എന്റെ_പെണ്ണ്

രചന : പ്രവീൺ

ആരോ പുറകിൽ നിന്ന് വിളിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. വിനു ചേട്ടൻ ആണ്. ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ആൾ. ഈ ഹൈദരാബാദിൽ വന്നപ്പോൾ എനിക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നത് വിനു ചേട്ടൻ ആണ്. വിനു ചേട്ടൻ താമസിക്കുന്ന അപ്പാർട്മെന്റ്നു തൊട്ടപ്പുറത്തുള്ള അപ്പാർട്മെന്റിൽ എനിക്ക് ഒരു റൂമും ഒപ്പിച്ചു തന്നത് വിനു ചേട്ടൻ ആണ്. ആള് ഫാമിലി ആയിട്ടാണ് ഇവിടെ താമസിക്കുന്നത്

“നിന്നെ ഇന്നലെ നിന്റെ അയൽവാസി പെണ്ണിന്റെ കൂടെ കോഫി ഷോപ്പിൽ കണ്ടല്ലോ ?”

“ആ…. അത് വെറുതെ.. വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ഒന്നു പുറത്തിറങ്ങീതാ.പിന്നെ അവർ മലയാളികൾ ആണ്. നല്ല സ്നേഹം ഉള്ളവരാ മിക്ക്യ ദിവസവും അവിടന്നാ ഭക്ഷണം”

“ആഹാ…. നിനക്ക് അവളോട്‌ പ്രേമം ആണോടാ ?”

“അങ്ങനെ ചോദിച്ചാൽ….അല്ലാന്നു പറയാൻ പറ്റില്ല ”

“ഹും…. അപ്പൊ സംഗതി ഞാൻ വിചാരിച്ച പോലെ തന്നെ. നിനക്ക് അവരെ പറ്റി എന്ത് അറിയാം. ആ സ്ത്രീ ശരിയല്ലടാ. അത് ഒരു മോശം സ്ത്രീയാണ് ”

“എന്താ ചേട്ടൻ ഈ പറയണേ ”

“നിനക്ക് മനസിലായില്ല അവളുടെ അമ്മ വേശ്യ ആണെന്ന് ”

ഞാൻ ആകെ വല്ലാതായി “ചേട്ടൻ പറയുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റില്ല. ആ സ്ത്രീ ജോലിക്ക് പോകുന്നുണ്ട്. അവൾ ആണേൽ നമ്മളെ പോലെ ഐ ടി കമ്പനിയിൽ നല്ലൊരു ജോലി ഉണ്ട്. ഇന്നേ വരെ അവരുടെ വീട്ടിൽ ഒരു അന്യ പുരുഷൻ വരുന്നത് ഞാൻ കണ്ടിട്ടില്ലാ ”

” ഞാൻ പറയാനുള്ളത് പറഞ്ഞു. നിനക്ക് അവളുടെ അച്ഛൻ ആരാണെന്ന് അറിയോ ?അവര് എങ്ങനെ ഇവിടെ എത്തി എന്ന് ?”

“അച്ഛൻ മരിച്ചു പോയി എന്നാ പറഞ്ഞത്”

“എന്നാൽ അങ്ങനെ അല്ല.നീ അവരോടു പോയി ചോദിക്ക്. ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ല ”

പെട്ടന്നാണ് വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നത് “ഹലോ ഭക്ഷണം കഴിച്ചോ…. എങ്ങനെ ഉണ്ട് എന്റെ കറി ?”

കൊളളാം എന്ന് പറഞ്ഞു ഒരു സ്മൈലി അയച്ചു.അവള് പിന്നെയും എന്തൊക്കയോ മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ എന്റെ മനസ് വിനു ചേട്ടൻ പറഞ്ഞ കാര്യത്തിൽ കാര്യത്തിൽ ആയിരുന്നു

“എന്താ മാഷേ ഒരു മൂഡോഫ് ”

“അനു എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ”

“ഹും….. എന്താ ചോദിച്ചോളൂ ”

“അനുവിന്റെ അച്ഛൻ എവിടെ ?നിങ്ങൾ എങ്ങനെ ഇവിടെ എത്തി ”

കുറച്ചു സമയത്തേക്ക് ഒരു റിപ്ലേയും ഉണ്ടായില്ല

“ഇങ്ങനെയൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചത് ആയിരുന്നു.പ്രവീണിനോട് പലപ്പോഴും പറയണം എന്ന് കരുതിയതാ. എന്റെ അച്ഛൻ മരിച്ചിട്ടില്ല. പക്ഷെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. ഞാൻ അമ്മയുടെ വയറ്റിൽ 4 മാസം പ്രായം ആയപ്പോൾ അച്ഛൻ അമ്മയെ ബോംബെയിലെ ഒരു വേശ്യാലയത്തിൽ വിറ്റു പോയി. അഞ്ചു കൊല്ലം അമ്മ ജീവിച്ചു. ശരിയാണ് വേശ്യ ആയിട്ട് തന്നെ. ജീവിക്കാൻ വേണ്ടി ആണെന്ന് മാത്രം. 5 കൊല്ലം കഴിഞ്ഞപ്പോൾ അമ്മ ആ വേശ്യാലയത്തിൽ നിന്നു രക്ഷപെട്ടു ഇവിടെ ഹൈദരാബാദിൽ വന്നു. പല ജോലികൾ അന്വേഷിച്ചു. ഞാൻ വിശന്നു കരഞ്ഞപ്പോൾ അമ്മ സ്വന്തം ശരീരം മറ്റുള്ളവരുടെ മുൻപിൽ ഇവിടേയും വിറ്റിട്ടുണ്ട്.എന്റെ വിശപ്പ് അകറ്റാൻ അമ്മയുടെ ഗതി എനിക്ക് വരാതിരിക്കാൻ എന്നെ പഠിപ്പിക്കാൻ അമ്മ വേശ്യയായി ജോലി ചെയ്തിട്ടുണ്ട് പക്ഷെ ഇപ്പൊ ഒരു പത്തു കൊല്ലത്തോളം ആയിട്ട് അമ്മ മാന്യമായി ജോലി ചെയ്താണ് ജീവിക്കുന്നത്.പക്ഷെ ജനങൾക്ക് വേശ്യ എന്നും വേശ്യ ആണല്ലോ. അത് കൊണ്ട് തന്നെ എനിക്ക് ഫ്രണ്ട്‌സ് ഒന്നും അധികം ഇല്ല. ചേട്ടനോട് അടുത്തതോടു കൂടി ആണ് ഞാൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. മുൻപ് ഇത് പറയാതിരുന്നത് ഇത് അറിഞ്ഞാൽ ചേട്ടൻ എന്നോട് അകൽച്ച കാണിച്ചാലോ എന്നോർത്തിട്ടാണ്. എന്നോട് ക്ഷമിക്കണം ”

അവളുടെ ഈ ജീവിതം കേട്ടപ്പോൾ ചോദിക്കേണ്ടി ഇല്ലാ എന്ന് തോന്നി. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അനു എന്നും എന്റെ ഓഫീസിന്റെ മുൻപിൽ കാത്തു നിൽക്കാറുണ്ട്. ഇന്ന് അവള് വന്നില്ല.

അതും കൂടെ ആയപ്പോൾ തലവേദന എടുക്കുന്ന പോലെ. റൂമിൽ പോയി കട്ടിലിൽ കിടന്നു ഉറങ്ങി പോയത് അരിഞ്ഞില്ല.ആരോ വാതിലിൽ മുട്ടിയപ്പോഴാണ് ഉറക്കത്തിൽ നിന്ന് എണീറ്റത്. വാതിൽ തുറന്നു അനുവിന്റെ അമ്മയാണ്. കയ്യിൽ ഭക്ഷണവും ആയിട്ടാണ് അമ്മ വന്നിരിക്കുന്നത്.

“മോനു ഞങ്ങളോട് ദേഷ്യം ഉണ്ടോ. അനു എന്നോട് എല്ലാം പറഞ്ഞു.ഞങ്ങൾ ഓർക്കാൻ ആഗ്രഹിക്കാത്ത ഭൂതകാലം ആയതു കൊണ്ടാണ് മോനോട് പറയാതിരുന്നത്. എന്നെ വെറുത്താലും അവളെ വെറുക്കരുത്. അവൾക്കു നിന്നെ അത്രക്ക് ഇഷ്ട്ടമാണ്. മോനു സമ്മതം ആണേൽ അവളെ കല്ല്യാണം കഴിച്ചോ. മോന്റെ വീട്ടിൽ അമ്മയും അച്ഛനും ഇല്ലാത്ത കുട്ടി ആണെന്ന് പറഞ്ഞാൽ മതി”

ഇത്രയും പറഞ്ഞു അവൾടെ അമ്മ എന്റെ കാലിൽ വീണു കരഞ്ഞു….

ഞാൻ എന്റെ ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു

“അമ്മേ എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടമാണ്. അച്ഛൻ ഇല്ല അമ്മ മാത്രമേ ഒള്ളു. അവളേയും അമ്മയേയും കൊണ്ട് ഞാൻ അങ്ങോട്ട്‌ വരികയാണ് ”

രചന : പ്രവീൺ

Leave a Reply

Your email address will not be published. Required fields are marked *