നിന്നെക്കുറിച്ചു നാട്ടുകാര് ഓരോന്ന് പറയാൻ തുടങ്ങി. ഞങ്ങൾക്കിവിടെ സമാധാനം വേണം.

രചന: മുരളി.ആർ.

“നിന്റെ അഴിഞ്ഞാട്ടം കഴിഞ്ഞേച്ച് ഇവിടെക്ക് കേറി വരണോന്നില്ല. ഇപ്പോത്തന്നെ നിന്നെക്കുറിച്ചു നാട്ടുകാര് ഓരോന്ന് പറയാൻ തുടങ്ങി. ഞങ്ങൾക്കിവിടെ സമാധാനം വേണം.” ഞാൻ മുറ്റത്തേക്ക് കയറിയതും ചിറ്റ എന്നെ നോക്കി പറഞ്ഞു. വഴി തടഞ്ഞുകൊണ്ടുള്ള ആ നിൽപ്പ് കണ്ടപ്പോൾ ഞാനും ഒന്ന് നിന്നു. എന്നെ അവർ തുറിച്ചു നോക്കികൊണ്ട് വീണ്ടും ആവർത്തിച്ചു.

“എന്റെ കുട്ടികളിവിടെ വളർന്നു വരുവാ.. എനിക്കവരെ നോക്കണം. ഇതൊന്നും ഇവിടെ പറ്റില്ല.”

“ദേ ചിറ്റേ.. അനാവശ്യം പറയരുത്..” ഞാൻ ശബ്ദം ഉയർത്തി ദേഷ്യത്തിൽ പറയുമ്പോൾ അവരെന്നെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.

“ഓ പിന്നെ.. അഴിഞ്ഞാട്ടക്കാരിയുടെ മോളല്ലേ നീയ്.. അങ്ങനല്ലേ വരൂ, നീ കൂടുതലൊന്നും പറയണ്ടടി. നിന്റെ തള്ള പോയ വഴിയെ നീയും പോകൂ..” മറുപടി പറയാനാവാതെ ഞാൻ അവരെ ദേഷ്യത്തോടെ തുറിച്ചു നോക്കി. എന്റെ അമ്മ ചെയ്ത തെറ്റിന് ഞാനിന്നും പഴി കേൾക്കേണ്ടവരുന്നു. ഒരു വാക്ക് തർക്കത്തിലേക്ക് ഞാൻ ശ്രമിക്കാതെ വീട്ടിലേക്ക് കയറി. അച്ഛന്റെ മുറിയിലേക്ക് ഞാൻ ചെന്നു. ശരീരം തളർന്നു കിടക്കുന്ന അച്ഛൻ, ദയനീയമായി എന്നെ നോക്കി. ഞാൻ അച്ഛന്റെ അടുക്കലേക്ക് ചെന്നിട്ടു നിറകണ്ണുകളോടെ പറഞ്ഞു.

“അച്ഛന് തോന്നുന്നുണ്ടോ ഞാനും അമ്മയെ പോലെയാകുന്ന്..? ഞാൻ അച്ഛന്റെ മോളാ അച്ഛാ.. ഞാനങ്ങനെ പോകില്ല. ഇന്ന് ഒരുപാട് മാസ്ക് തൈക്കാനുണ്ടായിരുന്നു, അതാ ഞാന് വൈകിയേ.. അല്ലാതെ ചിറ്റ പറയും പോലെയല്ല.”

“ഓ.. പുന്നാര മോളുടെ മുതല കണ്ണീര് കണ്ടപ്പോ അങ്ങേരുടെ മനസ്സലിഞ്ഞു. നിങ്ങള് നോക്കിക്കോ, ഇവളും അവളുടെ അമ്മയെ പോലെ വേശ്യപ്പണിക്ക് തന്നേ പോകും.” മുറിക്ക് വെളിയിൽ നിന്നും ചിറ്റ പറയുമ്പോൾ അച്ഛൻ അവരോട് പറഞ്ഞു.

“തെറ്റ് പറ്റിയത് എനിക്കടി.. നിന്നെപോലൊരു പട്ടിയെ വീട്ടി കേറ്റിയത്. എന്റെ മോളെ ഓർത്ത നിന്നെ ഞാനന്ന് കെട്ടിയത്, അല്ലാതെ നിന്റെ സൗന്ദര്യം കണ്ടിട്ടല്ല. നീ പൊക്കോ മോളെ.. ആ പട്ടി അവിടെ കിടന്ന് കുരക്കട്ടെ, അത് കടിക്കാൻ പോകുന്നില്ല. അധികം കുരച്ചാൽ അവളും വീടിന് പുറത്താ..” “ദേ.. മനുഷ്യാ..! ” ചിറ്റ അത് പറയുമ്പോൾ അച്ഛൻ പുച്ഛത്തോടെ മുഖം തിരിച്ചു. അച്ഛന് കഴിക്കാനുള്ള മരുന്ന് മേശമേൽ വെച്ചിട്ട് ഞാൻ എന്റെ മുറിയിലേക്ക് നടന്നു. അപ്പോഴും ചിറ്റ എന്നെ കണ്ണെടുക്കാതെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. മുറിയിൽ ചെന്നതും അച്ഛൻ പണ്ട് പറഞ്ഞത് ഞാൻ ഓർത്തെടുത്തു.

“നിനക്കൊരു ലക്ഷ്യമുണ്ട്. അത് നേടിയെടുക്കാൻ ഏതു സാഹചര്യത്തിലും തളരാതെ നീ മുന്നോട്ട് പോകണം..! ” അച്ഛന്റെ ആ വാക്കുകൾ പകർന്ന ശക്തിയെ മുറുക്കെ പിടിച്ചുകൊണ്ടു ഈ രാത്രിയെയും നീറുന്ന വേദനയോടെ ഞാൻ കഴിച്ചുകൂട്ടി. രചന: മുരളി.ആർ.

Leave a Reply

Your email address will not be published. Required fields are marked *