ചേച്ചി & ഭാര്യ

രചന: ഞാൻ ചെകുത്താൻ

“ഓ രാവിലെ തമ്പുരാട്ടി ഒരുങ്ങിക്കെട്ടി ഇറങ്ങിയോ ”

“ആ ഇറങ്ങി വേണേൽ ചേച്ചിയും കൂടെ ഇറങ്ങു ”

” ഓ അവള് വലിയ ജോലിക്കാരി…. ഡീ ഡീ ഞാനും ജോലിക്കാരി തന്നെയാ ”

” അല്ലെന്ന്ഇവിടാരെങ്കിലും പറഞ്ഞോ അല്ല ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് പറയുന്നതുകൊണ്ട് ചോദിച്ചതാ ”

” നീ നീ എന്നെ ഭരിക്കല്ലേ ഞാനെ ഇവിടുത്തെ മൂത്ത മോളാണ്…. നീ വെറും മരുമകളും… അതോർത്തോ ”

” ശരി ഞാനെ ഇടയ്ക്ക് ഇടയ്ക്ക് ഓർത്തേക്കാം ചേച്ചി ചെല്ല് ചെന്നിട്ട് അടുക്കളയിൽ ഉണ്ടാക്കി വെച്ചിരിക്കുന്നതൊക്കെ കഴിക്ക് ചേച്ചിക്ക് വേണ്ടി ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അമ്മയോട് ചോദിക്കാൻ മറക്കല്ലേ….. എന്നാൽ ശരി ഞാൻ പോട്ടെ ”

” ഹും അവളുടെ ഒരഹങ്കാരം കണ്ടില്ലേ….. അമ്മയെന്താ അവൾ പറയുന്നത് കേട്ടിട്ടും മിണ്ടാത്തത് ”

” ഞാനെന്തു പറയാനാ വീണേ അവൾക്ക് ജോലിയുണ്ട് സ്വന്തം കാര്യം നോക്കാനുള്ള ത്രാണിയുണ്ട് അവൾ ഈ വീടും എന്നെയും നന്നായി നോക്കുന്നുണ്ട് രാവിലെ എല്ലാ ജോലിയും തീർത്തിട്ടാണ് അവൾ പോകുന്നത് മോനേം അവൾ തന്നെ രാവിലെ ഒരുക്കി വിടും എനിക്കായിട്ട് ഇവിടെ ഒരു പണിയും അവൾ ബാക്കി വെക്കാറില്ല പിന്നെ ഞാനവളെ എന്താ പറയേണ്ടത് ”

” ഓ അമ്മയിങ്ങനെ അവളെ വാഴ്ത്തിക്കോ അതാ അവൾക്കിത്ര തണ്ട് വലിയ ജോലിക്കാരി ഒരു ട്രവേജ്ൻസിയിൽ അല്ലെ ഈ പറഞ്ഞ ജോലി ആ ഞാനിവിടെ മൂന്നു നാല് ദിവസം ഉണ്ടല്ലോ കാണിച്ചുകൊടുക്കാം നാളെ വിഷ്ണു വരട്ടെ കാണിച്ചുകൊടുക്കും ഞാൻ ”

പിറ്റേ ദിവസം രാവിലെ

” ഓ നീ വന്നിട്ടും അവൾ ജോലിക്ക് പോയോ ”

” അതിനെന്താ ചേച്ചി ഞാനിവിടെത്തന്നെ ഉണ്ടല്ലോ പിന്നെന്താ ”

” എടാ നീ ഇങ്ങനെ അഴിച്ചുവിട്ടാലേ അവൾ ഒരുപാട് അഹങ്കരിക്കും അവസാനം നിന്നെ പോലും വിലയില്ലാതാകും.ഇന്നലെത്തന്നെ അവൾ എന്തൊക്കെയാ പറഞ്ഞതെന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ ”

” ചേച്ചിയെന്തൊക്കെയാ ഈ പറയുന്നത് അവളെന്തു പറഞ്ഞു ചേച്ചിയെ ”

” എന്താ പറയാത്തത് എടാ അവൾക്ക് ആരേം വിലയില്ലാതെയായി ഇന്നലെത്തന്നെ അവളെ വൈകിട്ട് കൊണ്ടുവന്നാക്കിയത് ഏതോ ഒരു ചെറുക്കനാ പിന്നെ ഞാനൊന്നും ചോദിച്ചില്ല ഞാനെങ്ങാനും ചോദിച്ചാൽ പിന്നെ അത് വലിയ വഴക്കാകും… ഡാ നീ ചെറുപ്പമാ നീ ആഴ്ചയിലൊരിക്കലല്ലേ വരൂ നീ എങ്ങനെ അറിയാനാ ഇതൊക്കെ പിന്നെ മുറ്റത്തൊട്ടുപോലും ഇറങ്ങാത്ത അമ്മയും.. ”

” ഓഹോ അപ്പോ അത്രയ്ക്കായോ കാര്യങ്ങൾ പോട്ടെ പോട്ടെന്നുവിചാരിക്കുമ്പോൾ തലയില്കയറി ഗോലികളിക്കുന്നോ കാണിച്ചുകൊടുക്കാം അവളിങ്ങു വരട്ടെ ഇന്നത്തോടെ ഞാനിതാവസാനിപ്പിക്കും ”

” മോനെ നീ വന്നയുടനെ ഒന്നും പറയേണ്ട പിന്നെ ഞങ്ങളുടെ മുന്നിൽ വെച്ചു വല്ലതും പറഞ്ഞാൽ അവൾ സമ്മതിക്കുകയും ഇല്ല നീ നയത്തിൽ റൂമിൽവെച്ചെങ്ങാനും പറഞ്ഞാൽ മതി ”

” ഉം…. ചേച്ചി ചെല്ല് ഞാൻ ജംഗ്ഷൻ വരെ പോയി വരാം ”

” നീ വൈകിട്ടിങ്ങുവാഡീ നാത്തൂനേ നിനക്ക് നിന്റെ കെട്ടിയോൻ തരും ” *****

” അല്ല എന്താണ് എന്റെ കെട്ടിയോന് വൈകിട്ടുമുതൽ ഒരു ഗൗരവം ”

” നീ ഇന്നലെ ചേച്ചിയെ എന്തെങ്കിലും പറഞ്ഞോ ”

” ഓ അപ്പോ ഞാനിവിടില്ലാത്തപ്പോൾ എല്ലാം ഓതിത്തന്നല്ലേ ”

” എന്താ ഓതിത്തന്നാൽ എന്റെ ചേച്ചിയെന്തായാലും എന്റെ നല്ലതിനുവേണ്ടിയെ പറയുകയുള്ളൂ നീ എന്തിനാ ചേച്ചിയുമായി വഴക്ക് ഉണ്ടാക്കിയത് ”

” ഞാൻ ഒരു വഴക്കും ഉണ്ടാക്കിയില്ല നിങ്ങടെ ചേച്ചിയാ എന്റെ മണ്ടക്ക് വന്നു കയറുന്നത് എന്നെ ഇങ്ങനെ ഭരിക്കാൻ അവരാരാ ”

” ഡീ നീ കൂടുതൽ ബഹളം വയ്‌ക്കേണ്ട ഈ മുറിക്ക് പുറത്ത് ശബ്ദം പോകേണ്ട നീ രണ്ടുദിവസംമുമ്പ് ആരുടെ വണ്ടിയിലാടി വൈകിട്ട് വന്നിറങ്ങിയത് ആരാടി അവൻ ”

” ദേ മനുഷ്യാ നിങ്ങളുടെ പെങ്ങൾ കുത്തിത്തിരുക്കിയതും കൊണ്ട് എന്റടുത്തു ചാടല്ലേ എപ്പോഴും ഞാൻ മിണ്ടാതിരുന്നു എന്ന് വരില്ലാ ”

`<പ് ഡേ>´

” നിങ്ങൾ എന്നെ അടിച്ചു അല്ലെ മനുഷ്യാ………. ആ പെണ്ണുമ്പുള്ളയുടെ വാക്കുംകേട്ടോണ്ട് ”

” അതെ തല്ലി ഇനിയും തല്ലും മേലിൽ ഇപ്പൊ സംസാരിച്ചപോലെ സംസാരിച്ചാൽ….. പിന്നൊരുകാര്യം നിർത്തിക്കോ നിന്റെ ജോലിയും കൂലിയും എല്ലാം നാളെ മുതൽ ജോലിക്കാണെന്നു പറഞ്ഞു ഈ പടിക്ക് പുറത്ത് നീ ഇറങ്ങിപ്പോകരുത് ”

” അതെന്താ ഞാൻ…….. ”

” മിണ്ടരുതെന്നല്ലേടി ഞാൻ പറഞ്ഞത്……. ഇനി ഞാൻ പറയുന്നതങ്ങട് കേട്ടാൽ മതി നാളെത്തന്നെ നിന്റെ ഓഫീസിൽ വിളിച്ചുപറഞ്ഞോ നീ രാജിവെക്കുവാനെന്നു പിന്നെ ലെറ്റർ വേണമെങ്കിൽ ഞാൻ കൊണ്ടുക്കൊടുക്കും അതിനുപോലും നീ ഈ പടിക്ക് പുറത്തിറങ്ങി പോകരുത് പിന്നെ ബാഗ് പാക് ചെയ്തോ നിന്റെം മോന്റേം ചൊവ്വാഴ്ച നീയും മോനും എന്റെ ഒപ്പം എറണാകുളത്തൊട്ടു വരും ഇനി അവിടെ ജീവിച്ചാൽ മതി ”

” അല്ല….. അത് ”

” ഒരു അതും ഇല്ല……… മോനു അവിടുത്തെ സ്കൂളിൽ ഞാൻ അഡ്മിഷൻ ശരിയാക്കിക്കോളാം പിന്നെ അമ്മ ചേച്ചിയുടെ കൂടെ നിന്നോളും ചേച്ചിയാകുമ്പോൾ അമ്മയെ നല്ലതുപോലെ നോക്കിക്കോളും കേട്ടല്ലോ ”

” ഉം ”

” അളിയനെ ഒന്നു വിളിക്കണം അന്ന് വാങ്ങിക്കൊണ്ടുപോയ ആ അഞ്ചുലക്ഷം രൂപ തരാൻ പറയണം അവിടെ ഒരു വീടെടുക്കേണ്ടേ ”

” അല്ല അപ്പോൾ ഇങ്ങോട്ട്….. ഈ വീടോ ”

” അമ്മ എന്തായാലും ചേച്ചിയോടൊപ്പം പോകുമല്ലോ ഈ വീട് ഞാൻ വാടകയ്ക്ക് കൊടുത്തോളം ഒരു വരുമാനമാകുമല്ലോ……. പിന്നെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഇനി ഇതിന്റെ പേരിൽ നീ ചേച്ചിയോടെന്തെങ്കിലും പറഞ്ഞാൽ അതിനു ഞാൻ വേറെ തരും ”

” ഉം ”

” എന്നാൽ കിടക്കാം ”

പിറ്റേന്ന് നേരം വെളുത്തു പത്രവുമായി ഉമ്മറത്തെ തിട്ടയിലേക്കിരുന്നപ്പോഴാണ് അളിയൻ കാറുമായെത്തിയത്

” ആഹാ അളിയൻ രാവിലെ എത്തിയോ ഞാൻഅളിയനെ ഒന്നു കാണണമെന്ന് ഇന്നലെ കരുതിയാതെ ഉള്ളു അപ്പോഴേക്കും അളിയൻ ഇങ്ങെത്തി കണ്ടില്ലെടി ഇതാണ് മനപ്പൊരുത്തം ”

” മനപ്പൊരുത്തം ഉണ്ട് അളിയാ പക്ഷെ ഈ നേരം വെളുപ്പിച്ചത് ദേ അളിയന്റെ പെങ്ങളുതന്നെ എന്നെ ഇന്നലെ ഉറക്കിയിട്ടില്ല നേരം വെളുക്കുമ്പോൾ എത്തണമെന്നാണ് കല്പ്പന കൊണ്ട് പോകാൻ ”

അപ്പോഴേക്കും ബാഗുമായി ചേച്ചി വന്നു

” അല്ല ചേച്ചി എവിടെ പോകുവാ രണ്ടുമൂന്നു ദിവസം നിൽക്കാമെന്ന് പറഞ്ഞിട്ട് ”

” അല്ലേടാ എനിക്കെന്തോ പിള്ളേരെ കാണാഞ്ഞിട്ട് ഒരു വല്ലായ്മ ഇങ്ങോട്ട് കൊണ്ടുവരാവുമെന്നു വിചാരിച്ചാൽ പരീക്ഷ അടുത്തുവരികയല്ലേ അതാ പിന്നെ ഏട്ടന് ഓഫീസിൽ പോകുന്നതിനു മുൻപ് ചെല്ലേണ്ട അതാ രാവിലെ വരാൻ പറഞ്ഞത് ”

” അല്ല എനിക്ക് ചേച്ചിയോട് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു ”

” നമുക്ക് പിന്നെ സംസാരിക്കാമെടാ സമയം പോയി ഞങ്ങളിറങ്ങട്ടെ……. ഇറങ്ങട്ടെ അമ്മേ… പോട്ടെ മൃദു “…………………

” അല്ല മനുഷ്യാ നിങ്ങൾക്ക് ഇത്രക്ക് ബുദ്ധി ഉണ്ടെന്നു ഞാനറിഞ്ഞില്ല……. എന്നാലും….. ”

” ഒന്നുല്ലെടി പോട്ടെ പോട്ടെന്നു വെയ്ക്കുമ്പോൾ ഈയിടെയായി ചേച്ചിക്ക് ഇത്തിരി കൂടുന്നുണ്ട് അതാ ഒരു ചെറിയ ഡോസ് കൊടുത്തത് ”

” ദേ പിന്നെ ആ ക്യാഷ് ഒന്നും ചോദിക്കേണ്ട കേട്ടോ അത് ചേച്ചിക്കായിട്ട് അന്ന് കൊടുത്തതല്ലേ നമ്മൾ ”

” അതെ കൊടുത്തതാ ചോദിക്കുന്നുമില്ല……. പക്ഷെ നമ്മൾ ചോദിക്കുമോ എന്ന് വിചാരിച്ചു ചേച്ചി ഇനി ഉടനെ ഉടക്കിനു വരില്ല മനസ്സിലായോടി ”

” ഉവ്വ…………. പക്ഷെ വീണ ചേച്ചി ഒളിഞ്ഞുനിന്നു കേൾക്കും എന്ന് നിങ്ങൾക്ക് എന്തായിരുന്നു ഉറപ്പ് ”

” എടി കൊല്ലം 30 ആയി ഞാനതിനെ കാണാൻ തുടങ്ങിയിട്ട് മനസ്സിലായോ ”

” ശരി ശരി മനസ്സിലായി ഞാൻ പോയി മോനെ ഉണർത്തട്ടെ ”

” നില്ല് എന്തായാലും തീരുമാനിച്ചതല്ലേ നീ ചൊവ്വാഴ്ച എന്നോടൊപ്പം പോര് ഒരാഴ്ച നിന്നിട്ട് വരാം മോനു സ്കൂളിൽ ആർട്സ് ഫെസ്റ്റ് ആണെന്നല്ലേ പറഞ്ഞത് ”

” അയ്യടാ അപ്പോൾ അമ്മയോ ”

” അത് ചേച്ചിയോട് ഞാൻ പറയാം ഒരാഴ്ച ഇവിടെ വന്നു നിൽക്കാൻ ഞാൻ പറഞ്ഞോളാം ഓഫീസിലും പറഞ്ഞോ വിനുവിനോട് ഞാൻ സംസാരിക്കാം ”

” അല്ല ഇനി എങ്ങാനും ഞങ്ങളെ സ്ഥിരമായി കൊണ്ട് പോകാനുള്ള പരിപാടിയാണോ ”

” അയ്യടാ എന്നിട്ട് വേണം എന്നെ മുടിക്കാൻ അല്ലെടി നീ ഉള്ള ഒരാഴ്ച ഒരെണ്ണം പോലും അടിക്കാൻ പറ്റില്ല പിന്നെയാ നിന്നെ ഞാൻ എന്നും…. അയ്യടി മോളെ പൂതി മനസ്സിലിരിക്കട്ടെ ”

” ഡോ മനുഷ്യാ നിങ്ങളെ ഇന്ന് ഞാൻ…….. ”

അവരുടെ സന്തോഷം തുടരട്ടെ അല്ലെ??

വായിക്കുന്ന പ്രിയ വായനക്കാരോട്

വീട്ടിലോട്ട് കെട്ടിക്കയറി വരുന്ന ഭാര്യമാർക്കും സ്വപ്‌നങ്ങൾ ഉണ്ട് അത് മനസ്സിലാക്കുക മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വേണ്ടി അവരെ അടിച്ചമർത്താൻ ആലോചിക്കുമ്പോൾ ഒരു വീടിന്റെ സന്തോഷം നിങ്ങളെ വിശ്വസിച്ചു വലംകാൽ വെച്ചു നിങ്ങളുടെ വീട്ടിലേക്ക് കയറിവരുമ്പോൾ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടി പരിഗണിക്കാൻ ശ്രമിക്കു

വായനക്കാരുടെ കൂട്ടത്തിലെ മൃദു മാരോടും വീണച്ചേച്ചിമാരോടും ഒരു വാക്ക് നിങ്ങൾ തമ്മിൽ തല്ലുമ്പോഴോ വഴക്കിടുമ്പോഴാ ഓരോന്നിനായി തർക്കിക്കുമ്പോഴോ ഇടയിൽ പെട്ടുപോകുന്ന ഒരു പുരുഷനുണ്ടാകും അവൻ ഭർത്താവോ അനിയനോ ആകാം സ്വാഭാവികമായി നിങ്ങൾ അവനോട് ചോദിക്കുന്ന സ്ഥിരം ചോദ്യം ഉണ്ട് ആരാണ് വലുത് ഒന്നും തള്ളാനും കൊള്ളാനും വയ്യാതെ രണ്ടുപേരെയും സപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങൾ അവനു ചാർത്തിക്കൊടുക്കുന്ന ഒരു പേരുണ്ട് പെൺകോന്തൻ… അതെ ഈ ചടങ്ങ് നിലനിൽക്കുന്നിടത്തോളം കാലം പെങ്കോന്തൻമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും

(നന്ദി )

രചന: ഞാൻ ചെകുത്താൻ

Leave a Reply

Your email address will not be published. Required fields are marked *