ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച ❤

രചന: ബിന്ധ്യ രഘുനാഥ്

രാവിലെ ഉറക്കമുണർന്ന് എഴുന്നേറ്റു പോകുന്നതിനു മുൻപായി അരികിലുറങ്ങിക്കിടക്കുന്ന പ്രാണന്റെ പാതിയായവനെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നിട്ടുണ്ടോ…?

കയ്യും കാലുകളും പിണച്ചു വച്ച്, ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങിക്കിടക്കുന്ന അവനെ അടുത്തിരുന്നു കൊതി തീരേ നോക്കിക്കാണണം…

അപ്പൊ കാണാം, ഇടയ്ക്കൊന്നു കണ്ണുകൾ പാതി തുറന്നു അത് വരെ അരികിലുറങ്ങിക്കിടന്നിരുന്നവളെ കിടക്കയിൽ പരതി നോക്കി, വീണ്ടുമവൻ ഉറക്കത്തിലേക്ക് ആണ്ടു പോകുന്നത്…

നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി വെറുതെ ആ നെറ്റിമേൽ തലോടുമ്പോൾ,ഉറക്കത്തിലും അവന്റെ ചുണ്ടിലൊരു ചിരി വിടരും.. ജീവിക്കാൻ മോഹിപ്പിക്കുന്നൊരു കള്ളച്ചിരി

അവനരികിലേക്ക് ചേർന്നിരുന്ന് ചിരി നിറഞ്ഞ ആ ചുണ്ടുകളിൽ ചൂണ്ടുവിരൽ കൊണ്ട് മെല്ലെത്തൊടുമ്പോൾ, ഇക്കിളികൊണ്ടവനൊന്നു ഞെളിപിരി കൊള്ളുന്നത് കാണാം… ഉറക്കം മുറിഞ്ഞൊരു കുഞ്ഞിന്റെ ചിണുങ്ങൽ പോലെയാണത്. ആ ചിണുങ്ങൽ കണ്ട് വാത്സല്യത്തോടെ കാതിൽ ചുണ്ട് ചേർത്ത് വച്ച് , സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലെ ലാളിച്ച്‌ അമ്മേടെ പൊന്നാണോ എന്ന് ചോദിക്കുമ്പോൾ, ഉറക്കത്തിനിടയിലും അതേന്നവൻ മൂളുന്നത് കേൾക്കാൻ ഒരു പ്രേത്യേക സുഖമാണ് .. ആ നിമിഷങ്ങളിൽ ആ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടാൻ തോന്നിപ്പോകും…

അവന്റെ ഉറക്കത്തിനു ഭംഗം വരുത്താതെ , ഒരമ്മ കുഞ്ഞിനെ പൊതിഞ്ഞു കിടത്തുന്നത്രയും കരുതലോടെ ഒരു പുതപ്പെടുത്തു അവനെ പൊതിയുമ്പോൾ, ചിണുങ്ങിക്കൊണ്ടവൻ കൈ നീട്ടുന്നത് കാണാം അവനരികിൽ ചേർന്ന് കിടക്കാനുള്ള ക്ഷണമാണത്… അത് കണ്ടൊന്ന് ചിരിച്ച് മെല്ലെ ആ കവിളിൽ ഒരുമ്മകൂടി കൊടുത്ത് അനക്കമൊന്നുമുണ്ടാക്കാതെ അവനരികിൽ നിന്നെഴുന്നേൽക്കുമ്പോൾ ഇപ്പൊ പോകണ്ട എന്നമട്ടിലവൻ തലയാട്ടും … ഉറക്കത്തിലും അവൻ അവന്റെ പാതിയെ അറിയുന്നുണ്ട്….. ആ സന്തോഷത്തിൽ കണ്ണ് നിറയ്ക്കുമ്പോൾ കാണാം ഒരിക്കൽക്കൂടി ആ ചുണ്ടിലൊരു ചിരി വിരിയുന്നത്… ആ ചിരി കാണുമ്പോൾ എങ്ങനെയാണ് എഴുന്നേറ്റു പോകാൻ തോന്നുക…?

അവനിലേ ആ നിഷ്കളങ്കതയെ, കൊഞ്ചലിനെ, പുന്നാരത്തെ കണ്ണിലും മനസിലും നിറച്ച് വെറുതെ അവനരികിലേക്ക് ചേർന്ന് കിടക്കണമപ്പോൾ… മെല്ലെയൊന്നു മൂളി, വട്ടം കെട്ടിപ്പിടിച്ച് നെഞ്ചോടൊട്ടികിടക്കുന്ന അവനെ മെല്ലെ തലോടണം… ആ തലോടലിലെല്ലാം കൂടുതൽ വാശിയോടെ അവൻ നെഞ്ചിലേക്കൊട്ടിച്ചേരുന്നത് കാണാം….

നിമിഷനേരം മാത്രമുള്ള ആ കിടപ്പിനൊടുവിൽ മെല്ലെയവന്റെ കൈകളെടുത്തുമാറ്റിയെഴുന്നേറ്റ് മുറി വിട്ടു പുറത്തേക്കിറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം….. അവന്റെ ഉറക്കം… ഒരു കുഞ്ഞിന്റെ ഉറക്കം പോലെ തന്നെ മനോഹരമാണത്……. ഒരുപക്ഷെ എന്നും ഞാൻ കാണാനാഗ്രഹിക്കുന്ന ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച……

രചന: ബിന്ധ്യ രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *