ഗീതാമാധവം..

രചന: ഗിരി P

“സർ… ഇന്ന് ഹാഫ് ഡേ ലീവ് വേണം.” ഗീത രാവിലെ ഓഫീസിൽ എത്തി, രജിസ്റ്ററിൽ സൈൻ ചെയ്തുകൊണ്ട് മാനേജറോട് പറഞ്ഞു.

ഈ ആഴ്ചയിൽ രണ്ട് ലീവ് ആൾ റെഡി എടുത്തുണ്ണുലോ ഇയാൾ. ഇനി വീണ്ടും..? അയാൾ കുറച്ചു ദേഷ്യത്തിൽ തന്നെ അവരോട് ചോദിച്ചു. “അത് സാർ… ഇന്ന്.. അദ്ദേഹത്തിന്റെ…”

“മ്ം..വേണ്ട..വേണ്ട എപ്പോഴും ഇതു തന്നെയല്ലേ… അദ്ദേഹത്തിനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം… അദ്ദേഹത്തിന് വയ്യ.. എന്നൊക്കെ തന്നെയല്ലേ..? ശരി.. ഈ മാസം ഇനി ലീവില്ല”.

ഗീതക്ക് തൽക്കാലം ആശ്വാസമായി. ഇന്നത്തെ കാര്യം നടന്നുവല്ലോ ! ചെയ്യാനുള്ള വർക്കുകൾ എല്ലാം വേഗം ചെയ്തു തീർത്തു.

ഒരു പന്ത്രണ്ടരയോട് കൂടി അവൾ ഇറങ്ങി. തൊട്ടപ്പുറത്തെ മുന്തിയ ഹോട്ടലിൽ നിന്നും ഓർഡർ ചെയ്തു വെച്ചിരുന്ന ഭക്ഷണ പൊതി വാങ്ങി. വിലയല്പം കൂടുതൽ ആണെങ്കിലും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണിത് ! പാഴ്സൽ കവർ തന്റെ പഴഞ്ചൻ സ്കൂട്ടിയുടെ ഹുക്കിൽ

തൂക്കി ഹെൽമറ്റ് ധരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്ത് എന്തൊക്കെയോ ചിന്തിച്ച് മെല്ലെയവൾ നീങ്ങവേ… പെട്ടെന്ന് ഒരു പട്ടി വണ്ടിക്കു കുറുകെ ഒറ്റ ചാട്ടം ! ബാലൻസ് കിട്ടിയില്ല.. വണ്ടിയും ഗീതയും മറിഞ്ഞു വീണു. !

അപ്പോഴേക്കും അടുത്തുള്ള കടയിൽ നിന്നും ആരൊക്കെയോ ഓടിവന്ന് അവരെ പിടിച്ചെഴുന്നേൽപ്പിച്ചു. ദാ ചേച്ചീടെ കൈമുട്ട് പൊട്ടി ചോര വരുന്നുലോ.. നോക്കുമ്പോൾ ഇടത് കയ്യിലൂടെ ചോര നന്നായി ഒഴുകുന്നു. നല്ല വേദനയും ഉണ്ട്.

അതൊന്നും കാര്യമാക്കാതെ ഗീത വണ്ടി ഉയർത്തി സ്റ്റാർട്ടാക്കാൻ തുടങ്ങി. ചോരയാണെങ്കിൽ നിൽക്കുന്നുമില്ല. ചുരിദാറിന്റെ ഷാൾ കൊണ്ട് തുടക്കും തോറും കൂടി കൂടി വരുന്നു. “നിങ്ങൾ ആദ്യം ആ ക്ലിനിക്കിൽ പോയി ഈ ചോര നിൽക്കാൻ എന്തെങ്കിലും ചെയ്യ്” കൂടി നിന്നവരിൽ ഒരു മുതിർന്ന ആൾ പറഞ്ഞു.

“ഏയ് അതൊന്നും വേണ്ട.. ഞാൻ പൊക്കോളാം ഈ വണ്ടിയൊന്ന് ആരെങ്കിലും സ്റ്റാർട്ടാക്കി തന്നാൽ മതി” താഴെ വീണ് കിടക്കുന്ന ഭക്ഷണപൊതി എടുത്തു കൊണ്ട് അവൾ പറഞ്ഞു. ആരോ സ്റ്റാർട്ടാക്കി കൊടുത്തു. അവൾ സീറ്റിൽ ഇരിക്കുമ്പോഴേക്കും വേച്ചു വേച്ച് വീഴാൻ

പോകുന്ന പോലെ തോന്നി. മുഖത്തെല്ലാം വിയർപ്പ് പൊടിഞ്ഞത് ശ്രദ്ധിച്ച ആൾക്കാർ കുറച്ച് ബലമായിതന്നെ ഗീതയെ അവിടെയുള്ള ക്ലിനിക്കിൽ കൊണ്ട് പോയി. തിരക്ക് കുറവായതിനാൽ ഡോക്ടറും നേഴ്സും ചേർന്ന് വേഗം കയ്യിലെ‌ പൊട്ടൽ വൃത്തിയാക്കി സ്റ്റിച്ച് ഇട്ടു. “ബ്ലെഡ് കുറച്ചധികം പോയതിനാൽ ആണ് തളർച്ച വന്നത്. ഒരു ബോട്ടിൽ ഗ്ലൂക്കോസ് കയറ്റിയിട്ട് പോകാം ” ഡോക്ടർ പറഞ്ഞു.

“ഏയ് സാർ അതൊന്നും വേണ്ട.. എനിക്ക് വേഗം വീട്ടിലെത്തണം, എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലലോ” എന്നും പറഞ്ഞ് അവൾ എഴുന്നേറ്റു.

“ഇപ്പോൾ ഇയാൾ എന്റെ പേഷ്യന്റ് ആണ്. അതുകൊണ്ട് തന്നെ തൽക്കാലം എന്നെ അനുസരിച്ചേ മതിയാകൂ” എന്ന് കുറച്ചു കാർക്കശ്യത്തിൽ പറഞ്ഞ് ഡോക്ടർ പോകാനൊരുങ്ങുമ്പോൾ ഗീത വീണ്ടും അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

“സർ ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്, മാധവേട്ടനാണെങ്കിൽ സുഖമില്ല താനും. പാവം ഞാൻ ഭക്ഷണം കൊണ്ട് ചെല്ലുന്നതും കാത്ത് കിടപ്പുണ്ടാവും ആ കട്ടിലിൽ.! ഒരു മണിക്കെത്താമെന്ന് പറഞ്ഞതായിരുന്നു.. ഇപ്പഴേ ഒരു മണി കഴിഞ്ഞു.. പ്ലീസ് സർ ഞാൻ പൊക്കോട്ടെ..?”

അവൾ തേങ്ങി. “മാധവ്.. ഹസ്ബന്റ് അല്ലേ? എന്താ അദ്ദേഹത്തിന് അസുഖം” ഡോക്ടർ ചോദിച്ചു. ” നാല് വർഷം മുന്നെ ഇതേ ദിവസം, ഒരു അപകടത്തിൽ പെട്ട്, അരക്ക് മേൽഭാഗം തളർന്നതാണ് അദ്ദേഹത്തിന്, മാത്രവുമല്ല ഓർമ്മയും അന്ന് നഷ്ടപ്പെട്ടതാണ്.! തളർച്ച ഏതാണ്ട് ഭേദമായി വരുന്നുണ്ട്.! പക്ഷേ ഓർമ്മ…, ഞാൻ ആരാണെന്ന് പോലും അറയില്ല എന്ന് പറയുന്നതായിരിക്കും ശരി.

അന്ന് ഞങ്ങളുടെ പത്താം വാർഷികമായിരുന്നു. ഒരു സിനിമയും കണ്ട് റെസ്റ്റോറന്റിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഫുഡും കഴിച്ച് രണ്ടാളും കൂടി ബൈക്കിൽ മടങ്ങുമ്പോൾ ആണ്.. ആക്സിഡന്റ് സംഭവിച്ചത്. മാധവേട്ടൻ തന്നെ “ഹെൽമറ്റ് നീ വെച്ചോ” എന്നും പറഞ്ഞ് എൻറെ തലയിൽ വെച്ച് തന്നത് ! ഒരുപക്ഷേ….അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ എൻറെ മാധവേട്ടന് ഓർമ്മയെങ്കിലും തിരിച്ചു കിട്ടുമായിരുന്നു …….! ” അവളുടെ കണ്ഠമിടറി..!

“ഒക്കെ..ഒക്കെ, റിലാക്സ്..! ഏതായാലും ഒരു അരമണിക്കൂറിൽ വിടാം. മാധവിന് ഓർമ്മ നഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത്. അപ്പോൾ അത്ര പ്രശ്നമില്ലലോ..?” ഡോക്ടർ ചോദിച്ചു. “സാറിനറിയാമോ…, കല്ല്യാണം കഴിഞ്ഞ് ആ പത്ത് വർഷങ്ങളിലും,

ഞങ്ങളുടെ എൻഗേജ്മെന്റ് ദിവസം,.. എന്നെ പെണ്ണു കാണാൻ വന്ന ദിവസം,.. എന്റെ പിറന്ന നാൾ ദിവസം,… എന്റെ ഡെയ്റ്റ് ഓഫ് ബെർത്ത്,… ഞങ്ങളുടെ വിവാഹ വാർഷികങ്ങൾ…. എന്നു വേണ്ട ഞാൻ മറന്നു തുടങ്ങിയ പലതും കൃത്യമായി ഓർമ്മിച്ച് ഓരോ വർഷവും ആഘോഷിക്കാൻ വല്ലാത്തൊരു ഉത്സാഹമായിരുന്നു ഏട്ടന് ! എൻറെ ഒരു കാര്യത്തിനും ഒരു കുറവും വരുത്തിയിട്ടില്ല. ..!

ആ അങ്ങിനെ ഉള്ള മാധവേട്ടന്റെ ഓർമ്മ നഷ്ടപ്പെട്ടെന്ന് കരുതി…. ഞാൻ … ” ഗീത വിതുമ്പലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. പിന്നേയും അവൾ തുടർന്നു, “എനിക്കിപ്പോഴും പ്രതീക്ഷയുണ്ട് സർ, എൻറെ പഴയ മാധവേട്ടനെ തിരിച്ചുകിട്ടുമെന്ന്…! ഒരുപക്ഷേ ഏട്ടന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഈ ഭക്ഷണം ഞങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ… അന്ന് ഞങ്ങൾ അവസാനം കണ്ട ആ സിനിമ ടിവിയിൽ ഇട്ട് കാണുമ്പോൾ…. ഞങ്ങളുടെ മാത്രം ലോകത്ത് ഞങ്ങൾ മാത്രമാവുമ്പോൾ ഒരുനാൾ…ഒരുനാൾ എനിക്കെന്റെ പഴയ മാധവേട്ടനെ തിരിച്ചുകിട്ടി കൂടായ്കയില്ലലോ.. ?

ചിലപ്പോൾ ഇന്നായിരിക്കാം…അല്ലെങ്കിൽ നാളെ……. ….ആയിരിക്കാം! എന്നിട്ട് വേണം ഞങ്ങൾക്ക് അന്ന് പാതിവഴിയിൽ നിർത്തിയ, ഞങ്ങൾക്ക് സ്വന്തമെന്ന് പറയാൻ ഒരു കുഞ്ഞിക്കാലിന് വേണ്ടിയുള്ള ചികിത്സ പുനരാരംഭിക്കാൻ.” ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടി ക്കരയുന്നുണ്ടായിരുന്നു. ഡോക്ടർക്ക് വല്ലാണ്ടായി.!

നഴ്സുമാരും ഡ്രസ്സിംഗ് റൂമിന് വാതിൽക്കൽ നിന്നവരും എല്ലാം സഹതാപത്തോടെ അവരെ നോക്കി.! ഈശ്വരാ…എന്ത് പറഞ്ഞാശ്വസിപ്പിക്കും ഇവരെ..?!

“ശരി.. ഒക്കെ.. തൽക്കാലം കുറച്ച് വെള്ളം കുടിച്ചിട്ട് സൂക്ഷിച്ച് പൊക്കോളൂ” ഡോക്ടർ മനസ്സില്ലാ മനസ്സോടെ പറഞ്ഞു. മുറിവ് ഡെസ്സിംഗ് ചാർജ്ജിനുള്ള ബില്ല് അടച്ച്‌ ഗീത വേഗം തന്റെ സ്കൂട്ടിയിൽ കയറി ധൃധിയിൽ പോയി.!

ഓർമ്മ നശിച്ച ഭർത്താവിന് കൊടുത്ത വാക്ക് പാലിക്കാൻ കഴിയാത്തതിനാൽ ആണ് ഈ സ്ത്രീ ഇത്രയും ആകുലപ്പെടുന്നതല്ലോ.. എന്ന് ഓർത്തപ്പോൾ അവിടെയുണ്ടായിരുന്ന പലർക്കും ജാള്യത തോന്നി ! കാരണം ശരിയായ ഓർമ്മ ഉള്ളവർക്ക് കൊടുത്ത വാക്ക് തന്നെ ഇന്ന് പലർക്കും നിറവേറ്റാൻ സാധിക്കുന്നില്ല.!

ഗീതക്ക് തന്റെ ഊർജ്ജസ്വലനായ മാധവേട്ടനെ എത്രയും വേഗം തിരിച്ചു കിട്ടട്ടെ.. എന്ന് നമുക്കാശിക്കാം.. !!! ‌‌‌‌

;:– പ്രോത്സാഹനത്തിനായി, നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചോട്ടേ… രണ്ട് വാക്ക് കുറിക്കുമല്ലോ…

രചന: ഗിരി P

Leave a Reply

Your email address will not be published. Required fields are marked *