പ്രണയം ഇങ്ങനെയുമാണ്…

രചന: Aruni Arunima

” ദേ രാഹുലെ…. എനിക്ക് ദേഷ്യം വരുന്നുണ്ട്… ഇത്രയും സമയം കേട്ടുനിന്നത് എനിക്ക് നിന്റെ മേലുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാണ്… പക്ഷെ ഇനി ഞാൻ കേട്ടു നിൽക്കില്ല… ” അത് പറയുമ്പോൾ എന്റെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

” ഓഹോ… അപ്പോൾ നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ…. കുറച്ച് മുമ്പ് നീ എന്നെ അവളുടെ മുന്നിൽ നിന്നും തൊലിയുരിച്ചപ്പോൾ ഇതെ അവസ്ഥയിൽ ആണ് പുല്ലേ ഞാനും നിന്നത്…. ” രാഹുൽ അടുത്ത് ഉണ്ടായിരുന്ന മരത്തിൽ ആഞ്ഞുചവിട്ടി അവന്റെ ദേഷ്യം കുറച്ചു.

ഞാൻ എന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ ഷാൾ കൊണ്ട് തുടച്ചു.

” ഡീ… സംഗീതേ… ഇനി എങ്ങാനും എന്നെ വിളിക്കുകയോ, കാണണം എന്ന് പറയുകയോ ചെയ്താൽ… ” രാഹുൽ എന്റെ നേരെ വിരൽചൂണ്ടികൊണ്ട് പറഞ്ഞു. അതും പറഞ്ഞുകൊണ്ട് അവൻ എന്നിൽ നിന്നും നടന്നകന്നു. അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ ഞാൻ തളർന്നിരുന്നു. ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. ആ പാർക്കിലുണ്ടായിരുന്ന മറ്റു ആൾക്കാർ കാണാതെ നിൽക്കാൻ ഞാൻ മുഖം കുനിച്ചിരുന്നു.

” എന്തിനായിരുന്നു ഇങ്ങനൊരു പ്രണയം… ” എന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചുകൊണ്ടിരുന്നു.

” രാഹുൽ…… അവൻ എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ഞങ്ങളുടെ 4 അക്ക ഗ്രൂപ്പിൽ രണ്ട് വർഷം മുമ്പായിരുന്നു അവൻ വന്നത്. Ug പഠനം ഒരുമിച്ചായിരുന്ന ഞങ്ങൾ നാലുപേരും, Pg പഠനം അവന്റെ കൂടെയും അടിച്ചുപൊളിച്ചു. ശ്രീലാലിനെയും അരുണിനെയും പോലെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെയായിരുന്നു എനിക്ക് അവനും. ഒരുമിച്ചുള്ള ചില നിമിഷങ്ങളിൽ, മറ്റുള്ള രണ്ടുപേരെക്കാൾ കൂടുതൽ അവനോട് ഞാൻ അടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് വരാൻ ഞാൻ അവനെ പ്രേരിപ്പിച്ചത്. അന്ന് അവൻ പറഞ്ഞത് ;

” സംഗീ…. പ്രണയം നമുക്ക് വേണോ…?? സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് വരുമ്പോൾ പലതും മാറും…. ചിലപ്പോൾ ഞാനും നീയും വരെ… ”

” ഇല്ല…. നമ്മൾക്ക് അങ്ങനെ മാറണ്ട. ഞാൻ എന്നും രാഹുലിന്റെ സംഗീ ആയിരിക്കും… ” അന്ന് എന്റെ നിർബന്ധത്തിലാണ് രാഹുൽ ഇങ്ങനൊരു റിലേഷൻഷിപ് സ്റ്റാർട്ട്‌ ചെയ്തത്. പക്ഷെ… അവൻ പറഞ്ഞതുപോലെ തന്നെ സൗഹൃദത്തിൽ നിന്നും പ്രണയത്തിൽ എത്തിയപ്പോൾ ഞാൻ ഒരുപാട് മാറി. അതുവരെ ഇല്ലായിരുന്ന സംശയവും, അവൻ എന്റേത് മാത്രമാണെന്ന വിചാരവും ഉടലെടുത്തു. എന്തിനും ഏതിനും സംശയം…. അതുവരെ ഫ്രണ്ടായിരുന്ന പല പെൺകുട്ടികളെയും ഞാൻ അവനിൽ നിന്നും അകത്തി. ഇന്ന് ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ് രഞ്ജിമയുടെ കൂടെ അവനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും ഒരുമിച്ചു കയറിവന്നു. അവിടെ നടത്തിയ പ്രകടനത്തിന്റെ റിസൾട്ട്‌ ആയിരുന്നു കുറച്ചുമുമ്പ് കഴിഞ്ഞത്.

” വേണ്ടായിരുന്നു…. ഒന്നും വേണ്ടായിരുന്നു… ” എന്റെ കലങ്ങിയ കണ്ണുകളിൽ ഒരു ദൃശ്യവും തെളിയാതെ ആയി. ഒരുപാട് ചിന്തകൾ…. എന്റെ നെഞ്ചിൽ ഒരു കല്ലുവച്ചത് പോലെ എനിക്ക് തോന്നി. ചിന്തകൾക്കൊടുവിൽ എന്റെ മൊബൈൽ റിങ് ചെയ്തു.

” സംഗീ… ” മറുതലയ്ക്ക് നിന്നും അരുൺ ആയിരുന്നു.

” ഹാ… പറ.. ” ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

” നീ പുറത്തേക്ക് വാ… ഞങ്ങൾ ഇവിടെ പുറത്തുണ്ട്… ” അതും പറഞ്ഞ് അവൻ കോൾ കട്ട്‌ ചെയ്തു. ഞാൻ ബെഞ്ചിൽ നിന്നും പതുക്കെ എഴുന്നേറ്റു. കലങ്ങിയ കണ്ണുകൾ ഷാൾ കൊണ്ട് തുടച്ചു. പുറത്ത് എത്തുമ്പോഴേക്കും അരുണും ശ്രീലാലും കാറിൽ എന്നെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

” വേഗം കയറ് സംഗി.. പോകാം.. ” മുൻസീറ്റിൽ ഇരുന്ന ശ്രീലാൽ പറഞ്ഞു. ഞാൻ പെട്ടെന്ന് തന്നെ പുറകിലുള്ള സീറ്റിൽ കയറിയിരുന്നു. ഒട്ടും വൈകാതെ കാർ പുറപ്പെട്ടു.

” ഇന്നത്തെ പ്രശ്നം തീർക്കേണ്ട സമയമായി… രണ്ടാളും വേഗം കോംപ്രമൈസ് ആക്കിക്കോ.. ” അരുൺ മിററിലൂടെ പുറകിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

ഞാൻ ഒന്നും ശ്രദ്ധിക്കാതെ പുറത്തുനോക്കിയിരുന്നു.

മെല്ലെ എന്റെ കൈകളിൽ മറ്റൊരു കൈ മുറുക്കെ പുണർന്നു…. നെഞ്ചിൽ അനുഭവപ്പെട്ട ഭാരം ഒരു മഞ്ഞുമല പോലെ ഉരുകുന്നത് ഞാൻ അറിഞ്ഞു.

” ഡാ… അരുണേ… രാഹുലിനും സംഗീതയും എന്താടാ എപ്പോഴും ഇങ്ങനെ… ” ശ്രീലാൽ കള്ളചിരിയോടുകൂടി അരുണിനോട് ചോദിച്ചു.

” അത് നിനക്കറിയില്ലേ… അവര് പ്രണയിനികൾ മാത്രമല്ല…. ബെസ്റ്റ് ഫ്രണ്ട്സ് കൂടിയാണ്…. ചിലപ്പോൾ പ്രണയം ഇങ്ങനെയുമാണ്… ” അവന്റെ മറുപടിയിൽ എന്റെയും രാഹുലിന്റെയും ചുണ്ടുകളിൽ ചെറുപുഞ്ചിരി വിടർന്നു.

രചന: Aruni Arunima

Leave a Reply

Your email address will not be published. Required fields are marked *