നിന്റെ മാത്രം സ്വന്തം ഭാഗം 33

മുപ്പത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 32

ഭാഗം 33

ദിവസങ്ങളും മാസങ്ങളും കടന്നുപോയി…… വീട് മുഴുവൻ പുതിയ അതിഥികളെ വരവേൽക്കാൻ ഒരുങ്ങി നിന്നു…. വർഷയുടെയും ദെച്ചുവിന്റയും പുറകെയായിരുന്നു ഒരു കുടുംബം മുഴുവനും…..

ഒൻപതാം മാസം തുടങ്ങിയപ്പോൾ വർഷ ലീവ് എടുത്ത് വീട്ടിൽ റസ്റ്റ് എടുത്തു……… അക്കു ബിസിനസ് മുഴുവനും അചഛനെ നോക്കാൻ ഏൽപ്പിച്ച് വർഷയുടെ കൂടെയായിരുന്നു…..

മനുവും ഒരുപാട് ഉയരങ്ങളിലേക്ക് വളർന്നു കൊണ്ടിരുന്നു……..പുതിയ ചില പ്രൊഡക്ട് മനുവിന്റെ കമ്പനി ഇൻട്രൊടൂസ് ചെയ്തു…. അത് വിജയിച്ചതോടെ

പ്രൊഡക്ട് വിദേശ മാർക്കറ്റുകളിൽ കയറ്റി അയക്കാൻ തുടങ്ങി…. ആദർശ് മനുവിന് നല്ലൊരു സപ്പോർട്ടായി കൂടെ നിന്നു…….അവനും അതിൽ

പാർട്ട്ണറായി….ബിസിനസ്സിൽ പുതിയ മേഖലകളിലേക്ക് അവൻ കടന്നു……അറിയപ്പെടുന്ന ഒരു ബിസിനസ് മാനായി വളർന്നെങ്കിലും

കുഞ്ഞെന്ന നോവ് അവന്റെ മനസ്സിന്റെ ഒരു കോണിൽ ഒളിപ്പിച്ചിരുന്നു…

അച്ചുവും മനുവും വളരെ സ്നേഹത്തിൽ തന്നെയാണ് മുൻപോട്ടു പോയത്..എന്നാലും ചെറിയൊരു അകലം തങ്ങൾക്കിടയിൽ ഉണ്ടെന്ന് മനുവിന് തോന്നിയിരുന്നു…….

ഒരു ദിവസം രാവിലെ മനു ഹാളിലെ സോഫയിലിരുന്നു ലാപ്പിൽ അത്യാവശ്യം മെയിലുകൾ നോക്കിയിരുന്നു…… അപ്പുറത്തായി വർഷയും അക്കുവും ഉണ്ട്…. ആദി ദെച്ചുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു….

അക്കു വർഷയുടെ വയറിൽ കൈ വച്ച് കുഞ്ഞിന്റെ അനക്കം നോക്കുകയും അതിനോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്….

മനു ഇടയ്ക്കിടെ അവരെ പാളി നോക്കി… കുഞ്ഞിന്റെ ചലനമറിയുമ്പോൾ അവന്റെ മുഖം വിടരുന്നതും അവന്റെ സന്തോഷവും മനു നോക്കിയിരുന്നു……

അക്കു കുഞ്ഞിനോട് സംസാരിച്ചു തിരിഞ്ഞപ്പോളാണ് അവരെ ഇടയ്ക്കിടെ നോക്കുന്ന മനുവിനെ കണ്ടത്….അക്കു നോക്കുന്നത് കണ്ട് മനു പെട്ടെന്ന് ലാപ്പിൽ ശ്രദ്ധിക്കുന്നത് പോലെയിരുന്നു……….

അക്കു വർഷയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു……

“മനുവേട്ടാ……” വർഷ വിളിയ്ക്കുന്നത് കേട്ട് അവൻ മുഖമുയർത്തി അവളെ നോക്കി……

“ഒന്ന് ഇവിടെ വന്നിരിക്കോ……”

“എനിക്ക് കുറച്ചു പണിയുണ്ടായിരുന്നു….എന്താ…..”

“ഒന്നു വാ മനൂ….ഗർഭിണിയായ ഒരു പെൺകൊച്ച് വിളിക്കുന്നതല്ലേ……” അക്കു പറഞ്ഞത് കേട്ട് മനു ഒരു മടിയോടെ എഴുന്നേറ്റ് വർഷയുടെ അടുത്ത് പോയിരുന്നു…..

“എന്താ മോളെ…..നിനക്ക് എന്തെങ്കിലും കഴിക്കാൻ വേണോ….മനുവേട്ടൻ ഉണ്ടാക്കിത്തരാം……” മനു വാത്സല്യത്തോടെ അവളോട് ചോദിച്ചു……

“ഒന്നും വേണ്ട …മനുവേട്ടൻ ഇവിടിരിക്ക്…..”

വർഷ അവന്റെ വലതു കൈ പിടിച്ചു അവളുടെ വയറിൽ വച്ചു….. കുഞ്ഞിന്റെ ചലനങ്ങൾ അവന്റെ കൈയ്യിൽ തട്ടിയപ്പോൾ ഞെട്ടലോടെയും അദ്ഭുതത്തോടെയും അവൻ വർഷയെ നോക്കി….. അവന്റെ കണ്ണ് നിറഞ്ഞു….പെട്ടെന്ന് അവൻ എഴുന്നേറ്റു മുകളിലേക്ക് പോയി…….

കണ്ണ്തുടച്ച് മുകളിലേക്ക് കയറിപ്പോകുന്ന മനുവിനെ അക്കു സംശയത്തോടെ നോക്കിയിരുന്നു……

മനു മുറിയിൽ കയറി മുഖം പൊത്തി കരഞ്ഞു… അവന് നിഷേധിച്ച പ്രിയപ്പെട്ട നിമിഷങ്ങളെകുറിച്ച് ഓർത്തപ്പോൾ അവന് സങ്കടം സഹിക്കാൻ പറ്റിയില്ല…. താൻ ഒറ്റപ്പെട്ട് വളർന്നു വന്ന ദിനങ്ങൾ അവന് മുന്നിൽ തെളിഞ്ഞ് നിന്നു…… കുറച്ചു ആശ്വാസം കിട്ടിയപ്പോൾ അവൻ ബാത്ത്‌റൂമിലേക്ക് കയറി ഷവർ തുറന്നു അതിന്റെ കീഴിൽ നിന്നു….തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകിയിട്ടും മനസ്സ് ചുട്ട് പൊള്ളുന്നതായി അവന് തോന്നി…….

അക്കു മനുവിനെ അന്വേഷിച്ച് മുറിയിലേക്ക് വന്നു….

“മനൂ……കുളിക്കയാണോ….”

“അതെ……എന്താ അക്കൂ…..”

“ആദിയേട്ടൻ വിളിച്ചിരുന്നു….. ദെച്ചുചേച്ചിയെ അഡ്മിറ്റ് ചെയ്തൂന്ന്…..മനു റെഡിയായി വാ നമുക്കു അങ്ങോട്ടൊന്നു പോയിട്ട് വരാം…..”

“ഒരു പത്ത് മിനിറ്റിനുള്ളിൽ വരാം….അക്കു പോയി റെഡിയായിക്കോ……..”

മനു ബാത്ത്‌റൂമിൽ നിന്ന് പറഞ്ഞത് കേട്ട് അക്കു പുറത്തേക്ക് പോകാൻ തിരിഞ്ഞു പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു….. മേശയിലിരുന്ന മനുവിന്റെ ഡയറി കണ്ട് എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു…….

‘മനുവിന്റെ മനസ്സിൽ എന്തോ വേദനയുണ്ട്…. ചോദിച്ചാലും പറയില്ല….അറിയാൻ ഡയറി തന്നെ ശരണം……’ അവൻ പെട്ടെന്ന് ഡയറിയെടുത്ത് പുറത്തേക്ക് പോയി…..

“അക്കൂ…..പോകാം……. വർഷയെ കൊണ്ടു പോകുന്നുണ്ടോ…..”

റെഡിയായിരിക്കുന്ന വർഷയെ കണ്ട് മനു സംശയത്തോടെ ചോദിച്ചു…..

“കൊണ്ടു പോകാം മനൂ…അമ്മമാരും വരുന്നുണ്ട്….. അച്ഛൻ ഓഫീസിലല്ലേ ….ആദർശും അച്ഛനും അങ്ങോട്ടേക്ക് വന്നോളും……” അക്കു പറഞ്ഞു കൊണ്ട് സോഫയിൽ നിന്ന് എഴുന്നേറ്റു വർഷയുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു…. അമ്മമാരും റെഡിയായി വന്നപ്പോൾ എല്ലാവരും പോകാനിറങ്ങി……

മനുവാണ് ഡ്രൈവ് ചെയ്തത്….ഇടയ്ക്ക് അച്ചുവിന്റെ ഫോൺ വന്നപ്പോൾ മനു വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി…

“അച്ചു വിളിക്കുന്നുണ്ട്….” പറഞ്ഞുകൊണ്ട് മനു ഫോണെടുത്തു…. അച്ചുവിന്റെ പേര് കേട്ടതും അക്കുവിന്റെ മുഖം വലിഞ്ഞ് മുറുകി…..ദേഷ്യം കൊണ്ട് അവന്റെ കണ്ണ് ചുവന്നു…..

“ഹലോ……മോളെ…..” ………………

“മ്….” ………………

“ശരി………..”

ഫോൺ വച്ചു കൊണ്ട് മനു അക്കുവിന്റെ നേരെ തിരിഞ്ഞു…………….

“അച്ചുവിന്റെ ഹോസ്റ്റലിൽ ഫുഡിന്റെ എന്തോ പ്രശ്നം സ്റ്റുഡൻസൊക്കെ സമരത്തിലാണെന്ന്……അതുകൊണ്ട് ഹോസ്റ്റൽ അടച്ചു…. അവളെ പോയി കൊണ്ടു വരണം……”

“ശരി മനൂ….നമുക്കു പോയിട്ട് നോക്കാം….” അക്കു പറഞ്ഞത് കേട്ട് മനു വണ്ടിയെടുത്തു……

ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിർത്തി.. മനു പെട്ടെന്ന് ഇറങ്ങി വർഷയുടെ സൈഡിലെ ഡോർ തുറന്ന് അവളെ സൂക്ഷിച്ചു കൈ പിടിച്ചു വണ്ടിയിൽ നിന്ന് ഇറക്കി…..അതിനിടയിൽ അക്കു ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു……

“അക്കു എങ്ങോട്ട് പോകുന്നു….” മനു അവന്റെ അടുത്ത് വന്ന് ചോദിച്ചു….

“അച്ചുവിനെ ഞാൻ പോയി വിളിച്ച് കൊണ്ടു വരാം മനൂ….”

“ഞാൻ പോകാം അക്കൂ… നീ ഇവിടെ വർഷയുടെ കൂടെ നിൽക്ക്….”

അക്കുവിന്റെ മുഖം ഗൗരവത്തിൽ ഇരിക്കുന്നത് കണ്ട് മനു ചോദ്യഭാവത്തിൽ അവനെ നോക്കി… മനു നോക്കുന്നത് കണ്ട് അക്കു ഗൗരവം മാറ്റി അവനെ നോക്കി പുഞ്ചിരിച്ചു……..

“എനിക്ക് ഹോസ്റ്റലിനടുത്ത് ഒരാളെ കാണാനുണ്ടായിരുന്നു…വൈകുന്നേരം പോവാനിരുന്നതാ…..ഇനിയിപ്പോൾ അച്ചുവിനെയും വിളിക്കാം അയാളെ കാണുകയും ചെയ്യാം …ഇവിടെ മനു ഉണ്ടല്ലോ…. അച്ഛനും ആദർശും വരും…പിന്നെ ആദിയേട്ടൻ അകത്തുണ്ട്……”

“എന്നാൽ ശരി….പോയിട്ട് പെട്ടെന്ന് വാ…..”

എല്ലാവരോടും യാത്ര പറഞ്ഞ് അക്കു ഹോസ്റ്റലിലേക്ക് പോയി…..

അച്ചു ബാഗുമായി ഹോസ്റ്റലിന് മുന്നിൽ കാത്ത് നിന്നു….. അക്കു കാർ കൊണ്ട് അടുത്ത് നിർത്തിയതും അവൾ ബാഗെടുത്ത് ബാക്ക് സീറ്റിൽ വച്ച് മുന്നിൽ കയറിയിരുന്നു…..

“അക്കുച്ചേട്ടനെന്താ മുഖത്തൊരു ഗൗരവം….. മനുവേട്ടനെവിടെ……ദെച്ചുചേച്ചിയ്ക്ക് എങ്ങനെയുണ്ട്……”

അക്കു അവൾ പറഞ്ഞതിനൊന്നും മറുപടി പറയാതെ വണ്ടിയെടുത്തു….. കാർ സ്ഥിരം പോകുന്ന വഴിയിൽ നിന്ന് മാറി പോകുന്നത് കണ്ടപ്പോൾ അച്ചു ചോദ്യഭാവത്തിൽ അക്കുവിനെ നോക്കി…… അവന്റെ മുഖം ദേഷ്യത്തിൽ ചുവന്നിരിക്കുന്നത് കണ്ട് അവൾ ഒന്നും ചോദിച്ചില്ല….അവൻ പല്ലുകൾ കൂട്ടിപ്പിടിച്ച് ദേഷ്യം നിയന്ത്രിക്കാൻ പാട് പെടുന്നതായി അച്ചുവിന് തോന്നി………

കാർ ബീച്ചിലെത്തി…..വണ്ടി നിർത്തി അക്കു ധൃതിയിൽ പുറത്തേക്കിറങ്ങി… അച്ചുവിന്റെ സൈഡിലെ ഡോർ തുറന്നു അവളെ ബലമായി പിടിച്ചിറക്കി കുറച്ചു തിരക്കില്ലാത്ത ഭാഗത്തേക്ക് കൊണ്ട് പോയി…… അച്ചു ഒന്നും മനസ്സിലാവാതെ അവന്റെ കൂടെ നടന്നു…… അക്കു അവളിലെ പിടി വിട്ട് കൈവീശി അവളുടെ കവിളിൽ ഒരെണ്ണം പൊട്ടിച്ചു……

അച്ചു ഷോക്കേറ്റതു പോലെ കവിളിൽ കൈ വച്ച് തരിച്ചു നിന്നു….കണ്ണുകൾ നിറഞ്ഞൊഴുകി……..

“ഇതുവരെ നുള്ളിനോവിച്ചിട്ടില്ല നിന്നെ….എല്ലാവരും കൂടി കൊഞ്ചിച്ചു വഷളാക്കി നിന്നെ……നല്ല തല്ല് നേരത്തെ തന്ന് വളർത്തിയിരുന്നെങ്കിൽ നീ ഇങ്ങനെ ആവില്ലായിരുന്നു……..രാജകുമാരിയെപ്പോലെ കൊണ്ട് നടന്നു….നിനക്ക് ഇത്ര അഹങ്കാരം വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഞാൻ…..”

അവൾ കരയുന്നത് കണ്ടിട്ടും അവന്റെ മനസ്സ് അലിഞ്ഞില്ല…… അവളുടെ കൈയ്യിൽ ബലമായി പിടിച്ച് അമർത്തി അവളെയൊന്നു ഉലച്ചു……..

“നീ മനുവിനെ വേദനിപ്പിച്ചു…. അവൻ ഉരുകി ജീവിക്കയായിരുന്നെന്ന് ഞാനറിഞ്ഞില്ല…..ഇന്ന് അവന്റെ ഡയറി കിട്ടിയപ്പോളാണ് ഞാൻ എല്ലാം അറിഞ്ഞത്….”

അച്ചുവിന് കാര്യം മനസ്സിലായി… അവള് തല കുനിച്ചു നിന്നു….

“അവനൊരു പാവമല്ലേടീ…..ഒരു അനാഥൻ…. നിന്നെ തലയിൽ വച്ചല്ലേ കൊണ്ടു നടക്കുന്നത്…. എന്തെങ്കിലും കുറവ് നിനക്ക് വരുത്തുന്നുണ്ടോ…. നിന്റെ പേരിലാണ് അവന്റെ സകല സമ്പാദ്യവും അറിയുവോ നിനക്ക്…..ഭക്ഷണം കഴിച്ചെന്ന് നിന്റെ മെസേജ് വന്നതിന് ശേഷം മാത്രമേ അവൻ കഴിയ്ക്കാൻ പോലും ഇറങ്ങി വരൂ…..നിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നാൽ അവൻ പട്ടിണി കിടക്കും അറിയുവോ നിനക്ക്……”

അച്ചു തേങ്ങിക്കരഞ്ഞു……

“ഏതുനേരവും അച്ചൂ അച്ചൂ എന്ന് വിചാരിച്ച് നടക്കുന്ന അവനെയാ നീ വേദനിപ്പിച്ചെ…… എങ്ങനെ തോന്നിയെടീ നിനക്ക്….സ്നേഹിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ട് ജീവിച്ചവനാണ്……അവൻ കൊതിച്ചു നടക്കുന്നത് പണത്തിനോ സമ്പാദ്യത്തിനോ അല്ല….സ്നേഹത്തിന് വേണ്ടിയാണ്….. നീ കുറച്ച് സ്നേഹം കൊടുത്തപ്പോൾ അവൻ നിനക്ക് പ്രാണൻ തന്നെ തന്നു……എന്റെ മനസ്സിൽ അച്ഛനും അമ്മയ്ക്കും ഒപ്പം സ്ഥാനം ഞാൻ അവന് കൊടുത്തിട്ടുണ്ട്…എന്റെ ജീവനാണവൻ….അവനെ വേദനിപ്പിക്കുന്നത് സ്വന്തം സഹോദരിയാണെങ്കിൽ കൂടി ഞാൻ വെറുതെ വിടില്ല……..”അക്കു നിന്ന് കിതച്ചു…..

അച്ചുവിന്റെ കരച്ചിൽ കൂടി വന്നു……….

“പറ…എനിക്കറിയണം……അവന്റെ കുഞ്ഞെന്ന സ്വപ്നം നീയെന്തിന് അവഗണിച്ചു…. അത് പറയാതെ നിന്നെ ഞാൻ വിടില്ല…..”

“അക്കുച്ചേട്ടാ…..ഞാൻ…… എനിക്ക്…. മനുവേട്ടനെ……” അച്ചുവിന് സങ്കടം കാരണം വാക്കുകൾ ഇടറിയിരുന്നു….. അവൾ കരച്ചിലടക്കാൻ പാടുപെട്ടു……

മുപ്പത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 34

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *