ഹൃദയാനുരാഗം…

രചന: ശരത്ത്

ഹോസ്പിറ്റൽ മുറിയിൽ അപകടം പറ്റിക്കിടക്കുമ്പോൾ ആണ് ആദ്യമായി ദേവൻ അവളെ കണ്ടത്. ധാവണി ചുറ്റി നടന്നിരുന്ന ഒരു നാട്ടിൻപുറത്തുകാരി പെണ്ണ്. പ്രായം ചെന്ന പലരോഗികളും അവളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്നത് കണ്ടപ്പോൾ അവന് വല്ലാത്ത കൗതുകം തോന്നിയിരുന്നു . അങ്ങനെയാണ് തന്നെ ശ്രുശൂഷിക്കുന്ന നഴ്സിൽ നിന്ന് അവളെക്കുറിച്ച് കൂടുതൽ അറിയാൻ അവൻ ശ്രമിച്ചത്.

സുപ്രീയ അതായിരുന്നു അവളുടെ പേര്. അനാധാലയത്തിൽ വളർന്ന അവൾക്ക് ആകെയുള്ള സ്വന്തം എന്ന് പറയുന്നത് അവളെ സ്നേഹിക്കുന്ന ഇവരെപ്പോലെയുള്ള ആരോരുമില്ലാത്തവർ ആണെന്നും ജോലി ചെയ്ത് കിട്ടുന്ന കാശിന്റെ മുക്കാൽ ഭാഗവും അവൾ ചിലവാക്കുന്നത് ഇവിടെ വരുന്ന നിർധനരായവർക്ക് വേണ്ടി ആണെന്നും ആ നഴ്‌സ് പറഞ്ഞപ്പോൾ ശരിക്കും അവളോട് തോന്നിയത് ബഹുമാണോ പ്രണയമാണോ എന്നവന് അറിയില്ലായിരുന്നു. പിന്നീടുള്ള ഓരോ ദിവസവും അവൻ അവളെ കാത്തിരുന്നു. എന്നും രാവിലെ അവൾ വരും , വൈകുന്നേരം വരെ അവർക്കൊക്കെ ഒപ്പം ചിലവഴിക്കും , അവളുടെ കളിചിരികളെ അവൻ പോലുമറിയാതെ ആ ദിവസങ്ങളിൽ അവൻ പ്രണയിച്ചു തുടങ്ങിയിരുന്നു. നല്ല ശ്രീത്വം ഉള്ള കുട്ടി അല്ലെ അമ്മേ… അമ്മയോട് അത് പറയുമ്പോൾ അമ്മയും ഒന്ന് പുഞ്ചിരിച്ചു. ഞാനും നിന്നോട് പറയാൻ ഇരിക്കുവായിരുന്നു. നല്ല കുട്ടി.. എനിക്കും ഇഷ്ടായി. അതും പറഞ്ഞ് അമ്മ ചെറുതായി പുഞ്ചിരിച്ചു.

അവൾ മരുമകളായി വീട്ടിലേക്ക് വരുന്നതിൽ അമ്മക്ക് എന്തെങ്കിലും വിരോധം ഉണ്ടോ?? .. മടിയോടെ അവൻ അത് ചോദിക്കുമ്പോൾ ‘അമ്മ പുഞ്ചിരിയോടെ അവനെ നോക്കുക മാത്രമേ ചെയ്തുള്ളൂ. നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് നീ ഇന്നലെ നഴ്സിനോട് അവളെക്കുറിച്ച് തിരക്കിയപ്പോളെ എനിക്ക് തോന്നിയിരുന്നു. എനിക്ക് സന്തോഷമേ ഉള്ളു മോനെ ഇത് പോലൊരു കുട്ടിയെ കിട്ടുക എന്ന് വച്ചാൽ ഭാഗ്യമാണ്. അത് പറഞ്ഞ് ആ അമ്മ അവന്റെ നെറുകയിൽ തലോടുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

അല്ല മോനെ നമുക്ക് മാത്രം ഇഷ്ടമായിട്ട് കാര്യമില്ലല്ലോ , ആ മോളുടെ മനസ്സ് അറിയണ്ടേ??? ‘അമ്മ സംശയത്തോടെ ചോദിക്കുമ്പോൾ ആണ് അവനും അതിനെക്കുറിച്ച് ചിന്തിച്ചത്.

അമ്മ വിഷമിക്കണ്ട ഞാൻ തന്നെ അവളോട് ചോദിക്കാം….

അങ്ങനെ 2,3 ദിവസങ്ങൾ കൂടി കടന്ന് പോയി. എന്നും അവളെ കാണും , അവർക്കൊപ്പം ഉള്ള ഓരോ നിമിഷവും അവന്റെ മനസ്സിൽ അവൾ ആഴത്തിൽ പതിഞ്ഞു കൊണ്ടിരുന്നു.

ഡിസ്ചാർജ് ആകാൻ പോകുന്നതിന്റെ തലേ ദിവസം അവൻ അവളോട് തന്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചു. വൈകുന്നേരം അവൾ പോകാൻ സമയത്ത് അവനും അവൾക്ക് പുറകെ പുറത്തേക്ക് നടന്നു.

കുട്ടി…. ഒന്ന് നിക്കുവോ… ദേവന്റെ ശബ്ദം കേട്ട് നിന്ന അവൾ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി.

തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. അവൻ മുഖവര പോലെ പറഞ്ഞു.

എന്താ പറഞ്ഞോളൂ…

എനിക്ക് തന്നെ ഇഷ്ടമാണ്… തന്റെ കാര്യങ്ങൾ ഒക്കെ നഴ്‌സ് പറഞ്ഞ് എനിക്ക് അറിയാം. അതൊക്കെ അറിഞ്ഞു തന്നെയാ സ്നേഹിച്ചത്. അച്ഛൻ മരിച്ചു ,വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മക്കും തന്നെ ഇഷ്ടമായി…. ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി അവൻ അവളുടെ മുഖത്തേക്ക് നോക്കി.

എല്ലാം കേട്ട് മൗനമായി നിൽക്കുകയായിരുന്ന അവളുടെ മുഖത്തെ പുഞ്ചിരി മായുന്നത് അവൻ ശ്രദ്ധിച്ചു.

എന്നെക്കുറിച്ച് എന്ത് അറിഞ്ഞിട്ടാ താൻ ഈ സംസാരിക്കുന്നത്??.. ആ നഴ്‌സ് പറഞ്ഞ കാര്യങ്ങൾ ആണെങ്കിൽ അതിലൊന്നും പെടാത്ത ഒരു ഭൂതകാലം എനിക്കുണ്ട്. ഇവിടെ ആർക്കും അറിയാത്ത ഒന്ന്. ഞാൻ ഇവിടെ വന്നിട്ട് ഇപ്പോൾ 3 മാസങ്ങൾ ആകുന്നതെ ഉള്ളു… അതിന് മുമ്പ് ബാംഗ്ലൂർ നഗരത്തിൽ വച്ച് 4 പേരാൽ പിച്ചിച്ചീന്തപ്പെട്ട ഒരു പെണ്ണാണ് ഞാൻ.. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

മരിക്കണം എന്ന് കരുതിയതാണ് പലവട്ടം, പിന്നെ ചിന്തിച്ചു എന്തിന് മരിക്കണം എന്ന്. താൻ ഇപ്പോ കണ്ടില്ലേ ഈ ജീവിതം,ഇത് ഞാൻ സ്വയം തിരഞ്ഞെടുത്തതാണ് , ഇവരെ പോലെ ആരോരുമില്ലാത്തവർക്ക് വേണ്ടി മാറ്റി വച്ചതാണ് ഞാൻ എന്റെ ജീവിതം.

ഇപ്പോ തനിക്ക് തോന്നിയ ഈ ഇഷ്ടം മുൻപും പലരും എന്നോട് പറഞ്ഞതാണ്, എന്നാൽ ആരെയും അറിഞ്ഞു കൊണ്ട് ചതിക്കാൻ എനിക്ക് കഴിയില്ല. സത്യങ്ങൾ അറിയുമ്പോൾ പ്രേമത്തോടെ വന്നവർ പുച്ഛത്തോടെ നടന്നകലുന്നത് ഒരുപാട് കണ്ടവളാണ് ഞാൻ. അത്രയും പറഞ്ഞ് അവൾ പുഞ്ചിരിച്ചു. വേദന ഉള്ളിൽ ഒളിപ്പിച്ച മധുരമായ ഒരു പുഞ്ചിരി.

ഇനി പറയ് എന്നെ പോലെ ഒരു പെണ്ണിനെ ആണോ നിങ്ങൾക്ക് വേണ്ടത്???

അവൾ അത് ചോദിക്കുമ്പോൾ ഉത്തരമില്ലാതെ അവൻ പരുങ്ങി.

എന്നാൽ കുറച്ച് നേരത്തെ മൗനത്തിന് ശേഷം കേട്ട അവന്റെ ഉത്തരം അവളെ ഞെട്ടിക്കുന്നതായിരുന്നു.

എനിക്ക് തന്നെ ഇഷ്ടമാണ്…. വീണ്ടും അവന്റെ നാവിൽ നിന്ന് ആ വാക്കുകൾ കേട്ട അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

ഞാൻ സ്നേഹിച്ചത് തന്റെ ശരീരത്തെ അല്ല, അതിനുള്ളിലെ നന്മയുള്ള മനസ്സിനെയാണ്. ആ മനസ്സിൽ ഇത് വരെ ഒരു കളങ്കവും ഏർപ്പെട്ടിട്ടില്ല. ശരീരത്തിനേറ്റ അഴുക്ക് അത് ഒന്ന് കുളിച്ചാൽ മാറുന്നതെ ഉള്ളു. അവൻ ഉറപ്പോടെ പറഞ്ഞു.

അമ്മ… അമ്മ ഇതറിയുമ്പോൾ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?? വിറക്കുന്ന ചുണ്ടുകളോടെ അവളത് ചോദിക്കുമ്പോളേക്കും വാതിലിന്റെ മറവിൽ നിന്ന് എല്ലാം കേട്ട ആ അമ്മ വെളിയിലേക്ക് വന്നു.

മോള് പറഞ്ഞത് എല്ലാം ഞാൻ കേട്ടു. അവന്റെ തീരുമാനം തന്നെയാണ് എന്റേതും, ഞാനും ഒരു പെണ്ണാണ് മോളെ. ഒരു അമ്മ എന്ന നിലയിൽ എനിക്ക് ഇന്ന് അഭിമാനിക്കാം. കാരണം എന്റെ മകൻ തിരഞ്ഞെടുത്തത് തന്നെയാണ് ശരി. മനസ്സുകൊണ്ടും ശരീരം കൊണ്ടും നീ പരിശുദ്ധയാണ് . മറ്റുള്ളവർ ചെയ്ത ഒരു തെറ്റിന് വേണ്ടി കളയാൻ ഉള്ളതല്ല നിന്റെ ഈ ജീവിതം. മരുമകളായി അല്ല എനിക്ക് ഒരു മകളായി തന്നെയാണ് അവൻ നിന്നെ വിളിക്കുന്നത്.

അമ്മയുടെ വാക്കുകൾ കൂടി കേട്ടതോടെ അടക്കി വച്ച അവളുടെ കണ്ണുനീർ അനുസരണയില്ലാതെ പുറത്തേക്ക് ഒഴുകി. കണ്ണീരോടെ ആ അമ്മയുടെ നെഞ്ചിലേക്ക് അവൾ ചേർന്നു..

വൈകാതെ തന്നെ അവൾ നിൽക്കുന്ന അനാഥാലയത്തിൽ ഉള്ളവരുടെ സമ്മതത്തോടെ അവളുടെ കഴുത്തിൽ താലിചാർത്തി സ്വന്തമാക്കുമ്പോൾ സന്തോഷത്തിന്റെ പുതിയൊരു ലോകം തന്നെ അവൻ അവൾക്ക് മുന്നിൽ തുറക്കുകയായിരുന്നു……..

രചന: ശരത്ത്

Leave a Reply

Your email address will not be published. Required fields are marked *