അന്ത്യവീടൊരുക്കുന്നവർ

രചന സൈനു ഓമി.

അഹമ്മദ് ഹാജിയുടെ മയ്യിത്ത് കണ്ട് അസൈനാർ ഇടവഴിലൂടെ വീട്ടിലേക്ക് നടന്നു..

ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയിരുന്നില്ല.. യാദൃശ്ചികമായാണ് മരണം മനുഷ്യനെ പുൽകുന്നത്.. നല്ല മനുഷ്യനായിരുന്നു അഹമ്മദ് ഹാജി .. എല്ലാ സമയവും മരണത്തെ പറ്റി ഓർത്തിരുന്ന,പടച്ചവൻ കൊടുത്ത സമ്പത്തിൽ നിന്ന് പാവങ്ങളെ സഹായിച്ചിരുന്ന ഉത്തമ വ്യക്തിത്വം.. കാണുമ്പോഴെല്ലാം പറയുമായിരുന്നു.. ” അസൈനാരേ… എന്റെ ഖബറിത്തിരി വിശാലമാക്കി കഴിക്കാൻ പറ്റുമോ… എന്ന്…” പാവം,,, ഇടുങ്ങിയ ഇരുട്ടറയിൽ കിടക്കുന്നതിലുള്ള പേടി കൊണ്ട് പറയുന്നതാ…

വീട്ടിലേക്ക് കയറുന്നതിനു മുന്നേ ഉമ്മറമുറ്റത്ത് മൂലയിൽ വച്ച മണ്ണുപുരണ്ട കൈക്കോട്ടും,കുട്ടകളും, മട്ടാസും നോക്കി അസൈനാർ നെടുവീർപ്പിട്ടു. അയാളുടെ മെലിഞ്ഞ് എല്ലുന്തിയ തൊലി ചുളിഞ്ഞ നിറയെ വെള്ളിരോമങ്ങളുള്ള ശരീരം ഒന്നുയർന്നു താഴ്ന്നു..

‘താൻ പോയില്ലെങ്കിൽ മുക്രിക്കാന്റെ കൂടെ ഖബർ കുഴിക്കാൽ ആരു കൂടും’

പെട്ടെന്നന്വേശിച്ചാൽ ആരെയും പകരം കിട്ടുകയില്ല.. ആരോഗ്യമുള്ള ചെറുപ്പക്കാരൊത്തിരിയുണ്ടെങ്കിലും ഖബർ കുഴിക്കുക എന്നത് കുറച്ചിലാണ് പലർക്കും.. ഉമ്മറ വാതിൽക്കൽ ചാരി പാത്തു നിൽക്കുന്നുണ്ട്.. ഇരുപതാം വയസ്സു മുതൽ തന്നോട് ചേർന്നു നടന്ന ഇണ..

“മോളെവിടെ… പാത്തു.”

” അവളകത്തിരുന്ന് കരയുന്നു.. ”

“എന്തിനാ കരയുന്നത്. ഉപ്പ പോണില്ലാന്ന് പറ അവളോട്…”

അസൈനാരുടെ മകളാണ് ആമിന.. അവളുടെ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.. അടുത്ത മാസം തന്നെ കല്യാണമുണ്ട്.. തൊട്ടടുത്ത ഗ്രാമത്തിൽ താമസിക്കുന്ന ഒരു എഞ്ചിനീയറാണ് ചെക്കൻ.. വലിയ ശമ്പളം വാങ്ങുന്ന ജോലിക്കാരൻ.. ആലോചനയുമായി വന്നപ്പോൾ ബ്രോക്കർ പറഞ്ഞത്… ” നിങ്ങളെ കണ്ടിട്ടല്ല കാക്കാ.. നിങ്ങളുടെ മകനെ കണ്ടിട്ടാ.. അവർ ആലോചനയുമായി വന്നതെന്ന്.. ” അത് സത്യമാണ്. മനുഷ്യനായി പിറന്നവർക്കൊക്കെ തന്നെ പോലുള്ളവരെ ഒരു നാൾ ആവശ്യമായി വരും.. എങ്കിലും ഖബർ കുഴിക്കുന്നവന്റെ മകളെ കെട്ടാൻ അധികമാരും തയ്യാറല്ല..

അസൈനാരുടെ മകനാണ് അബ്ദു.. നാട്ടിൽ കൂതറ കളിച്ചു നടന്ന ചെക്കൻ ഒരു ദിവസം ദുബായിൽ പോയി. വർഷങ്ങൾക്കു ശേഷം പെട്ടി നിറയെ ക്യാഷുമായി വന്നു.. നാട്ടിൽ വലിയ ബിസിനസ്സ് ചെയ്യുകയാണ്.. തൂവെള്ള നിറമുള്ള കോട്ടൻ മുണ്ടും ഷർട്ടും ധരിച്ചു പ്രമാണിയായാണ് അബ്ദുവിന്റെ നടത്തം.. നല്ല ആലോചന ആയതു കൊണ്ട് അസൈനാർ മുടക്കാൻ നിന്നില്ല..

പക്ഷേ.. ഇന്നയാൾ ശരിക്കും പ്രയാസപ്പെടുന്നു… ഇന്നലെ അവർ വിളിച്ചു പറഞ്ഞു. പെണ്ണിന്റെ ഉപ്പ ഖബർ കുഴിക്കുന്നത് ചെക്കന്റെ കുടുംബത്തിന് കുറച്ചിലാണെന്ന്.. അത് നിറുത്തുകയാണെങ്കിൽ ബാക്കി ആലോചിക്കാമെന്ന്..

തലമുറകളായി ചെയ്ത് പോരുന്ന പണിയാണ് ജുമുഅത്ത് പള്ളിയിൽ ഖബർ കുഴിക്കൽ.. ഈ കുടുംബത്തിലെ ഏത് ഉപ്പാപ്പയാണ് ആദ്യം കൈകോട്ടെടുത്തതെന്ന് ആർക്കുമറിയില്ല. പള്ളിക്കാട്ടിലെ ഓരോ ഭാഗത്തും എവിടെയാണ് പഴയ ഖബറുകളുള്ളത്.. എവിടെയാണ് ഒഴിഞ്ഞ സ്ഥലമുള്ളതെന്നൊക്കെ അസൈനാർക്ക് നന്നായി അറിയാം.. അൻപതു വർഷങ്ങൾക്കു മുന്നേ അസൈനാരുടെ ഉപ്പ ഒരു മഴക്കാലത്ത് പനിച്ചു വിറച്ചു കിടന്നപ്പോൾ കൈക്കോട്ടും ഓലക്കുട്ടയും തന്നെ ഏൽപ്പിച്ചതാണ്.. പിന്നെ അത് താഴെ വച്ചിട്ടില്ല..

കൂലിപ്പണിക്കു പോയ സമയത്തും.. രാത്രി ഭാര്യയുമൊത്ത് കിടന്നുറങ്ങുമ്പോഴുമെല്ലാം പള്ളിയിൽ നിന്ന് മരണവാർത്ത കേട്ടാൽ എഴുന്നേറ്റ് പോവണം.. ചിലപ്പോൾ കുഴിച്ചു വച്ച ഖബർ നന്നാക്കിയാൽ മതിയാവും.. ചിലപ്പോൾ മരിച്ചവരുടെ ബന്ദുക്കളെ മറമാടിയ സ്ഥലങ്ങളിലായി പുതിയത് കുഴിക്കേണ്ടി വരും. മരണ വീട്ടിൽ കുളിപ്പിക്കലും മറ്റും നടക്കുമ്പോൾ അസൈനാർ പള്ളിക്കാട്ടിൽ നാലു വശത്തേക്കു വലിച്ചു കെട്ടിയ ഷീറ്റിനു താഴെ നിന്ന് ഖബർ കുഴിക്കുകയാവും..

പണ്ട് ഉപ്പാന്റെ അനിയനായിരുന്നു കൂടെ കഴിക്കാറ്.. അവര് മരിച്ചപ്പോൾ പിന്നെ ആ തലമുറയിലെ ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. ഒടുക്കം പള്ളിയിലെ മുക്രിക്കാ.. അസൈനാരുടെ കൂടെ കൂടി..

പരസ്പരം ചിരിച്ചും കഥ പറഞ്ഞും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒത്തിരി നാട്ടുകാരേയും കുടുംബങ്ങളേയും അസൈനാർ ഖബറിലിറക്കിയിട്ടുണ്ട്.. “തനിക്ക് ആരു ഖബറു കുഴിക്കുമെന്ന ” ചിന്ത മനസിൽ തികട്ടി വരുമെങ്കിലും അയാളുടെ കൈ വിറക്കാറില്ല.. കണ്ണിൽ നിന്ന് ഒന്നോ രണ്ടോ തുള്ളി ഉറവ പൊടിയുമെന്നല്ലാതെ അയാൾ കരയാറില്ല..

പക്ഷേ.. അസൈനാരുടെ ഉമ്മ മരിച്ച് മറമാടുന്ന സമയത്ത് അയാൾ ശരിക്കും വാവിട്ടു കരഞ്ഞു പോയിട്ടുണ്ട്. തന്നെ പത്ത് മാസം വയറ്റിൽ സൂക്ഷിച്ച് പെറ്റ് പോറ്റി വലുതാക്കിയ ഉമ്മയെ താൻ ഇരുട്ടുമുറിയിലിറക്കി മൂടുകല്ല് വച്ച് മണ്ണിട്ടിരിക്കുന്നു…

ഇന്നത്തെ പുതിയ കുട്ടികൾക്ക് എന്താണ് ഈ ജോലി കുറച്ചിലായി തോന്നുന്നതെന്ന് അയാൾക്ക് മനസിലാവുന്നതേയില്ല… വയ്യാതാവുന്നത് വരെ ഈ പണി തന്നെ തുടരാനായിരുന്നു ആഗ്രഹം. ഒരു പാട് അഭിമാനം തോന്നാറുണ്ടായിരുന്നു.. ഇന്ന് പക്ഷേ.തന്റെ മകൾക്കു വേണ്ടി.. അസൈനാർ അസൈനാരല്ലാതാവാൻ നിർബന്ധിതനാവുന്നു.. അയാളുടെ ഹൃദയം നുറു നൂറു കഷ്ണങ്ങളായി നുറുങ്ങുകയാണ്.. പ്രമേയവും,കൊളസ്ട്രോളും ആയി ഒരു പാടു അസുഖമുണ്ടയാൾക്ക്.. എങ്കിലും അയാൾക്ക് ഖബർ കുഴിക്കാൻ തുടങ്ങിയാൽ ആവേശമായിരുന്നു.. തനിക്കു ശേഷം ഈ കുടുംബത്തിൽ നിന്ന് ഈ കർമ്മം അന്യം നിന്നു പോവുമെന്ന ചിന്ത അയാളെ ഭീതിപ്പെടുത്താറുണ്ട്..

” ദേ.. പണിയായുധങ്ങൾ പള്ളിക്കാട്ടിലെത്തിക്കണ്ടെ…”

പാത്തുവാണ്., അവൾക്കും വിഷമമുണ്ട്.. മരണവാർത്ത കേട്ട് ഓടിക്കിതച്ചു വരുമ്പോഴേക്കും അവൾ പണിയായുധങ്ങളും ഖബർ കുഴിക്കുമ്പോൾ ധരിക്കാനുള്ള ഡ്രസ്സും എടുത്ത് വച്ചിട്ടുണ്ടാവും.. തനിക്കെന്നും ആശ്വാസം പകരുന്ന നല്ല കൂട്ടായിരുന്നു അവൾ…

” വേണ്ട… പാത്തൂ.. അവരാരെങ്കിലും വരാതിരിക്കില്ല… എനിക്ക് സുഖമില്ലെന്ന് പറയാം.. ”

ഗേറ്റ് കടന്ന് അബ്ദുവിന്റെ കാർ വരുന്നത് കണ്ടു. അവനൊന്നും അറിഞ്ഞിട്ടില്ല.. അറിയണ്ട,,, അറിഞ്ഞാൽ ഒരു പക്ഷേ.. പ്രശ്നങ്ങൾ വശളാവും… വയ്യാഞ്ഞിട്ട് പോവാത്തതാണെന്ന് പറയാം…

വീട്ടുമുറ്റത്ത് കാറ് നിറുത്തി അബ്ദു പുറത്തിറങ്ങി. അവന്റെ വസ്ത്രങ്ങളിൽ നിന്ന് പെർഫ്യൂമിന്റെ നറുമണം ഒഴുകിയെത്തി.. തേച്ചു മിനുക്കി വടി പോലിരിക്കുന്ന വസ്ത്രങ്ങൾ ചുളുങ്ങാതെ ശ്രദ്ധയോടെ അവൻ നടന്നു വന്നു..

“ഉപ്പാ… നിങ്ങൾ ഖബർ കുഴിക്കാൻ പോണില്ലേ…”

“എനിക്ക് വയ്യ മോനേ.. സുഖമില്ല… ഒരു അസ്വസ്ഥത പോലെ.. ”

“എന്തസ്വസ്ഥത…! തല വേദനയായി കിടക്കുന്ന സമയത്തും നിങ്ങൾ പണ്ട് പോയിട്ടില്ലേ…,,,

പാതിരാത്രി പെരുമഴത്ത് നനഞ്ഞ് കൊണ്ട് പോയിട്ടില്ലേ..,,,

വലം കയ്യിൽ മുറിവു പറ്റി തുന്നിക്കെട്ടിയ സമയത്തും പോയിട്ടില്ലേ..,,

ഇപ്പോ… പോവാതിരിക്കാൻ മാത്രം ക്ഷീണമൊന്നും കാണുന്നില്ലല്ലോ… എന്തു പറ്റി…,,,?”

” അത് പിന്നെ മോനേ.. ആമിനയുടെ ചെക്കന്റെ വീട്ടുകാർ വിളിച്ചിരുന്നു.. ഇനി ഖബർ കുഴിക്കാൻ പോയാൽ അവർക്കു പെണ്ണിനെ വേണ്ടാന്ന്.. ”

അബ്ദു കീശയിൽ നിന്നും ഫോണെടുത്തു.. ഡയൽ ചെയ്തു.. സംസാരിക്കാൻ തുടങ്ങി..

“ഹലോ… അബ്ദുവാണ്… നീ പറഞ്ഞോ.. ഉപ്പ ഖബർ കുഴിക്കാൻ പോയാൽ ആമിനയെ കെട്ടൂല്ലാന്ന്..

എന്നാ… കേട്ടോ.. ഖബർ കുഴിച്ച് കിട്ടുന്ന പണം കൊണ്ട് വാങ്ങിയ അരിയുടെ ചോറു തിന്നാണ് ഞാനും അവളും വളർന്നത്.

ഈ കുടുംബത്തിലെ ആണുങ്ങൾ ഇനിയും ഖബർ കഴിക്കും… നിനക്ക് പറ്റുമെങ്കിൽ എന്റെ പെങ്ങളെ കെട്ടാം.. ”

അബ്ദു മൂലയിൽ നിന്നും കൈക്കോട്ടും കുട്ടകളും എടുത്ത് മുറ്റത്തേക്കിട്ടു.. ഡ്രസ്സ് മാറി വന്നു.. ആയുധങ്ങൾ ഉപ്പാന്റെ കയ്യിൽ കൊടുത്തു…

“മോനേ.. നമ്മുടെ മോള് നിന്ന് പോവുമോ…”

” ഉപ്പ പേടിക്കണ്ട. അവൻ കെട്ടിയില്ലെങ്കിൽ അവൾക്കു പറ്റിയ ആളെ ഞാൻ കണ്ടെത്തും… ”

ആയുധങ്ങളുമായി ഇറങ്ങാൻ നിന്ന അസൈനാരെ മകൻ തടഞ്ഞു..

“നിങ്ങൾ പോവാൻ വേണ്ടി തന്നതല്ല.. ഉപ്പാക്ക് വയ്യാതായത് ഞാനറിയുന്നുണ്ട് എല്ലാ അനുഗ്രഹങ്ങളോടെയും ആ ആയുധങ്ങൾ എന്റെ കയ്യിൽ തരൂ… ഇനി മുതൽ അബ്ദുവാണ് ഖബർ കുഴിക്കുന്നത്…”

അസൈനാർ വിറക്കുന്ന കൈകളോടെ ആയുധങ്ങൾ അവനെ ഏൽപ്പിച്ചു.. തലയിൽ കൈ വച്ചു പ്രാർത്ഥിച്ചനുഗ്രഹിച്ചു..

അഹമ്മദ് ഹാജിയുടെ മയ്യിത്ത് ഖബറിലേക്കിറക്കി, മൂട് കല്ല് വച്ച്, പച്ചിലകൾ വച്ച് ദ്വാരങ്ങളടച്ച്,മണ്ണിട്ട്, മീസാൻ കല്ല് നാട്ടി, ഇരു വശവും മൈലാഞ്ചിക്കമ്പുകൾ നട്ട് തിരിഞ്ഞ് നടക്കുന്ന അബ്ദുവിനെ അസൈനാർ തേങ്ങലോടെ കെട്ടിപ്പിടിച്ചു.

” എന്റെ ഖബർ കുഴിക്കാൻ എന്റെ മകൻ വേണമെന്ന് എന്നും പടച്ചവനോട് പറയാറുണ്ടായിരുന്നു ഞാൻ..”

ആൾക്കൂട്ടത്തിനടയിൽ നിൽക്കുന്ന ആമിനയെ കെട്ടുമെന്ന നിശ്ചയിച്ച എഞ്ചിനീയുറെ അബ്ദു കണ്ടു… അയാൾ അടുത്ത് വന്ന് അവന്റെ കൈ പിടിച്ചു..

“ക്ഷമിക്കണം അബ്ദുക്കാ.. ആമിനയെ ഞാൻ തന്നെ കെട്ടും… ”

കണ്ണിൽ പൊടിഞ്ഞ സന്തോഷത്തിന്റെ നീർ തുള്ളികൾ ആരും കാണാതെ തുടച്ച് കൊണ്ട്. ആയുധങ്ങളുമായി അബ്ദു പുഞ്ചിരിയോടെ തിരിച്ചു നടന്നു.

അസൈനാരുടെ മകൻ.. ഉപ്പാന്റെ പാരമ്പര്യം നിലനിറുത്താൻ തയ്യാറായ അബ്ദു.. ജുമുഅത്ത് പള്ളിയിലെ പുതിയ ഖബർ കുഴിക്കുന്ന ആൾ…

” ആണെന്നോ പെണ്ണെന്നോ.. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ.. കറുത്തവനെന്നോ… വെളുത്തവനെന്നോ… വ്യത്യാസമില്ലാത്ത ആളുകൾക്ക് അന്ത്യവീടൊരുക്കുന്ന ഉത്തമ വ്യക്തിത്വം.. ” ……………

ഗൾഫുകാരനായ മകളുടെ ഭർത്താവ് പറഞ്ഞിട്ട് ഖബർ കുഴിക്കുന്ന ജോലി നിർത്തേണ്ടി വന്ന ഒരു ഉപ്പയെ എനിക്കറിയാം..

ചില നാട്ടിൽ ഇങ്ങനെയൊക്കെ…ആണ്..

* * * രചന സൈനു ഓമി.

Leave a Reply

Your email address will not be published. Required fields are marked *