ഓഫീസിൽ നിന്നും തിരിച്ചെത്തിയിട്ടും ഭാമ ആർക്കും മുഖം കൊടുക്കാതെ നടന്നു.

രചന: രമ്യ R

”എന്തിനാ ൻ്റെ കുട്ട്യേ നീ ഇങ്ങനെ കഷ്ടപ്പെടണത് ,നിനക്കിതൊന്നും ശീലമില്ലാത്തതല്ലേ.. ഒക്കെ ഞാൻ ചെയ്തോളാം.”

രാവിലെ പതിവുപോലെ പശുവിനെ പറമ്പിൽ കൊണ്ടുപോയി കെട്ടിയശേഷം വന്ന ശിവശങ്കരൻ തൊഴുത്ത് വൃത്തിയാക്കുന്ന ഭാമയെ കണ്ട് പറഞ്ഞു.

“സാരമില്ല അച്ഛാ.. ഇങ്ങനെയൊക്കെയല്ലേ ശീലമാകുന്നത്, അച്ഛൻ വിശ്രമിച്ചോളൂ, കാലു വയ്യാത്തതല്ലേ…”

“നിനക്കിന്ന് ഓഫീസിൽ പോകണ്ടേ?”

“പോകണം അച്ഛാ, സമയമാകുന്നല്ലേ ഉള്ളൂ”

തൊഴുത്തിൽ നിന്നും കയറി വന്ന് ശിവശങ്കരൻ ഭാര്യയെ വിളിച്ചു.

” ഭവാനീ …. കുറച്ചു വെള്ളം ഇങ്ങെടുത്തേ… ”

”ദാ.. വെള്ളം ”

” ‘കുഞ്ഞുമോൻ ഉണർന്നില്ലേടീ? ”

“ഇല്ല.. ഇടയ്ക്കൊന്നുണർന്നപ്പോൾ ഭാമ പാലു കൊടുത്തുറക്കി.”

“നിനക്കവളോട് പറഞ്ഞൂടെ ഈ പണിയൊന്നും എടുക്കേണ്ടാന്ന്…”

”ഞാൻ പറയാഞ്ഞിട്ടാണോ, എത്ര പറഞ്ഞാലും വെളുപ്പിനെ എഴുന്നേറ്റ് മുഴുവൻ പണിയും തീർക്കും. അച്ഛൻ്റെ കാലിനുവേദനയല്ലേ എന്നും പറഞ്ഞാ ഇപ്പോ തൊഴുത്തു വൃത്തിയാക്കാൻ പോയത്.”

“ഹാ….നമുക്ക് ദൈവം തന്ന പുണ്യമാ ഭാമ .പക്ഷേ…. നമ്മൾ അവളോട് ചെയ്യുന്നത് പാപമല്ലേന്ന് തോന്നുവാ….”

” മനപ്പൂർവം അല്ലല്ലോ, എത്ര തവണ പറഞ്ഞതാ നമ്മൾ അവളോട്. ഏതായാലും നിങ്ങൾ ഇന്ന് ഒന്നുകൂടി പറഞ്ഞു നോക്ക്.”

” ഉം… നോക്കാം ”

പതിവുപോലെ പണിയെല്ലാം തീർത്ത് ഭാമ ഓഫീസിൽ പോകാനിറങ്ങി . “അച്ഛാ.. മരുന്ന് വല്ലതും വാങ്ങാനുണ്ടോ?”

”ഒന്നും വേണ്ട, എല്ലാം ഇരുപ്പുണ്ട് ,നീ വല്ലതും കഴിച്ചോ ”

” കഴിച്ചു അച്ഛാ, എങ്കിൽ ഞാനിറങ്ങട്ടേ…”

”മോളൊന്നു നിന്നേ, പറയുമ്പോൾ നിനക്ക് വിഷമമാകുമെന്നറിയാം ,എന്നാലും …..”

ഒന്നു നിർത്തിയിട്ട് ശിവശങ്കരൻ തുടർന്നു.

“രണ്ടു വർഷമായില്ലേ, ഇനിയും ഇങ്ങനെ ജീവിച്ചാൽ മതിയോ, തെക്കേലെ വാസു ഒരാലോചനേടെ കാര്യം പറഞ്ഞു. ഞാനെന്താ പറയേണ്ടത്?” നിറഞ്ഞു വരുന്ന കണ്ണുകൾ അച്ഛൻ കണാതിരിക്കാൻ ഭാമ മുഖം താഴ്ത്തി.

“നേരം വൈകി… ഞാൻ ഇറങ്ങട്ടെ.. ”

ശിവശങ്കരൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് ഭാമ ധൃതിയിൽ ഇറങ്ങി.

ഒരു നെടുവീർപ്പോടെ ശിവശങ്കരൻ കസേരയിലേയക്ക് ചാഞ്ഞു.

ഒരുപാട് വിവാഹാലോചനയ്ക്ക് ശേഷമാണ് ഒരേയൊരു മകനായ അപ്പുവിന് ഭാമയുമായുള്ള വിവാഹം ഉറച്ചത്. ആദ്യകാഴ്ചയിൽ തന്നെ ഭാമയെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്തു.

ഈ വീട്ടിൽ വലതുകാൽ വച്ചു കയറിവന്ന അന്നു മുതൽ മരുമകളായല്ല മകളായിത്തന്നെയാണ് താനും ഭവാനിയും ഭാമയെ സ്നേഹിച്ചത്. അവൾ തിരിച്ചും. അപ്പു ജോലിക്കു പോകാനിറങ്ങുമ്പോൾ കൂടെ ഭാമയും ഇറങ്ങും പി എസ് സി കോച്ചിംഗ് ക്ലാസിലേയ്ക്ക്. ഭാമയ്ക്കും കൂടി ഒരു ജോലി കിട്ടിയാൽ അച്ഛൻ്റെ പശുവളർത്തലൊക്കെ നിർത്തി അടങ്ങിയിരുന്നോണം എന്ന് അപ്പു പറയുമായിരുന്നു. ഓർമ്മകളുടെ ഭാരം നിറഞ്ഞ നെഞ്ചിൽ തടവി ശിവശങ്കരൻ നെടുവീർപ്പിട്ടു.

ഓഫീസിൽ നിന്നും തിരിച്ചെത്തിയിട്ടും ഭാമ ആർക്കും മുഖം കൊടുക്കാതെ നടന്നു. രാത്രി കുഞ്ഞുറങ്ങിയ ശേഷം ഉറക്കം വരാതെ കിടന്നപ്പോൾ അവൾ പഴയതെല്ലാം ഓർത്തു.

കഷ്ടപ്പാടുകൾക്കിടയിൽ ജീവിച്ച ഒരച്ഛൻ്റെയും അമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തവൾ ആണ് ഭാമ. മൂത്തത് സഹോദരനും ഇളയത് സഹോദരിയും.

വിവാഹ പ്രായമെത്തിയതു മുതൽ ഒരുപാട് ആലോചനകൾ വന്നിരുന്നു. അപ്പുവേട്ടൻ്റെ ആലോചന വന്നപ്പോൾ ഭാമയുടെ ഭാഗ്യം എന്നാണ് എല്ലാവരും പറഞ്ഞത്. പൊട്ടും പൊടിയും ചേർത്തുവച്ച് അച്ഛൻ കല്യാണം നടത്തി.അധികം ആർഭാടമൊന്നും വേണ്ടെന്ന് അപ്പുവേട്ടനും പറഞ്ഞിരുന്നു. നിറഞ്ഞ മനസോടെയാണ് ഈ വീട്ടിൽ വന്നു കയറിയത്. സ്വർഗതുല്ല്യമായ ഒരു വീട്. സ്വപ്നം പോലെ കഴിഞ്ഞു പോയ ദിവസങ്ങൾ. സന്തോഷത്തിനു മാറ്റുകൂട്ടി മോൻ്റെ ജനനം. ആ സന്തോഷങ്ങൾക്കെല്ലാം അല്പായുസ്സ് മാത്രമേ ഉള്ളുവെന്ന് അറിഞ്ഞിരുന്നില്ല.

മോൻ്റെ നൂലുകെട്ടു ദിവസം , ചടങ്ങിനെത്തിയ ഒരു ബന്ധുവിനെ അപ്പുവേട്ടൻ വീട്ടിൽ കൊണ്ടുചെന്നു വിട്ടു തിരിച്ചുപോരുമ്പോൾ ബൈക്കിൽ ഒരു ലോറിയിടിച്ചു. എല്ലാം തീരുകയായിരുന്നു അവിടെ.

വെള്ളത്തുണിയിൽ പൊതിഞ്ഞ് അപ്പുവേട്ടനെ കൊണ്ടുവന്നത് കാണാൻ തനിക്ക് ശക്തിയുണ്ടായിരുന്നില്ല. മനസു കൈവിട്ടു പോകുമെന്ന് തോന്നിയ ദിവസങ്ങൾ….. കുറച്ചു നാൾ ഇവിടുന്നു മാറി നിൽക്കാമെന്നു പറഞ്ഞാണ് തന്നെയും മോനേയും അച്ഛനുമമ്മയും വന്ന് കൂട്ടിക്കൊണ്ടു പോയത്. മുറിയിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാതെ കരഞ്ഞു തീർത്ത കുറേ ദിവസങ്ങൾ….. ‘പെങ്ങൾ കുഞ്ഞിനേയും പിടിച്ച് എന്നുമിങ്ങനെ മുറിക്കുള്ളിൽ ഇരുന്നാൽ മതിയോ ‘ എന്ന് ചേട്ടത്തിയമ്മ ചേട്ടനോട് ഒരിക്കൽ ചോദിച്ചത് കേട്ടു. ‘കല്യാണം നടത്തി വിട്ടതിൻ്റെ കടം തീരുന്നതിനു മുൻപ് വിധവയായി മകൾ കുഞ്ഞിനേയും കൊണ്ട് തിരിച്ച് വീട്ടിൽ വന്നു നിന്നാലെങ്ങനെയാ…., ഇളയവളെ കൂടി വിവാഹം നടത്തി വിടേണ്ടതല്ലേ’ എന്ന അച്ഛൻ്റെയുമമ്മയുടേയും ആധിയും അറിഞ്ഞപ്പോൾ , നെറ്റിയിലെ സിന്ദൂരം മാഞ്ഞ മകൾ വീട്ടുകാർക്കെന്നും ഒരു ഭാരമാണെന്ന് മനസിലാക്കുകയായിരുന്നു. അവിടെ നിന്നും ഇറങ്ങുമ്പോൾ അറിയാമായിരുന്നു.ഇരുകയ്യും നീട്ടി സ്വീകരിക്കാൻ അപ്പുവേട്ടൻ്റെ അച്ഛനും അമ്മയും ഉണ്ടാകുമെന്ന്. ഇവിടേയക്ക് തിരിച്ചെത്തി ദിവസങ്ങൾക്കു ശേഷം തനിക്ക് വില്ലേജോഫീസിൽ ജോലിക്കായുള്ള ഓർഡർ ലഭിച്ചു. ഓഫീസും വീട്ടിലെ പണികളും മോൻ്റെ കളിയും ചിരിയുമായി പകലുകൾ തള്ളിനീക്കുമ്പോൾ അപ്പുവേട്ടൻ്റെ ഫോട്ടോ നെഞ്ചോട് ചേർത്ത് വച്ച് കരഞ്ഞ് രാവു വെളുപ്പിച്ചു.

കണ്ണീരോർമ്മകളിൽ നിമിഷങ്ങൾ കടന്നു പോകെ എപ്പോഴോ ഭാമ ഉറങ്ങി. ഉറങ്ങാൻ താമസിച്ചതിനാൽ പിറ്റേന്ന് ഭാമ ഉണർന്നത് വൈകിയാണ്, അടുക്കളയിലെത്തിയപ്പോൾ ഭവാനിയമ്മ ചായയ്ക്ക് വെള്ളം വെച്ചു കഴിഞ്ഞിരുന്നു.

” അമ്മയ്ക്ക് എന്നെ വിളിക്കായിരുന്നില്ലേ?”

“സാരമില്ല, ഒരു ദിവസം അവധി കിട്ടിയതല്ലേ ഉറങ്ങിക്കോട്ടേന്ന് കരുതി.” ഭാമ ഉമ്മറത്ത് പത്രം വായിക്കുന്ന ശിവശങ്കരന് ചായ കൊണ്ടുപോയി കൊടുത്തു. ശിവശങ്കരന് അപ്പോഴും ഭാമയുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല. ഇന്നലെ അത് ചോദിക്കേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി.. അച്ഛൻ്റെ മനസിലെന്താണെന്ന് ഭാമയ്ക്ക് ഊഹിക്കാൻ കഴിഞ്ഞു. അവൾ പറഞ്ഞു.

”അച്ഛാ… അമ്മയുമച്ഛനും എന്നെയോർത്ത് വിഷമിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് മറ്റൊരു കല്ല്യാണത്തെപ്പറ്റി പറയുന്നതെന്നുമറിയാം.” ”മോളേ… നിന്നെയും മോനേയും പിരിയുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല ഞങ്ങൾക്ക്. ന്നാലും അത് ഞങ്ങളുടെ സ്വാർത്ഥതയായി പോകും.അതാ ഞങ്ങൾ….. ”ഇല്ലച്ഛാ…” അച്ഛനെ തുടരാനനുവദിക്കാതെ ഭാമ ഇടയ്ക്കു കയറി പറഞ്ഞു. “എനിക്ക് സ്വന്തം വീട്ടിൽ കിട്ടുന്നതിനേക്കാൾ സ്നേഹവും ആശ്വാസവും ഇവിടെ കിട്ടുന്നുണ്ട്. ” ഉറക്കമുണർന്നു കരഞ്ഞ കുഞ്ഞിനേയുമെടുത്ത് ഭവാനിയമ്മയും അങ്ങോട്ടു വന്നു.ഭാമ തുടർന്നു. ” അപ്പുവേട്ടൻ പോയപ്പോൾ പാതി മരിച്ചതാ ഞാൻ.അപ്പുവേട്ടൻ്റെ ശ്വാസം നിറഞ്ഞ ഈ വീടുവിട്ട് ,നിങ്ങളെ രണ്ടാളെയും വിട്ടു പോകുവാന്നു വച്ചാ ഞാൻ പൂർണ്ണമായി മരിച്ചൂന്നാ അർത്ഥം. ”

” മതി മോളേ…. ഇനി ഞങ്ങൾ ഒന്നും ചോദിക്കില്ല. ഞങ്ങളുടെ ഭാഗ്യമാ നീ. കുഞ്ഞിനേയും കണ്ടോണ്ടു വേണം ഞങ്ങൾക്ക് മരിക്കാൻ. ഇനി നാളെയൊരിക്കൽ നിനക്ക് ഒരു ജീവിതം വേണം ന്ന് തോന്നിയാലും നിറഞ്ഞ മനസോടെ കൂടെയുണ്ടാവും ഞങ്ങൾ.”

ഭാമയുടെ നെറുകയിൽ കൈവച്ചു കൊണ്ട് ശിവശങ്കരൻ പറഞ്ഞു. കണ്ണിൽ നിന്നും പൊഴിയുന്നത് സങ്കടമാണോ സന്തോഷമാണോ എന്നറിയാതെ ഭവാനി മുഖം തുടച്ചു.

രചന: രമ്യ R

Leave a Reply

Your email address will not be published. Required fields are marked *