സുമംഗലി

രചന: മാളവിക ശ്രീകൃഷ്ണ

വിനുവേട്ടനുമായി പതിവിലേറെ വഴക്കിട്ടായിരുന്നു വീട്ടിലേക്ക്‌ കയറിച്ചെന്നത് . ഗെയിറ്റ് തള്ളി തുറന്ന് കോളിങ് ബെൽ നിർത്താതെ അടിച്ചു കൊണ്ടിരുന്നു .കോവണി ഇറങ്ങി വെപ്രാളപ്പെട്ട് അമ്മ വാതിൽ തുറന്നതും …തുണികൾ കുത്തി നിറച്ച ബാഗും താങ്ങി പിടിച്ചു ഞാൻ അകത്തേക്ക് കയറി .മുഖം കാർമേഘം മൂടി കെട്ടിയതു പോലെ ആയിരുന്നു .

” ഹാ … കൃഷ്ണ മൊളോ…നിയ്യെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ….വിനു വന്നില്ലേ …?? നീ ഒറ്റക്കാണോ വന്നത് …??? ” എന്നെ കണ്ടതും കാർ പോർച്ചിലേക്ക് കണ്ണോടിച്ചുകൊണ്ട് അമ്മ തുടർച്ചയായി ചോദിച്ചു .

”ഇല്ല വന്നിട്ടില്ല ….. കുറച്ചു ദിവസം ഇവിടെ വന്നൊന്നു നിക്കാന്നു കരുതി . ഇനി അതിനും പാടില്ലെന്നുണ്ടോ ….” അത്ര കണ്ട്‌ രസത്തിൽ അല്ലായിരുന്നു കൃഷ്ണയുടെ മറുപടി .

”നീയ്യ്‌ എത്ര ദിവസാന്ന് വെച്ച ഇവിടെ നിന്നോ …ഇതു നിന്റെ വീട് തന്നെ അല്ലേ കൃഷ്ണമോളെ …..സാധാരണ വിനു ആണല്ലോ കൊണ്ടാക്കാറ് …അതാ ഞാൻ അങ്ങനെ ചോദിച്ചത്.. ഇന്നെന്തു പറ്റി മോന് ജോലി തിരക്ക് കാണുമല്ലേ …?? ”

‘ആ കാണും…. ആ ഒരു വിചാരം മാത്രേ ഉളളൂ …’ സ്വയം എന്നോണം കൃഷ്ണ പിറുപിറുത്തു .

” തനിച്ചു കൊറേ ദൂരം യാത്ര ചെയ്തതല്ലേ നല്ല ക്ഷീണം കാണും.. മോള് പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ..അപ്പോഴേക്കും അമ്മ ഭക്ഷണം എടുത്തുവെക്കാം .”

”ആ ശരി അമ്മേ….” അതും പറഞ്ഞു കൃഷ്ണ റൂമിൽ കയറി വാതിലടച്ചു .

” ഈ വരവ് അത്ര പന്തി ആയി തോന്നണില്ലല്ലോ ദേവേട്ടാ …” ഭിത്തിയോട് ചാരി കിടന്ന ഫോട്ടോയിലേക്ക് നോക്കി കൊണ്ട് കൃഷ്ണയുടെ അമ്മ ഭാനു പറഞ്ഞു നിർത്തി .

ഊണ് വിളംബി വെച്ചു കൃഷ്ണയെ വിളിച്ചതും അവൾ കൈകഴുകി വന്നിരുന്നു. സംസാരത്തിനു തുടക്കമിട്ടുകൊണ്ട് തൊട്ടടുത്ത കസേരയിൽ ഭാനുവും ഇരുപ്പുറപ്പിച്ചു .

നീ വന്നിട്ട് വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ മോളെ …അവിടെ വിനുവിന്റെ അമ്മയും അച്ഛനുമൊക്കെ എന്തു പറയുന്നു …??

ആ ചോദ്യം കേൾക്കാനാകാത്ത വിധം ഫോൺ തുറന്ന് പിടിച്ച് അതിൽ മുഴുകിയായിരുന്നു കൃഷ്ണയുടെ ഇരുപ്പ് .

”ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ആ സാധനം ഒന്ന് എടുത്തുവെക്ക് കൃഷ്ണേ …അവിടെയും ഇങ്ങനെ തന്നെ ആണോ ഇനി ….നീ വെറുതെ അവരെ കൊണ്ട് വേണ്ടാത്തതൊന്നും പറയിപ്പിക്കരുത് …! ”

”അതല്ല അമ്മേ ….നേരം ഇത്രയായില്ലേ ഞാൻ ഇവിടെ എത്തിയിട്ട് ഇതുവരെ ആയിട്ട് വിനുവേട്ടന് ഒന്ന് എന്നെ വിളിച്ചു അന്വേഷിക്കാൻ പോലും തോന്നിയിട്ടില്ല …അതിനു പോലും പറ്റാത്ത തിരക്കാവുലോ ഓഫീസില് ….ഞാനും കണ്ടിട്ടുള്ളത് തന്ന്യാ കുറെ ഓഫീസു തിരക്കുമൊക്കെ …” നിരാശയോടെ ഫോൺ മേശ പുറത്തു വെച്ചുകൊണ്ട് കൃഷ്ണ പറഞ്ഞു .

” ഹും …ആ വരവ് കണ്ടപ്പോഴേ തോന്നി മോനുമായി വഴക്കിട്ടിട്ടുണ്ടെന്ന് ….കാര്യം എന്തെങ്കിലും ആവട്ടെ നിനക്ക് അവനെ ഒന്ന് വിളിച്ചു നോക്കാർന്നില്ലേ …?? ”

”എല്ലാ പ്രാവശ്യവും ഇതുതന്നെയാണ് അവസ്ഥ .ഇനി ഇങ്ങനെ താഴ്ന്നു കൊടുത്താൽ ശരിയാവില്ല .ഞാൻ ഇലാത്തതിന്റെ ബുദ്ധിമുട്ട് വിനുവേട്ടനും ഒന്ന് മനസ്സിലാക്കട്ടെ …..” ഒത്തിരി വാശിയോടെ ആയിരുന്നു കൃഷ്ണ അത് പറഞ്ഞത്‌ .

” അവനു നിന്നോട് സ്നേഹവും കരുതലും ഇല്ലാഞ്ഞിട്ടാണോ മോളെ ആ വീട്ടില് നിനക്കു ഇന്നുവരെ ഒരു കുറവും വരുത്താതെ അവൻ നോക്കിയത് …ഇത്‌ ചില്ലപ്പോള്‍ കസ്റ്റമേഴ്സ് കൂടുതലായുണ്ട് ആകും ”. അവർ കൂടുതലായി വിനുവിനെ ന്യായികരിച്ചു കൊണ്ട് പറഞ്ഞു .

”അല്ലെങ്കിലും ഞാനാനാണല്ലോ എല്ലാർക്കും വാഴക്കാളി …അതൊന്നും പറഞ്ഞാൽ അമ്മക്ക് മനസ്സിലാവില്ല . അതിനെങ്ങനെയാ ….അച്ഛനുമൊപ്പം അധികകാലമൊന്നും കഴിയേണ്ടി വന്നിട്ടില്ലല്ലോ ! ”. അപ്പോഴുണ്ടായ വിഷമത്തിന്റെയും ദേഷ്യത്തിന്റെയും പുറത്തു അബദ്ധമെന്നോണമായിരുന്നു കൃഷ്ണ അത് പറഞ്ഞത് .അവൾ നെടുവീർപ്പിട്ടുകൊണ്ട് പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി .

പക്ഷേ കനൽ എരിയുന്ന ഭൂത കാലത്തിലേക്ക് തള്ളിയിട്ടതുപോല ആയിരുന്നു ഭാനുവിന് ആ വാക്കുകൾ . ”ശരിയാലെ ദേവേട്ടാ എനിക്കൊന്നും അറിയേണ്ടി വന്നിട്ടില്ല ജീവിച്ചിരുന്ന കാലത്ത് ഒന്നും അറിയിച്ചിട്ടുമില്ല” .

രണ്ടു വർഷത്തോളം കാത്തിരുന്നു ….വീട്ടുകാരെ ധിക്കരിച്ചിട്ടാണെങ്കിലും പ്രണയിച്ച ആളെ തന്നെ വിവാഹവും കഴിച്ചു …കൂടെ ഇറങ്ങി വന്ന നാളുതൊട്ടേ ഒരു വാക്ക് കൊണ്ട് പോലും നോവിപ്പിച്ചിട്ടില്ല… എന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ട് നിന്നു …. എനിക്ക് വേണ്ടി പലതും ഉപേക്ഷിച്ചു … എല്ലാവരിൽ നിന്നും മാറി നമ്മടേതായ ഒരു കൊച്ചു ലോകത്തിലേക്ക് ഒതുങ്ങി …ഏതു ദുഃഖത്തിലും ചേർത്തു നിർത്തി ആശ്വസിപ്പിച്ചു …. നമ്മള്‍ ആശിച്ച പോലെ ആദ്യത്തേതു പെൺകുട്ടി ….അവൾക്ക് കൃഷ്ണ പ്രഭ എന്നൊരു പേര് …. ”ഒമ്പത് മാസം തികയാത്ത ഒരു കൈകുഞ്ഞിനീം എന്നേം ഉപേക്ഷിച്ചു പോയപ്പോ മാത്രം ഓർത്തില്ല ഈ ഭാനു ഒറ്റക്കാവും എന്നും അവൾക്ക് ആരുമില്ലെന്നും …” മഞ്ഞ വെളിച്ചത്തിനടിയിൽ പുഞ്ചിരിച്ചു നിന്ന തന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി അവര്‍ പൊട്ടിക്കരഞ്ഞു .കൃഷ്ണ അത് കണ്ടുകൊണ്ട് നിൽക്കുകായായിരുന്നു . ”അമ്മേ …സോറി അമ്മേ ….ഒരിക്കലും വിഷമിപ്പിക്കണം എന്നു കരുതി പറഞ്ഞതല്ല …..അപ്പോഴത്തെ ഒരു മാൻസികാവസ്ഥകൊണ്ട് അറിയാതെ പറഞ്ഞു പോയതാ …”

മറ്റാരെക്കാളും അമ്മക്ക് മോളെ മനസ്സിലാവും …ഇത്തിരിയില്ലാത്ത പ്രായത്തില് നിന്നേം ചേർത്തുപിടിച്ചു മെഡിക്കൽ കോളേജിന്റെ വരാന്തയില് നിന്റെ അച്ഛന്റെ ജീവനില്ലാത്ത ശരീരവും മുന്നിൽ വെച്ചു പകച്ചു നിന്നിടത്തു നിന്നു തൊടങ്ങിയാ ജീവിതം ആണിത് ….എവിടെയും പതറാതെ പിടിച്ചു നിന്നു … നല്ല ചെറുപ്പം… പലരും നിർബന്ധിച്ചിട്ടും രണ്ടാമതൊരു വിവാഹത്തിന് മുതിർന്നില്ല നിന്റെ അമ്മ …ഭർത്താവിന്റെ മരണാനന്തരം കിട്ടിയ പോസ്റ്റിൽ സർവീസില്‍ കയറി …സമൂഹത്തിൽ ഒറ്റക്ക് ജീവിക്കുന്ന ഏതൊരു പെണ്ണും നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും നേരിട്ടു…കൂടെ വർക്ക് ചെയ്യുന്നവരുടെയും എന്തിന് നിന്റെ അച്ഛന്റെ കൂട്ടുകാരുടെ പോലും തട്ടലും മുട്ടലുമൊക്കെ കണ്ടില്ലെന്നു നടിക്കേണ്ടി വന്നിട്ടുണ്ട് …നിറം കൂടിയ ഒരു സാരി ഉടുത്താൽ അതിനല്പം തിളക്കം കൂടിയാൽ ” കെട്ടിയോൻ ചത്തിട്ടും അവൾടെ മട്ടും മാതിരീം കണ്ടോ…” എന്നൊക്കെയുള്ള സ്വന്തക്കാരുടെ പോലും അടക്കം പറച്ചിലുകൾ … ആരോടും നാളിതുവരെ പറഞ്ഞിട്ടില്ലാത്ത നൊമ്പരങ്ങളെ ഭാനു വിങ്ങലോടെ തന്റെ മകളോട് പറയുകയായിരുന്നു …..

”നിന്നെ പഠിപ്പിക്കണം …സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കണം …നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ചയക്കണം …അതിനുവേണ്ടി മാത്രമായിരുന്നു ഈ അമ്മ ജീവിച്ചത് …”

”അമ്മേ ……”കൃഷ്ണ ഭാനുവിനെ വാരി പുണർന്നു . പൊട്ടിക്കരഞ്ഞു പോയി .

നിന്നെ കരയിക്കാനോ അമ്മേടെ ഗുണങ്ങൾ അറിയിക്കാനോ വേണ്ടി പറഞ്ഞതല്ല മോളെ … ചിലതൊക്കെ കൈവിട്ട് പോയാൽ മാത്രേ മനസ്സിലാക്കാറുള്ളു അത് നമുക്ക് എത്ര വിലപെട്ടതായിരുന്നു എന്ന് ….ചെറിയ ജീവിതമാണ് വഴക്കും പരിഭവങ്ങളും ഒക്കെ ദാമ്പത്യ ജീവിതത്തിൽ പതിവാണ് ….പക്ഷേ അത് തുടക്കത്തിലേ പരിഹരിക്കാനും നമുക്ക് പറ്റണം … വിനു നല്ല പയ്യനാണ് . നിന്നെ പിരിഞ്ഞിരിക്കാൻ അവനു കഴിയില്ല . നീ നാളെ തന്നെ തിരിച്ചു പോണം മോളെ ….”എന്നിട്ട് രണ്ടാളും കൂടി വാ …”

ഭാനു പറഞ്ഞു നിർത്തിയിട്ടും കൃഷ്ണ ഒരു മറുപടിയും നൽകിയില്ല …കണ്ണ് തുടച്ചു കൊണ്ട് വിനുവിനെ വിളിക്കാൻ ഫോൺ എടുത്തതും വീടിനു മുമ്പിലായി വിനുവിന്റെ കാറു വന്ന് നിർത്തിയതും ഒരുമിച്ചായിരുന്നു …..!”

അടക്കാനാവാത്ത സന്തോഷത്തോടെ അവൾ ഭാനുവിനെ നോക്കി പൊട്ടി ചിരിച്ചു ….

രചന: മാളവിക ശ്രീകൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *