അവളെന്റെ കെട്ടിയോളാണ് എന്റെ മാലാഖയാണ്…

രചന: ധനു ധനു

നിന്നെ കെട്ടുന്നതിനുപകരം വല്ല കഴുതെയും കിട്ടിയിരുന്നെങ്കിൽ എനിക്കിന്ന് ഈ ഗതി വരില്ലായിരുന്നു..

ആർക്കാണെങ്കിലും ചെറിയൊരു അബദ്ധം പറ്റും നിങ്ങൾ വേറെ ഷർട്ട് ഇട്ടിട്ട് പോ മനുഷ്യ…

ഓഫീസിൽ പോവാൻ നേരത്ത് എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ലേ…

ഒരു ഷർട്ട് തേക്കാൻ കൊടുത്തപ്പോ അവൾ അതിനെ തേച്ച് തേച്ച് ഉരുക്കി കളഞ്ഞു…

വന്നദേഷ്യത്തിന് ഞാനെന്തൊക്കെയോ പറഞ്ഞ് പൊട്ടിത്തെറിച്ചു…

അവളെല്ലാം കേട്ടുനിന്നിട്ടു ഒരറ്റ ഡയലോഗ് അങ്ങു കാച്ചി….

“നിങ്ങൾ ഒരു ഷർട്ടും അതു തേക്കാൻ ഒരു ഭാര്യയെയും കൂടെ വാങ്ങിക്കോ…”

“ഞാനെന്റെ വീട്ടിൽ പോകുവാ… ഞാൻ കാരണം നിങ്ങൾക്ക് ഒരു ഗതികേടും വരേണ്ടാ….”

അതും പറഞ്ഞവൾ അകത്തേക്ക് പോകുന്നത് കണ്ടപ്പോ ചിരിയാണ് വന്നത്..

ഷർട്ട് തേക്കുന്നതും ഇടയ്ക്ക് അടുക്കളയിലേക്ക് ഓടുന്നതും ഒരു പതിവ് കാഴ്ച്ചയായിരുന്നു എനിക്ക്…

ഇടയ്ക്ക് ഇതുപോലെ ചെറിയ കാര്യങ്ങൾക്ക് പിണങ്ങുന്നതും വഴക്കുണ്ടാക്കുന്നതും എനിക്കൊരു രസമായിരുന്നു..

പക്ഷേ ഇന്ന് ആ രസം ഇത്തിരി കൂടിപ്പോയി എന്നുമാത്രം

പെട്ടിയിൽ കുറെ തുണിയും കുത്തിനിറച്ച് കുറെ പൗഡറും വാരിതേച്ചു റൂമിനു പുറത്തേക്ക് വന്നിട്ടവൾ പറഞ്ഞു…

“ദേ മനുഷ്യ എന്റെ അച്ഛൻ നിങ്ങളെക്കാൾ നല്ല ചെക്കന്മാരെ എനിക്കുവേണ്ടി കണ്ടുപിടിച്ചതാ…

ന്റെ കഷ്ടകാലം എന്നുപറയാലോ നിങ്ങളെന്റെ മുന്നിൽ വന്നുപെട്ടതും എന്റെ പുറകെനടന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ്…”

എന്റെ മനസ്സിളക്കിയതും

ഞാനതിൽ വീണുപോയതും എന്റെ കഷ്ടകാലമായിരുന്നു കാലമാടാ…

ബാലൻ പണിക്കർ പറഞ്ഞതു എത്ര ശരിയാണ് എന്റെ കൂടെ കൂടിയിരിക്കുന്നു കണ്ടകശനിയായിരുന്നെന്ന്..

എന്നിട്ടും ഞാനിന്നുവരെ നിങ്ങളെവിട്ടുപോകാതിരുന്നത് നിങ്ങളുടെ ആ ഒരറ്റ ഡയലോഗ് കാരണമാ…

ഇനി വയ്യാ നിങ്ങൾക്ക് നിങ്ങളുടെ പാടായി എനിക്ക് എന്റെ പാടായി…ഞാൻ പോകുന്നു…

“എടി ഞാനൊരു തമാശ പറഞ്ഞതല്ലേ നി ഇങ്ങനെ പിണങ്ങി പോയാലോ..”

“നിങ്ങടെ ഒരു തമാശ കുറെ കേട്ടിട്ടുണ്ട്…”

അതും പറഞ്ഞവൾ പുറത്തേക്ക് പോകുന്നത് കണ്ടപ്പോ ഞാനുറക്കെ വിളിച്ചിട്ട് പറഞ്ഞു…

“എടി അമ്മു നിയില്ലാതെ എനിക്ക് പറ്റില്ലടി…”

ഈ വക സിനിമാ ഡയലോഗും പറഞ്ഞ് എന്റെ പുറകെ വന്നലുണ്ടല്ലോ അപ്പോ ശരിയാക്കി തരാം ഞാൻ…

കട്ടകലിപ്പിൽ അവളിറങ്ങി പോകുന്നത് കണ്ടപ്പോ പടച്ചോനെ ഒന്നുവിളിച്ചുപോയി..

ഇനിയെങ്ങാനെ അവളുടെ പിണക്കം മാറ്റും…ഐസ് ക്രീം സിനിമ ബിരിയാണി ഇതിലൊന്നും അവൾക്ക് വലിയ താല്പര്യം ഇല്ലാത്തൊണ്ടു അതിനൊരു തീരുമാനമായി…

“എന്തായാലും അവളുടെ വീട്ടിലേക്ക് ഒന്നു വിളിച്ചുപറയാം…”

ഞാൻ ഫോണെടുത്തു അവളുടെ അച്ഛനെവിളിച്ചിട്ടു പറഞ്ഞു..

“അമ്മുവും ഞാനും ചെറുതായിട്ടൊന്നു പിണങ്ങി അവൾ പെട്ടിയും എടുത്തു അങ്ങോട്ട് വരുന്നുണ്ട്…

അവൾ എത്തിയാൽ അച്ഛൻ ഒന്നുവിളിച്ചു പറയണേ…”

“ശരി മോനെ…” എന്നുപറഞ്ഞു അച്ഛൻ ഫോൺ വെച്ചു..

അവൾ പോയവിഷമത്തിൽ എന്തെങ്കിലും കഴിക്കാമെന്ന് വിചാരിച്ചാണ്‌ അടുക്കളയിൽ ചെന്നത്…

അവിടെ ചെന്നപ്പോ ചായ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല ചായ എങ്കിൽ ചായ…

അതെടുത്ത് കുടിച്ചതും കപ്പ് താഴെ ഇട്ടതും ഒരുമിച്ചായിരുന്നു …

അപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ കെട്ടിയോൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം..

ചിരിക്കണോ കരയണോ എന്ന ഭാവത്തിൽ ഹാളിലേക്ക് നടന്നപ്പോഴാണ് ഫോൺ ബെല്ലടിച്ചത്..

അതെടുത്തു നോക്കിയപ്പോൾ അവളുടെ അച്ഛനാണ്..ഫോണെടുത്തു അവളെത്തിയോ എന്നുചോദിച്ചപ്പോ അച്ഛൻ ചെറിയൊരു ടെൻഷനോടെ പറഞ്ഞു…

എത്തേണ്ട സമയം കഴിഞ്ഞു അവളെ കാണുന്നില്ല നിയൊന്നു നോക്കിയിട്ട് വിളിക്ക്..

അതുകേട്ടതും ചെറിയൊരു ഭയവും പല ചിന്തകളും മനസ്സിലൂടെ കടന്നുപോയി..

ഇനി അവൾ വല്ല കടുംകൈയും ചെയ്യുമോ ന്റെ ദൈവമേ…

ജയിൽ…അടി. ഇടി….ഒരു നിമിഷംകൊണ്ടു ഞാൻ സെന്റർ ജയിൽവരെ പോയിവന്നു…

പിന്നെയാണ് ഓർത്തത് ഇപ്പൊ പഴയപോലെ അല്ല…

ജയിലിൽ പോകുമ്പോ മെലിഞ്ഞു ഉണങ്ങിയവരൊക്കെ തിരിച്ചുവന്നത് തടിച്ചു കൊഴുത്ത് മുട്ടനാടിനെപോലെയാണ്..

അതോർത്തപ്പോ ഇത്തിരി സമാധാനം തോന്നി..

സാമ്പാർ ചോറ്, ബിരിയാണി, പാൽ ,മുട്ട ഹോ സുഖജീവിതം…പെട്ടെന്ന് ഞാനെന്റെ ചിന്തയിൽ നിന്നുണർന്നു..

ന്റെ മനസ്സ് പറഞ്ഞു ഞാനങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല.

അവളെന്റെ കെട്ടിയോളാണ് എന്റെ മാലാഖയാണ്..

ഞാൻ വേഗം വണ്ടിയെടുത്ത് റോട്ടിലേക്ക് ഇറങ്ങി അവൾ പോവാറുള്ള സ്ഥലത്തൊക്കെ അന്വേഷിച്ചു..

പക്ഷെ എവിടെയും അവളെ കണ്ടില്ല അപ്പോഴാണ് മനസ്സിൽ ചെറിയൊരു പേടിയും വിഷമവും വന്നുതുടങ്ങിയത്…

ഇനി വല്ല ഫോറസ്റ്റുകാരും അവളെ പിടിച്ചുകൊണ്ടുപോയോ…ആവോ..

ദൈവമേ അവളെ വഎന്റെ മുന്നിൽ വേഗം എത്തിക്കണേ എന്നു പ്രാർത്ഥിച്ചുകൊണ്ടു ഞാൻ പതുക്കെ വണ്ടിയോടിച്ചു..

വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിനടുത്തെത്തിയപ്പോൾ ദേ നിൽക്കുന്നു ന്റെ മാലാഖ…

ഈ ലോകം മുഴുവൻ അവളെ അന്വേഷിച്ചു നടന്നിട്ടും എനിക്കെന്റെ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ നോക്കാൻ തോന്നിയില്ലലോ…

ഞാൻ എന്നെ തന്നെ പ്രാകികൊണ്ടു പതുക്കെ അവളുടെ അടിത്തേക്ക് ചെന്നിട്ട് ഇത്തിരി ഗൗരവത്തിൽ തന്നെ ചോദിച്ചു..

എന്താ മാഡം പോയില്ലേ ഇത്രയും നേരം..

അതുകേട്ടിട്ടും കേൾക്കാത്ത മട്ടിൽ നിൽപ്പാണ് ന്റെ മാലാഖ…

അതുകണ്ടപ്പോ നല്ല കലിപ്പിൽ തന്നെ ഞാൻ അവളോട്‌ ചോദിച്ചു ഇത്രയും നേരം നിയെന്താ പോവാതിരുന്നതെന്ന്..

മെല്ലെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ചെറിയൊരു ചമ്മളോടെ അവളെന്നോട് പറഞ്ഞു..

“പേഴ്‌സ് എടുക്കാൻ മറന്നു…” —

“എന്ത്..”

“അവളുറക്കെ പറഞ്ഞു..പേഴ്‌സ് എടുക്കാൻ മറന്നു…”

അതുകേട്ട് വന്ന ചിരി അടക്കി പിടിച്ചു അവളെയും കൂട്ടി വീട്ടിലേക്ക് പോകുമ്പോൾ പിന്നിലിരുന്നു അവൾ രഹസ്യമായി പറയുന്നുണ്ടായിരുന്നു..

ഇതൊന്നും ആരോടും പറയേണ്ട എന്ന്..

മ് മ് എന്നുതലയാട്ടി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവളുടെ മുഖത്തു അവൾക്ക് പറ്റിയ മണ്ടതരമോർത്തുള്ള ചിരിയായിരുന്നു…

അവളുടെ മുഖത്തെ നിഷ്കളങ്കമായ ചിരി കണ്ടപ്പോ ഞാനവളെ ചേർത്തുപിടിച്ചിട്ടു ചോദിച്ചു..

ഇത്രയും നേരം ആ ബസ്സ് സ്റ്റോപ്പിൽ ഇരുന്നത് എന്തിനാ മുത്തേ…

അതിന് അവൾ നിഷ്കളങ്കമായി തന്നെ മറുപടിയും പറഞ്ഞു..

തിരിച്ചു വന്നാൽ നിങ്ങളെന്നെ കഴുതെന്നു വിളിച്ച് കളിയാക്കില്ലേ..

തിരിച്ചു വന്നില്ലെങ്കിലും നീയെന്റെ കഴുതകുട്ടി തന്നെയാ..

ആ സമയത്തു അവളുടെ മുഖമൊന്നു കാണാമായിരുന്നു ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ അവളെന്നെ തല്ലി കൊന്നേനെ..

ഹോ ഞാനവളോട് വീണ്ടും ചോദിച്ചു..

ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നിന്നെ അന്വേഷിച്ചു നടക്കുമ്പോൾ നീയെന്നെ കണ്ടിട്ടും വിളിക്കാതിരുന്നത് എന്തുകൊണ്ടാ..

എന്നെ ചീത്തപറഞ്ഞതല്ലേ നിങ്ങൾ ഇത്തിരി വെയിൽ കൊള്ളട്ടെ എന്നുവിചാരിച്ചു…

അമ്പടി കെട്ടിയോളെ എന്നുപറഞ്ഞു അവളുടെ അടുത്തേക്ക് ചെന്നപ്പോ അവളെന്നെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു…

ഞാനെന്റെ ഏട്ടന് ഒരു ചായ ഇട്ടുതരട്ടെ എന്ന് അതുകേട്ടതും ഞാനവളുടെ മുഖത്തേക്ക് നന്നായൊന്നു..നോക്കി

അതുകണ്ടിട്ടാവണം അവളെന്നോട് പറഞ്ഞത് …ആ ചായയിൽ ഉപ്പ് വാരിയിട്ടത് ഞാനല്ല എന്ന്…

അന്നേരം ഞാനവളെയും അവളുടെ കുറുമ്പിനെയും കുസൃതിയെയും നിഷ്കളങ്കതയെയും ഒരുമിച്ചു ചേർത്തുപിടിക്കുകയായിരുന്നു…

ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും കുറുമ്പും കുസൃതിയും ഇല്ലെങ്കിൽ ജീവിതത്തിനു ഒരു രസവും കാണില്ലെന്നേ…

അതുകൊണ്ടു ഇടയ്ക്ക് ചെറിയ അടിയൊക്കെ ഉണ്ടാക്കുന്നത് നല്ലതാണ്…

“ദയവു ചെയ്തു വീട്ടിൽ നിന്ന് പിണങ്ങി പോകുമ്പോൾ പേഴ്‌സ് എടുത്തിട്ടുണ്ടോ എന്നു ഉറപ്പു വരുത്തിയതിനുശേഷം മാത്രം പുറത്തു പോകുക…”

ചുമ്മാ ഒരു രസത്തിനു എഴുതിയതാ…എഴുതി ടച്ച് വിട്ടുപോയി..തെറ്റുകൾ ക്ഷമിക്കുക… ലൈക്ക് ചെയ്തിട്ട് പോണേ, കൂടെ ഒരു കമന്റ് കൂടി…

രചന: ധനു ധനു

Leave a Reply

Your email address will not be published. Required fields are marked *