സ്നേഹം കൊണ്ടും, ക്ഷമ കൊണ്ടും ഏതു മനസ്സും കീഴടക്കാൻ സാധിക്കും…

രചന: മനു പി എം

ഫോൺ നിർത്താതെ ബെല്ലടിക്കുന്ന കേട്ടാണ് അനിത കണ്ണ് തുറന്നത്..

വീണ്ടും ഫോൺ ശബ്ദിച്ചപ്പോൾ അവൾ കണ്ണു തിരുമ്മിക്കൊണ്ട് മെല്ലെ നിലത്ത് നിന്നു എഴുന്നേറ്റു..

കട്ടിലിൽ കിടന്ന ഭർത്താവിനെ നോക്കി അച്ഛനും മകളും നല്ലുറക്കമാണ്..ഇന്നലെ രാത്രിയിൽ അഴിച്ചിട്ട ഷർട്ടിന്റെ പോക്കറ്റിൽ കിടക്കുന്ന ഫോണിൽ നിന്നാണ്‌ ബെല്ലടിക്കുന്നത്..

അവൾ അയാളെ തട്ടി വിളിച്ചു അജിയേട്ടാ.. …ദാ ഫോൺ ബെല്ലടിക്കുന്നു…

നീയത് എടുത്തു ആരാന്ന് നോക്ക് .അനിതേ….

അനിത എഴുന്നേറ്റു ചുവരിൽ തറച്ച ആണിയിൽ തൂക്കിയിട്ടി ഷർട്ട്‌ എടുത്തു അയാളുടെ കൈയിൽ കൊടുത്തിട്ടു അഴിഞ്ഞുലഞ്ഞ മുടി കോതി ഉയർത്തികെട്ടി വാതിൽ തുറന്നിറങ്ങി അടുക്കളയിലേക്ക് പോയി .

അവൾ കട്ടൻ ചായയുമായി വരുമ്പോളേക്കും അജി പുറത്തേക്ക് പോകാൻ തയ്യാറായി കഴിഞ്ഞിരുന്നു…

ഏട്ടാ ഇതാ കട്ടൻ ചായ…

അലമാരയ്ക്കുള്ളിൽ എന്തോ തിരയുകയായിരുന്ന അജി അവളുടെ ശബ്ദം കേട്ടു ഞെട്ടി.. അയാൾ വേഗം എന്തോ ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിലേയ്ക്ക് വെച്ചിട്ടു വന്നു അവളുടെ കൈയിൽ നിന്നു ചായ വാങ്ങി

പരിഭ്രമിച്ച മുഖം അവളിൽ നിന്നും മറയ്ക്കാനായി അയാൾ ചായ ഗ്ലാസ്സുമായി പുറത്തേയ്ക്കു പോയി…

ഇത്രയും രാവിലെ നിങ്ങളെങ്ങോട്ടാ ഏട്ടാ…. മോൾ ഉണർന്നിട്ടു പോയാൽ പോരെ..

എനിക്ക് അതയാവശ്യമായി ഒരു സ്ഥലംവരെ പോകണം.. കഴിവതും വേഗം വരാൻ നോക്കാം..

ഏട്ടാ.. ഇന്നത്തെ ദിവസം മറന്നോ.. മോൾക്ക് ഇന്നെങ്കിലും ഒരു സമ്മാനം വാങ്ങി കൊടുക്കാൻ കഴിയില്ലേ… അവൾക്കും ആഗ്രഹം കാണില്ലേ ഏട്ടാ….

ഉം… എന്നൊരു മൂളലിൽ മറുപടിഒതുക്കി അയാൾ ഗ്ലാസ്‌ അവളുടെ കൈയിൽ കൊടുത്തു പുറത്തേയ്ക്കിറങ്ങി..

അയാളുടെ ആ പോക്കു നോക്കി ഒരു നിമിഷം നിന്നിട്ടു അവൾ അകത്തേയ്ക്കു തന്നെ പോയി.. വേഗത്തിൽ ജോലിതീർക്കണം.. ഇന്നു മോളേ കൊണ്ടു അമ്പലത്തിൽ പോകാമെന്നു ഇന്നലെ തന്നെ തീരുമാനിച്ചതാണ്..

ജോലി തീർത്തു കുളികഴിഞ്ഞു വന്നു വിളക്ക് കത്തിച്ച് അനിത ചുവരിലെ കൃഷ്ണ വിഗ്രഹത്തെ നോക്കി കൈകൂപ്പി മനമുരുകി പ്രാർത്ഥിച്ചു…എന്റെ കണ്ണാ എന്റെ മോളേ കാത്തുകൊളണെ

ഇന്ന് എൻറെ കാർത്തു മോളുടെ പിറന്നാൾ.. 10 വയസ്സ് തികയുകയാണവൾക്കു ഇന്നേവരെയും സന്തോഷത്തോടെ ഒരു പിറന്നാളും ആഘോഷിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല എന്റെ കുഞ്ഞിന്…

ഈ പിറന്നാളിനെങ്കിലും അവൾക്ക് സന്തോഷം നൽകുന്ന ഒരു സമ്മാനം നൽകണമെന്ന് ആഗ്രഹിച്ചിരിന്നു…

ആ ആഗ്രഹത്തോടെയാണ്.. അയൽവക്കത്തെ നബീസുമ്മയുടെ കൂടെ ഒരു കുറിച്ചിട്ടിക്കു ചേർന്നതു തന്നെ… ഭാഗ്യത്തിന് ഇന്നലെ തന്നെ ആ കുറിതനിക്കു തന്നെ അടിച്ചു

നബീസുമ്മയെ കൂട്ടി തന്നെ പോയി മോൾക്ക് ഒരു കമ്മൽ വാങ്ങി… അരപ്പവനോളം വരും… ഇത് കൊടുക്കുമ്പോൾ എന്റെ മോൾടെ ആ സന്തോഷം നിറഞ്ഞ ആ മുഖമൊന്നു കാണണം… അതിനു വേണ്ടി തന്നെ അവളോട്‌ പറയാതെ ഒളിപ്പിച്ചു വെച്ചേക്കുവാ ആ കമ്മൽ..

എന്റെ കണ്ണാ ഒരുപാട് നന്ദി എന്നെ അതിനു സഹായിച്ചതിന് അനിത നിറമിഴികളോടെ കൈകൾ കൂപ്പി പ്രാർത്ഥിച്ചിട്ട് അകത്തേയ്ക്കു കയറിപ്പോയി..

കാർത്തു അപ്പോഴും ഉണർന്നിട്ടില്ലായിരുന്നു.. അനിത മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു അവൾക്കരികിലായി ഇരുന്നു.. നിഷ്കളങ്കമായ ആ മുഖത്തേയ്ക്കു നോക്കിയിരുന്നു..

കൈയുയർത്തി അവളുടെ മുടിഴകളെ തഴുകി… ആ കൈകൾ അവളുടെ കാതിൽ വന്നു നിന്നു..ഇന്നു മുതൽ ഇവിടെ ഒരു സ്വർണ്ണകമ്മലാകും കിടക്കുക അവളുടെ ചുണ്ടിൽ സംതൃപ്തിയുടെ ഒരു പുഞ്ചിരി വിടർന്നു..

മോളു കാർത്തു മോളു… അമ്മേടെ പൊന്നു ഒന്നു എഴുന്നേൽക്കു… നേരം വെളുത്തു കേട്ടോ ഇന്നു അമ്പലത്തിൽ പോകണമെന്ന്‌ പറഞ്ഞത് മറന്നോ..

കാർത്തു ഒരു ചിണുങ്ങലോടെ കണ്ണുതുറന്നു… ഇത്തിരി നേരം കൂടെ കിടക്കട്ടെ.. അമ്മേ ഇന്നു സ്കൂൾ പോകണ്ടാലോ…

അയ്യോടി സുന്ദരി കോതേ…. ഇന്നു അമ്മേടെ കാർത്തുവിന്റെ പിറന്നാൾ അല്ലെ അതു മറന്നോ എന്റെ മോൾ…

കാർത്തുവിന്റെ കണ്ണ് ഒന്നു ചിമ്മി… പിന്നെ അവൾ ചാടി എഴുന്നേറ്റു അയ്യോ ഞാൻ മറന്നു പോയി അമ്മേ… നമ്മുക്ക് അമ്പലത്തിൽ പോകണ്ടേ ഞാൻ വേഗം പോയി കുളിച്ചു വരാം…

ശെരി… എന്നാ മോൾ വേഗം പ്പോയി കുളിച്ചു വാ… അനിത അവളെ തന്നോട് ചേർത്ത്പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…. ഇതു എന്റെ കാർത്തുവിന് അമ്മയുടെ വക പിറന്നാൾ സമ്മാനം..

അപ്പോൾ ഈ കൊല്ലവും ഈ ഉമ്മ മാത്രമേ ഉള്ളു സമ്മാനമായി അല്ലെ… കാർത്തു പരിഭവത്തോടെ പറഞ്ഞു…

അമ്മയ്ക്കു തരാൻ അതല്ലേയുള്ളൂ പൊന്നെ അമ്മയുടെ കൈയിൽ പൈസയുണ്ടെങ്കിൽ അമ്മ സമ്മാനം കൊണ്ട് എന്റെ പൊന്നിനെ മൂടില്ലേ….

എന്നാമ്മേ നമ്മുക്ക് പൈസ ഉണ്ടാകുക… ആ കുഞ്ഞു മനസ്സ് നിഷ്കളങ്കമായി ചോദിച്ചു… കാർത്തികയ്ക്കു നെഞ്ചു പൊട്ടും പോലെ തോന്നി…

അമ്മയ്ക്കു അറിയില്ലടാ പൊന്നെ… മോൾ എന്നും ഭഗവാനോട് പ്രാർത്ഥിക്കു… അനിതയുടെ സ്വരമിടറി…

എന്റെ അമ്മ കരയണ്ട അമ്മേടെ കാർത്തൂനു സമ്മാനമൊന്നും വേണ്ടാ എന്റെ അമ്മേടെ ഉമ്മ മതി.. അനിത അവളെ തന്നോട് ചേർത്തമർത്തി…

ഞാൻ പോയി കുളിച്ചു വരാമേ കാർത്തു വേഗം പുറത്തേയ്‌ക്കോടി…

അനിതയ്‌ക്കു സങ്കടം വന്നു അവൾ എഴുന്നേറ്റു കണ്ണ് തുടച്ചുകൊണ്ട് അലമാരയുടെഅടുത്തേയ്ക്ക് ചെന്നു അത് തുറന്നു ഒളിപ്പിച്ചു വെച്ച ആ കുഞ്ഞു ആഭരണപെട്ടിക്കായി പരതി…

പക്ഷേ അവിടം ശൂന്യമായിരുന്നു… അവളുടെ ഉള്ളൊന്നു കാളി ശരീരം ചൂടു പിടിച്ചു… ഒരു വിറയൽ ബാധിച്ചു…. അവൾ ഒരു ഭ്രാന്തിയെ പോലെ അതിലെ തുണികളെല്ലാം വാരി നിലത്തേയ്ക്കെറിഞ്ഞു…

ആ അലമാര മുഴുവൻ പരതിയിട്ടും ആ കമ്മൽ അടങ്ങിയ പെട്ടി അവൾക്കു കിട്ടിയില്ല… അവൾക്കു അലറി കരയണമെന്നു തോന്നി..

അവസാന പ്രതീക്ഷയെന്നപോലെ അവൾ നിലത്തുകിടന്ന ഓരോ വസ്ത്രവും എടുത്തു മാറ്റി നോക്കി ഒരിടത്തും അവൾക്കതു കണ്ടെത്താനായില്ല

അവൾ ആ മുറിയിലെ ചുവരിൽ ചാരി നിന്നും പൊട്ടി കരഞ്ഞു.. ശക്തി ക്ഷയിച്ച പോലെ മെല്ലെ ഊർന്നുനിലത്തിരുന്നു കാൽമുട്ടിലേക്ക് മുഖമമർത്തി പൊട്ടി കരഞ്ഞു…

ആ കണ്ണുനീരിൻ ഇടയിലും അവളുടെ മിഴികളിൽ… പരിഭ്രമം നിറഞ്ഞ അജിയുടെ മുഖം മിന്നി മാഞ്ഞു..

അയാളുടെ പരിഭ്രമത്തിന് കാരണം എന്താണെന്ന് ഇപ്പോഴാണ് അവർക്ക് മനസ്സിലായത്…

അല്ലാ ഇതെന്താ ഇവിടെ ഒരു ഒച്ചയും അനക്കവും ഇല്ലാഞ്ഞത്… കാർത്തൂ… അനിതെ…

നബീസുമ്മേടെ ശബ്ദം കേട്ടതും അനിതയുടെ തേങ്ങിക്കരച്ചിൽ ഉച്ചത്തിലായി.

ആ മുറിക്കു മുന്നിലെത്തിയ നബിസുമ്മ അകത്തെ ആ കാഴ്ച കണ്ട് ഒരു നിമിഷം അന്ധാളിച്ചുപോയി..

എന്താ ഇവിടെ നടന്നിരിക്കുന്നു.. നലൊരു ദിവസമായിട്ട് …. ഇജ്ജ് എന്താ ഇങ്ങനെ കുത്തിരുന്നു കരയുന്നു.. ഈ തുണി യൊക്കെ ഇവിടെ വാരി വലിച്ചിട്ടയാരാ..

ഉമ്മാ.. പോയി ഉമ്മാ… എല്ലാം പോയി.. ഞാൻ എന്റെ കുഞ്ഞിന് വാങ്ങിയ ആ സമ്മാനം പോയി..

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ കുഞ്ഞിനൊരു കമ്മൽ.. അതു ആ ദുഷ്ടൻ കൊണ്ട് പോയി.. ആരും കാണാതെ ഞാൻ ഒളിപ്പിച്ചു വെച്ചതായിരുന്നു..

ഇന്ന് രാവിലെ അലമാരിയുടെ അടുത്തുനിന്ന് പരുങ്ങുന്ന കണ്ടപ്പോൾ ഞാൻ ഓർത്തില്ല ഉമ്മാ അയാളത് എടുത്തോണ്ട് പോകുമെന്ന്.

എന്റെ റബ്ബേ… ഞാൻ എന്താ കേൾക്കുന്നു.. ആ കള്ള ഹിമ്മാറ് ഈ ചതി ചെയ്യുമെന്ന് ഓർത്തെങ്കി.. ഞാനതു എന്റെ കൈതന്നെ വെച്ചേനെ..

നബീസുമ്മ കൈയിലിരുന്ന കവർ അടുത്ത് കണ്ട മേശമേൽ വെച്ചു അനിതയുടെ അടുത്തേയ്ക്കു ചെന്നു അവൾക്കരികിലായിരുന്നു… അവളെ സ്വാന്ത്വനിപ്പിച്ചു…

പോകാനുള്ളത് പോയി.. നല്ലൊരു ദിവസമായിട്ട് ഇങ്ങനെ കരഞ്ഞിരുന്നു ആ കുഞ്ഞിനെ ഉള്ള സന്തോഷം കൂടി കളയണ്ട എന്തായാലും അവൾ അറിഞ്ഞില്ലല്ലോ.. അതുതന്നെ.. ഭാഗ്യം.. നീ കുഞ്ഞിനെ ന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കാൻ നോക്കൂ

ഇല്ല ഉമ്മാ എനിക്കൊന്നിനും വയ്യാ… എന്റെ മനസ്സ് അത്രേ തകർന്നു പോയി..പിറന്നാൾ ആഘോഷിക്കാനോ, സന്തോഷിക്കാനോ, എന്റെ കുഞ്ഞിന് വിധിയില്ല… എന്നത്തേയും പോലെ അവട്ടെ അവൾക്കു ഈ ദിവസവും അനിത ഉറച്ച മനസ്സോടെ പറഞ്ഞു…

അവളിൽ നിന്നും ഇനി ഒരു മാറ്റം ഉണ്ടാകില്ലെന്ന് നബീസുമ്മക്ക് നന്നായി അറിയാം അവർ വിഷാദയായി അടുത്തു കണ്ട ഒരു കസേരയിൽ ഇരുന്നു…

അപ്പോഴേക്കും കുളികഴിഞ്ഞ് കാർത്തു മോൾ അങ്ങോട്ടേക്ക് വന്നു.. അലങ്കോലപ്പെട്ടു കിടക്കുന്ന മുറി കണ്ട് അവൾ ഒരു നിമിഷംനിന്നു… എന്താ അമ്മേ ഇത്.. ആരാ ഇതൊക്കെ വാരിയിട്ടു…

എന്റെ മോൾ ഇങ്ങു വന്നേ അവർ അവളെ അടുത്ത് വിളിച്ചു .. അത് അമ്മ മടക്കി വെയ്ക്കാൻ വാരിയിട്ടതാ എന്റെ പിറന്നാൾ കുട്ടിക്ക് സമ്മാനം വേണ്ടേ… മേശമേൽ വെച്ചിരുന്ന പായ്ക്കറ്റ് എടുത്തു അവളുടെ കുഞ്ഞി കൈയിൽ വെച്ചു കൊടുത്തു..

കാർത്തു സന്തോഷത്തോടെ ആ പാക്കറ്റ് വാങ്ങി തുറന്നു നോക്കി… അതിമനോഹരമായൊരു ഫ്രോക്കായിരുന്നു അതിൽ…

ഓർമ വെച്ചതിനു ശേഷം ജീവിതത്തിലാദ്യമായിട്ടായിരുന്നു അവൾക്കു പിറന്നാളിനൊരു സമ്മാനം കിട്ടുന്നത്.. അതു കൊണ്ട് തന്നെ അവൾ സന്തോഷം കൊണ്ട് തുള്ളിചാടി..

നബീസുമ്മ തന്നെ അവളെ അത് ധരിപ്പിച്ചു.. അനിതെ മോളെ ഞാൻ കൊണ്ടു പോവുകയാണ് ഇന്ന് അവളുടെ പിറന്നാൾ എന്റെ വീട്ടിലാണ് ആഘോഷിക്കുന്നത്…

നബീസുമ്മ അനിതയുടെ മനസ്സ് മനസ്സിലാക്കി കാർത്തുവിനെയും കൊണ്ട് പോയി…

കാർത്തു വളരെ സന്തോഷവതിയായിരുന്നു… കാരണം ജീവിതത്തിലാദ്യമായി അവളുടെ പിറന്നാൾ കേക്കും, സദ്യയുമായി ആഘോഷിക്കുന്നത്..

ഉച്ചക്ക് കർത്തുവിനൊപ്പം പിറന്നാൾ സദ്യയുണ്ണുമ്പോൾ അനിത ഓർക്കുകയായിരുന്നു.. ആറു മാസങ്ങൾക്കു മുമ്പ്… അജിക്കൊപ്പം ആദ്യമായി സ്വന്തമാക്കിയ ഈ മണ്ണിലേക്ക് കാലെടുത്ത് വെക്കുമ്പോൾ.. ആകെ ആശ്രയമായിരുന്നത് നബീസുമ്മയുടെ കുടുംബമായിരുന്നു

അന്ന് മുതൽ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് അവർ തന്നെയും മോളെയും, അജിയേട്ടനെയും കണ്ടിട്ടുള്ളു… അജിയുടെ പേര് ഓർത്തതും അവളുടെ ഉള്ളിൽ പകയും ദേഷ്യവും അമർഷവും നുരഞ്ഞുപൊന്തി..

ഇനിയൊരു നിമിഷം ഈ മനുഷ്യന്റെ കൂടെ ഞാൻ താമസിക്കുന്നില്ല… ഇത്രയും കാലം അനുഭവിക്കാത്ത നരകയാതനകൾ ഇല്ല ഇനി വയ്യ.. അവൾ മനസ്സിലുറപ്പിച്ചു…

എല്ലാത്തിനും ഒരു തീരുമാനം എടുത്ത പോലെ.ആയിരുന്നു വാതിൽപ്പടിയിൽ അജി കാത്തിരുന്നത്… ഉച്ചകഴിഞ്ഞ്.. അജി നിലത്തുറയ്ക്കാത്ത കാലുകളുമായാണ്…. കയറി വന്നത്…

അയാൾ ഉമ്മറത്തിണ്ണയിലേക്ക് വീഴും പോലെ ഇരുന്നു.. അനിതയുടെ ഉള്ളിൽ പക നുരഞ്ഞു പൊന്തി…. എന്റെ കുഞ്ഞിന്റെ കമ്മൽ വിറ്റു കിട്ടിയ കാശിനാകും കുടിച്ചു മറിഞ്ഞു വന്നേക്കുന്നു…

അപ്പോഴേക്കും അച്ഛാ എന്ന വിളിയോടെ കാർത്തു അയാളുടെ അടുത്തേക്ക് പറന്നെന്നപോലെ വന്നു…

അച്ഛെടെ പൊന്നു പൊന്നുമോൾക്ക് അച്ഛൻ എന്തൊക്കെയാ കൊണ്ടുവന്നതെന്ന് നോക്കൂ.. കേക്ക് ഉണ്ട് പുതിയ ഉടുപ്പ് ഉണ്ട്.. അയാൾ നാവു കുഴഞ്ഞു പറഞ്ഞുകൊണ്ടേയിരുന്നു.

അനിതക്ക് അതെല്ലാം വാങ്ങി അകലേക്കെറിയണമെന്ന് തോന്നി പക്ഷേ സന്തോഷംകൊണ്ട് ചിരിക്കുന്ന തന്റെ മക്ളുടെ മുഖത്തു നോക്കിയപ്പോൾ അങ്ങനെ ചെയ്യാൻ അവൾക്ക് തോന്നിയില്ല..

കാർത്തു തനിക്ക് കിട്ടിയ സമ്മാനവുമായി നബീസുമ്മയുടെ വീട്ടിലേക്ക് തന്നെ തിരികെ പോയി…

അനിത മെല്ലെ അയാളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു അജിയേട്ടാ അലമാരിയിൽ വച്ചിരുന്ന കമ്മൽ എടുത്തോ…

അയാൾ ഒന്നു പതറി…. കുടിച്ചിരുന്നതത്രയും ആവിയായി പോയപോലെ… എങ്കിലും പതർച്ച മറച്ച് അയാൾ പറഞ്ഞു..കമ്മലോ ഏതു കമ്മൽ ഞാൻ ആരുടെയും കമ്മലും, മാലയുമൊന്നും എടുത്തില്ല.

എങ്കിൽ പിന്നെ ഞാൻ അലമാരയിൽ വച്ച് കമ്മൽ ആരെടുത്തു… നിങ്ങൾ രാവിലെ അലമാരയുടെ മുൻപിൽ നിന്നു പതുങ്ങുന്നതു കണ്ടപ്പോഴേ എനിക്ക് തോന്നിയതാണ്…

മിണ്ടാതിരിയെടി അസത്തെ… എനിക്ക് മേലെ ശബ്ദമുയർത്താറായോ നീ… അയാൾ അവളുടെ വാ അടപ്പിക്കാൻ നോക്കി

അനിതയുടെ സർവ്വനിയന്ത്രണങ്ങളും വിട്ടു അവൾ പാഞ്ഞു ചെന്ന് അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി ഉലച്ചു

നിങ്ങളൊരു അച്ഛനാണോ.. നിങ്ങളൊരു ഭർത്താവാണോ… സ്വന്തം ഭാര്യയേയും കുഞ്ഞിനേയും ആഗ്രഹങ്ങൾ അറിയാൻ വയ്യാത്ത നിങ്ങൾ ഒരു മനുഷ്യനാണോ…

ഞാൻ എന്ത് കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ എന്റെ കുഞ്ഞിനു ആ കമ്മൽ വാങ്ങിയത്.. അവളുടെ കാതിൽ ഒരു കമ്മലിട്ടു കാണാൻ ഞാൻ എന്തൊരു കൊതിച്ചതാണ്. ഉറുമ്പു കൂട്ടുന്ന പോലെ ഓരോ രൂപായും കൂട്ടി കൂട്ടി വെച്ച് വാങ്ങിയതാണ്..

പക്ഷേ അത് എന്റെ കുഞ്ഞിന്റെ കാതിലിട്ടു കാണാനുള്ള ഒരു ഭാഗ്യം നിങ്ങൾ എനിക്ക് തന്നില്ല നിങ്ങളൊരു ദുഷ്ടനാണ്.. നിങ്ങളല്ലേ അതു എടുത്തതു പറ… അവൾ ദേഷ്യം കൊണ്ട് ജ്വലിച്ചു… അയാളെ പിടിച്ചുലച്ചു.

അപ്പോഴേക്കും നബീസുമ്മയും അവരുടെ മകനും അവിടെ ഓടിയെത്തി… അനിതെ നീ എന്താ ഈ കാട്ടുന്നത് അവനെവിടു… കുടിച്ച് വെളിവില്ലാതെ നിൽക്കുന്നവരോട് ഇപ്പോൾ ഒന്നും ചോദിക്കേണ്ട… എല്ലാത്തിനും നമുക്ക് ഒരു സമാധാനം ഉണ്ടാക്കാം.. നീ ഒന്നു ക്ഷമിക്കു മോളേ

ഇല്ല ഉമ്മാ ഞാൻ ഒരുപാട് സഹിച്ചു ക്ഷമിച്ചു ഇനിയും എനിക്ക് ഇങ്ങനെ മുന്നോട്ടു പോകാൻ വയ്യ.. ജീവിതത്തിൽ ഒരു ദിവസത്തെ സന്തോഷവും സമാധാനവും ഇയാൾ എനിക്ക് തന്നിട്ടില്ല..

എന്നോട് പോട്ടെ സ്വന്തം മക്കളോട് പോലും നീതിപുലർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് അച്ഛൻ എന്ന് പറഞ്ഞു നടക്കുന്നത്..

ഇന്നത്തോടെ ഈ ജീവിതം ഞാൻ മതിയാക്കുവാണ്… ഒരുപാട് തവണ എന്റെ ദുരിതം അറിഞ്ഞു.. എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്ന അച്ഛനെയും അമ്മയെയും ഞാൻ നിരാശയോടെ മടക്കി വിട്ടിട്ടേയുള്ളൂ

പക്ഷേ ഇന്ന് ഞാൻ സ്വയം ആ തീരുമാനം എടുക്കുന്നു ഞാൻ പോവുകയാണ് എന്റെ വീട്ടിലേക്ക്.. അനിത കണ്ണുനീർ തുടച്ചു കൊണ്ട് അകത്തേക്ക് പോയി നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പെട്ടി എടുത്തു കൈയിൽ പിടിച്ചു വാ മോളെ നമുക്ക് പോകാം..

അവൾ കാർത്തുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു.. അപ്പോഴും.. ആ കുഞ്ഞുകൈകളിൽ അവളുടെ അച്ഛൻ കൊടുത്ത സമ്മാനപ്പൊതി ഉണ്ടായിരുന്നു..

അനിതെ നിൽക്കൂ നിന്റെ ഉമ്മയാ പറയുന്നത് അവർ അവളുടെ പിന്നാലെ ചെന്നു.

അരുത് ഉമ്മ…. തടയരുത്… ഇന്നേവരെ ഞാൻ എല്ലാ സഹിച്ചു… പക്ഷേ ഇത് ഒരിക്കലും എനിക്ക് പൊറുക്കാൻ കഴിയില്ല എന്നോട് ക്ഷമിക്കണം ഇനി ഒരുനിമിഷംപോലും ഞാനിവിടെ നിൽക്കുകയില്ല…

അവളുടെ വാശിക്ക് മുമ്പിൽ പിന്നെ ആരും ഒന്നും പറഞ്ഞില്ല എന്തായാലും നീ ഈ സമയത്ത് തനിച്ചു പോകേണ്ട…. ബഷീറേ..നീ ഇവളെയും.. കുഞ്ഞിനെയും അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് വാ…

കാലം വല്ലാത്തതാണ് മനുഷ്യന്മാർക്ക് എപ്പോഴാ മനസ്സിൽ സെത്താൻ കൂടാ അറിയില്ല… ഇവളെ മോളെയും തനിച്ചു വിട്ടിട്ടു നമ്മളെങ്ങനാ സമാധാനത്തോടെ കുടിൽ കുത്തിരിക്കുന്നു… വല്ല വേണ്ടാത്ത ബുദ്ധി തോന്നിയാലോ… നീ അവളെ വീട്ടിലാക്കിട്ടു പോന്ന മതി ..

ശെരി ഉമ്മാ.. അവരുടെ വാക്കുകൾ കേട്ട ബഷീർ അനിതയെ മോളെയും കാറിൽ കയറ്റി യാത്രയായി..

ആ വീടിന്റെ തിണ്ണയിൽ അനാഥനെ പോലെ അജി തലയും കുനിച്ചിരുന്നു അവളോട് പോകരുതെന്ന് യാചിക്കണമെന്നുണ്ടായിരുന്നു പക്ഷേ ചെയ്തുപോയ പ്രവർത്തിയുടെ.. കുറ്റബോധം അയാളുടെ നാവിനെ ബന്ധിച്ചു…

ഒന്നും മിണ്ടാതെ നബീസുമ്മ അജിയുടെ അടുത്തേക്ക് വന്നു. .

വിളക്ക് പോലൊരു പെണ്ണിനെ കിട്ടിയിട്ട് അതിനെ സംരക്ഷിക്കാൻ കഴിവില്ലാത്ത നീയൊക്കെ ഒരു ആണോടാ.. എത്ര ആഗ്രഹിച്ചാണ് എന്നറിയുമോ അവളാ കമ്മൽ നിന്റെ മോൾക്ക് വാങ്ങിച്ചത്.

ഇന്ന് രാവിലെ അതിന്റെ കണ്ണുനീർ…. ഓർത്തിട്ടു എനിക്ക് സഹിക്കാൻ വയ്യ എനിക്കുമുണ്ട് മക്കളും മരുമക്കളും കൊച്ചുമക്കളും .മനുഷ്യനായാൽ കുടുംബബന്ധങ്ങൾ. അറിഞ്ഞു ജീവിക്കണം..

സാത്താൻ ബാധിച്ച നിന്നോടൊന്നും അത് പറഞ്ഞിട്ട് കാര്യമില്ല ഇനി നിനക്ക് തോന്നിയപോലെ ജീവിക്കാ.. ഞാൻ പോണു.. അവർ തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്നു…..

** കാർത്തു വിന്റെ കൈയ്യും പിടിച്ച് ആ വീടിന്റെ പടിപ്പുര വാതിൽ കടക്കുമ്പോൾ തന്നെ അനിത കണ്ടിരുന്നു… ആ വീടിന്റെ ഉമ്മറത്തിണ്ണയിൽ തെളിഞ്ഞു കത്തുന്ന നിറദീപങ്ങൾ…

ഇന്ന് തൃക്കാർത്തിക ആണല്ലോ പണ്ട് ഇവിടെ ദീപം തെളിയിക്കാൻ… പരസ്പരം മത്സരമായിരുന്നു ഏട്ടനും താനും…ശെരിക്കും പറഞ്ഞാൽ ആ കാലത്തിലാണ് സന്തോഷവും സമാധാനവും എന്തെന്ന് അറിഞ്ഞിട്ടുള്ളത്.തന്റെ കല്യാണത്തോടെ എല്ലാം പോയി മറഞ്ഞു

അനിതേ പിന്നാലെ വന്ന ബഷീർ അവളെ വിളിച്ചു… അവിടെ നടന്നതൊന്നും തൽക്കാലം ഇവിടെ അറിയേണ്ട വെറുതെ എന്തിനാ ഇവരെക്കൂടി വിഷമിപ്പിക്കുന്നത്..

എത്രയൊക്കെയായാലും കാർത്തുമോളുടെ അച്ഛനല്ലേ തള്ളിക്കളയാൻ പറ്റില്ല.. നിങ്ങളുടെ പിണക്കം ഇന്നല്ലെങ്കിൽ നാളെമാറും പക്ഷേ ഇവരുടെയൊക്കെ മനസ്സിൽ ഒരു കരട് വീണാൽ മാറാൻ വളരെ പ്രയാസമായിരിക്കും.. നിന്റെ ഏട്ടനാണ് പറയുന്നത് എന്ന് കരുതിയാൽ മതി ബഷീർ പറഞ്ഞുനിർത്തി.

അനിത മെല്ലെ തലയാട്ടി.. വാ നിന്നെ കൊണ്ടു വന്ന് അവിടെ വിട്ടിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ…

അവർ കയറിച്ചെല്ലുമ്പോൾ… തുളസിത്തറയിലെ അവസാന ദീപവും തെളിയിച്ചു കഴിഞ്ഞിരുന്നു അനിതയുടെ അമ്മ സുഭദ്ര,.

വിളക്ക് തെളിച്ചു നിവർന്നതും കണ്ണ് മുന്നിൽ നിൽക്കുന്ന നിഴൽ രൂപങ്ങളെ കണ്ടു ഒന്നു പതറി… ഒരു നിമിഷം വേണ്ടി വന്നു അത് അനിതയാണ് എന്ന് തിരിച്ചറിയാൻ..

മോളേ എന്ന വിളിയോടെ അവർ വേഗം അവളുടെ അടുത്തേക്ക് നടന്നെത്തി…

അനിത നിറമിഴിയോടെ അമ്മയെ നോക്കി നിന്നു.. പിന്നെ അമ്മേ എന്നൊരു നിലവിളിയോടെ അവരെ കെട്ടിപിടിച്ചു..

പതിവില്ലാതെ മകളുടെ കയറി വരവ് സുഭദ്രയിൽ സന്തോഷം നിറച്ചു പക്ഷെ അതിനു അധിക നേരം.. ആയുസ്സ് ഉണ്ടായിരുന്നില്ല അവളുടെ മുഖം വല്ലാതെയിരിക്കുന്നത് കണ്ടു സുഭദ്ര അവളെ പിടിച്ചു നിർത്തി..

എന്ത് പറ്റി മോളെ അജിയുമായ് വഴക്കിട്ടോ.

അവളൊന്നും പറഞ്ഞില്ല.. അച്ഛനവിടെ. ..

ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്ത് പോയതെ ഉള്ളു..

എങ്കിൽ ഞാനിറങ്ങുന്നു അനിതെ…സുഭദ്രാമയുടെ സ്നേഹം നിറഞ്ഞ ക്ഷണം പിന്നെ ഒരു ദിവസത്തേയ്ക്ക് മാറ്റി വെച്ചു ബഷീർ യാത്ര പറഞ്ഞു പോയി

വാ മക്കളെ സുഭദ്രാമ്മ അവരെ കൊണ്ടു അകത്തേയ്ക്കു പോയി…

വീട്ടിൽ നടന്ന കാര്യം അവളാരോടും പറഞ്ഞില്ല…..കാർത്തു മോളെയോടും പറഞ്ഞു മനസ്സിലാക്കി… സ്വന്തം ഭർത്താവിനെ മറ്റുള്ളവരുടെ മുന്നിൽ കുറ്റക്കാരാൻ ആക്കേണ്ട എന്നായിരുന്നു

എല്ലാം തുറന്നു പറയാൻ തന്നെയായിരുന്നു വന്നത്… ഇവിടെ കയറി വന്നപ്പോൾ മുതൽ എന്തോ ഒരു അന്യതാ ബോധം അവളെ വല്ലാതെ ബാധിച്ചു

സ്വന്തം വീട് ഇതല്ലെന്നൊരു തോന്നാൽ എത്രയും വേഗം തിരിച്ചു പോണം ആരും ഒന്നും അറിയേണ്ട താലി കെട്ടിയ പുരുഷനല്ലേ എല്ലാം അനുഭവിക്കുക തന്നെ ചെയ്യാം..

എന്തിനാ അച്ഛനേയും അമ്മയേയും സ്വന്തം അനിയനേയും ബുദ്ധിമുട്ടിക്കുന്നു കല്ല്യാണം കഴിഞ്ഞ ഒരു പെണ്ണിന്റെ ജീവിതം ഭർത്താവിൻെറ കൂടെ ആയിരിക്കും പിന്നീട് എല്ലാം അയാളൊത്ത് സ്വന്തം വീടു പോലും അതായിരിക്കണം..അവളുടെ വീട്ടിൽ വല്ലപ്പോഴും വരുന്നൊരു വിരുന്നുകാരി മാത്രമാകും

സ്വന്തം വീട്ടിൽ വനു നിന്നാലോ നാട്ടുക്കാരുടെ ചോദ്യത്തിന് മുന്നിൽ സ്വന്തം വീട്ടുകാർ അപമാനിക്കപ്പെടും അതിനാൽ ഞാൻ കാരണം അനിയൻെറ ജീവിതം കൂടെ ഇല്ലാതക്കേണ്ട ഓർത്തു അനിത നാളെ തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു ആരും ഒന്നു അറിയേണ്ടതില്ലാ .

ചേച്ചി നാളെയൊന്നും പോണില്ലോ കുറിച്ച് ദിവസം നിന്നിട്ട് പോയമതി.. പെട്ടെന്ന് ഉണ്ടായ അനിയൻെറ ചോദ്യത്തിൽ തെല്ലൊന്നു വിറച്ചു..

ടാ… അത് പറ്റില്ലാ ഞാൻ നാളെ തന്നെ വീട്ടിൽ പോകും. അവിടെ ഒരുപാട് ജോലികൾ ഉള്ളതല്ലേ… മാത്രമല്ല ഇത്രയും ദിവസം അടിച്ചു വാരാതെ കിടന്നാൽ വീട് നശിച്ചു പോകില്ലേ

പിന്നെ എന്തിനാടി നീ ധൃതി പിടിച്ച് ഇങ്ങോട്ട് വന്നതു… ചേച്ചി സത്യം പറഞ്ഞോ അജിയേട്ടൻ വല്ലതും പറഞ്ഞോ..വഴക്കുണ്ടായോ..

അങ്ങനെ ഒന്നുമില്ല ടാ ഞാൻ നിങ്ങളെ ഒന്നു കാണാന്ന് വച്ചു….കുറെ നാളായില്ലേ ഞാൻ എല്ലാരേയും ഒന്നു കണ്ടിട്ട് എന്തായാലും നാളെ തന്നെ ചേച്ചിക്ക് തിരിച്ചു പോണം.

പിന്നെ അനിൽ അവളോട് ഒന്നും ചോദിച്ചില്ല..

കുറച്ചു നിമിഷം കഴിഞ്ഞതും കൈയ്യിലൊരു കവറും ആയി അജി കയറീ വന്നു…

ആരും ഒന്നും അറിയേണ്ട കരുതി അനിത അയാളുടെ അടുത്തേക്ക് ചെന്നു. കൈയ്യിലെ കവർ വാങ്ങി..

ആ നിങ്ങളെല്ലെ ഏട്ടാ വരുന്നില്ല പറഞ്ഞതു എന്നോട് മോളോടും പൊയിക്കോളാൻ പറഞ്ഞു.. ഇതുപ്പോൾ നല്ല ആളാ…

അജി അവളുടെ മുഖത്തേയ്ക്കു ദയനീയമായ ഒന്നു നോക്കി….

നീ എന്തുവാടി അളിയൻ വന്നപ്പോൾ തന്നെ ചോദ്യം ചോദിച്ചു ഓടിക്കുവാണോ… കേറി വാ അളിയാ.. അനിൽ അജിയെ അകത്തേക്ക് വിളിച്ചു .. അനിത അമ്മയ്ക്കൊപ്പം അടുക്കളയിലേക്ക് പോയി…

അന്ന് രാത്രി കിടക്കുമ്പോൾ അവൾ അയാൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു കിടക്കുകയായിരുന്നു .അവളുടെ അരികിലേക്ക് നീങ്ങി അവളുടെ കൈയ്യിൽ കൈവച്ചു..

നീ ഉറങ്ങിയോ .

ഇല്ലാ.. ഉറങ്ങാറില്ല എനിക്ക് ഉറക്കം വരില്ലെന്ന് നിങ്ങൾക്കറിയില്ലെ എൻറെ ഉറക്കം വിശപ്പ് എല്ലാം എനിക്ക് നഷ്ടപ്പെട്ടിട്ടു നാളുകളെറെയായി ..

നീ എന്നോട് ക്ഷമിക്കണം ഞാൻ മോളുടെയാണെന്നറിയാതെയാണ് ആ കമ്മൽ എടുത്തു കൊണ്ട് പോയത്

അത് നീ കരുതുംപോലെ കുടിച്ചു നശിപ്പിച്ചുകളഞ്ഞതല്ല…

എന്റെ ഒരു കൂട്ടുകാരനും, കുടുംബവും ആത്മഹത്യായ്ക്ക് ശ്രമിച്ചു ഹോസ്പിറ്റലിലായിരുന്നു.. അവരുടെ ജീവൻ രക്ഷിക്കാനായിരുന്നു…

സ്നേഹിച്ചു കെട്ടിയവരാ… അതുകൊണ്ട് തന്നെ രണ്ടു വീട്ടിലും കയറ്റിയില്ല.. രണ്ടും നല്ല സാമ്പത്തികമുള്ള വീട്ടിലെയാ.. ഇപ്പോൾ വിവരം അറിഞ്ഞു അവരൊക്കെ എത്തിട്ടുണ്ട്..

നീ വിഷമിക്കണ്ട ഞാൻ കമ്മൽ പണയം വെച്ചിട്ടുണ്ട് എങ്ങനെ എങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ അത് തിരികെയെടുത്തു തരാം

നീ എന്നോട് പിണങ്ങല്ലേ ടി.. . നീയും മോളും ഇല്ലാത്ത വീട്ടിലേ ശൂന്യത എന്നെ ഭ്രാന്ത് പിടിപ്പിച്ചു അതാണ് ഞാൻ ഇവിടെയ്ക്ക് വന്നത്

നീ..ഇവിടെയാരോടെലും പറഞ്ഞോ ..

ഇല്ലാ.. ഞാനാരോടും പറഞ്ഞില്ല..എൻറെ ഏട്ടനെ ആരുമൊന്നും പറയുന്നത് എനിക്കിഷ്ടമല്ലെന്നറിയില്ലേ ..

ഇത്രയൊക്കെയായിട്ടും ഞാനിങ്ങനെ ക്ഷമിക്കുന്നതു . മോളേയോർത്തു മാത്രമാണ്.. എനിക്ക് നിങ്ങളല്ലാതെ വേറാരുമില്ല..

നിങ്ങൾക്ക് വല്ലതും സംഭവിച്ച പിന്നെ ഞാനും മോളും ജീവിച്ചിരിക്കില്ല…

മൂക്കിൽ നെരിപ്പാട് എരിഞ്ഞു കയറിയത് അയാൾ അറിഞ്ഞു കണ്ണിൽ നിന്നും ചൂട് കണ്ണുനീർ വീണു ഉടഞ്ഞു അയാൾ അനിതയെ ചേർത്തു പിടിച്ചു അവൾ ആയാളിലേക്ക് ചേർന്നു കിടന്നു…

പിറ്റേന്ന് തന്നെ അജിടെ കൂടെ അനിത വീട്ടിലേക്ക് മടങ്ങി…പിന്നീടുള്ള അയാളിലെ മാറ്റം അവളുടെ മനസ്സിനെ ഒന്നു തണുപ്പിച്ചു

ജോലി കഴിഞ്ഞു നേരത്തെ വീട്ടിലെത്തും എന്നിട്ട് മോൾടെ കൂടെ കളിയും ചിരിയുമായി കൂടും.. അനിതയ്ക്ക് തന്റെ ജീവിതത്തിൽ നഷ്ടപെട്ടു പോയ നിമിഷങ്ങൾ തിരിച്ചു വരുന്നതായി തോന്നി

ഒരു ദിവസം പതിവിലുമേറെ വൈകിയാണ് അജി വീട്ടിൽ വന്നത്.

എന്താ ഏട്ടാ ഇന്ന് ഇത്രയും വൈകി..

ഞാൻ ടൗണിൽ വരെയൊന്നു പോയി. ആ നീ ചോറെടുത്ത് വെക്ക് നല്ല വിശപ്പ് നീ കഴിച്ചോ..

ഇല്ല മോള് കഴിച്ച് ഉറങ്ങി..ഞാനെട്ടൻ വരട്ടെ വച്ചു..

ഊണ് കഴിഞ്ഞു.. അടുക്കള ഒതുക്കി വന്ന അവളുടെ കൈയിലേയ്ക്ക്… അയാൾ പോക്കെറ്റിൽ നിന്നും ഒരു പൊതിയെടുത്തു വച്ചു..

എന്താ ഇത്…

തുറന്നു നോക്ക്… ആ പൊതി അഴിച്ചു നോക്കിയ അനിതയുടെ കണ്ണുകൾ തിളങ്ങി.. താൻ മോൾക്ക് വാങ്ങിയ കമ്മൽ.. ഏട്ടാ… ഇത്..

അതെ ഞാൻ എടുത്തു കൊണ്ട് പോയ കമ്മൽ തന്നെ… ഞാൻ കൊടുത്ത പൈസ എന്റെ കൂട്ടുകാരന്റെ അച്ഛൻ തിരിച്ചു തന്നു . അതു മാത്രമല്ല… എന്റെ കൈയിൽ നിന്നും അവൻ പലപ്പോഴായി വാങ്ങിയ കാശും അതിന്റെ പലിശയും ഒക്കെ ചേർത്ത് ഒരു വലിയ തുക തന്നു.. ഞാൻ വേണ്ടെന്നു എത്ര പറഞ്ഞിട്ടും അവര് കേട്ടില്ല…

അജി മറ്റൊരു പൊതിയെടുത്തഴിച്ചു അതിൽ നിന്നൊരു മാലയെടുത്തുയർത്തി… ബാക്കി വന്ന പൈസയ്ക്ക് ഞാനൊരു മാല വാങ്ങി നിനക്കു..

നിന്റെ ആഭരണങ്ങൾ വിറ്റല്ലേ നമ്മളീ വീട് വാങ്ങി… നൂല് പോലുള്ള ഈ മാലയിട്ട് നീ നടക്കുമ്പോൾ എന്റെ നെഞ്ചു പിടയുവായിരുന്നു..

അവൻ തന്നെ ആ മാല അവളുടെ കഴുത്തിലിട്ടു കൊടുത്തു.. ഏട്ടാ.. എന്നൊരു വിളിയിൽ അനിതയുടെ കണ്ണുകൾ നിറഞ്ഞു..

നീ കരയണ്ട നിനക്കു നഷ്ടപെട്ടത് ഓരോന്നായി ഞാൻ തിരിച്ചു തരും…

ഇന്നു എനിക്കതു ഉറപ്പിച്ചു പറയാൻ സാധിക്കും കാരണം…ഈ പൈസയുടെ കൂടെ അവന്റെ അച്ഛൻ അവരുടെ കമ്പിനിയിൽ എനിക്കൊരു ജോലിയും തന്നു..

നിന്റെ കണ്ണീരും പ്രാർത്ഥനയും ഈശ്വരൻ കേട്ടു… നീ… നീയാണെന്റെ ഭാഗ്യം..അനിത പൊട്ടി കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേയ്ക്ക് വീണു.. അവളുടെ കണ്ണുനീർ അയാളുടെ നെഞ്ചിലൂടെ ഊർന്നിറങ്ങി… ✍️

തൽക്കാലം ശുഭം…🙏

തെറ്റുകളില്ലാത്ത മനുഷ്യർ ഇല്ല… സ്നേഹം കൊണ്ടും, ക്ഷമ കൊണ്ടും ഏതു മനസ്സും കീഴടക്കാൻ സാധിക്കും… പരസ്പരം ക്ഷമിക്കാൻ കഴിഞ്ഞാൽ ഏതു ജീവിതവും മനോഹരമാകും

രചന: മനു പി എം

Leave a Reply

Your email address will not be published. Required fields are marked *