ലേഡിചെക്കറും ഭാര്യയും പിന്നെ ഞാനും

രചന : രജി മാഷ് ‎

ശ്ശെടാ ഈ നശിച്ച മഴ കാലത്ത് തന്നെ… ഇന്ന് ബൈക്കെടുക്കാൻ പറ്റില്ലല്ലോ ഓഫീസിൽ പോകാൻ… ബസ് തന്നെ ശരണം..

ബസ് യാത്രയെന്നും ഇഷ്ടമാ.. കാരണം മനോരാജ്യത്തിൽ മുഴുകാമെന്നതു തന്നെ.. പറ്റിയാ വല്ല കഥക്കും ത്രഡ് കിട്ടിയാലോ…

ബസ് വന്നു …ഒരു വിധം തിക്കിതിരക്കി ബസിനകത്ത് കയറി… ഭാഗ്യം പോലെ ആരോ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനെഴുന്നേറ്റു.. സീറ്റും കിട്ടി..

ചെക്കർ കയറിയിട്ടുണ്ടെന്ന് തോന്നുന്നു… നല്ല തിരക്ക്… ആഹാ ഇതൊരു ലേഡീ ചെക്കറാണല്ലോ.. നല്ല ഭംഗിയുള്ള ചേച്ചി.. തിരക്കിനിടയിലൂടെ അവർ മുന്നോട്ട് വരുന്നുണ്ടായിരുന്നു.. ഞാനാണെങ്കിൽ എന്റെ ഭാര്യയെ ഈ ജോലിക്ക് വിടില്ലായിരുന്നു.. മനസിലോർത്തു..

കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളൊതുക്കി വച്ച് അവരെന്റെയരികിലെത്തി.. പോക്കറ്റിൽ നിന്ന് ടിക്കറ്റെടുത്ത് കൊടുത്തു.. അവർ മുന്നോട്ട് നീങ്ങി.. ടിക്കറ്റ് തിരികെ തന്നില്ലല്ലോ.. ചെക്കറേ ടിക്കറ്റ്… അവർ ശ്രദ്ധിക്കുന്നില്ല..

ചെക്കറേ താ….

പെട്ടെന്ന് ഏതോ ആഴങ്ങളിലേക്ക് പതിക്കുന്നതു പോലെ തോന്നി.. ഒരു നിമിഷം വേണ്ടി വന്നു ബോധം തെളിയാൻ.. കട്ടിലിൽ നിന്നും വീണതാ.. വേഗം ചാടിയെഴുന്നേറ്റ് കട്ടിലിൽ കയറി കിടന്നു ഭാര്യയെ നോക്കി.. ഭാഗ്യം വീണതവളറിഞ്ഞിട്ടില്ല..

ഒന്നു റീവൈൻഡടിച്ചു.. മഴ ,ബസ്, ശുന്ദരി ചേച്ചി..ശ്ശേനല്ല സ്വപ്നമായിരുന്നു… വീഴണ്ടായിരുന്നു… സമയം നോക്കി.. 6 AM…പുലർക്കാല സ്വപ്നം ഫലിക്കോ…. ബാത്ത് റൂമിലേക്ക് നടക്കുമ്പോ ഒരു മൂളിപ്പാട്ടുണ്ടായിരുന്നു മനസിൽ..എന്നാലും കട്ടിലിൽ നിന്നെങ്ങനെ വീണു.നടു ചെറുതായി വേദനിക്കുന്നു..

പത്രം വായനക്കിടെ പതിവുള്ള ചായ വന്നില്ല… ശ്ശെടാ ഈ എരുമ എണീറ്റില്ലേ.. അടുക്കളയിലേക്കെത്തി നോക്കി.. പാവം അവിടുണ്ട് …മറന്നിട്ടുണ്ടാവും…

കുളി കഴിഞ്ഞ് ഡൈനിംഗ് ടേബിളനരികിലെത്തിയപ്പോ ബ്രേക്ക് ഫാസ്റ്റ് മൂടിവച്ചിരിക്കുന്നു.. ശ്ശെടാ ഇതും പതിവില്ലാത്തതാണല്ലോ.. കലപില പറഞ്ഞ് ഇവിടൊക്കെ നിൽക്കണതായിരുന്നല്ലോ കക്ഷി..

വേഗം കഴിച്ചെഴുന്നേറ്റ് അടുക്കളയിൽ പുറംതിരിഞ്ഞെന്തോ ചെയ്യുകയായിരുന്ന അവളെ പുറകിലൂടെ കെട്ടി പിടിച്ച് പൊന്നൂസ് എന്ന് മധുരമായി വിളിച്ചു…. ശക്തമായി തള്ളിമാറ്റി അവള് കലിതുള്ളി..

പൊന്നൂസ് തന്നെയാണല്ലോ ഞാൻ…

അതേ നീയെന്റെ പഞ്ചാര പൊന്നുവല്ലേ…

അപ്പോ ആരാ ഈ ചക്കര.. .?

പ്ഫ മനുഷ്യാ നാ ണമില്ലല്ലോ എന്റെ അരികിൽ കിടന്ന് വേറൊരു പെണ്ണിനോട് ശൃംഗരിക്കാൻ.. കല്യാണത്തിന് മുൻപ് നിങ്ങ ജഗജില്ലിയായിരുന്നറിയാം.. ഇനി നടപ്പില്ല അത്.. ഞാനെന്റെ വീട്ടിൽക്ക് പോകും പറഞ്ഞേക്കാം..

ഇതികർത്തവ്യാ മൂഢനായി നിന്ന എന്റെ തലയിലേക്ക് അപ്പോഴാണ് ആ മിന്നൽ വെളിച്ചം എത്തിയത്… ഞാൻ കട്ടിലിൽ നിന്ന് വീണതല്ല.. ഈ ദുഷ്ട എന്നെ നടുവിന് ചവിട്ടി താഴെയിട്ടതാണ്..

അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. എന്റെ മുഖത്ത് ഒരു ശൃംഗാര ഭാവം അവളാ സമയത്ത് കണ്ട് പോലും… പോരാത്തതിന് കൈ നീട്ടി ചക്കരേ താ ചക്കരേ താ എന്ന് പിറുപിറുക്കുന്നുവെന്ന്….

ഈശ്വരോ രക്ഷതു.. ലേഡീസ് ചെക്കർ ശ്വപ്നത്തിൽ ഒരിക്കലുംവരാൻ പാടില്ലായിരുന്നു എന്ന സത്യം എനിക്ക് അപ്പോൾ മനസ്സിലായി… ഹാ ഒരാഴ്ച്ച ഹാളിലെ സോഫയിലാക്കാം ഉറക്കം..

വാൽകഷണം….

രചന : രജി മാഷ് ‎

ഇത് കഥ മാത്രം. നായകൻ ഞാൻ അല്ലേയല്ല

Leave a Reply

Your email address will not be published. Required fields are marked *