ഇന്നല്ലെങ്കിൽ നാളെ, നമ്മളൊന്നാകേണ്ടവരാണ്, അപ്പാഴെന്തായാലും നിനക്കിതൊന്നും മൂടിവയ്ക്കാൻ കഴിയില്ല….

രചന: സജി തൈപ്പറമ്പ് .

ഇന്നല്ലെങ്കിൽ നാളെ, നമ്മളൊന്നാകേണ്ടവരാണ്, അപ്പാഴെന്തായാലും നിനക്കിതൊന്നും മൂടിവയ്ക്കാൻ കഴിയില്ല….

കല്യാണ രാത്രിയിൽ, താലി കെട്ടിയ പുരുഷനെയും കാത്ത് ,അയാളുടെ വീട്ടിലെ അലങ്കരിച്ച മുറിയിൽ അക്ഷമയോടെ ,മാലിനി ഇരുന്നു.

കൂട്ടുകാരെ ഒന്ന് പറഞ്ഞ് വിട്ടിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളാണ് ,ഇനിയും തിരിച്ച് വന്നിട്ടില്ല

വെറുതെയിരുന്ന് മടുത്തപ്പോൾ ,മേശപ്പുറത്ത് വച്ചിരുന്ന തൻ്റെ മൊബൈലെടുത്തവൾ നെറ്റ് ഓൺ ചെയ്തു, തുരുതുരാ വന്ന മെസ്സേജുകൾക്കിടയിൽ കിടന്ന ,അഖിലിൻ്റെ മെസ്സഞ്ചർ നോട്ടിഫിക്കേഷൻ കണ്ട് അവളൊന്ന് ഞെട്ടി.

ഇന്ന് നിൻ്റെ കല്യാണമായിരുന്നല്ലേ? അന്ന് ഞാനൊരു ഫോട്ടോ ചോദിച്ചതിൻ്റെ പേരിലല്ലേ? നീ എന്നെ വേണ്ടെന്ന് വച്ചത് ,പക്ഷേ നിന്നെ താലികെട്ടിയവനെ കുറിച്ച് നിനക്കെന്തറിയാം ,അവനും പണ്ട് എന്നെപ്പോലെ ആയിരുന്നില്ല എന്ന് നിനക്ക് ഉറപ്പൊന്നുമില്ലല്ലോ ? നീ വലിയ അന്തസ്സുള്ളവളാണെന്നല്ലേ എന്നോട് പറഞ്ഞത് ,നിൻ്റെ അന്തസ്സ് കൊണ്ട് നീ എന്ത് നേടിയെന്ന് എനിക്കൊന്നറിയണം, വിളിച്ചില്ലെങ്കിലും, നിനക്ക് എൻ്റെ വിവാഹാശംസകൾ നേരുന്നു.

ആ മെസ്സേജ് ഒരു ഭീഷണിയാണെന്ന് അവൾക്ക് മനസ്സിലായി .

ഒരിക്കൽ താനും അഖിലും തമ്മിൽ ഇഷ്ടത്തിലായിരുന്നു ,ഫെയ്സ് ബുക്കിലൂടെ ഫ്രണ്ട്സ് ആയി ,മെസ്സഞ്ചറിലൂടെ പരിചയം വളർന്ന്, ഒടുവിൽ പരസ്പരം കാണാതെ തന്നെ ,മനസ്സ് കൊണ്ട് അടുത്ത് പ്രണയം മൂർച്ഛിക്കുകയായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, അവന് തന്നെയൊന്ന് കാണണമെന്നും, തൻ്റെയൊരു ഫോട്ടോ അയക്കുമോ എന്നും ചോദിച്ചു.

തനിക്കതിൽ അസ്വാഭാവികതയൊന്നും തോന്നാതിരുന്നത് കൊണ്ട്, ഒരു സെൽഫി എടുത്ത് അയച്ച് കൊടുത്തു.

മെസ്സഞ്ചറിൽ അവനാവശ്യപ്പെട്ടത് പ്രകാരം, ഫോട്ടോ അയച്ചപ്പോൾ,അഖിൽ പിന്നീട് ചോദിച്ചത് ,തൻ്റെ സാരിയുടുത്ത ഒരു ഫോട്ടോ ആയിരുന്നു.

മാലിനി, രണ്ട് മൂന്ന് പൊസിഷനിൽ നിന്നെടുത്ത സെൽഫി അവനയച്ച് കൊടുത്തിട്ടും, അയാൾക്ക് തൃപ്തിയായില്ല , പിന്നെയും ഓരോന്ന് ചോദിച്ച് കൊണ്ടിരുന്നു, അവസാനം അവൾ തുറന്ന് ചോദിച്ചപ്പോഴാണ്, അഖിലത് പറഞ്ഞത്.

“ഞാനുദ്ദേശിച്ചത്, ഈ ഫോട്ടോ അല്ല, സാരിയുടുക്കുന്നതിന് മുമ്പുള്ള ഒരു വേഷമില്ലേ ?ബ്ളൗസും അടിപ്പാവാടയും മാത്രം ധരിച്ചുള്ളത് ,ആ വേഷത്തിലൊരു ഫോട്ടോ ഇങ്ങോട്ടയക്ക്”

“സോറി അഖിൽ ,നീയെൻ്റെ ശരീരത്തെയാണോ സ്നേഹിക്കുന്നത് ,അതിനാണോ എൻ്റെ അർദ്ധനഗ്ന മേനി കാണാൻ നീ ആഗ്രഹിക്കുന്നത് ,നമ്മൾ തമ്മിൽ പരസ്പരം കാണാതെ വെറും സംസാരത്തിലൂടെ മാത്രം പ്രണയം പങ്ക് വച്ചവരാണ്,അന്നൊക്കെ നീയെന്നോട് പറഞ്ഞത്, പ്രണയം മാംസനിബിഡമല്ല ,മനസ്സുകൾ തമ്മിലുള്ള ഐക്യമാണെന്നാണ് , അത് കേട്ട് ഞാൻ നിന്നെ ഒരു പാട് വിശ്വസിച്ചു, അത് കൊണ്ടാണ് നീ, എൻ്റെ ഫോട്ടോ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് പറഞ്ഞപ്പോൾ, മടി കൂടാതെ ഞാനതയച്ച് തന്നത്”

“എൻ്റെ മാലിനീ.. നീ ,ഈ നൂറ്റാണ്ടിൽ തന്നെയാണോ ജീവിക്കുന്നത്, ഇന്നല്ലെങ്കിൽ നാളെ, നമ്മളൊന്നാകേണ്ടവരാണ്, അപ്പാഴെന്തായാലും നിനക്കിതൊന്നും മൂടിവയ്ക്കാൻ കഴിയില്ല ,കുറച്ച് നാൾ കഴിഞ്ഞ് ഞാൻ തന്നെ കാണേണ്ടതൊക്കെ ഇത്തിരി നേരത്തെ കാണുന്നു അത്രേയുള്ളു ,അതിലെന്താണിത്ര തെറ്റ്”

“അഖിലിനെ പോലെയുള്ളവർക്ക് അതൊരു തെറ്റായി തോന്നില്ല ,പക്ഷേ എന്നെപ്പോലെയുള്ള സ്ത്രീകൾ ശരീരത്തിൻ്റെ ഓരോ കോണും മറച്ച് വയ്ക്കുമ്പോൾ ,ഞങ്ങൾ ഉയർത്തിക്കാട്ടുന്നത് ഞങ്ങളുടെപാരമ്പര്യത്തെയാണ്, പൂർവ്വികരായിട്ട് ഞങ്ങൾക്ക് പകർന്ന് തന്ന ഒരു സംസ്കാരത്തെയാണ്, അത് കൊണ്ടാണ് ഞങ്ങൾ അന്തസ്സോടെ ജീവിക്കുന്നത്, അതൊരു പക്ഷേ ,സമ്പത്ത് കൊണ്ട് നേടിയെടുക്കാനാവില്ല ,ഇന്ന് നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ട്, ഞാൻ നിൻ്റെ ആഗ്രഹം സാധിച്ച് തന്നാൽ ,നാളെ നീ തന്നെ തിരിഞ്ഞ് നിന്ന് എൻ്റെ അന്തസ്സിനെ ചോദ്യം ചെയ്യും, ഒരു പെണ്ണിന് ആരുടെ മുന്നിലും തൻ്റേടത്തോടെ സംസാരിക്കാൻ കഴിയണമെങ്കിൽ, ആദ്യം വേണ്ടത് ആത്മാഭിമാനമാണ്, അത് നിൻ്റെ മുന്നിൽ പണയം വയ്ക്കാൻ ഞാൻ തയ്യാറല്ല”

അന്ന് വേർപിരിഞ്ഞതാണ് താനും അഖിലും, പിന്നെ ഒരിക്കൽ പോലും അവൻ മെസഞ്ചറിൽ വന്നിട്ടില്ല ,ഒരിക്കൽ പോലും താനവൻ്റെ രൂപം കണ്ടിരുന്നില്ല, അവൻ തൻ്റെ ഫോട്ടോ ആവശ്യപ്പെട്ടപ്പോഴും, അവനെയൊന്ന് കാണണമെന്ന് താൻ പറഞ്ഞില്ല ,കാരണം കാണാതെ തന്നെ, തനിക്കവനെ ഒത്തിരി ഇഷ്ടമായിരുന്നു, കാണാതെയിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു, അല്ലങ്കിൽ ഒരു പക്ഷേ ജീവിതത്തിലെപ്പോഴെങ്കിലും, ആ മുഖം കാണുമ്പോൾ അഭിമുഖീകരിക്കാൻ തനിക്ക് ബുദ്ധിമുട്ട് തോന്നിയേനെ

പഴയ കാര്യങ്ങളോർത്ത് കൊണ്ട് മാലിനി ,എന്ത് ചെയ്യണമെന്നറിയാതെ നിന്നു.

പെട്ടെന്നാണ് വാതിൽ തുറന്ന് കൊണ്ട് ,അവളുടെ ഭർത്താവ് മഹേഷ് കയറി വന്നത്.

അയാളെ കണ്ടതും, ഞെട്ടലോടെ മാലിനി തൻ്റെ ഫോൺ മറച്ച് പിടിച്ചു .

“എന്ത് പറ്റി മാലിനീ എന്താ ഒരു വല്ലായ്ക”

“ഹേയ് ഒന്നുമില്ല”

തൻ്റെ കള്ളത്തരം പിടിക്കപ്പെട്ടത് പോലെ ,അവൾ വിയർക്കാൻ തുടങ്ങി.

“മാലിനി ഇവിടെ വന്നിരിക്കു, നമ്മുടെ ആദ്യരാത്രിയല്ലേ? ഇന്ന് ഒരു പാട് കാര്യങ്ങൾ നമുക്ക് സംസാരിക്കാനും പങ്ക് വയ്ക്കാനുമുണ്ട് ,ഇനി മുതൽ നമുക്കിടയിൽ രഹസ്യങ്ങളൊന്നും പാടില്ല ,പറയു ,മാലിനിയുടെ മുൻകാല ജീവിതത്തെക്കുറിച്ച്, തന്നെ ആരെങ്കിലും പ്രണയിച്ചിരുന്നോ? അല്ലെങ്കിൽ തനിക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ?

ആ ചോദ്യം അവളെ തളർത്തിക്കളഞ്ഞു, താൻ ഇല്ലെന്ന് പറഞ്ഞാൽ, അതൊരു കളവാവില്ലേ? അല്ലെങ്കിൽ തന്നെ തൻ്റെ മൊബൈലിൽ വന്ന അഖിലിൻ്റെ മെസ്സേജ്, അദ്ദേഹം കണ്ടാൽ എല്ലാം അതോടെ തീരില്ലേ?

വിഷണ്ണയായി അവൾ നിന്നു.

‘ങ്ഹാ, അല്ലെങ്കിൽ വേണ്ട ,എൻ്റെ കാര്യം തന്നെ ഞാനാദ്യം പറയാം, എനിക്കൊരു പ്രണയമുണ്ടായിരുന്നു പരസ്പരം കാണാതെ, വെറും വാക്കുകളിലൂടെ മാത്രം ഞങ്ങൾ മനസ്സ് പങ്ക് വച്ചു, ഞങ്ങളുടെ ചിന്താഗതികളും, അഭിരുചികളും ഒന്നാണെന്നറിഞ്ഞപ്പോൾ, ഞങ്ങൾ ഒന്ന് കൂടി അടുത്തു, അങ്ങനെയിരിക്കെ ,എനിക്കൊരു സംശയം ,ഒരിക്കൽ പോലും കാണാതെ ഒരു പെൺകുട്ടിക്ക്, ഒരു പുരുഷനെ ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമോ എന്ന്, ദിവസേന ഇങ്ങനെ എഫ്ബി യിലൂടെയും മറ്റും, പ്രണയിക്കുകയും ,ഒരു സുപ്രഭാതത്തിൽ ഒളിച്ചോടി, ഒന്നിച്ച് ജീവിക്കാനും തയ്യാറാകുകയും ചെയ്യുന്ന, ഇത്തരം സ്ത്രീ പുരുഷൻമാർ ആദ്യ ദിവസങ്ങളിലെ ഇണയുടെ ചൂടും ചൂരും അറിഞ്ഞ് കഴിയുമ്പോൾ, പിന്നീട് മടുപ്പ് തോന്നി പിരിഞ്ഞ് പോകുന്ന വാർത്തകൾ ഒരു പാട് കേട്ടിട്ടുണ്ട് ,അത് കൊണ്ട് അവളുടെ നിലവാരം എത്രത്തോളമുണ്ടെന്നറിയാൻ ഞാനവളെയൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ,

അങ്ങനെ ഒരു ദിവസം, ഞാനവളോട് ഒരു അർദ്ധനഗ്ന ഫോട്ടോ ,ആവശ്യപ്പെട്ടു ,പക്ഷേ എൻ്റെ സംശയങ്ങളെല്ലാം അസ്ഥാനത്താക്കി , അവളെന്നോട് വളരെ രൂക്ഷമായി പ്രതികരിച്ചു. നിഷ്കരുണം അവളെന്നെ തള്ളിപ്പറഞ്ഞു, അവളാണ് യഥാർത്ഥ സത്രീ എന്ന് ഞാൻ മനസ്സിലാക്കി ,ഇത് കേട്ടിട്ട് മാലിനിക്കെന്ത് തോന്നുന്നു ,മാലിനിയായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു

ടപ്പേ..

ചെകിട്ടത്തൊരടിയായിരുന്നു അവളുടെ മറുപടി.

“ഒരിക്കൽ പോലും നിങ്ങളെ ഞാൻ കാണാതിരുന്നത് എത്ര നന്നായി, ഇല്ലായിരുന്നെങ്കിൽ ഈ അടി ,അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ ഞാൻ തന്നേനെ”

അത്രയും പറഞ്ഞവൾ ,അവൻ്റെ നെഞ്ചിലേക്ക് വീണപ്പോൾ, അയാൾ തൻ്റെ ബലിഷ്ഠ കരങ്ങൾക്കുള്ളിൽ, അവളെ വരിഞ്ഞ് മുറുക്കി.

രചന: സജി തൈപ്പറമ്പ് .

Leave a Reply

Your email address will not be published. Required fields are marked *