തെരുവിന്റെ നൊമ്പരങ്ങൾ …

രചന : രതീഷ് അരൂർ

ആത്മനിർവൃതിയുടെ അവസാന കിതപ്പിനൊടുവിൽ അയാൾ വേർപെടുമ്പോൾ അവൾക്ക് വല്ലാത്തൊരു മനംപിരട്ടലായിരുന്നു അനുഭവപ്പെട്ടത്.. ബീഡിയുടെയും, മദ്യത്തിന്റെയും ഇടകലർന്ന മണം നാസാരന്ധ്രങ്ങളിലൂടെ അരിച്ചിറങ്ങുന്നു …

ഒരു മാനിനെ ഭക്ഷിച്ച വിജയ ഭാവത്തോടെ അയാളൊന്നു ചിരിച്ചു . ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു നൂറ് രൂപയുടെ നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി .

ഉള്ളിലൊരു നോവിന്റെ തിരമാല ആർത്തിരമ്പിയെങ്കിലും ,അലസമായി ചിതറി വീണ മുടിയൊതുക്കി കെട്ടി ചുണ്ടിലൊരു പുഞ്ചിരിയൊട്ടിച്ച് വെച്ച് കൊണ്ട് അവളത് വാങ്ങി വിയർപ്പിൽ കുതിർന്ന മാറിലേക്ക് തിരുകി .

കനത്ത ഇരുട്ടിനെ വകഞ്ഞ് മാറ്റി വലിഞ്ഞു നടക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു രണ്ടര വയസ്സുകാരന്റെ വിശപ്പിന്റെ നിലവിളി വന്നു പതിക്കുന്നുണ്ടായിരുന്നു …

മഞ്ഞ വെളിച്ചത്തിൽ കുളിച്ച റോഡരികിലൂടെ നടക്കുമ്പോൾ കാമം പൂണ്ട കണ്ണുകൾ തന്നെ കൊത്തിവലിക്കുന്നത് അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു . തെരുവിന്റെ മടിത്തട്ടിലേക്ക് പറിച്ചുനട്ടതിനു ശേഷം അത്തരം നോട്ടങ്ങളെ പ്രണയിക്കാൻ അവളും പഠിച്ചിരിക്കുന്നു …

പണവും ,പദവിയുള്ളവർക്കു മാത്രമുള്ള ഒരലങ്കാര പദവി മാത്രമാണ് അഭിമാനമെന്ന് മനസ്സിനെ പഠിപ്പിച്ചുവെന്ന് പറയുന്നതാകും ശരി.

ഇന്നേക്ക് മൂന്നു ദിവസമായി പട്ടിണിയെ വാരിപ്പുണരുന്നു …

വിശപ്പിന്റെ തീവ്രതയിൽ കരഞ്ഞ് തളർന്നുറങ്ങിപ്പോയവന്റെ നെറ്റിയിൽ ഉമ്മ വെച്ച് ഉണർത്തിയിട്ട് ഇന്നെങ്കിലും ആ കുഞ്ഞു ചുണ്ടിലൊരു പുഞ്ചിരിപ്പൂവ് വിരിയുന്നത് കാണണം …

രാമേട്ടന്റെ പെട്ടിക്കടയിലെത്തി അവന് എറെ ഇഷ്ടമുള്ള രണ്ട് മൂന്ന് പഴംപൊരിച്ചത് പൊതിഞ്ഞു വാങ്ങി അവൾ ധൃതിയിൽ നടന്നു .

ആകാശത്തിന്റെ മേൽക്കൂരയുള്ള വീട്ടിലെത്തി മോനെ ഉണർത്തുമ്പോൾ അവളുടെ മിഴിക്കോണിൽ ഒരു പുണ്യം ചെയ്തതിന്റെ തിളക്കമുണ്ടായിരുന്നു …

തട്ടിയുണർത്തിയിട്ടും ഉണരാതിരുന്നപ്പോഴാണ് അവൾക്ക് ആധിയായത് . അതിനിടയിലാണ് അവളത് ശ്രദ്ധിച്ചത്. നിലത്ത് വിരിച്ച മുഷിഞ്ഞ തുണിയിലാകെ ഉറുമ്പിന്റെ നീണ്ട നിരകൾ … അതിന്റെ ഉറവിടം ആ കുഞ്ഞു ശരീരത്തിൽ നിന്നാവരുതേയെന്ന് ഒരു നൂറാവർത്തി മനസ്സിലോർത്ത്

വിറയാർന്ന കൈകളാലെ അവൾ അവന്റെ കുഞ്ഞു മുഖം പതിയെ ഉയർത്തി … “എന്റെ പൊന്നുമോനെ “…

പ്രാണനിൽ കാരിരുമ്പാണി തറഞ്ഞ പോലെ അവളിൽ നിന്നുയർന്ന നിലവിളിയിൽ ആ തെരുവ് വിറങ്ങലിച്ചുപോയിരുന്നു ….

രചന : രതീഷ് അരൂർ

Leave a Reply

Your email address will not be published. Required fields are marked *