കരുതൽ….

രചന: Ammu Sageesh

“അരുണേട്ടാ… അരുണേട്ടനും കൂടി നാളെ ഞങ്ങളുടെ കൂടെ നാട്ടിലേക്ക് വന്നൂടെ… പോവാനുള്ള സമയം അടുക്കുംതോറും ഉള്ളിൽ ഒരു ഭയം.. ഞാനും മോനും തനിയെ ഫ്ലൈറ്റിൽ .. അതും ഈ അവസ്ഥയിൽ…” ഡ്രെസ്സ് പാക്ക് ചെയ്യുന്നതിന്റെ ഇടയിൽ വിധു അരുണിനോട് പറഞ്ഞു.

“പ്ളീസ് വിധു.. നീ ഈ അവസാന നിമിഷം വീണ്ടും എന്നെ ആശയകുഴപ്പത്തിലാക്കല്ലേ..നമ്മൾ ഒരുമിച്ച് എടുത്ത തീരുമാനമല്ലേ.. എല്ലാം നമുക്കും ഇനി ജനിക്കാൻ പോവുന്ന നമ്മുടെ കുഞ്ഞിനും വേണ്ടിയല്ലേ.. ? ”

“ഉം.. ” വിധു ഒന്ന് മൂളി.

“നിനക്കെല്ലാം അറിയാലോ.. ഈ അവസ്ഥയിൽ നാട്ടിലേക്ക് മടങ്ങിയാൽ ഇനി ഇങ്ങോട്ട് കമ്പനി എന്നെ തിരിച്ച് വിളിക്കുമോ എന്ന് ഒരു ഉറപ്പുമില്ല.. ഇപ്പോൾ തന്നെ കമ്പനി നഷ്ടത്തിലാണ്.. ഇങ്ങനെയൊരു സാഹചര്യത്തിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളെ ഒരിക്കലും തനിയെ നാട്ടിലേക്ക് അയക്കില്ലായിരുന്നു..” ഉറങ്ങിക്കിടന്ന ഒന്നര വയസുള്ള മകന്റെ തലമുടിയിഴയിൽ തലോടി കൊണ്ട് അരുൺ പറഞ്ഞു.

“അറിയാം അരുണേട്ടാ…”

“നീ മാസ്‌ക്കും ഗ്ലൗസ്സുമെല്ലാം ആവശ്യത്തിന് എടുത്തില്ലേ.. ആ പിന്നെ സാനിറ്റൈസറും…

“എല്ലാം എടുത്തു എന്റെ അരുണേട്ടാ..”

“മോനെ ആരുടേം കൈയിൽ കൊടുക്കണ്ടാട്ടോ.. സാമൂഹിക അകലം നല്ലതാ.. പിന്നെ വയറ്റിൽ കിടക്കുന്ന ആളിന്റെ കാര്യത്തിലും ശ്രദ്ധവേണോട്ടോ.. ”

“ഇതൊക്കെ ഇങ്ങനെ പ്രതേകിച്ച് പറയണോ..ഞാൻ നോക്കികൊള്ളാം ഇനി എല്ലാം.. പിന്നെ ഒരു കാര്യമെന്താന്നുവച്ചാൽ നാട്ടിൽ ചെന്ന് 14 ദിവസത്തെ ക്വാറൻറ്റയിൻ കഴിഞ്ഞാലേ ഇനി ഒരു സമാധാനം കാണൂ..”

“താൻ പേടിക്കാതേടോ.. ധൈര്യമായിട്ടിരിക്കൂ.. ഇവിടെ സഹായത്തിനും ആരുമില്ലാ… അതുകൊണ്ടൊക്കെ കൊണ്ടല്ലേ ഇങ്ങനെ ഒരു തീരുമാനം.. ”

“ഉം..” വിധു ഒന്ന് മൂളി.. അവളുടെ കണ്ണുകൾ കണ്പീലികൾ പോലും അറിയാതെ ഒന്ന് നിറഞ്ഞു.. അത് മറച്ചുകൊണ്ട് അവൾ തുടർന്നു… “പാക്കിങ് ഒക്കേ ഒരുവിധം കഴിഞ്ഞു.. നമുക്ക് ഇനി കിടന്നാലോ… രാവിലെ തന്നെ പോവണ്ടേ..?”

“ഉം.. താൻ ഒന്ന് ചിരിക്കടോ…എന്നിട്ട് വാ കിടക്കാം…” പതിയെ വിധുന്റെ മുഖത്തൊരു മങ്ങിയ ചിരി വിടർന്നു..

***********

“വർക്ക് അറ്റ് ഹോമ് “എന്ന് പദ്ധതിക്കിടയിൽ ഫോൺ മിന്നിതെളിയുന്നത് അരുണിന്റെ ശ്രദ്ധയിൽ പെട്ടു..

“വിമൽ കോളിംഗ് ..” വേഗം തന്നെ അരുൺ ഫോൺ എടുത്തു.

“ഹലോ ടാ..”

“ആടാ.. നീ വിധുനെ കണ്ടോ? ഞാൻ വിളിച്ചട്ട് കോൾ കണക്ട് ആവൂന്നുണ്ടായിരുന്നില്ലാ.. ”

“അതല്ലടാ.. വിധു ഒന്ന് വീണൂ.. എയര്പോര്ട്ടിൽ വച്ച്.. കാല് സ്ലിപ്പായത്താന്നാ പറഞ്ഞേ.. മോനും കൈയിൽ ഉണ്ടായിരുന്നു..”

“ടാ എന്നിട്ട് അവൾക്ക് എന്തെങ്കിലും.. എന്റെ മോൻ…”

“എടാ അവൾക്കൊന്നൂല്ലാ.. മോനും സെയ്ഫാണ്…” “പക്ഷേ …!” വിമൽ ഒന്ന് നിർത്തിയട്ട് തുടർന്നു.. “വീഴ്ചയിൽ കുഞ്ഞ് പോയിടാ…”

“ടാ…. നീ എന്താ ഈ പറയണേ.. അരുണിന്റെ ശബ്‌ദം ഇടറാൻ തുടങ്ങി… എന്റെ ദൈവമേ.. ഞാനും കൂടെ പോയിരുനെങ്കിൽ ഞങ്ങൾക്ക് ഈ ഗതി ഒരിക്കലും വരില്ലായിരുന്നു..”

“നീ ഇങ്ങനെ കരയല്ലേ.. നീ തളർന്നാൽ വിധുവിന്റെ അവസ്ഥ എന്താവും ഇനി.. അവൾക്കും കുഞ്ഞിനും ഒന്നും പറ്റിയില്ലല്ലോ എന്നോർത്ത് സമാധാനിക്ക് നീ… ” വിമൽ അരുണിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഇല്ലടാ… ഞാൻ കാരണാ ഇത് സംഭവിച്ചേ.. അവളെ തനിയെ വിടരുതായിരുന്നു.. നന്നായി ശ്രദ്ധിക്കണം, ഭാരക്കുടൂത്തൽ ഉള്ളതൊന്നും എടുക്കരുത് എന്നൊക്കെ ഡോക്ടർ പ്രതേകം പറഞ്ഞായിരുന്നു.. എന്നിട്ടും ഞാൻ അവളെ…! നാട്ടിലേക്ക് ഇപ്പോൾ മടങ്ങിയാൽ കമ്പനി എന്നെ തിരിച്ച് വിളിച്ചില്ലെങ്കിലോ എന്ന് ഭയന്നാടാ…” അരുണിന് ബാക്കി പറയാൻ വാക്കുകൾ കിട്ടാതെയായി..

“ഈ ഒരു സാഹചര്യത്തിൽ പറയാൻ പാടില്ലാത്തതാ.. അവിടത്തെ ജോലി പോയാലും നിനക്ക് നാട്ടിൽ കൂലിപ്പണി എടുത്തായാലും ജീവിക്കാമായിരുന്നു.നീയൊക്കെ കരുതുപ്പോലെ എ.സി റൂമിൽ ഇരുന്ന് സമ്പാത്തിച്ചാൽ കിട്ടുന്ന പണത്തിന് മാത്രമല്ലാ മൂല്യമുള്ളേ.. പറപ്പിൽ ഇറങ്ങി കിളക്കുന്നവന്റെ പണത്തിനും അതുണ്ട്…. നിന്റെയൊക്കെ ഈ സ്വാർഥതയ്ക്ക് ആ കുഞ്ഞ് .!..” വിമലിന്റെ ശബ്ദം ഒന്ന് ഉയർന്നു.. “പാവം … നിന്റെ ഭാര്യക്ക് ഇപ്പോഴും ബോധം തെളിഞ്ഞട്ടില്ലാ.. ആ പാവം ഇത് എങ്ങനെ താങ്ങും..?”

“വിമലേ.. നീ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേടാ.. പറ്റിപോയി.. വലിയ ഒരു പാപം ഞാൻ ചെയ്തു.. ” നിയത്രണം വിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് അരുൺ പറഞ്ഞു..

**********

പെട്ടന്നാണ് ആ വിളി വന്നത്..

“അച്ഛാ… അച്ഛേ..”

അരുൺ ഒരു ഞെട്ടലോടെ കണ്ണ് തുറന്നു.. അരുണിന്റെ മകൻ അരുണിനെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു.. അപ്പോഴേക്കും വിധുവും അങ്ങോട്ടേക്ക് എത്തി..

“അരുണേട്ടാ വേഗം എഴുന്നേറ്റ് റെഡിയാവാൻ നോക്ക്.. സമയം പോണൂ..” വിധു അരുണിനെ ഓർമിപ്പിച്ചു..

“ഉം…” അരുൺ ഒന്ന് മൂളി കൊണ്ട് കണ്ണ് നന്നായി തിരുമ്മി ചുറ്റും നോക്കി..

“ഇനി ഇങ്ങനെ ഇരിക്കല്ലേ എന്റെ അരുണേട്ടാ..” വിധു ഒന്ന് സ്വരം ഉയർത്തി പറഞ്ഞു…

“ആ.. വിധൂ … ദീപക്ക് കൂടി നമ്മുടെ കൂടെ ഉണ്ടാവൂട്ടോ.. നിന്നേം മോനേം യാത്രയാക്കിട്ട് തന്നെ ഡ്രൈവ് ചെയ്ത തിരികെ വരാൻ എനിക്കൊരു മടി… അവൻ ഇടക്കിന്ന് കയറിക്കോളും പോവും വഴി..”

“ഉം.. അത് നന്നായി…” വിധു ചിരിച്ചുകൊണ്ട് പറഞ്ഞു.

********

അരമണിക്കൂറത്തെ ഡ്രൈവിനൊടുവിൽ എയര്പോര്ട് എത്തി…

“അപ്പോ ഇനി എങ്ങനെയാ. നിങ്ങൾ പോവല്ലേ.. ഇനി എനിക്ക് ഇവിടെ ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.. പോലീസ് ചെക്കിങ് ഉണ്ട്.. ഈ കൊറോണയെ കൊണ്ട് ഒരു രക്ഷയും ഇല്ല..” ദീപക് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് കൊണ്ട് പറഞ്ഞു..

“ആടാ… ഞങ്ങൾ എന്നാ ഇറങ്ങട്ടെ.. നീ വിട്ടോ..”

പെട്ടന്ന് വിധു അരുണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. “അരുണേട്ടൻ..”

“അതേടീ പോത്തേ… നിങ്ങളെ തനിയെ വിടാൻ എന്റെ മനസ്സ് അനുവധിക്കുനില്ലാ.. ഈ കമ്പനിയിലെ ജോലി പോയാൽ പോട്ടേ… ജോലി വേറെ വരും.. പക്ഷേ അതിലും വലിയ ചില കാര്യങ്ങൾ ഇല്ലേ.. അതൊക്കെ ഞാൻ നിനക്ക് പിന്നെ പറഞ്ഞ് തരാം..”

അരുൺ അത്രെയും പറഞ്ഞപ്പോഴേക്കും വിധുവിന്റെ കണ്ണുകൾ നിറഞ്ഞു..

“ആ ഇനി നീ ഇതിനും തുടങ്ങിക്കോ..” അരുൺ വിധുവിന്റെ കണ്ണുകൾ തുടച്ചുകൊണ്ടു പറഞ്ഞു..

“ആ അളിയാ ഞാൻ വിട്ടോട്ടെ ഇനി.. ”

“ഉം..ഉം.. ഓക്കെ.. ബൈ ടാ.. നാട്ടിൽ എത്തിയട്ട് വിളിക്കാം..”

അങ്ങനെ ദീപക്ക് കാറുമായി പതിയെ എയര്പോര്ട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി..

കുറച്ച് സമയത്തിന് ശേഷം അരുണും വിധുവും കുഞ്ഞും നാട്ടിലേക്കും പറന്നുയർന്നു…

**********

രചന: Ammu Sageesh

Leave a Reply

Your email address will not be published. Required fields are marked *