ഒരു സംഭവത്തിന്‌ ശേഷമാണ് ഞാൻ ഇത്രയും ബോൾഡ് ആയതു ലക്ഷ്യബോധം വന്നത്…

രചന: ആതിര

“ഇമ നീ ഇന്നും ലേറ്റ് ആണെ” റൂമിൽ നിന്ന് ഓടി താഴേക്കു വന്നപ്പോഴാണ് ഋതു കൃത്രിമ ദേഷ്യം മുഖത്ത് വരുത്തി പറഞ്ഞത്

“സോറി ഡാ അമ്മയെ വിളിച്ചു ലേറ്റ് ആയതാ ” അവളുടെ സ്കൂട്ടറിൽ കയറുമ്പോൾ ഇമ പറഞ്ഞു

നഗരത്തിലെ പ്രശസ്തമായ കോഫീ ഷോപ്പിന്റെ ചില്ലു വാതിൽ തുറന്നു അവർ അകത്തേക്ക് കയറി

“വന്നോ മാഡംസ്‌ 15 മിനിറ്റ് നമ്മൾ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ” കാർത്തിക് പറഞ്ഞു

“ഈ ഇമ വരണ്ടേ ഒരുങ്ങി ” ഋതു ഇമയുടെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു

“എന്റെ ഇമേ ഏതു പാർട്ടിക്കും നീ ലേറ്റ് ആണല്ലോ ”

“സോറി ഡിയർ ഫ്രണ്ട്സ് അമ്മ വീട്ടിൽ നിന്നു വിളിച്ചു സംസാരിച്ചു ലേറ്റ് ആയതാ ” ഇമ കസേരയിലേക്ക് ഇരുന്നു

“ഡ്യൂട്ടിക്ക് പഞ്ചിങ്നു കറക്റ്റ് സമയത്തു എത്തും ഇമ വേറെ എല്ലായിടത്തും കണക്കാ…….. അതു പോട്ടെ നീതുവേ എല്ലാരും എത്തി നീ ട്രീറ്റ് തുടങ്ങിക്കോ ” അഭയ് പറഞ്ഞു

ഓർഡർ ചെയ്തതനുസരിച്ച് ആഹാരം ടേബിളിൽ നിരന്നു

“അടുത്ത പാർട്ടി ആരുടേയാ ഇമയുടെ ആണോ ഋതുവിന്റെ ആണോ ആരാണ് അടുത്ത കല്യാണപ്പെണ്ണ് ” എബിയുടെ വകയായിരുന്നു ചോദ്യം

“അതെന്താടോ നിങ്ങൾ ആൺപിള്ളേർ കെട്ടിയാൽ ഒക്കത്തില്ലേ ” ഋതു ചോദിച്ചു

“നിര്ബന്ധിക്കുന്നുണ്ട് വീട്ടുകാർ അടുക്കുന്നില്ല ” കാർത്തി പറഞ്ഞു

“എല്ലാരും കൂടി വിചാരിച്ചാൽ അജയ് നെ കെട്ടിക്കാം ഉടനെ പക്ഷെ വിചാരിക്കണം ” നീതു പറഞ്ഞത് കേട്ടു മിണ്ടാതിരുന്ന അജയ് അവളെ രൂക്ഷമായി നോക്കി

“ഞാൻ ഒന്നും പറഞ്ഞില്ല ” നീതു കള്ളച്ചിരിയോടെ പറഞ്ഞു

“ഇമ സീരിയസ് ആയി ഇരിക്കുന്നു എന്ത് പറ്റി “കാർത്തി ചോദിച്ചു

” ഒന്നുല്ലടാ ഞാൻ നിങ്ങൾ പറയുന്ന കേൾക്കുക……. നീ പറ എങ്ങനെ ആണ് നിന്റെ കോൺസെപ്റ്റ് പെണ്ണിനെ കുറിച്ച് ” ഇമ ചോദിച്ചു

” വല്യ ഒരു ആഗ്രഹവും ഇല്ല ആരെയും കൂടി ചുറ്റി നടക്കാത്ത ഒന്നാകണം എന്നുണ്ട് ”

“നീ നല്ലവനായത് കൊണ്ട് അങ്ങനൊന്നും ആഗ്രഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല കാർത്തി ” അവൾ കളിയാക്കി പറഞ്ഞു

“നമുക്ക് അല്ലറ ചില്ലറ ചുറ്റിക്കളി ഒക്കെ ഉണ്ട്‌ എന്നാലും ആഗ്രഹിക്കുമ്പോൾ ഇങ്ങനെ അല്ലേ ആഗ്രഹിക്കു” കാർത്തിയുടെ മുഖത്ത് കള്ളച്ചിരി ഉണ്ടായിരുന്നു

“ശരിയാ ഈ അടക്കം, ഒതുക്കം, വിർജിനിറ്റി, കുലസ്ത്രീ സങ്കല്പം എല്ലാം പെണ്ണിന്റെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാൾ ആണല്ലോ ” ഇമ പറഞ്ഞു

“അങ്ങനല്ല ഇമ… ”

“ആയിക്കോട്ടെ കാർത്തി ഞാൻ വെറുതെ പറഞ്ഞതാ ”

“ഇമ ആർ യു വിർജിൻ നീ ഇങ്ങനെ രോക്ഷം കൊണ്ടത് കൊണ്ട് ചോദിച്ചതാ തെറ്റാണെങ്കിൽ വിട്ടുകള ” അവൻ പറഞ്ഞു

“നിന്റെ നാക്കിനു എല്ലില്ലന്ന് എനിക്കറിയാം കാർത്തി പിന്നേ നീ ചോദിച്ചതിന്റെ ഉത്തരം നോ എന്നാണ് ”

എല്ലാവരും ഒരു നിമിഷം മിണ്ടിയില്ല

“കളിയാക്കുകാണോ നീ വേറെ ആരെങ്കിലും ആണേൽ വിശ്വസിച്ചേനെ നീ…….. ” അഭയ് പറഞ്ഞു

“ഞാൻ സീരിയസ് ആയി പറഞ്ഞതാണ് ബാക്കി കൂടെ കേൾക്ക് “ഇമ പറഞ്ഞു

” എന്താ ഇമ നീ പറയുന്നേ ” ഋതു ചോദിച്ചു

” നിങ്ങളോടൊന്നും പറയാത്ത ഒരു കാര്യം ഉണ്ട്‌ എന്റെ വിവാഹം കഴിഞ്ഞതായിരുന്നു………. ”

ഇമ പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരിലും നിശബ്ദത നിറഞ്ഞു ”

“എന്താ എന്നിട്ട് നീ പറയാത്തത് ” നീതു ചോദിച്ചു

“പറയണ്ടാന്നു തോന്നി ഞാൻ പോലും ഓർക്കാത്ത കാര്യം എന്തിനാണ്…………….. ” ഇമ ഒരു നിമിഷം നിർത്തി

“ഇപ്പൊ എവിടാണ് അയാൾ ” കാർത്തി ചോദിച്ചു

“അറിയില്ല….”

“എന്താ പ്രശ്നം നിങ്ങൾ തമ്മിൽ ” നീതു ചോദിച്ചു

“നിങ്ങൾക്ക് ആർക്കും എന്റെ ഫാമിലി യെ പറ്റി ഒന്നും അറിയില്ലല്ലോ ഞാൻ ഒന്നും പറയാറില്ല എന്നതാണ് ശരി

2 വർഷം മുൻപ് ആണ് വിവാഹം കഴിഞ്ഞത് പക്കാ അറേഞ്ച് മാര്യേജ് ഞാൻ അന്ന് ജോലിക്ക് ജോയിൻ ചെയ്തിരുന്നു പെട്ടന്നായിരുന്നു എല്ലാം

ഓരോ പെണ് കുട്ടിയും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്നത് ഒരുപാട് പ്രതീക്ഷയും കൊണ്ടായിരിക്കും അതു പോലൊക്കെ തന്നെയായിരുന്നു ഞാനും പക്ഷെ ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചു അടുത്തെത്തിയ ഭർത്താവ് ഒരു വാക്ക് സംസാരിക്കുന്നതിനു മുന്നേ എന്റെ ദേഹത്തെ അറിയാൻ മാത്രമായിരുന്നു അയാൾക്ക്‌ ആവേശം സത്യം പറഞ്ഞാൽ ഞാൻ അറിഞ്ഞ ആദ്യത്തെ ചുംബനം പോലും മദ്യത്തിന്റെ ഗന്ധവും രുചിയുമായിരുന്നു ” ഇമ ഒന്ന് നിർത്തി എല്ലാവരെയും നോക്കി

“വിവാഹത്തിന് ശേഷവും പരസ്പര സമ്മതമില്ലാത്ത ശാരീരിക ബന്ധത്തിനെ റേപ്പ് എന്നു പറയാമെങ്കിൽ എന്റെ ശരീരം എത്രയോ വട്ടം ബലാൽക്കാരം ചെയ്യപ്പെട്ടിരിക്കുന്നു……………

പക്ഷെ ഞാൻ അന്ന് കരുതി ജീവിതം ഇങ്ങനൊക്കെയാണെന്ന്

ദിവസവും മദ്യപിച്ചു വരും ജോലിക്ക് പോകില്ല ”

” എന്തായിരുന്നു ജോലി അയാൾക്ക്‌ ” ഋതു ചോദിച്ചു

“വിവാഹത്തിന്റെ സമയത്തു IT പ്രൊഫഷണൽ ആണെന്നാണ് പറഞ്ഞത് പക്ഷെ ഒരു ദിവസം റൂം വൃത്തിയാക്കുമ്പോൾ ആണ് സർട്ടിഫിക്കറ്റ് കണ്ടത് അയാൾ 10ആം ക്ലാസ്സ്‌ വരെയേ പഠിച്ചിട്ടുള്ളു അതൊന്നും ഞാൻ പ്രോബ്ലം ആക്കിയില്ല കാരണം വിദ്യാഭ്യാസം സ്നേഹത്തിനു മാനദണ്ഡം അല്ലെന്നു കരുതിയിരുന്ന ഒരാളാണ് ഞാൻ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ടായിട്ടു കൂടി എന്റെ അച്ഛനും അമ്മയും സ്നേഹത്തോടെ ജീവിക്കുന്നു എന്നതാണ് കാര്യം.

പക്ഷെ ഭാര്യയുടെ കാര്യങ്ങൾ നോക്കാതെ ഒരു സംരക്ഷണവും തരാത്ത ഒരാളെ നമുക്ക് എങ്ങനെ സ്നേഹിക്കാൻ കഴിയും. എന്റെ ചിലവിൽ മദ്യപിച്ചു സുഖജീവിതം നയിക്കാൻ നോക്കുന്ന ഒരാൾ അതായിരുന്നു അയാൾ നിങ്ങൾക്കറിയോ എന്നെ bus stop വരെ കൊണ്ടാക്കുന്ന പെട്രോളിന്റെ കാശ് പോലും അയാൾ വാങ്ങുമായിരുന്നു.

വിവാഹം കഴിഞ്ഞു ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ എനിക്ക് ഉടുത്തു മാറാൻ ഒരു ഉടുപ്പ് പോലും വാങ്ങിയിരുന്നില്ല പിറ്റേന്ന് വീട്ടിൽ നിന്നും അച്ഛൻ പുതിയ ഡ്രസ്സ്‌ കൊണ്ടു വരുന്നത് വരെ ഞാൻ തലേന്നത്തെ വേഷത്തിൽ നിൽക്കേണ്ടി വന്നു ”

“അപ്പൊ ആ വീട്ടുകാരോ???” അജയ് ചോദിച്ചു

“വീട്ടിൽ മദ്യപിക്കുന്നത് ഒരു പ്രശ്നം അല്ല എന്നും വൈകുന്നേരം അവിടെ അയാളും അച്ഛനും സഹോദരനും എല്ലാം മദ്യപിച്ചു വന്നു പരസ്പരം തല്ലുണ്ടാക്കുന്ന കാഴ്ച ആയിരുന്നു……..

എന്റെ വീട്ടിൽ വല്യ സാമ്പത്തികം ഒന്നുമില്ലേലും ഞാനും അനുജത്തിയും അവിടത്തെ രാജകുമാരിമാർ ആയിരുന്നു വിവാഹത്തിന് ശേഷമാണ് ഞാൻ വിശപ്പിന്റെ വില അറിഞ്ഞത് പട്ടിണി കിടന്നിട്ടുണ്ട് അവിടെ ഞാൻ അയാളുടെ കാശിനു വേണ്ടിയുള്ള ചീത്ത വിളിയും എല്ലാം ആയപ്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട് അപ്പോൾ വന്ന അമ്മയുടെ ഫോൺ call കാരണം ആണ് ഇന്നും ഞാൻ ജീവനോടെയുള്ളത് ” ഇമ എല്ലാവരെയും നോക്കി

” കോഫീ തണുക്കുന്നു കുടിക്കുന്നില്ലേ” ഇമ ചോദിച്ചു

“അന്വേഷിക്കാതെ ആണോ നടത്തിയത് ” അഭയ് ചോദിച്ചു

” വളരെ അടുപ്പം ഉള്ള ഒരാൾ കൊണ്ടു വന്ന ആലോചനയാണ്…… അന്വേഷിച്ചു പക്ഷെ അറിഞ്ഞില്ല ”

“നീയെന്താ ഇമ ആദ്യമേ വീട്ടിൽ പറയാത്തത് ” നീതു ചോദിച്ചു

“മാറും മാറും എന്ന് കരുതി പിന്നേ വിവാഹം നടത്തിയ കടം ഒക്കെ ആയി നിൽക്കുന്ന വീട്ടുകാരോട് എങ്ങനെ പറയും ഞാൻ..

അതിനുശേഷം ഒരു ദിവസം ഞാൻ എന്റെ വീട്ടിൽ വന്നിരുന്നു

അന്ന് അമ്മയുടെ മടിയിൽ തല വച്ച് പറഞ്ഞു പെൺകുട്ടികളെ ഇത്രയും സ്നേഹിക്കരുതെന്ന് വിവാഹം കഴിച്ചു പോകുന്ന വീട്ടിലെ ചെയ്തികളൊന്നും അവർക്ക് താങ്ങാൻ പറ്റില്ലെന്ന് അമ്മ എന്നോട് എന്ത് പറ്റി മക്കളെ എന്നു ചോദിച്ച ഒറ്റ ചോദ്യത്തിൽ ഞാൻ പൊട്ടിക്കരഞ്ഞു എല്ലാം പറഞ്ഞു….

എന്റെ അച്ഛനോ അമ്മയോ രണ്ടു പെണ്മക്കൾ ആയി എന്ന പേരിൽ ഇത് വരെ വിഷമിച്ചു കണ്ടിട്ടില്ല പക്ഷെ ഇതെല്ലാം കേട്ടു അവർ വിഷമിക്കുന്നത് ഞാൻ കണ്ടു എന്റെ അച്ഛൻ കരയുന്നത് കണ്ടു ” ഇമയുടെ മിഴികൾ നിറഞ്ഞിരുന്നു

“ഇമാ സീൻ ആകല്ലേ “കാർത്തി പറഞ്ഞു

“ഏയ് ഇല്ലെടാ……… ” ഇമ കണ്ണുകൾ തുടച്ചു

“പിന്നെ അച്ഛനും ബന്ധുക്കളും ഒക്കെ പോയി സംസാരിച്ചു ഒരുപാട് തവണ ശ്രമിച്ചു പക്ഷെ അന്നാണ് പല വൃത്തികെട്ട മുഖങ്ങളും കണ്ടത് ജയിക്കാൻ വേണ്ടി കിടപ്പറയിൽ നടക്കുന്ന കാര്യങ്ങൾ പോലും വിളിച്ചു പറയുന്ന ഒരുവൻ… അതായിരുന്നു…………..

അവന്റെ വീട്ടുകാർ ആകട്ടെ 7 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ വരെ കുടിക്കുന്നു പിന്നേ എന്താ ഞങ്ങളുടെ മകൻ കുടിച്ചാൽ എന്ന സ്റ്റാൻഡ് ….. അന്ന് അവർ ഒരു കാര്യം കൂടി പറഞ്ഞു നിങ്ങൾക്ക് രണ്ടു പെൺകുട്ടികൾ ആണ് തീരുമാനിക്കുമ്പോൾ അതൂടെ ഓർമിച്ചോളാൻ അന്ന് അമ്മയും അച്ഛനും ചേർത്ത് നിർത്തി പറഞ്ഞു രണ്ടു പെൺകുട്ടികളാണ് എന്ന് വച്ച് ഒന്നിനെ കൊല്ലാൻ കൊടുക്കാൻ പറ്റില്ലല്ലോ അവൾക്കു ജീവിക്കാൻ ഉള്ള വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട് അവൾ അന്തസായി ജീവിക്കും എന്ന് ” ഇമ ഒന്ന് നിർത്തി

“വീട്ടിൽ വന്നപ്പോൾ അമ്മ എന്നെ വിളിച്ചു പറഞ്ഞ ഒരു കാര്യം ഉണ്ട്‌ ഒരു പെണ്ണായി പോയി എന്നതിന് ആരുടെ മുന്നിലും തല കുനിക്കേണ്ട കാര്യമില്ല അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും കൂടെ കാണും നമുക്ക് വേണ്ടിയെങ്കിലും നീ പഴയ പോലെയാകണം എന്ന് ശരിക്കും പറഞ്ഞാൽ ഡിപ്രെഷനിലേക്ക് പൊയ്ക്കൊണ്ടിരുന്ന എനിക്ക് പിടിച്ചു കയറാൻ അവരുടെ ഒറ്റ വാക്ക് മതിയായിരുന്നു ” ഇമ പറഞ്ഞു

ആരും ഒന്നും മിണ്ടിന്നുണ്ടായിരുന്നില്ല

“എന്താ ഗൈസ് മുടിഞ്ഞ സൈലെൻസ്….. ഒരു കഥ കേട്ട പോലെ തോന്നുന്നുണ്ടോ??? ചില അനുഭവങ്ങൾ കഥയേക്കാൾ പറയാനുള്ളതാകും ”

“നിന്റെ ആറ്റിട്യൂട് വച്ച് ഇങ്ങനെയൊക്കെ അനുഭവങ്ങൾ ഉണ്ടാകും എന്ന് കരുതിയില്ല നീ എന്തായാലും നിന്റെ അമ്മ പറഞ്ഞ പോലെ അന്തസായി ജീവിക്കുന്നുണ്ടല്ലോ ” കാർത്തി പറഞ്ഞു

” ഞാൻ ഇപ്പോ ചിലപ്പോൾ ഓർക്കാറുണ്ട് അമ്മയും അച്ഛനും അഡ്ജസ്റ് ചെയ്യണം എന്ന് പറഞ്ഞു തിരിച്ചയച്ചിരുന്നെങ്കിലോ എന്ന് എങ്കിൽ ഒരു പക്ഷെ ഞാൻ ജീവനോടെ ഉണ്ടാകില്ലായിരുന്നു….

ഈ ഒരു സംഭവത്തിന്‌ ശേഷമാണ് ഞാൻ ഇത്രയും ബോൾഡ് ആയതു ലക്ഷ്യബോധം വന്നത് ഒരു പെൺകുട്ടിയുടെ കൂടെ നിൽക്കാൻ അച്ഛനും അമ്മയും ഉണ്ടേൽ അവൾക്കു ലോകം തന്നെ കീഴടക്കാം ഇനിയും ഉണ്ട്‌ ആഗ്രഹങ്ങൾ…. ഇപ്പോ എന്റെ ലക്ഷ്യം സിവിൽ സർവീസ് ആണ്

ഈ ബന്ധം പിരിഞ്ഞ സമയത്ത് ഒരുപാട് പേര് ഉണ്ടായിരുന്നു അച്ഛനെയും അമ്മയെയും എന്നെയും കുറ്റപ്പെടുത്താൻ അവരുടെയൊക്കെ മുന്നിലൂടെ തലയുയർത്തി നടക്കണം ” ഇമ ചിരിച്ചു കൊണ്ട് പറഞ്ഞു

“എല്ലാം നടക്കും ഇമ നീ ഇത്രയും അനുഭവിച്ചതല്ലേ ദൈവം ഇപ്പോ നിന്റെ കൂടാ” അഭയ് പറഞ്ഞു

” പിന്നെ ഞാൻ ഇപ്പോ ഇതൊക്കെ പറഞ്ഞത് ഇന്നലെ അജയ് എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു നിങ്ങളുടെ അറിവോടെ ആണെന്ന് കരുതുന്നു അപ്പൊ എന്റെ പാസ്ററ് കൂടെ നിങ്ങൾ അറിയണം എന്ന് തോന്നി…. ഇത് വരെ ഒരു ആൺ കൂട്ട് വേണം എന്ന് എനിക്ക് തോന്നിയിട്ടില്ല ഇനി തോന്നിക്കൂടാ എന്നല്ല തല്ക്കാലം ഒരു പെണ്ണായി പറന്നു നടന്നു ജീവിക്കുക അത്രേ ഉള്ളു കേട്ടോ ”

“നീ തകർക്കെടോ നീ വാശിയുള്ള പെണ്ണാ കരഞ്ഞു ജീവിതം കളഞ്ഞില്ല…. കൂടെയുണ്ടാകും നമ്മളെല്ലാം ” അജയ് ഇമയുടെ തോളിൽ തട്ടിക്കൊണ്ടു പറയുമ്പോഴും ഇമ ചിരിക്കുന്നുണ്ടായിരുന്നു വിജയിയുടെ ചിരി

രചന: ആതിര

Leave a Reply

Your email address will not be published. Required fields are marked *