മറന്നുപോകുന്നവർ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

” കുളി കഴിഞ്ഞു വരുന്ന വിനീതയിൽ നിന്ന് ഷാംപൂവിന്റെ സുഗന്ധത്തിനു പകരം വെളുത്തുള്ളിയുടെ രൂക്ഷഗന്ധം ഉയർന്നപ്പോൾ അഖിൽ അമ്പരപ്പോടെ അവളെ നോക്കി.

” നീ ഷാംപൂ ഇട്ടാണോ മുടി കഴുകിയത് അതോ വെളുത്തുള്ളിയിട്ടോ?”

അവളുടെ നീളൻ മുടിയിഴകളിൽ പറ്റി ചേർന്നു കിടക്കുന്ന വെളുത്തുള്ളിയുടെ തോൽ കണ്ട് ഞെട്ടലോടെ അഖിൽ ചോദിച്ചു.

“ഇന്ന് വെളുത്തുള്ളിയിട്ട വെള്ളത്തിലാണ് കുളിച്ചത്. ഇനിയങ്ങോട്ടുള്ള കുളിയും വെളുത്തുള്ളി വെള്ളത്തിൽ തന്നെയായിരിക്കും ”

അഖിൽ ഭ്രാന്തു പിടിച്ചെന്ന വണ്ണം ഇരുകൈകളും കൊണ്ട് തലമുടി വലിച്ചു പിടിച്ചു.

“നിനക്ക് വട്ടാണ്,വിനീ ബോധമുള്ള ആരെങ്കിലും വെളുത്തുള്ളി വെള്ളത്തിൽ കുളിക്കുമോ?”

“ബോധമില്ലെങ്കിലും സാരല്യ അഖീ- ജീവനോടെയിരുന്നാൽ മതി”

വിനിത പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ അഖിൽ അവളെ തന്നെ നോക്കിയിരുന്നു:

അഖിൽ നിശബ്ദനായത് കണ്ട് പുഞ്ചിരിയോടെ വിനിത അയാൾക്കരികിലേക്ക് ചെന്നു.

” ഇപ്പോൾ മഴക്കുമുന്നെയുള്ള കടുത്ത ചൂടിലല്ലേ ഭൂമി. പാമ്പുകളൊക്കെ മാളം വിട്ട് പുറത്തിറങ്ങുന്ന സമയമാണ്. പാമ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും നല്ലത് വെളുത്തുള്ളി തന്നെയാണ് ”

അവളുടെ സംസാരം കേട്ട് അഖിൽ പൊട്ടി ചിരിച്ചു.

“എടീ ബുദ്ദൂസേ ഈ-രണ്ടാം നിലയിൽ അടച്ചിട്ട നമ്മുടെ റൂമിലേക്ക് എങ്ങിനെയാണ് പാമ്പ് വരിക”

” പറയാൻ പറ്റില്ല അഖിൽ? നമ്മുടെ കുട്ടിക്കാലത്തെ പാമ്പുകൾ പോലെയല്ല ഇപ്പോഴത്തെ പാമ്പുകൾ. ഇപ്പോഴത്തെ പാമ്പുകൾ ഹൈജംപും, ലോങ്ങ് ജംപും, പിന്നെ പോൾവാൾട്ടും ഒക്കെ അഭ്യസിച്ചവയാണെന്നാണ് പറയുന്നത്!

അവറ്റകൾക്ക് നിർദ്ദേശം കൊടുക്കാൻ കോച്ചും ഉണ്ടെന്നാണ് പറയുന്നത്?”

അവസാന വാചകം അഖിലിന്റെ കണ്ണിലേക്ക് നോക്കി, വിനിത തറപ്പിച്ചു പറഞ്ഞപ്പോൾ, അവന്റെ മനസ്സിൽ ഒരു ബൾബ് കത്തി.

അവൻ അവളെ നോക്കി പതിയെ തലയാട്ടി.

” പകരം വീട്ടുകയാണ് അല്ലേ?”

വിനീത അതേയെന്നോ അല്ലായെന്നോ പറയാതെ ഒരു ദീർഘനിശ്വാസത്തോടെ മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കിയിരുന്നു.

അവളുടെ മിഴികൾ പതിയെ നിറയുന്നത് അഖിൽ കണ്ടില്ല.

” ഞാൻ പണ്ടെങ്ങോ -പറഞ്ഞ ഒരു തമാശയ്ക്കു പക തീർക്കാനിപ്പോൾ, വെളുത്തുള്ളി വെള്ളത്തിൽ കുളിച്ചനിനക്ക് മുഴുത്ത വട്ടാണ് ”

” അതേ വട്ടാണ്! നിങ്ങൾക്കും, നിങ്ങളുടെ അമ്മയ്ക്കും പെങ്ങൾമാർക്കും ഉണ്ടായിരുന്ന അതേ വട്ട് ”

” നീ എന്തൊക്കെയാണീ പറയുന്നത് വിനീ”

അഖിലിന്റെ ഉയർന്ന ഒച്ച അവളിൽ ഒരു ഭാവമാറ്റവും വരുത്തിയില്ല

“ഏതോ ഒരു പെണ്ണ് എവിടെ വെച്ചോ, ആർക്കോ -സയനൈഡ് ഭക്ഷണത്തിൽ കലർത്തിക്കൊടുത്തതിന്, നിങ്ങളൊക്കെ എന്നോടു കാണിച്ച അതേ വട്ടു തന്നെയാണ് ഞാനും കാണിച്ചത്.”

“അതൊക്കെ ഒരു രസത്തിന് വേണ്ടി പറഞ്ഞതല്ലേ വിനീ- ”

ചിരിച്ചുക്കൊണ്ട് വിനിതയുടെ തോളിൽ കൈവെച്ച അഖിലിന്റെ കൈ തട്ടിമാറ്റി അവൾ!

” എന്തു രസം ?പുതുമോടിയിൽ വന്ന ഒരു പെണ്ണിനെ, വട്ടമിട്ടിരുന്നു ക്രൂരമായി തമാശിക്കുന്നതാണോ രസം ?

നിങ്ങൾക്ക് നിരുപദ്രവമാണെന്ന് തോന്നുന്ന ആ തമാശ എന്റെ ഹൃദയം എത്ര കീറി മുറിച്ചിട്ടുണ്ടെന്നറിയോ?

“തമാശയിലൂടെയാണെങ്കിലും, സ്വന്തം ഭാര്യയെ ആരെങ്കിലും കുറ്റപെടുത്തുമ്പോൾ, അതിനെ പ്രതിരോധിക്കേണ്ടവൻ തന്നെ അവർക്കൊപ്പം ചേരുന്നത് കണ്ട് എത്ര നെഞ്ചു പൊട്ടിയിട്ടുണ്ടെന്നോ?

വിനീതയിൽ പെട്ടെന്നു വന്നു ചേർന്ന ഭാവമാറ്റം ശ്രദ്ധിക്കുകയായിരുന്നു അഖിൽ!

അവളുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.

“മധുരം കൂടുതലാണോയെന്ന് നോക്കാൻ എനിക്കു നേരെ അഖിലിന്റെ -അമ്മ ചായ നീട്ടുമ്പോൾ,

അമ്മയുടെ മൂത്തമകൾ ചായനീട്ടുന്നത് കടുപ്പം അറിയാനാ!

അമ്മയുടെ ഇളയമകൾ നീട്ടുന്നതോ ചൂട് കൂടുതലാണോ എന്നറിയാനും!

ഈ നീട്ടുന്നതൊക്കെ തമാശയാണെന്നും എനിക്കറിയാം!

പക്ഷേ ചില തമാശകൾ നമ്മളെ കൊല്ലാതെ കൊല്ലും അഖീ! ആ തമാശ, നമ്മൾക്കേറെ പ്രിയപ്പെട്ടവരിൽ നിന്നായാൽ പ്രത്യേകിച്ച് ”

” ആ തമാശയൊക്കെ ഇത്രയ്ക്കു നിന്നെ ഹർട്ട് ചെയ്തോ വിനി”

അഖിൽ അവളുടെ അരികിലിരുന്നു മുടിയിഴകൾ തലോടി.

കണ്ണീർ നിറഞ്ഞ ഒരു പുഞ്ചിരിയോടെ വിനിത, അഖിലിനെ നോക്കി.

” ഞാൻ ചോദിച്ചോട്ടെ അഖീ- പാമ്പുകൾക്ക് ട്രെയിനിങ് കൊടുക്കുന്ന കോച്ച് ഉണ്ടെന്ന് ഞാൻ അഖിലിന്റെ മുഖത്ത് നോക്കി തറപ്പിച്ച് -പറഞ്ഞപ്പോൾ അഖിലിനെ ഹർട്ട് ചെയ്തോ?”

അഖിലിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി വിനീത ചോദിച്ചപ്പോൾ, അഖിൽ ഒന്നു പുഞ്ചിരിച്ചെങ്കിലും അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല.

ഒരു നിമിഷം തന്റെ മനസ്സും വേദനിച്ചു എന്നവനറിയാമായിരുന്നു.

തന്നെ വിശ്വാസമില്ലാതെയാണ് അവൾ തന്റെ അരികിൽ കിടന്നുറങ്ങുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചു.

ഉറക്കത്തിലായാലും അവൾ ഉൾക്കണ്ണ് തുറന്ന് തന്റെ ഓരോ ചലനവും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിപ്പോയി!

“ഉത്തരമില്ലേ അഖിക്ക്?”

കുനിഞ്ഞ് ഇരുന്നിരുന്ന അഖിയുടെ മുഖം കൈകുമ്പിളിലെടുത്ത് വിനീത ചോദിച്ച പ്പോൾ, ഒന്നും പറയാതെ അവളെ മാറോട് ചേർത്തു

“സാരല്ല്യ അഖീ! നൊമ്പരപ്പെടുത്തുന്ന ഒരു വാക്ക് കൊണ്ട് പെണ്ണിന്റെ ഹൃദയം തകരും – അവളുടെ മനസ്സ് കലങ്ങും -കണ്ണു നിറയും പക്ഷേ അത് അവൾ -ദുർബലയായിട്ടല്ല. അവളുടെ ഉള്ളിലുള്ള കുന്നോളം സ്നേഹത്തെ ചോദ്യം ചെയ്യുന്നുവെന്ന തോന്നലിൽ നിന്നാണ് അവൾ കണ്ണീരായ് ചിലപ്പോഴൊക്കെ പൊട്ടിയൊഴുകുന്നത് ”

അഖിൽ വിനിതയെ മാറോട് ചേർത്ത് പതിയെ തടവി.

“സോറി വിനി. ഞാനൊന്നും മനസ്സിൽ വെച്ചല്ലായിരുന്നു പറഞ്ഞത്! പക്ഷേ അത് കേൾക്കുന്നവരിൽ ഉണ്ടാകുന്ന വിഷമം എത്രയാണെന്ന് എനിക്ക് ഇന്നാണ് മനസ്സിലായത് ”

വിനീത കണ്ണീരോടെ അഖിയുടെ നെറ്റിയിൽ ചുംബിച്ചു.

” ഇപ്പോഴെങ്കിലും അഖിക്ക് മനസ്സിലായല്ലോ? ”

അവളുടെ ചുണ്ടിൽ ഒരു നനഞ്ഞ ചിരിയുതിർന്നു .

“ഒരു ആണ് പെണ്ണിനെ തരം താഴ്ത്തി സംസാരിക്കുമ്പോൾ, കൂടെ ചേരുന്നത് മറ്റൊരു പെണ്ണാണെന്നത് ഭയങ്കര അത്ഭുതമാണ് അഖീ. കവള മടൽ എടുത്ത് അടിക്കണ്ടേ അങ്ങിനെയുള്ള പെണ്ണുങ്ങളെ അഖീ? ”

അഖിൽ ചിരിയോടെ വിനിതയുടെ മടിയിൽ കിടന്നു !

” വിനിതഉദ്യേശിച്ചത് ആരെയാണെന്ന് മനസ്സിലായി.

അവർക്ക് ബോധ്യമില്ലാതെ അല്ലേ വിനിതേ. അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം”

“എനിക്കും അവരോട് ദേഷ്യമില്ല അഖീ! അഖിയുടെ അമ്മയും, പെങ്ങൻമാരും എന്റേതും കൂടിയാണ് അവർ ചിലതൊക്കെ പറയുമ്പോൾ ആ സമയത്ത് മുള്ളു കൊള്ളുന്ന വേദനയാണ് – കുറച്ച് കഴിഞ്ഞാൽ മാറും”

” അതാണ് എന്റെ ഭാര്യ വിനിയുടെ നല്ല മനസ്സ്”

” മനസ്സൊക്കെ നല്ലതു തന്നെ. പക്ഷേ അഖി എന്തെങ്കിലും പറഞ്ഞാൽ എനിക്ക് സഹിക്കില്ല ട്ടാ”

അതിനപ്പുറം ആരെങ്കിലും എന്നെ കളിയാക്കുമ്പോൾ, സപ്പോർട്ട് കൊടുക്കുവാൻ തോന്നുമ്പോൾ, ഞാൻ അഖിയുടെ ഭാര്യയാണെന്ന് ഓർമ്മ വേണം”

” എല്ലാം സമ്മതിച്ചു എന്റെ മോളൂ. ഇനി ഒരു നോട്ടം കൊണ്ടോ ,വാക്കു കൊണ്ടോ വിനിയെ ഞാൻ മുറിവേൽപ്പിക്കില്ല കാരണം നീ എന്റെ പ്രിയപ്പെട്ട ഭാര്യ യാണെന്ന് മറക്കാതിരിക്കാൻ വേണ്ടി”

വാശി പിടിച്ച ഒരു കൊച്ചു കുഞ്ഞിനെയെന്ന വണ്ണം വിനീതയെ ബാത്ത് റൂമിലേക്ക് കൊണ്ടു പോകുമ്പോൾ അവന്റെ മനസ്സ് പിടച്ചിലോടെ ഓർക്കുകയായിരുന്നു

നമ്മൾ ആസ്വദിച്ച് പറയുന്ന ഓരോ തമാശയ്ക്കു പിന്നിലും ഇങ്ങിനെ മുറിവേറ്റ എത്ര മനസ്സുകളുണ്ടായിരിക്കും.

ചോരയൊഴുകുന്ന മനസ്സോടെ അവരിപ്പോഴും നമ്മുടെ ചാരെ, നമ്മുടെ തമാശകൾ ആസ്വദിക്കുന്നതു പോലെ ഇരിക്കുന്നുണ്ടാകാം.!!!

നമ്മളെയും കേട്ടിരിക്കുന്ന അവരെ, ഒരു പൂ നുള്ളുന്ന ലാഘവത്തിൽ,ഈ ജീവിതത്തിൽ നിന്ന് നുള്ളി മാറ്റിയ കരുണയില്ലാത്ത -പിശാചുക്കളുമുണ്ടാകാം!

അവർക്ക് മരണത്തിൽ കുറഞ്ഞൊരു ശിക്ഷയും കിട്ടരുതെന്ന പ്രാർത്ഥനയേയുള്ളൂ!”

“എന്താ അഖീ ആലോചിക്കുന്നത്?”

വിനീതയുടെ ചോദ്യം കേട്ട്, നീരണിഞ്ഞ കണ്ണടച്ച് അഖിൽ അവളെയും കൊണ്ട് -ബാത്ത് റൂമിൽ കയറി.

ഷവറിൽ നിന്ന് വീഴുന്ന -തണുത്ത വെള്ളതുള്ളികളേറ്റുവാങ്ങിക്കൊണ്ട്, അഖിൽ വിനീതയെ ശക്തമായി മാറോടമർത്തി നിന്നു.

തങ്ങളെ ഒരിക്കലും വേർപിരിക്കല്ലേയെന്ന പ്രാർത്ഥനയോടെ!

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *