അമ്മത്തൊട്ടിൽ….

രചന: സജി തൈപ്പറമ്പ് .

“സീമേ.. ബ്ളൗസ് മുഴുവൻ നനഞ്ഞല്ലോ ?

മുന്താണിക്കിടയിലൂടെ, സീമയുടെ നനഞ്ഞ് കുതിർന്ന നിറഞ്ഞ മാറിടം നോക്കി, അടുത്തിരുന്ന ഷീല അവളോട് പറഞ്ഞു.

“ങ്ഹാ ചേച്ചീ.. കുഞ്ഞ് കുടിക്കേണ്ട സമയം കഴിഞ്ഞില്ലേ?എനിക്കാണെങ്കിൽ പാല് നിറഞ്ഞിട്ട് ,വല്ലാതെ കഴക്കുകയും ചെയ്യുന്നു.”

“താനൊരു കാര്യം ചെയ്യ്, ബാത്റൂമിൽ പോയിട്ട് കുറച്ച് പിഴിഞ്ഞ് കളയ് ,അല്ലെങ്കിൽ ആകെ ബുദ്ധിമുട്ടാകും”

ഷീലേച്ചിയുടെ നിർദ്ദേശപ്രകാരം, സീമ ബാത്രൂമിലേക്ക് പോയി.

കോമൺ ബാത്റൂമായത് കൊണ്ട്, അവൾ അകത്ത് കയറി, കതകടച്ച് ഭദ്രമായി കുറ്റിയിട്ടു.

എന്നിട്ട് ,ബ്ളൗസിൻ്റെ ഹുക്കുകൾ വിടർത്തിയിട്ട് ,മാറിടങ്ങൾ ഓരോന്നായ് പുറത്തെടുത്ത്, കൈവിരലുകൾ കൊണ്ടമർത്തി കുറെശ്ശെ പാല് പിഴിഞ്ഞ്, വാഷ് ബെയ്സനിലേക്ക് കളഞ്ഞു.

തൻ്റെ കുഞ്ഞ് കുടിക്കേണ്ട പാലാണ്, താനിങ്ങനെ പാഴാക്കി കളയുന്നത് എന്നോർത്തപ്പോൾ, അവൾക്ക് വല്ലാത്ത സങ്കടം തോന്നി.

പ്രസവം കഴിഞ്ഞ് മൂന്ന് മാസമേ ആയിട്ടുള്ളു, അപ്പോഴേക്കും ലീവ് തീർന്നു ,കുറച്ച് ദിവസം കൂടി ലീവ് എക്സ്റ്റൻ്റ് ചെയ്യാൻ ആപ്ളിക്കേഷൻ കൊടുത്തെങ്കിലും, അനുവദിച്ച് കിട്ടിയില്ല, വേണമെങ്കിൽ ലോസ് ഓഫ് പേ എടുത്ത് കൊള്ളാൻ പറഞ്ഞു ,പക്ഷേ ശബ്ബളം കിട്ടില്ലല്ലോ, അത് കൊണ്ട് വേണ്ടെന്ന് പറഞ്ഞു.

പെൺമക്കളെ കെട്ടിച്ചു വിട്ട കടങ്ങൾ തീർക്കാൻ വേണ്ടിയാണ്, മകനെ കൊണ്ട് ജോലിയുള്ള പെണ്ണിനെ തന്നെ കല്യാണം കഴിപ്പിച്ചതെന്ന്, അമ്മായി അമ്മ എപ്പോഴും പറയാറുണ്ട്.

അങ്ങനെയുള്ളപ്പോൾ, ശബ്ബളമില്ലാതെ ലീവെടുത്ത് വീട്ടിൽ നിന്നാൽ, അവരുടെ മുഖം കറുക്കും, മാത്രമല്ല കുത്ത് വാക്കും ,കോള് വാക്കും കൊണ്ട്, ചിലപ്പോൾ തൻ്റെ സ്വസ്ഥതയും സമാധാനവും പോയെന്നിരിക്കും ,എന്തായാലും കുറച്ച് നാള്, തൻ്റെ കുഞ്ഞ് മുലപ്പാലിനായി കരഞ്ഞ് കൊണ്ടിരിക്കും ,താനിത് പോലെയെന്നും നെഞ്ച് വേദന സഹിക്കേണ്ടിയും വരും ,സഹിക്കുക തന്നെ ,അല്ലാതെ വേറെ വഴിയില്ലല്ലോ

പെട്ടെന്ന് കതകിൽ മുട്ടുന്ന ശബ്ദം കേട്ട് സീമ ,ബ്ളൗസും , സാരിയും നേരെയാക്കി വേഗം വാതില് തുറന്നു.

ക്ളർക്ക് വിനോദായിരുന്നു അത് .

“ങ്ഹാ, മേഡമായിരുന്നോ? ഞാൻ കരുതി ആ പ്യൂൺ ഗോപാലനായിരിക്കുമെന്ന് , അവനിത് പോലെ ബാത്റൂമിൽ കയറി, ഏറെ നേരം ഇരിക്കുന്ന പതിവുണ്ട്”

അയാളുടെ മുഖത്ത് നോക്കി, ഒന്ന് മന്ദഹസിച്ചിട്ട് സീമ വേഗം തൻ്റെ സീറ്റിലേക്ക് പോയി.

കമ്പ്യൂട്ടറിൻ്റെ മുന്നിലിരിക്കുമ്പോഴും, സീമയുടെ മനസ്സ് നിറയെ കുഞ്ഞിനെ കുറിച്ചുള്ള ചിന്തകളായിരുന്നു’

മോൻ വിശന്ന് കരയുന്നുണ്ടാവുമോ? താൻ ഇറങ്ങുന്നതിന് മുൻപ് വയറ് നിറച്ച് പാല് കൊടുത്ത് ഉറക്കിയിട്ടാണ്, ഓഫീസിലേക്ക് വന്നത്

ഇപ്പോൾ ഉണരേണ്ട സമയമായി, ഉണരുമ്പോൾ അവന് കൊടുക്കാനുള്ള പാല്, തിളപ്പിച്ച് കുപ്പിയിലൊഴിച്ച് വച്ചിട്ടുണ്ട്.

ബാലേട്ടൻ്റെ അമ്മയോട് താനത് എടുത്ത് പറയുകയും ചെയ്തു.

“ഞാനും മൂന്നാലെണ്ണത്തിനെ പെറ്റ് വളർത്തിയതാ, എനിക്കറിയാം കുഞ്ഞിന് വിശക്കുമ്പോൾ പാല് കൊടുക്കണമെന്ന് ”

താൻ , കുഞ്ഞിൻ്റെ കാര്യം ആവർത്തിച്ച് പറഞ്ഞതിൻ്റെ നീരസം, അമ്മയുടെ സംസാരത്തിലുണ്ടായിരുന്നു.

അമ്മ ദേഷ്യപ്പെട്ടാലും വേണ്ടില്ല ,വീട്ടിലേക്ക് ഒന്ന് വിളിച്ച് നോക്കാം, അല്ലാതെ തനിക്കൊരു സമാധാനവും കിട്ടില്ല.

ഇരുന്നിട്ട് ഇരിപ്പുറക്കാതെ സീമ, മൊബൈലെടുത്ത് വീട്ടിലേക്ക് വിളിച്ചു.

“ഹലോ”

അവിടെ അമ്മയാണ് ഫോണെടുത്തത്.

“അമ്മേ ..കുഞ്ഞ് ഉണർന്നോ ?

“ഉം ,കുഞ്ഞുണരുകയും ചെയ്തു, ഞാനവന് പാല് കൊടുക്കുകയും ചെയ്തു”

“എന്നിട്ടവൻ ഉറങ്ങിയോ അമ്മേ..?

“എവിടുന്നുറങ്ങാൻ ,അവൻ അച്ഛൻ്റെ കയ്യിലിരുന്ന് കളിക്കുന്നു”

“ങ്ഹേ, അച്ഛൻ്റെ കയ്യിലോ ?അപ്പോൾ ബാലേട്ടൻ ഓഫീസിൽ നിന്ന് വന്നോ?

“ങ്ഹാ വന്നു ,നീ അവൻ്റെ ഫോണിലേക്ക് വിളിക്ക് ,അപ്പോൾ വിശേഷങ്ങളൊക്കെ നേരിട്ട് ചോദിച്ചറിയാമല്ലോ”

അതും പറഞ്ഞ് അമ്മ ,ലാൻറ്ഫോണിൻ്റെ റിസീവർ താഴ്ത്തി വച്ചപ്പോൾ,ആകാംക്ഷയോടെ സീമ ,ബാലൻ്റെ മൊബൈലിലേക്ക് വിളിച്ചു.

“ബാലേട്ടാ … എന്താ നേരത്തെ വന്നത് ,ലീവെടുത്തോ?

“ങ്ഹാ എനിക്ക് അവിടെ ചെന്നിട്ട് ഒരു സമാധാനവുമില്ല സീമേ.. ഇന്നലെ വരെ മോൻ്റെ കാര്യങ്ങൾ നോക്കാൻ നീയടുത്തുണ്ടായിരുന്നല്ലോ, ഇന്നിപ്പോൾ നീ പോയിക്കഴിഞ്ഞപ്പോൾ ,എൻ്റെ മനസ്സില് വല്ലാത്തൊരു ഭീതി ,അമ്മ നോക്കുമെങ്കിലും ,പശുവിനെ കെട്ടാനോ മറ്റോ അമ്മ പറമ്പിലേക്കു പോകുമ്പോൾ ,മോൻ തനിച്ചാവില്ലേ?അപ്പോൾ അവൻ ഉണർന്ന് തൊട്ടിലിൽ നിന്ന് താഴെ വീഴുമോ, എന്നൊക്കെയുള്ള ആശങ്ക കാരണം ഞാനൊരു ലീവെടുത്ത് ഇങ്ങോട്ട് പോന്നു”

“ആങ്ഹാ, അപ്പോൾ എനിക്ക് മാത്രമല്ല ,ബാലേട്ടൻ്റെ മനസ്സിലും ഉത്ക്കണ്ഠയുണ്ടായിരുന്നല്ലേ?

“അത് പിന്നെ, ഇല്ലാണ്ടിരിക്കുമോ? അവൻ എൻ്റെ ചോരയല്ലേടീ…”

“അതൊക്കെ ശരി തന്നെ, ഇന്ന് ലീവെടുത്തെന്ന് കരുതി നാളെ മുതൽ എന്ത് ചെയ്യും?

“അതിന് ഞാനൊരു വഴി കണ്ടിട്ടുണ്ട്, നിനക്കല്ലേ ലീവ് തീർന്ന് പോയിട്ടുള്ളു ,എനിക്ക് പക്ഷേ സർവ്വീസിൽ കയറിയ കാലം തൊട്ടുള്ള ലീവുകൾ അക്കൗണ്ടിൽ കിടപ്പുണ്ടല്ലോ ?അത് കൊണ്ട് നാളെ തന്നെ, രണ്ട് മാസത്തേക്ക് ഞാൻ ലീവ് കൊടുക്കാൻ പോകുവാ ,അതാകുമ്പോൾ, നീ ജോലിക്ക് പോയാലും, ദിവസം രണ്ട് പ്രാവശ്യമെങ്കിലും, എനിക്ക് കുഞ്ഞിനെയും കൊണ്ട് നിൻ്റെ ഓഫീസിലെത്താൻ പറ്റും ,അപ്പോൾ അവിടെയിരുന്ന് നിനക്കവന് വയറ് നിറച്ച് മുലപ്പാല് കൊടുക്കാമല്ലോ?

“അത് കൊള്ളാമല്ലോ ,നല്ല ഐഡിയ ,പക്ഷേ രണ്ട് മാസം കഴിയുമ്പോൾ പിന്നെ എന്ത് ചെയ്യും”

“അപ്പോഴേക്കും എനിക്ക് ട്രാൻസ്ഫറായിട്ട് ഞാൻ വീടിനടുത്തേക്ക് വരുമല്ലോ? പിന്നെ ലീവെടുക്കാതെ തന്നെ ലഞ്ച് ബ്രേക്കിനും ,ടീ ബ്രേക്കിനുമൊക്കെ ഒരഡ്ജസ്റ്റ്മെൻറിൽ നമുക്ക് കാര്യങ്ങൾ നടത്താം ,നീ സമാധാനമായിരിക്ക് എല്ലാം ശരിയാവും”

ബാലേട്ടൻ്റെ ആ പിന്തുണ മതിയായിരുന്നു അവൾക്ക്, പിന്നീടവൾ സമാധാനത്തോടെ തൻ്റെ ജോലിയിൽ വ്യാപൃതയായി.

രചന: സജി തൈപ്പറമ്പ് .

Leave a Reply

Your email address will not be published. Required fields are marked *