കൈവിട്ട ഭാഗ്യം

രചന : – ഉനൈസ്

ഇല്ലമ്മേ അമ്മ എന്തൊക്കെ പറഞ്ഞാലും ഞാനിത് സമ്മതിക്കില്ല. അച്ഛൻ മരണക്കിടക്കയിൽ കിടന്ന് എന്തേലും പറഞ്ഞെന്നുകരുതി.. അച്ഛൻ കൊടുത്ത വാക്കിന് എന്റെ ജീവിതം ബലികൊടുക്കണം എന്നാണോ അമ്മ പറയുന്നേ..എനിക്കും ഉണ്ടാവില്ലേ ഇഷ്ടങ്ങളും മോഹങ്ങളും.. ഇല്ലമ്മേ എനിക്ക് സമ്മതിക്കാൻ കഴിയില്ല. അമ്മ ചെന്ന് അവരോട് പറഞ്ഞേക്ക് ഈ കല്യാണം നടക്കില്ലെന്ന്. ഇതും പറഞ്ഞു നിറഞ്ഞുവന്ന അമ്മയുടെ കണ്ണുകൾ കണ്ടില്ലെന്നുനടിച്ചു ഞാൻ റൂമിലേക്ക് കയറി വാതിൽ വലിച്ചടിച്ചു.

മനസ്സിൽ നിറയെ അഭിയായിരുന്നു. കോളേജിലെ എന്റെ ഹൃദയം കവർന്ന കട്ടിമീശയുള്ള എന്റെ അഭി. മനസ്സിൽ ആഴത്തിൽ വേരിറങ്ങിയ പ്രേമം. മനസ്സുകൊണ്ടും ശരീരംകൊണ്ടും എന്നേ ഞാൻ അഭിയുടെ ഭാര്യയാവാൻ ഒരുങ്ങിക്കഴിഞ്ഞതാണ് അപ്പോഴാ പണ്ടെന്നോ അച്ചൻകൊടുത്ത വാക്കിന്റെ ബലത്തിൽ എന്നെ കാണാൻ സുധിയേട്ടൻ വരുന്നത്. അച്ഛന്റെ ഉറ്റ ചങ്ങാതിയുടെ മകനായത് കൊണ്ട് അവർ എന്റെ ജനനത്തിനുമുന്നെ പറഞ്ഞുറപ്പിച്ചതായിരുന്നത്രെ.. അല്ലേലെ സുധിയേട്ടൻന്റെ ചിലനേരത്തെ പെരുമാറ്റം എനിക്കിഷ്ടമല്ല. ഞാനെന്തുചെയ്താലും അതിലെ കുറ്റം കണ്ടെത്തും,ആവശ്യമില്ലാതെ എന്റെ എല്ലാ കാര്യത്തിലും ഇടപെടും..

മോളെ അച്ചു കതക് തുറക്ക്.. അവരൊക്കെ പോയി. എല്ലാരും പോയെന്നുകേട്ടപ്പോൾ ആശ്വാസത്തോടെ ഞാൻ വാതിൽ തുറന്നു. എന്താ മോളെ നീ ഇങ്ങനെ. അവരൊക്കെ നിന്നെ കുറിച്ചെന്തുവിചാരിച്ചു കാണും. അവരെന്തുവേണേലും കരുതട്ടെ. എനിക്കെന്താ. സുധിക്കെന്താ മോളെ ഒരു കുറവ്. അച്ഛൻ മരിച്ചതുമുതൽ സ്വന്തം കുടുംബത്തെപോലെയല്ലേ അവൻ നമ്മളെയും നോക്കുന്നത്.. രാവെന്നോ പകലെന്നോ ഇല്ലാതെ എന്താവശ്യത്തിനും അവൻ പാഞ്ഞെത്താറില്ലേ.. അതൊക്കെ ശരിയായിരിക്കാം.. പക്ഷെ അതിനുപകരം ഞാൻ എന്തിനാ ബലിയാടാവുന്നത്.. ഇഷ്ടമില്ലാത്ത ഒരാളുടെ ഭാര്യയായി ജീവിതകാലം മുഴുവൻ എനിക്ക് സന്തോഷത്തോടെ കഴിയാനാകുമെന്ന് അമ്മക്ക്തോന്നുന്നുണ്ടോ.. അമ്മക്കുത്തരംമുട്ടി.

കാലങ്ങൾ കഴിഞ്ഞുപോയി.. എന്റെയും അഭിയുടെയും പ്രേമങ്ങൾക്ക് ചിറകുമുളച്ചു, അനന്തമായ ആകാശ മേലാപ്പിനുതാഴെ ആയിരംവർണങ്ങളോടെ അതങ്ങനെ പാറിപ്പറന്നു. ഒരുനിമിഷംപോലും കാണാതിരിക്കാനോ കേക്കാതിരിക്കാനോ ഞങ്ങൾക്കിപ്പോൾ കഴിയുന്നില്ല. അത്രമേൽ ഞങ്ങൾ അടുത്തിരുന്നു. കലാം ഇത്രയായിട്ടും പല അവസരങ്ങളുണ്ടായിട്ടും അവനൊരിക്കൽ പോലും എന്റെമേൽ സ്പർശിച്ചിട്ടില്ല. ആ ഒരു കണ്ണാൽ എന്നെ ഇതുവരെ നോക്കിയിട്ടില്ല. ഞാൻ തിരഞ്ഞെടുത്തവനെ കുറിച്ചിപ്പൊൾ എനിക്ക് അഭിമാനം തോന്നുന്നു. ഒപ്പം അവന്റെ പെണ്ണവാൻ കഴിഞ്ഞതിൽ തെല്ലഹങ്കാരവും.. പഠനം കഴിഞ്ഞ അവനിപ്പോൾ ഒരു ജോലിക്കുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. അതുകിട്ടിക്കഴിഞ്ഞാൽ ഉടനെ എന്നെ പെണ്ണുകാണാൻ വരുമെന്നാണ് അവൻ പറഞ്ഞത്. എത്രയും പെട്ടെന്ന് അവനൊരു ജോലികിട്ടണേ എന്നൊരൊറ്റ പ്രാർത്ഥനയെ എനിക്കിന്നൊള്ളു. അതുകിട്ടികഴിഞ്ഞാൽ ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച ആ പ്രണയം അമ്മയെ അറിയിക്കണം. എന്നിട്ട് എല്ലാവരുടെയും സമ്മതത്തോടെ കണ്ണനെ സാക്ഷിയാക്കി എന്നെ അവന് സമർപ്പിക്കണം. കുടുംബം കുട്ടികൾ. അറിയാതെ ചുണ്ടിലൊരു ചിരി നിറഞ്ഞു.

പെട്ടന്നാണ് ഫോൺ റിങ് ചെയ്യുന്നത്. സ്‌ക്രീനിൽ ചിരിച്ചു നിൽക്കുന്ന അഭിയുടെ ഫോട്ടോ കണ്ടപ്പോൾ മനസ്സ് തളിരിതമായി. ഹലോ അച്ചു, നമുക്കൊരു ഗുഡ് ന്യൂസ് ഉണ്ട്. ഗുഡ് ന്യൂസോ. അതെ എനിക്ക് ജോലി കിട്ടി. ഇവിടെ അടുത്തൊരു കമ്പനിയിലാ. അടുത്തമാസം ജോയിൻ ചെയ്യാൻ പറഞ്ഞു. ന്റെ കൃഷ്ണ, നീയെന്റെ പ്രാർത്ഥന കേട്ടു. പിന്നെ ഇന്ന് ഈവിനിംഗ് നമുക്കൊന്ന് കാണണ്ടേ. നീ ടൗണിലെ കോഫി ഷോപ്പിലേക്ക് വാ. എന്റെ ഫ്രണ്ട്സും ഉണ്ടാകും. അവർക്ക് ചെറിയ ഒരു ട്രീറ്റ്. ഉം ഞാൻ വരാം.

അമ്മയോട് ചെറിയൊരു നുണ പറഞ്ഞുഞാൻ വീട്ടിൽ നിന്നുമിറങ്ങി. ഏറെനാളുകൾക്ക് ശേഷമാണ് മനസ്സ് ഇത്രേം സന്തോഷിക്കുന്നത്. ടൗണിലേക്കിന്ന് പതിവിലും ദൂരം കൂടുതലുള്ളതുപോലെ. ചിലപ്പോൾ മനസ്സ് അഭിയെ കാണാൻ വെമ്പിനിൽക്കുന്നതുകൊണ്ടാവും .. ഒരു ടേബിളിനുചുറ്റും അവനും അവന്റെ ഫ്രണ്ട്സും ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു,. ആഹാ. നീ വന്നോ.. നീ വന്നിട്ടുവേണം ഓർഡർ ചെയ്യാൻ എന്നുകരുതി ഇരിക്കുവായിരുന്നു.. ഞാൻ അവന്റെ അടുത്ത സീറ്റിൽ തന്നെ ഇരുന്നു. അവന്റെ കൈകോർത്തു വരാം പോകുന്ന നാളുകളിലെ അസുലഭ മുഹൂർത്തങ്ങളെയോർത്തങ്ങനെ…

ട്രീറ്റ് കഴിഞ്ഞു പിരിയാൻ നേരം അഭി എന്റെ അടുക്കലേക്ക് വന്നു.. അച്ചു ഞാൻ നമ്മുടെ കാര്യങ്ങളൊക്കെ വീട്ടിൽ പറഞ്ഞു. ഞാനൊന്ന് ഞെട്ടി. ദൈവമേ എന്തായി എന്തോ.. എന്നിട്ട്. എന്നിട്ടെന്താ അമ്മക്ക് സമ്മതം… അച്ഛനും. നീ ഇന്ന് ഇവിടെ വരുന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ രണ്ടാൾക്കും നിന്നെ കാണണം എന്നായി. നിനക്ക് വിരോധമില്ലെങ്കിൽ നിന്നെയും കൂട്ടി ഒന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. അയ്യോ.. അഭി ഞാൻ.. അതും ഈ വേഷത്തിൽ.. ഈ വേഷത്തിനെന്താ കുഴപ്പം. മാത്രമല്ല അവർക്ക് നിന്നെയാണ് കാണേണ്ടത്. അവിടെ വേഷപ്പകർച്ചക്കൊന്നും ഒരു സ്ഥാനവും ഇല്ല. പിന്നെ നീ വന്നില്ലെങ്കിൽ അവരെന്താ വിചാരിക്കാ.. അമ്മായിമ്മ പോര് ഇപ്പോഴേ വേണോ.. അവൻ ചിരിച്ചോണ്ടിത് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു. മനസ്സില്ല മനസ്സോടെയാണെങ്കിലും ഞാൻ സമ്മതിച്ചു..

അവന്റെ കാർ ചെന്നുനിന്നത് ഒരു വലിയ വീടിന്റെ മുന്നിലാണ്. ഇതാണോ നിന്റെ വീട്.. ഞാൻ അത്ഭുദത്തോടെ ചോദിച്ചു. അതെ.. എന്തെ.. ഒന്നുമില്ല. നിന്നെ കണ്ടാൽ അങ്ങനെ തോന്നില്ല. അവനൊന്ന് ചിരിച്ചു. വാ ഇറങ്. വലിയ ഒരു റൂമിൽ അവൻ എന്നെ കൊണ്ടിരുത്തി. നീ ഇരി ഞാൻ അമ്മയെ വിളിച്ചു വരാം. മനസ്സിൽ ഒരു ടെൻഷൻ. അവരെ ഫേസ് ചെയ്യാനുള്ള ഒരു മാനസികത ഇല്ലാത്ത പോലെ.. ചിലപ്പോൾ അവർക്കെങ്ങനെ ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ. ഹേയ് അങ്ങനെ വരാൻ ചാൻസില്ല. ഓരോന്ന് ചിക്കന്തിച്ചിരിക്കുമ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് ഒപ്പം അതടയുന്നതും. നോക്കിയപ്പോൾ ഒരു മുപ്പത് നാൽപ്പത് വയസ്സുതോന്നിക്കുന്ന രണ്ടാൾക്കാർ..

ആഹാ.. ഇവളൊരു ചരക്കാണെന്ന് അവൻ പറഞ്ഞപ്പോൾ ഞാനിത്രേം പ്രതീക്ഷിച്ചില്ല.. എന്താ ഒരഴക്. അല്ലേടാ അതെയതെ.. എന്റെ ഉള്ളൊന്നു കാളി.. നിങ്ങളാരാ.. അഭി എവിടെ.. എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഹ ഹ.. അവൻ കാശും വാങ്ങിപ്പോയല്ലോ.. കാശോ.. അതെ ക്യാഷ്.. പണം എന്നുപറയും കേട്ടിട്ടില്ലേ. എന്നാലും എന്റെ ഔസേപ്പേ ഈ കിളിന്തുപെണ്ണിന്റെ കന്യകത്വം കവരാനുള്ള യോഗം ദൈവം തന്നത് നമുക്കാണല്ലോ..

ദൈവമേ ഞാനെന്താ കേൾക്കുന്നത് അഭി. ഇത്രനാളും അവൻ എന്നെ ചതിക്കുകയായിരുന്നെന്നോ.. സ്നേഹം നടിച്ചെന്നെ വശത്താക്കി ഈ കാപാലിക്കാർക്ക് കാഴ്ചവെക്കാനാണോ ഇങ്ങോട്ട് കൊണ്ടുവന്നത്. ആ രണ്ടുപേർ എന്നിലേക്ക് അടുക്കുംന്തോറും എന്റെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ, കൈകാലുകൾ തളർന്നു, ഞാൻ ഉറക്കെ കരയാൻ തുടങ്ങി. അയാളുടെ ബലിഷ്ഠമായ രണ്ടുകൈകൾ എന്നെ വലിഞ്ഞുമുറുകിയതും വാതിലിൽ ശക്തമായ മുട്ടുകേട്ടതും.ഒരുമിച്ചായിരുന്നു..

ഓ ഇത് ആ അഭിയായിരിക്കും കൊടുത്ത കാശ് ചിലപ്പോൾ മതിയായിട്ടുണ്ടാവില്ല. നീ പോയി ഒരു കെട്ടൂടെ എടുത്തുകൊട് അപ്പോഴേക്കും ഞാനൊരു റൌണ്ട് തീർക്കട്ടെ. അയാൾ അതിൽ തുറന്നതും. തെറിച്ചുവീണതും ഒരുമിച്ചായിരുന്നു. എന്താ സംഭവിച്ചത് എന്നറിയാൻ എന്നെ വിട്ട് അയാൾ അവിടേക്കുപോയതും അടികൊണ്ട് ആയാളും താഴെ വീണു. വാതിൽ കടന്നു അകത്തേക്ക് വന്ന അയാളെ എന്റെ മങ്ങിയകണ്ണിലൂടെ ഞാൻ കണ്ടു. സുധിയേട്ടൻ.. ദേഷ്യം കൊണ്ട് മുഖം ചുവന്നിരിക്കുന്നു.അടികൊണ്ട് നിലത്തുകിടക്കുന്നവരെ വീണ്ടും കാലുകൊണ്ട് ആഞ്ഞു ചവിട്ടുകയാണ് അവശരായ അവരെ വലിച്ചിട്ട് എന്നെയും കൂട്ടി സുധിയേട്ടൻ അവിടുന്ന് ഇറങ്ങി..

ഞാനിപ്പോഴും വിറക്കുന്നുണ്ട് കൈകാലുകൾക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നു. എന്നെ താങ്ങിപ്പിടിച്ചു സുധേയേട്ടൻ കാറിൽ കൊണ്ടിരുത്തി. എനിക്കൊന്ന് പൊട്ടിക്കരയണം എന്നുണ്ട് പക്ഷെ സാധിക്കുന്നില്ല. കവിളിലൂടെ കണ്ണീർഒലിച്ചിറങ്ങുന്നു.. ഒരുനാൾ അഭിക്കുവേണ്ടി തള്ളിക്കളഞ്ഞ ആളിതാ ഇപ്പൊ ഒരു ദൈവദൂദനെ പോലെ അവരിൽ നിന്നും എന്നെ രക്ഷിച്ചിരിക്കുന്നു. കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

അച്ചു.. നിന്നെ ഞാൻ കണ്ടിരുന്നു. ടൗണിലെ ഷോപ്പിൽ. കൂടെ പരിചയമില്ലാത്ത ആളുകളെ കണ്ടപ്പോഴാണ് ശ്രദ്ധിക്കണം എന്ന് തോന്നിയത്. എന്താ അച്ചു. എന്താ നിനക്ക് പറ്റിയത്. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ അടുക്കൽ വാക്കുകളില്ലായിരുന്നു. നോക്ക് ഏതായാലും കഴിഞ്ഞത് കഴിഞ്ഞു ഒന്നും സംഭവിക്കാതെ തന്നെ. ഇനി അമ്മയോട് ഇതിനെ കുറിച്ചൊന്നും പറയണ്ട. വെറുതെ ആ പാവത്തിനെ കൂടെ പേടിപ്പിക്കാൻ എന്തിനാ.. കാർ വീട്ടുമുറ്റത്തെത്തിയതും ധൈര്യം സംഭരിച്ചു ഞാനിറങ്ങി. അമ്മയെ കണ്ടപ്പോൾ എന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടുഞാൻ കെട്ടിപ്പിടിച്ചു കരഞ്ഞു.

എന്താ എന്താ എന്റെ കുട്ടിക്ക്.. അപ്പോഴേക്കും സുധിയേട്ടനും എത്തിയിരുന്നു. ഒന്നുല്ല അമ്മെ. അവൾ റോഡ് ക്രോസ് ചെയ്തപ്പോൾ ഒരു ബസ്സ് വന്ന് ഇടിക്കാൻ പോയി. ആർക്കും ഒന്നും സംഭവിച്ചില്ല പക്ഷെ ഇവൾ നന്നായി പേടിച്ചു. അതിന്റെയാ. ഞാൻ കണ്ടതോണ്ട് നേരെ കൂട്ടിയിങ് പൊന്നു.. എന്റെ ഭഗവതി.. എന്താ അച്ചു. സൂക്ഷിക്കണ്ടേ നീയ്യ്.. ഇനി ‘അമ്മ ഒന്നും പറയണ്ട. അവൾ ആകെ പേടിച്ചിട്ടുണ്ട്. ഒരിത്തിരിനേരം ഒന്ന് കിടക്കട്ടെ അവൾ. എന്നാൽ പിന്നെ ഞാനിറങ്ങാണ്.

അതും പറഞ്ഞു സുധിയേട്ടൻ പോയി. റൂമിൽ പോയി ഞാൻ അമ്മയുടെ മടിയിൽ തലവെച്ചു അല്പം കിടന്നു. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാൻ ശ്രമിക്കുമ്പോഴും ഇടക്ക് ഓർമകളിൽ വന്നെന്നെ അത് കുത്തിനോവിപ്പിക്കുന്നു. അപ്പൊ സുധിയേട്ടൻ എന്നെ കണ്ടില്ലായിരുന്നെങ്കിൽ ദൈവമേ ഓർക്കന്നൂടെ വയ്യ. അമ്മെ.. ഞാൻ പതുക്കെ വിളിച്ചു. എന്താ, എന്റെ കുട്ടി പേടിച്ചുപോയോ.. എന്റെ തല തലോടിക്കൊണ്ട് അമ്മയുടെ വാക്കുകൂടെ കേട്ടപ്പോൾ മനസ്സൊന്നൂടെ തണുത്തു. അമ്മെ സുധിയേട്ടന് എന്നെ വലിയ ഇഷ്ടമായിരുന്നു ലെ.. ഉം.. അമ്മയെന്ന് മൂളി. ഇപ്പോഴും ഇഷ്ടമാണോ എന്നറിയാവോ.. ഇല്യ. അവൻ വേറെ ഏതോ പെണ്ണ് കണ്ടെന്നും ഏറെക്കുറെ ഉറച്ചമട്ടാണെന്നും ശാരദാമ പറഞ്ഞിട്ടുണ്ടായിരുന്നു എന്തെ നിനക്കിപ്പോ അങ്ങനെയൊക്കെ തോന്നാൻ.. ഒരിക്കൽ നീ തന്നെയല്ലേ അവനെ വേണ്ടെന്നുപറഞ്ഞത്.. പിന്നെ എന്താ ഇപ്പൊ.. ഒന്നുല്ലമ്മേ.. ഞാൻ വെറുതെ.. വാക്കുകൾ മുഴുപ്പിക്കും മുന്നേ കണ്ണീർ ഒഴുകിവന്നു. ഒന്നൂടെ അമ്മയിലേക്ക് ഞാൻ ചേർന്നുകിടന്നു. ഒരിക്കൽ തേടിവന്ന ഭാഗ്യത്തെ തട്ടിത്തെറിപ്പിച്ച എന്നെ ഒരായിരം വട്ടം മനസ്സിൽ ശപിക്കുകയായിരുന്നു ഞാനപ്പോൾ…

രചന : – ഉനൈസ്

Leave a Reply

Your email address will not be published. Required fields are marked *