ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ അമ്മയുടെ ഗർഭപാത്രത്തിൽതന്നെ ജനിക്കണം.

രചന: ഷെഫി സുബൈർ

അമ്മയുടെ വയറ്റിൽ സ്നേഹത്തോടെ ചുംബിക്കുന്ന അച്ഛന്റെ സ്നേഹസ്പർശനമേറ്റു വാങ്ങണം.

നിനക്കല്ല, വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിന് വേണ്ടിയാണെന്ന് പറഞ്ഞു നിർബന്ധിച്ചു അമ്മയെ ഭക്ഷണം കഴിപ്പിക്കുന്ന അച്ഛന്റെ സ്നേഹത്തോടെയുള്ള സ്വരം കേൾക്കണം.

പരിഭവിച്ചിരിക്കുന്ന അമ്മയുടെ നെറുകയിൽ അച്ഛന്റെ ചുണ്ടുകൾ സ്നേഹത്തോടെ പതിയുന്നത് കാണണം.

എന്റെ ചലനങ്ങൾ അറിയാനായി അമ്മയുടെ വയറ്റിൽ ചെവി ചേർത്തു വെയ്ക്കുന്ന അച്ഛന്റെ നിശ്വാസം അറിയണം.

അച്ഛന്റെ അതെ സ്വഭാവമാണ് കുഞ്ഞിനെന്നും അമ്മ പറയുമ്പോൾ അഭിമാനം കൊള്ളുന്ന അച്ഛന്റെ മുഖം കാണണം.

ഇരിക്കുമ്പോഴും, നടക്കുമ്പോഴും വയറ്റിൽ കൈ താങ്ങി എനിക്ക് സംരക്ഷണം നൽകുന്ന അമ്മയുടെ കരുതൽ അറിയണം.

നടുവിന് കൈ താങ്ങി നടക്കുമ്പോൾ അമ്മയെ, അച്ഛൻ കളി പറയുന്നത് കേൾക്കണം. ദേ, മനുഷ്യ. ഓരോന്നാക്കി വെച്ചിട്ടു ശൃംഗരിക്കല്ലേ എന്നു പറഞ്ഞു അമ്മ ദേഷ്യപ്പെടുന്നത് കാണണം.

പേറ്റു നോവിൽ അമ്മ അലറി കരയുമ്പോൾ അച്ഛൻ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്നതു കാണണം.

ലേബർ റൂമിന്റെ വാതിലിന്റെ ഇപ്പുറം അമ്മയുടെ കൈ വിരലുകൾ അച്ഛന്റെ കൈയിൽ നിന്നു അഴിയുമ്പോൾ അച്ഛന്റെ മിഴിനീരിന്റെ ചൂടറിയണം.

ലേബർ റൂമിന്റെ മുന്നിലൂടെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛന്റെ ഹൃദയമിടിപ്പ് അറിയണം.

അവസാനം എനിക്ക് ജന്മം നൽകിയ ആലസ്യത്തിൽ മയങ്ങുന്ന അമ്മയെയും ചേർത്തു പിടിച്ചു എന്റെ അരികിലിരിക്കുന്ന അച്ഛനെ കാണണം.

കണ്ണു തുറന്നു നോക്കുന്ന അമ്മയുടെ മുന്നിൽ ചിരിയോടെ നിൽക്കുന്ന അച്ഛന്റെ സന്തോഷം കാണണം.

അമ്മയെയും എന്നെയും ചേർത്തു പിടിച്ചു നെറുകയിൽ ചുംബിക്കുമ്പോൾ അതിലെന്റെ അച്ഛന്റെ സ്നേഹവും, കരുതലും അനുഭവിച്ചറിയണം.

അങ്ങനെ, അവരുടെ സ്വപ്നങ്ങൾക്ക് എന്നും കൂട്ടായിരിക്കണം.

രചന: ഷെഫി സുബൈർ

Leave a Reply

Your email address will not be published. Required fields are marked *