ഇപ്പോ ഇവിടെ നടന്നത് ഒരു പെണ്ണുകാണലും കല്യാണം ഒറപ്പിക്കല്‍ ചടങ്ങും കൂടെയാണ്…

രചന: ദിലീപ് അടുക്കത്തൊട്ടി

ശ്രുതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഉള്ളിലൊരു പരവേശം.

ഇന്ന് പ്രസവം കഴിഞ്ഞെന്ന് ആരോ വിളിച്ചു പറഞ്ഞിരിക്കുന്നു.

നേരം വെളുക്കും മുന്‍പെ അമ്മയെ വിളിച്ചറിയിച്ചിരിക്കുന്നു.

അജിയേ… രാവിലെ വാര്‍ഡിലോട്ട് മാറ്റൂത്രേ , എന്തേലും കുറച്ച് ഫ്രുട്ട്സ് വാങ്ങണം അല്ലേടാ..

അമ്മയുടെ അഭിപ്രായം എന്നോടാണെങ്കിലും പാതി മയക്കത്തില്‍ ഞാനൊന്നും മിണ്ടിയില്ല .

അജിയേ…. നീ ഒന്ന് എണീറ്റേടാ… വല്ലോം കഴിച്ചിട്ട് ആശുപത്രീല്‍ പോണം , ശ്രുതി പ്രസവിച്ചു, പെണ്‍കൊച്ചാ….

ശ്രുതി പ്രസവിച്ചത് അമ്മ ഇരുപത് പ്രാവശ്യം ആവര്‍ത്തിക്കണോ… രാവിലെ മുതല്‍ കേട്ടോണ്ടിരിക്കല്ലേ…

ഞായറാഴ്ചയല്ലമ്മേ ചേട്ടന്‍ ഉറങ്ങിക്കോട്ടെ നമ്മുക്ക് പോയേച്ചും വരാം .

അനിയത്തിയുടെ അഭിപ്രായം മാനിക്കാറില്ലെങ്കിലും ആ അഭിപ്രായം ഞാന്‍ ശരിവച്ചു.

ഒന്ന് പോ പെണ്ണെ.. നിന്‍റെ കൂടെ വന്ന് ബസ്സേലും തൂങ്ങി അവിടെ എത്തിയാല്‍ ഞാനും കൂടി കിടക്കേണ്ടി വരും ആശുപത്രിയില്‍. അവന്‍റെ വണ്ടിയേല്‍ പോയി വേഗം തിരിച്ചു വരാലോ…

ബൈക്കിലുള്ള യാത്രയ്‌ക്ക് വേണ്ടിയാണീ പുത്ര സ്നേഹം.

പിടിച്ച പിടിയില്‍ അമ്മ നിന്നു . എന്നാ പിന്നെ ആശുപത്രീല്‍ എത്തിക്കാന്‍ ഞാനും സമ്മതിച്ചു.

എന്‍റെ മുഖപുസ്തകത്തിലെ മുഖമില്ലാത്ത കൂട്ടുകാരിയോട് കാര്യം പറഞ്ഞപ്പോള്‍ അവളും അമ്മയുടെ പക്ഷം.

സത്യത്തില്‍ ശ്രുതി വിജയന്‍ ആരാണെന്നും എനിക്ക് ആരായിരുന്നെന്നും ഞാന്‍ പറഞ്ഞിരിക്കുന്നത് മുഖമില്ലാത്ത ആ കൂട്ടുകാരിയോട് മാത്രമായിരിക്കും.

ഒന്നാം ക്ലാസ്സില്‍ പല അപരിചിത മുഖങ്ങളില്‍ അവള്‍ മാത്രമാണ് എന്നോട് പുഞ്ചിരിച്ചത്.

എന്താ പേര് എന്ന് എന്നോട് ചോദിച്ചപ്പോള്‍ അജിക്കുട്ടന്‍ എന്ന് ഞാന്‍ മറുപടി പറഞ്ഞു.

എന്നില്‍ നിന്നും മറുചോദ്യം അവള്‍ പ്രതീക്ഷിച്ചും ഞാന്‍ ചോദിക്കാതിരുന്നപ്പോള്‍ അവള്‍ പറഞ്ഞു എന്‍റെ പേര് ശ്രുതി വിജയന്‍.

അവള്‍ മാത്രമായിരുന്നു കൂട്ടുകാരി. അവളുടെ കൈ പിടിച്ചു മാത്രം നടത്തം. അവളോടൊപ്പം ഉച്ചക്കഞ്ഞി. ചിലപ്പോള്‍ അവള്‍ കൊണ്ടുവരുന്ന ചില്ലറ തുട്ടു കൊണ്ട് വാങ്ങിക്കുന്ന മിഠായി. മുനയൊടിഞ്ഞ പെന്‍സിലുകള്‍. സ്ലേറ്റ് മായ്ക്കാന്‍ അവള്‍ കൊണ്ടുവരുന്ന മഷിതണ്ടുകള്‍ എല്ലാം എനിക്കും കൂടിയായിരുന്നു. തിരിച്ച് നല്‍കാന്‍ എന്‍റെ കൈയ്യില്‍ വറുത്ത പുളിങ്കുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ , അതവള്‍ക്ക് വളരേ ഇഷ്ടമായിരുന്നു. ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനൊരു ആണ്‍കുട്ടിയും അവളൊരു പെണ്‍കുട്ടിയും ആണെന്ന ബോധം വന്നു. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് കൂട്ടുകൂടണമെന്ന അലിഖിത നിയമം മനസ്സിലായി തുടങ്ങി .

അവളോട് മിണ്ടാതായി, അപരിചിതരോ, അല്ലെങ്കില്‍ മറ്റു പെണ്‍കുട്ടികളെ പോലെ വെറുമൊരു സഹപാഠിയായി.

വര്‍ഷങ്ങള്‍ അതിവേഗം കടന്നു പോയി, പത്താം ക്ലാസ്സിലെ ശ്രുതി ആകെ മാറി, ഇത്തിരി തടിയും വടിവൊത്ത ശരീരവും വെളുത്ത നിറവും, കവിളും എല്ലാം കൊണ്ടും ആരും നോക്കിപോകുന്ന സുന്ദരിക്കുട്ടിയായി അവള്‍ മാറി. അന്നും തടിയും പൊക്കവും ഇല്ലാത്ത ഞാന്‍ ഫസ്റ്റ് ബെഞ്ചില്‍ ഓരം ചേര്‍ന്നിരുന്നു.

അവളറിയാതെ അവളെ നോക്കുക എന്നതായിരുന്നു എന്‍റെ രീതി. അവളെങ്ങാനും തിരിച്ചു നോക്കിയാല്‍ ഒരാഴ്ച ആ വഴിക്ക് കണ്ണ് ചലിക്കാതിരിക്കും.

ചിലപ്പോള്‍ മനസ്സില്‍ അവളോട് പ്രണയം തോന്നിയതാവാം, പക്ഷേ അതാണെന്ന് അവളറിഞ്ഞാലുള്ള പ്രതികരണത്തെ എനിക്ക് ഭയമായിരുന്നു.

പണ്ട് കൈ പിടിച്ചു നടന്ന അവളെ ഞാന്‍ തന്നെ അകറ്റിയത് ഇന്നൊരു വിങ്ങലായി തോന്നി.

എന്തിന് അവളെ ഭയപ്പെട്ടു അല്ലെങ്കില്‍ അവളോടുള്ള ഇഷ്ടം പുറത്തുകാണിക്കാമായിരുന്നു എന്ന് ഇന്ന് നിസ്സാരമായി തോന്നുമ്പോള്‍ അന്നത്തെ എനിക്ക് അതൊരിക്കലും ഉള്‍ക്കോള്ളാന്‍ പറ്റണമെന്നില്ല.

പത്താം ക്ലാസ്സില്‍ അവള്‍ മിന്നുന്ന വിജയം കാഴ്ച വച്ചപ്പോള്‍ എന്‍റെ കണ്ണിനു മാത്രം മിന്നാന്‍ പാകത്തില്‍ ഞാനും ജയിച്ചു കേറി.

പത്ത് കഴിഞ്ഞാല്‍ എന്ത് പഠിക്കാം എന്നു പോലും ധാരണയില്ലാത്ത ഞാന്‍ പല കോഴ്സുകളുടേയും ഫുള്‍ഫോം അറിയാതെ നടന്നു .

പത്ത് കഴിഞ്ഞു, ഇനി പ്ലസ് ടൂ, എല്ലാവരും അങ്ങനെ ആണെങ്കില്‍ പിന്നെ അങ്ങനെ ആവട്ടെ.

പ്ലസ് വണ്ണിന് അപേക്ഷ നല്‍കാന്‍ പോയപ്പോള്‍ വീണ്ടും അവളെ ഞാന്‍ കണ്ടു.

എതാ സബ്ജക്റ്റ്. അവള്‍ ചോദിച്ചു

പ്ലസ് വണ്‍…

അതല്ല. സബ്ജറ്റ്.

ശ്രുതി ഏതാ…

സയന്‍സ്.

ശരി.

എന്നാ പിന്നെ സയന്‍സ് എന്ന് ഞാനും കരുതി.

അവളെ പോലെ തൊണ്ണൂറന്‍ മാര്‍ക്കുകാര്‍ക്ക് മാത്രമാണത്രെ അവിടുത്തെ സയന്‍സ് .

അവരുടെ ഉപദേശ പ്രകാരം ഞാന്‍ കൊമേഴ്സ് എന്ന സബ്ജകറ്റ് തെരഞ്ഞെടുത്തു.

പള്ളിപ്പടിയില്‍ നിന്നും ഞാന്‍ ബസ്സ് കയറി തൊട്ട അടുത്ത സ്റ്റോപ്പില്‍ നിന്നും അവളും അതേ ബസ്സില്‍ കയറും. രാവിലത്തെ തിരക്കില്‍ ചിലപ്പോള്‍ കാണാനേ പറ്റില്ല. പക്ഷേ വൈകുന്നേരം ആളൊഴിഞ്ഞ ബസ്സില്‍ അവളെ നോക്കിയിരിക്കും. അവളുടെ നല്ല മനസ്സ് കൊണ്ട് അവളൊരിക്കലും തിരിഞ്ഞു നോക്കില്ല.

ബസ്സ് ഇറങ്ങി കഴിഞ്ഞാല്‍ പിന്നോട്ട് നോക്കാതെ അവള്‍ നടക്കും, വെയിലോ മഴയോ ആണെങ്കില്‍ കുട ചൂടും.

പലപ്പോഴും നേരെ മുന്നില്‍ ചെന്നു പെട്ടാല്‍ അവള്‍ ഒന്നു ചിരിക്കും തിരിച്ച് ഞാനും .

ഒരു വര്‍ഷം കഴിഞ്ഞു, നാട്ടുകാരുമൊത്തം ആധാര്‍ എടുക്കണമെന്ന നിയമം വന്നു. സ്കൂള്‍ വരാന്തയില്‍ എങ്ങും നീണ്ട വരികള്‍.

കൂട്ടുകാരന്‍റെ ബൈക്കില്‍ സ്കൂള്‍ വരെ ചെന്ന് ഞാനും ആധാറിന് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

തിരിച്ചിറങ്ങാന്‍ നേരം ഒരു വിളി.

അജി…..

ഞാന്‍ തിരിഞ്ഞു നോക്കും മുന്‍പേ അവള്‍ മുന്നില്‍ എത്തി.

ടാ അജീ… ട്യൂഷന് ലേറ്റ് ആയെടാ. ഒന്ന് ട്യൂഷന്‍ സെന്‍റര്‍ കൊണ്ടു വിടെടാ. ബസ്സ് നോക്കി നിന്നാല്‍ വൈകും ഞാന്‍.

ഞാന്‍ സമ്മതം കൊടുത്തില്ല, ലൈസന്‍സ് ഇല്ലെന്ന് പറഞ്ഞില്ല അതിന് മുന്‍പേ അവള്‍ പിറകില്‍ കയറിയിരുന്നു. അവളുടെ ബാഗ് എടുത്ത് ഞങ്ങള്‍ക്ക് നടുവില്‍ വച്ചു.

അവള്‍ നന്ദി പറഞ്ഞിരിക്കാം, അതോ റ്റാറ്റാ പറഞ്ഞതാണോ ഒന്നും വ്യക്തമായില്ല.

അന്ന് വീണ്ടും ഉള്ളില്‍ പ്രണയം തോന്നി . എങ്ങനെ എങ്കിലും അവളോട് സംസാരിക്കണം ഇഷ്ടം തുറന്ന് പറയണം.

പക്ഷേ അവളെ കണ്‍മുന്നില്‍കണ്ടാല്‍ ചങ്കിടിക്കും അവള്‍ ചിരിച്ചാല്‍ മനസ്സ് മാഞ്ഞുപോകും. ആയിടയ്ക്കാണ് രാഹുലിനെ സുഹൃത്തായി കിട്ടിയത്. അവനാണെങ്കില്‍ അവളുടെ ക്ലാസ്സിലും. അവനിലൂടെ പറഞ്ഞാലോ എന്ന് പല വട്ടം ആലോചിച്ചു. അത് അഭിമാന പ്രശ്നമായതിനാല്‍ രഹസ്യമായി തന്നെ ഞാന്‍ പ്രണയിച്ചു

ഒന്നാന്തരം വണ്‍ സൈഡ് ലൗ.

എന്‍റെ അമ്മ ആണെങ്കില്‍ അവളുടെ വീട്ടിലായിരുന്നു സ്ഥിരം ജോലിക്ക് പോയിരുന്നത്. വര്‍ഷങ്ങളുടെ പരിചയം കൊണ്ട് ഒരു ജോലിക്കാരി എന്നതിലുപരി അവിടുത്തെ ഒരു അംഗം പോലെയായിരുന്നു എന്‍റെ അമ്മ.

ഒരു ദിവസം വൈകുന്നേരം തിരിച്ചുള്ള യാത്രയില്‍ മുന്‍വാതില്‍ ചേര്‍ന്നുള്ള സീറ്റീല്‍ ഞാനിരുന്നു. മിന്നുന്ന ഇളം റോസാപ്പൂ നിറത്തിലുള്ള ചൂരിദാറില്‍ അവള്‍. ഇറങ്ങാന്‍ നേരം സ്റ്റെപ്പില്‍ ഷോള്‍ പിണഞ്ഞു നിന്നു കുറച്ച് റോസ് നൂലും ഒരു മിന്നും അവിടെ ബാക്കിയായി.

പിറ്റേന്ന് അമ്മ പണി കഴിഞ്ഞ് വന്നിട്ട് അടുക്കള മൊത്തം എന്തോ തിരഞ്ഞു നടന്നു .

കാര്യം അന്വേഷിച്ചപ്പോഴാണ് പറഞ്ഞത്.

ശ്രുതി കുഞ്ഞിന് ഒരു പാറ്റയെ വേണം , അവള്‍ക്ക് അതിനെ ഓപ്പറേഷന്‍ ചെയ്ത് പഠിക്കാനുണ്ട് പോലും.

പല സ്ഥലത്തും കണ്ടിരുന്ന പാറ്റ ഒക്കെയും സ്ഥലം വിട്ടിരിക്കുന്നു.

അന്ന് രാത്രി ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നു. പൂജാമുറിയില്‍ ദൈവത്തിന് പിന്നില്‍ ഒളിച്ച ഒരു പാറ്റയെ ഞാന്‍ പൊക്കി.

പ്രത്യേകം തയ്യാറാക്കിയ ബെഡ്ഡില്‍ കിടത്തി . റബ്ബര്‍ ബാന്‍റ് കൊണ്ട് ബന്ധിച്ചു. ചെറിയൊരു കടലാസ്സ് തുണ്ടില്‍ ഐ ലവ് യു എന്നെഴുതി ചുരുട്ടി പാറ്റയുടെ പിന്നിലൂടെ വയറ്റിലോട്ട് കയറ്റി.

പ്രത്യേക ഭക്ഷണവും നല്‍കി അതിന് ഉറങ്ങാനുള്ള കൂട്ടില്‍ കൊണ്ടിട്ടു.

രാവിലെ സ്കൂള്‍ എത്തിയപ്പോള്‍ അവള്‍ പിന്നാലെ വന്നു വിളിച്ചൂ.

ഞാന്‍

സന്തോഷപൂര്‍വ്വം എന്‍റെ ഹംസത്തെ അവള്‍ക്ക് കൈമാറി.

ഉച്ച ഭക്ഷണം കഴിഞ്ഞ് രാഹൂലിനെ കണ്ടപ്പോള്‍ അവന്‍റെ പാറ്റ ഓപ്പറേഷനെ കുറിച്ച് ചോദിച്ചു .

അതേയ് ഇന്ന് ലാബില്‍ ഒരു സംഭവം ഉണ്ടായി.

എന്ത് ?…. ഞാന്‍ ചോദിച്ചു .

രാകേഷിന്‍റെ പാറ്റയുടെ വയറ്റില്‍ ഒരു പ്രേമലേഖനം.

രാകേഷിന്‍റേയോ…

ഇവള്‍ അതെന്തിന് അവന് കൊടുത്തു .

വീണ്ടും അടുത്ത ചൊവ്വാഴ്ച അവള്‍ പാറ്റയുടെ ഓര്‍ഡര്‍ കൊടുത്തു വിട്ടു. ഇത്തവണ ചുവന്ന മഷിയില്‍ പ്രണയം എഴുതി വയറ്റിലേക്ക് തിരുകി .

പിറ്റേന്ന് രാഹുല്‍ വന്ന് പറഞ്ഞു ശശാങ്കന്‍റെ പാറ്റയുടെ വയറ്റില്‍ പ്രേമലേഖനം കിട്ടിയെന്ന്. അടുത്ത തവണ എല്ലാവരും തനിയെ പാറ്റയെ ബോധം കെടുത്തണം എന്നാണ് സാറ് പറഞ്ഞിരിക്കുന്നത് . ഇതുവരെയും എല്ലാവരും പാറ്റയെ ഒന്നിച്ച് ഒരു ടാങ്കില്‍ നിക്ഷേപിച്ച് എടുക്കുകയായിരുന്നു. അപ്പോള്‍ അറിയാലോ പ്രേമലേഖനം ആരുടെ പാറ്റയുടെ അസുഖം ആണെന്ന്.

വീണ്ടും അടുത്ത ചൊവ്വാഴ്ച സ്ഥിരം പരിപാടി തിരുകി കയറ്റി ഞാനവള്‍ക്ക് പാറ്റയെ നല്‍കി.

പാറ്റയുടെ വയറ്റില്‍ നിന്നും കണ്ട കുറിപ്പ് ആരും കാണാതെ അവള്‍ മാറ്റി വച്ചു. ആര്‍ക്കാണ് കത്ത് കിട്ടുക എന്നറിയാന്‍ എല്ലാവരും ആകാംഷയില്‍ ആയിരുന്നൂത്രേ.. വൈകുന്നേരം ഒരു നോട്ടം മാത്രം നോക്കി . അതില്‍ നിന്നും എനിക്ക് മനസ്സിലായി കത്ത് അവള്‍ക്ക് ലഭിച്ചിരിക്കുന്നു.

അടുത്ത ഞായറാഴ്ച അവളുടെ മഞ്ഞ സ്കൂട്ടിയില്‍ മഞ്ഞ ധാവണിയില്‍ കതിരു വിളഞ്ഞ് മഞ്ഞളിച്ച പാടത്തിന് നടുവിലൂടെ അവള്‍ എന്‍റെ വീട് ലക്ഷ്യം വച്ചു വരുന്നത് ഞാന്‍ കണ്ടു.

ഒരങ്കലാപ്പിനും ഇടവരുത്താതെ അടുക്കള വാതില്‍ വഴി ഞാന്‍ പുഴയോരത്തേക്ക് ഓടി.

വന്നയുടനെ അവള്‍ അന്വേഷിച്ചതും എന്നെ ആയിരുന്നു .

അഞ്ജുവിന്‍റെ പ്രായത്തേക്കാള്‍ വളര്‍ന്ന നാവില്‍ നിന്നും എന്നെ കൊച്ചാക്കാനുള്ളത് മാത്രമേ വീഴാറുള്ളു.

വിളിച്ചു കയറ്റി സല്‍ക്കരിച്ചിരുത്തിയത് എന്‍റെ മുറിയില്‍.

ചുമരിലാണെങ്കില്‍ അന്നത്തെ നായികമാര്‍ ഗോപികയും നവ്യയും കാവ്യയും നിറഞ്ഞു നില്‍ക്കുന്നു .

ഇത് അവന്‍റെ സീറ്റ്‌. ചുമരില്‍ തൂക്കിയ ബൈക്കിന്‍റെ സീറ്റ് കവര്‍ കാണിച്ച് അഞ്ജു പറഞ്ഞു.

സീറ്റോ….

ആന്നേ.., ചേച്ചി അന്നാള് ബൈക്കില്‍ കയറിയില്ലായിരുന്നോ ആ ബൈക്കിന്‍റെ സീറ്റ്. ഈ സീറ്റ് തിരിച്ച് കൊടുക്കാത്തതിന് ഒരു യുദ്ധം വരെ നടത്തി അവന്‍റെ കൂട്ടുകാരന്‍.

അവളുടെ കണ്ണ് ഒന്നൂടെ വിടര്‍ന്നിരിക്കാം.

ഇത് പാറ്റയെ ഓപ്പറേഷന്‍ ചെയ്യാന്‍ നിര്‍മ്മിച്ച പ്രത്യേക ഓപ്പറേഷന്‍ തീയേറ്ററും ഒരു കൂടും.

അവള്‍ക്ക് ചിരി പൊടിഞ്ഞു.

ദേ ഈ ബോക്സിലാണ് നിധി.

നിധിയോ….

അവള്‍ ഒരു കുഞ്ഞു ബോക്സ് തുറന്നു കാണിച്ചു, രണ്ടു കഷ്ണം നൂലും ഒരു മിന്നും.

ചേച്ചീടെ ചുരിദിറിന്‍റെ നൂലാ… ഓര്‍മ്മയുണ്ടോ..

ഇനിയും വിടര്‍ത്താന്‍ അവളുടെ ഉണ്ടകണ്ണിനാവില്ല.

നിന്‍റെ ചേട്ടന് പ്രാന്താണോ….?

ഉം… ഒരു പ്രത്യേക തരം പ്രാന്ത്.

നേരം ഇരുട്ടി വീട്ടിലെത്തിയ എന്നോട് എന്‍റെ ശവക്കുഴി ഒരുക്കിയ കാര്യം അഞ്ജു രസകരമായി വിവരിച്ചു.

കാലം പാഞ്ഞങ്ങു പോയി.

അവള്‍ എഞ്ചിനീയറിങ്ങും കഴിഞ്ഞ് വളര്‍ന്നു. ഫോണില്‍കൂടെ ഇടയ്ക്ക് മെസ്സേജ് അയച്ച് എന്‍റെ പ്രണയം ഞാന്‍ വാടാതെ സൂക്ഷിച്ചു.

കുടുംബശ്രീയില്‍ നിന്നും അമ്മയ്ക്ക് കിട്ടിയ പത്ത് കോഴികുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുത്തിരിക്കണ നേരത്താണ് ശ്രുതിയും അവളുടെ അച്ഛനും കാറില്‍ വന്നിറങ്ങുന്നത്.

മുണ്ടഴിച്ച് ബഹുമാനം കാണിക്കാന്ന് വച്ചാല്‍ കീറിയ മുന്‍വശം അവളും കാണും. ഇത്തിരി ഗമയില്‍ ബഹുമാനം പൊടിക്ക് കുറച്ച് തന്നെ നേരിട്ടു. ഇനി എന്തൊക്കെ നേരിടാനിരിക്കുന്നു.

അജിയേ …. എന്തു പറയുന്നു.

സുഖം … അവളുടെ അച്ഛനെ ഞാന്‍ എന്ത് വിളിക്കാന്‍ , ഒന്നും വിളിച്ചില്ല.

ശ്രുതി എപ്പോ വന്നു.

ഒരാഴ്ചയായി.

അജിയേ .. അവള്‍ക്ക് ബാഗ്ലൂരില്‍ ഒരു ജോലിയും ശരിയായി.

അമ്മ അവര്‍ക്ക് ചായ എടുത്തു .

അജി എന്തു ചെയ്യുന്നു.

അതിപ്പോ …. പത്ത് കോഴി കുഞ്ഞുങ്ങള്‍ ഉണ്ട്, പരുന്തിന്‍റേം കാക്കേടേം ശല്യം പറയേ വേണ്ട. കണ്ണ് തെറ്റിയാല്‍ റാഞ്ചികൊണ്ട് പോകും.

അതല്ല, ഭാവി പരിപാടിയാ ഞാന്‍ ഉദ്ദേശിച്ചത്.

ഒരു ഭാവിയും തിരുമാനിക്കാത്ത ഞാന്‍ ആ നിമിഷം കോഴിയില്‍ തന്നെ പിടിച്ചു നിന്നു .

കോഴിയെ വിറ്റ് പത്ത് കാശ് ഉണ്ടാക്കണം. ബിസ്സിനസ്സ് തുടങ്ങണം.

ആ….. ഈ പത്ത് കോഴികുഞ്ഞിനെ വിറ്റ്….. അല്ലേ… ആ ഞങ്ങള്‍ വന്നത് അവള്‍ക്കൊരു ആലോചന, ആലോചന എന്നല്ല ഉറപ്പിച്ച മട്ടാ. പയ്യന് നല്ല ജോലിയും നല്ല കൂലിയും ഉണ്ട്.

അജിക്ക് വല്ല എതിര്‍പ്പും ഉണ്ടോന്നറിയാനാ ഞങ്ങള്‍ വന്നത്. മോള് അങ്ങനെ പറഞ്ഞായിരുന്നു.

അപ്പൊ എന്‍റെ കല്യാണം തിരുമാനിക്കാനല്ല വന്നതെന്ന് എനിക്ക് മനസ്സിലായി . കുറ്റം പറയാനാവില്ല അവള് സമ്പാദിച്ചു തുടങ്ങാന്‍ പോകുന്നു , ഞാന്‍ കോഴിക്ക് തീറ്റ കൊടുത്തു നടക്കുന്നു.

സന്തോഷല്ലേയുള്ളൂ… അല്ലേ അമ്മേ..

ഞാന്‍ രംഗത്തില്‍ നിന്നും ഒഴിവായി.

അവള് കല്യാണം കഴിഞ്ഞ് പോയി. പത്ത് കോഴിയെ വിറ്റ് കുറച്ച് കൂടെ കോഴിയെ വാങ്ങി ,പത്ത് നൂറായി നൂറ് ആയിരമായി. വര്‍ഷം രണ്ട് കഴിഞ്ഞപ്പോള്‍ പുരയിടം ആകെയും കോഴി ഫാം കൊണ്ട് നിറഞ്ഞു . നാട്ടിലെ തന്നെ വലിയൊരു ചിക്കന്‍ സപ്ലയറായി ഞാന്‍ മാറി.

ആയിടയ്ക്കാണ് ഒരു മുഖമില്ലാത്ത കൂട്ടുകാരിയെ ഫേസ്ബുക്കില്‍ ലഭിച്ചത്.

എന്തു പറഞ്ഞാലും സമാധാനത്തോടെ അവള്‍ മൂളി കേള്‍ക്കും . പല മുഖമില്ലാത്തവരും കബളിപ്പിക്കുകയാണെന്ന് അറിയാമെങ്കിലും അവളെ ഞാന്‍ വിശ്വസിച്ചു . ഈ കഥകള്‍ അവളോട് മാത്രം ഞാന്‍ പറഞ്ഞു.

അവളുടെ നിര്‍ദ്ദേശം കൂടിയുള്ളതിനാലാണ് ഞാന്‍ ഇന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടതും.

നല്ല കുറച്ച് പഴങ്ങളും വാങ്ങിച്ചോളാന്‍ അവളു പറഞ്ഞു.

ശ്രുതിയും തുണിയില്‍ പൊതിഞ്ഞ ഇത്തിരിയില്ലാത്ത പൊടികുഞ്ഞും ചുറ്റിലും കുറേ ആള്‍ക്കാരും.

ഇത് ഉണ്ണിയേട്ടന്‍റെ അമ്മ, ഇത് ഇളയമ്മ, ഇത് അശ്വതി ഇളയമ്മയുടെ മോളാ…. ഇത്…

ഉണ്ണി വന്നില്ലേ…

ഉണ്ണി ഗള്‍ഫില്‍ പോയിട്ട് ഒരു വര്‍ഷം ആവണേയുള്ളൂ…

ഒരു വര്‍ഷായിട്ട് ഗള്‍ഫിലാണെങ്കില്‍ അവളെങ്ങനെ പെറ്റു… അവളെ നോക്കിയപ്പോള്‍ അവള്‍..

ഞാന്‍ അവിടെയായിരുന്നൂ.

എനിക്ക് ചിരിവന്നൂ.

അമ്മയും അവളുടെ ബന്ധു മിത്രാതികളും കൂടി നല്ല വാചക കസര്‍ത്ത്.

ഞാനും ശ്രുതിയും ആ പെണ്‍കൂട്ടിയും വാര്‍ഡില്‍ ബാക്കിയെല്ലാവരും വെളിയില്‍ പോയി.

അജിക്ക് ഇവളെ അറിയാമോ…

ഇല്ല.

പക്ഷേ അവള്‍ക്ക് അജിയെ അറിയാം, അമ്മയെ അറിയാം അഞ്ജൂനെ അറിയാം.

അതാരാ…

വേറാരാ… നിന്‍റെ കദന പ്രണയ കഥകള്‍ കേള്‍ക്കുന്ന അശ്വതി അച്ചു എന്ന മുഖമില്ലാത്തവള്‍. മാത്രമല്ല ഇപ്പോ ഇവിടെ നടന്നത് ഒരു പെണ്ണുകാണലും കല്യാണം ഒറപ്പിക്കല്‍ ചടങ്ങും കൂടെയാണ്.

അവള്‍ വീണ്ടും എന്‍റെ കണ്‍മുന്നില്‍ നിന്നും മെസ്സേജ് അയച്ചു.

‘എനിക്ക് ഇഷ്ടായി’.

അജിയുടെ നിഷ്കളങ്കമായ മനസ്സിനെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് അജിയോട് ഒരു ആരാധന. ഞാന്‍ പിന്നെ ഇത്തിരി വെള്ളവും വളവും നല്‍കി എന്നേയുള്ളൂ..

അന്ന് എനിക്ക് ശ്രുതിയോട് ഒന്നൂടെ ഇഷ്ടമാണെന്ന് പറയാന്‍ തോന്നി , ഒരു ആത്മാര്‍ത്ഥ സുഹൃത്തെന്ന പോല്‍.. പക്ഷേ ഒന്നും പറഞ്ഞില്ല.

അശ്വതി അച്ചു ഇന്ന് അശ്വതി അജിയായി എന്‍റെ പാതിയായി എന്നോടൊപ്പം

രചന: ദിലീപ് അടുക്കത്തൊട്ടി

Leave a Reply

Your email address will not be published. Required fields are marked *