ഏട്ടൻ്റെ പെണ്ണ്…

രചന: ജോസ്ബിൻ

ഏട്ടൻ മരിച്ചു രണ്ടാഴ്ച്ചയ്ക്കുശേഷമാണ് അവളെ തേടി ഞാൻ പൂനയിലേയ്ക്കു പോയത്…

വീട്ടിൽ നിന്നിറങ്ങുമ്പോൾ എൻ്റെ യാത്രയെ തടയാൻ അച്ഛനും അമ്മയും ശ്രമിച്ചു…

ഏട്ടൻ്റെ ചിത കത്തി നില്ക്കുമ്പോൾ തന്നെ പോണോ അമ്പാടി എന്ന് അച്ഛൻ ചോദിച്ചു…

സങ്കടം സഹിക്കാൻ കഴിയാതെ അമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു….

ഏട്ടൻ ഉറങ്ങുന്ന മണ്ണിൽ ചെന്ന് യാത്ര ചോദിച്ചു പോകുമ്പോൾ എൻ്റെ കണ്ണു നിറഞ്ഞു..

ഏട്ടനെന്നു പറഞ്ഞാൽ ഒരു മണിക്കൂറിന് മാത്രം മൂത്തവൻ… അമ്മയുടെ ഗർഭപാത്രത്തിൽ ഒന്നിച്ചു ഒട്ടിക്കിടന്നവർ…

കണ്ണനും അമ്പാടിയുമായി ഞങ്ങൾ വളർന്നു.. ചെറുപ്പത്തിൽ ഈ കണ്ണനും അമ്പാടിയും മഹാ വികൃതികളായിരുന്നു..

തമ്മിൽ ഇടയ്ക്കു വഴക്കിടുമെങ്കിലും കാണാതെ ഒന്നിച്ചു കിടക്കാൻ കഴിയാത്ത ദിവസങ്ങളെപ്പറ്റി ഞങ്ങൾക്കു ചിന്തിയ്ക്കാൻ കഴിയില്ലായിരുന്നു…

വളരുതോറും ഒരു മണിക്കൂറിൻ്റെ ഏട്ടൻ സ്ഥാനത്തു നിന്ന് വർഷങ്ങളുടെ മുപ്പ് ഏട്ടൻ്റെ സ്വഭാവത്തിലും പക്വതയിലും പ്രകടമായിരുന്നു…

ആദ്യമൊക്കെ ഞങ്ങളെ കണ്ടാൽ കണ്ണനാരാണ് അമ്പാടിയാരാണ് എന്ന് പലർക്കും തിരിച്ചറിയാൻ കഴിയില്ലായിരുന്നു….

വളരുംതോറും ഏട്ടൻ നന്നാക്കുകയും ഞാൻ വഷളനാകാൻ തുടങ്ങുകയും ചെയ്യതപ്പോൾ

പലർക്കും ഞങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞു…

നാട്ടുക്കാർക്കു മുന്നിലും വീട്ടുക്കാർക്കു മുന്നിലും ഞാൻ നോട്ട പുള്ളിയായിരുന്നു..

പക്ഷേ ഏട്ടൻ എല്ലാവർക്കും പ്രീയപ്പെട്ടവനായിരുന്നു..

ഡിഗ്രി പoനക്കാലത്തു തലയ്ക്കു പിടിച്ച രാഷ്ട്രിയം പിന്നിട് ഭ്രാന്താകാൻ തുടങ്ങി എനിയ്ക്കു…

ഏട്ടനും അച്ഛനും പരമാവതി എന്നെ തിരുത്താൻ ശ്രമിച്ചു…

പക്ഷെ ഞാൻ നന്നായില്ല..

ഒടുവിൽ എല്ലാം കൈവിട്ടു പോകുമെന്ന അവസ്ഥയിലാണ് എന്നെ വിദേശത്തേയ്ക്കു അയക്കുന്നത്…

ഞാൻ വിദേശത്തു പോകുന്ന തലേന്ന് ശരിയ്ക്കും ഭ്രാന്തനെപ്പോലെയായിരുന്നു ഏട്ടൻ ഫുട്ട് കഴിയ്ക്കുന്നില്ല ഉറങ്ങുന്നില്ല…

ഏയർപോർട്ടിൽ നിന്ന് എന്നെ യാത്രയാക്കുമ്പോൾ ഏട്ടൻ്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടു…

എന്നും വീഡിയോ കോൾ വിളിയ്ക്കുന്നതായിരുന്നു എനിയ്ക്കും ഏട്ടനും ഏക ആശ്വാസം…

ഒരു വർഷത്തിന് ശേഷം ഒരു മാസം മുമ്പാണ് ഞാൻ നാട്ടിൽ വന്നത് ഏട്ടനും അച്ഛനും അമ്മയും എന്നെ കൂട്ടാൻ വന്നു.. എന്നെ കണ്ടപ്പോൾ ഏട്ടൻ്റെ മുഖത്തെ സന്തോഷം പറഞ്ഞാൽ തീരില്ല..

ഒരു ദിവസം രാവിലെ എന്തോ അത്യാവിശ്യത്തിന് ബൈക്കുമായി പുറത്തുപോയ ഏട്ടൻ തിരിച്ചു വന്നത് ചലനമില്ലാത്ത ശരീരവുമായാണ്…

ബൈക്കും കാറും കൂട്ടിയിടിച്ചാണ് ഏട്ടനു അപകടം സംഭവിച്ചത്.. യാതൊരു മാനുഷിക പരിഗണനയും നല്കാതെ ആ കാറുകാർ വിട്ടുപോയി..

റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ഏട്ടനെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ മരണപ്പെട്ടിരുന്നു..

ഞാൻ നാട്ടിൽ വന്നതിൻ്റെ സന്തോഷത്തെക്കാൾ സങ്കടമാണ് വീട്ടിലുണ്ടായത്..

എൻ്റെ ഏട്ടൻ മരിച്ചിട്ടില്ല… ഈ നെഞ്ചിലുണ്ട് ഏട്ടൻ്റെ പാതി ജീവൻ..

എന്താ മാഷേ ഇറങ്ങുന്നില്ലേ.. പൂനയിൽ എത്തി..

അടുത്തിരുന്നവൻ ചോദിച്ചപ്പോഴാണ് ഞാൻ കണ്ണുതുറക്കുന്നത്..

പൂനയെത്തിയോ ഞാൻ കുറച്ചു ഉറങ്ങിപ്പോയി…

പൂനയിൽ നിന്ന് ഹിമ താമസിക്കുന്ന ഹോസ്റ്റലിലേയ്ക്ക് ഞാൻ പോയി..

എന്നെ കണ്ടപാടെ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു അവൾ കരയാൻ തുടങ്ങി..

ഞാൻ എത്ര വിളിച്ചു ഏട്ടനെ സ്വിച്ച് ഓഫായിരുന്നല്ലേ ഫോൺ എന്നെ മന: പൂർവ്വം ഒഴുവാക്കാൻ ശ്രമിയ്ക്കുവാണോന്ന് ഞാൻ ചിന്തിച്ചുപോയി..

മനസ്സു ദുർബ്ബലമായ പലവസരത്തിലും ഈ ജീവൻ നഷ്ടമാക്കുന്നതിനെപ്പറ്റി ചിന്തിക്കും പക്ഷെ എൻ്റെ ഏട്ടൻ്റെ മുഖം മനസ്സിൽ കാണുമ്പോൾ ഒന്നിനും കഴിയില്ല..

ഇന്ന് ഇവിടെ വരുന്ന കാര്യംപ്പോലും ഏട്ടൻ എന്നോടു പറഞ്ഞോ?

നീ വേഗം ഒരുങ്ങി എൻ്റെ കൂടെ വാ.. നമ്മുക്ക് എൻ്റെ വീട്ടിലോട്ടു പോകാം..

ഏട്ടൻ എന്താണ് പറയുന്നത് അവർക്ക് എന്നെ ഇഷ്ട്ടമാകുമോ?

അതൊക്കെ പിന്നിടുള്ള കാര്യമല്ലേ ആദ്യം ഒരുങ്ങി എനിയ്ക്കൊപ്പം വരാൻ നോക്കു..

ഒത്തിരി സന്തോഷത്തോടെ എൻ്റെ കൈ പിടിച്ചു. ആ ഹോസ്റ്റലിൽ നിന്നു അവൾ പോരുമ്പോൾ സത്യത്തിൽ എൻ്റെ നെഞ്ചുപിടയുവായിരുന്നു..

ട്രയിനിൽ മടക്കയാത്രയിൽ എൻ്റെ നെഞ്ചിൽ ഒട്ടിക്കിടക്കുന്ന അവളോട് എങ്ങനെ പറയാൻ കഴിയും..?

ഒടുവിൽ ആ യാത്രയ്ക്കിടയിൽ എല്ലാം ഞാൻ അവളോടു പറഞ്ഞു..

ഞാൻ അവളുടെ കണ്ണേട്ടനല്ലന്ന സത്യം..

പേടിച്ചു കൈകൾ വിറച്ചു എൻ്റെ നെഞ്ചിൽ നിന്ന് അകന്നു പോകുമ്പോൾ എവിടെയോ അവളുടെ സന്തോഷവും അസ്തമിച്ചു പോയിരുന്നു….

ഞാൻ വിദേശത്തു പോയതിന് ശേഷമാണ് ഏട്ടൻ പൂനയിൽ ജോലിയ്ക്കു പോയത്..

ഏട്ടൻ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെയായിരുന്നു ഹിമയും ജോലി ചെയ്യ്തിരുന്നത്…

ആദ്യമൊക്കെ അവർ തമ്മിൽ നല്ല സൗഹൃദമായിരുന്നു..

പിന്നീട് അത് പ്രണയമായി..

പാലക്കാടാണ് ഹിമയുടെ വീട് ചെറുപ്പത്തിൽ തന്നെ അമ്മ അവൾക്കു നഷ്ട്ടമായി..

അച്ഛൻ വീണ്ടും വിവാഹം കഴിച്ചു.. രണ്ടാനമ്മയുടെ പീഡനം സഹിയ്ക്കാൻ കഴിയാതെ ഹിമ ഓർഫനേജിലാണ് വളർന്നതും പഠിച്ചതുമെല്ലാം..

ഏട്ടനെ കാണുന്നതിന് മുമ്പ് അവൾ ഒരർത്ഥത്തിൽ അനാഥയായിരുന്നു..

എൻ്റെ മുന്നിൽ ഒന്നും മറയ്ക്കാത്ത ഏട്ടൻ പറഞ്ഞാണ് ഹിമയെപ്പറ്റി ഞാൻ അറിയുന്നത്.. അവരുടെ പ്രണയത്തെപ്പറ്റി അറിയുന്നത്..

അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ അവരുടെ പ്രണയം പറയാൻ ഏട്ടന് ഭയമായിരുന്നു..

ഞാൻ ലീവിന് വന്നപ്പോൾ എട്ടൻ എന്നോട് പറഞ്ഞിരുന്നു അച്ഛനോടും അമ്മയോടും ഞാൻ ഹിമയുടെ കാര്യം പറയാൻ പോകുവാണ് അധികം നീട്ടികൊണ്ടു പോയാൽ ശരിയാവില്ല..

എല്ലാത്തിനും സപ്പോർട്ടായി കട്ടയ്ക്കു നീ.. കൂടെയുണ്ടാകണം..

പാവമാണവൾ നീ അവധിക്കഴിഞ്ഞു തിരിച്ചു പോകുമുമ്പ് നിൻ്റെ ഏടത്തിയമ്മയായി അവളെ ഈ വിട്ടിലോട്ടു കൊണ്ടുവരണം…

നാട്ടിലെത്തി ട്രയിനിൽ നിന്ന് ഇറങ്ങുമ്പോൾ എൻ്റെ മുഖതവൾ നോക്കിയില്ല..

മനസ്സു മരവിച്ച ഒരു പ്രതിമയായി തീർന്നവൾ.. അവളെയും കൂട്ടി വീട്ടിലോട്ടു ചെന്നപ്പോൾ..

ശാപവാക്കുകൾ കൊണ്ടാണ് അമ്മ വരവേറ്റത്.. എൻ്റെ കണ്ണൻ്റെ ചിത കത്തി തീരുംമുമ്പ് എങ്ങനെ തോന്നി നിനക്കു ഒരു പെണ്ണിൻ്റെ കൈ പിടിച്ചു ഈ വീട്ടിലോട്ടു കയറിവരാൻ..

നീ ഗുണം പിടിയ്ക്കില്ല പെറ്റ തള്ളയുടെ ശാപമാണ്…

അവളുടെ കൈയിൽ മുറുക്കെ പിടിച്ചു ഞാൻ വിട്ടിലോട്ടു കയറി..

അവളെ എൻ്റെ മുറിയിൽ കൊണ്ടുചെന്നാക്കുമ്പോൾ അമ്മയുടെ ശാപവാക്കുകൾ ഏങ്ങലടിച്ചുള്ള കരച്ചിലായിട്ടുണ്ടായിരുന്നു.

റൂമടച്ചു ഏട്ടൻ്റെ ഫോട്ടോയിൽ നോക്കി ഞാൻ ചോദിച്ചു എല്ലാവരുടെയും പ്രീയപ്പെട്ടവനല്ലേ?

ആ ഏട്ടൻ്റെ പെണ്ണാണ് ഇവൾ എന്നു പറഞ്ഞാൽ അവർ വിശ്വസിക്കുമോ?

ഏട്ടൻ്റെ പാതി ജീവനായി തീർന്നവളല്ലേ അവൾ..

എൻ്റെ ഏടത്തിയമ്മയെ അവിടെ തനിച്ചാക്കാൻ എനിയ്ക്കൂ കഴിഞ്ഞില്ല.. അതാണ് ഞാൻ കൂടെ കൂട്ടിയത്…. രാത്രിയിൽ പെയ്തിറങ്ങിയ മഞ്ഞു തുള്ളികൾപ്പോലെ ഞങ്ങളുടെ സങ്കടങ്ങളും പെയ്തിറങ്ങി..

രാവിലെ ഏട്ടനുറങ്ങുന്ന മണ്ണിൽ അവളേയും കൂട്ടി പോകുമ്പോൾ അച്ഛനും അമ്മയും സ്വീകരിച്ചു കഴിഞ്ഞിരുന്നു ഏട്ടൻ്റെ പെണ്ണായി എൻ്റെ ഏടത്തിയമ്മയെ..!

രചന: ജോസ്ബിൻ

Leave a Reply

Your email address will not be published. Required fields are marked *