കുഞ്ഞാങ്ങള

രചന : ഐശ്വര്യാ കൃഷ്ണൻ

അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു രജിസ്ട്രാർ ഓഫീസിനു മുൻപിൽ വച്ചാണ് സീത തന്റെ കുഞ്ഞാങ്ങളയെ അവസാനമായി കാണുന്നത്.

കൈയിലെ വാക്കത്തിയുമായി ആഞ്ഞു വെട്ടാനൊരുങ്ങുന്ന അവനെ തെല്ലു പേടിയോടല്ലാതെ പിന്നീടവൾ ഓർത്തിട്ടില്ല.

നാട്ടിലെ കുറച്ചു കുട്ടികളെ സംഗീതം പഠിപ്പിച്ചു കിട്ടുന്ന അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്നവരാണ് സീതയുടെ കുടുംബം. അമ്മയും അച്ഛനും തന്നേക്കാൾ മൂന്നു വയസിനിളയ കുഞ്ഞാങ്ങളെയും.

പണ്ടേ വാശിക്കാരനും എടുത്തു ചാട്ടക്കാരനുമായ കുഞ്ഞാങ്ങളയ്ക്ക് എല്ലാമെല്ലാം ഓപ്പോളാണ്. ഉണ്ണാനും, ഉറങ്ങാനും, കൂട്ടുകൂടാനും, കുറുമ്പുകാട്ടാനുമെല്ലാം.

പുറത്തിറങ്ങിയാലോ, പിന്നെ അവൻ ജ്യേഷ്ഠനാകും. ഓപ്പോളേ ആരെങ്കിലും നോക്കുന്നുണ്ടോ, ചിരിക്കുന്നുണ്ടോ എന്നെല്ലാം ആശങ്കകളാണ്. അവനെയും മേച്ചു നടക്കാൻ അവൾക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ.

കുറുമ്പുകാരനെങ്കിലും അതൊന്നുമൊളിപ്പിക്കാൻ അവനറിയില്ല. അമ്മെ കെയോടെ തന്നെ പിടിക്കും. അടി കിട്ടാതെ നോക്കാൻ ഓപ്പോളുണ്ടല്ലോ. അമ്മയെപ്പോഴെല്ലാം പറയും സീതേ, നീയാണിവനെ വഷളാക്കുന്നതെന്ന്.

ഇങ്ങനെയൊക്കെയാണ് ആളെങ്കിലും ഓപ്പോൾടെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ വിധം മാറും. ആരോടാണെങ്കിലും കയർക്കും. അമ്മയ്ക്കു പോലും അവൻ കഴിഞ്ഞുള്ള അവകാശമേയുള്ളൂ.

ഓപ്പോളും കുഞ്ഞാങ്ങളെയും എപ്പോഴും ഒരുമിച്ചാണ്. അങ്ങനല്ലാതെ നാട്ടിലാരും അവരെ കണ്ടിട്ടില്ല. അവൾടെ കൈ പിടിച്ചുള്ള അവന്റെ നടപ്പിനെ ഒരു പുഞ്ചിരിയോടെ അവരും നോക്കി നിന്നിരുന്നു.

കാലം കുറേ കടന്നു പോയി. സീത ടൗണിലെ കോളേജിൽ മൂന്നാം വർഷ ബിരുദ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. കുഞ്ഞാങ്ങള പ്രീഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു.

ഇതിനു കുറച്ചു നാളുകൾക്കു മുൻപാണ് സീത കോളേജിനു സമീപത്തെ ലൈബ്രറിയിൽ വച്ച് വളരെ യാഥൃശ്ചികമായി ഒരാളെ കണ്ടുമുട്ടാനിടയാകുന്നത്. ജയകൃഷ്ണൻ.

ആദ്യകാഴ്ചയിൽ തന്നെ എന്തോ ഒരു പ്രത്യേകത അടുപ്പം തോന്നി. പിന്നീടാ അടുപ്പം പരിചയമായും സൗഹൃദമായും പ്രണയമായും പരിവർത്തനപ്പെട്ടു.

സ്ഥിരവരുമാനം ആയി രണ്ടു വർഷത്തിനുള്ളിൽ അവളുടെ വീട്ടിലെത്തി വിവാഹം ആലോചിക്കാം എന്നാണയാൾ കരുതിയിരുന്നത്.

അഞ്ചു സെന്റു സ്ഥലവും അതിലെ ചെറിയ വീടും അമ്മയും അനുജത്തിയും ഇതായിരുന്നു അയാളുടെ ആകെ സമ്പാദ്യം. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഗൾഫിലൊരു ജോലി കണ്ടെത്താനുള്ള പദ്ധ്യതിയും കണ്ടിരുന്നു.

എന്നാൽ കാര്യങ്ങളെല്ലാം പെട്ടെന്നു തലകീഴായ് മറിഞ്ഞു. സീതയുടെ ജാതകത്തിൽ ഇരുപതാം വയസിലാണത്രേ മംഗല്യ യോഗം. പിന്നെ ഇരുപത്തിയെട്ടു കഴിയണം.

ജാതകക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പിന്നെയൊന്നും നോക്കിയില്ല. ആലോചനകൾ തുടങ്ങി.

സാമ്പത്തികമായി ഇപ്പോൾ കുറച്ചു മാന്ദ്യമുണ്ടെങ്കിലും പാരമ്പര്യത്തിലാക്കുറവില്ല. ആലോചനകൾ പലതും വന്നു. പെണ്ണുകാണൽ വരെയെത്തി കാര്യങ്ങൾ.

കണ്ണീരുമായി നിൽക്കുന്ന സീതയെ എന്തു പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാത്ത അവസ്ഥയിലായി ജയകൃഷ്ണൻ.

ഒടുവിൽ എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നു പറയാമെന്നു ധാരണയായി. ആരൊക്കെ എതിർത്താലും കുഞ്ഞാങ്ങള കൂടെ നിൽക്കുമെന്നും, തനിക്കു വേണ്ടി സംസാരിക്കുമെന്നും അവൾ വിശ്വസിച്ചു.

അച്ഛനോട് നേരിട്ട് ഇതൊന്നും പറയാനാകില്ല. അമ്മയോടു തന്നെ എല്ലാം തുറന്നു പറഞ്ഞു. ഒരു നിലവിളിയോടെയാണ് അവരിതെല്ലാം അച്ഛനോടു പറഞ്ഞത്.

അന്നാദ്യമായ് സംഗീതമല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലാത്ത ആ വീട്ടിൽ നിന്ന് ഉച്ചപ്പാടും ബഹളവും കേട്ടു.

ജയേട്ടനെയല്ലാതെ മറ്റൊരു വിവാഹം കഴിക്കില്ലെന്നവൾ തീർത്തു പറഞ്ഞു. ജോലിയും കൂലിയുമില്ലാത്തവൻ, ജാതിയിൽ താന്നവൻ, പിന്നെ പ്രേമം ഇതൊന്നും ആ പഴയ മനസുകൾക്ക് അംഗീകരിക്കാനാവുമായിരുന്നില്ല.

കട്ടിലിൽ തളർന്നു കിടക്കുമ്പോഴും പുറത്തു നിന്നും അമ്മയുടെ ശബ്ദം കേട്ടുകൊണ്ടേ യിരുന്നു.

ഇതൊന്നുമറിയാതെയാണ് കുഞ്ഞാങ്ങളയുടെ വരവ്. നടന്നതെല്ലാം വിതുമ്പിക്കൊണ്ട് അമ്മ പറഞ്ഞൊപ്പിച്ചു. കുറേ നേരത്തേയ്ക്ക് പിന്നവനെ കണ്ടതേയില്ല.

സന്ധ്യയോടെ അവൻ മുറിയിലേയ്ക്കു കയറി വന്നു. കുറച്ചു നേരം അവളെത്തന്നെ നോക്കി നിന്നു. അവസാന പ്രതീക്ഷയെന്നോണം അവളവന്റെ കണ്ണിലേയ്ക്കു നോക്കി.

“ഓപ്പോളേ, നീയതങ്ങു മറന്നേക്ക്… നമ്മുടെ കുടുംബത്തിനു വേണ്ടി… നിനക്കു വേണ്ടി… ഞാനല്ലേ പറയുന്നത്…”

ഇത്രയും പറഞ്ഞവൻ ധൃതിയിൽ ഇങ്ങിപ്പോയപ്പോൾ ഒന്നും മിണ്ടാനാകാതെ, വഴക്കിടാനോ, തർക്കിക്കാനോ ആകാതെ അവളവിടെത്തന്നെ തലകുനിച്ചിരുന്നു.

നേരം പുലർന്നു. പരീക്ഷയ്ക്കു പോകാനൊരുങ്ങിയ സീതയേ അച്ഛനും അമ്മയും ചേർന്ന് ബലമായി പിടിച്ചു വച്ചിരിക്കുകയാണ്.

” പഠിച്ചതൊക്കെ മതി, നിന്റെ പഠിപ്പിന്റെ ഗുണം കണ്ടിടത്തോളം മതിയായി… നീ ഇനി മംഗലത്തിനു പുറത്തിറങ്ങിയാൽ മതി… ആ മാഷിന്റെ ആലോചന ഏതാണ്ട് ഉറച്ച മട്ടാ…” അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

” ഓപ്പോളു പോയി പരീക്ഷയെഴുതട്ടമ്മേ… അവളിനി അങ്ങനെയൊന്നും ചെയ്യില്ല, അവൾക്കെല്ലാം മനസിലായിട്ടുണ്ട്”

ആ വാക്കിന്റെ ബലത്തിലാണ് അന്നവൾ പരീക്ഷയെഴുതിയത്. അവന്റെ ആ വിശ്വാസം അവളിൽ ഒരു തീക്കട്ടയെടുത്തു വച്ചു. ഒരനുജന്റെ താക്കീതിന്റെ സ്വരം.

കോളേജിൽ നിന്നിറങ്ങുമ്പോൾ ജയകൃഷണൻ അവളെ കാത്തുനിൽപ്പുണ്ടായിരുന്നു. മാപ്പു പറഞ്ഞ് പിരിയാമെന്നവൾ പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നതവൾ കണ്ടു.

ഇനിയൊരിക്കലും തന്നെ അന്വേഷിക്കരുതെന്നും, തന്റെ മരണമറിഞ്ഞാൽ പോലും വേദനിക്കരുതെന്നും അയാൾ പറഞ്ഞപ്പോൾ അവളുടെ മനസു കൈവിട്ടു പോവുകയായിരുന്നു.

ഈ യാത്ര പറച്ചിലിനു ശേഷം അയാൾ പോകുക മരണത്തിലേയ്ക്കാകുമെന്നവൾ തിരിച്ചറിഞ്ഞു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നമുക്ക് വിവാഹം കഴിക്കാമെന്നവൾ പറഞ്ഞു. അയാൾ പിന്നെ മറ്റൊന്നും ചോദിച്ചില്ല.

പരീക്ഷ കഴിഞ്ഞു പതിവുപോലെ വീട്ടിൽ തിരിച്ചെത്തി. ഒന്നുമറിയാത്തവളെ പോലെ പെരുമാറി. പുകയുന്ന ഒരഗ്നിപർവ്വതമായി സ്വയം മാറിക്കൊണ്ട്.

കല്യാണ നിശ്ചയത്തിന്റെ ചർച്ചകളിൽ മൗനമായി പങ്കെടുത്തു. അച്ഛനും അമ്മയ്ക്കും എന്തെന്നില്ലാത്ത ആശ്വാസം. അവനു മാത്രം അവളുടെ മുഖത്തേയ്ക്കു നോക്കാൻ ധൈര്യമുണ്ടായില്ല.

അങ്ങനെ മറ്റൊരു പരീക്ഷാ ദിവസം… ആരെയും ഒന്നുമറിയിക്കാതെ അവൾ പടി കടന്നു. തിരിഞ്ഞൊന്നു നോക്കാനാഗ്രഹിക്കാഞ്ഞിട്ടല്ല, കഴിയുമായിരുന്നില്ല.

രജിസ്ട്രാർ ഓഫീസിൽ എല്ലാം ഒരുങ്ങിയിരുന്നു. വരനും വീട്ടുകാരും അടുത്ത സുഹൃത്തുക്കളുമെത്തി.

ഒപ്പിട്ട് പുറത്തിറങ്ങുമ്പോഴാണ് അതു സംഭവിച്ചത്. കാറി നിലവിളിച്ച്, കത്തുന്ന കണ്ണുകളും കൈയിലൊരു വാക്കത്തിയുമായി തന്റെ പൊന്നാങ്ങള. ചതിച്ചല്ലേ നീ എന്നു ചോദിച്ചവൻ ആഞ്ഞടുത്തു.

അനുനയിപ്പിക്കാൻ പറ്റിയ അവസ്ഥയൊന്നും ആയിരുന്നില്ല. എല്ലാവരും കൂടി പിടിച്ചതുകൊണ്ട് കൈയിലെ ചെറിയൊരു വെട്ടോടു കൂടി വരൻ രക്ഷപെട്ടു.

ഒരു ഭ്രാന്തനെ പോലെ, മുൻപൊന്നും കണ്ടിട്ടില്ലാത്ത ഭികര ഭാവത്തിൽ അവനാ മണ്ണിൽ തലതല്ലി കാറി, കിടന്നുരുണ്ടു.

പിന്നെയൊരിക്കലും അവനവളെ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചിട്ടുമില്ല. മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുവായിരുന്നു.

കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടെങ്കിലും പുതിയ ജീവിതത്തിൽ അവൾ സംതൃപ്തയായിരുന്നു. സ്നേഹനിധിയായ ഭർത്താവ് അവൾക്കു താങ്ങും തണലുമായി.

ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഗൾഫിൽ ജോലി ശരിയായത്. അയാൾ പോകുമ്പോൾ സീത അഞ്ചുമാസം ഗർഭിണിയുമായിരുന്നു.

ഏതാനും മാസങ്ങൾക്കു ശേഷം അവളൊരു പെൺകുഞ്ഞിനു ജന്മം നൽകി. അന്ന് അവളെ കാണാൻ രണ്ടു പുതിയ പഴയ അതിഥികളെത്തി. അച്ഛനും അമ്മയും.

മകനറിയാതെയുള്ള വരവാണ്.എത്രയൊക്കെ പ്രശ്നങ്ങളുണ്ടായെങ്കിലും അവർക്കവൾ മകളല്ലേ… കാലം മായ്ക്കാത്ത മുറിവുകളുണ്ടോ….. ആ വരവ് ഇടയ്ക്കൊക്കെ വീണ്ടും ഉണ്ടായി.

എങ്കിലും അവരൊരിക്കൽ പോലും അവളെ വീട്ടിലേയ്ക്കു വിളിച്ചില്ല. അതിന്റെ കാരണമോർത്തപ്പോൾ അവൾക്ക് ആങ്ങളേയോട് തെല്ലമർഷം തോന്നി.

ഈയിടയക്കാണ് ജയന്റെ പെങ്ങൾക്ക് വിവാഹാലോചനകൾ തുടങ്ങിയത്. സാമ്പത്തികമാണ് പ്രശ്നം. കൊടുക്കാൻ കാര്യമായിട്ടൊന്നുമില്ല.

ഗൾഫിൽ നിന്നും ആദ്യമായ് അയാൾ തിരികെയെത്തിയ ദിവസം. അവളോടിങ്ങനെ ചോദിച്ചു. “ഈ വീടും സ്ഥലവും കൂടി പണയം വച്ചാൽ നമുക്കവളുടെ കല്യാണം നടത്താം. നീയെന്തു പറയുന്നു… ”

സീതയ്ക്കു മറുത്തൊന്നും പറയാനില്ലായിരുന്നു. “അവളെ കല്യാണം കഴിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമല്ലേ. അതിനു വേണ്ടതെല്ലാം ചെയ്യണം.”

ഗൾഫിൽ കുറച്ചു കൂടി നല്ല ജോലി നോക്കുന്നുണ്ടെന്നും രണ്ടു വർഷം കൊണ്ടടച്ചു തീർക്കാമെന്നും അയാൾ പറഞ്ഞു.

കാര്യങ്ങൾ മുറക്കു നടന്നു. കല്യാണം ഗംഭീരമായി. എന്നാൽ കടമെടുത്ത അത്ര എളുപ്പമായിരുന്നില്ല തിരിച്ചടപ്പ്. വർഷങ്ങൾ മുന്നോട്ടു കുതിക്കുകയായിരുന്നു. മോൾക്ക് വയസ് നാലാകുന്നു.

ജീവിതം ഏറെ ബുദ്ധിമുട്ടിലായി. തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ അച്ഛനോടു തന്റെ വീതം ചോദിച്ചാലോ എന്നു പോലും അവളാലോചിച്ചു.

ജയന്റെ അമ്മയുടെ ഭാഗത്തു നിന്നും വീതത്തെ ചൊല്ലി ചില കുത്തുവാക്കുകൾ കേൾക്കാനിടയായി.

ഒരിക്കൽ അമ്മയും അച്ഛനും വന്ന സമയം. എന്നെ ഇന്ന് അമ്മൂമ്മയുടെ വീട്ടിൽ കൊണ്ടു പോകുമോ എന്നു മോളു ചോദിച്ചു. പിന്നീടൊരിക്കൽ ആകട്ടെയെന്നവർ മറുപടിയും നൽകി.

മോളപ്പൂപ്പന്റെ അടുത്തേയ് പോയപ്പോഴാണ് അമ്മ വീണ്ടും സംസാരിച്ചു തുടങ്ങിയത്.

“സീതേ, അന്നു നീ പോയതിനു ശേഷം അവനാരോടും അങ്ങനെ മിണ്ടാട്ടമൊന്നുമില്ല. ഇപ്പോൾ എല്ലാം ശരിയായി വരുന്നുണ്ട്. നിന്റെ പേരു കേൾക്കുന്നത് പോലും അവനിഷ്ടമല്ല. എന്തെല്ലാം കള്ളങ്ങൾ പറഞ്ഞാണെന്നറിയുമോ ഇങ്ങോട്ടിറങ്ങുന്നത്. ”

അവളമ്മ കാണാതെ സാരിത്തലപ്പു കൊണ്ട് കണ്ണു തുടച്ചു.

തിരികെയിറങ്ങുമ്പോഴാണ് നാലുലക്ഷം രൂപ അച്ഛൻ കൊണ്ടുത്തരുന്നത്. കുടുംബത്തിലെ തന്റെ വീതം.

ഏറെ അവളെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു. ആങ്ങള അറിഞ്ഞു കൊണ്ടാണി പൈസ തന്നിരിക്കുന്നത്. അവൻ തന്നത്.

ആ സന്തോഷത്തിനധികം ആയുസുണ്ടുണ്ടായിരുന്നില്ല. വീതം കൊടുത്തില്ലെങ്കിൽ നാളെയവൾ കോടതിയിൽ കേസു കൊടുത്തു വാങ്ങിച്ചെടുക്കും. അതിന്റെ പേരിൽ പോലും നേരിൽ കാണാനാഗ്രമില്ലാത്തതു കൊണ്ടാണത്രേ ഇങ്ങനെ തരുന്നത്.

അവനോടു വല്ലാത്ത വെറുപ്പു തോന്നിയവൾക്ക്. അച്ഛനും അമ്മയ്ക്കുമില്ലാത്ത ദേഷ്യമാണോ അവന്… ഇവനെയാണല്ലോ ഞാനിത്രയേറെ സ്നേഹിച്ചത്.

സംഭവങ്ങളറിഞ്ഞപ്പോൾ ജയകൃഷ്ണന്റെ മറുപടി മറിച്ചായിരുന്നു.

“എനിക്കിന്നവനെ ഒരുപാടൊരുപാട് മനസിലാക്കാനാകുന്നുണ്ട് സീതേ… ഒരിക്കലെങ്കിലും എനിക്കവനോട് അനുജനോടെന്ന പോലെ സംസാരിക്കണം”

നടന്നതു തന്നെ എന്നവൾ മറുപടിയും നൽകി.

ഈ നാലു ലക്ഷം രൂപ ബാങ്കിൽ കെട്ടി വച്ചാൽ തൽക്കാലമൊന്നു പിടിച്ചു നിൽക്കാം എന്നു കരുതിയപ്പോഴാണ് അടുത്ത ദുർഘടം.

ജയന്റെ പെങ്ങൾടെ ഭർത്താവിന് ഒരു വണ്ടിയപകടം. അടിയന്തിരമായി ശസ്ത്രക്രിയ നടത്തണം. മൂന്നു ലക്ഷം രൂപയെങ്കിലും വേണ്ടിവരും.

പെട്ടെന്നെടുക്കാൻ അവർക്കു മാർഗങ്ങളൊന്നുമില്ല. പെങ്ങൾടെ ജീവിത പ്രശ്നമാണ്. ആ പൈസ അങ്ങനെ പോയി.

ആരിൽ നിന്നൊക്കെയോ വാങ്ങി ജയനയച്ച രണ്ടു ലക്ഷം രൂപ ബാങ്കിലടച്ചു. ഒന്നും ശരിയാകുന്ന മട്ടില്ല.

നാട്ടിലെത്തിയാൽ പൈസക്കു ചില മാർഗങ്ങളുണ്ടെന്നും പറഞ്ഞയാൾ നാട്ടിലെത്തി. കുറേ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ ഗൾഫിലേയ്ക്കു തന്നെ മടങ്ങി. വീട്ടിലേയ്ക്കുള്ള വിളി കുറഞ്ഞു. വിളിക്കുമ്പോഴാകട്ടെ, പ്രതീക്ഷയറ്റ വാക്കുകളും.

എന്തോ ഒരനർത്ഥം സംഭവിക്കാൻ പോകുന്നുവെന്നവൾക്കു തോന്നി. തെറ്റിയില്ല, ജെപ്തി നോട്ടീസ്.

ഇനി കുറച്ചു ദിവസങ്ങൾ മാത്രം. ഇറങ്ങിക്കൊടുക്കണം. ആദ്യമായ് അന്നയാൾ ഫോണിൽക്കൂടി അവൾക്കു മുൻപിൽ കരഞ്ഞു.

ജപ്തിദിവസം അടുക്കെ അന്നയാൾ അവസാനമായി സീതയക്കു ഫോൺ ചെയ്തു.

അമ്മയോടും മോളോടും ഏറെ സംസാരിച്ചു.

സീതയോട് മാപ്പെന്നു മാത്രമേ പറഞ്ഞുള്ളു.

പിന്നെ കേൾക്കുന്നത് ദുരന്തവാർത്തയാണ്.

താമസ സ്ഥലത്തു വിഷം കഴിച്ചു മരിച്ച ഭർത്താവിന്റെ വാർത്ത.

കേട്ടപാടെ അവൾ കുഴഞ്ഞു വീണു. ബോധം വന്നപ്പോൾ വീടു നിറയെ ആളാണ്. പടുതയിടലും കസേരയലുമൊക്കെയായി ഒരുപാടു ജനങ്ങൾ.

നാളെത്തന്നെ ബോഡിയെത്തും. കർമ്മങ്ങൾ തീർത്ത് ശ്മശാനത്തിലേയ്ക്കെടുക്കണം.

പതിവു മരണവീടുപോലെയായിരുന്നില്ല കാര്യങ്ങൾ. മരിച്ചയാളുടെ വീട്ടുകാരെ സമാധാനിപ്പിക്കാൻ അധികമാരും ഒരുമ്പെട്ടില്ല.

ജപ്തി കഴിഞ്ഞു പോകാനിടമില്ലാതെ നിൽക്കുന്നവർക്കു മുൻപിൽ ദൈവത്തിന്റെ വേഷം കെട്ടാൻ ഇവിടാരുമില്ല.

അന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുമ്പോൾ ആഗ്രഹമുണ്ടെങ്കിലും അന്യനെ സഹായിക്കാൻ ആർക്കാണാവുക.

സീത കരഞ്ഞുവോ… അറിയില്ല. ഉള്ളിലെ നിലവിളികൾ പുറത്തു കേട്ടില്ല.

കുഞ്ഞിനെയും നെഞ്ചോടുപിടിച്ചവൾ ഒരു മൂലയ്ക്കു തന്നെ ഇരുന്നു. ശ്മശാനത്തിലേയ്ക്കു ബോഡിയുമായി ആരൊക്കെയോ പോയി.

അവളുടെ പ്രണയത്തിന്റെ ശവയാത്ര… ഒരുപാടു സ്നേഹിച്ചിട്ട് അവളെ ഒറ്റക്കാക്കി അയാൾ കടന്നു കളഞ്ഞിരിക്കുന്നു.

ജയന്റെ അമ്മയെ സഹോദരി വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. ആർക്കും അവളോടൊന്നും പറയാനില്ലായിരുന്നു.

അമ്മയും അച്ഛനും നിസഹായരാണ്. ആങ്ങളയുടെ കല്യാണ നിശ്ചയമാണ് നടക്കാൻ പോകുന്നത്.

അവളെയും കുട്ടിയേയും കൂട്ടിക്കൊണ്ടു ചെന്നാൽ അതു മുടങ്ങും. വരുമാനം കുറവെങ്കിലും പ്രാരാബ്ധങ്ങൾ ഒന്നുമില്ലെന്ന് കാലേക്കൂട്ടി പറഞ്ഞിട്ടുള്ളതാണ്.

കോരിച്ചൊരിയുന്ന മഴയാണ്. രാത്രി മുഴുവനും അവളെന്തൊക്കെയോ ആലോചിച്ചിരുന്നു. രാവിലെയും മഴ തോർന്നിട്ടില്ല.

ജപ്തി നടപടികൾ തുടങ്ങാറാകുന്നു. അയൽ വീടുകളിൽ നിന്നാരും പുറത്തിറങ്ങുന്നില്ല.

കുറച്ചു സാധനങ്ങളെടുക്കാനെന്നു പറഞ്ഞ് കുഞ്ഞിനെയുമെടുത്ത് അവൾ മുറിക്കുള്ളിൽ കയറി കതകടച്ചു.

കൈയിലെ കയർ ഫാനിൽ കുരുക്കുമ്പോഴാണ് വാതിലിൽ മുട്ടുകേൾക്കുന്നത്. തുറക്കണ്ട, എല്ലാം കഴിയട്ടെ എന്നവൾ കരുതി.

പെട്ടെന്ന് ഭൂതകാലത്തിൽ നിന്നുമൊരു ശബ്ദം..

“ഓപ്പോളേ, വാതിൽ തുറക്ക്… ഞാനാ ഓപ്പോളേ… ”

അവളൊരു നിമിഷം അനങ്ങാതെ നിന്നു. കതകു തുറക്കുമ്പോൾ കൈവിറക്കുകയായിരുന്നു.

മഴയിൽ കുതിർന്ന് നിറഞ്ഞ കണ്ണുകളോടെ തന്റെയാ പഴയ കുഞ്ഞുങ്ങള. അവൾക്കു വിശ്വസിക്കാനായില്ല.

“ഓപ്പോളിനെ കൊണ്ടുപോകാൻ വന്നതാ ഞാൻ…”

അവനവളുടെ കൈകളിൽ മുറുകെപ്പിടിച്ചു.

അവളതു വരെ പിടിച്ചു വച്ച കണ്ണീരെല്ലാം മലവെള്ളപ്പാച്ചിൽ പോലെ ഒഴുകിയെത്തി.

” ഞാൻ വരുന്നില്ല, നീ പൊയ്ക്കോ…” എന്നവൾ പറഞ്ഞു തിരികെക്കയറി.

അവനോടി വന്ന് കുഞ്ഞിനെയെടുത്തു.

“ഇവളെ ഓർത്ത് വാ ഓപ്പോളേ… ഇനി ഞാനന്നങ്ങനെ ചെയ്തതിന്റെ ദേഷ്യമാണോ… മനപ്പൂർവ്വം വെട്ടിയതല്ല ഓപ്പോളേ, പറ്റിപ്പോയതാ…

നീ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ എന്ന സമാധാനത്തിലാ ഞാനീക്കാലമത്രയും കഴിഞ്ഞത്.

എന്തു പറയണമെന്നറിയാതെ അവളവനെത്തന്നെ നോക്കി നിന്നു.

ഈ അഞ്ചു വർഷത്തിനിടയിൽ അവനെ വെറുത്ത നിമിഷങ്ങളെ ഓർത്തവൾ ശപിച്ചു.

തന്റെ ഭർത്താവിന്റെ തിരിച്ചറിയലുകൾ എത്തുകൊണ്ടെനിക്കുണ്ടായില്ല എന്നവൾ പരിതപിച്ചു.

നാലു ലക്ഷം രൂപയിൽ അവൻ തന്നത് തന്റെ വീതമായിരുന്നില്ല തരാതെ തന്ന സ്നേഹമായിരുവെന്ന് അവൾ തിരിച്ചറഞ്ഞു.

ഫാനിലെ കുരുക്കിലേയ്ക്കൊന്നേ അവൻ നോക്കിയുള്ളു.

“എന്തൊക്കെയാ ഇത് ഓപ്പോളേ… ഞാനില്ലേ നിനക്ക്… നിനക്കു വേദനിച്ചാൽ എനിക്കല്ലേ കൊള്ളുക… എനിക്കു മാത്രം…

തുണിയും സാധനങ്ങളുമെല്ലാം അവൻ തന്നെ പുറത്തെടുത്തു വച്ചു.

ഒരു കുടക്കീഴിൽ കുഞ്ഞിനെയുമെടുത്ത് അവളെയും ചേർത്തു പിടിച്ചവൻ മഴയത്തു നടന്നു നീങ്ങി.

പെട്ടെന്നവൾ ഒരു ഞെട്ടലോടെ ചോദിച്ചു.

“ഉണ്ണീ അപ്പോൾ നിന്റെ കല്യാണം മുടങ്ങില്ലേ…”

ദു:ഖമമർത്തി ഒരു ചെറുപുഞ്ചിരിയോടെയവൻ പറഞ്ഞു

” ന്റെ ഓപ്പോളേക്കാൾ വലുതല്ലല്ലോ ഒരു മംഗലം. പോട്ടെ ഓപ്പോളേ സാര്ല്യാ…”

അവൻ വരുന്നതിനും ഒരു നിമിഷം മുൻപ് ചത്തൊടുങ്ങാത്തതിൽ അവൾ സ്വയം ശപിച്ചു.

അന്നു വെട്ടാനൊരുങ്ങിയ കത്തി കൊണ്ട് തന്നെ കുത്തിക്കീറുന്ന വേദന അവളറിഞ്ഞു.

അവനപ്പോഴും അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു…..

രചന : ഐശ്വര്യാ കൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *