ഒരു കാലത്ത് നമ്മുടെ നാട് വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും പിടിയിലായിരുന്നു .

രചന : – ഉസ്മാൻ ഇരിങ്ങാട്ടിരി

ഒരു കാലത്ത് നമ്മുടെ നാട് വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും പിടിയിലായിരുന്നു . ഉച്ചയ്ക്ക് ചോറുള്ള വീടുകൾ അപൂർവങ്ങളിൽ അപൂർവം . രാത്രിയാവും ചോറുണ്ടാവുക . രാത്രിയിലെ ചോറുവെച്ച കഞ്ഞി

വെള്ളം കളയില്ല . പിറ്റേന്ന് പഴങ്കഞ്ഞിയായി ഉപയോഗിക്കും . മിക്കവാറും അതിലേക്കു കൂട്ടാൻ ചമ്മന്തിയാവും . മറ്റൊന്നും ഇല്ലെങ്കിലും കുറച്ചു മുളക് , ഉപ്പ് ഇവ മാത്രം ചേർത്തി ചമ്മന്തി ഉണ്ടാക്കും .

ഞങ്ങളുടെ ഭാഗങ്ങളിൽ ചമ്മന്തിക്ക് പറഞ്ഞിരുന്ന പേര് ‘പ്പുമ്മളു’ എന്നായിരുന്നു . വലുതായപ്പോൾ ആണ് എങ്ങനെ ആ പേര് വന്നത് എന്ന് മനസ്സിലായത് . ഉപ്പു + മുളക് = പ്പുമ്മുളക് ആയതാവണം . ചില

പുമ്മളുകളിൽ ഉപ്പിനും മുളകിനും പുറമെ ഉള്ളി , പുളി , തേങ്ങ , മാങ്ങ യൊക്കെ ചേർക്കും . ‘മാങ്ങാ പ്പുമ്മളു’ ആയിരുന്നു രാജാവ് . കൂടെ തേങ്ങയും ഉണ്ടെങ്കിൽ കുശാലായി .

ഉപ്പും മുളകും മാത്രം ചേർത്തു അരക്കുന്ന പ്പുമ്മളു വിൽ അല്പം പച്ച വെളിച്ചെണ്ണ ഇറ്റിക്കും . എങ്കിൽ സ്വാദ് കൂടും . മറ്റു ചിലപ്പോൾ വേറെ ഒന്നും ചേർക്കാൻ ഇല്ലെങ്കിൽ പുളിമരത്തിന്റെ ഇളയ ഇലകൾ ഇട്ടു പ്പുമ്മളു

അരക്കും . അന്നൊക്കെ അമ്മിയിൽ അല്ല പുമ്മളു അരക്കുക . മരം കൊണ്ടുണ്ടാക്കിയ അല്പം കുഴിയുള്ള ഒരു ഉപകരണം ഉണ്ടായിരുന്നു . കോരി എന്ന് പറയും .

സ്‌കൂളിലേക്ക് ചോറ് കൊണ്ട് പോകുമ്പോൾ പുളിയില പ്പുമ്മളു കൊണ്ട് പോകും . ‘പച്ചപ്പുമ്മളു’.

മിക്ക കുട്ടികൾക്കും കൂട്ടാൻ പ്പുമ്മളു തന്നെയാവും .

പഴങ്കഞ്ഞി കുടിക്കുമ്പോൾ മറ്റൊരു കൂട്ടാൻ ഓർമ്മയിൽ വരുന്നുണ്ട് . ചുവന്ന മുളക് ചുടുക . എന്നിട്ടു അതിന്റെ മുകളറ്റം അല്പം മുറിക്കുക . അതിനകത്തുള്ള മുളക് കുരു ഒഴിവാക്കുക . മുളകിന്റെ വാലുള്ള ഭാഗത്തു പിടിച്ച് അതിലേക്ക് കുറച്ചു ഉപ്പിടുക . എന്നിട്ടു അതിനകത്തേക്കു കഞ്ഞിവെള്ളം അല്പം ഒഴിക്കുക . വലിച്ചു കുടിക്കുക . എന്താ രസം !! ഒരു വലിയ പിഞ്ഞാണം കഞ്ഞി കുടിക്കാൻ ആ ഒരൊറ്റ ചുവന്ന മുളക് മതിയായിരുന്നു .

ചുവന്ന മുളകും ചുട്ട കശുവണ്ടിയും ഇട്ട പ്പുമ്മളു വും ഉണക്ക മീൻ ചുട്ടു അരച്ച പുമ്മളുവും ഏറെ സ്വാദുള്ളവ തന്നെ .

പുമ്മളുവിന്റെ കാര്യം പറയാൻ കാരണം . നമ്മുടെ പ്രാദേശിക ഭാഷകളുടെയൊക്കെ അടിസ്ഥാനം തേടി പോയാൽ മിക്കപ്പോഴും നല്ല മലയാളം കണ്ടെത്താനാവും എന്ന് സൂചിപ്പിക്കാനാണ്. ഞങ്ങളുടെ ഭാഗങ്ങളിൽ

‘ജന്തുക്കുടിയൻ’ എന്നൊരു പ്രയോഗം ഉണ്ട് . ചീത്ത പറയാൻ ഉപയോഗിക്കുന്ന വാക്ക് . ജന്തു കൂടിയവൻ – ജന്തുവിന്റെ സ്വഭാവം കാണിക്കുന്നവർ എന്നർത്ഥം .

മറ്റൊരു വാക്കാണ് ‘ചക്കൊളത്തി ‘ രണ്ടാം ഭാര്യക്കാണ് ഇങ്ങനെ പറയുക . സത്യം പറഞ്ഞാൽ നല്ല ഒരു മലയാള വാക്കു ലോപിച്ചാണ് ഈ പദം ഉണ്ടായത് . അത് മനസ്സിലായത് മലയാളം കുറെ പഠിച്ചപ്പോൾ

മാത്രമാണ് . ‘സഹകളത്ര ‘ എന്ന നല്ല വാക്കാണ് ചക്കൊളത്തി ആയത് . കളത്ര എന്നാൽ ഭാര്യ എന്നർത്ഥം .

സഹകളത്ര – സഹ ഭാര്യ . ‘ചാദ് ‘ എന്ന ഒരു പ്രയോഗം ഉണ്ട് . ‘നല്ല ചാദുള്ള ചാർ ‘ എന്ന് പറഞ്ഞാൽ ‘നല്ല സ്വാദുള്ള കറി ‘എന്നാണ് . സ്വാദ് , ചാദ് ആയി മാറിയതാണ് .

ഇന്ന് ദാരിദ്ര്യം പടിയിറങ്ങി പോയി . അതോടൊപ്പം നാടൻ ഭാഷയും പ്രയോഗങ്ങളും നാട്ടു കൂട്ടാനുകളും ഭക്ഷണ രീതിയും ഒക്കെ മാറി. ഇലകളുടെയും പച്ചക്കറികളുടെയും സ്ഥാനം കോഴിയും പോത്തും മീനും

കവർന്നെടുത്തു . ഇറച്ചിയും മീനും ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത അവസ്ഥ വന്നു . അതോടൊപ്പം മാരകവും ഭീകരവുമായ രോഗങ്ങളും .

എന്നാലും പഴയ കാലത്തെ ചില ഭക്ഷണങ്ങളുടെയും കൂട്ടാനുകളുടേയും രീതികളുടെയുമൊക്കെ ‘ചാദ് ‘ ഇന്നും നമ്മുടെ മനസ്സിൽ നിന്നും നാക്കിൽ നിന്നും പോയിട്ടില്ല . പോവുകയും ഇല്ല .

കാരണം അതൊക്കെയാണ് നമ്മുടെ ഓർമ്മകളെ ഇത്രയേറെ മധുരതരമാക്കുന്നത് .

രചന : – ഉസ്മാൻ ഇരിങ്ങാട്ടിരി

Leave a Reply

Your email address will not be published. Required fields are marked *