ജീവിക്കാനറിയാത്തവൻ

രചന : എ കെ സി അലി

ജീവിതത്തിൻ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടു പെടുന്ന എന്നോടാണവൾ പറഞ്ഞത്” എനിക്കൊന്നും ജീവിക്കാനറിയില്ല എന്ന്..

വീട്ടുകാരെയും അവളെയും ഇന്ന് വരെ തരം തിരിച്ചു കാണാത്ത എന്നോടാണവൾ പറഞ്ഞത് ” ജീവിക്കാനറിയുമെങ്കിൽ നിങ്ങളിങ്ങനെ ഭാവി നോക്കാതെ കാശെടുത്ത് കുടുംബത്തിന് വേണ്ടി ചിലവാക്കില്ലായിരിന്നു എന്ന്..

എല്ലാം ഒരു സന്തോഷത്തോടെ കൊണ്ട് നടന്ന എന്നോടാണവർ ഇന്ന് ചോദിച്ചത്.. നിങ്ങൾ മാത്രമല്ലല്ലോ മകനായി വേറെയും ഉണ്ടല്ലോ മക്കൾ അവർക്കാർക്കും ഇല്ലാത്ത സ്നേഹം എന്താ നിങ്ങൾക്ക് മാത്രമെന്ന്..

പാതി രാത്രിയിൽ അവളുടെ പിറു പിറുക്കൽ എന്നത്തെയും പോലെ അന്നും കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു കൊണ്ടിരുന്നു..

സഹികെട്ട നേരം ഞാൻ പറഞ്ഞു ഇങ്ങനെയൊക്കെ തന്നെയാണ് ഞാൻ ഇതൊക്കെ കണ്ടും കേട്ടും കൂടെ നിൽക്കണേൽ നിന്നാൽ മതി.. ഇത് വരെ നിന്റെയും മോളുടെയും കാര്യം ഞാൻ നോക്കാതെ ഇരുന്നിട്ടുണ്ടോ.. ?

പിന്നെയും അവളോരോന്ന് പറഞ്ഞു കൊണ്ടിരുന്നു എപ്പോഴോ എന്റെ നിയന്ത്രണം വിട്ടു എന്റെ കൈ അവളുടെ ദേഹത്ത് പതിയുമ്പോൾ അവളുടെ ഒരു തേങ്ങൽ മുറിയിൽ തെറിച്ചു വീഴുകയായിരുന്നു..

പിറ്റേ ദിവസം ഞാൻ എണീറ്റ് ഉമ്മറത്തെ ത്തുമ്പോൾ അവൾ അവളുടെ സാധനങ്ങൾ എല്ലാം വാരിക്കൂട്ടി കൊച്ചിനെയും എടുത്ത് പടിയിറങ്ങിപ്പോവുന്നതാണ് കണ്ടത്..

ഞാൻ എന്തു ചെയ്യണം എന്നറിയാതെ നിന്ന നിമിഷം, എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി എന്റെ ഉള്ളു പിടച്ചു തുടങ്ങി..

ആരും കാണാതെ ഞാൻ കണ്ണുകൾ തുടച്ചു, ഒരു തളർച്ചയോടെ മുറിയിലേക്ക് കയറുമ്പോൾ അമ്മ വന്ന് എന്താ കാര്യം എന്ന് ചോദിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്..

അനിയത്തി കരഞ്ഞു കൊണ്ട് ഏട്ടാ എന്ന് വിളിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്..

അച്ഛൻ ഉമ്മറത്തിരുന്ന് ചുമച്ചു കൊണ്ട് അമ്മയെ ഒരു ഇടർച്ചയോടെ വിളിക്കുന്നത് കേൾക്കുന്നുണ്ട്..

മുറിയിൽ കയറി വാതിലടച്ചപ്പോൾ മുറിയിൽ അവളുടേയും മോളുടേയും കളി ചിരികൾ മുഴങ്ങി കൊണ്ടിരുന്നു..

പണിക്ക് പോവാനുള്ള നേരമായപ്പോൾ എല്ലാ സങ്കടവും ഉള്ളിലൊതുക്കി ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

അമ്മ എന്നെ കാത്ത് വരാന്തയിൽ നിൽക്കുന്നത് ഞാൻ കണ്ടു എന്നെ കണ്ടോടി വന്നമ്മ ചോദിച്ചു ‘എന്താ കാര്യം എന്ന്’ ” ഞാൻ പറഞ്ഞു അവളിങ്ങു വരും അമ്മ വേഗം പോയി ചായ എടുത്തു വെച്ചേ ഞാൻ ഒന്നു കുളിക്കട്ടെ..

എന്റെ സ്വരം ഇത്തിരി ഉച്ചത്തിൽ ആയത് കൊണ്ടാവാം പിന്നെ ആരുമൊന്നും ചോദിച്ചില്ല..

ഓരോ ദിവസവും അവളുടെ വരവ് ഞാൻ പ്രതീക്ഷിച്ചു . പക്ഷേ ആ പ്രതീക്ഷകൾ ഓരോ ദിവസവും എന്നെ ഉറക്കമില്ലാത്ത രാത്രികളിലേക്ക് തള്ളി വിട്ടു..

വൈകിട്ട് ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ അമ്മാവൻ പുറത്ത് നിൽപ്പുണ്ട്.. ആ നിൽപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അമ്മാവൻ എങ്ങനെയോ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ട് എന്ന്.. എങ്കിലും അമ്മാവനോട് ഇരിക്കാൻ പറഞ്ഞു അമ്മാവൻ ദേഷ്യപ്പെട്ട് പറഞ്ഞു ഞാൻ നാളെ അവിടം വരെ ഒന്നു പോകുന്നുണ്ട് എന്ന് ഞാൻ എതിരൊന്നും പറയാൻ നിന്നില്ല അങ്ങനെ എങ്കിലും അവൾ വരുമെന്ന് കരുതി..

അമ്മാവൻ പോയ പോലെ തിരിച്ചു വന്നു എന്നെ സങ്കടത്തോടെ നോക്കി..

രാത്രി അമ്മ ഭക്ഷണം എടുത്ത് വെച്ച് എന്നെ വിളിക്കുമ്പോൾ ഞാൻ അവളെ ഓർത്തു കൂട്ടുകയായിരുന്നു.

ഇടക്കിടെ മോളുടെ കളി ചിരി കണ്ണിൽ വന്നു മിന്നി നിന്നു..

ഇന്ന് ഭക്ഷണം പാതി ബാക്കി വെച്ചതിന് അമ്മ വഴക്ക് പറയുന്നത് ഞാൻ കേട്ടില്ല..

കിണുങ്ങാൻ നിൽക്കുന്ന അനിയത്തിയെ ഇന്ന് പുറത്ത് കണ്ടില്ല..

ഓരോന്നും ഓർത്തു വിളിച്ചു പറയുന്ന അച്ഛനിന്ന് കസേരയിൽ നിന്ന് എണീറ്റില്ല..

എന്റെ ഉള്ളിലെ വിങ്ങൽ അടക്കി പിടിച്ചു ഞാൻ പറഞ്ഞു ” ഇവിടെ ആരും ചത്തിട്ടൊന്നുമില്ല പിന്നെ എന്തിനാണ് എല്ലാവരും ഈ മൂടി പിടിക്കൽ എന്ന്..

ആരും ഒന്നും പറയുന്നില്ല ഞാൻ മുറിയിൽ കയറി വാതിലടച്ചു ഒരേ ഇരിപ്പ് കുറേ നേരമിരുന്നു.. ഇരുട്ട് കണ്ണിലേക്ക് കൂടി വന്നു മോളുടെ ചിരികൾ എന്റെ നെഞ്ചിൽ വന്നു തട്ടുമ്പോൾ ഞാൻ കണ്ണുകൾ തുടച്ചു..

പിറ്റേ ദിവസം ഞാൻ അവളുടെ വീട്ടിലേക്ക് പോയി എന്റെ തെറ്റുകൾ തിരുത്തി അവളെ തിരിച്ചു വിളിക്കാൻ.. ചെന്നു കയറിയ പാടെ അവളുടെ അച്ഛന്റെ വക എനിക്കാവോളം കിട്ടി.. അവളുടെ അമ്മയുടെ വക കുറേ ശാപവാക്കുകളും കിട്ടി..

എങ്കിലും എന്റെ മോളെ ഒരു നോക്ക് കണ്ടു.. അതിന്റെ സന്തോഷം കൊണ്ട് ഞാൻ തിരിച്ചു വീട്ടിലെത്തിയത് അറിഞ്ഞില്ല..

അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു അതു ഞാൻ തന്നെ ചെന്നു പറഞ്ഞാലെങ്കിലും അവൾ വരുമെന്ന് ഞാൻ ഉറപ്പിച്ചു..

വീടോഹരി വെച്ച് പിരിഞ്ഞ പിന്നെ അച്ഛനെയും അമ്മയെയും കാണാൻ വരുന്ന ഏട്ടൻമാരും പെങ്ങളും അനിയത്തിയുടെ കല്യാണം ഉറപ്പിച്ചത് മുതൽ വരവു വല്ലപ്പോഴുമായി..

ഓരോ ഉത്തരവാദിത്വവും ഞാൻ തന്നെ ചെയ്തു തീർക്കുമ്പോൾ ആരോടും പരാതി പറയാനോ ആരുടെ മുന്നിലും കൈ നീട്ടാനോ പോയില്ല..

എല്ലാം എന്റെ കടമയെന്ന് തന്നെയെന്നു കരുതി എല്ലാം ഒരു വാശിയോടെ ചെയ്തു തീർത്തു..

ഉള്ള പൊന്നും പണവും കൊടുത്ത് അനിയത്തിയെ പടിയിറക്കി വിടുമ്പോൾ അവൾ എന്റെ നെഞ്ചിൽ കിടന്നു കണ്ണുകൾ നിറച്ചത് അതോർത്തു തന്നെയായിരിക്കണം..

അപ്പോഴും അവൾ ചോദിച്ചു ഏട്ടത്തിയമ്മ വന്നില്ലല്ലോ എന്ന്.. ഞാൻ അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു അവൾ ഇന്നല്ലെങ്കിൽ നാളെ വരും മോളിറങ്ങാൻ നോക്ക് എന്ന് പറഞ്ഞവളെ യാത്രയാക്കുമ്പോൾ എന്റെ കണ്ണുകൾ അവളെ തിരയുകയായിരിന്നു..

അന്നു രാത്രി വീട്ടിൽ കൂടിയ ബന്ധുക്കളുടെ ബഹളത്തിനിടയിലും ഞാൻ എന്റെ മോളുടെ വിശേഷങ്ങളോർത്തു.. മോൾക്കും അവൾക്കും വേണ്ടി കല്യാണത്തിന് വരുമ്പോൾ കൊടുക്കാൻ വാങ്ങി വെച്ച മാലയും കുഞ്ഞു വളകളും ഞാൻ എടുത്തു നോക്കി എന്റെ ഉള്ളു നിറയാൻ തുടങ്ങി..

ഇന്നും ജീവിക്കാൻ എനിക്കറിയാത്തത് അവളുടെ കണക്കിൽ ശരിയായിരിക്കാം എന്നെനിക്കു തോന്നി..

അവൾ ഭാവിയിലേക്ക് സ്വരുക്കൂട്ടി വെക്കാൻ ആഗ്രഹിക്കുമ്പോൾ ഞാൻ അതെല്ലാം പിന്നെ ആവാം എന്ന് കരുതി തള്ളി വെച്ചതാവാം ഞാൻ ചെയ്ത തെറ്റ്..

എങ്കിലും അവൾക്കറിയില്ലല്ലോ ഞാൻ ഒരു ഭർത്താവ് മാത്രമല്ല ഒരച്ഛന്റെയും അമ്മയുടെയും മകനും കൂടിയാണെന്ന്.. ഒരു കുഞ്ഞനുജത്തിയുടെ ഏട്ടനാണെന്ന്..

എന്റെ ഉത്തരവാദിത്തം മാത്രമോർക്കുന്ന അവളറിഞ്ഞു കാണില്ല എന്റെ കടമകൾ കൂടിയാണ് പലതുമെന്ന്..

ഓരോന്നും ആലോചിച്ച് കൂട്ടും നേരം എപ്പഴോ ക്ഷീണം കാരണം ഒന്നു മയങ്ങി പോയി..

പിറ്റേ ദിവസം വിവാഹ ബന്ധം വേർപ്പെടുത്താനുള്ള തിടുക്കത്തോടെയായിരുന്നു അവളുടെ ബന്ധുക്കൾ വീട്ടിലേക്ക് വന്നത്..

ഞാൻ അവരോട് ഒന്നും പറഞ്ഞില്ല അവരുടെ എല്ലാ വാദങ്ങളും ഞാൻ വേദനയോടെ കേട്ടു കൊണ്ടിരുന്നു..

അവർ പടിയിറങ്ങുമ്പോൾ ഞാൻ പറഞ്ഞു ” ഇന്നെന്റെ മോളുടെ ജന്മ ദിനമാണ് അനിയത്തിയുടെ കല്യാണത്തിന് വരുമ്പോൾ കൊടുക്കണം എന്ന് കരുതി എന്റെ മോൾക്കും അവൾക്കും വാങ്ങി വെച്ച സമ്മാനമാണ് ഇത്.. ഇതവരുടെ കയ്യിൽ ഏൽപ്പിക്കണം എന്ന് പറഞ്ഞു ഞാൻ ഒരു കവർ അവരുടെ കയ്യിൽ കൊടുത്തു.. അതു വാങ്ങുമ്പോൾ അവരെന്നെ അത്ഭുതത്തോടെ നോക്കി..

പടികളിറങ്ങി അവർ പോകുമ്പോൾ എന്റെ ഉള്ളിലൊരു വേദന പിടികൂടിയിരുന്നു..

അമ്പലത്തിൽ പോയി മോളുടെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ച് പ്രാർത്ഥിക്കുമ്പോഴും വെറുതെ ആഗ്രഹിച്ച് പോയി കൊച്ചിനെയുമെടുത്തുള്ള അവളുടെ തിരിച്ചു വരവ്..

കൂടെ മോളില്ലാതെ കൂടെ അവളില്ലാതെ രണ്ട് ജന്മ ദിനമാണ് കടന്നു പോയത് അതെല്ലാം കണ്ണുകൾ നിറച്ചാണ് ഞാൻ ആഘോഷിച്ചത്..

അവളില്ലേലും അവളുടെ കളി ചിരികൾ എന്റെ ഇടത്തും വലത്തും അപ്പോഴും ഉണ്ടായിരുന്നു.. അതു കൊണ്ടു തന്നെയായിരുന്നു ഡൈവോഴ്സ് പേപ്പറിൽ ഇന്നും ഒപ്പിടാതെ ഞാൻ മാറ്റി വെച്ചത്..

ഇനി വയ്യ ഇനിയും എന്റെ മകൾ അച്ഛനില്ലാതെ കഴിയരുത് അവളുടെ കളി ചിരികൾ വീണ്ടും ഈ വീട്ടിൽ നിറയണം കൂടെ എന്റെ നല്ല പാതിയുടെ കാലൊച്ച എന്റെ കൂടെ ഉണ്ടാവണം.. ഞാൻ രണ്ടും കൽപ്പിച്ച് അവളുടെ വീട്ടിലേക്ക് നടന്നു..

ഞാൻ അവളുടെ വീട്ടിൽ ചെന്നു കയറുമ്പോൾ എന്നെ തടഞ്ഞിരുന്ന അവളുടെ അച്ഛൻ ഇന്നെന്നെ തടഞ്ഞില്ല..

എന്നെ ശപിച്ചിരിന്ന അവളുടെ അമ്മയിന്ന് എന്നെ ശപിച്ചില്ല.. എന്നെ കണ്ടതും ഒരു പ്രായശ്ചിത്തം പോലെ അവർ കണ്ണുകൾ നിറക്കുകയായിരുന്നു..

ഞാൻ അവളുടെ ആരായിരുന്നു എന്നവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു..

അവളവിലുള്ള എന്റെ അവകാശങ്ങൾ എന്തെന്ന് അവർ ഇപ്പൊ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു..

അതു കൊണ്ട് തന്നെയാവാം അവർ മിഴികൾ നിറച്ചത്..

ഒന്നുമറിയാത്ത മോളോടി വന്നെന്റെ നെഞ്ചിലേക്ക് ചാടി കയറുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

” വാ അമ്മേ അച്ഛൻ വന്നിട്ടുണ്ട് നമുക്ക് പോവാം എന്നെന്റെ മോൾ അവളോട് പറയുമ്പോൾ അവൾ പൊട്ടികരയുകയായിരുന്നു..

ഞാൻ അവളുടെ അരികിലേക്ക് ചെന്ന നിമിഷം ഒരു കുറ്റബോധം പോലെ എന്റെ കാലുകളിലേക്കവൾ വീണു .. ഞാൻ അവളെ പിടിച്ചെണീപ്പിക്കുമ്പോൾ എന്റെ ഉള്ളു നിറഞ്ഞിരുന്നു..

ഈ രണ്ടു വർഷങ്ങളിൽ എന്റെ സ്ഥാനം എന്തായിരുന്നു എന്നവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു..

അവളുമൊത്ത് തിരികെ വരുമ്പോൾ എന്റെ മനസ്സവളോട് പറയുകയായിരുന്നു ജീവിക്കാൻ അറിയില്ല എന്നേയുള്ളൂ എങ്കിലും എന്റെ സ്നേഹം പരിശുദ്ധമായിരുന്നെന്ന്..

ജീവിക്കാൻ അറിയാത്ത എന്റെ ജീവിതമവൾ തിരിച്ചറിയുമ്പോൾ.. ഇതൊക്കെയാണ് ജീവിതം എന്നവൾ മനസ്സിലാക്കി തുടങ്ങുമ്പോൾ അവളും പറയുകയായിരുന്നു നമ്മുടെ മക്കളും നിങ്ങളെപ്പോലെ തന്നെ ജീവിക്കട്ടെ എന്ന്..

എല്ലാം മറന്ന് ഞാൻ അവളുടെ തിരു നെറ്റിയിൽ ഒരു ചുംബനം ചാർത്തുമ്പോൾ പുതിയൊരു ജീവിത വഴികളിലേക്ക് ഞങ്ങൾ ഒരുമിച്ച് കൈ കൂപ്പുകയായിരിന്നു..

രചന : എ കെ സി അലി

Leave a Reply

Your email address will not be published. Required fields are marked *