“മീരാ… നീയവിടെ എന്തെടുക്കയാ.. എത്ര നേരായി ഞാൻ വിളിക്കണു..”

Written by ; Anandhu Raghavan

അല്പം ദേഷ്യത്തോടെ വിനയൻ വീണ്ടും മീരയെ വിളിച്ചു..

“ഞാൻ മോൾക്ക്‌ സ്കൂളിൽ കൊണ്ടുപോകാനുള്ള ചോറെടുക്കയായിരുന്നു വിനയേട്ടാ.. ഏട്ടൻ എന്തിനാ ഇവിടെ കിടന്ന് തുള്ളണെ..”

മുഖം വീർപ്പിച്ച്‌ മീര അതു പറയുമ്പോൾ അനുമോൾക്ക് ചിരി വന്നു..

അല്ലേലും അച്ഛൻ ഇങ്ങനാ ഇടക്കിടക്ക് അമ്മയോടൊന്ന് ദേഷ്യപ്പെട്ടില്ലേൽ ഒരു സന്തോഷം കിട്ടില്ല.., അതാണ് അച്ഛന്റെ സ്നേഹം..

“അല്ലേലും കുറച്ചായി അച്ഛന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല ഈ അമ്മക്ക്..”

അച്ഛന്റെ ദേഷ്യം കൂട്ടാനായി അനുമോൾ രംഗം ഒന്ന് ചൂടാക്കി കൊടുത്തു..

“എനിക്ക് കൈ രണ്ടേ ഒള്ളു അനുമോളെ.., രാവിലെ മുതൽ അച്ഛനും മോൾക്കും കൂടി ഓരോന്ന് അങ്ങ് കല്പിച്ചാൽ മതീല്ലോ.. എല്ലാം ചെയ്യാനായി ‘അമ്മ ഒരാൾ ഉണ്ടല്ലോ ഇവിടെ..”

മീര അതു പറയുമ്പോൾ അവളിൽ ഒരു സങ്കടം ഒളിഞ്ഞിരുപ്പുണ്ടാരുന്നു…

വിനയേട്ടൻ രാവിലെ ഓഫീസിലേക്ക് പോകും മോൾ സ്കൂളിലേക്കും.. പിന്നീടുള്ള ഓരോ മണിക്കൂറുകളും ഓരോ യുഗങ്ങൾ പോലെയാണ്..

ഓരോ ഭർത്താക്കൻമാരും രാവിലെ മുതൽ അവരുടേതായ തിരക്കുകളിലേക്ക് മുഴുകുമ്പോൾ വീട്ടിൽ തനിച്ചിരിക്കുന്ന ഭാര്യയെ ഓർക്കാൻ എവിടെ സമയം..?

രാവിലെ തനിയെ ആക്കി പോകുമ്പോൾ പിൻതിരിഞ്ഞ് ഒരു നോട്ടത്തിനായ്.., ഒരു പുഞ്ചിരിക്കായി ഒരുപാട് കൊതിക്കാറുണ്ട്..

നിറഞ്ഞു വന്ന കണ്ണുകൾ സാരിതുമ്പാൽ അവൾ തുടച്ചു..

“മീരേ.. ഒന്നു വന്നേ ഇങ്ങട്.. ഞങ്ങൾ ഇറങ്ങുകയാ..”

മീര ഉമ്മറത്തേക്കെത്തുമ്പോൾ വിനയൻ അവളുടെ വരവും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു..

“എന്താ ഏട്ടാ..”

വിനയന്റെ അരുകിൽ എത്തി അവൾ ചോദിച്ചു..

തന്നെ നോക്കി നിൽക്കുന്ന മീരയെ നെഞ്ചോടടക്കി ആ കവിളിൽ ഒരു ചുംബനം കൊടുത്തു വിനയൻ..

കണ്മുന്നിൽ നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ ആ നെഞ്ചോട് ഒട്ടി നിന്നു മീര…

ഉമ്മറപ്പടിയിൽ ഇരുന്ന അനുമോൾ നാണത്താൽ കണ്ണുകൾ ഇറുകെ അടച്ചു…

അനുമോളുടെ കയ്യും പിടിച്ച് നടന്നകലുന്ന വിനയനെ നനവാർന്ന മിഴികളാൽ അവൾ നോക്കി നിന്നു..

Written by ; Anandhu Raghavan

Leave a Reply

Your email address will not be published. Required fields are marked *