തെറ്റ്

രചന : …. ആതിര….

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പതിവിലും വൈകി റൂമിലെത്തിയപ്പോഴേക്കും എല്ലാവരും ഡ്യൂട്ടിക്ക് പോയിരുന്നു. മുറിയാകെ ഒരു അപരിചിതത്വം തോന്നി. മേശപ്പുറത്തിരുന്ന സ്തെസ്കോപ്പ് എടുത്ത് നെഞ്ചോട് ചേർത്തു. ഹൃദയമിടിപ്പ് അവളെ അത്ഭുതപ്പെടുത്തി “തന്റെ ഹൃദയം അവനായിരുന്നല്ലോ പിന്നെയുമെങ്ങനെ” അവളോർത്തു

മൊബൈൽ ഫോൺ അവൾ കൈയിലെടുത്തു ഇല്ല അവൻ വിളിച്ചിട്ടില്ല. ഫോൺ ഓഫ് ചെയ്തു തറയിലേക്കെറിഞ്ഞു

ഇന്നവന്റെ വിവാഹമാണ്.

അവനെ എപ്പോഴാണ് കണ്ടതെന്നോ എങ്ങനെ പ്രണയം തോന്നിയെന്നോ അറിയില്ല. തന്റെ സുഹൃത്തുക്കൾ അകന്നത് ഈ പ്രണയത്തിന്റെ പേരിലാണ്

“നിനക്കത് ചേരില്ലെടാ വേറെ നല്ല പയ്യൻമാരെ കിട്ടും നമ്മുടെ ഫീൽഡിന്ന് തന്നെ. നിന്റെ സ്റ്റാറ്റസ് എന്താ അവന്റെ എന്താ, നിനക്ക് ഇത്രയും വിദ്യാഭ്യാസം ഇല്ലേ ചിന്തിച്ചൂടെ ” അവർ ഒരു നൂറാവർത്തി പറഞ്ഞു . അന്ന് പ്രണമായിരുന്നു വലുത് സുഹൃത്തുക്കളെക്കാൾ

അപ്പയുടെയും അമ്മയുടെയും അടുത്ത് ഒരു മാസം തികച്ചു നിന്ന ഓർമയില്ല പണത്തിന് വേണ്ടിയുള്ള പാച്ചിൽ ആയിരുന്നു. ഒരാളിൽ നിന്ന് സ്നേഹവും പരിഗണനയും കിട്ടിയത് അവനിൽ നിന്നായിരുന്നു

” എന്റെ വീട്ടിൽ ജാതിയും മതവുമൊക്കെ നോക്കും അവരു പറയുന്ന ഒരാൾ മതി എനിക്ക് . നിന്നെ പോലൊരുത്തി എന്റെ വീട്ടിന് പറ്റില്ല. അടങ്ങി വീട്ടിലിരിക്കുന്ന ഒരാൾ മതി” അവന്റെ വാക്കുകൾക്ക് കണ്ണീരായിരുന്നു മറുപടി

” നീ ഇങ്ങനെ മോങ്ങണ്ട. നിന്നെ കെട്ടിക്കോളാന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇതേ വീട്ടുകാർ മുന്നേ പറഞ്ഞു വച്ചിരുന്നതാ നിന്നെ കാണുന്നേന് മുന്നേ തന്നെ. അതു കൊണ്ട് നീ കല്യാണ പന്തലിൽ വന്ന് പ്രശ്നമുണ്ടാക്കാൻ പ്ലാൻ ഉണ്ടെങ്കിൽ നടക്കില്ല അവൾക്കേ എന്നെ അത്ര വിശ്വസമാ. പിന്നെ വീട്ടുകാര് നോക്കി വളർത്താത്ത നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ” ഇത്രയും പറയുമ്പോൾ അവന് അഹങ്കാരത്തിന്റെ സ്വരമായിരുന്നു അവളോർത്തു

ഓർമകൾ അവളെ ചുട്ടുപൊള്ളിച്ചു വിവാഹം കഴിഞ്ഞിട്ടുണ്ടാകണം. താൻ കോർത്തു പിടിച്ച കൈവിരലിൽ വേറൊരു പെണ്ണിന്റെ പേരു കൊത്തിയ മോതിരം ഉണ്ടാകും അവളുടെ കഴുത്തിൽ അവൻ കെട്ടിയ താലിയും

അവൾ കരയുവാൻ ശ്രമിച്ചു….. ഇല്ല .. കണ്ണുനീർ പോലും മരവിച്ചിരിക്കുന്നു……

എല്ലാ തരത്തിലും താൻ ഉപയോഗിക്കപ്പെടുകയായിരുന്നു ചതിക്കപ്പെട്ടു എന്ന ബോധം തലച്ചോറിൽ ഒരു കടന്നൽ കൂടിളകുന്ന പോല ഉണർന്നു

———————————————-

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് വന്നവർ കണ്ടത് അഡ്രിനാലിൻ ഓവർ ഡോസ് ഇൻജക്ട് ചെയ്ത് ജീവച്ഛവമായി കിടക്കുന്ന അവളെയാണ് . അവളുടെ ദേഹത്ത് ഉറുമ്പരിക്കുന്നുണ്ടായിരുന്നു

ആശുപത്രിയിൽ ICU വിന്റെ തണുപ്പിൽ അവളുടെ ജീവൻ രക്ഷിക്കാന് ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു അടുത്തു നിന്ന സീനിയർ സ്റ്റാഫ് ജൂനിയറിനോട് പറഞ്ഞു “ഇവിടുത്തെ ജൂനിയർ ഡോക്ടറാണ് . മുൻപ് വന്നു കൊണ്ടിരുന്ന ഒരു ബസിലെ കണ്ടക്ടർക്ക് വേണ്ടിയാ ഈ അവിവേകം കാട്ടിയത് ”

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ സഞ്ചരിച്ച അവളുടെ ആത്മാവ് അതു കേട്ടു തേങ്ങി

” അവനു വേണ്ടിയല്ല അവനെ സ്നേഹിച്ചെന്ന കുറ്റത്തിന് ”

രചന : …. ആതിര….

Leave a Reply

Your email address will not be published. Required fields are marked *