അദ്ധ്യാപിക

രചന: ശ്രേതശ്രീനാഥ്

രണ്ടാം ക്ലാസ്സിലെ അറ്റന്റൻസ് രജിസ്റ്റർ ൽ പതിവായി ചുവന്ന മഷി വീണിരിക്കുന്ന ആ പേരിലൂടെ പ്രവീണ ടീച്ചർ ഒന്ന് കണ്ണോടിച്ചു. ദീപക് ശ്രീധർ.. ഒരു നിമിഷം പോലും ആലോചിക്കാതെ ക്ലാസ്സിലെ അവസാന ബഞ്ചിലെ, തളർന്ന മുഖം പ്രവീണയുടെ മനസ്സിൽ തെളിഞ്ഞു.

അഴുക്കു പിടിച്ച യൂണിഫോം ഷർട്ട്‌ ന്റെ ബട്ടൺ എല്ലാം പൊട്ടി പോയിട്ടുണ്ട് അത് സൂചി പിന്ന് കൊണ്ട് ചേർത്തു വച്ചിരിക്കുന്നു. അലസമായി പാറിപ്പറന്ന എണ്ണമയം ഇല്ലാത്ത മുടി കണ്ണിനെ മറയ്ക്കുവോളം വീണു കിടക്കുന്നു. ഒരു ഏഴു വയസുകാരന് ചേരാത്ത നിസ്സംഗത നിറഞ്ഞ മുഖം.

ഒരിക്കൽ പോലും ഒന്ന് ചിരിച്ചു കാണാത്ത ആ മുഖം. മറ്റു കുട്ടികളോട് സംസാരിക്കുന്നതും അപൂർവം. പലപ്പോഴും അവനെ എന്തോ പ്രശ്നം അലട്ടുന്നതായി തോന്നിയപ്പോൾ, അവനോട് അത് ചോദിച്ചിരുന്നു. കണ്ണുകളിലേക്കു ഉറ്റു നോക്കി മൗനമായി നടന്നു നീങ്ങുമ്പോൾ,പരാതി കെട്ടഴിക്കാൻ അവസരം കാത്തു നിൽക്കുന്ന വീട്ടിലുള്ള പത്തു വയസുകാരനെ ഓർത്തു പ്രവീണ ടീച്ചർ.

ദീപക് ക്ലാസ്സിലേക്ക് വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. സ്റ്റാഫ്‌ റൂമിൽ അവന്റെ കാര്യം പറയുമ്പോൾ, ചേർത്തു പിടിക്കേണ്ട മറ്റു അധ്യാപകർ തന്നെ അവനെ തള്ളി പറയുന്ന കേട്ടു പ്രവീണയ്ക് അവരോട് ദേഷ്യം തോന്നി. അവന്റെ സാഹചര്യങ്ങളെ മനസിലാക്കി അവനു വെളിച്ചം പകരേണ്ടവർ തന്നെ അവനെ അന്ധകാരത്തിലേക് തള്ളി വിടാൻ ശ്രെമികുമ്പോൾ, അധ്യാപനം ഒരു ജോലി മാത്രമായി കാണുന്ന അവരോട് പ്രവീണയ്ക് പുച്ഛം ആണ് തോന്നിയത്. കാരണം അധ്യാപിക എന്നാൽ ജോലിയെക്കാൾ ഉപരി ഒരു ഉത്തരവാദിത്വം ആണ് എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകൾ ആണ് പ്രവീണ.

അത് കൊണ്ട് തന്നെ ആണ് സ്കൂൾ രജിസ്റ്റർ നോക്കി ദീപക്കിന്റെ വീട് അന്വേഷിച്ചു ഇറങ്ങിയതും. റോഡിൽ നിന്നും അല്പം ഉള്ളിലേക്കു നീങ്ങി, ഷീറ്റ് കൊണ്ട് മറച്ച ഒരു ഒറ്റമുറി വീടായിരുന്നു അവന്റേത്. ആ വീടിന്റെ അവസ്ഥ, പ്രവീണയുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി.

നടന്നടുക്കും തോറും ഒരു സ്ത്രീയുടെ കരച്ചിൽ അവ്യക്തം ആയി കേൾക്കാം. ഉമ്മറത്തു എത്തി അവനെ വിളിക്കുമ്പോഴും പ്രവീണയുടെ മനസ് ഒരുപാട് ചോദ്യങ്ങൾക് ഉള്ള ഉത്തരം തേടി കൊണ്ടിരുന്നു. അകത്തു നിന്നും ഇറങ്ങി വന്ന ദീപക് പ്രവീണയെ അവിടെ തീരെ പ്രതീക്ഷിച്ചില്ലെന്നു അവന്റെ മുഖം വ്യക്തം ആക്കി. ഒപ്പം വന്ന വെളുത്തു മെലിഞ്ഞ സ്ത്രീ പ്രവീണയെ നോക്കുന്നത് കണ്ടു ദീപക് പറഞ്ഞു

“ന്റെ, ന്റെ ടീച്ചറേ അമ്മാമ്മേ. പ്രവീണ ടീച്ചർ ” പറയുമ്പോൾ ആ കുഞ്ഞു കണ്ണുകൾ പ്രവീണയുടെ മുഖത്തു ആയിരുന്നു.

“അത് മോൾ ആണോ. ഇവൻ പറയാറുണ്ട് മോളെ പറ്റി.വായോ ഇവിടെ ഇരിക്ക് ” നിറം മങ്ങിയ കസേര ചൂണ്ടി കാട്ടി അത് പറയുമ്പോൾ അവരുടെ മുഖത്തു ക്ഷണ നേരം മിന്നി മറിഞ്ഞ സന്തോഷം അവൾക്‌ ഒരു ആശ്വാസം ആയിരുന്നു. അകത്തു നിന്നുള്ള ശബ്ദം അല്പം ഉയർന്നതും, ആ അമ്മ പറഞ്ഞു.

“കുഞ്ഞന്റെ അമ്മയാ മോളെ, അസുഖം വന്നു കിടപ്പിലാ. അറിയാൻ വൈകി പോയി ” സാരിയുടെ തുമ്പു കൊണ്ടു കണ്ണീർ ഒപ്പുന്ന ആ അമ്മയെ വേദനയോടെ നോക്കി നിന്നു പ്രവീണ. എല്ലാം കേട്ടു മരവിപ്പോടെ നിൽക്കുന്ന കുഞ്ഞനെ വിളിച്ചു അടുത്ത് നിർത്തി ചേർത്തു പിടിച്ചു പ്രവീണ. ഒരമ്മയുടെ കരുതൽ.

“അവൾക് അസുഖം ആണെന്ന് അറിഞ്ഞപ്പോൾ ഈ കുഞ്ഞിനെ പോലും ഓർക്കാതെ ഉപേക്ഷിച്ചു പോയതാ അവന്റെ അച്ഛൻ. ഞാൻ ഈ അടുത്തുപുറത്തുള്ള വീടുകളില് മുറ്റം അടിച്ചും പാത്രം കഴുകിയും കിട്ടണോണ്ട ഇവിടെ കാര്യങ്ങൾ നടക്കണേ. നേരാം വണ്ണം ഭക്ഷണം പോലും ഈ കുഞ്ഞിന് കൊടുക്കാൻ പറ്റാറില്ല. ന്നാലും ഒന്നും പറയില്ല കുഞ്ഞൻ. ഇപ്പോ കുറച്ചൂസം ആയി അവൾക് ദീനം കൂടുതലാ. മരുന്ന് വാങ്ങാൻ ഒക്കെ ആദ്യം ആളൾക്കാര് സഹായിച്ചു. ഇപ്പോ ഒന്നിനും നിവർത്തിയില്ല.” കരഞ്ഞു കൊണ്ട് മുഖം പോത്തുമ്പോൾ പ്രവീണയുടെ മടിയിൽ നിന്നും ഇറങ്ങി അമ്മാമ യുടെ അടുത്തേക് എത്തിയിരുന്നു ദീപക്. കുഞ്ഞു വിരലുകൾ കൊണ്ട് ഒരു സാന്ത്വനം പോലെ അവരെ ഇറുകെ പുണർന്നവൻ നിന്നു.

അകത്തേക്കു കടന്നു, ദീപകിന്റെ അമ്മയെ കാണുമ്പോൾ ഉള്ളു പിടയുന്നുണ്ടായി പ്രവീണയ്ക്. നിലത്തു വിരിച്ച പായിൽ കിടക്കുന്ന ശോഷിച്ച ശരീരം കാൺകെ പ്രവീണയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ആ കുഞ്ഞു മുഖത്തേക് നോക്കാൻ ബുദ്ധിമുട്ട് തോന്നി പ്രവീണയ്ക്. അവനെ തലോടി നെറ്റിയിൽ ഉമ്മ വച്ചു, കൈയിലുള്ള പൈസ അവനെ ഏല്പിച്ചു പുറത്തേക് ഇറങ്ങുമ്പോൾ മനസിന്റെ വിങ്ങൽ മാറിയിരുന്നില്ല.

രണ്ടു ദിവസത്തിന് ശേഷം അവനുള്ള യൂണിഫോം ആയിട്ടു അവിടേക്കു വീണ്ടും ചെല്ലുമ്പോൾ കണ്ടു, വാടി തളർന്ന രണ്ടു രൂപങ്ങൾ. കൈയിൽ കരുതിയ ഭക്ഷണം അവർക്കായി നൽകുമ്പോൾ ആ അമ്മ പറഞ്ഞു, അവന്റെ അമ്മ വേദനകളിൽ നിന്നും രക്ഷപെട്ടു എന്ന്. കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും ആശ്വാസം ആയിരുന്നു. കാരണം അന്നത്തെ ആ കാഴ്ച സഹിക്കുന്നതിലും അപ്പുറം ആയിരുന്നു എന്നത് തന്നെ.

പിന്നീട് പലപ്പോഴും പ്രവീണ അവിടെ പോയി. ദീപക്കിനെ കൈപിടിച്ചു ജീവിതത്തിലേക്കു നടത്തിച്ചു. ഒരിക്കൽ ദീപക്കിന് ഏറെ പ്രിയപ്പെട്ട ഉണ്ണിയപ്പം ഉണ്ടാക്കി കൊടുത്തപ്പോൾ നിറ കണ്ണുകളോടെ “ടീച്ചറെ ഞാൻ അമ്മ എന്ന് വിളിച്ചോട്ടെ ” എന്ന അവന്റെ ചോദ്യത്തിന് സ്നേഹവും വാത്സല്യവും കുത്തി നിറച്ചു ഇറുക്കി ഉള്ള ഒരു കെട്ടിപ്പിടിത്തം ആയിരുന്നു പ്രവീണയുടെ മറുപടി. അന്ന് മുതൽ പ്രവീണ അവനു ടീച്ചറമ്മ ആയി. അവരുടെ മക്കൾക്കു അവൻ സഹോദരനായി. അവനുള്ള ബുക്കുകളും വസ്ത്രങ്ങളും ഒരു മകനെന്ന പോലെ വാങ്ങി നൽകുമ്പോൾ ഒത്തിരി പേര് എതിർത്തിരുന്നു. കൂടെ ജോലി ചെയുന്ന അധ്യാപകർ അടക്കം എല്ലാവരും പറയുന്നുണ്ടായി, ഒരുനാൾ അവൻ തിരിഞ്ഞു കൊത്തും എന്ന്. വിഷം തുപ്പുന്ന വാക്കുകളെ അവഗണിച്ചു അവനെ ചേർത്തു പിടിക്കുമ്പോൾ ആ മുഖത്തു തെളിഞ്ഞ ആത്മവിശ്വാസം ഒന്നു മാത്രം മതിയായിരുന്നു പ്രവീണയ്ക്കു, അവനിൽ ഉള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാൻ.

ഇന്ന് ആ കുഞ്ഞു ദീപക് വളർന്നു വലുതായി. കട്ടി മീശയും ജീവനുള്ള കണ്ണുകളും കറുത്ത ഫ്രെയിം ഉള്ള കണ്ണടയും അവനിലെ ഗൗരവക്കാരനെ എടുത്തു കാണിക്കുന്നു.ടീച്ചറമ്മയുടെ പാതയിലൂടെ അവനും ഒരു അധ്യാപകൻ ആയി മാറിയപ്പോൾ, മുന്നിലിരിക്കുന്ന കുട്ടികളിൽ അവൻ, അവനെ കാണാൻ ശ്രമിച്ചു. അദ്ധ്യാപനം എന്നാൽ സമൂഹത്തോട് ഒരു ഉത്തരവാദിത്വം ഉണ്ടെന്നു തിരിച്ചറിയുന്ന, അതിനായി പ്രവർത്തിക്കുന്ന ഒരു അധ്യാപകൻ ആണ് അവനും. പ്രവീണ യുടെ മകളുടെ കല്യാണത്തിന് ഒരു ഏട്ടന്റെ അധികാരത്തോടെ ഓടി നടക്കുമ്പോൾ പണ്ട് അവനെ തള്ളി പറഞ്ഞവർ എല്ലാം അസൂയ യോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അവരുടെ സ്നേഹം.

മുൻവിധിയോടെ ഒരു കുഞ്ഞിനെ സമീപിക്കുമ്പോൾ ആരും ഓർക്കാറില്ല അവരെ നന്നാക്കാനും ചീത്തയാക്കാനും സമൂഹത്തിനു ഉള്ള പങ്കു ചെറുതല്ല എന്നു. കരുതലോടെ ഉള്ള ഇടപെടൽ ഒരു പക്ഷെ കുഞ്ഞു ജീവിതം തിരിച്ചു പിടിക്കാൻ സഹായിച്ചേക്കാം.

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ശ്രേതശ്രീനാഥ്

Leave a Reply

Your email address will not be published. Required fields are marked *