ഒരു വിന്റജ് പ്രണയം

രചന : – ഷാഹിർ കളത്തിങ്ങൽ

“ഇക്കാ അങ്ങോട്ട്‌ പോകണ്ട ” “ന്തെനൂ ” “ഉമ്മയും ഉപ്പയും തെറ്റി നിക്കാണു..” “എന്താ കാര്യം ” “ഉപ്പ ബാത്ത്‌ റൂമിൽ കേറിയപ്പോ പൈപ്പിൽ വെള്ളമില്ലാന്ന് ,മോട്ടർ അടിക്കാൻ മറന്നത്‌ കൊണ്ട്‌ ഉപ്പ ചൂടായി,ഉമ്മ അങ്ങട്ടും ചൂടായി..” “അള്ളോ അപ്പൊ ഇന്നത്തെ ഡേ പോയി കിട്ടി..”

നിസ്സാര കാര്യങ്ങൾക്ക്‌ നമ്മുടെ ഉമ്മയും ഉപ്പയും പിണങ്ങുന്നത്‌ നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടോ ..?

“ഇയ്യൊന്ന് പോയെ അപ്പർത്തേക്ക്‌ ” എന്നാകും ഉപ്പാന്റെ ഭാഗത്ത്‌ നിന്നും വരിക.. “ഓഹ്‌ ഇങ്ങൾ മുന്ത്യ ആൾ ” എന്നും പറഞ്ഞ്‌ ഉമ്മ അകത്തേക്കും പോകും…. രണ്ടാളും രണ്ട്‌ വഴിക്ക്‌..

സംഭവം ചിലപ്പോ പത്രത്തിലെ ഏതെങ്കിലും ന്യൂസ്‌ വായിച്ച്‌ ഉമ്മ എന്തെങ്കിലും പറഞ്ഞു കാണും അത്‌ ഉപ്പാക്ക്‌ ഇഷ്ടമായി കാണുകയും ഇല്ല.. മല്ലിപ്പൊടി പാത്രത്തിന്റെ മുകളിൽ വെയ്ക്കാറുള്ള മുപ്പത്‌ രൂപക്ക്‌ മഗ്രിബ്‌ കയിഞ്ഞാ മീൻ വാങ്ങാൻ പറഞ്ഞയക്കാറാ പതിവ്‌..

“ഉപ്പ അങ്ങടീൽ ഇണ്ടാകും പോയി വേൻ വാ ” “ശെരി ഉമ്മാ ” ഇതും പറഞ്ഞ്‌ അങ്ങാടിയിലേക്ക്‌ പോയി ഉപ്പ സെലക്റ്റ്‌ ചെയ്ത മീനും വാങ്ങി വീട്ടിലത്തി കവർ തുറന്നാ തുടങ്ങും ഉമ്മ:

“ഓ ഇനിപ്പോ ഇത്‌ ഞാനെങ്ങനാ മുറിക്കാ പടച്ചോനെ അന്റെ ഉപ്പനോട്‌ പറഞ്ഞൂടെ മാന്തയോ കുഞ്ഞ മത്തിയോ മതീന്ന്..” പിറു പിറുത്ത്‌ അടുക്കളയിൽ ഓടി കളിക്കും, അന്നേരം ഉപ്പ വരും..അടുക്കളയിലെ സീൻ അത്ര പന്തിയല്ലാന്ന് മനസ്സിലാക്കി ഉപ്പ മേലു കഴുകി വന്ന് വേഗം ന്യൂസ്‌ തുറക്കും.. ഉമ്മാ ഓരോന്ന് പറഞ്ഞ്‌ കറി തിളപ്പിക്കുമ്പോ ഉപ്പ ടിവിയുടെ സൗൻഡ്‌ കൂട്ടും..

എന്നാലും ഒരു ചെറിയ ചിരി പാസാക്കിയിട്ടാ ഉമ്മ വിളമ്പി തരാറുള്ളത്‌.. അതു കഴിച്ച്‌ ഉപ്പ 5 മിനുറ്റ്‌ ഇരുന്ന് കിടക്കാൻ പോകും.. ആ സമയത്തൊക്കെ രണ്ടാളും ഒന്നും മിണ്ടില്ലെങ്കിലും മുഖ ഭാവങ്ങൾ കാണാൻ വല്ലാത്തൊരു രസമാ..

“വേഗം സ്പോർട്സ്‌ ചാന്നൽ വെക്ക്‌ ” എന്നു പറഞ്ഞ്‌ വരുമ്പോൾ ഉമ്മ പറയും “മതി ടിവി കണ്ടത്‌,പോയാട്ടെ എല്ലും എനിക്ക്‌ തുടക്കാനുണ്ട്‌ ” ഈ പറഞ്ഞതിനു ശബ്ദത്തിൽ കനം വരികയാണെങ്കിൽ മനസ്സിലാക്കാം ഉപ്പാനോട്‌ എന്തോ ഉടക്കിലാണെന്ന്..

പാവമാ സ്നേഹം കൊണ്ടാ… എനിക്കോർമ്മയുണ്ട്‌ എളാമ്മയുടെ കൂടെ ഒരു കല്യാണത്തിനു പോയ നേരം വരാൻ വൈകിയപ്പോ ഉപ്പ ചൂടാവുകയല്ല ചെയ്തത്‌ പകരം, “ഡാ ഒന്ന് വിളിച്ചോക്ക്‌ ഉമ്മാനെ എവിടെ എത്തീന്ന് ബസ്സ്‌ ബ്ലോക്കിൽ ആയതാണോന്ന് ചോദിച്ചോക്ക്‌..”

അറിയാനുള്ള ഒരു ആകാംഷയായിരുന്നു ആ കണ്ണിൽ കാണാനിടയായത്‌… ന്യൂസ്‌ തുറന്ന് അതും കണ്ടിരിക്കുൻ,ചിലപ്പോ ഓഫാക്കും ഓണാക്കും അങ്ങനെ കുറേ കഴിഞ്ഞ്‌ ഉമ്മ വന്നു കയറുമ്പോഴാ ഉപ്പ റിലാക്സ്‌ ആകാർ.. “ന്തേ ഇയ്യ്‌ നേരം വൈക്യേ ” “ഭയങ്കര ബ്ലോക്ക്‌ ഏനൂ റോട്ടിൽ മുഴുവൻ..”

കഴിഞ്ഞു.. അത്ര കേട്ടാ മതി ഉപ്പാക്ക്‌.. നല്ല പാതിയെ കാണാഞ്ഞാ ഖൽബ്‌ പിടയുന്ന എത്ര പേരുണ്ടിവിടെ..? ചിലപ്പോ യവ്വനം ഉള്ള സമയത്ത്‌ നമ്മൾ കണ്ടേക്കാം പക്ഷെ, മധ്യ വയസ്സിലൊക്കെ എത്തിയ ദമ്പതിമാർ അങ്ങനല്ല,അവർ അതു മക്കളായ നമ്മളിൽ പ്രെതിഫലിപ്പിക്കും പല രൂപത്തിൽ…

ഉമ്മാന്റെ പരിചയക്കാരിറ്റുടെ മകളുടെ കല്യാണത്തിനു പോയൊരു ഞായറാഴ്ച അന്നു ഉപ്പ വീട്ടിൽ നിൽക്കില്ല… കുറച്ച്‌ കിടക്കുൻ പിന്നെ അങ്ങാടിയിലെ പീഡിക തിണ്ണയിൽ ചങ്ങായിമാരോട്‌ സംസാരിച്ചിരിക്കും.. ഉമ്മ വന്നെന്നറിഞ്ഞാൽ പെട്ടന്ന് വീട്ടിലെത്തും..

ഉപ്പ സുഖമില്ലാണ്ട്‌ ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയത്ത്‌ വീട്‌ അടച്ചിട്ടത്‌ പിന്നെ വന്ന് ക്ലീൻ ചെയ്യാൻ വരുന്ന സമയത്ത്‌ ഉമ്മ ആദ്യം പോവുക അവർ കിടക്കുന്ന റൂമിലേക്കാ.. അലമാറ വെറുതേ പരതികൊണ്ടിരിക്കും.. കാലം തീർത്ത ഒരുപാട്‌ സംഭാഷണങ്ങൾ ആ മുറിക്കകത്ത്‌ നടന്നിട്ടില്ലെ, മക്കളെപറ്റി, വീടിനെപറ്റി, പിണങ്ങി കിടന്ന രാത്രികളെ പറ്റി…

അവരുടെ റൂമിനകത്ത്‌ നിന്നും ഉപ്പ ചുമയ്ക്കുന്ന ശബ്ദം കേൾക്കുമ്പോ ഏതു പാതി രാത്രി ആണെങ്കിലും ഉമ്മ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ പോകും, എന്നിട്ട്‌ വെള്ളം തിളപ്പിച്ച്‌ കുടിക്കാൻ കൊടുക്കും.. അന്നു തന്നെ രാവിലെ എന്തിനൊക്കെയോ വേണ്ടി പിണങ്ങിയിട്ടുമുണ്ടാകും എന്നാർക്കുമ്പോൾ ചങ്കൊന്ന് പിടയും..

സ്നേഹം സ്നേഹം മാത്രം… അതാണവർ രണ്ടു പേരും.. പലപ്പോഴും ആലോചിക്കാറുണ്ട്‌ എങ്ങനയാ അതിലൊരാൾ പള്ളിക്കാട്ടിലേക്ക്‌ പോയാൽ പിന്നെ ഉപ്പ ഒറ്റയ്ക്ക്‌ ഉറങ്ങുക എന്നും ഉമ്മ ഒറ്റയ്ക്ക്‌ ഉറങ്ങുകായെന്നും.. മക്കളും ഭാര്യയുമായ്‌ അവരുടെ മക്കളായ നമ്മൾ മറ്റൊരു ലോകത്ത്‌ വളർന്നു നിൽക്കുമ്പോൾ നല്ല പാതിയില്ലാത്ത ആ കട്ടിലിലെ കിടക്കയുടെ ഭാഗം കണ്ണീർ ചാലൊഴുക്കി രാത്രികളിൽ സ്വകാര്യങ്ങൾ അവർ പറഞ്ഞു കാണില്ലേ, പറയുന്നില്ലേ…… ഒന്നൂടെ വല്ലതുമൊക്കെ പറഞ്ഞ്‌ പിണങ്ങാനായിട്ട്‌ കൊതിക്കുന്നുണ്ടാകണം ****************

സ്നേഹത്തോടെ

ഷാഹിർ കളത്തിങ്ങൽ

Leave a Reply

Your email address will not be published. Required fields are marked *