ അന്തസ്സിനൊത്തു വേണ്ടേ അളിയാ.കുടുംബക്കാർ ആണേലും വിളിച്ചു വരുമ്പോൾ പത്തായിരം പേരെങ്കിലും കാണും.””

“” വേണ്ടേട്ടാ. ഭഗവാന്റെ മൂന്നിലൊന്ന് തൊഴണം..അത് കഴിഞ്ഞു താലി കെട്ട്. അത്രേ വേണ്ടൂ…””

ഹാളിൽ നിന്ന് അച്ഛന്റെയും അമ്മാവന്റെയും ഒപ്പം അമ്മയുടെയും സംസാരം കേട്ടപ്പോഴാണ് വന്നു കഴിഞ്ഞ് കുശലന്വേഷണങ്ങൾ കഴിഞ്ഞു മയങ്ങിയ മനോജ് ഉറക്കമുണർന്നത്. അവൻ മുഖം കഴുകി ഹാളിലേക്ക് ചെന്നു.

“” ആ ..നീ എഴുന്നേറ്റോ. നിന്റഭിപ്രായം എന്താ. ദുബായീന്ന് നിന്റെ പാർട്ണേഴ്‌സ് വല്ലതും വരുമോ. ചരക്ക് എവിടെന്നെടുക്കണം”” അമ്മാവൻ മനോജിനെ നോക്കി.

“”എന്റെ കല്യാണത്തെ കുറിച്ചാണ് നിങ്ങടെ ചർച്ചയെങ്കിൽ എനിക്കതിനൊന്നും നിബന്ധനയില്ല. നിങ്ങളുടെ ഇഷ്ടത്തിനാണ് കല്യാണം ഉറപ്പിച്ചത്. ഇനിയും നിങ്ങൾ തന്നെ അങ്ങു തീരുമാനിച്ചാൽ മതി.”” മനോജ് ആരെയും നോക്കാതെ പറഞ്ഞു.

“”എന്തിനാ അമ്മാവാ.. ആരെക്കാണിക്കാനാ ഈ പൊങ്ങച്ചമൊക്കെ.നാലഞ്ചു മാസങ്ങൾക്ക് മുന്നേ നമ്മുടെ നാരായണൻ മാഷ് മരിച്ചിട്ട് എന്താ ഉണ്ടായത്. പത്രത്തിൽ മുൻനിര പേജുകളിൽ വരേണ്ട വാർത്ത. അറിയപ്പെടുന്ന പല മഹാന്മാടെയും നാരായണൻ മാഷിനെ പറ്റിയുള്ള ഓർമക്കുറിപ്പുകൾ. ജനസഞ്ചയം പങ്കെടുത്തു എന്നുള്ള പത്രങ്ങളിലെയും ചാനലുകളിലെയും തലക്കെട്ട്. ഒരു നാടിന്റെ കണ്ണീർ… ഒന്നുമില്ലായിരുന്നു, വെറും എട്ടുകോളം വാർത്തയിൽ മാഷിന്റെ മരണം ഒതുങ്ങിയില്ലേ ? …. ഈ രോഗത്താൽ മരിച്ചു. ഇതുകൂടെയായപ്പോൾ കേരളത്തിൽ നാല്പതാമത്തെ മരണമെന്നുള്ള കൂട്ടി ചേർക്കലും.””മനോജ് പറഞ്ഞപ്പോൾ ആരുമൊന്നും മിണ്ടിയില്ല.

“” എത്രയെത്ര ശുഭ മുഹൂർത്തങ്ങളാണ് കുറിച്ചത് .എന്നിട്ടതിൽ ഒന്നെങ്കിലും നടന്നോ. ആളുകളുടെ മുന്നിൽ ആർഭാടം കാണിക്കാനായി ശരീരമാസകലം സ്വർണാഭരണങ്ങൾ .ഒരാൾക്ക് രണ്ടായിരത്തിന് മുകളിലുള്ള ഫുഡ് ഐറ്റംസ്. എന്നിട്ട് ഈയിടെ നടന്ന കല്യാണങ്ങൾക്ക് അഞ്ചു പേരല്ലേ ഉണ്ടായിരുന്നുള്ളു. അവരാകട്ടെ സ്വന്തം കയ്യാൽ ഉണ്ടാക്കിയ ആഹാരം കഴിച്ചു മടങ്ങി…””

“”പൊങ്ങച്ചം കാണിക്കാനും സ്റ്റാറ്റസ് ഉയർത്താനും കെട്ടിപ്പൊക്കുന്ന മണിമാളികകൾ..എന്നിട്ടവിടെ കിടക്കാൻ പറ്റിയോ.. ഇവിടുത്തെ കാര്യം തന്നെയെടുക്കാം ..വലിയ പറമ്പിൽ തറവാട്ടിലെ കാശിനോ പാരമ്പര്യത്തിനോ ഒരു രോഗത്തെയും അകറ്റി നിർത്താനായില്ല. അച്ഛൻ ഈ നാട്ടിലെ പണക്കാരനും ജന്മിയുമായിട്ടും ജീവനിൽ പേടിച്ചൊരു അടിയാൻ പോലും എത്തി നോക്കിയില്ല. അവസാനം ഒരു മുറിയിൽ ആരോഗ്യ പ്രവർത്തകർ തരുന്ന ആഹാരവും പരിചണവും.കൊണ്ട് ജീവിച്ചു. പി പി ഇ കിറ്റിലും മാസ്‌കിനുമുള്ളിൽ മറഞ്ഞിരുന്നവരുടെ മതമോ ജാതിയോ അവർ അടിയാൻ ആണോ കുടിയൻ ആണോയെന്നൊന്നും അന്വേഷിക്കാൻ ആരും മെനക്കെട്ടില്ല . ജാതിയോ മതമോ ഉണ്ടായിരുന്നില്ല. ആകെയുള്ളതീ ലോകത്തിൽ രോഗികളും ആരോഗ്യ പ്രവർത്തകരും.എവിടെയായിരുന്നു നിങ്ങടെ അന്തസ്സും പേരും പെരുമയും പണവും പദവിയുമെല്ലാം? “” മനോജ് ക്ഷോഭത്താൽ കിതച്ചു.അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവർക്കൊന്നും പറയുവാനില്ലായിരുന്നു

“” ശെരിയാണ് ..നെഞ്ചു പിടയുന്ന വേദനകൾ തന്നെങ്കിലും ചിലത് മനസിലാക്കാൻ പറ്റി. ഞാനെന്ന നീയെന്ന ഭാവത്തിന് പ്രകൃതിയെ സൃഷ്ടിച്ചവൻ തന്ന ഓർമപ്പെടുത്തൽ…”” രാജേന്ദ്രന്റെ മുഖം കുനിഞ്ഞു.

“നിങ്ങൾ തീരുമാനിച്ചാൽ മതി…”” അച്ഛന്റെ മുഖം മങ്ങിയത് കാണാനാവാതെ അവൻ എഴുന്നേറ്റു.

” അച്ഛഛാ…”” ഒരു കുഞ്ഞ് സ്വരം കേട്ട് മുറിയിലേക്ക് നടന്ന മനോജ് തിരിഞ്ഞു നിന്നു. മുറ്റത്തൊരു സ്‌കൂട്ടർ വന്നു നിൽക്കുന്ന ശബ്ദം അവൻ കേട്ടിരുന്നു. ഒരുനിമിഷം കൊണ്ട് ഓമനത്തം തുളുമ്പുന്നോരു പയ്യൻ ഓടി വന്ന് അച്ഛന്റെ മടിയിലേക്ക് കയറിയപ്പോൾ മനോജ് ആകാംഷയോടെ വാതിൽക്കലേക്ക് നോക്കി.

“”ലീന….”” വാതിലിലൂടെ അകത്തേക്ക് വരുന്ന ലീനയേ കണ്ടവൻ അമ്പരന്നു.

“””ഒന്നും വേണമെന്നില്ലടാ .പക്ഷെ ജാതിയിൽ വേറെയുള്ള വാല്യക്കാരി പെണ്ണായത് കൊണ്ട് ആരുമറിയാതെ കല്യാണം നടത്തിയെന്നാരും പറയരുത്. ആര് പറഞ്ഞാലും കുഴപ്പമില്ല , മോൾക്ക് അങ്ങനെ തോന്നരുത്.”” അമ്മാവൻ പോക്കറ്റിൽ നിന്ന് ചോക്കലേറ്റ് എടുത്തു മോന് നീട്ടിയപ്പോൾ അവനോടി വന്നത് വാങ്ങി.

“” നിരീക്ഷണത്തിൽ നിന്നൊഴിവായപ്പോൾ നന്ദി പറയാനും ഒപ്പം ചെയ്ത തെറ്റുകൾക്ക് മാപ്പ് പറയാനുമാണ് ഞാൻ ലീനമോൾടെ വീട്ടിലേക്ക് പോയത്. അച്ചടിച്ചു വെച്ചത് പോലെയുള്ള നിന്റെ മുഖം കണ്ടപ്പോൾ ഇവനെ ഞാൻ ഇങ്ങോട്ട് കൊണ്ട് പൊന്നു. “” രാജേന്ദ്രൻ മോനെ എടുത്തു മനോജിന്റെ നേരെ നീട്ടിയപ്പോൾ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു ലീന അകത്തേക്ക് നടന്നിരുന്നു .

“” വീടിന് കാവൽ നിൽക്കുന്ന മാലാഖയാണ് കൊങ്ങിണി. അത് കൊതുക് പോലെയുള്ള കീടങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കും . അത്കൊണ്ട് തന്നെ ഞാൻ അന്നേ കൊങ്ങിണിപ്പൂവിനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു..മുറ്റത്തു വളർത്താനും ..”” അസ്തമയ സൂര്യന്റെ ചുവപ്പിൽ മോനെ മടിയിലിരുത്തി മനോജ് മുറ്റത്തെ കൊങ്ങിണി പൂക്കൾ കാണിച്ചു മനോജ് പറഞ്ഞപ്പോൾ പുഞ്ചിരിയോടെ ലീന പുറകിൽ നിൽപ്പുണ്ടായിരുന്നു.

രചന: സെബിൻ ബോസ്.

Leave a Reply

Your email address will not be published. Required fields are marked *