“സെക്കന്റ്‌ ഹാന്‍ഡ്‌ “

രചന : – അമ്പിളി –

അസ്ഥിയില്‍ അരിച്ചുകയറുന്ന തണുപ്പില്‍നിന്നും രക്ഷപെടാന്‍ ബ്ലാങ്കറ്റിനുള്ളിലേക്ക് ചുരുണ്ടുകൂടുമ്പോഴാണ് മൊബൈല്‍ ബെല്ലടിച്ചത്.കൈ മാത്രം പുറത്തിട്ട് മൊബൈല്‍ എടുക്കുമ്പോള്‍ നന്നേ ദേഷ്യം വരുന്നുണ്ടായിരുന്നു.എങ്കിലും മൊബൈല്‍ സ്ക്രീനിലെ പേര് കണ്ടപ്പോള്‍ ദേഷ്യമൊക്കെ പമ്പ കടന്നു. അമ്മയാണ്…എന്താണാവോ ഇത്ര രാവിലെ!!! …. “അമ്മേ, പറഞ്ഞോ..” കേട്ടപ്പോഴേ അമ്മ ചിരി തുടങ്ങി. ” ഉറങ്ങുവാരുന്നല്ലേ? സാരമില്ല നീ എഴുന്നേല്‍ക്ക്..എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്” ” എന്താമ്മേ???” രാവിലെ തന്നെയുള്ള കോള്‍ ആയതുകൊണ്ട് എന്തോ ഒരു പേടി തോന്നി. ” വേറൊന്നുമല്ല, ഇന്നലെ ഹോസ്പിറ്റലില്‍ വച്ച് നിന്‍റെ കൂട്ടുകാരിയെ കണ്ടു . നിന്നെ പണ്ട് ഒരുപാട് കളിയാക്കിയിരുന്ന ആ കുട്ടിയില്ലേ സുമിത ….”

“അമ്മേ..ഇനി ഒരക്ഷരം പറയണ്ട ഫോണ്‍ വച്ചോ.അവളെക്കുറിച്ച് കേള്‍ക്കുന്നതുപോലും എനിക്കിഷ്ട്ടമല്ല.വെറുതെ എന്റെ ഒരു ദിവസം കളയല്ലേ അമ്മേ.” പറഞ്ഞു തീര്‍ത്തതും ഫോണ്‍ കട്ട്‌ ചെയ്തതും ഒരുമിച്ചായിരുന്നു.

അമ്മ വീണ്ടും വിളിച്ചു” മോളെ, അതൊക്കെ മറക്ക്..ആകുട്ടി ഇന്ന് വല്ലാത്തൊരു അവസ്ഥയിലാണ്.ആങ്ങളമാര്‍ സ്വന്തം കാര്യം നോക്കി പോയി. കൊടുക്കാന്‍ സ്ത്രീധനം ഇല്ലാത്തതുകൊണ്ട് കല്യാണം ഒന്നും ആയിട്ടില്ല. ഇപ്പോള്‍ ഒരു ആലോചന വന്നിട്ടുണ്ട് ..അടുത്ത ബന്ധുക്കള്‍ ആരൊക്കെയോ ചേര്‍ന്നാണ് കല്യാണം നടത്തുന്നത്…അതിനെ ഒന്ന് സഹായിക്കണ്ടേ മോളെ നമുക്ക്…നീ കുറച്ചു കാലമായിട്ടു അയച്ചു തരുന്ന പൈസ എനിക്ക് ആവശ്യം വരാത്തതുകൊണ്ട് എടുത്തിട്ടില്ല…ഞാനത് ആ കുട്ടിക്ക് കൊടുക്കുവാ കേട്ടോടി..നിനക്ക് ഇഷ്ടമാവില്ലെന്നറിയാം.എങ്കിലും പണ്ട് നമ്മളും ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടതല്ലേ കുട്ടി..എന്റെ കുട്ടി പഴയതൊക്കെ മറക്കണം കേട്ടോ”…

അമ്മയോട് തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല .

ഓര്‍മ്മകള്‍ ഇരച്ചുകയറി വരുകയായിരുന്നു തലച്ചോറിലേക്ക്…..

അന്ന് ഞാന്‍ പത്താം ക്ലാസ്സിലായിരുന്നു.

“അമ്മേ, ഞാന്‍ ഈ ഉടുപ്പിട്ട് സ്കൂളില്‍ പോവില്ല…എന്നെ കൊന്നാലും പോവില്ല…എല്ലാവരും എന്നെ കളിയാക്കും.” വളരെ പതിഞ്ഞ ശബ്ദത്തിലാണ് ഞാനത് പറഞ്ഞത്. ” എന്‍റെ കുഞ്ഞേ, വല്ലാതെ വാശി പിടിച്ചാല്‍ പോണ്ട എന്നേ ഞാന്‍ പറയൂ, മൂന്നാളെ സ്കൂളില്‍ വിടാനുള്ള കഴിവ് നിങ്ങടെ അച്ഛനില്ല….ആവശ്യമില്ലാതെ വാശി പിടിച്ചാല്‍ അതോടെ സ്കൂളില്‍ പോക്ക് തീരും.” അമ്മയും വളരെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.

മനസ്സ് വല്ലാതെ പിടഞ്ഞു. അപ്പുറത്തെ വീട്ടിലേ മായേച്ചിയുടെ പഴയ ഉടുപ്പുകള്‍ ഇന്നലെയാണ് അമ്മ കൊണ്ട് വന്നത്. ആ ചേച്ചി ആരുടെയോ കൂടെ ഒളിച്ചോടിയതിന്റെ ദേഷ്യത്തില്‍ ദിവാകരേട്ടന്‍ മായേച്ചിയുടെ പുസ്തകങ്ങളും ഉടുപ്പുകളുമൊക്കെ മുറ്റത്ത് കൂട്ടിയിട്ട് തീ ഇടാന്‍ ഒരുങ്ങുമ്പോള്‍ അമ്മ എടുത്തു കൊണ്ട് പോന്നതാണ്. ഇവിടെ സ്കൂളില്‍ ആഴ്ചയില്‍ ഒരു ദിവസം കളര്‍ ഡ്രസ്സ്‌ ആണ്. എനിക്കാണേല്‍ ആകെ രണ്ടു കളര്‍ ഡ്രെസ്സ് മാത്രേ ഉള്ളൂ.അത് തന്നെ നിറം മങ്ങി, അവിടവിടെ കീറി തുന്നി ആകെ ഒരു പരുവമായത്.എന്നാല്‍ പിന്നെ ഞാന്‍ വൃത്തിയായി സ്കൂളില്‍ പൊക്കോട്ടെന്നു കരുതിയാണ് അമ്മ ആ ഡ്രസ്സ്‌ ഒക്കെ എടുത്തു കൊണ്ട് വന്നത്…എങ്കിലും അവിടെ അടുത്തുള്ള കുട്ടികള്‍ക്കൊക്കെ മനസ്സിലാവും ഇത് മായേച്ചിടെ ഉടുപ്പാണെന്ന്. അവരെങ്ങാന്‍ എല്ലാരുടേയും മുന്നില്‍ വച്ച് കളിയാക്കിയാലോ എന്ന ചിന്തയാണ് അമ്മയോട് അങ്ങനെ പറയാന്‍ എന്നെ പ്രേരിപ്പിച്ചത്…

ഇനി രക്ഷയില്ല ….ഇനിയും എതിര്‍ത്താല്‍ പിന്നെ ഒരിക്കലും സ്കൂളില്‍ പോകേണ്ടി വരില്ല….എങ്കിലും എന്റെ പഴയ ഉടുപ്പ് തന്നെ ഇടാനായി എടുത്തു. കഴുത്തുകടത്തിയപ്പോള്‍ “കിര്‍ര്‍ര്‍ ..” .എന്നൊരു ശബ്ദം കേട്ടു . മൊത്തം കീറി.ഇനി ഇരിക്കുന്നത് ഇതിലും കീറിയതാ.അപ്പോപ്പിന്നെ എന്തെങ്കിലും ഇടണമല്ലോ.മനസ്സില്ലാ മനസ്സോടെ മായേച്ചിയുടെ ഏതോ ഒരു ഡ്രസ്സ്‌ എടുത്തിട്ടു…അമ്മ അത് വെട്ടി തയ്ച്ചു ശരിയാക്കിയിട്ടുണ്ടായിരുന്നു. ഞാന്‍ കുറച്ചു സുന്ദരിയായപോലെ തോന്നി.. സ്കൂളിലേക്ക് നടക്കുമ്പോള്‍ എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.

“സ്മിതേ..ഇതേതാ ഈ ഡ്രസ്സ്‌ ?..നേരത്തെ കണ്ടപോലെ തോന്നണല്ലോ..”അക്ഷയയാണ്‌ ആദ്യം ചോദിച്ചത്.

കള്ളം പറയാന്‍ തോന്നിയില്ല.

” അത് സാരമില്ലെടി..ഇതോര്‍ത്തു നീ പേടിക്കണ്ട …നീയായിട്ട് ആരോടും പറയണ്ട…ഇനി ആരേലും ചോദിച്ചാല്‍ ഞങ്ങളേറ്റു…”സാനു പതിയെ തോളില്‍ തട്ടിപ്പറഞ്ഞു. എക്സാം ആയതുകൊണ്ട് എല്ലാരും നേരത്തെ വന്നിട്ടുണ്ടായിരുന്നു.പത്തു ഡി യുടെ മുന്നില്‍ നിന്ന് സുമിത എന്നെ തുറിച്ചു നോക്കി.പിന്നെ ഒരു പരിഹാസച്ചിരിയോടെ അവള്‍ ചുണ്ട് കോട്ടി ക്ലാസ്സിലേക്ക് കയറിപ്പോയി….വരാനിരിക്കുന്ന നാണക്കേടോര്‍ത്തു അപ്പോഴേ കണ്ണു നിറയാന്‍ തുടങ്ങി.

എക്സാം ഹാളിലേക്കുകയറുമ്പോളാണ് പുറകില്‍ ഒരു കൂട്ടച്ചിരി കേട്ടത്….

“ടി..സെക്കന്റ്‌ ഹാന്‍ഡേ, നാണമില്ലേടീ കണ്ടവരുടെ ഉടുപ്പുമിട്ടോണ്ട് നടക്കാന്‍?…

അവളാണ് സുമിത …..പുറകെ വന്ന ചെക്കന്മാരും മറ്റു കുട്ട്യോളും കേള്‍ക്കെ അവള്‍ വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കൂട്ടച്ചിരിക്കിടയില്‍ മറ്റൊന്നും കേള്‍ക്കാനായില്ല.നിറഞ്ഞു തുളുമ്പിയ കണ്ണീര്‍ ഉത്തരക്കടലാസിനെ നനയ്ക്കുമ്പോഴും കൈയ്യിലെ പേന വിറച്ചില്ല….അവളോടുള്ള വാശിപോലെ ഉത്തരങ്ങള്‍ മനസ്സിലേയ്ക്ക് ഓടിയെത്തിക്കൊണ്ടിരുന്നു…..

“സ്കൂളിലെ നമ്മുടെ അവസാനത്തെ യൂത്ത് ഫെസ്റ്റിവലാണ്…ഇത്തവണയെങ്കിലും നമ്മുടെ ഗ്രൂപ്പിന് ചാമ്പ്യന്‍ഷിപ്പ് കിട്ടണം….”സാനുവാണ് തുടക്കമിട്ടത്.

കുട്ടികളെയെല്ലാം വിളിച്ചുകൂട്ടി മീറ്റിംഗ് നടത്തി. അക്ഷയ പറഞ്ഞു. “ഡാന്‍സും പാട്ടുമൊക്കെ ഓക്കെ. ഇനി പദ്യം ചൊല്ലലിനും പ്രസംഗത്തിനുമാണ് ആളെ വേണ്ടത്..

അപ്പോഴേയ്ക്കും വിനീത ഇടപെട്ടു ” അതിനെന്താ നമ്മുടെ സ്മിതയില്ലേ ? അവളുള്ളപ്പോള്‍ സ്റ്റേജില്‍ കേറാന്‍ വേറൊരാളും ധൈര്യപ്പെടില്ല. പിന്നെന്താ?”

എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും എന്‍റെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല . സുമിതയുടെ കളിയാക്കലുകള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു.എങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനം പേര് കൊടുക്കേണ്ടി വന്നു.

അങ്ങനെ യൂത്ത് ഫെസ്റ്റിവല്‍ ദിനം വന്നെത്തി. മായേച്ചിയുടെ മറ്റൊരു ഉടുപ്പിട്ടാണ് അന്ന് സ്റ്റേജില്‍ കയറിയത്. നിമിഷ പ്രസംഗത്തില്‍ സ്ത്രീ സ്വതന്ത്രമായിരുന്നു വിഷയം.ഞാനങ്ങനെ കത്തിക്കയറുമ്പോഴാണ് പുറകില്‍ നിന്നും നീണ്ട കൂവലിനൊപ്പം വീണ്ടും ആ വാക്ക് ഉയര്‍ന്നു കേട്ടത്.

“ടീ സെക്കന്റ്‌ ഹാന്‍ഡേ, നിര്‍ത്തിപ്പോടി…അവള്‍ടെയൊരു സ്ത്രീ സ്വാതന്ത്രം, ആദ്യം പോയി സ്വന്തമായിട്ട് ഒരു ഉടുപ്പ് വാങ്ങാന്‍ നോക്ക് ..എന്നിട്ടാവാം ബാക്കിയൊക്കെ”

അവള്‍ തന്നെയാണ്… സുമിത…പിന്നീട് ഒന്നും സംസാരിക്കാനായില്ല….ഉറക്കെ കരഞ്ഞുകൊണ്ട് വേദിയില്‍ നിന്നിറങ്ങുമ്പോള്‍ എന്‍റെ ഏങ്ങലടികള്‍ മൈക്കിലൂടെ മറ്റുള്ളവര്‍ കേട്ടത് ഞാനറിഞ്ഞില്ല….പിന്നീട് ഒരാഴ്ച സ്കൂളിലേക്ക് പോയില്ല….

ആ ഞായറാഴ്ച വിശന്നു കരഞ്ഞിരിക്കുമ്പോഴാണ് സ്വപ്നടീച്ചര്‍ വീട്ടിലേക്കു കടന്നു വന്നത്.കുറെ പലഹാരങ്ങളും രണ്ടു മൂന്ന് ജോഡി ഡ്രസ്സുകളുമായി…. .മറ്റുള്ളവരുടെ കളിയാക്കലുകള്‍ക്ക് മനസ്സുകൊടുത്തവരാരും ജീവിതത്തില്‍ വിജയിച്ചിട്ടില്ല എന്നു ടീച്ചര്‍ പറഞ്ഞത് മനസ്സില്‍ തീപ്പൊരിയായി….പിന്നീടങ്ങോട്ട് കഠിന പ്രയത്നത്തിന്‍റെ നാളുകളായിരുന്നു…അമ്മയോടൊപ്പം പാടത്തും മറ്റുള്ളവരുടെ വീട്ടിലും പണിയെടുക്കുമ്പോള്‍ ഒരിക്കലും എന്റെ ശിരസ്സ് കുനിഞ്ഞില്ല…അത് വിജയത്തിലേക്കുള്ള എളുപ്പമാര്‍ഗമായി…

ഇന്നിപ്പോള്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ള ഒരു ജോലി കിട്ടിയതും ഒക്കെ ആ പരിശ്രമത്തിന്‍റെ ഫലമാണല്ലോ….ഒന്നാലോചിച്ചപ്പോള്‍ അമ്മ പറഞ്ഞതാണ്‌ ശരിയെന്നു തോന്നി…എല്ലാം ക്ഷമിക്കുമ്പോഴാണ് നമ്മള്‍ മനുഷ്യരാവുന്നത്…..

അമ്മയെ തിരിച്ചുവിളിക്കുമ്പോള്‍ മനസ്സിലെ ദേഷ്യത്തിന്റെ ആഴവും പരപ്പും കുറഞ്ഞിരുന്നു.എങ്കിലും പൊതുജനമധ്യത്തില്‍ അപമാനിതയായ പതിനാലുകാരി അങ്ങനെ വെറുതെ ക്ഷമിക്കുമോ?…അമ്മയോട് പറഞ്ഞു…” അമ്മേ, അമ്മയ്ക്കിഷ്ടമുള്ള തുക കൊടുത്തോ …പക്ഷേ കൊടുക്കുന്ന കവറില്‍ തീര്‍ച്ചയായും “സെക്കന്റ്‌ ഹാന്‍ഡ്‌” എന്നെഴുതണം.” ഫോണിലൂടെ അമ്മയുടെ ചിരി കേട്ടു.

അമ്മയങ്ങനെ എഴുതിയോ ആവോ?..തീരെ സാദ്ധ്യതയില്ല…എന്‍റെ കണ്ണീര്‍ ഭൂതകാലമല്ലേ ..അതമ്മ തീര്‍ച്ചയായും മറന്നിട്ടുണ്ടാവും..

രചന : – അമ്പിളി –

Leave a Reply

Your email address will not be published. Required fields are marked *