നീ തിരിഞ്ഞ് നോക്കുമ്പോൾ അയാളോർക്കും, അയാളോടുള്ള ഇഷ്ടം കൊണ്ട് നീ നോക്കുന്നതാണെന്ന്…

രചന: സജി തൈപ്പറമ്പ്.

“അമ്മേ.. അയാള് ബാൽക്കണിയിൽ നില്പുണ്ട്”

“ആര്”

“ആ വായിനോക്കി, ഞാൻ പറഞ്ഞിട്ടില്ലേ? അവിടെ പുതിയ താമസക്കാര് വന്നിട്ടുണ്ടെന്ന്, എപ്പോഴും ,നമ്മള് പുറത്തേയ്ക്ക് പോകാൻ ഗേറ്റ് അടയ്ക്കുമ്പോഴെ, ആ ശബ്ദം കേട്ട്, അയാൾ ബാൽക്കണിയിലെത്തും, എന്നിട്ട് നമ്മള് നടന്ന് മറയുന്നത് വരെ, തുറിച്ച് നോക്കി കൊണ്ട് ഒരേ നില്പ് നില്ക്കും”

“ഇതൊക്കെ നീയെങ്ങനെ കണ്ടു”

“ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടതാ”

“ങ്ഹാ, അതാ കുഴപ്പം, നീ തിരിഞ്ഞ് നോക്കുമ്പോൾ അയാളോർക്കും, അയാളോടുള്ള ഇഷ്ടം കൊണ്ട് നീ നോക്കുന്നതാണെന്ന്,”

“പിന്നേ .. അതിനയാൾക്ക് എൻ്റെ അച്ഛൻ്റെ പ്രായമുണ്ട് ,അയാൾക്കസുഖം വേറെയാ ,ഒരു ദിവസം ഞാൻ തിരിഞ്ഞ് നിന്ന് നല്ല ചീത്ത പറയും, അതോടെ അയാളുടെ നോട്ടം നിന്നോളും”

“മീനു.. നീയൊന്നടങ്ങ്, നമ്മളെന്തിനാ അങ്ങോട്ട് നോക്കാൻ പോകുന്നത്. നീ ഇനി മുതൽ മുന്നോട്ട് നോക്കി നടന്നാൽ മതി ,ഞാൻ പുറകെ നടന്നോളാം ,നീ പറഞ്ഞത് പോലെ അയാള് നോക്കുന്നുണ്ടോന്ന് എനിക്കൊന്നറിയണമല്ലോ”

മോളെ സമാധാനിപ്പിച്ച് മുന്നോട്ട് നടക്കുമ്പോൾ, എൻ്റെ ഉള്ളിലെ ആകാംക്ഷ വർദ്ധിച്ചു.

ആരായിരിക്കും അയാൾ ,മോള് പറഞ്ഞത് ശരിയാണെങ്കിൽ, അത്രയും പ്രായമുള്ളൊരാൾ എന്തിനായിരിക്കും അവളെ നോക്കുന്നത്.

അയാളുടെ വീടിൻ്റെ മുൻവശത്തെ മതിലിനരികിലൂടെ നടക്കുമ്പോൾ, അറിയാതെ എൻ്റെ നോട്ടം അങ്ങോട്ട് പാളി വീണെങ്കിലും, പെട്ടെന്ന് തന്നെ ഞാൻ തല വെട്ടിച്ചു.

പക്ഷേ ,ഒന്നേ നോക്കിയുള്ളുവെങ്കിലും, ആ മുഖം എവിടെയോ കണ്ട് മറന്നത് പോലെ എനിക്കപ്പോൾ തോന്നി.

അത് കൊണ്ടാവാം, അരണമരങ്ങൾ അതിര് പങ്കിടുന്ന ആ മതിലിൻ്റെ അവസാനമെത്തുന്നതിന് മുമ്പ്, വീണ്ടും ഞാൻ തിരിഞ്ഞ് നോക്കിയത്.

എൻ്റെ നോട്ടം അയാളുടെ കണ്ണുകളിൽ ഉടക്കി നിന്നപ്പോൾ, ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അത് പവിയല്ലേ? പവിത്രൻ സി കെ.

പ്രശസ്ത കഥാകൃത്ത് ,അദ്ദേഹത്തിൻ്റെ എത്രയെത്ര കഥകളാണ്, താൻ വായിച്ച് സ്വപ്നങ്ങൾ നെയ്ത് കൂട്ടിയിട്ടുള്ളത്, ശരിക്കും മറ്റുള്ളവരുടെ ജീവിതം തന്നെയാണ്, അദ്ദേഹം പകർത്തിയെഴുതിയിട്ടുള്ളത്.

എൻ്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു ,മോള് കാണാതെ ഞാൻ അദ്ദേഹത്തെ കൈ ഉയർത്തി വിഷ് ചെയ്തു ,തിരിച്ച് എനിക്കും റ്റാറ്റാ തന്നു.

പക്ഷേ ,മോളോട് ഞാൻ അതാരാണെന്ന് പറഞ്ഞില്ല ,കാരണം അവളുടെ മനസ്സിൽ ഇപ്പോൾ ഒരു തെറ്റിദ്ധാരണയുണ്ട്, അതിൻ്റെ നിജസ്ഥിതി അറിഞ്ഞിട്ട് ,മോളേ പരിചയപ്പെടുത്താമെന്ന് കരുതി, ഈ കഥാകൃത്തുക്കൾ മറ്റുള്ളവരെ നിരീക്ഷിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്, ഒരു പക്ഷേ, തൻ്റെ അടുത്ത കഥയിൽ അദ്ദേഹത്തിൻ്റെ മനസ്സിലുള്ളത് , രേഷ്മയെ പോലൊരു കഥാപാത്രമായിരിക്കും.

അദ്ദഹത്തെ ഒരു മോശം കഥാപാത്രമായിട്ട് കാണാൻ, എൻ്റെ മനസ്സ് തയ്യാറല്ലായിരുന്നു.

പിറ്റേന്ന് മോള് കോളേജിൽ പോയതിന് ശേഷം ,ഞാൻ അലക്കിയ തുണികൾ ഉണക്കാനിടാനായി, ടെറസ്സിൽ കയറിയപ്പോൾ അദ്ദേഹം, ആ വീടിൻ്റെ ടെറസ്സിൽ നിന്ന് പച്ചക്കറികൾക്ക് മരുന്നടിക്കുകയായിരുന്നു.

അവിടെ മറ്റാരെയും ഇത് വരെ കണ്ടിട്ടില്ല ,അപ്പോൾ തനിച്ചായിരിക്കും താമസം.

എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാനും, എല്ലാം ചോദിച്ചറിയാനും വ്യഗ്രത തോന്നി.

“പവിത്രൻ സാർ…”

ഞാൻ പരിസരമാകെ വീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട് ഒച്ച കുറച്ച് വിളിച്ചു .

എൻ്റെ വിളി കേട്ട് അദ്ദേഹം തിരിഞ്ഞ് നോക്കി.

“ഞാൻ സാറിൻ്റെ ഒരു വലിയ ആരാധികയാണ് ,സാറെഴുതിയ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് “വിടരും മുമ്പേ കൊഴിഞ്ഞത്” എന്ന ഒരു ഫാമിലി സ്റ്റോറിയില്ലേ ?ആ കഥയായിരുന്നു, അതിലെ അച്ഛനും മകളും വായനക്കാരുടെ ഉള്ളിൽ എന്നും നിറഞ്ഞ് നില്ക്കുന്ന ഒന്നായിരുന്നു”

ഒറ്റ ശ്വാസത്തിലാണ് ഞാനത്രയും പറഞ്ഞത്.

അത് കേട്ടിട്ട് ഒരു പ്രതികരണവുമില്ലാതെ, അദ്ദേഹം വേഗം അകത്തേയ്ക്ക് പോയപ്പോൾ ഞാൻ വല്ലാതെയായി.

മ്ഹും, വല്യ കഥാകൃത്താണെന്ന് പറഞ്ഞ്, മനുഷ്യന് ഇത്രയും ഗർവ്വ് പാടില്ല. എന്തെങ്കിലുമൊരു മറുപടി തന്നിട്ട് പോകാമായിരുന്നു അയാൾക്ക്,

ആ ഒരു സംഭവത്തോടെ എനിക്കത് വരെ ഉണ്ടായിരുന്ന ആരാധനയ്ക്ക്, കുറച്ച് കുറവ് വന്നു.

പിന്നീട് ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാൻ പോയില്ല.

രണ്ട് ദിവസം കഴിഞ്ഞ് മകളുടെ ബർത്ഡേ ആയിരുന്നു ,അധികമാരും ഉണ്ടായിരുന്നില്ല ,ഹസ്ബൻ്റ് ഗൾഫിൽ നിന്ന് മോളെ വിളിച്ച് രാവിലെ തന്നെ ആശംസകളർപ്പിച്ചു.

പിന്നെ കേക്ക് മുറിക്കാൻ നേരം മോളുടെ രണ്ട് കൂട്ടുകാരികളുണ്ടായിരുന്നു.

” ഞാൻ അകത്തേക്ക് വന്നോട്ടെ”

ഒരു പുരുഷൻ്റെ ശബ്ദം കേട്ട്, തുറന്ന് കിടന്ന വാതില്ക്കലേക്ക് ഞങ്ങൾ ഒരു പോലെ തിരിഞ്ഞ് നോക്കി.

അത് അയാളായിരുന്നു ,പവിത്രൻ സി കെ.

കയ്യിൽ വർണ്ണക്കടലാസ്സ് കൊണ്ട് പൊതിഞ്ഞ ഒരു സമ്മാനപ്പൊതിയുമായി, അകത്ത് കടക്കാനുള്ള അനുവാദത്തിനായി കാത്ത് നില്ക്കുന്നു.

“വരൂ സാർ..”

അമ്പരപ്പ് വിട്ട് മാറാതെ ഞാൻ ,അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു.

“മെനിമെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ,മോൾക്ക് തെളിച്ചമുള്ള ഒരു ഭാവി ജീവിതമുണ്ടാകട്ടെ”

രേഷ്മയുടെ കയ്യിലേക്ക്, ആ സമ്മാനപ്പൊതി ഏല്പിച്ചിട്ട് ,അദ്ദേഹം അവൾക്ക് ആശംസയർപ്പിച്ചു.

“എന്താ എല്ലാരും പകച്ചു നില്ക്കുന്നത് ,ഓഹ് ഞാനിതെങ്ങനെ അറിഞ്ഞെന്നായിരിക്കും ,നിർമ്മലയുടെ ഫെയ്സ് ബുക്ക് പേജിൽ രാവിലെ തന്നെ മോളുടെ ബർത്ഡേയെകുറിച്ചുള്ള പോസ്റ്റുണ്ടായിരുന്നല്ലോ? ഞാനും നിർമ്മലയുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആളാണ്

,നിങ്ങളുടെയൊക്കെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇടയ്ക്കൊക്കെ കാണാറുണ്ടെങ്കിലും ,ഞാൻ സ്ക്രോള്ചെയ്ത് പോകാറാണ് പതിവ് ,പക്ഷേ ഇവിടെ താമസമാക്കിയപ്പോൾ മുതല് ,അത് ശ്രദ്ധിക്കാൻ തുടങ്ങി,അങ്ങനെ അറിഞ്ഞതാണ്”

“പക്ഷേ സാർ .. അങ്ങയെപ്പോലെ തിരക്കുള്ള ഒരു കലാകാരൻ, എൻ്റെ എഫ് ബി പോസ്റ്റ് ശ്രദ്ധിക്കുകയും, എൻ്റെ മോൾക്ക് സമ്മാവുനമായി വരികയും ചെയ്തത്, എനിക്ക് ഒട്ടും ഉൾക്കൊള്ളാനാവുന്നില്ല ,കഴിഞ്ഞ ദിവസം ഞാൻ, സംസാരിക്കാൻ വന്നപ്പോൾ, സാറ് ഒന്നും മിണ്ടാതെ കയറിപ്പോയത് കണ്ട്, എനിക്ക് ശരിക്കും സങ്കടം വന്നു”

“ങ്ഹാ, അതിനെക്കുറിച്ച് പറയാനും കൂടിയാണ് ഞാൻ വന്നത് ,നിർമ്മലയുടെ ഇഷ്ട കഥയായ “വിടരും മുമ്പേ കൊഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞില്ലേ ?അത് ഒരു സങ്കല്പകഥയല്ലായിരുന്നു,

എൻ്റെ ജീവിതം തന്നെയായിരുന്നു ,അതിലെ അച്ഛനും മകളും, ഞാനും എൻ്റെ മോളുമായിരുന്നു ,ഞങ്ങളുടെ ഒരു വിനോദയാത്രക്കിടയിലെ അപകടത്തിലാണ്, എൻ്റെ

ഭാര്യയെയും മോളെയും, എനിക്ക് നഷ്ടപ്പെട്ടത്, എൻ്റെ മകൾ മരിക്കുമ്പോൾ, അവൾക്ക് ഈ രേഷ്മ മോളുടെ ഇതേ പ്രായമായിരുന്നു ,അവളുടെ നടപ്പും ചിരിയും സംസാരവുമൊക്കെ,

ഏതാണ്ടിത് പോലെ തന്നെയായിരുന്നു ,അത് കൊണ്ടാണ്, നിങ്ങൾ പുറത്ത് പോകുന്നത് കാണുമ്പോൾ, ഞാൻ ബാൽക്കണിയിൽ നിന്ന് മോളെ കണ്ണെടുക്കാതെ നോക്കി കൊണ്ട്

നില്ക്കുന്നത് ,എനിക്ക് എൻ്റെ മോളെ സ്നേഹിച്ച് കൊതി തീർന്നിട്ടില്ലായിരുന്നു ,നിർമ്മല കഴിഞ്ഞ ദിവസം, ആ കഥയെക്കുറിച്ച് പറഞ്ഞപ്പോൾ, ഞാൻ പെട്ടെന്ന് പഴയ

ഓർമ്മകളിലേക്ക് പോയി ,അതാണ് മറുപടിയൊന്നും പറയാതെ, ഞാൻ അകത്തേക്ക് പോയത്, സോറി കെട്ടോ”

“അയ്യോ സാർ ..സോറി പറയേണ്ടത് ഞങ്ങളാ, കാര്യമറിയാതെ ഞങ്ങളങ്ങയെ, ഒരു പാട് തെറ്റിദ്ധരിച്ചു ,മോളേ.. അങ്കിളിനോട് താങ്ക്സ് പറ”

ഞാൻ പറഞ്ഞത് കേട്ട് മോള്, അദ്ദേഹത്തിൻ്റെ കാല്ക്കൽ വീണ് അനുഗ്രഹം വാങ്ങിയപ്പോൾ, അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞത് ,ഞാൻ വേദനയോടെ നോക്കി നിന്നു .

രചന: സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *