പെണ്ണൊരു പോരാളി

രചന: Manju Kalapurcakal

വേണ്ട അച്ഛാ, നമുക്ക് ഈ നാടും വീടും വിട്ട് വേറെ എങ്ങോട്ടും പോവേണ്ട. ” അവൾ കരഞ്ഞുകൊണ്ട് കെഞ്ചി പറഞ്ഞു.

“നീ എന്താണ് ദേവു ഈ പറയുന്നത്. നിനക്ക് കാര്യങ്ങൾ മനസിലാക്കുവാനുള്ള പ്രായമായില്ലേ . നീ കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ, ഇങ്ങനെ കെടന്നു കരയാൻ. നിനക്കും അറിയാവുന്നതല്ലേ, തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ ആയതിനാൽ ഞാൻ എത്ര ദിവസമായി ജോലിക്ക് പോയിട്ടെന്ന് . നമ്മൾ ഈ നാട്ടിൽ ഇനി ഏങ്ങനെ ജീവിക്കും. ” അവളുടെ അച്ഛൻ പറഞ്ഞു.

അവൾ കണ്ണീർ തുടച്ചു കൊണ്ട് തല ഉയർത്തി അച്ഛനോട് ചോദിച്ചു ,

“അച്ഛാ, ഞാൻ ഒന്ന് ചോദിച്ചോട്ടെ. ഈ നാട്ടിൽ തല കുമ്പിട്ടു നടക്കാനും അപമാനം ഭാരത്താൽ ഈ നാട് തന്നെ വിട്ട് പോവാനും മാത്രം നമ്മളൊക്കെ എന്ത് തെറ്റാണ് ചെയ്തത്. ”

” മോളേ ദേവു , നമ്മൾ ഒരു തെറ്റും ചെയ്ത്തിട്ടില്ലിയിരിക്കാം. പക്ഷേ നമ്മുടെ വിധിയാണല്ലോ തെറ്റുകാരെ പോലെ ജീവിക്കേണ്ടി വരിക എന്നത്. വിധിയെ ഇനി ആർക്ക് മറികടക്കാൻ കഴിയും. ഇതുപോലെ അങ്ങ് ദൂരെയുള്ള ഒരു ഗ്രാമത്തിൽ കുറച്ച് സ്ഥലവും ഇതുപോലെ ഒരു കുഞ്ഞ് വീടും നിന്റെ അമ്മാവൻ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലവും വാങ്ങാനുള്ള ആളേയും അമ്മാവൻ കൊണ്ടുവരുന്നുണ്ട്. വരുന്നവർക്കൊന്നും ഈ വീട് വേണ്ട എന്നാണ് പറയുന്നത്. അത് നമ്മൾക്ക് പൊളിച്ചു കൊണ്ട് പോവാമെന്ന്. അല്ലെങ്കിൽ തന്നെ ഇതൊക്കെ വീടാണെന്ന് നമ്മളല്ലേ പറയത്തുള്ളു ”

പിന്നെ അവളുടെ അച്ഛൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു ,

” നിന്റെ ആങ്ങള ചെറുക്കൻ ഉള്ളത് കൊണ്ട് മാത്രമാണ് , അവന്റെയെങ്കിലും ജീവിതം കാണാനുള്ള കൊതികൊണ്ട്. അല്ലായിരുന്നെങ്കിൽ എനിക്കും നിനക്കും നിന്റെ അമ്മക്കും വെല്ല വിഷവും കഴിച്ച് മരിക്കാമായിരുന്നു ” .

അവൾ അച്ഛനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു ,

” ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കാൻ മാത്രം ഇവിടെ എന്താണ് സംഭവിച്ചത്. നമ്മൾ എന്ത് തെറ്റാണ് ചെയ്തത് . ഹും ! കഷ്ടം. കൗൺസിലിംഗ് എനിക്ക് മാത്രമായിരുന്നില്ല എന്നെ ചികിത്സിച്ച ഡോക്ടർമാർ നൽകേണ്ടിയിരുന്നത് . എന്റെ മാതാപിതാക്കൾക്കും കൂടി നൽകേണ്ടതായിരുന്നു ” .

അവളുടെ അച്ഛൻ അവളെ തലോടി കൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു ,

” മോളെ , എല്ലാം വിധിയാണ്. എല്ലാം വിധി”.

അവൾ കരഞ്ഞ് കൊണ്ട് കിടപ്പുമുറിയിലേക്ക് ഓടി. കട്ടിലിൽ കിടന്നു തലയിണയിൽ മുഖം അമർത്തി കരഞ്ഞു. കുറച്ചു കഴിഞ്ഞു അവൾ മെല്ലെ എഴുന്നേറ്റ് കട്ടിലിന്റെ അടിയിൽ ഉണ്ടായിരുന്ന പത്ര കെട്ടുകൾ എടുത്തു നോക്കാൻ തുടങ്ങി. എല്ലാത്തിലും ആദ്യ പേജിൽ തന്നെ അവളെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു നിറഞ്ഞ് നിന്നിരുന്നത്.

‘ പൂത്തോട്ട കേസ് ഇരയുടെ നില അതീവ ഗുരുതരം’ ഇരയുടെ നില മെച്ചപ്പെട്ടാൽ ഉടനടി മൊഴിയെടുക്കുമെന്ന് പോലിസ് ‘ ‘ പൂത്തോട്ടകേസ് ഇരയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ’ ‘ ഇരയുടെ മൊഴി പ്രകാരം കുടുംബം സുഹൃത്തിനെ അറസ്റ്റ് ചെയ്തു’

” ഇര ” ” ഇര” ” ഇര” അവൾ ആ പേര് പലവട്ടം മനസിൽ ഉരുവിട്ടു. ദേവിക രവീന്ദ്രൻ എന്ന മനോഹരമായ പേരുള്ള താൻ ഇപ്പോൾ കേൾക്കുമ്പോൾ തന്നെ അസ്വസ്ഥത ഉണ്ടാക്കുന്ന മറ്റൊരു പേരിൽ അറിയപ്പെടുന്നു. സൂര്യനെല്ലി കേസ് , നിർഭയ കേസ്, വാളയാർ കേസ് , പറവൂർ കേസ് എന്നൊക്കെ പറയും പോലെ പത്രക്കാർ ഇപ്പോൾ തനിക്ക് നൽകിയിരിക്കുന്ന പേരാണ് ‘ പൂത്തോട്ട കേസ് ‘ .

തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ തന്റെ ജീവിതം എങ്ങനെ ആയിരിക്കും. ഈ ഗ്രാമത്തിന് പുറത്ത് അങ്ങ് നഗരത്തിൽ ഒരു നല്ല എഞ്ചിനീയറിംഗ് കോളേജിൽ ഇരുന്ന് മിടുക്കിയായി പഠിച്ച് കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിച്ച് ഒരു പറവയെ പോലെ പാറി നടന്നേനെ. അങ്ങനെ ജീവിക്കേണ്ടിയിരുന്ന താൻ ഇപ്പോൾ ഒരു കുറ്റവാളി ജയിലിൽ കഴിയുന്നത് പോലെ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്നു.അതും പോരാഞ്ഞിട്ട് ഇപ്പോൾ അപമാന ഭാരത്താൽ നാടും വീടും വിട്ട് ഒളിച്ചോടേണ്ട അവസ്ഥ വരെ എത്തിയിരിക്കുന്നു. ഈശ്വരാ , ഇതാണോ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് അവൾ ചിന്തിച്ചു.

പക്ഷേ ആ മൃഗം എല്ലാം നശിപ്പിച്ചു. ” വല്യച്ഛൻ ” അങ്ങനെ ആയിരുന്നു അയാളെ അവളും അവളുടെ അനുജനും വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാൻ ആയിരുന്നു ഓർമവെച്ച നാൾമുതൽക്കേ അച്ഛനും അമ്മയും അവരെ ശീലിപ്പിച്ചിരുന്നത്.

വെല്ലപ്പോഴും മാത്രം പണിക്കും പോയി കിട്ടുന്ന കാശിന് മുഴുവനും കള്ളും കുടിച്ച് പാതിരാത്രിയിൽ വന്ന് കയറി ഭാര്യയേയും മക്കളേയും മർദിക്കുന്ന അയാളിൽ എന്ത് മഹിമയാണ് അച്ഛൻ കണ്ടിരിക്കുന്നത് എന്നും സ്വഭാവശുദ്ധിയുടെ കാര്യത്തിലായാലും മറ്റെന്ത് നല്ലകാര്യത്തിലായാലും തന്റെ അച്ഛനേക്കാൾ ഒരുപാട് താഴ്ന്ന് കിടക്കുന്ന അയാളെ പോലൊരാളെ തന്റെ അച്ഛൻ എന്തിനാണ് സുഹൃത്താക്കി ചേട്ടനെ പോലെ കരുതുന്നത് എന്നും അവൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട് , ആരോടും ഒരിക്കൽ പോലും ചോദിച്ചിട്ടില്ല എങ്കിൽപ്പോലും.

അന്ന് അവളുടെ ഗ്രാമത്തിലെ ദേവി ക്ഷേത്രത്തിലെ ഉത്സവം ആയിരുന്നു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കുടുംബത്തോടൊപ്പം ആദ്യ ദിവസം മുതലേ പോകാൻ അവൾക്ക് മാത്രം കഴിയാറില്ല. കാരണം ആ ദിനങ്ങൾ അവൾക്ക് ആർത്തവ കാലമായിരുന്നു. അപ്പോൾ അയാളുടെ വീട്ടിൽ പോയി അവൾ അയാളുടെ ഭാര്യയ്ക്കൊപ്പം വർത്തമാനം പറഞ്ഞോണ്ട് ഇരിക്കും. അയാളുടെ ഭാര്യ ശാന്തേച്ചിയെ അവൾക്ക് വലിയ കാര്യമാണ്. പാവം , ജീവിതം എന്താണെന്ന് അറിയാതെ ജീവിക്കാൻ മറന്നുപോയ ഒരു സ്ത്രീ , എന്നാണ് അവൾക്ക് ആ സ്ത്രീയെ കുറിച്ചുള്ള അഭിപ്രായം.

പക്ഷേ അന്ന് ആ ദിവസം അവൾക്ക് അവിടേക്ക് പോകാൻ കഴിഞ്ഞില്ല. കാരണം ആർത്തവ ദിനങ്ങളിൽ വെല്ലപ്പോൾ മാത്രമാണെങ്കിലും ഉണ്ടാകാറുള്ള വയറു വേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അവൾക്ക് അന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് അമ്മ ശാന്തേച്ചിയോട് പറഞ്ഞിരുന്നു അവൾക്ക് കൂട്ടായ് വീട്ടിൽ വന്നിരിക്കണമെന്ന്.

അന്ന് ഇടിയും മിന്നലും പേമാരിയും ഒരുമിച്ച് ഭൂമിയിലേക്ക് വന്ന ദിനമായിരുന്നു. മഴയുടെ ശബ്ദം അല്ലാതെ മറ്റൊന്നും അവൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അവൾ ആ സമയം അടുകളയോട് ചേർന്നുള്ള കുഞ്ഞു വിറക് പുരയിൽ പായ വിരിച്ച് കിടക്കുകയായിരുന്നു. ആർത്തവ ദിനങ്ങളിൽ ആ ചാർത്തിൽ കിടക്കണമെന്നാണ് അമ്മയുടെ ഓർഡർ. വിറക് മാത്രമല്ല അവിടെ ഉള്ളത്. വെല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന ചുറ്റികയും കോടാലിയും അരിവാളുമൊക്കെ അവിടെയാണ് സൂക്ഷിക്കുന്നത്.

ആർത്തവത്തിന്റേതായ വയറുവേദന ഉണ്ടെങ്കിലും അവൾ കോളേജിൽ പോകുന്നതിനെ കുറിച്ച് ഓർത്തോണ്ട് കിടന്നാൽ പിന്നെ എല്ലാ വേദനയും മറക്കാൻ കഴിയും. എന്ട്രൻസിൽ ഉയർന്ന മാർക്കായിരുന്നു അവൾക്ക് . സാന്പത്തികം കുറവായതിനാലും ഉയർന്ന മാർക്ക് നേടിയതിനാലും സ്കോളർഷിപ്പോടെയാണ് താൻ പഠിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ അവൾക്ക് വലിയ അഭിമാനമുണ്ട്. തനിക്ക് സ്കോളർഷിപ്പ് കിട്ടിയില്ലായിരുന്നുടവെങ്കിൽ പണിയെടുക്കുന്ന കാശ് മുഴുവനും അന്നന്നത്തെ അത്താഴത്തിന് തന്നെ തികയ്ക്കാൻ പാടുപ്പെടുന്ന തന്റെ വീട്ട്കാർക്ക് തന്നെ ഇത്ര വലിയ പഠിപ്പിന് വിടാൻ എങ്ങനെ കഴിയും എന്ന് അവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

മഴ ചെറുതായൊന്ന് തോർന്നപ്പോൾ ആയിരുന്നു , വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. ശാന്തേച്ചി ആവും , ഒത്തിരി നേരമായി കാണുമോ വന്നിട്ട് എന്ന് കരുതി വാതിൽ തുറന്നപ്പോൾ കണ്ടത് അയാളെ ആയിരുന്നു. കൈയിൽ ഒരു ഫുൾ ബോട്ടിലും ഉണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും അച്ഛനും അയാളും രണ്ട് മൂന്ന് സുഹൃത്തുകളും കൂടി വൈകിട്ട് വീടിന്റെ മുറ്റത്തിരുന്ന് മദ്യപിക്കുന്ന പതിവുണ്ട്. ഇന്ന് ആരും ഇല്ലാത്തതിനാൽ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് മദ്യപിക്കാനുള്ള പ്ലാൻ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു. ആദ്യമായായിരുന്നു അയാൾ ഒറ്റയ്ക്ക് അവളുടെ വീട്ടിൽ ഇരുന്ന് മദ്യപിക്കുന്നത്. അതിനുള്ള അവസരവും അന്ന് ആദ്യമായാണ് ഉണ്ടായത് .

ശാന്തേച്ചി എവിടെ എന്ന് അവൾ ചോദിച്ചപ്പോൾ അവൾക്ക് വീട്ടിൽ ജോലിയില്ലേ എന്ന് അയാൾ പരുഷമായ ശബ്ദത്തിൽ അലസമായി പറഞ്ഞു. .

” എഞ്ചിനീയർ പോയി ഒരു ഗ്ലാസ് എടുത്ത് കൊണ്ട് വന്നേ ” അയാൾ പറഞ്ഞു

” മാസകുളി ആയ ദിനങ്ങളിൽ അടുക്കളയിൽ കയറരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .”

അവൾ പറഞ്ഞത് ഇഷ്ടപ്പെടാത്ത ഭാവത്തിൽ ഓ …. എന്ന് മൂളി കൊണ്ട് അയാൾ അടുക്കളയിലേക്ക് പോയി.

അവൾ എഞ്ചിനീയറിംഗിന് പഠിക്കാൻ പോകുന്ന കാര്യം അറിഞ്ഞപ്പോൾ മുതൽ അയാൾ അവളെ എഞ്ചിനീയർ എന്നാണ് വിളിക്കുന്നത്. അയാൾക്ക് അതൊന്നും ഒട്ടും തന്നെ ഇഷ്ട്ടപ്പെട്ടിട്ടിലെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്. അവൾക്ക് പതിനെട്ട് വയസ് തികയുകയാണെന്നും ഉള്ളത് എല്ലാം വിറ്റു പെറുക്കി അവളെ കെട്ടിച്ച് അയച്ച് കടമ നിറവേറ്റണം പഠനമൊക്കെ വിവാഹത്തിന് ശേഷവും ആവാലോ എന്നും പറഞ്ഞ് അയാൾ കൊണ്ടുവന്ന കല്യാണ ആലോചനയെ അവൾ ശക്തമായി എതിർത്ത് ഒഴിവാക്കിയതിന്റെ നീരസം ഇതുവരേയും മാറിയിട്ടില്ലെന്നും അവൾക്ക് തോന്നിയിട്ടുണ്ട് .

മഴയുടെ ശക്തി കൂടി വന്നു. ഇടിയും മിന്നലും മഴയോട് മത്സരിക്കാനായി വന്നത് പോലെ ശക്തിയോടെ വന്നു. സമയം അങ്ങനെ കുറേ ആയി. ഇങ്ങനെ മഴപെയ്താൽ അമ്പലത്തിൽ പോയ തന്റെ വീട്ടുകാർ വരാൻ ഇനിയും താമസിക്കുമല്ലോ , എന്തൊരു മഴയാണ് എന്നും ചിന്തിച് കിടന്നപ്പോഴായിരുന്നു അവളുടെ കണ്ണ് വാതിലിന്റെ കുറ്റിയിൽ ഒടക്കിയത്.പുറത്ത് നിന്നും അതിശക്തമായി വാതിലിൽ അടിക്കുന്നതിന്റെ ഫലമായി കുറ്റി കിടന്ന് ഇളകുന്നുണ്ട്. പോരാത്തതിന് ഉറപ്പും കുറവുള്ള ഒരുപാട് പഴക്കമുള്ള വാതിലും ആയിരുന്നു അത്.

വല്യച്ഛൻ ആയിരിക്കും. മഴകാരണം വിളിക്കുന്നതും വാതിലിൽ മുട്ടുന്ന ശബ്ദവുമൊന്നും കേൾക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. കുറേ നേരമായി കാണും വിളിക്കുവാൻ തുടങ്ങിയിട്ട്. അതിന്റെ നല്ല ദേഷ്യവും കാണുമായിരിക്കും തുടങ്ങിയ ചിന്തകളോടെ അവൾ വാതിൽ തുറന്നു കൊടുത്തതും ആവൾ പോലും അറിയാതെ അവളുടെ കൈ മൂക്കിൽ അമർന്ന് പോയി. മദ്യത്തിന്റെ അസഹ്യമായ നാറ്റം കാരണം അവൾക്ക് കൈ മൂക്കിൽ നിന്നും എടുക്കാൻ കഴിഞ്ഞതേയില്ല.

അവൾ അയാളിൽ നിന്നും പുറകോട്ടു മാറി നിന്ന് വിളിച്ചതിന്റെ കാര്യം അന്വേഷിച്ചപ്പോൾ അയാൾ മുഖമടച്ച് അടി ആയിരുന്നു അവൾക്ക് നൽകിയത്. എല്ലാദിവസവും മദ്യപിച്ചെത്തി ശാന്തേച്ചിയെ മർദിക്കാറുള്ള കാര്യങ്ങൾ അമ്മയൊട് ശാന്തേച്ചി പറഞ്ഞു കരയുന്നത് അവൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോൾ ശാന്തേച്ചിയെ കിട്ടാത്തത് കൊണ്ടാണോ അയാൾ അവളെ തല്ലുന്നത് എന്നും ചിന്തിച്ച് പണിപ്പെട്ട് എഴുന്നേറ്റ് നിന്നപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്ന കയർ എടുത്ത് അവളുടെ കൈകൾ പിന്നിൽ വെച്ച് കൂട്ടി കെട്ടി. അവളുടെ വസ്ത്രത്തിന്റെ മുൻവശം വലിച്ചു കീറി അവളുടെ വായിൽ തിരുകി വെച്ചു.

അയാൾ അവളെ ചെയ്യുന്നത് എന്താണെന്ന് അവൾക്ക് മനസിലാവും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു. പക്ഷേ എല്ലാം കഴിഞ്ഞപ്പോൾ അയാൾക്ക് ആകേ വെപ്രാളം ആയിരുന്നു. ഈ സമൂഹത്തെ താൻ മകളായി കാണുകയാണെന്ന് വിശ്വസിപ്പിച്ച ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ ഈ സമൂഹം തന്നെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അയാൾക്ക് അറിയാമായിരുന്നു. അയാൾക്ക് പിന്നെ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. ഉടനടി ആ മുറിയിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് അവളോട് പറഞ്ഞു ,

” നീ എന്നൊട് ക്ഷമിക്കണം. നീ ജീവനോടെ ഇരുന്നാൽ പിന്നെ എനിക്ക് ഈ ലോകത്ത് മനസമാധാനമായി ജീവിക്കാൻ കഴിയില്ല ”

ഇത്രയും പറഞ്ഞ് അയാൾ അവളുടെ തലയിൽ ചുറ്റിക കൊണ്ട് ഒരുപാട് തവണ അടിച്ചു. അവൾ മരിച്ചെന്ന് കരുതി അയാൾ അവിടെ നിന്നും പോകുകയും ചെയ്തു. ഉത്സവം കഴിഞ്ഞ് മാതാപിതാക്കൾക്ക് ഒപ്പം എത്തിയ അവളുടെ അനുജൻ അവൾക്കായ് വാങ്ങിയ ചാന്തും വളയും നൽകാനായി അടുകളയൊട് ചേർന്ന ചാർത്തിലെക്ക് എത്തിയപ്പോൾ കണ്ട കാഴ്ച കൈകൾ രണ്ടും പിന്നിൽ കെട്ടി വായിൽ തുണിയും തിരുകി ചോരയിൽ കുളിച്ചു കിടക്കുന്ന വിവസ്ത്രയായ അവന്റെ ചേച്ചിയെ ആണ്.

ആ കാഴ്ച കണ്ട് അവന് ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. അവന് ആ നിമിഷം തന്നെ ആദ്യമായി ചുഴലി അനുഭവപ്പെട്ടു. മക്കളെ അന്വേഷിച്ച് ചാർത്തിലെത്തിയ ആ മാതാപിതാക്കൾ കണ്ടത് ബലാൽസംഗം ചെയ്യപ്പെട്ട തന്റെ മകളേയും ചുഴലി പിടിച്ചു കിടക്കുന്ന തന്റെ മകനേയും ആണ് .

പിന്നെ അവൾക്ക് ഉണ്ടായിരുന്നത് ചികിത്സകളുടേയും കൗൺസിലിംഗുകളുടേയും കാലമായിരുന്നു. കോളേജിൽ പോയി പഠിച്ച് കൂട്ടുകാർക്കൊപ്പം പാറിപ്പറന്നു നടക്കാൻ കൊതിച്ച ദിവസങ്ങളെല്ലാം അവൾക്ക് വിധിച്ചത് ആശുപത്രി വാസം ആയിരുന്നു. ചികിത്സ കഴിഞ്ഞും കൗൺസിലിംഗ് നീണ്ടു നിന്നിരുന്നു. ഡോക്ടർമാർക്ക് അറിയാമായിരുന്നു അവളുടെ ശരീരത്തിലെ മുറിവുകൾ ഉണങ്ങുന്നതിനേക്കാൾ പ്രയാസമായിരിക്കും അവളുടെ മനസിലേ മുറിവുകൾ ഉണങ്ങാൻ എന്ന്.

അവളുടെ മനസിന്റെ ക്ഷതങ്ങളും ഒരുവിധം ഉണങ്ങി വന്നതായിരുന്നു. അപ്പോഴായിരുന്നു അച്ഛന്റെ നാട് വിട്ട് പോകണം എന്ന തീരുമാനം അവളേ വേദനിപ്പിച്ചത്.

തെറ്റ് ചെയ്ത്തത് അയാൾ. എന്നാൽ തെറ്റ്കാരിയെ പോലെ നാട് വിട്ട് പോകേണ്ടവൾ താനും.

അവൾ കണ്ണാടിയുടെ മുമ്പിൽ ചെന്ന് നിന്നു. തന്റെ മുഖത്ത് വിഷാദം ഭാവം മാത്രമല്ല , കണ്ണീരിന്റെ പാടുകളും അവൾ കണ്ടു . അവൾ മുഖം കഴുകി തുടച്ചു , കണ്ണാടിയുടെ മുമ്പിൽ ചെന്നു. അൽപം പൗഡർ എടുത്ത് മുഖത്ത് ഇട്ടു. മുടി നന്നായി ചീകി ഒതുക്കി. കണ്ണുകളുടെ അടിവശത്ത് മാത്രം അൽപം കാജൽ പുരട്ടി , ഒരു പൊട്ടും കുത്തി. അവൾ കണ്ണാടിയുടെ മുമ്പിൽ നിന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും തന്റെ പുഞ്ചിരിക്ക് ഒരു തെളിച്ചവും ഇല്ലല്ലോ എന്ന് അവൾക്ക് തോന്നി.

അവൾ മൊബൈൽ ഫോൺ കൈയിൽ എടുത്തു , വീഡിയോ ഓണാക്കി നേരിയ പുഞ്ചിരിയോട് കൂടി സംസാരിക്കാൻ തുടങ്ങി .

” നമസ്കാരം ! എന്റെ പേര് ദേവിക രവീന്ദ്രൻ. എന്റെ മുഖം നിങ്ങളിൽ ആർക്കും തന്നെ പരിചയം ഇല്ലായിരിക്കാം. പക്ഷേ നിങ്ങൾ എല്ലാവർക്കും എന്നെ അറിയാം , പ്രത്യേകിച്ച് മലയാളികൾക്ക്. കാരണം കുറച്ച് നാളുകൾ ആയിട്ട് നിങ്ങൾ കാണുന്ന ന്യൂസ് ചാനലുകളിലും വായിക്കുന പത്രങ്ങളിലും എന്നെ കുറിച്ചുള്ള വാർത്തകൾ ആണ്. പക്ഷേ ഞാൻ നിങ്ങളിൽ എല്ലാവരിലും അറിയപ്പെടുന്നത് എന്റെ സ്വന്തം പേരിൽ അല്ല , എനിക്ക് പത്രകാർ നൽകിയ മറ്റൊരു പേരിൽ ആണെന്ന് മാത്രം. (വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ അവൾ പറഞ്ഞു) ഇര , പൂത്തോട്ട കേസിലെ ഇര.

എന്റെ പേര് ദേവിക എന്നാണ്. അടുപ്പമുള്ളവർ ദേവു എന്ന് വിളിക്കും. നിങ്ങൾക്ക് എന്നെ ദേവിക എന്നോ ദേവു എന്നോ വിളിക്കാം. (ലേശം ഗൗരവം ഭാവത്തിൽ അവൾ പറഞ്ഞു) പക്ഷേ ഒന്ന് മാത്രം എന്നെ വിളിക്കരുത് , “ഇര” , എനിക്ക് അത് ഇഷ്ട്ടമല്ല. നമ്മൾ ഇതിന് മുമ്പും ഒരുപാട് റേപ്പിങ്ങ് കേസുകളെ കുറിച്ച് കേട്ടിട്ടൊക്കെയുണ്ട്, അല്ലേ . പക്ഷേ നമ്മളിൽ ആർക്കും തന്നെ ആ പെൺകുട്ടികളെ കുറിച്ച് ഒന്നും അറിയില്ല. ഇനി അവരെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ അവർ മരിക്കേണ്ടി വരും. റേപ്പിങ്ങിലൂടെ മരണപ്പെട്ട പെൺകുട്ടികളുടെ വിവരം മാത്രമേ പത്രങ്ങളിൽ നൽകാറുള്ളു , അല്ലേ.

എന്നിട്ടും ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ നിങ്ങളുടെ മുമ്പിൽ എത്തിയത് എന്തിനാണെന്ന് ചോദിച്ചാൽ , കാരണം ഒന്നു മാത്രമേയുള്ളൂ. എന്റെ ഈ അവസ്ഥയ്ക്ക് കാരണകാരി ഞാൻ അല്ല എന്നൊരു ഉത്തമ ബോധ്യം എനിക്ക് ഉള്ളത് കൊണ്ട്. പിന്നെ ഞാൻ എന്തിനാണ് ഒരു തെറ്റുകാരിയെ പോലെ കാണാമറയത്ത് ഇരിക്കുന്നത്. ഇപ്പോൾ എന്റെ അച്ഛൻ ഒരു തീരുമാനം എടുത്തിരിക്കുകയാണ് , ശരിക്കും അച്ഛന്റെ ആ തീരുമാനം ആണ് എന്നെ ഇങ്ങനെ ഒരു ലൈവ് വീഡിയോ ഇട്ടാൻ തന്നെ പ്രേരിപ്പിച്ചത്. എന്റെ ഈ പ്രശ്നം കാരണം ഈ നാടും വീടും വിട്ട് വേറേ എവിടേക്കെങ്കിലും ദുരേക്ക് പോകണം പോലും.

ഈ ലോകത്ത് ഒരുപാട് പെൺകുട്ടികൾക്ക് എന്റെ ദുരാവസ്ഥ വന്നിട്ടുണ്ടായിരിക്കും എന്ന് എനിക്ക് അറിയാം. എന്നാൽ അതിൽ കുറച്ച് പേരുടെ കേസ് മാത്രമേ പുറം ലോകം അറിഞ്ഞിട്ടുണ്ടാവുള്ളു. റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടികളുടെ വീട്ടുകാർ നാടും വീടും വിട്ട് എവിടേക്കെങ്കിലും ഒളിച്ചോടി പോകുന്നതാണോ പതിവെന്നും എനിക്ക് അറിയില്ല. അങ്ങനെ ഒളിച്ചോടാൻ ആണ് പരിപാടി എങ്കിൽ എത്ര നാളുകൾ ഇങ്ങനെ ഒളിച്ചോടി ജീവിക്കാൻ കഴിയും. എന്തായാലും ആരെങ്കിലും എന്നെ തിരിച്ചറിയുമോ എന്ന ഭയത്തിൽ ഓരോ നാടും മാറി മാറി ജീവിക്കാനും ഞാൻ തയ്യാറല്ല.

പലരും പറഞ്ഞ് കേട്ടിട്ടുണ്ട് പെൺകുട്ടികളുടെ വസ്ത്രധാരണയാണ് റേപ്പിങ്ങിന്റ കാരണമെന്ന്. ജീൻസിനോടും ലെഗ്ഗിൻസിനോടും ഉള്ള പെൺകുട്ടികളുടെ താൽപര്യം ആണ് സ്ത്രീ പീഡകരെ വളർത്തുന്നത് എന്ന്. എന്നാൽ ഒരു കുഗ്രാമത്തിൽ ജനിച്ച് വളർന്ന് തനി നാട്ടുമ്പുറത്ത്കാരിയായ ഞാൻ ധരിക്കാറുള്ളത് ഈ സമൂഹത്തിൽ അധികം പേരും അനുശാസിക്കുന്ന ഡ്രസുകൾ ആയ പാവാടയും ബ്ലൗസും ചുരിദാറുമൊക്കെയാണ്. ഇനി അതിലും കുറ്റം പറയുന്ന സദാചാര വാദികളോട് എനിക്ക് ചോദിക്കാൻ ഉള്ളത് ഞങ്ങൾ പെൺകുട്ടികൾ എന്താണ് ധരിക്കേണ്ടത്. ഞങ്ങൾ പെമ്പിള്ളേർക്ക് ശരീരം മറയ്ക്കാൻ എന്തെങ്കിലുമൊക്കെ ഒന്ന് ധരിക്കേണ്ടേ.

( അവൾ പുച്ഛ ഭാവത്തിൽ പറഞ്ഞു) മറ്റു ചിലർ വലിയ വായിൽ പ്രസംഗിക്കാറുണ്ട് . സ്ത്രീകൾ തനിച്ച് യാത്ര ചെയ്യുന്നതും രാത്രി സഞ്ചരിക്കുന്നതുമാണ് അവർക്ക് എതിരെയുള്ള അക്രമം കൂടാനുള്ള കാരണമെന്ന്. നമ്മുടെ നാട്ടിൽ കത്തിപടർന്ന റേപ്പിങ്ങ് കേസുകളിൽ രണ്ട് കേസുകളിലെ പെൺകുട്ടികൾക്ക് അതിക്രമം ഉണ്ടായപ്പോൾ അവർ രാത്രി സമയത്ത് യാത്രയിൽ ആയിരുന്നു. പെൺകുട്ടികൾ എന്ന നിലയിൽ അവർ രാത്രിയിലും തനിച്ചും യാത്ര ചെയ്യാതെ വീട്ടിൽ തന്നെ അടങ്ങി ഒതുങ്ങി കിടന്നിരുന്നുവെങ്കിൽ അവർക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് പലരും പറഞ്ഞ് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്.എന്നാൽ എനിക്ക് ഈ അതിക്രമം ഉണ്ടായപ്പോൾ ഞാൻ എന്റെ വീട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്. എനിക്കൊപ്പം ഉണ്ടായിരുന്നത് ഞാൻ വല്യച്ഛൻ എന്ന് വിളിക്കുന്ന എന്റെ അച്ഛന്റെ ഉറ്റ സുഹൃത്തും. എന്റെ അച്ഛനും അമ്മയും അനുജനും എന്നെ വീട്ടിൽ ഇരുത്തി നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന് പോയേക്കുവായിരുന്നു. എന്നെ കൂടെ കൂട്ടാത്തതിന്റ കാരണം ഞാൻ ആ സമയം മെൻസസ് ആയിരുന്നതിനാലാണ്. എനിക്ക് കാവലായിട്ടായിരുന്നു ആ മൃഗത്തെ വിളിച്ച് ഇരുത്തിയത്. ഒന്ന് ഓർക്കണം എന്റെ വീട്ടുകാർക്ക് എത്രമാത്രം വിശ്വാസം ഉള്ളത് കൊണ്ടാണ് കൗമാരപ്രായമെത്തിയ സ്വന്തം മകളെ നോക്കാൻ അയാളെ ഏൽപ്പിച്ചത് എന്ന് . പെൺകുട്ടികളുടെ തനിച്ചുള്ള യാത്രകൾ റേപ്പിങ്ങിന്റെ ഒരു റീസണേ അല്ല എന്നുള്ള വസ്തുത എന്റെ കാര്യത്തിൽ നിന്നുതന്നെ വ്യക്തമാണ്.

” വല്യച്ഛൻ ” എന്നായിരുന്നു ഞാനും എന്റെ അനുജനും അയാളെ വിളിച്ചിരുന്നത്. അങ്ങനെ വിളിക്കണമെന്നായിരുന്നു വീട്ടുകാർ പറഞ്ഞു തന്നിരുന്നത്. അയാളുമായി രക്തബന്ധമൊന്നും ഇല്ലായിരുന്നെങ്കിലും ഞങ്ങളൊക്കെ അയാളെ അങ്ങനെ വിളിക്കാൻ കാരണം എന്റെ അച്ഛൻ അയാളെ ഒരു സുഹൃത്ത് എന്നതിനപ്പുറം സ്വന്തം ചേട്ടനെ പോലെ കരുതി ചേട്ടൻ എന്ന് വിളിക്കുന്നത് കൊണ്ടാണ്. വല്യച്ചൻ എന്ന് വിളിക്കണമെങ്കിലും അച്ഛനെ പോലെ കരുതണം എന്നായിരുന്നു വീട്ടുകാർ പറയാതെ പറഞ്ഞിരുന്നത്. പക്ഷേ ഒരു അച്ഛന്റെ സ്നേഹവും കരുതലും ഒന്നും എനിക്ക് അയാളിൽ നിന്ന് ഒരിക്കൽ പോലും കിട്ടിയിട്ടില്ല.

എപ്പോഴും ഗൗരവ ഭാവത്തിൽ നടന്നിരുന്ന അയാൾ എന്റെ ബാല്യകാലത്ത് പോലും എന്നെ നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്തിട്ടില്ല എങ്കിലും ഞാൻ ഹൈസ്കൂൾ കാലയളവിൽ എത്തിയപ്പോൾ എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടോ വാട്ട്സ്ആപ്പിൽ ഒരുപാട് നേരം ചിലവഴിക്കുന്നുണ്ടോ ഞാൻ ആമ്പിള്ളേരുമായി സംസാരിക്കുന്നുണ്ടോ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും കൂട്ടുകാർക്കൊപ്പം ചിരിച്ച് ആർത്തുല്ലസിച്ച് അടുക്കും ഒതുക്കവും ഇല്ലാതെയാണോ റോഡിലൂടെ നടക്കുന്നത് , തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും അതിനായ് എന്റെ വീട്ടുകാരെ പ്രത്യേകം ചട്ടം കെട്ടുകയും ചെയ്തിരുന്നതായി ഞാൻ പ്രത്യേകം എടുത്തു പറയുകയാണ് .

നന്നായി പഠിച്ച് ഒരു എഞ്ചിനീയർ ആവണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്ട്രൻസിന് എനിക്ക് നല്ല മാർക്കും ഉണ്ടായിരുന്നു. പക്ഷേ ഈ പ്രശ്നം മൂലം ഉണ്ടായ ശാരീരിക പ്രശ്നങ്ങളും ചികിത്സയും ആശുപത്രി വാസവും കാരണം എന്റെ ഈ വർഷം തന്നെ പോയിരിക്കുകയാണ് . സാരമില്ല , ഞാൻ അടുത്ത വർഷം എഞ്ചിനീയറിംഗിന് ചേർന്നോളാം. എത്ര കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും എഞ്ചിനീയർ ആവണം എന്നുള്ള എന്റെ സ്വപ്നം ഞാൻ സാക്ഷാത്കരിപ്പിച്ചിരിക്കും.

പിന്നെ ഒരു കാര്യം എനിക്ക് പറയാനുള്ളത് എന്തെന്നാൽ , ഈ വീഡിയോയും കണ്ടിട്ട് സഹതാപം തോന്നി ആരും എന്നെ കാണാൻ വരേണ്ടതില്ല. എനിക്ക് വേണ്ടപ്പെട്ടതെല്ലാം നഷ്ട്ടപ്പെട്ടല്ലോ ഇനി എന്നെ ആര് വിവാഹം ചെയ്യും എനിക്ക് ഇനി ഒരു കുടുംബ ജീവിതം ഉണ്ടാവില്ലല്ലോ തുടങ്ങിയ സഹതാപത്തിന്റെ ആവശ്യമൊന്നും എനിക്ക് ഇല്ല എന്ന് സവിനയം പറയുകയാണ്. എന്നെ ഒരു മൃഗം വന്ന് ആക്രമിച്ചിട്ട് പോയെന്ന് കരുതി ഞാൻ ഒരുത്തന്റെ എച്ചിലാണല്ലൊ എനിക്ക് ഇനി ഒരു കുടുംബ ജീവിതത്തിന് അർഹത ഇല്ലാല്ലോ തുടങ്ങിയ പൊട്ട ചിന്തകളും എനിക്ക് ഇല്ല.

ഞാൻ ഇതുവരെ എങ്ങനെ ജീവിച്ചുവോ അതുപോലെ തന്നെ എനിക്ക് ഇനിയും ജീവിക്കണം. ഞാൻ ഇപ്പോൾ ഈ വീഡിയോ എടുക്കുന്ന സമയത്ത് പോലും പലയിടങ്ങളിലുമായി ധാരാളം പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ടാവാം . എനിക്ക് പറയാൻ ഉള്ളത് അച്ഛനെ പോലെ കരുതിയിരുന്ന ആളെ കുറിച്ച് ആണെങ്കിൽ ആ പെൺകുട്ടികൾക്ക് പറയാൻ ഉള്ളത് സ്വന്തം അച്ഛനേയും അമ്മാവനേയും സഹോദരനേയും കുറിച്ച് ആയിരിക്കും. ഇനിയുള്ള എന്റെ ഈ ജീവിതം ആ പെൺകുട്ടികൾക്ക് താങ്ങും തണലും ആവാനും അവർക്ക് വേണ്ടി എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനും ഉള്ളതായിരിക്കും . പിന്നെ ആ മൃഗത്തിന് പരമാവധി ശിക്ഷ വാങ്ങി നൽകാനും.അല്ലാതെ എങ്ങും ഒളിച്ചോടി പോവാൻ ഞാൻ തയ്യാറല്ല” .

ഇത്രയും പറഞ്ഞ് ഒരു വിടർന്ന പുഞ്ചിരിയോടെ ബൈ പറഞ്ഞ് അവൾ ആ വീഡിയോ എടുത്ത് യൂട്യൂബിലേക്ക് ഇട്ടു. പിന്നെ അവൾ കണ്ണാടിയുടെ മുമ്പിൽ ചെന്ന് നിന്നു. തനിക്ക് ഇതുവരെ ഇല്ലാത്ത സൗന്ദര്യം ഇപ്പോൾ തോന്നുന്നല്ലോ എന്ന് അവൾക്ക് തോന്നി. അവൾ അവളെ തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തന്റെ പുഞ്ചിരിക്ക് ആയിരം പൂർണചന്ദ്രന്മാരുടെ ശോഭ ഉണ്ടല്ലൊ എന്ന് അവൾക്ക് തോന്നി.

ശുഭം

രചന: Manju Kalapurcakal

Leave a Reply

Your email address will not be published. Required fields are marked *