ദേ പാത്തു

രചന : – തുഷാര കാട്ടൂക്കാരൻ

“ദേ പാത്തു നീ കണ്ടോ നമ്മുടെ മുൻപിൽ നടക്കുന്ന ആ തൊപ്പി ഇക്ക ഇടയ്ക്കു ഇടയ്ക്കു തിരിഞ്ഞ് നോക്കുന്നുണ്ട്.. അത് നിന്നെ തന്നെയാ എനിക്ക് ഉറപ്പാ…” അശ്വതി ഫാത്തിമ യേ നോക്കി ചിരിച്ചോണ്ട് പറഞ്ഞു..

ദേ അച്ചു..ദറസൂട്ടികളെ കുറിച്ച് അങ്ങനെ ഒന്നും പറയാൻ പാടില്ല.. ഇയ്യ്‌ സ്കൂളിലേക്കുള്ള വഴി നോക്കി നടന്ന മതി മറ്റുള്ളോർടെ വായ് നോക്കി നടക്കണ്ട…. പാത്തു അച്ചു നെ ദേഷ്യത്തോടെ നോക്കി..

അല്ല പാത്തുവെയ് ദറസൂട്ടിക്കു പ്രണയിക്കാൻ പാടില്ലെന്ന് എവിടെയും എഴുതി വെച്ചിട്ടില്ലലോ.. എനിക്ക് തോന്നിതു ഞാൻ പറഞ്ഞു… ഇനി എന്നെ നോക്കി പേടിപ്പിക്കേണ്ട ഉണ്ടക്കണ്ണി.. അശ്വതി ചിരിച്ചു..

ആഹ് നീ ഇപ്പോൾ സ്കൂളിലേക്ക് നടക്കു അല്ലെങ്കിൽ അപ്പു മാഷിന്റെ ചൂരലിന്റെ ടേസ്റ്റ് നന്നായി മനസ്സിലാകും..

ന്റെ കൃഷ്ണാ വേഗം നടന്നോ ഇന്നലെ കിട്ടിയതിന്റെ വേദന ഇപ്പോഴും മാറീട്ടില്ല.. അവർ രണ്ടു പേരും കൂടി ചിരിച്ചോണ്ട് സ്കൂളിക്കു നടന്നു..

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി.. രണ്ടു ദിവസായിട്ടു തൊപ്പി ഇക്കാനെയും കാണാനില്ല…

എന്നും കാണുന്ന ആളെ കാണാഞ്ഞിട്ടകും പാത്തൂന് നല്ല വിഷമം ഉണ്ട്.. എന്തൊക്കെ പറഞ്ഞാലും സ്കൂളിക്കു പോകും വഴി തൊപ്പിയിക്കയെ കാണുമ്പോൾ ഒരു സന്തോഷായിരുന്നു.. അത് ന്താണെന്നു അറിയില്ല ഇനി അച്ചു പറയുന്ന പോലെ എനിക്കും ഒരിഷ്ടം ആ ഇക്കയോട് ഇണ്ടോ പടച്ചോനെ.. അറിയില്ല.. ഇതിപ്പോൾ ആരോടാ ചോദിക്ക.. അച്ചുനോട് ചോദിച്ച അവൾ കളിയാക്കി കൊല്ലും.. എനിക്കാണേൽ ഏതാ ആ ഇക്കാടെ ക്ലാസ്സ്‌ എന്നു കൂടി അറിയില്ല.. പത്താം ക്ലാസ്സ്‌ ആണ്.. പക്ഷെ ഏതാകും ഡിവിഷൻ… അവിടണേൽ ആരെയും അറിയില്ല… ഇനി ആരോടെങ്കിലും ചോദിച്ചാലും സ്കൂൾ മുഴുവൻ അറിയും… പാത്തു അങ്ങനെ ആലോചിച്ചിരുന്നു..

ന്താ പാത്തൂവെയ് ഇന്നു വല്ലാത്ത ആലോചനയിലാണല്ലോ… ന്താ ആരേലും കുടുങ്ങിയോ അന്റെ ഖൽബിനുള്ളിൽ.. വിഷ്ണു പാത്തൂന്റെ തലയിൽ തട്ടി കൊണ്ട് ചോദിച്ചു …

വിഷ്ണുവെയ് നീ അവളുടെ ഖൽബ്‌ തുറക്കാൻ നോക്കേണ്ട….നിനക്ക് തുറക്കാൻ പറ്റിയ ഖൽബ്‌ അല്ല അത്.. മോൻ വേഗം പോയെ.. അച്ചു പറഞ്ഞു

അയ്യോ കാന്താരി എത്തിയോ… പാത്തൂ ദേ ഇവളുടെ കൂടെയുള്ള നടത്തം നിർത്തിക്കോ അതാ നിനക്ക് നല്ലത്.. ന്തൊരു അഹങ്കാരത്തിന് കയ്യും കാലും വെച്ചിട്ട് അശ്വതി ന്നു ഒരു പേരും…

അങ്ങനെ ഒന്നും നിർത്താൻ പറ്റൂല വിഷ്ണുവെയ്.. ജനിച്ചപ്പോൾ മുതലുള്ള കൂട്ടാ…പിന്നെ ന്റെ അച്ചുനെ ന്തെലും പറഞ്ഞാൽ ഞാൻ ക്ഷമിക്കൂലാട്ട …. പാത്തൂ ബെഞ്ചിൽ നിന്നും എഴുന്നേറ്റു..

കേട്ടല്ലോ ഇനി Mr ചിക്കൻ അയ്യോ അല്ല കോഴി വിട്ടോ… അവർ രണ്ടു പേരും കൂടി ചിരിച്ചു

അച്ചു എനിക്കൊരു കാര്യം പറയാനുണ്ട്.. പാത്തു അച്ചുന്റെ കയ്യിൽ പിടിച്ചു

“ന്താ ടാ ന്താ കാര്യം ”

“നീ എന്നെ കളിയാക്കരുത്… പറ്റില്ലെന്നും പറയരുത്…”

“ങേ അതെന്താണാവോ അങ്ങനെ ഒരു കാര്യം.. നീ പറയെടി പാത്തൂസെ.. ന്താന്ന് കേട്ടിട്ട് തീരുമാനിക്കാലോ… ”

“അതിനു നീ ആദ്യം സത്യം ചെയ്യ്.. കളിയാക്കില്ല.. സഹായിക്കാന്നു..എങ്കിലേ പറയുള്ളൂ.. അല്ലേൽ നീ കാലു വാരും.. എനിക്കറിയാല്ലോ മോളെ നിന്നെ.. ” പാത്തൂ കൈനീട്ടി..

“ഹോ ഇവളെ കൊണ്ട് ഒരു സമാധാനവും ഇല്ലാലോ.. ആഹ് സത്യം ടീ പൊട്ടിക്കാളി ഇനി പറയ്.. ”

“കളിയാക്കില്ലലോ അല്ലേ… ദേ സത്യം ഇട്ടതാണെ.. ”

“അതെ അച്ചു സത്യം ഇട്ടാൽ അത് അങ്ങനെ തന്നെയാവും.. വിശ്വാസം ഉണ്ടെങ്കിൽ പറയ് ”

“അത് പിന്നെ അച്ചൂ.. ആ തൊപ്പി ഇക്കയെ കണ്ടിട്ട് രണ്ടു ദിവസായല്ലോ.. കനഞ്ഞിട്ടു ന്തൊ ഒരു ഇത്.. ന്ത്‌ പറ്റിന്ന് അറിയില്ല.. ഇയ്യ്‌ ഒന്നു അന്വേഷിക്കുവോ.. ” പാത്തൂ താഴേക്ക്‌ നോക്കി നിന്നു

“എടി കള്ള പാത്തൂ.. അന്നെ കൊള്ളാലോ… ഇതാണല്ലേ മനസ്സിലിരുപ്പ്.. എന്നിട്ട് ഞാൻ ഒന്നു പറഞ്ഞാലോ.. അത് കുഴപ്പമാണ്… ആഹ് ആ ഇതുണ്ടല്ലോ അത് തുടങ്ങിട്ട് എത്ര നാളായി.. ” അച്ചു പാത്തൂനെ നുള്ളി കൊണ്ട് ചോദിച്ചു

“കണ്ട കളിയാക്കില്ലന്നു പറഞ്ഞിട്ട് ”

“അയ്യോ കളിയാക്കിയതല്ല.. കാര്യത്തിൽ ചോദിച്ചത”

“അത് പിന്നെ അറിയില്ലടി.. എപ്പോഴോ ആ ഇത് തോന്നി തുടങ്ങി.. ഇനി ഒന്നും എനിക്കറിയില്ല.. നീയല്ലെതെ വേറെ ആരാ നിക്ക് പറയാൻ.. ”

“മം ഞാൻ ഒന്നു അന്വേഷിക്കട്ടെ… വൈകിട്ട് പറയാം.. ”

“പിന്നെ പുള്ളിക്കാരന്റെ പേര് കൂടി അറിയാണെ ”

“ഓഹോ… അതും വേണോ..

“മം വേണം ” പാത്തൂ ചിരിച്ചു

“അപ്പോൾ ഉപ്പുപ്പന്റെ കടയിലെ കപ്പലണ്ടി മിഠായിടെ എണ്ണവും കൂടും ” അച്ചൂ കണ്ണടച്ച് കാണിച്ചു..

“ആഹ് താരാം ന്റെ പൊന്നെ.. നീ ആദ്യം ചോദിച്ചിട്ടു വാ.. ”

സ്കൂളു വിട്ടു വീട്ടിലേക്കു എല്ലാരും ഓട്ടം തുടങ്ങി.. പാത്തൂ അച്ചുനെ കാത്തു ഗേറ്റ് നു മുൻപിൽ നിന്നു.. അച്ചു ചേച്ചിമാരോടെക്കെ സംസാരിച്ചു പതിയെ ആണ് വന്നത്.. അവൾ ന്തായാലും എല്ലാം അറിഞ്ഞിട്ടുണ്ടാകും.. അച്ചു ഓടി വരുന്നത് നോക്കി പാത്തൂ നിന്നു..

അച്ചു ന്തായി പറയ്… നിക്ക് ഒരു സമാധാനവും ഇല്ലാ..

ന്റെ പാത്തൂ നീ ഇങ്ങനെ പിടക്കാതെ.. ഞാൻ ഒന്നു ശ്വാസം വിട്ടോട്ടേ..

ആഹ്.. വാ നടന്നോണ്ട് പറയാം..

പാത്തൂ അന്റെ തൊപ്പി ഇക്കാടെ പേര് റഫീക്ക് ബിൻ അബ്ദുള്ള… അടിപൊളി പേരല്ലേ.. അച്ചു ചിരിച്ചു..

ആഹ് കൊള്ളം.. ബാകി പറയ്…

ബാകി കപ്പലണ്ടി മിഠായി കിട്ടിട്ടു പറയാം..

ഓഹ് സാധനം ഇയ്യ്‌ പറയെടാ മുത്തേ ഞാൻ വാങ്ങിതരം..

ആഹ് എങ്കിൽ പറയാം.. വീട് തിരുവനതപുരം.. ഇവിടെ നമ്മുടെ ഇജാബ പള്ളിടെ ദറസ്സിൽ നിന്നും പഠിക്കുന്നു… പിന്നെ ആളു ഒരു പാവം കുട്ടിയ.. അങ്ങനെ വല്യ കൂട്ടുകാരൊന്നും ഇല്ലാ.. ക്ലാസ്സിലെ എല്ലാർക്കും ഒരുപാടിഷ്ടാണെന്നു തോന്നണു.. ചോദിച്ചോരെല്ലാം നല്ല അഭിപ്രായം പറഞ്ഞെ.. ”

അതെയോ… പാവാണ്‌ അത് എനിക്കും തോന്നി… പാത്തൂ പുഞ്ചിരിച്ചു

അയ്യടി കൊള്ളാലോ… മം മതി മതി.

അല്ല ഇപ്പോൾ ന്താ വരാത്തത് എന്നു ചോദിച്ചില്ലേ…

പുള്ളിക്കാരൻ വീട്ടിൽ പോയിരിക്കുവ.. നാളെ വരും… മം നാളെ രാവിലെ കാണാം ഇനി കരയേണ്ട.. അവർ രണ്ടു പേരും ചിരിച്ചു വീട്ടിലേക്കു നടന്നു..

വീട്ടിൽ എത്തിയിട്ടും പാത്തൂന്റെ മനസ്സിൽ തൊപ്പി ഇക്ക ആയിരുന്നു.. അവൾ നാളെ സ്വപ്നം കണ്ട്‌ ഉറങ്ങി..

പിറ്റേന്ന് രാവിലെതന്നെ പാത്തൂ അച്ചുന്റെ വീട്ടിലെത്തി വിളി തുടങ്ങി..

ന്റെ അച്ചു ഒന്നു വേഗം വായോ… സമയം കുറെ ആയി…

ദ വന്നു പാത്തൂ… ഒന്നു സമാധാനപ്പെടു നീ..അന്റെ ഈ ധൃതി ന്താണെന്നു നിക്ക് അറിയാം..

അവരുടെ നടത്തത്തിനു പതിവിലും വേഗത ഉണ്ടായിരുന്നു.. നടന്നു പുന്ന മരത്തിന്റെ താഴെ എത്താറായപ്പോൾ .. തൊപ്പി ഇക്ക പള്ളിടെ പുറകിൽ നിൽക്കുന്നത് അവർ കണ്ട്‌..

ദേ അച്ചു പുള്ളിക്കാരൻ അവിടെ നില്ക്കുന്നു.. നിക്ക് പേടിയാകുന്നു.. ന്തോ പറയാനുള്ള മട്ടാണെന്നു തോന്നണു.. അച്ചു ന്തെലും എന്നോട് ചോദിച്ചാൽ നിക്ക് പറയാൻ ഒന്നുല്ലന്നു നീ പറയണം.. നിക്ക് പേടിയാ..

ശ്ശേ നീ ന്താ പാത്തൂ ഇങ്ങനെ.. നിനക്ക് ഇഷ്ടാണല്ലോ.. പിന്നെതിനാ പേടിക്കുന്നെ.. തൊപ്പിക്ക ആദ്യം ന്തെലും പറയട്ടെ എന്നിട്ടു നമുക്ക് നോക്കാം..

അവർ നടന്നു തൊപ്പി ഇക്കാടെ അടുത്തെത്താറായി….ഇവരെ നോക്കി നിൽക്കുകയായിരുന്നു ഇക്ക… അച്ചുവും പാത്തുവും താഴേക്ക്‌ നോക്കി നടന്നു…പിന്നിൽ നിന്നും തൊപ്പി ഇക്ക വിളിച്ചപ്പോഴാണ് രണ്ടു പേരും നിന്നത്..

ഫാത്തിമ ഒന്നു നിൽക്കുവോ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ..

ശരിക്കും ഫാത്തിമ ഞെട്ടി നിന്നു..തൊപ്പി ഇക്ക അവരുടെ അടുത്തേക്ക് വന്നു..

അതെ ഫാത്തിമ എനിക്ക് നിന്നോട് ഒന്നു സംസാരിക്കണം.. തനിച്ചു..

പാത്തൂ ഞാൻ ദേ അവിടെ നില്ക്കാം നീ വന്നാൽ മതിട്ടാ.. അച്ചു പോകാൻ തുടങ്ങി..

പാത്തൂ അച്ചുന്റെ കയ്യിൽ പിടിച്ചു…ഇവൾക്കും കൂടി കേൾക്കങ്കിൽ പറഞ്ഞാൽ മതി.. പാത്തൂ പറഞ്ഞു…

“അത് പിന്നെ ”

“എയ്യ് വേണ്ട റഫീക്ക് ഇക്ക ഞാൻ മാറിനിൽക്കാം..ഓൾക്ക് പേടിയ അതാ.. അച്ചു ചിരിച്ചോണ്ട് അവിടുന്ന് മാറി..

അതെ ഫാത്തിമ എനിക്ക് നിന്നെ ഇഷ്ടാണ്…തുടങ്ങിട്ട് കുറെ നാളായി.. പക്ഷെ പറയാൻ ഒരു പേടിയായിരുന്നു…ഞാൻ വീട്ടിൽ ചെന്നു ഉമ്മയോട് പറഞ്ഞപ്പോൾ നിന്നോട് പറയാൻ പറഞ്ഞു അതാ ഇന്നു തന്നെ ഇവിടെ നിന്നത്

പാത്തൂ കുനിഞ്ഞു നിന്നു.. അവൾക്കു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. നിക്കും ഇഷ്ടാണെന്നു വിളിച്ചു പറയണം എന്നുണ്ടായിരുന്നു.. പക്ഷെ കഴിഞ്ഞില്ല.. അവൾ പതിയെ നടന്നു

അല്ല പാത്തൂ ഒന്നും പറഞ്ഞില്ല..

ന്റെ പേര് എങ്ങനെ അറിയാം.. അവൾ ചോദിച്ചു

അതിനാണോ പ്രയാസം.. അവൻ ചിരിച്ചു.. മറുപടി പറഞ്ഞില്ല… വൈകിട്ട് ഞാൻ കാത്തു നിൽക്കും നിന്റെ മറുപടിക്കായി…

അവൾ ചിരിച്ചോണ്ട് അച്ചുന്റെ കയ്യും പിടിച്ചു ഓടി..

പാത്തൂ നീ പറഞ്ഞോ..

ഇല്ലാ..വൈകീട്ട് പറയന്നു പറഞ്ഞു..അവർ സ്കൂളിലേക്ക് നടന്നു..

വൈകിട്ടു റഫീക്ക് പാത്തൂന്റെ പിന്നാലെ വന്നപ്പോൾ അച്ചു പറഞ്ഞു ന്റെ ദറസൂട്ടി ഇക്ക.. അവൾ പറയുമെന്ന് തോന്നണില്ല… വേണേൽ ഞാൻ പറയാം… പാത്തൂ ഇടയ്ക്കു കയറി പറഞ്ഞു.. വേണ്ട നീ പറയേണ്ട ഞാൻ പറഞ്ഞോളാം… അവൾ തല കുനിച്ചു നാണത്തോടെ നിന്നു ..

റഫീക്ക് അവള്ടെ മുൻപിലേക്ക് വന്നു.. പറയെടോ.. അവൻ അവളുടെ മുഖത്തേക്ക് നോക്കി

ഈ തൊപ്പി ഇക്കാനെ എനിക്കിഷ്ടമാണ്.. അവൾ ചിരിച്ചോണ്ട് ഓടി.. അച്ചൂ പിന്നാലെ ചെന്നു..

ഒരു നൂറു പൂത്തിരി ഒരുമിച്ചു പൊട്ടിയത് പോലെയാണ് റഫീക്കിന് തോന്നിതു… നമ്മുടെ സിനിമയിൽ പറഞ്ഞപോലെ അപ്പോൾ മരിച്ചിരുന്നെങ്കിൽ ഓനു ചിരിച്ച മുഖം ആയേനെ..

അങ്ങനെ സ്കൂളിലും പള്ളി പരിസരത്തും.. പുന്ന മരത്തിന്റെ ചുവട്ടിലുമായി അവരുടെ പ്രണയം പൂത്തുലഞ്ഞു.. അതിനു കാവലായി അച്ചുവും.. പക്ഷെ ആ പൂക്കളുടെ മണം വേഗം പാത്തൂന്റെ വീട്ടിലെത്തി.. എല്ലാ പെൺകുട്ടികളുടെയും വീട്ടിലെ പോലെ ആടാറു സീനായിരുന്നു…തൊപ്പി ഇക്കാന്റെ വീട്ടിൽ വരെ വിളിച്ചു വഴക്കായി.. അങ്ങനെ പിന്നെ അവർ തമ്മിൽ കാണാനോ മിണ്ടനോ അനുവാദം ഇല്ലാണ്ടായി….. റഫീക്ക് ന്റെ പത്താംക്ലാസ് കഴിഞ്ഞു സ്കൂൾ മാറി പോയി..പാത്തൂന് ഒരുപാട് വിഷമമായി.. അവൾ റഫീഖിനെ ആരും അറിയാതെ മനസ്സിൽ സൂക്ഷിച്ചു.. ഒരു വർഷം കഴിഞ്ഞപ്പോൾ പാത്തൂന്റെയും പത്താംക്ലാസ് ജയിച്ചു… അച്ചു പ്ലസ്‌ വണ്ണിന് ചേർന്നത്‌ തൊപ്പി ഇക്കാടെ സ്കൂളിൽ ആയിരുന്നു.. അങ്ങനെ അച്ചു വഴി അവർ വീണ്ടും കത്തുകളിലൂടെ അവരുടെ പ്രണയം കൈമാറാൻ തുടങ്ങി.. പ്ലസ്‌ ടു കഴിഞ്ഞാൽ റഫീക്കിന് നാട്ടിലേക്ക് പോവേണ്ടി വരും.. അത് പാത്തൂന് സഹിക്കാൻ പറ്റുന്നതിലും അധികമായിരുന്നു.. എന്നാലും പോകാതിരിക്കാൻ അവനായില്ല.. തന്നെ കൂടി കൊണ്ട് പോകുമോ എന്നു അവൾ ചോദിച്ചു.. കെട്ടുപ്രായം തികഞ്ഞു നിൽക്കുന്ന സഹോദരിയെയും കേറി കിടക്കാൻ നല്ലതെന്നു പറയാൻ ഒരു വീട് പോലും ഇല്ലാത്ത പറയാൻ ഒന്നുമില്ലാത്ത ഒരു 17 വയസ്സുകാരന് അന്ന് അത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.. അവളോട്‌ കാത്തിരിക്കാൻ പറഞ്ഞു റഫീക്ക് വണ്ടി കയറി..

പ്ലസ്‌ ടു കഴിഞ്ഞപ്പോൾ വീട്ടീന്ന് കല്യാണാലോചനകളിൽ നിന്നും രെക്ഷപെടാൻ അവൾ ഡിഗ്രി ക്കു ചേർന്ന്.. അത് കഴിഞ്ഞു എം എ യും ആയി.. ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഒന്നും ഇല്ലാത്തോണ്ട് അവൾക്കു തൊപ്പി ഇക്കാന്റെ ഒരു വിവരവും അറിയാൻ കഴിഞ്ഞില്ല.. പിന്നെ വീട്ടീന്ന് വിളിക്കാനും പറ്റില്ല… മറന്നു കാണ്വോ അതോ കാത്തിരിക്കുന്നുണ്ടാകുവോ അവൾ എന്നും റഫീക്ക് നെ ഓർത്തു തള്ളി നീക്കി… അങ്ങനെ 5വർഷങ്ങൾ കഴിഞ്ഞു പോയ്..

ഒരു ദിവസം അവളും കൂടുകരും കൂടി കോളേജിന്റെ മുന്പിലുള്ള വാക മരച്ചുവട്ടിൽ ഇരിക്കായിരുന്നു.. അന്നാണ് അപ്പു പുതിയ മൊബൈൽ ഫോൺ കൊണ്ട് വന്നത് എല്ലാരും അവർക്ക് അറിയാവുന്നവരെ വിളിക്കുന്നത്തിനിടയിൽ അപ്പു പാത്തൂ നോട് ചോദിച്ചു..

“അല്ല പാത്തുവെ നിനക്ക് ആരെങ്കിലും വിളിക്കാനുണ്ടോ ”

പാത്തൂ പെട്ടെന്ന് ഒരുപാട് നാളുകൾക്ക് ശേഷം കൈവന്ന അവസരം പോലെ ഉണ്ടെന്ന് പറഞ്ഞു.. അവൾ തൊപ്പി ഇക്കാടെ കാര്യം പറഞ്ഞു… കേട്ടിരുന്ന എല്ലാർക്കും ഒരു സിനിമ കഥ പോലെ തോന്നി… പാത്തു നീ നമ്പർ പറയ്.. അപ്പു ഫോൺ എടുത്തു ഡയൽ ചെയ്തു തുടങ്ങി.. ബെൽ ഉണ്ട് പാത്തൂ.. അപ്പൂ ഫോൺ പാത്തൂന്റെ കയ്യിൽ ഫോൺ കൊടുത്തു…

ഫോൺ വാങ്ങുമ്പോൾ പാത്തൂ ന്റെ കയ്യ് വിറയ്ക്കുന്നുണ്ടായിരുന്നു..

“ഹലോ ” അപ്പുറത്ത് ന്നു ഒരു സ്ത്രീ ശബ്ദം ആയിരുന്നു

“ഹലോ.. റഫീക്ക് ഉണ്ടോ ”

“ഉണ്ടല്ലോ.. ആരാ ”

“ഞാൻ.. ഞാൻ.. ഫാത്തിമാ ”

“, ങേ പാത്തുവോ…ന്റെ പടച്ചോനെ ഞാൻ ന്താ ഈ കേൾക്കണേ.. ഇങ്ങൾ ആലപ്പുഴ ന്നു തന്നെ ആണോ ”

“അതെ.. എന്നെ അറിയ്യോ.. ആരാ ഇത് ”

“അറിയ്യോന്നോ നല്ല കാര്യായി.. നിങ്ങളെ അറിയാത്ത ആരും ഇവിടെ ഉണ്ടാകില്ല താത്ത കുട്ടി.. ഞാൻ ആമിന റഫീ ക്കാ ടെ പെങ്ങള.. അറിയ്യോ..

പാത്തൂന് കണ്ണുകൾ നിറഞ്ഞു.. അറിയാം ആമി കുട്ടി.. അന്റെ ഇക്കാക്കാ എവിടെ.. ഒന്നു കൊടുക്കുവോ..

ആഹ് കൊടുക്കാം ഇത്താത്ത..ആമി റഫീ ക്കാ ന്നു വിളിച്ചു ഫോണും കൊണ്ട് ഓടി…

ന്താ ആമി നീ ന്തിനാ ഇങ്ങനെ കൂവണെ..

റഫീക്ക നിങ്ങൾക്ക് ഒരു സ്പെഷ്യൽ കാൾ ഉണ്ട്… ഇത്രേം നാളും ഇങ്ങളുടെ വിഷമം പടച്ചോൻ കണ്ടിട്ടുണ്ടാകും…

റഫീക്ക് ഫോൺ വാങ്ങി..

“ഹലോ തൊപ്പി ഇക്കയല്ലേ ” പാത്തു നിറഞ്ഞ കണ്ണുകളോടെ വിളിച്ചു

“പാത്തൂ.. ” റഫീക്ക് നു പിന്നെ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല… കുറച്ചു നേരത്തേക്ക് രണ്ടു ഭാഗത്തുന്നും കരച്ചിൽ മാത്രമായിരുന്നു…

നിങ്ങൾ പോയിട്ട് എന്നെ ഒന്നു അന്യേഷിച്ചു പോലുമില്ലലോ.. പത്ത് നിശബ്ദത നീകി പറഞ്ഞു..

പാത്തൂ ഇവിടെ ഒരുപാട് പ്രശ്നങ്ങൾ ആയിരുന്നെടാ.. നിന്നെ കൂടി അറിയിച്ചു വിഷമിപ്പിക്കേണ്ടന്നു കരുതി.. എനിക്കറിയാം നീ എനിക്ക് വേണ്ടി കാത്തിരിക്കുമെന്നു.. ആമിടെ നിക്കാഹ്‌ ആണ് അടുത്ത മാസം.. അത് കഴിഞ്ഞു നിന്നെ വിളിക്കാൻ വരാനിരിക്കെ ആയിരുന്നു ഞാൻ.. എന്നോട് ക്ഷേമിക്കെടാ… ഞാൻ നിന്നെ കോണ്ടക്ട് ചെയ്യാൻ ശ്രെമിച്ചു.. കാണാൻ ശ്രെമിച്ചിട്ടുണ്ട് പക്ഷെ എല്ലാം നിന്നിലേക്ക്‌ എത്തിപെട്ടില്ല.. അതാണ്.. പിന്നെ ഞാൻ ഉസ്താദ്‌ വഴി അവിടെ നടക്കുന്ന കാര്യം അറിയുന്നുണ്ടായിരുന്നു… അതാ പിന്നെ ഉറപ്പോടെ ഇരുന്നത്…

അത് വരെ ന്റെ വീട്ടുകാർ എന്നെ വീട്ടിൽ നിർത്തുന്നു ന്തായിരുന്നു ഉറപ്പു.. അറിയ്യോ.. ഒരു കല്യാണം നിശ്ചയം വരെ എത്തിയതാ.. പിന്നെ പടച്ചോന്റെ കൃപ കൊണ്ട മുടങ്ങി പോയത്‌..

അത് പിന്നെ പടച്ചോൻ ന്റെ പ്രാർത്ഥന കേള്ക്കുന്നുണ്ടല്ലോ.. അല്ല ഇതാരുടെ ഫോണ

ക്ലസ് ലെ കുട്ടിടെ.. ആഹ് നീ ഇപ്പോൾ വെച്ചോ ഞാൻ ഇനി ഇതിൽ വിളിക്കാം.. നിന്നെ ഒന്നു കാണാൻ തോന്നുന്നുണ്ട് പാത്തൂട്ടിയെ.. വർഷം കുറേ ആയില്ലേ കണ്ടിട്ട്.. അടുത്ത മാസം ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ എനിക്ക് തരുവോ നിന്നെ എന്നു ചോദിക്കാൻ..

എനിക്കും കാണാൻ തോന്നണു.. നിങ്ങൾ വരുന്നത് ഞാൻ കാത്തിരിക്കും… ഞാൻ ഫോൺ വെക്കാണ്‌ ആമിയോട് ന്റെ ആശംസകൾ അറിയിക്കണം.. ഉമ്മയോടും.. അവൾ ഫോൺ വെച്ച്.. വീണ്ടും സ്വപ്നങ്ങൾ അവളുടെ മനസ്സിൽ കൂടു കൂട്ടി.. പഴയതിലും ശക്തിയുണ്ടായിരുന്നു അവയ്ക്ക്.. ഒരു കൊടുംകാറ്റിനും തകര്ക്കാൻ കഴിയാത്ത അത്രയും ശക്തി..

റഫീക്ക പറഞ്ഞാ പോലെ ഉമ്മയെയും കൂട്ടി നാട്ടിലെത്തി… പാത്തൂന്റെ വാപ്പയോടു വന്നു ചോദിച്ചു.. പഴയ പത്താം ക്ലാസ്സ് കാരാൻ മീശ മുളയ്ക്കാത്ത പയ്യനായിട്ടല്ല… ദുബായ് ലെ ലീഡിംഗ് കമ്പനി യിൽ ജോലി കിട്ടിയ എഞ്ചിനീയർ ആയിട്ടായിരുന്നു.. പാത്തൂന്റെ കാത്തിരിപ്പും സ്നേഹവും കണ്ടിട്ട് വയ്പ്പിക്കും ഇക്കമാർക്കും എതിർക്കാനായില്ല… നിന്റെ ഇഷ്ടം നടക്കട്ടെ മോളെ ന്നു പറഞ്ഞു നിക്കാഹിനു സമ്മതം മൂളി…

മോളെ അചൂ നീ എവിടാ

വരുന്നൂ അമ്മേ… ശ്രീയേട്ടനോട് പാത്തൂന്റെയും തൊപ്പികന്റെയും കഥ പറയ്യായിരുന്നു…

ആഹാ ഹംസം തന്നെ കഥ പറയണം… ദേ പാത്തൂനെ ഹോസ്പിറ്റലി നിന്നും വീട്ടിൽ കൊണ്ട് വന്നിട്ടുണ്ട്… നമുക്ക് പോയി കാണേണ്ടേ…

ആഹാ ഇത്ര പെട്ടെന്ന് വീട്ടിൽ വിട്ടോ

ആഹ് സുഖ പ്രസവം അല്ലേ വേഗം വിടും… നീ ഒരുങ്ങു നമുക്ക് പോയി കണ്ടിട്ട് വരാം…

ആഹ് പാത്തൂന്റെ ചുന്ദരി മോളെ കണ്ടിട്ട് വരാം ശ്രീയേട്ട..

അച്ചു പുറത്തേക്കിറങ്ങി..

(ജീവിത കഥയിൽ നിന്നും 🙂 )

രചന : – തുഷാര കാട്ടൂക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *