കള്ളന് കഞ്ഞി വെച്ചവൻ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

” എന്നെ അങ്ങയുടെ വിനീത ശിഷ്യനാക്കണം ആശാനെ”

നാട്ടിലെ പ്രസിദ്ധ കള്ളനായ പരമുവിന്റെ കൈയ്യിലേക്ക് വെറ്റിലയും വെള്ളിനാണയവും പിടിപ്പിച്ചുക്കൊണ്ട് കിരൺ പറഞ്ഞു.

പരമു ആശാൻ ധൃതംങ്ക പുളകിതനായി അവനെ നോക്കി.

” നീ നമ്മടെ വാഴത്തൊടിയിലെ, റിട്ടയേർഡ് പോലീസ് കണാരന്റെ മോൻ അല്ലേ?”

കിരൺ അതേയെന്ന് തലകുലുക്കി.

” ലൊട്ടുലൊടുക്ക് മോഷണം നടത്തിയത് പിടിച്ചതിന് ഒരു പാട് ഭേദ്യം നടത്തിയിട്ടുണ്ട് നിന്റെ തന്തപ്പടി ”

അതു പറയുമ്പോൾ, പരമുവിന്റെ പല്ല് ഞെരിയുന്നുണ്ടായിരുന്നു.

” എന്നാലും സാരല്യ!പരമുവിന്റെ അടുക്കൽ വന്ന് സഹായം ചോദിച്ചിട്ട്, കിട്ടീലാന്ന് വേണ്ട”

ഒറ്റ കോയിൻ നെറ്റിയിൽ പതിച്ച്, വെറ്റില വായിലിട്ട് ചവച്ചു കൊണ്ട് പരമു ,മഴവില്ല് പോലെ ചാരുകസേരയിലിരുന്നു കിരണെ -നോക്കി.

” നീ കോളേജിലൊക്കെ പോയ കുട്ടിയല്ലേ? നിനക്ക് ഒരു ജോലിയും കിട്ടിയില്ലേ?”

” കിട്ടാതെയല്ല ആശാനെ! കിട്ടിയ ജോലിയിൽ കോൺസട്രേഷൻ ചെയ്യാൻ പറ്റുന്നില്ല”

“അതെന്താ നിനക്ക് അത് ചെയ്യാൻ പറ്റാത്തത്?”

“ഏത് ചെയ്യാൻ പറ്റാത്തത്?”

”അധികം ചോദ്യം ഇങ്ങോട്ടു വേണ്ട! അത് ചെയ്യാൻ പറ്റാത്തതെന്താണെന്നുള്ള ഉത്തരം പറഞ്ഞാൽ മതി”

കാലിൻമേൽ കാൽ കയറ്റി വെച്ച് എലിവാലൻ മീശ പിരിക്കുന്ന പരമുവിനെ കണ്ട് കുട്ടികൃഷ്ണൻ നായരെ ഓർത്ത് ചിരി വന്നെങ്കിലും കിരൺ കടിച്ചമർത്തി:

ഗുരുനിന്ദ പാപമാണെന്നു ആരോ പറയുന്നതുപോലെ തോന്നി:

“ആശാൻ കോൺസട്രേഷൻ കിട്ടാത്തതിനെ പറ്റിയല്ലേ ചോദിച്ചത്?”

പരമു ആശാന്റെ തല കുലുങ്ങി,

” അത് ഒരു പെൺക്കുട്ടിയെ ഞാൻ ഹൃദയം തുറന്ന് സ്നേഹിച്ചിരുന്നു ആശാനെ

” എന്നിട്ട്?”

ചുള്ളിക്കൊമ്പ് പോലെയുള്ള കാൽ ആട്ടിക്കൊണ്ട് ആശാൻ ആരാഞ്ഞു.

ഒരു ബിസിനസ്സ് ക്കാരനെ കണ്ടപ്പോൾ, വിദഗ്ദമായി എന്നെ ഒഴിവാക്കി അവനുമായി വിവാഹം കഴിച്ചു ”

” തേപ്പ് ഇപ്പോൾ സർവസാധാരണം അല്ലേ? അതിനെന്തിനാ നിന്റെ ആ-കുന്തം പോയത്?”

” അവളോട് അത്രയ്ക്ക് ഇഷ്ടമായിരുന്നു ആശാനേ?

ഏത് ജോലി ചെയ്യുമ്പോഴും ഓർമ്മയിൽ അവൾ വരുമ്പോൾ, അവളോടുള്ള ദേഷ്യം കൊണ്ട് ഞാൻ ഫയലുകൾ വലിച്ചു കീറും ”

അങ്ങിനെ ഓരോ കമ്പനിയിലും, ജോലിക്ക് കയറിയ ദിവസം തന്നെ ഇറങ്ങേണ്ടി വരുന്ന ഗതികേടാ എനിക്ക് ”

ആശാന്റെ ചാരുകസേരയ്ക്ക് താഴെയായി കിരൺ ഇരുന്നു.

“മോഷണം ആകുമ്പോൾ താനേ കോൺസട്രേഷൻ വരുമെന്നാണ്, ഈ മേഖലയിലേക്ക് എന്നെ സജസ്റ്റ് ചെയ്ത എന്റെ ഫ്രണ്ട് പറഞ്ഞിരിക്കുന്നത്?”

“അതെന്താ അങ്ങിനെ?”

” മോഷ്ടിക്കുമ്പോൾ കോൺസെട്രേഷൻ ഇല്ലെങ്കിൽ ആൾക്കാരുടെ കൈയിൽ നിന്നു നല്ല ചാമ്പും, ജയിൽ ജീവിതും ഉറപ്പാണ്”

“തൊഴിലിനെ പറ്റി നല്ല ബോധമുള്ളവൻ ”

കിരന്റെ കവിളിൽ തട്ടി അഭിനന്ദിക്കുമ്പോഴെയ്ക്കും പടിക്കൽ ഒരു വാൻ വന്നു നിന്നു.

” ഓപ്പറേഷനുള്ള വാഹനം വന്നു, ഇന്ന് തന്നെ പ്രാർത്ഥിച്ച് ജോയിൻ ചെയ്തോളൂ”

“നമ്മുടെ യൂണിഫോം ഒക്കെ വാനിലുണ്ട് – ”

ആശാൻ അത് പറഞ്ഞ് വാനിനടുത്തേക്ക് നടന്നപ്പോൾ കിരൺ അയാൾക്കരികിലേക്ക് ഓടിയെത്തി.

” ആശാനെ നൂറ് വീടുകളിൽ കയറിയാൽ കിട്ടുന്നത് ഒരു വീട്ടിൽ നിന്നു കിട്ടിയാൽ അതല്ലേ നല്ലത്?”

ആശാൻ ചോദ്യഭാവത്തോടെ കിരണെ -നോക്കി.

” എന്നെ തേച്ചവളുടെ ഭർത്താവ് സ്വർണ്ണ ബിസിനസ്സ് ക്കാരനാണ്.

കൂടാതെ പുരാവസ്തുക്കളുടെ ശേഖരവുമുണ്ട്.

അതാവുമ്പോൾ ശിഷ്യന് പണി കൊടുത്തവളുടെ ഭർത്താവിനിട്ടു പണിതു എന്ന ക്രെഡിറ്റ് ആശാനും കിട്ടും.”

കറുപ്പണിഞ്ഞ ആകാശത്തേക്ക് നോക്കി ഒരു നിമിഷം നിന്ന ആശാന്റെ മെല്ലിച്ച കൈയ്യിലെ-തള്ളവിരൽ ഉയർന്നു.

ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, കിരൺ പറഞ്ഞ വഴികളിലൂടെ വാൻ ഓടി!

ആശാനെയും, കിരണിനെയും കൂടാതെ, ആശാന്റെ ശിഷ്യൻമാരായ മൂന്നു പേർ കൂടിയുണ്ടായിരുന്നു വാനിൽ.

കിരൺ പറഞ്ഞു കൊടുത്ത, വലിയ ബംഗ്ലാവിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വാൻ ഓടിച്ചു കയറ്റി.

രാത്രിയുടെ നിശബ്ദതയിലൂടെ, ഡ്രൈവർ ഒഴിച്ചുള്ള വർ, കരിയിലകൾക്കു മീതെക്കൂടി, ശബ്ദമുണ്ടാക്കാതെ ആ ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു.

ഓടിയെത്തിയ കൂറ്റൻ നായ്ക്കൾക്കു നേരെ ആശാൻ ഏതോ പലഹാരം എറിയുകയും, അവ മണപ്പിക്കുമ്പോഴെയ്ക്കും നായ്ക്കൾ മയങ്ങി വീണു.

നായ്ക്കൾ കുഴഞ്ഞു വീണതോടെ അവർ മതിൽ ചാടി അകത്ത് കടന്നു !

ബംഗ്ലാവിന്റെ -മുന്നിലായി കത്തിനിൽക്കുന്ന ഹാലജൻ ബൾബിന്റെ പ്രകാശത്തിൽ പെടാതെ, ഇരുട്ടിന്റെ മറപറ്റി നടന്നു അവർ !

മെയിൻ സ്വിച്ച് ഓഫ് ചെയ്യുന്നതിനു മുൻപ്, കൈയിലുണ്ടായിരുന്ന ജവാന്റെ ഫുൾ ബോട്ടിൽ തുറന്ന്, മൂന്നു പേരും വെള്ളം ചേർക്കാതെ വായിലേക്ക് കമഴ്ത്തുന്നത് കണ്ട് കിരന്റെ കൈ തണ്ടയിലെ രോമമൊക്കെ ഉയർന്നു!

ആശാൻ ഏതോ കമ്പിയെടുത്ത് ലോക്കിലിട്ട് തിരിച്ചപ്പോൾ വാതിൽ തുറന്നു:

നിറഞ്ഞ ഇരുട്ടിലൂടെ ആശാന്റെ നിർദ്ദേശപ്രകാരം, വീടിന്റെ ഓരോരോ മുറികളിലേക്ക് മൊബൈൽ വെട്ടത്തിൽ അവർ നടന്നു.

പാണ്ടിവണ്ടി ചുരം കയറുന്നതു പോലെ, ആരോ കൂർക്കം വലിക്കുന്നത് കേട്ടപ്പോൾ തന്റെ ധൈര്യമൊക്കെ ചോർന്നു പോകുന്നതു പോലെ കിരണ് തോന്നി.

റൂമിലേക്ക് കയറിയവർ ഒന്നും കിട്ടാതെ, നിരാശരയായി, കിരണെ പ്രാകി തിരിച്ചു വന്നിരുന്നു!

ഒടുവിൽ വന്ന ആശാൻ, ഒരു വലിയ ചാക്ക്കെട്ട് തോളത്ത് വെക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് അങ്ങോട്ടേക്ക് ചെന്നു.

“ആശാനെ, ഇതിനുള്ളിൽ വർഷങ്ങളോളം പഴക്കമുള്ള സരസ്വതി ദേവിയുടെ സ്വർണ്ണപ്രതിമയാണ് ”

ആശാന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു ന്തി:

“അന്താരാഷ്ടമാർക്കറ്റിൽ കോടികളാണ് ഇതിന്റെ വില.ഇവിടെ നിന്ന് പുറത്തെത്തിക്കാൻ വലിയ റിസ്ക്കുണ്ട് ”

“അതിന്?”

ആശാൻ ചോദ്യഭാവത്തോടെ കിരണെനോക്കി.

” നമ്മൾക്ക് ഇത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാലോ?”

” നിനക്ക് ഭ്രാന്തോ? ഇതെങ്ങിനെ പുറത്ത് എത്തിക്കണമെന്ന് എനിക്കറിയാം –

ഈ ഓപ്പറേഷനോടെ നമ്മൾ ഈ തൊഴിലിനോട് വിട പറയുകയാണ് ”

അതും പറഞ്ഞ് ആശാൻ അഭ്യാസിയെപ്പോലെ കുനിഞ്ഞു.

ചാക്ക്കെട്ട് ഉയർത്തി കിരൺ ആശാന്റെ തോളിൽ വെച്ചു!

മദ്യലഹരിയിലായിരുന്ന ആശാൻ, തോളിൽ ചാക്കും വെച്ച്ഇടറിയ കാൽവെപ്പുകളോടെ പുറത്തേക്ക് നടന്നു.

സഹായിക്കാൻ വന്ന ശിഷ്യരെ അയാൾ തടഞ്ഞു.

“ഇരുപത്തിയൊന്ന് വർഷത്തെ എന്റെ മോഷണ ജീവിതത്തിൽ ഇന്നാണ് എനിക്ക് അഭിമാനം തോന്നിയിട്ടുള്ളത് ”

മതിൽക്കെട്ടിനകത്തേക്ക് കയറിയവഴി ഏതെന്നറിയാതെ ആശാനും ശിഷ്യരും തരിച്ചുനിൽക്കുമ്പോൾ, കിരൺ അവർക്ക് വഴികാട്ടിയായ്:

പുറത്തേക്ക് നടന്ന്, കാട്ടിൽ പാർക്ക് ചെയ്തിരുന്ന വാനിലേക്ക് കയറുമ്പോൾ, ആശാൻ വല്ലാതെ കിതച്ചിരുന്നു.

കുറേദൂരം ഓടി ആ വാൻ രഹസ്യ സങ്കേതത്തിലെത്തുമ്പോൾ, രാത്രി രണ്ട് മണി കഴിഞ്ഞിരുന്നു.

“ആശാനെ ചാക്ക് തുറക്കട്ടെ”

കിരൺ ധൃതിയോടെ ചോദിച്ചപ്പോൾ, ആശാൻ രണ്ട് ജവാന്റെ കഴുത്ത് പൊട്ടിക്കുകയായിരുന്നു!

“വേവോളം നിൽക്കാമെങ്കിൽ ആറോളം നിൽക്കാം ചെക്കാ ”

കുപ്പികൾ വായിലേക്ക് കമഴ്ത്തി തുടങ്ങിയതും, കള്ളൻമാരാണെന്ന ചിന്തയില്ലാതെ അവർ പാട്ട് തുടങ്ങി.

പാട്ടിനൊടുവിലാണ് ആശാൻ തുറന്നു കിടക്കുന്ന വാതിലൂടെ പുറത്ത്, കുരിരുട്ടിൽ ഒരു വെളുത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീരൂപം കണ്ടതും, വടമലയക്ഷി എന്നലറി ബോധംകെട്ടതും!

പുറത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ, ആശാന്റെ ശിഷ്യരും ബോധം കെട്ടപ്പോൾ, ആ യക്ഷി റൂമിനകത്തേക്ക് വന്നു -കിരണിനെ ആലിംഗനം ചെയ്തു!

“എവിടെയൊളിപ്പിച്ച് വെച്ചാലും, എത്ര താഴിട്ട് പൂട്ടിയാലും, സുസ്മിതയെ ഞാൻ പൊക്കുമെന്ന് പറഞ്ഞത് വെറും വാക്കല്ലെന്ന് ചക്കരക്ക് മനസ്സിലായില്ലേ?”

“സമ്മതിച്ചു ആശാനെ” എന്നവൾ കിരന്റെ തോളിൽ ചാഞ്ഞു കിടന്നു ആ ചുണ്ടിൽ ചുണ്ടമർത്തി പറയുമ്പോൾ, ആ -വാൻ, ഏതോ ഒളിസങ്കേതം ലക്ഷ്യമാക്കി ഓടി തുടങ്ങിയിരുന്നു.

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *